Skip to main content

മണ്ടേലയുടെ രണ്ട് മലയാളി ചങ്ങാതിമാര്‍

ബില്ലി നായര്‍ & പോള്‍ ജോസഫ്.

പാലക്കാട്ടുകാരനായ ബില്ലി നായരും മൂവാറ്റുപുഴക്കാരനായ പോള്‍ ജോസഫും ദക്ഷിണാഫ്രിക്കയുടെ മഹാത്മാഗാന്ധിയായ നെല്‍സന്‍ മണ്ടേലയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായതിന്റെ ആവേശകരമായ കഥ പറയുന്ന പുസ്തകമാണ് പത്രപ്രവര്‍ത്തകനായ ജി. ഷഹീദിന്റെ ‘മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികള്‍’. ഒരു ചരിത്ര പുസ്തകത്തിലും പരാമര്‍ശിക്കപ്പെടാതെപോയ അവരെ കുറിച്ചുള്ള അപൂര്‍വ്വ വിവരങ്ങള്‍ തേടിപ്പിടിച്ചതിന്റെ കഥ മറ്റൊരു കൗതുകം.

ഇന്ത്യയെ പോലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിയായിരുന്ന ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കിയ മണ്ടേലയുടെ പോരാട്ടകഥ ലോകജനാധിപത്യ ചരിത്രത്തിലെ സുവര്‍ണ്ണ രേഖയാണ്. മഹാത്മജിയുടെ അഹിംസയിലധിഷ്ഠിതമായ സമരരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ഗാന്ധിജിയും തന്റെ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നല്ലൊ.

1893 ല്‍ ഗാന്ധിജി രൂപം നല്‍കിയ നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു മണ്ടേലയുടെയും മാതൃക. 1912 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തുടക്കം കുറിക്കപ്പെട്ടു മൂന്നു വര്‍ഷത്തിനകം ഗാന്ധിജി ഇന്ത്യയിലെയ്ക്കു പോയി. വൈദേശികഭരണത്തില്‍ വീര്‍പ്പുമുട്ടിയ ഒരു ജനത അദ്ദേഹത്തെ കാത്തു നില്‍ക്കുകയായിരുന്നു.

ഇന്ത്യയെ പോലെ ദക്ഷിണാഫ്രിക്കയും കൊളോണിയല്‍ ഭരണത്തിന്റെ നുകകീഴില്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. കറുത്തവരായ ആഫ്രിക്കക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും ന്യായമായ അവകാശങ്ങള്‍ അവര്‍ ചവിട്ടിമെതിച്ചു. വര്‍ണ്ണവെറിയും വിവേചനങ്ങളും സാമാന്യ ജീവിതം ദുസ്സഹമാക്കി. വെള്ളക്കാരുടെ നീതിരഹിതമായ ഭരണത്തിന്നെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ സമാധാനപൂര്‍വ്വമായ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു നെല്‍സന്‍ മണ്ടേല കേപ്ടൗണില്‍ നിന്ന് എഴുന്നൂറ് കിലോമീറ്ററകലെ റോബിന്‍ ദ്വീപിലെ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സഹതടവുകാരനായിരുന്ന ബില്ലി നായരോട് സഹോദരനെ പോലെയാണ് മണ്ടേല പെരുമാറിയത്. മണ്ടേല ബില്ലിയെ തമ്പിയെന്നും ബില്ലി മണ്ടേലയെ അണ്ണായെന്നും വിളിച്ചു.

ബില്ലി നായര്‍

ദക്ഷിണാഫ്രിക്കയിലെ ഒരു ക്ഷീരോല്പാദന കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ബില്ലി നായര്‍ അവിടത്തെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് തന്റെ പൊതുജീവിതമാരംഭിക്കുന്നത്. ക്രമേണ റിക്ഷാത്തൊഴിലാളികളുടെയും സ്വര്‍ണ്ണഖനിതൊഴിലാളികളുടെയും നേതാവായി. അറിയപ്പെടുന്ന തൊഴിലാളി നേതാവായിക്കഴിഞ്ഞതിന് ശേഷമാണ് മണ്ടേലയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് മണ്ടേലയുടെ അഭ്യര്‍ത്ഥന മാനിച്ച് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്നണിപ്പോരാളിയായി മാറി.

1955 ല്‍ ക്ലിഫ് ടൗണില്‍ നെല്‍സന്‍ മണ്ടേലയുടെ സാന്നിധ്യത്തില്‍ നടന്ന പ്രശസ്തമായ കോണ്‍ഗ്രസ് ഓഫ് പീപ്പിള്‍ സമ്മേളനത്തില്‍ സ്വാതന്ത്ര്യം ദക്ഷിണേന്ത്യന്‍ ജനതയുടെ അവകാശം എന്ന സുപ്രധാന പ്രമേയം അവതരിപ്പിച്ചത് ഇരുപത്താറുകാരനായ ബില്ലി നായരായിരുന്നു.

1920 ല്‍ എങ്ങനെയൊ എസ്.എസ്. ഫ്രോണ്ടിയര്‍ എന്ന കപ്പലില്‍ ഒരു കരാര്‍ തൊഴിലാളിയായി നേറ്റാളിലെത്തിയ പാലക്കാട്ടുകാരനായ കൃഷ്ണന്‍ നായര്‍ വിവാഹം ചെയ്തത് തമിഴ്‌നാട്ടുകാരിയായ പാര്‍വ്വതിയെ അവര്‍ക്ക് അഞ്ചു മക്കള്‍: നടരാജന്‍, ബില്ലി നായര്‍, ജയറാം നായര്‍, ഷാദ് നായര്‍, കല്യാണിനായര്‍, അഞ്ജലി, ബില്ലിയുടെ ചേച്ചിയായ കല്യാണിയുമായും ജയ് നായരുമായും ഷഹീദ് ബന്ധപ്പെട്ടുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന വിശദവിവരങ്ങള്‍ ലഭിക്കുന്നത് ഡര്‍ബന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ്.

വല്ലപ്പോഴും വന്നുപോകുന്ന അച്ഛനെ കാണുക അത്യപൂര്‍വ്വം, മാര്‍ക്കറ്റില്‍ ഒരു ചെറിയ കടയുണ്ടായിരുന്ന അമ്മയാണ് മക്കളെ വളര്‍ത്തിയത്. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. എങ്ങനേയൊ മെട്രിക്കുലേഷന്‍ വരെ പഠിച്ചു. പിന്നീട് ജയിലില്‍ കിടക്കുമ്പോഴാണ് ഡിഗ്രികളെടുത്തത്. ഇരുട്ടറയായിരുന്നു ജയില്‍. കുടിക്കാന്‍ കടലിലെ ഉപ്പുവെള്ളം, മോശം ഭക്ഷണം ഇതൊക്കെ മാറി വരാന്‍ വര്‍ഷങ്ങളെടുത്തു. തടവറക്കാലത്ത് ഹൃദയ ശസ്ത്രക്രിയയ്ക്കും ബില്ലി വിധേയനായി. 1960 ല്‍ പാര്‍ട്ടി നിരോധിച്ച കാലത്താണ് എല്‍സിയുമായുള്ള വിവാഹ ബന്ധം നടന്നത്. അശാന്തമായ ദാമ്പത്യ ജീവിതം. മിക്കവാറും ഒളിവിലായിരിക്കും. ഒളിപ്പോര്‍ സംഘത്തിന്റെ നേതാവുമായിരുന്നു ബില്ലി നായര്‍. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിന്നായി പോരാടിയ ധീരപുത്രന്‍ എന്നാണ് മണ്ടേലയുടെ ജീവചരിത്രകാരനായ മാക് മഹാരാജ്, ബെല്ലി നായരെ വിശേഷിപ്പിച്ചത്. 1994 ല്‍ ദക്ഷിണാഫ്രിക്ക റിപ്പബഌക്കായി. ആദ്യത്തെ കറുത്തവര്‍ക്ഷക്കാരനായ പ്രസിഡണ്ടായി നെല്‍സന്‍ മണ്ടേല അധികാരമേറ്റു. ബില്ലി നായര്‍ എം.പി.യായി. 2007ല്‍ അദ്ദേഹം ന്യൂഡല്‍ഹിയിലെത്തി രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമില്‍ നിന്ന് സമഗ്ര സേവനത്തിനുള്ള പ്രവാസി ഭാരതീയ സമ്മാന്‍ സ്വീകരിച്ചു.

മണ്ടേലയുടെ മക്കളെ സംരക്ഷിച്ച പോള്‍കുടുംബം ബില്ലിയെ പോലെ തന്നെ മണ്ടേലയുമായി ആത്മബന്ധമുണ്ടായിരുന്ന മറ്റൊരു മലയാളിയാണ് മൂവാറ്റുപുഴക്കാരനായ പോള്‍ ജോസഫ്. ജോഹന്നസ്ബര്‍ക്ഷില്‍ 1930ല്‍ ജനിച്ച പോള്‍ ഇപ്പോള്‍ ലണ്ടനിലാണ് ജീവിക്കുന്നത്. തൊണ്ണൂറ് വയസ്സുള്ള പോളുമായി ടെലഫോണില്‍ സംസാരിച്ചാണ് ഗ്രന്ഥകാരന്‍ വിവരങ്ങള്‍ ശേഖരിച്ചത്.

പതിനഞ്ചാം വയസ്സു മുതല്‍ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യത്തിന്റെ സമരമുഖത്ത് സജീവമായി പോള്‍ ജോസഫ് പ്രവര്‍ത്തിച്ചിരുന്നു. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ അഡലൈഡും വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത് പോളിന്റെ വീട്ടിലായിരിക്കും. അതിരാവിലെയായിരിക്കും മണ്ടേല വരിക അഡലൈഡുണ്ടാക്കുന്ന ആട്ടിറച്ചിക്കറി അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.

മണ്ടേലയും വിന്നിയും ജയിലിലായപ്പോള്‍ അവരുടെ കുട്ടികളെ സംരക്ഷിച്ചത് പോളും അഡലൈഡുമാണ്. അതുപോലെ പോളിന്റെ മകന്‍ ആനന്ദിനെ മാരകരോഗം ബാധിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചത് മണ്ടേലയായിരുന്നു. 1992ല്‍ മണ്ടേലയും വിന്നിയും വേര്‍പിരിഞ്ഞ വാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ പൊട്ടിക്കരഞ്ഞു പോയി – പോള്‍ പറഞ്ഞു. 2020ല്‍ മണ്ടേല ജയില്‍മോചിതനായതിന്റെ മുപ്പതാം വാര്‍ഷിക വേളയില്‍ ബിബിസിയുടെ പരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത് പോള്‍ ജോസഫും അഡലൈഡുമാണ്.

ലോകം മുഴുവന്‍ കൊറോണഭീതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജി. ഷഹീദ് ഫോണിലൂടെ, ഇമെയിലിലൂടെ, വാട്‌സാപ്പിലൂടെ പ്രശസ്തരും അല്ലാത്തവരുമായ ഒരുപാടു വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് മലയാളികളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. അതിന്റെ ഫലശ്രുതിയാണ് ഈ പുസ്തകം.

No Comments yet!

Your Email address will not be published.