കെ പി പ്രകാശന്‍
കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ മത്സ്യബന്ധന മേഖലക്കും സമ്പദ്ഘടനയ്ക്കും പരിസ്ഥിതിക്കും സാമൂഹ്യ ജീവിതത്തിനുതന്നെയും ദൂരവ്യാപകവും ഗുരുതരവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. 2025 ജനുവരി 11, 12 തീയതികളില്‍ കൊച്ചി റിനൈ സെന്ററില്‍ കേന്ദ്ര മൈനിംഗ് മന്ത്രാലയം നടത്തിയ ശില്പശാലയിലും റോഡ് ഷോയിലും വെച്ചാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രധാന മൈനിംഗ് കമ്പനികളും ഡ്രഡ്ജിംഗ് കമ്പനികളുമാണ് ശില്പശാലയില്‍ മുഖ്യമായും പങ്കെടുത്തത്. കടല്‍ മണല്‍ ഖനനത്തിന് താല്പര്യമുള്ള കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. കേരളത്തിലുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നുകൂടിയാവാം അന്തിമമായ ടെന്‍ഡര്‍ തീയതി മാറ്റിവെച്ചെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
കടല്‍ മണലിലും ലാഭക്കണ്ണ്
ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (GSI)യുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വെ വിഭാഗത്തിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ നദികള്‍ ചെന്നുചേരുന്ന പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ 22 മുതല്‍ 45 മീറ്റര്‍ വരെ ആഴത്തില്‍ നിര്‍മ്മാണ ആവശ്യത്തിനുള്ള മണലിന്റെ ഗണ്യമായ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 74.5 കോടി ടണ്‍ മണല്‍ കേരളതീരത്തിനടുത്ത് ഉണ്ടെന്നാണ് കണ്ടെത്തിയത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഭാഗത്തും അതിനപ്പുറത്ത് പ്രത്യേക സാമ്പത്തിക മേഖലയുടെ (Exclusive Economic Zone – EEZ) ഭാഗത്തുമായി മണല്‍ വിന്യാസമുണ്ടെന്ന് കണക്കാക്കുന്നു. കേരളത്തിലെ നിര്‍മ്മാണ മേഖലക്ക് വര്‍ഷത്തില്‍ 3 കോടി ടണ്‍ മണല്‍ ആവശ്യമുണ്ട്. 25 വര്‍ഷത്തേക്ക് ആവശ്യമുള്ള മണല്‍ കടലിലുണ്ടെന്നാണ് പറയുന്നത്.
പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം നോര്‍ത്ത്, കൊല്ലം സൗത്ത് എന്നിവിടങ്ങളിലാണ് ഖനന മേഖലകളായി പരിഗണിക്കുന്നത്. ഇപ്പോള്‍ കൊല്ലം സെക്ടറില്‍ ഉള്‍പ്പെടുന്ന മൂന്ന് ബ്ലോക്കുകളില്‍ 242 ചതുരശ്ര കി.മീറ്റര്‍ പ്രദേശത്ത് കടല്‍ മണല്‍ ഖനനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ 30.2 കോടി ടണ്‍ മണല്‍ നിക്ഷേപമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതോടൊപ്പം ഗുജറാത്തിലെ പോര്‍ബന്തറില്‍ മൂന്ന് ബ്ലോക്കുകളില്‍ നിന്ന് സിമന്റു നിര്‍മ്മാണം, ജല ശുദ്ധീകരണം, മണ്ണു പരിപാലനം എന്നിവയ്ക്കുപയോഗിക്കുന്ന ചുണ്ണാമ്പുചെളിയും (Lime Mud) ഖനനം ചെയ്യും. ആന്‍ഡമാനിലെ ഏഴു ബ്ലോക്കുകളില്‍ നിന്നും പോളി മെറ്റാലിക് നൊഡ്യൂള്‍സ് എന്ന ധാതു വിഭവമാണ് ഖനനം ചെയ്‌തെടുക്കുക. വൈദ്യുത വാഹന ബാറ്ററി, ഇലക്ട്രോണിക്‌സ്, കാറ്റാടിയന്ത്രം പോലുള്ള പുനരുപയോഗ ഊര്‍ജ്ജ പദ്ധതി തുടങ്ങിയവയ്ക്ക് ആവശ്യമായ ലിഥിയം, നിക്കല്‍, കൊബാള്‍ട്ട്, മാംഗനീസ്, ചെമ്പ് തുടങ്ങിയ നിര്‍ണായകവും തന്ത്ര പ്രധാനവുമായ ലോഹ ധാതുക്കളുടെ ഖനിയാണിത്. പൊതുമേഖലയ്ക്ക് മാത്രം ഖനനം നടത്താന്‍ അനുവാദം ഉണ്ടായിരുന്ന ധാതുവിഭവങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൂടി പര്യവേക്ഷണത്തിനും ഖനനത്തിനുമായി തുറന്നു കൊടുത്തിരിക്കുകയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നീല സമ്പദ്ഘടന (Blue Economy) നയത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നടപടികള്‍ ആരംഭിക്കുന്നത്.
നീല സമ്പദ്വ്യവസ്ഥയുടെ ചതിക്കുഴികള്‍
നീല സമ്പദ്വ്യവസ്ഥ എന്ന ആശയം 1990 കളുടെ പകുതിയോടെ ഐക്യരാഷ്ട്രസഭ അടക്കമുള്ള സര്‍വ്വദേശീയ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്നതാണ്. സമുദ്രങ്ങളും സമുദ്ര വിഭവങ്ങളും സുസ്ഥിര വികസനത്തിനായി സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും ശ്രമിക്കുക എന്നതാണ് ഈ ആശയത്തിന് അടിസ്ഥാനം.
2021 ഫിബ്രവരി 17 നാണ് പൊതുജനങ്ങള്‍ക്കു വേണ്ടി ബ്ലൂ ഇക്കോണമിയുടെ നയ രേഖ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഭൗമ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. 10 ദിവസം കൊണ്ട് ഇത് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അനാവശ്യ തിടുക്കം സംശയാസ്പദമാണ്. ഇന്ത്യാ ഗവണ്‍മെന്റ് ”തീരദേശ സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വികസനവും തൊഴിലും ത്വരിതപ്പെടുത്തുന്നതിനും വ്യത്യസ്ത മേഖലകളെ സംയോജിപ്പിക്കുന്നതിനുമായാണ് നീല സമ്പദ് വ്യവസ്ഥ” വിഭാവനം ചെയ്യുന്നതെന്ന് അവകാശപ്പെടുന്നു. നയരേഖയില്‍ ഏഴ് പ്രധാന മുന്‍ഗണനാ മേഖലകളില്‍ ആറാമത്തേതായിട്ടാണ് തീരദേശ – ആഴക്കടല്‍ ഖനനത്തെ സൂചിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നീല സമ്പദ്ഘടന സംബന്ധിച്ച നയരേഖയുടെ സൂക്ഷ്മവിശകലനം പരമ്പരാഗത മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുപോരുന്നവരെ തീരെ പരിഗണിക്കുന്നില്ല എന്നു കാണാം. മത്സ്യം, ധാതുക്കള്‍, ഖനിജങ്ങള്‍ എന്നിവയുടെ വമ്പിച്ച കൊളള ലക്ഷ്യമിട്ടുകൊണ്ടുള്ള നയമാണിത്. കടലിലും തീരത്തും ധാതു- ഖനിജങ്ങളുടെ ഖനനത്തിന്റെ സാധ്യതകളാണ് ഈ നയം പരിശോധിക്കുന്നത്. ധാതുക്കള്‍, ഖനിജങ്ങള്‍, പെട്രോളിയം – പ്രകൃതിവാതകം എന്നിവയുടെ വമ്പിച്ച ചൂഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള നയമാണിത്. പാരിസ്ഥിതിക സുസ്ഥിരത, സുസ്ഥിര വികസനം, തീരസമൂഹത്തിന്റെ സുരക്ഷ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വാചാലമാകുന്നുണ്ടെങ്കിലും മനുഷ്യനെയും പരിസ്ഥിതിയേയും പരിഗണിക്കാതെ വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിയടിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഈ നയത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം (India’s Blue Economy, A Draft Policy Framework Economic Advisory Council to the Prime Minister, Govt.of India). ഈ നയം നടപ്പാക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് തടസ്സമാവുമെന്ന് കണ്ട് ഖനന നിയമങ്ങള്‍ മാറ്റിയെഴുതി.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിയമങ്ങള്‍ മാറ്റുന്നു
കേന്ദ്ര ഖനന നിയമം , മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് – 1957, സെക്ഷന്‍ 4 (n) പ്രകാരം 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫ്‌ഷോര്‍ ഏരിയ മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് (OAMDR) 2002 കൊണ്ടുവന്നിരുന്നു. ഈ നിയമം ആഴക്കടല്‍ ഖനനം ഗവണ്‍മെന്റിന്റെയോ പൊതുമേഖലയുടെയോ നിയന്ത്രണത്തിലാവണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിയമം 2023-ല്‍ ഭേദഗതി ചെയ്ത് സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാനുള്ള സാഹചര്യം സൃഷ്ടിച്ചു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, പാര്‍ലമെന്റില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച സന്ദര്‍ഭമുപയോഗിച്ച് തിടുക്കത്തില്‍ നിയമം പാസാക്കിയെടുക്കുകയായിരുന്നു. 2023 ലെ ഛഅങഉഞ ഭേദഗതി ആഴക്കടല്‍ ധാതു പര്യവേക്ഷണം പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക് ഉറപ്പുവരുത്തുന്നു. നേരത്തെ ധാതു പര്യവേക്ഷണവും ഖനനവും രണ്ടായി നല്‍കിയിരുന്നു. അത് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (GSI) പോലുള്ള സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു. അത് പൂര്‍ണമായും നിര്‍ത്തലാക്കി. അതുകൊണ്ട് ധാതു പര്യവേക്ഷണ റിപ്പോര്‍ട്ടുകളുടെ ആധികാരികത ഉറപ്പിക്കാന്‍ കഴിയാതെ വരുന്നു. ഗവണ്‍മെന്റിന്റെ ഒരു നിയന്ത്രണവുമില്ലാതെ ധാതു പര്യവേക്ഷണവും ഖനനവും 50 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമാണ് ഈ ഭേദഗതി സൃഷ്ടിക്കുന്നത്.
ഈ നിയമ ഭേദഗതി കടലിന്റെ പരിസ്ഥിതിയെ പരിഗണിക്കുന്നേയില്ല. സമുദ്രാന്തര്‍ഭാഗത്തെ ജീവികളുടെ ആവാസ വ്യവസ്ഥ അതിലോലവും സങ്കീര്‍ണവുമാണ്. സ്വകാര്യ മൂലധന ശക്തികള്‍ ലാഭം മാത്രം ലക്ഷ്യമാക്കുമ്പോള്‍ കടലിന്റെ ആവാസ വ്യവസ്ഥയേയും പരിസ്ഥിതിയേയും കണക്കിലെടുക്കില്ല. മത്സ്യങ്ങളടക്കമുള്ള കടല്‍ജീവികളുടെ നാശമായിരിക്കും ഇതിന്റെ ഫലം. GSl, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് (lBM), അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് (AMD) എന്നീ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരുന്നു നേരത്തെ പര്യവേക്ഷണങ്ങള്‍ നടന്നിരുന്നത്. 2023ലെ ചട്ട ഭേദഗതിയില്‍ [സെക്ഷന്‍ – 5 (2)പ ഈ അധികാരം എടുത്തു കളഞ്ഞിരിക്കുന്നു. ഇത് സ്വകാര്യ മേഖലയുടെ കൊടിയ വിഭവ ചൂഷണത്തിന് വഴിവെക്കും. ഈ വിപത്താണ് കേരള തീരത്ത് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ആഘാതത്തിന്റെ വ്യാപ്തി
നിര്‍മ്മാണ വ്യവസായത്തിന് അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് മണല്‍. ആ അര്‍ത്ഥത്തില്‍ ആധുനിക വ്യവസായത്തിന്റെ നട്ടെല്ലാണ് എന്ന് പറയാം. കോണ്‍ക്രീറ്റ്, അസ്ഫാള്‍ട്ട്, ഗ്ലാസ്, ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് മണല്‍. ഒരുപക്ഷേ, വെള്ളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം ചെയ്യപ്പെടുന്ന പ്രകൃതി വിഭവമാണിത്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടില്‍ 3-4 ഇരട്ടിയായാണ് മണലിന്റെ ഉപഭോഗം വര്‍ദ്ധിച്ചത്. ലോകത്ത് 40-50 ബില്യണ്‍ മണല്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് മണലിന്റെ സ്വാഭാവിക പുനരുല്പാദനത്തേക്കാള്‍ എത്രയോ അധികമാണ് അതിന്റെ ഉപയോഗം.
മണല്‍ തീരപ്രദേശത്തെ സ്ഥിരപ്പെടുത്തുകയും മണ്ണൊലിപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നതോടൊപ്പം കരയുടെയും കടലിന്റെയും ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുകയും ക്രമീകരിക്കുകയും കൂടി ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് തീരപ്രദേശത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നു. കടലിലെയും തീരദേശത്തേയും ജീവികളുടെ അഭയസ്ഥാനവും ആവാസവ്യവസ്ഥയും കൂടിയാണ് മണല്‍ പരപ്പുകള്‍ . ആ അര്‍ത്ഥത്തില്‍, ജൈവവൈവിധ്യത്തെ നിലനിര്‍ത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണിത്.
തീരക്കടല്‍ / ആഴക്കടല്‍ ഖനനം സമുദ്ര ആവാസ വ്യവസ്ഥയെയും തീരദേശ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മത്സ്യ ലഭ്യതയെയും കടലൊഴുക്കിനെയും തീരദേശ ജനതയുടെ ഉപജീവനമാര്‍ക്ഷത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യഘട്ട മണല്‍ ഖനനത്തിന് നിശ്ചയിച്ചിരിക്കുന്ന കൊല്ലം സെക്ടര്‍ മുമ്പ് പറഞ്ഞ സവിശേഷതകളൊക്കെയുള്ളതാണ്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനം കൊല്ലം പരപ്പിന്റെ പാരിസ്ഥിതിക സവിശേഷതയും മണല്‍ ഖനനം സൃഷ്ടിക്കുന്ന പ്രത്യാഘാതവും എടുത്തുപറയുന്നുണ്ട്. (Report On The Possible Impacts Of Offshore Sea Sand Mining Off Kollam On Marine Biodiversity And Costal Llivelihoods – Department of Aquatic Biology and Fisheries, University of Kerala).’
കൊല്ലം പരപ്പ് എന്ന മത്സ്യ സങ്കേതം
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തെ ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള മത്സ്യബന്ധന മേഖലകളിലൊന്നാണ് കൊല്ലം പരപ്പ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുതല്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വരെ ഏകദേശം 85 കി.മീറ്റര്‍ നീളത്തിലും 3300 ചതുരശ്ര കി.മീ വിസ്തൃതിയിലും പരന്നു കിടക്കുന്നതാണ് കൊല്ലം പരപ്പ്. 1961 മുതല്‍ 1965 വരെ ഇന്ത്യയില്‍ പര്യവേക്ഷണം നടത്തിയ ഇന്‍ഡോ-നോര്‍വീജിയന്‍ സംഘത്തിലെ കെയര്‍ ലാര്‍സണ്‍ ആണ് കൊല്ലം പരപ്പിന്റെ സവിശേഷത ജനശ്രദ്ധയില്‍ കൊണ്ടുവന്നത്.
ആയിരത്തോളം ട്രോള്‍ ബോട്ടുകളും 500 ഓളം ഫൈബര്‍ വള്ളങ്ങളും നൂറോളം ഇന്‍-ബോര്‍ഡ് വള്ളങ്ങളും ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, വലിയഴീക്കല്‍, ചെറിയഴീക്കല്‍, കൊല്ലം വാടി, തങ്കശ്ശേരി തുടങ്ങിയ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങള്‍ കൊല്ലം പരപ്പില്‍ ഉള്‍പ്പെട്ടതാണ്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട 22 മത്സ്യ സങ്കേതങ്ങളില്‍ ഏറ്റവും ഉത്പാദന ക്ഷമതയുള്ള ഒന്നാണിത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ നാലില്‍ ഒരുഭാഗവും ഈ മേഖലയിലാണ് കഴിയുന്നത്. കണവ, കൊഞ്ച്, വിവിധയിനം ചെമ്മീനുകള്‍, കലവ, മത്തി, അയല, ചൂര , വേള, നെയ്മീന്‍ തുടങ്ങി വിവിധയിനം മീനുകളുടെ ആവാസ കേന്ദ്രമാണ് കൊല്ലം പരപ്പ്. കൊല്ലം പരപ്പിനെ സംബന്ധിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) നടത്തിയ വിപുലമായ പഠനത്തില്‍ 16 ഇനം ചെമ്മീനുകളുടെ ആവാസ കേന്ദ്രമാണ് ഇതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാണിജ്യാടിസ്ഥാനത്തില്‍ ചെമ്മീന്‍ കയറ്റുമതി ആരംഭിക്കുന്നതുതന്നെ. മത്സ്യങ്ങളടക്കമുള്ള കടല്‍ജീവികളുടെ സുരക്ഷിതമായ ആവാസ വ്യവസ്ഥയാണ് കൊല്ലം പരപ്പ്.
ജൈവ വൈവിധ്യ വിസ്മയം!
പ്രപഞ്ചത്തിലെ വൈവിധ്യമുള്ളതും മനോഹരവുമായ ആവാസ വ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. തീരത്തോട് ചേര്‍ന്ന് ആഴം കുറഞ്ഞ കടലിലാണ് ഇവ കാണപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണിത് രൂപപ്പെട്ടു വരുന്നത്. തെളിഞ്ഞ ജലം, ഉപ്പിന്റെ അളവിലുള്ള സ്ഥിരത, താപനില തുടങ്ങിയവയൊക്കെ പവിഴപ്പുറ്റിന്റെ നിലനില്പിന് പ്രധാനമാണ്. നൂറുകണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജന്തു സസ്യ- ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകള്‍. കേരള തീരത്ത് പവിഴപ്പുറ്റുകളുടെ വിപുലമായ ശ്രേണികള്‍ ഇല്ലെങ്കിലും വേലിയേറ്റ- വേലിയിറക്ക മേഖലകളില്‍ തുണ്ടുകളായി കാണുന്ന പവിഴപ്പുറ്റുകളുണ്ട് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഖനന പ്രവര്‍ത്തനങ്ങള്‍ മൂലം വന്‍തോതില്‍ എക്കല്‍ അടിയുകയും വെള്ളം കലങ്ങുകയും ചെയ്യും. താപനിലയിലും വ്യതിയാനമുണ്ടാകും. ഇതൊക്കെ പവിഴപ്പുറ്റിന് നാശം വരുത്തും.
കൊല്ലം തീരത്തെ ആഴം കുറഞ്ഞ തീരക്കടലില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പാറക്കൂട്ടങ്ങളുണ്ട്. കടല്‍ ജീവികള്‍ക്ക് പറ്റിപ്പിടിച്ചു വളരാനും ആഹാരം കണ്ടെത്താനും ഒളിക്കാനും പ്രജനനം നടത്താനും അനുയോജ്യമായ മേഖലയാണ് ഈ പാറക്കെട്ടുകള്‍ അഥവാ പാറപ്പാരുകള്‍ (Rocky reef ). ഈ പ്രദേശങ്ങളിലെ മത്സ്യങ്ങള്‍, കൊഞ്ചുകള്‍, പവിഴ ജീവികള്‍, സ്‌പോഞ്ചുകള്‍, ആല്‍ഗകള്‍ എന്നിവയ്ക്ക് തീറ്റയും അഭയ കേന്ദ്രവുമായി ഈ പാറപ്പാരുകള്‍ നിലകൊള്ളുന്നു. കടല്‍ മണല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ഈ പാറപ്പാരുകളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നു. സമുദ്രത്തിലെ ജൈവവൈവിധ്യം നിലനിര്‍ത്തുകയും മത്സ്യ ഉല്‍പാദനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്ന പാറപ്പാരുകളുടെ തകര്‍ച്ച മത്സ്യങ്ങള്‍ അടക്കമുള്ള സമുദ്ര ജീവികളുടെ നാശത്തിന് കാരണമാകും. അത് മത്സ്യത്തൊഴിലാളി സമൂഹങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നത്.
ഖനനത്തിന്റെ പാരിസ്ഥിതികാഘാതം
ഖനനം ചെയ്‌തെടുക്കുന്ന മണല്‍ വേര്‍തിരിച്ചെടുക്കുമ്പോള്‍ മണലില്‍ അടങ്ങിയ ചെളി കാരണം വെള്ളം വലിയ തോതില്‍ കലങ്ങാന്‍ ഇടവരും. ഇത് വെള്ളത്തില്‍ പ്രകാശം കടക്കുന്നത് കുറയ്ക്കും. അതുകാരണം സമുദ്രത്തിലെ സസ്യ പ്ലവഗങ്ങളുടെ (phytoplanktons) ഉത്പാദനക്ഷമതയും അതുവഴി ജന്തു പ്ലവഗങ്ങളുടെ (Zooplanktons) അതിജീവനത്തെയും ബാധിക്കും (സസ്യപ്ലവഗങ്ങള്‍ പ്രകാശസംശ്ലേഷണം വഴി കടലിലെ ഊര്‍ജത്തിന്റെ പ്രാഥമിക ഉത്പാദകരും ജന്തുപ്ലവഗങ്ങള്‍ സസ്യപ്ലവഗങ്ങളെ ആഹാരമാക്കുന്നതു വഴി ഊര്‍ജത്തിന്റെ പ്രാഥമിക ഉപഭോക്താക്കളുമാണ്. ജന്തു പ്ലവഗങ്ങളാണ് ചെറുമല്‍സ്യങ്ങള്‍, ചെറുജീവികള്‍, ലാര്‍വകള്‍ തുടങ്ങിയവയുടെ ആഹാരം. (കടലിലെ ആവാസവ്യവസ്ഥയുടെ ഒരറ്റമാണ് സസ്യ- ജന്തു പ്ലവഗങ്ങള്‍. കടലിലെ ജൈവവ്യവസ്ഥയുടെ ആധാരം എന്നു പറയാം). ഇത്, ഇവയെ ഭക്ഷണമാക്കി ജീവിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജീവികളുടെയും നിലനില്പിനെ പ്രതികൂലമായി ബാധിക്കും. ജലത്തിലെ കലക്കം ജലജീവികള്‍ക്ക് ശ്വസിക്കാനും ഇര തേടാനും പുനരുല്പാദനത്തിനും തടസ്സമുണ്ടാക്കുന്നു.
വിവിധ കടല്‍ ജീവികളുടെ പാരസ്പര്യമാണ് ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും നിലനിര്‍ത്തുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ടതും മൃദുവായതുമായ പവിഴപ്പുറ്റുകളുള്ള സ്ഥലമാണ് കൊല്ലം മേഖല. മണല്‍ ഖനനം പവിഴപ്പുറ്റു കളുടെ മൃദുവും സങ്കീര്‍ണവുമായ ആവാസ വ്യവസ്ഥ നശിപ്പിക്കുമ്പോള്‍ അത് മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പിനെയും ബാധിക്കുന്നു. ഖനനം മൂലം ലയിക്കുന്ന ഓക്‌സിജന്റെ അളവ് കുറയുകയും മത്സ്യങ്ങള്‍ക്ക് ശ്വസനം അസാധ്യമാവുകയും ചെയ്യും. അപ്പോള്‍ മത്സ്യങ്ങള്‍ സുരക്ഷിതമായ മേഖലകളിലേക്ക് കുടിയേറും. അത് മത്സ്യ ലഭ്യത കുറയ്ക്കാന്‍ ഇടവരുത്തും. കടലാമകള്‍, ഞണ്ടുകള്‍, കടല്‍ പക്ഷികള്‍ തുടങ്ങിയ സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമാണ് തീരങ്ങള്‍. തീരക്കടല്‍ ഖനനം തീരത്തെ അസ്ഥിരമാക്കുന്നു. ജീവജാലങ്ങളുടെ പാരസ്പര്യം ഇല്ലാതാകുമ്പോള്‍ ജൈവ വൈവിധ്യം തകരുന്നു.
കാലവര്‍ഷകാലത്ത് കേരളതീരത്ത് പ്രത്യേകിച്ചും കായംകുളം പൊഴി മുതല്‍ വടക്കോട്ട് തീരക്കടലില്‍ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ചാകര (Mud bank). കാലവര്‍ഷകാലത്തെ ശക്തമായ തിരകള്‍ അടിത്തട്ടുമായി പ്രതിപ്രവര്‍ത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് കൊണ്ടുവരികയും (Upwelling) അവ ജലാശയത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഇവിടെ സൂക്ഷ്മ ജല സസ്യങ്ങളുടെ സാന്നിധ്യം വലിയ തോതിലുള്ളതുകൊണ്ട് ജന്തു പ്ലവകങ്ങളുടെ സാന്നിധ്യവുമുണ്ടാകുന്നു. അത് വലിയ അളവില്‍ മത്സ്യങ്ങളെ ആകര്‍ഷിക്കും. ചെളി നിറഞ്ഞ കുഴമ്പ് വെള്ളത്തിലൂടെ സഞ്ചരിക്കുന്ന തിരമാലകള്‍ക്ക് ശക്തി ക്ഷയിക്കുന്നു. അതുകൊണ്ട് ചാകര പ്രദേശത്തെ കടല്‍ ശാന്തമായി കാണുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വലിയ അളവില്‍ ഉപജീവനത്തിന് സഹായിക്കുന്നതാണ് ചാകര എന്ന പ്രതിഭാസം. കടല്‍ ഖനനം ഈ പ്രതിഭാസത്തിന്റെ അന്ത്യം കുറിക്കും എന്ന കാര്യം തീര്‍ച്ചയാണ്.
കേരളതീരത്ത് മണ്‍സൂണ്‍ കാലത്ത് ‘കടല്‍ നീരൊഴുക്ക് ‘ എന്ന ഒരു പ്രതിഭാസം കാണാറുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ശക്തമായ നീരൊഴുക്ക് തെക്ക് ഭാഗത്തേക്കും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വടക്കോട്ടും ഉണ്ടാവാറുണ്ട്. ഖനനം നടക്കുമ്പോള്‍ ഉണ്ടാകുന്ന ചെളിയും എക്കലും ശക്തമായ നീരൊഴുക്കില്‍ പെട്ട് ഖനന മേഖലക്ക് പുറത്തേക്കും വ്യാപിക്കും. ഇതു കാരണം ഖനന മേഖലക്ക് പുറത്തും മത്സ്യോത്പാദനം കുറയാന്‍ ഇടവരുത്തും.
കടല്‍ മണല്‍ ഖനന പ്രക്രിയ വളരെ സങ്കീര്‍ണമാണ്. ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന മണല്‍ ബാര്‍ജുകള്‍ വഴി കരയിലെത്തിച്ച് കളിമണ്ണും ചെളിയും നീക്കം ചെയ്യേണ്ടതുണ്ട്. പലതവണ വൃത്തിയാക്കേണ്ടിവരും. ശുദ്ധജലം ഉപയോഗിച്ച് കൂടുതല്‍ കഴുകേണ്ടി വരുമ്പോള്‍ തീരത്തെ ശുദ്ധജല സ്രോതസ്സുകള്‍ ഉപയോഗിക്കേണ്ടിവരും. ഇപ്പോള്‍ തന്നെ ശുദ്ധജലക്ഷാമം നേരിടുന്ന തീരദേശത്ത് കുടിവെള്ളക്ഷാമമടക്കമുള്ള പ്രശ്‌നങ്ങളെ ആനയിച്ചു കൊണ്ടുവരികയാവും കടല്‍ മണല്‍ ഖനനം വഴി സംഭവിക്കുന്നത്.
മണല്‍ ഖനനം തീരപ്രദേശത്തിന്റെയും മണലൊഴുക്കിന്റെയും പ്രകൃതിദത്തവും സ്വാഭാവികവുമായ രൂപഘടനയില്‍ വ്യതിയാനം സൃഷ്ടിക്കും. ഇത് കടല്‍ക്ഷോഭത്തിനും തീരശോഷണത്തിനും ഇടവരുത്തുന്നു. ഇപ്പോള്‍ തന്നെ തീരത്തു നടക്കുന്ന ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരിലുള്ള അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിരന്തരമായ പ്രകൃതിക്ഷോഭത്തിന് ഇരയാവുന്ന തീരദേശത്ത് ഊഹിക്കാന്‍ കഴിയാത്ത വിധമുള്ള ദുരന്തങ്ങളെയാവും കാത്തിരിക്കുന്നത്.
മത്സ്യബന്ധനം ഒരു ഓര്‍മ്മയായിത്തീരുമോ?
കേരള ഫിഷറീസ് വകുപ്പിന്റെ 2022- 23ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ. ഇത് കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 3.01 ശതമാനമാണ്. 8.16 ലക്ഷം കടലോര മത്സ്യത്തൊഴിലാളി സമൂഹവും 2.44 ലക്ഷം കായലോര മത്സ്യ തൊഴിലാളി സമൂഹവുമാണ്.
222 കടലോര ഗ്രാമങ്ങളിലും 113 കായലോര ഗ്രാമങ്ങളിലുമാണ് ഇവര്‍ പുലരുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോര്‍ഡിന്റെ 2022 -23ലെ കണക്കനുസരിച്ച് 2,40,974 പേര്‍ നേരിട്ട് മത്സ്യബന്ധന പ്രവൃത്തിയിലും 78,659 പേര്‍ അനുബന്ധ മേഖലയിലും പണിയെടുക്കുന്നവരാണ്.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ട്. മറൈന്‍ പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (MPEDA) റിപ്പോര്‍ട്ടിന്റെ കണക്കനുസരിച്ച് 2022-23 വര്‍ഷത്തില്‍ 63,969.14 കോടി രൂപയ്ക്ക് തുല്യമായ മൂല്യമുള്ള 17,35286 മെട്രിക് ടണ്‍ മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്തു. ഇതില്‍ 8285.03 കോടി രൂപയുടെ മൂല്യമുള്ള 2,18,629 മെട്രിക് ടണ്‍ മത്സ്യവും കേരളത്തിന്റെ പങ്കായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും മറ്റനേകം പ്രശ്‌നങ്ങളും കാരണം മത്സ്യ ലഭ്യതയില്‍ ഭീമമായ ഇടിവാണ് കഴിഞ്ഞ കുറച്ചു കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട ചില മത്സ്യ ഇനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് കൊല്ലം പരപ്പുപോലെ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ മത്സ്യോത്പാദനം നടക്കുന്ന ഒരു പ്രദേശത്ത് കടലിലെ ആവാസ വ്യവനസ്ഥ തകര്‍ത്ത് മത്സ്യലഭ്യതതന്നെ ഇല്ലാതാക്കുന്ന മണല്‍ ഖനന പദ്ധതികള്‍ അടിച്ചേല്പിക്കുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട കായലുകളും നദികളുമായ പറവൂര്‍ കായല്‍, അഷ്ടമുടിക്കായല്‍, കായംകുളം കായല്‍, പമ്പാനദി, വേമ്പനാട്ടുകായല്‍, പെരിയാര്‍, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവ കടലില്‍ പതിക്കുന്ന സ്ഥലങ്ങളോ അവയോട് ചേര്‍ന്ന സ്ഥലങ്ങളോ ആണ് ഇപ്പോള്‍ ഖനന മേഖലകളായി കണക്കാക്കിയിട്ടുള്ളത്. ഇതിനുശേഷം മറ്റു നദികള്‍ ചേരുന്ന പ്രദേശവും പരിഗണിക്കപ്പെടാം. അതായത്, കൊല്ലം സെക്ടറിലെ മൂന്ന് ബ്ലോക്കുകളിലാണ് ഇപ്പോള്‍ ഖനനമാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ഖനനം നടത്താന്‍ തന്നെയാണ് ഭരണകൂടത്തിന്റെ നീക്കം. ഇടവേളകളില്ലാതെ ദുരന്തങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്ന ഒരു ജനതയായി മത്സ്യത്തൊഴിലാളി സമൂഹം മാറുന്നു എന്നാണ് ഇതിനര്‍ത്ഥം. മത്സ്യബന്ധനം മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ജനസമൂഹത്തെ, അവരുടെ തൊഴില്‍ സാഹചര്യം ഇല്ലാതാക്കുകയും ഉപജീവനത്തിന്റെ മാര്‍ക്ഷങ്ങള്‍ തന്നെ അടച്ചു കളയും ചെയ്യുന്ന തീരുമാനം ആ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്. മണല്‍ ഖനനത്തിന്റെ ആഘാതം മത്സ്യത്തൊഴിലാളി സമൂഹത്തില്‍ മാത്രം ഒതുങ്ങില്ല.
ആഘാതത്തിന് അതിരുകളില്ല
കടല്‍ മണല്‍ ഖനനത്തിന്റെ ആദ്യ ഇരകള്‍ മത്സ്യത്തൊഴിലാളി സമൂഹം തന്നെയാണ്. എന്നാല്‍ അത് അവരില്‍ മാത്രം ഒതുങ്ങുന്നതാവില്ല. മലയാളിയുടെ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട വിഭവമാണ് മത്സ്യങ്ങള്‍. രുചിയുള്ള ഭക്ഷണം എന്നതിനപ്പുറം ഏറ്റവും പോഷകാംശമുള്ള ഭക്ഷണം കൂടിയാണത്. തീര്‍ച്ചയായും, മലയാളിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത് ഈ മത്സ്യ വിഭവങ്ങള്‍ കൂടിയാണ്. കേരള പ്ലാനിങ് ബോര്‍ഡ് 2021ല്‍ പ്രസിദ്ധീകരിച്ച കേരള വികസന റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ഷത്തില്‍ കേരളത്തിലെ മത്സ്യ ഉപഭോഗം 9.12 ലക്ഷം ടണ്‍ ആണ്. പ്രതിദിനം 2000-2500 ടണ്‍ വരുമിത്. ഇതില്‍ 60 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. കേരളത്തില്‍ മത്സ്യ ഉല്‍പാദനത്തിന് ഇനിയും സാധ്യതയുണ്ട് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യതയെയൊക്കെ തകര്‍ക്കുകയും മലയാളിയുടെ ഭക്ഷണക്രമത്തെ കയ്യേറുകയുമാണ് ഫലത്തില്‍ കടല്‍ മണല്‍ ഖനത്തിലൂടെ ഭരണകൂടം ചെയ്യുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന ഒരു പ്രശ്‌നമായി കടല്‍ മണല്‍ ഖനനം മാറിത്തീരും. ഒരുപക്ഷേ, കേരളത്തില്‍ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള മണല്‍ ഈ ഖനനം മുഖേന കടലില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. അങ്ങനെ വലിയ ‘സാമ്പത്തിക നേട്ടവും’ ഉണ്ടായേക്കാം. പക്ഷേ, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരെ പലവിധത്തില്‍ ബാധിക്കുകയും, ലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴിലും ഉപജീവന മാര്‍ക്ഷവുമായ ഒരു വ്യവസായത്തെയും തകര്‍ത്തു കളയുകയാണ് ഭരണകൂടമെന്ന് മറക്കരുത്. ഏത് മാനദണ്ഡം വെച്ചളന്നാലും ഇത് വികസനമാവില്ല. കടലിന്റെയും തീരത്തിന്റെയും പരിസ്ഥിതിയുടെ തകര്‍ച്ചയും മത്സ്യത്തൊഴിലാളികളുടെ തൊഴിന്റെ ഭീമമായ നഷ്ടവും പൊതുജനത്തിന്റെ ഭക്ഷണക്രമത്തിലെ കയ്യേറ്റവും സൃഷ്ടിക്കുന്ന ‘നഷ്ട’ത്തെ ഏത് അളവുകോല്‍ വെച്ചാണ് അളക്കാന്‍ കഴിയുക!? രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രധാന സമ്പത്തുല്പാപാദനത്തിലെ ഒരു മുഖ്യ ഇനത്തെ റദ്ദാക്കിക്കളയുന്ന മരമണ്ടന്‍ തീരുമാനമായി കടല്‍ മണല്‍ ഖനനം മാറാന്‍ പോവുകയാണ്. ലോകത്തിലെ പലയിടങ്ങളിലേയും കടല്‍ ഖനനത്തിന്റെ അനുഭവങ്ങള്‍ നിലയ്ക്കാത്ത കടല്‍ക്ഷോഭങ്ങളും പ്രകൃതി ദുരന്തങ്ങളും മറ്റനേകം സാമൂഹ്യ അരക്ഷിതാവസ്ഥകളും സൃഷ്ടിച്ചിട്ടുള്ളതാണെന്ന് കാണാം.
കടല്‍ ഖനനത്തിന്റെ ലോകാനുഭവങ്ങള്‍
ആഴക്കടല്‍ ഖനനം സൃഷ്ടിക്കാന്‍ ഇടയുള്ള അതി ഗുരുതരമായ പാരിസ്ഥിതിക – സാമൂഹ്യ ആഘാതങ്ങളെപ്പറ്റി ഗൗരവപൂര്‍ണമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഒരുപക്ഷേ, ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള അറിവിനെക്കാള്‍ കുറവാണ് കടലിന്റെ അടിത്തട്ടിനെ പറ്റിയുള്ള അറിവ്. ഇന്ത്യയെക്കാള്‍ ശാസ്ത്രസാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും ആഴക്കടല്‍ ഖനനത്തിന് തയ്യാറാവാത്തത് ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയോ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ സി ബെഡ് അതോറിറ്റിയോ (ISA) അന്താരാഷ്ട്ര തലത്തില്‍ ആഴക്കടല്‍ ഖനനത്തിനുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല എന്നും നാം ഓര്‍ക്കണം. പരീക്ഷണാടിസ്ഥാനത്തിലുള്ള പര്യവേക്ഷണവും ഖനനവുമല്ലാതെ വാണിജ്യാടിസ്ഥാനത്തില്‍ കടല്‍ ഖനനത്തിന് ലോകരാജ്യങ്ങള്‍ കാര്യമായൊന്നും മുതിര്‍ന്നിട്ടില്ല.
ലോകത്ത് ആദ്യമായി ആഴക്കടല്‍ ഖനനത്തിന് അനുമതി നല്‍കിയ രാജ്യം പാപ്പുവ ന്യൂ ഗിനിയാണ്. സള്‍ഫൈഡ് ആണ് ഖനനം നടത്തിയത്. സൊള്‍വാറ – 1 എന്നായിരുന്നു പദ്ധതിയുടെ പേര്. 1997ല്‍ സ്ഥാപിതമായ നൗട്ടിലസ് മിനറല്‍സ് എന്ന കനേഡിയന്‍ കമ്പനിയാണ് ഖനനം നടത്തിയത്. 2011ല്‍ ഖനന നടപടികളുടെ തുടക്കം കുറിച്ചെങ്കിലും തദ്ദേശീയ ജനതയുടെ ശക്തമായ പ്രതിരോധവും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും മൂലം 2019-ല്‍ ഖനനം അവസാനിപ്പിക്കേണ്ടി വന്നു. നോര്‍വേ പോലുള്ള രാജ്യങ്ങള്‍ ആഴക്കടല്‍ ഖനനം പരിഗണിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സംഘടനകളുടെ ചെറുത്തുനില്‍പ്പ് ശ്രദ്ധേയമാണ്. വേള്‍ഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പോലുള്ള സംഘടനകള്‍ ഇതിനെതിരെ മുന്നോട്ട് വരുന്നുണ്ട്. ഇന്തോനേഷ്യയില്‍ കടല്‍ ഖനനത്തെ തുടര്‍ന്ന് തീരദേശ പരിസ്ഥിതിയിലും മത്സ്യത്തിന്റെ ഉല്‍പാദനശേഷിയിലും നാശം സംഭവിച്ചതായി ചില ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2004ലെ സുനാമിയുടെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയായിരുന്നു. അനിയന്ത്രിതമായ ഖനനം തീര ശോഷണത്തിനും ഭൂകമ്പത്തിനും കാരണമായതായി അവിടത്തെ ചില ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നുണ്ട്. 1970-ല്‍ യു എസിലെ സൗത്ത് കരോലിന തീരത്ത് ആഴക്കടല്‍ ഖനനത്തിന്റെ അനന്തരഫലങ്ങള്‍ 50 വര്‍ഷം പിന്നിട്ടിട്ടും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ സമുദ്രാന്തര്‍ഭാഗം തരിശുനിലം പോലെ തുടരുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര പരിസ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് (Green Peace -2025, March 10).
കര്‍ശനവും സുതാര്യവുമായ ആഘാത പഠനങ്ങള്‍ നടത്തുന്നതുവരെ ആഴക്കടല്‍ ഖനനത്തിന് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പോലുള്ള സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. ആഴക്കടല്‍ ഖനനത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നുണ്ട്. ഫ്രാന്‍സ്, കാനഡ, യു.കെ, ന്യൂസിലാന്‍ഡ്, സിറ്റ്‌സര്‍ലാന്‍ഡ്, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങള്‍ മൊറോട്ടോറിയത്തിനു വേണ്ടി ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് അസംബ്ലി 2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ യോഗം ചേര്‍ന്ന് കടല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കടലിന്റെ 30 ശതമാനമെങ്കിലും സംരക്ഷിക്കണമെന്ന് ലോകത്തെ 100 രാജ്യങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. അതില്‍ ഇന്ത്യയും ഒപ്പു വച്ചിട്ടുണ്ട്. അന്താരാഷ്ട്ര ധാരണയ്ക്കും കരാറുകള്‍ക്കും വിരുദ്ധമായാണ് ഇപ്പോള്‍ കടല്‍ ഖനന നീക്കം. ലോകത്ത് എവിടെയും ഖനനം ഒരു ചെറിയ ശതമാനത്തിന് മാത്രമാണ് ഗുണകരമായിട്ടുള്ളത് എന്നും തദ്ദേശീയ ജനതയാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്ന പാഠവും നമുക്ക് മുന്നിലുണ്ട്.
കോര്‍പ്പറേറ്റുകള്‍ പുളയ്ക്കുന്ന ആഴക്കടല്‍
ഓഫ്‌ഷോര്‍ ഏരിയ മിനറല്‍ (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് -2002 എന്ന നിയമം 2023-ല്‍ ഭേദഗതി വരുത്തിയത് ഖനന മേഖല .സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതിനു വേണ്ടിയായിരുന്നു. ഈ നിയമ ഭേദഗതിയോടെ നിര്‍ണായകവും തന്ത്ര പ്രധാനവുമായ ധാതുക്കള്‍ കൊള്ള ചെയ്യാനുള്ള അനുമതിയാണ് കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നത്. കേരളത്തില്‍ മണല്‍ ഖനനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട കൊല്ലം സൗത്ത്, കൊല്ലം നോര്‍ത്ത്, ആലപ്പുഴ, ചാവക്കാട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളാണ്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി സമൂഹത്തെ മരണക്കയത്തിലേക്ക് വലിച്ചെറിഞ്ഞാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഖനനാനുമതി നല്‍കുന്നത്.
2023-ലെ ആഴക്കടല്‍ ഖനന നിയമഭേദഗതിക്ക് തൊട്ടുമുമ്പ് 2022 ഏപ്രില്‍ 14 മുതല്‍ 17 വരെ അദാനിയുടെ കമ്പനി അന്ധ്രയില്‍ അലൂവിയല്‍ ഹെവി മിനറല്‍സ് ലിമിറ്റഡ് (Alluvial Heavy Minerals Limited) എന്നും ഒറീസയില്‍ പുരി നാച്ചുറല്‍ റിസോഴ്‌സസ് ലിമിറ്റഡ് (Puri Natural Resources Limited) എന്നും പേരായ രണ്ട് കമ്പനികള്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഖനനാനുമതി ഏത് കമ്പനിക്ക് ലഭിച്ചാലും ഗൗതം അദാനിയുടെ കമ്പനികളുടെ സക്ഷന്‍ ഹോപ്പര്‍, റോട്ടറി കട്ടര്‍, ബക്കറ്റ് ഡ്രെഡ്ജര്‍ തുടങ്ങിയ സംവിധാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഖനനം നടത്തുക എന്ന കാര്യം തീര്‍ച്ചയാണ്. മറ്റൊരു പ്രധാന പ്രശ്‌നം, ആഴക്കടല്‍ ഖനനം ചെയ്യാന്‍ ആവശ്യമായ സാങ്കേതികവിദ്യ അത്രയൊന്നും ഇന്ത്യയില്‍ വികസിച്ചിട്ടില്ലെന്നും അതിന് ബഹുരാഷ്ട്ര കമ്പനികളുടെ വൈദഗ്ധ്യത്തെ ആശ്രയിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ലൈസന്‍സ് വഴി വിദേശ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ നമ്മുടെ ആഴക്കടലും തീരവും കീഴടക്കാന്‍ പോവുകയാണ് എന്നു വേണം കരുതാന്‍. കടല്‍വഴി കടന്നു വന്ന പഴയ കൊളോണിയല്‍ അധിനിവേശത്തെ തുരത്താന്‍ നാം നൂറ്റാണ്ടുകളായി സഹിച്ച ത്യാഗങ്ങളെയും രക്തസാക്ഷിത്വങ്ങളേയും മറന്നുപോകരുത്.
കണ്ണു വേണമിരുപുറമെപ്പോഴും....
ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരെ കേരളത്തില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഏറെക്കുറെ ഒറ്റക്കെട്ടായാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അണിനിരന്നത്. പക്ഷേ അതുകൊണ്ട് മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ പരിധിക്കുള്ളില്‍ വരുന്ന ഭരണഘടനയിലെ അനുച്ഛേദം 297 (1) ല്‍ പ്രതിപാദിക്കുന്ന ആഴക്കടലില്‍ മാത്രമല്ല ഖനനം. ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റില്‍ (സംസ്ഥാന ലിസ്റ്റ്) ഉള്‍പ്പെടുന്ന മത്സ്യബന്ധന മേഖലയിലും ഖനനം നടക്കും. മത്സ്യബന്ധനം സംസ്ഥാന വിഷയമാണ്. 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സ്ഥലത്ത് സുഗമമായ മത്സ്യബന്ധനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്.
കോര്‍പ്പറേറ്റ് താല്പര്യങ്ങളില്‍ നിന്ന് മുക്തമല്ല സംസ്ഥാന സര്‍ക്കാറുമെന്ന് നമുക്ക് അനുഭവമുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ബ്ലൂ ഇക്കണോമിയുടെ ചുവടു പിടിച്ച് പുനര്‍ഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെ തീരത്തു നിന്നും മാറ്റാനും കോര്‍പ്പറേറ്റുകള്‍ക്ക് ചരക്കു ഗതാഗതം സുഗമമാക്കാനും ടൂറിസ്റ്റ് മാഫിയകള്‍ക്ക് ലാഭം കൊയ്യാനും മത്സ്യത്തൊഴിലാളികളെ കുടിയിറക്കി തീരദേശ ഹൈവേ നടപ്പാക്കാനും തിടുക്കം കാണിച്ചവരാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് നാം മറക്കില്ല. മത്സ്യത്തൊഴിലാളി ജനതയുടെ അസ്ഥിഖണ്ഡങ്ങള്‍ കൊണ്ട് പണിയുന്ന അദാനിയുടെ ‘വിഴിഞ്ഞം തുറമുഖം ഭാവിയുടെ വികസന കവാട’മാണെന്ന് കരുതുന്ന ഒരു സര്‍ക്കാര്‍ ജനതാല്പര്യങ്ങള്‍ക്കൊപ്പമാവില്ല (കേരള സര്‍ക്കാര്‍ ബജറ്റ് പ്രസംഗം, 2024-2025- പേജ് 9). കേരളത്തിന്റെ 590 കിലോമീറ്റര്‍ നീളമുള്ള തീരത്തെയും 12 നോട്ടിക്കല്‍ മൈല്‍ (22.22 കിലോമീറ്റര്‍) വരുന്ന ടെറിട്ടോറിയല്‍ സമുദ്രാതിര്‍ത്തിയേയും 200 നോട്ടിക്കല്‍ മൈല്‍ (370.04 കിലോമീറ്റര്‍) വരുന്ന പ്രത്യേക സാമ്പത്തിക മേഖലയെയും (EEZ), ചുരുക്കത്തില്‍ തീരവും ആഴക്കടലും സമ്പൂര്‍ണ്ണമായി, കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്ന ആസൂത്രിത പദ്ധതിയാണ് ആഴക്കടല്‍ മണല്‍ഖനനം.
പരിസ്ഥിതി ദുര്‍ബല മേഖല ആയതുകൊണ്ട് തീരദേശ പരിപാലന (CRZ) നിയമങ്ങള്‍ പ്രകാരം തീരപ്രദേശത്ത് വീട് നിര്‍മിക്കാനോ ഉപജീവന സൗകരങ്ങള്‍ ഒരുക്കാനോ പാടില്ലെന്ന് സാധാരണക്കാരുടെമേല്‍ അധികാരം അടിച്ചേല്‍പ്പിക്കുമ്പോഴാണ് കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് ഖനനം നടത്തുന്ന വിചിത്രമായ തീരുമാനങ്ങള്‍ ഭരണകൂടം കൈക്കൊള്ളുന്നത്! ചങ്ങാത്ത മുതലാളിത്തത്തിന്റെ (crony capitalism) ഏറ്റവും മാരകമായ രൂപങ്ങള്‍ നാം നമ്മുടെ മുന്നില്‍ ദര്‍ശിക്കുകയാണ്!
കരിമണല്‍ ഖനനം കൊണ്ട് തകര്‍ന്നുപോയ ആലപ്പാട് എന്ന ഗ്രാമത്തിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. 1955ലെ സര്‍വ്വേ അനുസരിച്ച് 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ഭൂപ്രദേശം 2018 -ല്‍ 7.5 ചതുരശ്ര കിലോമീറ്ററായി തീര്‍ന്നത് ഇപ്പോഴും ഗൗരവപൂര്‍വ്വം നാം കണക്കിലെടുത്തിട്ടില്ല. കടല്‍ ഖനനം നടത്തിയാല്‍ കേരളത്തിലുടനീളമുള്ള തീരത്തിന് എന്തു സംഭവിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണിത്. മാത്രമല്ല, സുനാമിയില്‍ ഏറ്റവും കൂടുതല്‍ ആഘാതവും ആള്‍നാശവുമുണ്ടായ സ്ഥലം കൂടിയാണ് ആലപ്പാട്. കടല്‍നിരപ്പ് ഉയരുന്നത് കൊണ്ട് ഭീഷണി നേരിടുന്ന മണ്‍റോ തുരുത്ത് നിര്‍ദിഷ്ട ഖനന പ്രദേശമായ കൊല്ലത്തിനു സമീപം തന്നെയാണ്. ടൂറിസം, തീരദേശ ഹൈവേ, ഇന്‍ഫ്രസ്‌ട്രെക്ച്ചര്‍ വികസനം, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, വിഴിഞ്ഞം പോര്‍ട്ടിന്റെ പേരിലുള്ള ‘വികസന’ കയ്യേറ്റങ്ങള്‍ തുടങ്ങി പല രീതിയില്‍ തീരദേശ ജനത കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു ജനതയെ അവരുടെ തൊഴിലെടുക്കാനുള്ള സാഹചര്യത്തില്‍ നിന്നും ഉപജീവന സംവിധാനങ്ങളില്‍ നിന്നും അകറ്റുന്നത് അവരെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്. തീരദേശത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
പ്രതിരോധം തീര്‍ക്കുക
ഭരണകൂടം വികസനം എന്ന് പേരിട്ടു വിളിക്കുന്ന കാര്യങ്ങളൊക്കെ മൂലധന ശക്തികള്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണെന്ന് കാണാം. വിഴിഞ്ഞം തുറമുഖം, തീരദേശ ഹൈവേ, ദേശീയപാത വികസനം, സില്‍വര്‍ ലൈന്‍, വല്ലാര്‍പാടം പദ്ധതി തുടങ്ങിയവയൊക്കെ ചരക്കു നീക്കത്തിന് വേഗത വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്‌കരിച്ച പദ്ധതികളാണ്. മുതല്‍മുടക്ക്, ലാഭം ചേര്‍ത്ത് എത്രയുംവേഗം തിരിച്ചുവരാനുള്ള തിടുക്കമാണ് ഈ വികസന പദ്ധതികളിലൊക്കെയും. ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയും ബേങ്കിംഗ് സമ്പ്രദായത്തില്‍ വന്ന പുതിയ മാറ്റങ്ങളും വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റവും പണമൂലധനത്തിന്റെ (Money Capital) സഞ്ചാരത്തിന്റെ സമയം നിമിഷങ്ങളാക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ ചരക്ക് നീക്കത്തിന് ഈ വേഗത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു വേണ്ടിയാണ് പശ്ചാത്തല സൗകര്യ വികസനത്തിന് വേണ്ടിയുള്ള മരണവേഗങ്ങള്‍. മൂലധന സമാഹരണത്തിന്റെ മറ്റൊരു മേഖല പൊതുസമ്പത്ത് നിയന്ത്രണമില്ലാതെ കൊള്ളയടിക്കലാണ്. ‘ആദിമ മൂലധന സഞ്ചയം’(Primitive Accumulation of Capital) എന്ന് വിളിക്കപ്പെടുന്ന മൂലധനക്കാെള്ളയുടെ ഏറ്റവും നൃശംസമായ പ്രവര്‍ത്തനമാണ് കടല്‍ മണല്‍ ഖനനത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രാദേശിക ജനതയെ പാപ്പരാക്കുകയും തുരത്തുകയും ചെയ്തുകൊണ്ട് കൂടിയാണ് വിഭവങ്ങളുടെ കവര്‍ന്നെടുക്കല്‍. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലും’ ‘മൂലധന നിക്ഷേപത്തിലും’ അഭിരമിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാനുള്ള ധാര്‍മിക ശേഷി ഉണ്ടാവുമെന്ന് കരുതാന്‍ വയ്യ.
ഭരണകൂടവുംകോര്‍പ്പറേറ്റുകളും ലയിച്ചുചേര്‍ന്ന് ഒന്നായിത്തീരുന്ന സന്ദര്‍ഭമാണ് ഫാസിസം എന്ന് പറഞ്ഞത് ബെനിറ്റോ മുസോളിനി തന്നെയാണ്. ഇവിടെ നമുക്ക് മുന്നില്‍ ഈ അവസ്ഥ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആഴക്കടല്‍ മണല്‍ ഖനന തീരുമാനം ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നത്.
കടലിന്റെ ആവാസവ്യവസ്ഥ സൂക്ഷ്മജീവികള്‍ മുതല്‍ നീലത്തിമിംഗലം വരെ പരസ്പര പൂരകമായി ജീവിക്കുന്നതാണ്. ഏതെങ്കിലും ഒന്നിന് നാശം വന്നാല്‍ മറ്റനേകം ജീവിവര്‍ഗങ്ങളുടെയും ഉന്മൂലനമായിരിക്കും സംഭവിക്കുക. പരസ്പരബന്ധിതമായ ജീവിതം കടലിന്റെ മാത്രം സവിശേഷതയല്ല. തീരദേശത്തെ പ്രതിസന്ധികള്‍ ഇടനാട്ടിലേക്കും മലനാട്ടിലേക്കും കടന്നുവരുമെന്ന് മറന്നുപോകരുത്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കടല്‍ മണല്‍ ഖനനം മലയാളികളെയാകെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതാണ്. തീരദേശത്ത് സംഭവിക്കുന്ന കാര്യങ്ങളോട് അലംഭാവത്തോടെയാണ് പൊതു സമൂഹം സമീപിക്കാറുളളത്. എന്നാല്‍ ഇപ്പോഴത്തേത് ഒരു ജീവന്‍ മരണ പ്രശ്‌നമാണ്. അതുകൊണ്ട് ആഴക്കടല്‍ ഖനനത്തിനെതിരെ ഒന്നിച്ചു നിന്ന് പ്രതിരോധം തീര്‍ക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.





No Comments yet!