Skip to main content

പുരുഷാര്‍ത്ഥം

ടി കെ ഗംഗാധരന്‍

ചെമ്പോടുകള്‍ മേഞ്ഞ കാവുപുര വലംവച്ച് കത്തിയമര്‍ന്ന എണ്ണത്തിരികള്‍ മണക്കുന്ന നടപ്പുരയിലെത്തിയപ്പോള്‍ ചെറുപ്പത്തിലെന്നോ അമ്മൂമ്മ വായിച്ചുകേട്ട നാരായണീയത്തിലെ വരികള്‍
രവീന്ദ്രന്റെ ഓര്‍മ്മയിലുണര്‍ന്നു:
വളരും വ്യാധിയാലളവറ്റാധിയാല്‍
തളരുമെന്റെയുള്‍കളത്തിലെപ്പൊഴും
തിളങ്ങുമത്ഭുതചിദാനന്ദാമൃതം….
തിരുവാഭരണങ്ങളും ചുവന്ന കട്ട്യാവുമണിഞ്ഞ് കൈകളില്‍ ദിവ്യായുധങ്ങളും, കണ്ണില്‍ കത്തുന്ന കലിയുമായി നില്‍ക്കുന്ന ദേവി ബിംബത്തെ
തൊഴുതു നിന്നപ്പോള്‍ കതിനവെടികളുടെ മുഴക്കങ്ങളോ പൂജാമണികളുടെ നാദമോ ഒന്നും അയാള്‍ കേട്ടില്ല. ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന പൂജാവിഗ്രഹത്തെ അയാള്‍ ഒട്ടൊരു കൗതുകത്തോടെ
കാണുകയായിരുന്നു.
ഇതിനുമുമ്പൊന്നും കാവില്‍ ഭഗവതിയെ തൊഴുതു പ്രാര്‍ത്ഥിക്കണമെന്ന് രവീന്ദ്രന് തോന്നിയിട്ടില്ല. സൃഷ്ടി സ്ഥിതി സംഹാരകരായ ദൈവങ്ങളുണ്ടോ എന്നായിരുന്നു അന്വേഷണം. ഡാര്‍വിന്റെ
പരിണാമസിദ്ധാന്തം കുറച്ചൊക്കെ വായിച്ചു.
മഹാവിസ്‌ഫോടനവും, ഭൂമിയും, ഭൂമിയില്‍
ജീവന്റെ ഉത്ഭവവും എങ്ങനെ സംഭവിച്ചു എന്നറിയാന്‍ ശ്രമിച്ചു. പുണര്‍ന്നു പെറുന്ന മനുഷ്യനും
പുഴുവിനും ഉറുമ്പിനും നാനാജാതി മൃഗങ്ങള്‍ക്കും പറവകള്‍ക്കുമൊക്കെ ആയുസ്സ് മുഴുവിച്ചു വിരമിക്കുക എന്ന ഒരൊറ്റ ദൗത്യമേയുള്ളൂ എന്നാണയാള്‍ നേടിയ അറിവുകള്‍ പറയുന്നത്. മണ്ണില്‍
വിടര്‍ന്നു വിലസുന്ന പുഷ്പത്തിനും, പുല്ലിനും,
പൂമ്പാറ്റയ്ക്കും, ഞാനെന്ന ഭാവത്തോടെ നെഞ്ചു വിരിച്ചു നടക്കുന്ന മനുഷ്യനും നാനാജാതി മൃഗങ്ങള്‍ക്കും മരണമാണ് അന്ത്യവിധിയെങ്കില്‍ മതഗ്രന്ഥങ്ങളില്‍ പറയുന്ന ഈരേഴുപതിനാലു
ലോകവും സ്വര്‍ക്ഷവും നരകവും സത്യമാണോ, അതോ മിഥ്യയോ?
ക്ഷേത്രത്തില്‍നിന്നിറങ്ങി ഇത്തളും വെള്ളാരംകല്ലുകളും പുണ്ടു കിടക്കുന്ന മുറ്റത്തെ കുഴമണ്ണിലൂടെ നടക്കവേ പുരുഷാര്‍ത്ഥത്തിലൂടെ ധന്യമാവേണ്ട ആയുസ്സിന്റെ സങ്കടങ്ങളേക്കുറിച്ചയാള്‍ ഓര്‍ക്കുകയായിരുന്നു.
‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണോ, ദുര്‍ക്ഷയാണോ കാവിലെ പ്രതിഷ്ഠ? അതോ വിഷ്ണുവാണോ? മുപ്പത്തിമുക്കോടി
ദേവകളിലാരായാലും വേണ്ടില്ല അമ്മയ്ക്ക് സുഖവും ശാന്തിയും കിട്ടണേയെന്നാണ് തന്റെ പ്രാര്‍ത്ഥന. അമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാണ്
വഴിപാടുകള്‍.
അയാള്‍ കാവുനടയോടടുക്കുന്ന നടവഴിയിലെ പുരുഷാരത്തിലേക്ക് കണ്ണോടിച്ചു.
കളിവാക്കുകള്‍ പറഞ്ഞു പരസ്പരം ചിരിക്കുന്ന കൂട്ടുകാരികളും കുടുംബക്കാരോടുമൊപ്പം തീക്കനലിന്റെ നിറമുള്ള പട്ടുസാരിയണിഞ്ഞ് ആഭരണവിഭൂഷിതയായി കാവിലേക്കു വരുന്ന പെണ്‍കുട്ടി!
ക്ഷേത്രനടയില്‍ ഒരു മംഗളകര്‍മ്മംകൂടി
നടക്കാന്‍ പോകുകയാണ്.
വിവാഹത്തെപ്പറ്റി ഓര്‍ക്കാന്‍ രവീന്ദ്രന്‍ മടിച്ചു. ജീവിതയാത്രയുടെ ഏതോ സന്ധിയില്‍വച്ച് ഓര്‍മ്മകള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ച അമ്മ മാത്രമാണിപ്പോള്‍ മനസ്സില്‍.
അമ്മയെന്നും മാറ്റത്തിനുവേണ്ടിയുള്ള സമരനിരകളുടെ മുന്‍പന്തിയില്‍നില്‍ക്കുന്ന അച്ഛനോടൊപ്പമായിരുന്നു. പാര്‍ട്ടിജാഥകളില്‍ സ്ത്രീ വളണ്ടിയറായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പറക്കമുറ്റാത്ത മക്കള്‍ ഓരോന്നായി രോഗം വന്ന് വേണ്ടത്ര മരുന്നും ഭക്ഷണവും കിട്ടാതെ കൊഴിഞ്ഞുപോകുന്നത് കണ്ട്
നിസ്സഹായയായി വിലപിച്ചു. അച്ഛന്റെ അകാലവിയോഗം കൂടിയായപ്പോള്‍ സമനില തെറ്റി, ഏകാന്തതയിലേയ്ക്ക് വലിഞ്ഞ്, ശുന്യതയോട് സംസാരിക്കാന്‍ തുടങ്ങി.
അച്ഛന്‍ ബാക്കിവച്ചിട്ടുപോയ പുസ്തകശേഖരം അമ്മ കണ്‍മണികളെപ്പോലെ കത്തു സുക്ഷിച്ചു. ദാമ്പത്യബന്ധത്തിന്റെ സുഖങ്ങളും ദുഃഖങ്ങളും ഓര്‍ത്തെടുക്കുന്ന അമ്മയ്ക്ക് പ്രിയതമന്റെ സ്പര്‍ശവും വിയര്‍പ്പുഗന്ധമേറ്റ വസ്ത്രങ്ങളും വായിച്ചിരുന്ന പുസ്തകങ്ങളും അടുക്കിവച്ച കൊച്ചലമാര ആരും തൊടുന്നതുപോലും ഇഷ്ടമായിരുന്നില്ല. ഭര്‍ത്താവിപ്പോഴും സ്വര്‍ക്ഷത്തില്‍നിന്നും ഇറങ്ങിവന്ന് ആ
പുസ്തകങ്ങള്‍ വായിക്കുകയും ചിന്തയിലാണ്ടിരിക്കുകയും ചെയ്യുന്നുത് അവര്‍ ഭാവനയില്‍ കാണുന്നു ണ്ടാവണം!
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, രാമായണം,
ലെനിന്റെ ജീവചരിത്രം, പിന്നെ രണ്ടിടങ്ങഴി, മുത്തശ്ശിപോലുള്ള നോവല്‍ കൃതികളുമാണ് അച്ഛന്‍
ആവര്‍ത്തിച്ചു വായിച്ചിരുന്നത്. ഡോണ്‍ ശാന്തമായൊഴുകുന്നു, തോട്ടിയുടെ മകന്‍, അമ്മ, ഇന്ദുലേഖ എന്നീ നോവലുകളിലെ രാഷ്ട്രീയം അച്ഛന്‍
പ്രസംഗങ്ങളില്‍ ഉദ്ധരിക്കുമായിരുന്നു. സോവിയറ്റ് വിപ്ലവത്തിന്റെ സാരഥി ലെനിനെപ്പറ്റി എത്ര
പറഞ്ഞാലും മതിയാവില്ല. തൊഴിലാളികളുടെ
സാമ്രാജ്യം സൃഷ്ടിച്ച ലെനിന്‍ അച്ഛന് മഹാനായിരുന്നു. അലക്‌സാണ്ടര്‍, അക്ബര്‍, അശോകന്‍
എന്നീ ചക്രവര്‍ത്തിമാരെപ്പോലെ ദി ഗ്രെയിറ്റ്
എന്നാണദ്ദേഹം കോമ്രേഡ് ലെനിനെ വിശേഷിപ്പിച്ചിരുന്നത്.
രക്തപതാക കയ്യിലേന്തി ശിരസ്സുയര്‍ത്തി ജാഥ നയിച്ചു മുന്നേറുന്ന അച്ഛന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ തൊണ്ടയില്‍ ചുമ പൊട്ടുമായിരുന്നു. ടി. ബിയായിരുന്നു അച്ഛനെ വലച്ചിരുന്നത്. ആ രോഗം അച്ചന്റെ ജീവനെടുത്തിട്ടേ അടങ്ങിയുള്ളു.
”എപ്പഴൂങ്ങനെ ഓരോന്ന് ഓര്‍ത്തും പിറുപിറുത്തും കൊണ്ടിരുന്നാല് ആള്‍ക്കാര് അതൂദും പറയൂന്നറിഞ്ഞൂടെ അമ്മയ്ക്ക്?”- അമ്മയുടെ അടുത്തിരുന്ന് ശാന്തസ്വരത്തില്‍ രവീന്ദ്രന്‍ ചോദിച്ചു.
”ഓരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പൊ ജീവിതത്തില് തനിച്ചല്ലെന്ന് തോന്നും. അതീക്കൂടെ പ്രാര്‍ത്ഥനേം കൂടിയാകുമ്പൊ മനസ്സമാധാനം കിട്ടും. രണ്ടും മറ്റാര്‍ക്കും എടങ്ങേറ്ണ്ടാക്കാത്ത
കാര്യങ്ങളാ” അമ്മ പറഞ്ഞു.
അച്ഛന്റെ ഓര്‍മ്മകളില്‍ നഷ്ടപ്പെട്ട അമ്മയെ കേട്ടിരുന്ന രവീന്ദ്രന്‍ തനിക്ക് ജന്‍മം നല്‍കിയ
പുണ്യാത്മാക്കളാണവരെന്ന് വിനയത്തോടെ
ഓര്‍ത്തു. ഓരോ നെല്‍മണിയിലും അതാരു ഭക്ഷിക്കണം എന്നെഴുതിയിട്ടുള്ളതുപോലെ ഓരോ
ജീവസൃഷ്ടിയും ആരാര് നടത്തണമെന്ന് നിശ്ചയിക്കുന്നത് ഏതോ അജ്ഞാതശക്തിയാണെന്നും
പറയാമെന്നു തോന്നുന്നു. സൃഷ്ടാവ് മരിച്ചു മണ്ണടിഞ്ഞാലും സൃഷ്ടി നിലനില്‍ക്കും. അച്ഛനെപോലെ
എന്നെങ്കിലുമൊരിക്കല്‍ അമ്മയും താനും
ഭൂമിക്ക് അന്യരാവും. പിന്നെയും ജീവപരമ്പര
അവശേഷിക്കും.
രവീന്ദ്രന്‍ അമ്മയ്ക്കുവേണ്ടി കിണ്ണത്തില്‍
കഞ്ഞി പകര്‍ന്നു. മൂന്നാലു കവിള്‍ കുടിച്ചപ്പോഴേക്കും ഏതോ വെളിപാടില്‍ അമ്മ കിണ്ണം മാറ്റിവച്ചു. വിരക്തിയോടെ മുഖം തിരിച്ചു.
ഇച്ഛകള്‍ അസ്തമിച്ച മനസ്സാണമ്മയുടേത്.
കാലവൃക്ഷത്തില്‍നിന്നും അടര്‍ന്നുവീഴാന്‍ കാത്തു നില്‍ക്കുന്ന ഒരില!
”ഞാന്‍ ചെല്ലണതും പ്രതീക്ഷിച്ച് അവരവിടെ കാത്തിരിക്ക്യായിരിക്കും” അമ്മ പറഞ്ഞു.
”ആര് ആര്‌ടെ വരവും നോക്കി കാത്തിരിക്ക്ണ്ന്നാ അമ്മ പറയണത്?” രവീന്ദ്രന്‍ ചോദിച്ചു.
”കൊച്ചുന്നാളിലേ എന്റെ മടീന്നെറങ്ങിപ്പോയ
മക്കളും പിന്നെ നിന്റച്ഛനും! പിന്നല്ലാണ്ടാരാ എന്നെ കാത്തിരിക്കാന്‍?” സംശയലേശമില്ലാത്ത അമ്മയുടെ മറുപടി.
ശിശുക്കളായിരിക്കുമ്പോള്‍ മരണദേവന്‍ കവര്‍ന്നെടുത്ത നാലുമക്കളും സ്‌നേഹനിധിയായ
ഭര്‍ത്താവും ആകാശങ്ങളിലെങ്ങോ ഉള്ള സ്വര്‍ക്ഷകവാടത്തില്‍ തന്നെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടെന്നാണോ അമ്മ പറയുന്നത്? പരലോകത്ത് വിശപ്പറിയാതെ സസുഖം ജീവിക്കുന്ന രക്തബന്ധങ്ങളെ കണ്ടുമുട്ടാമെന്ന പ്രതീക്ഷ!
”എന്തൊരു ചൂടാ! ശിരസ്സില് തീ കത്ത്ണത് പോലെയാ തോന്നണത്” ഉടുമുണ്ടിന്റെ കോന്തലയെടുത്ത് വീശിക്കൊണ്ട് അമ്മ പറഞ്ഞു.
”നേരം വെളുത്ത് വെയില് പരന്ന് തൊടങ്ങണേള്ളൂ. അപ്പഴക്കും ചൂടെടുക്ക്ണ്ന്ന് പറഞ്ഞാലെങ്ങനെയാ? ഇങ്ങനെയെന്നും പറയാതെ നീ വല്ലതും കഴിച്ചോന്നെങ്കിലും ചോദിച്ചൂടേ അമ്മയ്‌ക്കെന്നോട്?” സങ്കടസ്വരത്തില്‍ രവീന്ദ്രന്‍ ചോദിച്ചു.
”തീയ്യും വെള്ളോം തിരിച്ചറിയാറായ കുട്ട്യല്ലേ നിയ്യ്? കൂഞ്ഞുംനാളില്‍ ദൈവം വാരിക്കൊണ്ടോയ മറ്റോറ്റങ്ങളോ?അവറ്റോള്‍ടെ കാര്യം ഓര്‍ത്തിട്ടാ
ചങ്ക് കഴക്കണത്”
രവീന്ദ്രന്‍ വസ്ത്രം മാറി.
കാക്ക കരയുന്നതിനുമുന്‍പേ വന്ന് മുറ്റമടിയും അടുക്കളപ്പണിയും കഴിച്ച് മറ്റൊരുവീട്ടിലേക്ക്
ജോലിക്കു പോകുന്ന അകന്ന ബന്ധുവായ
കാര്‍ത്തുച്ചേച്ചി തയ്യാറാക്കി ഫഌസ്‌കിലൊഴിച്ചുവച്ചിട്ടുപോയ ചായ പകര്‍ന്നു കുടിച്ചു. തണുത്തു തുടങ്ങിയ ഉപ്പുമാവും പഴവും കഴിച്ചു. അമ്മയുടെ കഞ്ഞിക്കിണ്ണവും പ്ലെയ്റ്റും ഗ്ലാസ്സും കഴുകിവെച്ചു.
കാര്‍ത്തുച്ചേച്ചിയാണ് രാത്രി അമ്മയ്ക്ക് കൂട്ടുകിടക്കാന്‍ വരുന്നത്. പ്രാരാബ്ധക്കാരിയായ അവരെങ്കിലും സഹായത്തിനുള്ളതാണ് ആശ്വാസം.
വരാന്തയില്‍ കസേരയിലിരുന്ന് രവീന്ദ്രന്‍ പേപ്പറെടുത്തു നിവര്‍ത്തി. സിറിയയില്‍ നടക്കുന്ന യുദ്ധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് നിറയെ. മരണം അരങ്ങു തകര്‍ക്കുന്നുണ്ടെന്നാണ് വാര്‍ത്ത. കൊല്ലുന്നത് ചിലര്‍ക്ക് രസമെടോ എന്ന കവി
വാക്യം ഓര്‍മ്മ വന്നു.
അമ്മയെ തനിച്ചാക്കി താനിനി ദൂരേയ്ക്ക് പോകുന്നില്ലെന്ന് രവീന്ദ്രന്‍ ഉറപ്പിച്ചു. നാലഞ്ചാണ്ടായി മുംബൈയില്‍ ആറ്റോമിക് എനര്‍ജി കമ്മീഷന്‍
ഓഫീസില്‍ എക്കൗണ്ടന്റായിട്ട്. നാട്ടില്‍ വേറെയേതെങ്കിലും ഓഫീസിലേക്ക് മാറ്റം കിട്ടാന്‍ അപ്ലിക്കേഷന്‍ കൊടുത്തിട്ടാണ് ലീവെടുത്തു പോന്നത്. എന്നേയ്ക്കത് ശരിയാവുമെന്നറിയില്ല. അമ്മയ്‌ക്കൊരു കൂട്ടിന് വിവാഹമാവാമെന്നുവച്ചാല്‍ അതിനും തടസ്സം നേരിട്ടു. നാട്ടില്‍ വന്ന ഉടനെ ബ്രോക്കറോടൊപ്പം പെണ്ണുകാണാനിറങ്ങി. ഒരു കാര്യം ഒത്തുവന്നപ്പോഴേക്കും അതാരോ മുടക്കി. മനസ്സിന്റെ
താളം തെറ്റിയ തള്ളയുടെകൂടെ പാര്‍ക്കാന്‍ തന്റെ മകളെ കൈപിടിച്ച് കൊടുക്കില്ലെന്ന് ഹൈസ്‌കൂള്‍മാഷായ പിതാവ് ബ്രോക്കറോട് രഹസ്യമായി
പറഞ്ഞു. അതറിഞ്ഞപ്പോള്‍ മൗനമാണ് ഭൂഷണം എന്നോര്‍ത്തു.
നേരം ഉച്ചയായപ്പോള്‍ രവീന്ദ്രന്‍ അടുക്കളയിലേക്കു കടന്നു. കാര്‍ത്തുച്ചേച്ചി ഊറ്റിവച്ച ചോറും മോര് കാച്ചിയതും കായപ്പുഴുക്കും കിണ്ണത്തിലേക്കു പകര്‍ന്നു.
വറ്റുകള്‍ തണുത്തിരിക്കുന്നു.
മനസ്സ് മ്ലാനമായി.
ഇന്നലെ രാത്രി നിര്‍ബന്ധിച്ച് അമ്മയ്ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ കാര്‍ത്തുച്ചേച്ചി പറഞ്ഞതോര്‍മ്മവന്നു: ‘ജാനുച്ചേടത്ത്യെ എന്തെങ്കിലും
തീറ്റിക്കാനാ പാട്. ഒറക്കോം തീരെല്ല. എപ്പഴും
എന്തെങ്കിലും പറഞ്ഞോണ്ടിരിക്കും. ദൈവകോപം കൊണ്ടായിരിക്കും ഓരോന്നിങ്ങനെ പിറുപിറുക്കണത്!”

ദൈവത്തിന്റെ പ്രീതി നേടാന്‍ താനിനി എന്തു ചെയ്യണം?
കറുപ്പുടുത്ത് ശബരിമല കയറിവരാം. കാവിയുടുത്ത് പഴനിയാണ്ടിയാവാം. തറവാട്ടുകാവിലെ
പണിക്കരച്ഛനു അവില്‍പ്പറയും നെയ്‌വിളക്കും
കട്ട്യാവും നേദിക്കാം. ഗീവര്‍ക്ഷീസ് പുണ്യാളന്റെ തിരുമുമ്പില്‍ മെഴുകുതിരി കത്തിക്കാം. ചേരമാന്‍ പള്ളിയില്‍ യത്തീമുകള്‍ക്ക് അന്നദാനം നടത്താം… ഇനിയും എന്തൊക്കെ എന്തൊക്കെ ചെയ്യണം
സാധ്വിയായ അമ്മയ്ക്കുവേണ്ടി?

No Comments yet!

Your Email address will not be published.