അബ്ദുല്‍ ജബ്ബാര്‍ /അംബിക
മംഗലാപുരം കുടുപ്പില്‍ ആഴ്ചകള്‍ക്കു മുമ്പാണ് മലയാളിമുസ്‌ലിമായ അഷ്‌റഫ് ആള്‍ക്കൂട്ടക്കൊലയ്ക്കിരയായത്. അങ്ങനെ കൊല്ലപ്പെടുന്ന ആദ്യ മലയാളി മുസ്‌ലിമും അഷ്‌റഫാണ്. അതേക്കുറിച്ച് സംസാരിക്കുകയാണ് അഷ്‌റഫിന്റെ സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍.
ഒരു മലയാളി മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് വിധേയമാവുന്നത് ആദ്യമായാണ്. എങ്ങനെയാണ് അഷ്റഫിന്റേത് മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലയാണെന്ന നിഗമനത്തിലെത്തുന്നത്?
മംഗലാപുരം കുടുപ്പ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. അവിടെ മുസ്ലിംകളല്ലാത്തവര്‍, പ്രത്യേകിച്ച് ഹിന്ദു സമുദായത്തില്‍പെട്ടവര്‍ സംഘടിപ്പിച്ച ഒരു പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെയാണ് സംഭവം. നമ്മുടെ നാട്ടിലെ പോലെയല്ല, അവിടെയൊക്കെ കളികള്‍ പോലും അങ്ങനെയാണ്. അത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ മുസ്ലിംകളല്ലാത്തവര്‍ മാത്രമുള്ളൊരു സ്ഥലത്ത് അഷ്റഫ് എന്തിന് വന്നു എന്നതാണ് അവര്‍ ചോദിക്കുന്നത്. പിന്നെ അവനെ കാഴ്ചയില്‍ തന്നെ മുസ്ലിം ആണെന്നു തിരിച്ചറിയാനാവും. താടിയുണ്ടായിരുന്നു. തലയില്‍ തൂവാലയുമുണ്ടായിരുന്നു. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ റെയില്‍വേ പാളത്തിലൂടെ സാധനങ്ങള്‍ പെറുക്കിനടന്നാവാം അവന്‍ അവിടെ എത്തിയിട്ടുണ്ടാവുക. പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന തൊഴിലാണ് അഷ്റഫ് ചെയ്തിരുന്നത്. സ്വാഭാവികമായും കളിസ്ഥലത്തെ കുപ്പിയും മറ്റും പെറുക്കാം എന്നു കരുതിയിരിക്കാം. അവന്‍ കൊലചെയ്യപ്പെടാനുള്ള കാരണം എന്തായാലും മുന്‍വൈരാഗ്യമൊന്നുമല്ലല്ലോ. അപ്പോള്‍ അടിസ്ഥാന കാരണം അപരമതവിദ്വേഷം തന്നെയാണ്. അവരുടെ മതവും അവന്റെ മതവും കൊലയ്ക്ക് കാരണമായി. അവിടെ സംഘടനകളും ക്ലബ്ബുകളുമൊക്കെ സംഘടിപ്പിക്കപ്പെടുന്നതുതന്നെ മതാടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടില്‍ അങ്ങനെയൊരു കാര്യം ആലോചിക്കാന്‍ പോലും സാധ്യമല്ല. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കുകയാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ആ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചിരുന്നത്. കുടുപ്പു എന്ന പ്രദേശത്തുവച്ച്, അവിടത്തെ ക്രിക്കറ്റ് ടീമുകളെല്ലാം പങ്കെടുത്ത ഒരു മല്‍സരമായിരുന്നു അത്.
രവി എന്നു പറയുന്നയാള്‍ എഫ്ഐആറില്‍ സാക്ഷിയാണ്. ആക്രമണം നേരിട്ടു കണ്ടു എന്ന് മൊഴികൊടുത്തിട്ടുണ്ട്. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു എന്നും മൊഴിയിലുണ്ട്. പക്ഷേ, പോലിസ് അത് നിഷേധിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഭാഷയുടെ ഒരു പ്രശ്നമുണ്ട്. അവര്‍ പറഞ്ഞത് അവനോ തിരിച്ചോ മനസ്സിലാക്കാനായിട്ടുണ്ടാവില്ല. അവിടത്തെ കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവാണ് രവി. ഇസ്ലാമില്‍ നിന്ന് മതംമാറിയയാളാണ്. ഇപ്പോള്‍ സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകനും സ്ഥലത്തെ പ്രമാണിയുമാണ്. അയാള്‍ക്ക് വേണമെങ്കില്‍ അഷ്റഫിനു നേരെനടന്ന ആക്രമണം തടമായാമായിരുന്നു, എന്നാല്‍ മൗനസമ്മതം കൊടുക്കുകയാണുണ്ടായത്. ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒളിവിലാണ്.
സംഭവസ്ഥലത്ത് പോലിസ് എത്തുന്നത് എങ്ങനെയാണ്? ആരാണ് വിവരം കൊടുത്തത്?
സംഘാടകര്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പോലിസ് എത്തുന്നത്. ഗ്രൗണ്ടില്‍ നിന്നാണ് നിരവധി പേര്‍ ചേര്‍ന്ന് മര്‍ദ്ദനംതുടങ്ങുന്നത്. ഗ്രൗണ്ടിന്റെ ഗേറ്റിനടുത്ത് തന്നെ അവന്‍ ബോധരഹിതനായി വീണു. അല്‍പ്പസമയത്തിനകംതന്നെ അവന്‍ മരണപ്പെട്ടിരിക്കാം. അങ്ങനെ അവനവിടെ കിടക്കുമ്പോഴാണ് അവര്‍ ക്രിക്കറ്റ് കളി തുടര്‍ന്നത്. രണ്ട് മണിക്കൂറോളം ആ ബോഡി അവിടെ കിടന്നു. അവരുടെ മാനസികനിലവാരം എന്തെന്നറിയാന്‍ ഇതില്‍ക്കൂടുതലെന്താണ് വേണ്ടത്? അത്ര വലിയ ആള്‍ക്കൂട്ടമുണ്ടായിട്ടുപോലും ഒരാള്‍ക്കും അവനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തോന്നിയില്ല. പോലിസിനെ വിവരമറിക്കുന്നത് രണ്ട് മണിക്കൂറിന് ശേഷമാണ്. പോലിസിന്റെ ഭാഗത്തുനിന്നും അനാസ്തയുണ്ടായിട്ടുണ്ട്. അതിന്റെ പേരിലാണ് മൂന്നു പോലിസുകാരെ സസ്പെന്റ് ചെയ്തത്. ഒരു മനുഷ്യനെ അടിച്ച് കൊന്നിട്ടും യാതൊരു കൂസലുമില്ലാതെ അവര്‍ ക്രിക്കറ്റ് കളി ആസ്വദിച്ചു എന്നത് അവരുടെ മാനസികാവസ്ഥ എന്തെന്ന് വ്യക്തമാക്കുന്നു. ജനങ്ങള്‍ കൂടിനില്‍ക്കുന്നിടത്ത് കാണുന്ന വിഷമുള്ള അണലിപ്പാമ്പിനെ ആള്‍ക്കാര്‍ അടിച്ച് കൊല്ലാറുണ്ട്. അതില്‍ ചിലപ്പോള്‍ കുറ്റബോധം തോന്നാറില്ലല്ലോ. ആ ഒരു വികാരമേ അവര്‍ക്കും ഇക്കാര്യത്തില്‍ തോന്നിയിട്ടുള്ളൂ. അപരമതവിദ്വേഷം അവരെ അങ്ങനെയാക്കിമാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ക്കങ്ങനെ കളികണ്ട് ആസ്വദിക്കാനായത്.

എത്ര വയസ്സുണ്ടായിരുന്നു അഷ്റഫിന്? അഷ്റഫിന്റെ ജീവിതത്തെക്കുറിച്ച്?
1986 ജൂണ്‍ 16നാണ് അവന്‍ ജനിച്ചത്. ഒമ്പതാം ക്ലാസ് വരെ അവന്‍ നന്നായി പഠിച്ചിരുന്നു. കൈയക്ഷര മല്‍സരത്തിനൊക്കെ ധാരാളം സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. നന്നായി ചിത്രംവരയ്ക്കുമായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്തോ മാനസികമായി സംഭവിച്ചു. പിന്നീട് സ്‌കൂളില്‍ പോവാന്‍ മടിയായിരുന്നു. ഇന്നത്തെ പോലെ സ്‌കൂളുകളില്‍ കൗണ്‍സലിങ്ങൊന്നും അന്നില്ലല്ലോ. എന്താണ് പ്രശ്നമെന്ന് വീട്ടുകാര്‍ക്കും മനസ്സിലാക്കാനായില്ല. അക്കാലത്ത് അത് ശ്രദ്ധിക്കാനോ ശരിയായ ചികില്‍സ കൊടുക്കാനോ അറിവില്ലാതെ പോയി. പത്താംക്ലാസില്‍ തോറ്റു, പഠനം നിര്‍ത്തി. അവന്‍ എന്തെല്ലാമോ ആവാന്‍ ആഗ്രഹിച്ചിരുന്നു. അതിനൊന്നും കഴിഞ്ഞിരുന്നില്ല. അതെല്ലാം അവനെ വല്ലാതെ ബാധിച്ചിരിക്കാം. വീടുവിട്ട് അലഞ്ഞു നടക്കുന്ന സ്വഭാവമുണ്ടായിരുന്നു. അങ്ങനെയാണ് മംഗലാപുരത്ത് എത്തുന്നത്.
ചില പ്രത്യേക രീതികള്‍ അവനുണ്ടായിരുന്നു. നല്ല സ്ഥലത്തോ, കട്ടിലിലോ ഒന്നും കിടക്കാന്‍ ഇഷ്ടമല്ല, നിലത്തേ കിടക്കുകയുള്ളു. ഭക്ഷണം കഴിക്കുമ്പോള്‍ കരിഞ്ചീരകം കൂടി ഉള്‍പ്പെടുത്തും. മുഹമ്മദ് നബി കരിഞ്ചീരകവും തേനും ഉപയോഗിച്ചിരുന്നു എന്നത് അവനെവിടെയോ വായിച്ചറിഞ്ഞതാണ്. അതുപോലെ തലയില്‍ തൂവാലകെട്ടുക എന്നതും മറ്റൊരു ശീലമായിരുന്നു. മതപരമായ പുസ്തകങ്ങള്‍ ധാരാളമായി കൊണ്ടുവന്നു സൂക്ഷിക്കുന്ന ശീലവുമുണ്ട്. ഇത്തരം ശീലങ്ങളില്‍ കുറെയൊക്കെ ഉപ്പയില്‍ നിന്ന് കിട്ടിയതാണ്. ഉപ്പ നല്ല കൃത്യനിഷ്ഠയുള്ള ആളാണ്. ആളുകളോട് നന്നായി പെരുമാറുക, കൃത്യസമയത്ത് പള്ളിയില്‍ പോവുക അങ്ങനെയൊക്കെയാണ്. അതുപോലെ നല്ല വ്യക്തിയാവാന്‍ അവനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വേണ്ടത്ര രീതിയിലുള്ള ഇടപെടലുകളോ ശ്രദ്ധയോ ഇല്ലാതെ പോയി. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ കണ്ടതോടെ അവനെ ഉപ്പ കച്ചവടം നടയത്തിയിരുന്ന വയനാട്ടിലെ പുല്‍പ്പള്ളിയിലേക്ക് കൊണ്ടുപോയി. ഉമ്മയും ഞങ്ങളുമൊക്കെ മലപ്പുറം പറപ്പൂരിലുമായിരുന്നു. ഉപ്പയും അവനും മാത്രമായതോടെ അവന്റെ അവസ്ഥ കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. കാരണം പുതിയ ചുറ്റുപാടും പരിചയമില്ലാത്ത ആള്‍ക്കാരുമെല്ലാമായിരുന്നു അവിടെയുണ്ടായിരുന്നത്. അതോടെ അവന്‍ കൂടുതല്‍ ഉള്‍വലിഞ്ഞു. ഉമ്മ കൂടെയില്ലാതായതും പ്രശ്നമായിരിക്കാം. ഇടയ്ക്കൊക്കെ വീട് വിട്ടുപോവുന്ന ശീലവും അക്കാലത്തുതന്നെ തുടങ്ങി. വീട്ടില്‍ നിന്ന് വേണ്ടരീതിയില്‍ ശ്രദ്ധിക്കാനായില്ല. അവന് ചികില്‍സ കൊടുക്കാന്‍ തുടങ്ങുന്നത് 2006ലാണ്. പൈങ്കുളം ആശുപത്രിയിലാണ് ആദ്യമായി കൊണ്ടുപോവുന്നത്. പിന്നെ മലപ്പുറം കോ-ഓപറേറ്റീവ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. 2016ലാണ് ഞാനവനെ വെട്ടം ഹോസ്പിറ്റലില്‍ കൊണ്ടുപോവുന്നത്. രണ്ട് മാസത്തോളം അവിടെ ചികില്‍സ തുടര്‍ന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പോയി. ഞാന്‍ തിരിച്ചു കൊണ്ടുവരികയായിരുന്നു. പക്ഷേ, പിന്നേയും അവന്‍ നാടുവിട്ടുപോവുന്ന സ്വഭാവം തുടര്‍ന്നു. അവന്‍ അതിലാണ് സന്തോഷം കണ്ടെത്തിയിരുന്നത്. അവനൊരു പ്രശ്നമുള്ളതായൊന്നും പെരുമാറ്റത്തില്‍ നമുക്ക് മനസ്സിലാക്കാനാവില്ല.

അവന്‍ വളരെ നിഷ്‌കളങ്കനും സല്‍സ്വഭവിയുമായിരുന്നു. അന്യന്റെ ഒന്നും അനുവാദമില്ലാതെ എടുക്കില്ല. എന്തുചെയ്യുമ്പോഴും ഞങ്ങളോടൊക്കെ ചോദിക്കും. കോട്ടക്കല്‍ ഒരു കച്ചവടസ്ഥാപനത്തില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. ഇടയ്ക്ക് അവിടെ നിന്ന് പോവും. മൂന്നു മാസം മുമ്പുവരെ അവിടെ ജോലിചെയ്തിരുന്നു. എപ്പോള്‍ ചെന്നാലും ആ കടയില്‍ അവന് ജോലിചെയ്യാമായിരുന്നു. അതിനൊരു കാരണമുണ്ട്. കടയാകെ അടുക്കും ചിട്ടയുള്ള വിധം വൃത്തിയായി അവന്‍ നോക്കുമായിരുന്നു. എല്ലാ സാധനങ്ങളും അടുക്കിയൊതുക്കും. കാലാവധി കഴിയാനായവയൊക്കെ നോക്കിയെടുത്ത് മുകളില്‍വയ്ക്കുക തുടങ്ങി നമുക്കൊന്നും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അവന്‍ ചെയ്തുവയ്ക്കും. മംഗലാപുരത്തുനിന്നെത്തുമ്പോള്‍ ആ കടയില്‍ ജോലിചെയ്യും. കളവ് എന്നൊരു കാര്യം അവന്റെ ജീവിതത്തിലില്ലായിരുന്നു. മംഗലാപുരത്ത് അവന്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊടുക്കുന്ന കടയിലുള്ളവരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അവന്‍ അവരോട് പറഞ്ഞിരുന്നത്രെ. എന്നാല്‍ അവര്‍ ഞങ്ങളോട് പറഞ്ഞത് അവന് പ്രശ്നങ്ങളൊന്നുമില്ലെന്നാണ്. കാരണം ആ രീതിയിലാണ് അവരുമായി അവന്‍ ഇടപെട്ടിരുന്നത്. അവസാനമായി അവര്‍ കൊടുത്ത 26,000 രൂപയില്‍ നിന്ന് ഒരു പൈസപോലും ചെലവാക്കാതെ മുഴുവനായും അവന്‍ ഉമ്മയെ ഏല്‍പിച്ചിരുന്നു.
മലപ്പുറത്ത് കടയില്‍ ജോലിക്ക് നില്‍ക്കുമ്പോള്‍ എന്റെ പേരിലുള്ള ഒരു ടൂവീലര്‍ ഉപയോഗിച്ചിരുന്നു. അത് ഒരിക്കല്‍ അപകടത്തില്‍ പെടുകയുണ്ടായി. ഇടയ്ക്കൊക്കെ എന്റെ കൂടെ എറണാകുളത്ത് വന്ന് നില്‍ക്കാറുണ്ട്. 2016ല്‍ അവന്‍ ഗള്‍ഫിലും പോയിരുന്നു. കാസര്‍ക്കോട് പോയി അവടെനിന്ന് പരിചയപ്പെട്ടയാള്‍ വഴിയാണ് ഗള്‍ഫില്‍ പോയത്. പോവാനുള്ള ടിക്കറ്റിന്റെ പൈസ വീട്ടില്‍ നിന്നാണ് കൊടുത്തത്. അവിടേയും ഇവിടത്തെ പോലെ സ്ഥലംമാറിപോവുകയൊക്കെ ചെയ്തതിനെ തുടര്‍ന്ന് കയറ്റിവിടുകയാണുണ്ടായത്. അതുപോലെ ക്രെയിന്‍ ഉപയോഗിക്കുന്നത് പഠിക്കാനും അവന്‍ പോവുകയുണ്ടായി. അതൊക്കെ 20-22 വയസ്സിലാണ്.
അഷ്റഫ് കൊലചെയ്യപ്പാടാനുള്ള കാരണമായി പറയുന്നത് നിരവധി കാര്യങ്ങളാണ്. ക്രിക്കറ്റ് കളിക്കാര്‍ക്ക് കുടിക്കാനായി വച്ച വെള്ളം കുടിക്കാന്‍ ശ്രമിച്ചു, കല്ലെടുത്ത് എറിയാന്‍ ശ്രമിച്ചു, അവന്‍ പോവാന്‍ പാടില്ലാത്ത സ്ഥലത്ത് പ്രവേശിച്ചു, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു തുടങ്ങിയവ. താങ്കള്‍ എങ്ങനെയാണ് കരുതുന്നത്?
ഞാന്‍ നാല് തവണ സംഭവസ്ഥലത്ത് പോവുകയുണ്ടായി. ഒരു പ്രാവശ്യം ഞാനും എന്റെയൊരു സുഹൃത്തും തനിച്ചാണ് അവിടെ പോയത്. അതിന് ചിലരുടെ വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. അത് സംഭവം നടന്ന് ഒരാഴ്ചയാവുന്നതിന് മുമ്പായിരുന്നു. നിലവിലെ എഫ്ഐആറില്‍ മൂന്നാം പ്രതിയായിട്ടുളള ആളാണ് പോലിസിന് വിവരംകൊടുക്കുന്നത്. അത് സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ്. പോലിസ് അസ്വാഭാവികമരണമെന്ന നിലയിലാണ് എഫ്ഐആര്‍ ഇടുന്നത്. മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതാണെന്ന വിവരം പോലിസിനെ ആരും അറിയിച്ചിരുന്നില്ല. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ കാണാനായിരുന്നില്ല എന്നാണ് പോലിസ് പറഞ്ഞത്.
സംഭവം നടന്നതിന്റെ രണ്ടാമത്തെ ദിവസമാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നാണ് അഷ്റഫ് കൊല്ലപ്പെട്ടതെന്ന് അറിയുന്നത്. അവരുടെ കൂട്ടത്തിലുള്ളവരില്‍ നിന്നുതന്നെയാണ് അക്കാര്യം പുറത്തുവരുന്നതും വാര്‍ത്താഭാരതി ന്യൂസ് അത് വാര്‍ത്തയാക്കുന്നതും. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലോറന്‍സ്, മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രകാശ്, സിപിഎം ജില്ലാ സെക്രട്ടറിയായ മുനീര്‍, എസ്ഡിപിഐയിലുള്ള ചിലര്‍ എന്നിവരെല്ലാം ചേര്‍ന്നാണ് ഇത് ആള്‍ക്കൂട്ടക്കൊലയാണെന്ന നിലയില്‍ ആദ്യം ഏറ്റെടുക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിനുള്ള കാരണമായി പ്രചരിപ്പിക്കപ്പെട്ടത് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതാണെന്ന നിലയില്‍ മാറ്റാനുള്ള ശ്രമം അക്രമികളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ അത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. കര്‍ണാടക ആഭ്യന്തരമന്ത്രിവരെ ഇടപെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ആളെ തിരിച്ചറിയാത്തതുകൊണ്ട് പോലിസ് ബോഡി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. പോലിസ് ആള്‍ക്കൂട്ടആക്രമണമായി ഇത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഞങ്ങളുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ പത്തൊമ്പതോളം പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവിടത്തെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. മാത്രമല്ല, അവിടെ വലിയൊരു സാമുദായികപ്രശ്നമായി അത് മാറുകയും ചെയ്തിരുന്നു.

എങ്ങനെയാണ് അഷ്റഫിന്റെ മരണവിവരം നിങ്ങള്‍ അറിയുന്നത്?
അവന്‍ മരിച്ചു കിടന്നിരുന്നതിനു ചുറ്റുവട്ടത്തായി അവന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് സാധനങ്ങളെല്ലാം ചിന്നിച്ചിതറി കിടന്നിരുന്നു. പോലിസ് അങ്ങനെയാണ് പ്ലാസ്റ്റിക് വേസ്റ്റുകള്‍ വാങ്ങുന്ന ഷോപ്പില്‍ അന്വേഷിക്കുന്നത്. അവരില്‍ നിന്നാണ് അവനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതും പോലിസ് ഞങ്ങളുമായി ബന്ധപ്പെടുന്നതും. ഞാനപ്പോള്‍ ഒരു ലോണിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വന്നതായിരുന്നു. മംഗലാപുരത്ത് ഈ രീതിയിലൊരു കൊലപാതകം നടന്നതായി അറിഞ്ഞപ്പോള്‍ തന്നെ എന്തോ ഒരാശങ്ക എന്റെ മനസ്സിലുണ്ടായി. കാരണം അവന്‍ മംഗലാപുരത്താണ് അപ്പോഴുള്ളതെന്ന് എനിക്കറിയാമായിരുന്നു. ഉപ്പയാണ് എന്നോട് വിവരം പറയുന്നത്. വിവരമറിഞ്ഞ് ഞാനാകെ തളര്‍ന്നുപോയി. ഞാനാണ് അവന് ഡ്രസ്സൊക്കെ വാങ്ങിക്കൊടുക്കാറുള്ളത്. ഇടയ്ക്കൊക്കെ എറണാകുളത്ത് വന്ന് എന്നോടൊപ്പം നില്‍ക്കുമായിരുന്നു.
ഉപ്പയോടും ജ്യേഷ്ഠനോടും വരേണ്ടതില്ലെന്നും താന്‍ മംഗലാപുരത്തുപോയി വേണ്ട കാര്യങ്ങള്‍ ചെയ്തുകൊള്ളാമെന്നും പറഞ്ഞു. ഉമ്മയ്ക്ക് അവനോട് വലിയ ഇഷ്ടമായതിനാല്‍, വിവരമറിഞ്ഞാല്‍ അത് അവരെ വല്ലാതെ ബാധിക്കുമെന്നും പിന്നീട് സാവധാനം കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. പിന്നെ മാധ്യമങ്ങളൊക്കെ വിളിക്കാന്‍ സാധ്യതയുണ്ട്. അവരോടും അങ്ങനെ കാര്യമായി പ്രതികരിക്കണ്ട എന്നും പറഞ്ഞു. ഞാന്‍ സിപിഎമ്മിലുമൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് ഉപ്പയെക്കാളും ജ്യേഷ്ഠനെക്കാളും കൂടുതലായി കാര്യങ്ങള്‍ മാനേജ് ചെയ്യാനാവും എന്നുള്ളതുകൊണ്ടാണ് ഞാന്‍തന്നെ പോവാന്‍ തീരുമാനിച്ചത്. മംഗലാപുരത്തേക്കുള്ള യാത്രയില്‍ ഞാനാകെ ടെന്‍ഷനിലായിരുന്നു. കൂടപ്പിറപ്പ് മരിച്ചുപോയതിന്റെ വിഷമം ഒരുഭാഗത്ത്. കൂടാതെ, പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് കൊല്ലപ്പെട്ടത് എന്നു കേട്ടതിനാല്‍ എന്‍ഐഎയാവും കേസ് ഏറ്റെടുക്കുക എന്നൊക്കെയുള്ള ആശങ്കയും എനിക്കുണ്ടായിരുന്നു.
വാസ്തവത്തില്‍ പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചു എന്നു പറയുന്നത് അവര്‍ ചെയ്ത ആള്‍ക്കൂട്ടക്കൊലയെ സാധൂകരിക്കും എന്നു കരുതിയാവുമോ?
അതെ എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍, അതോടുകൂടിയാണ് ഈ കൊലപാതകം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഏത് സംഭവത്തിനും ഒരു ടേണിങ് പോയിന്റുണ്ട്. ഈ കേസില്‍ അത് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നു പറഞ്ഞതാണ്. പഹല്‍ഗാം സംഭവത്തിനു ശേഷം ഏത് സാധാരണക്കാരനോടും നമ്മുടെ രാജ്യത്തിന്റെ മുഖ്യ ശത്രു ആരാണെന്നു ചോദിച്ചാല്‍ പാകിസ്താന്‍ എന്നു പറയുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാകിസ്താന്‍ വിരുദ്ധത സമം മുസ്ലിംവിരുദ്ധത എന്നരീതിയിലാണ് ആളുകള്‍ മനസ്സിലാക്കുന്നത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഡിവൈഡ് ആന്റ് റൂള്‍ എന്നതിന്റെ ഇരകളാണ് നമ്മളും പാകിസ്താനും. അവനെ കൊലചെയ്തവരുടെ ഉള്ളിലുള്ള അപരമത വിദ്വേഷത്തിനു പിന്നില്‍പോലും ആ ചരിത്രം കിടക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പഹല്‍ഗാമില്‍ അക്രമികള്‍ മതംനോക്കിയാണ് കൊലചെയ്തതെന്ന് പറഞ്ഞതുപോലെ അതുതന്നെയാണ് ഇവിടെയും നടന്നത്. ഇതും മതംനോക്കിമാത്രമുള്ള കൊലപാതകമാണ്. അതിന്റെ ഇരയാണ് അഷ്റഫും. സംഘപരിവാരസ്വാധീനത്തില്‍ പെട്ട് പോകുന്നവരും വാസ്തവത്തില്‍ ഇരകളാണ്. അവരൊക്കെ രാജ്യദ്രോഹികളായാണ് മാറുന്നത്. മാത്രമല്ല, അഷ്റഫിന്റെ കൊലപാതകത്തില്‍ പ്രതികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും, അവരൊക്കെ ജയിലിലടയ്ക്കപ്പെട്ടാല്‍, എന്തെല്ലാം വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. അതുകൊണ്ടാണ് അവരും ഇരകളാണെന്ന് പറയേണ്ടിവരുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുള്ള സമീപനം എങ്ങനെയായിരുന്നു? പ്രാദേശികമായി അവിടെ ആരില്‍നിന്നെല്ലാം പിന്തുണയും സഹായവും ലഭിച്ചു?
സംഭവത്തിനു ശേഷം ഞാന്‍ മംഗലാപുരത്തേക്ക് ആദ്യമായി പോവുന്നത് ഏറെ ആശങ്കയോടെയാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് കാസര്‍കോട് കുംമ്പളയുള്ള കബീര്‍ എന്ന സുഹൃത്തിനേയും കൂട്ടി കാറിലാണ് പോയത്. വഴിയില്‍വച്ച് നിരവധി പേരുടെ ഫോണ്‍ കാളുകള്‍ വന്നുകൊണ്ടിരുന്നു. അവടെ എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കുമെന്ന തോന്നലും എനിക്കുണ്ടായിരുന്നു. ടി സിദ്ദിഖ് എംഎല്‍എയെ വിളിച്ചു. പാകിസ്താന്‍ അനുകൂല മുദ്രാവാക്യംവിളിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത് എന്നു പറഞ്ഞപ്പോള്‍ പാകിസ്‌കാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടുണ്ടോ, അത് രാജ്യത്തിനെതിരല്ലേ? അതുകൊണ്ട് അതില്‍ ഇടപെടാന്‍ പ്രയാസമാണ് എന്നു പറഞ്ഞു. ഈ ഫോണ്‍ കോള്‍ ടാപ്പ്ചെയ്യപ്പെട്ടേക്കാം എന്ന തോന്നലുകൊണ്ടാണോ, ആരെങ്കിലും വെറുതെ പറ്റിക്കുന്നതാവാം എന്നു കരുതിയാണോ അദ്ദേഹം അങ്ങനെയൊക്കെ പറഞ്ഞത് എന്നറിയില്ല. എന്തായാലും പിന്നീട് കാര്യങ്ങളെല്ലാം മനസ്സിലാക്കിയാവാം വാട്ട്സ് ആപ്പില്‍ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. യു ടി ഖാദര്‍ എംഎല്‍എയുടെ (നിലവില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍) പിഎയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വേണ്ടത് ചെയ്യുമെന്നും പറഞ്ഞു. പിന്നീട് എന്റെ നമ്പര്‍ എങ്ങനെയോ മാധ്യമങ്ങള്‍ക്കും മറ്റും ലഭിക്കുകയും നൂറുകണക്കിന് കാളുകള്‍ ഞാന്‍ മംഗലാപുരത്ത് എത്തുന്നതിനിടെ അറ്റന്റ് ചെയ്യുകയുമുണ്ടായി. അപ്പോഴേക്കും മലയാളമാധ്യമങ്ങളിലെല്ലാം വാര്‍ത്തയായി. മംഗലാപുരത്ത് കൂടിയിരുന്നവരില്‍ അധികമുണ്ടായിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായിരുന്നു. ബോഡി കഴിയുന്നതും വേഗം അവിടെനിന്ന് മാറ്റിയില്ലെങ്കില്‍ അവിടെ വലിയ സാമുദായിക സംഘര്‍ഷത്തിന് അത് വഴിവയ്ക്കുമെന്ന് അവരെല്ലാം ഭയന്നിരുന്നു. വലിയ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതായാണ് അറിയാനായത്.
ആശുപത്രിയിലെത്തിയപ്പോള്‍ അവിടെ നിറയെ മാധ്യമപ്രവര്‍ത്തകരും പോലിസും ജനങ്ങളും നിറഞ്ഞിരുന്നു. ഞങ്ങള്‍ പോലിസിന്റെ അടുത്താണ് ആദ്യം പോയത്. ബോഡി തിരിച്ചറിഞ്ഞു. പിന്നെ ബോഡി ഏറ്റുവാങ്ങുകയാണുണ്ടായത്. എല്ലാം വളരെ ധൃതിപിടിച്ചും യാന്ത്രികവുമായാണ് നടന്നത്. പോലിസും യു ടി ഖാദര്‍ എംഎല്‍എയുമൊക്കെ ബോഡി വളരെ പെട്ടെന്ന് അവിടെ നിന്ന് മാറ്റുന്നതിന് ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന സാമൂദായിക കലാപത്തെക്കുറിച്ച് അവര്‍ ഏറെ ഭയപ്പെട്ടിരുന്നു. വളരെ തിരക്കുപിടിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. വാസ്തവത്തില്‍ ബോഡി പെട്ടെന്ന് ഏറ്റുവാങ്ങി പോന്നു എന്നതല്ലാതെ മറ്റ് കാര്യങ്ങളൊന്നും വ്യക്തമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ആള്‍ക്കൂട്ടത്തിലെത്തി ആരെല്ലാമോ പറഞ്ഞതെല്ലാം അനുസരിക്കുക എന്നതുമാത്രമാണ് എനിക്ക് ചെയ്യാനായത്. പലരോടും സംസാരിക്കുമ്പോള്‍ ഇതൊരു മുസ്ലിം പ്രശ്നമായി മാറിയതായി മനസ്സിലാക്കാനായി. ബോഡി പെട്ടെന്നുതന്നെ സമീപത്തുള്ള പള്ളിയിലേക്ക് എടുത്ത് മാറ്റി. നൂറോളം പേര്‍ പങ്കെടുത്ത മയ്യിത്ത് നമസ്‌കാരം അവിടെ നടന്നു. അതിനു ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോന്നു. ഇവിടെ എത്തിയതിന് ശേഷമേ ഇവിടത്തെ സ്പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ളവര്‍ അറിഞ്ഞുള്ളൂ. ഞാന്‍ അവിടെത്തന്നെ മയ്യിത്ത് നമസ്‌കാരം നടത്തിയിരുന്നു. പിറ്റേദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നത്. ഞാന്‍ അവിടെ നിന്നു, ബോഡി നാട്ടിലേക്ക് വിട്ടു. ഉപ്പയോടും ഉമ്മയോടും മറ്റുള്ളവരോടും മലപ്പുറത്തേക്ക് എത്താന്‍ മുന്നേ അറിയിച്ചിരുന്നു. അവിടെ ഞങ്ങള്‍ക്ക് സ്വന്തം വീടില്ലാത്തതുകൊണ്ട് പഴയ അയല്‍ക്കാരുടെ വീട്ടിലാണ് അവര്‍ വന്നിരുന്നത്. ബോഡി ആംബുലന്‍സില്‍ വച്ചുതന്നെയാണ് ഉമ്മയും മറ്റുള്ളവരും കാണുന്നത്. കാരണം പുറത്തെടുത്ത് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിരുന്നുവല്ലോ. അങ്ങനെ പള്ളിയിലേക്ക് എടുക്കുകയായിരുന്നു.
പോസ്റ്റ് മോര്‍ട്ടം എപ്പോഴാണ് നടന്നത്? റിപോര്‍ട്ട് നിങ്ങള്‍ക്ക് ലഭിച്ചുവോ?
പോസ്റ്റ് മോര്‍ട്ടം മരിച്ച ദിവസംതന്നെ നടന്നിരുന്നു. കാരണം എങ്ങനെയാണ് മരിച്ചതെന്ന് തിരിച്ചറിയാന്‍ പോലിസിന് അത് ചെയ്തേ പറ്റുമായിരുന്നുള്ളൂ. അത് ഒരു കണക്കിന് നന്നായി എന്നു പറയാം. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാവുന്നത്. പിന്നീടാണ് ആള്‍ക്കൂട്ടക്കൊല എന്ന നിലയില്‍ കേസ് മാറുന്നതും എഫ്ഐആറില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നതും. സംഘാടകനായിട്ടുള്ള ഒരാളാണ് മര്‍ദ്ദിക്കുന്നത് താന്‍ കണ്ടു എന്ന് പോലിസിന് മൊഴികൊടുത്തിട്ടുള്ളത്. അയാളുടെ മൊഴിയിലാണ് അഷ്റഫ് ‘പാകിസ്താന്‍ പാകിസ്താന്‍’ എന്നു പറഞ്ഞു. എന്നുള്ളത്. അവന് ഭാഷയുടെ പ്രശ്നവും ഉണ്ടായിട്ടുണ്ടാവാം. ഒരുപക്ഷേ, പാകിസ്താനി എന്ന് വിളിച്ച് മര്‍ദ്ദിച്ചപ്പോള്‍ പാകിസ്താനിയല്ല എന്നതായിരിക്കുമോ പറഞ്ഞത് എന്നൊന്നും നമുക്കറിയില്ല. അതെല്ലാം തെളിയിക്കപ്പെടേണ്ട കാര്യമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയിട്ടില്ല. അത് കോടതിയില്‍ നിന്ന് വാങ്ങാവുന്നതാണ്.
കേസ് എങ്ങനെ പോവുമെന്നാണ് കരുതുന്നത്?
പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യഇടപെടലില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മൂന്നു പോലിസുകാര്‍ സസ്പെന്‍ഷനിലായത്. കേസില്‍ ഇപ്പോള്‍ 21 പേര്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു. ചിലര്‍ പിടികിട്ടാപുള്ളികളാണ്. അഞ്ച് പ്രതികള്‍തന്നെയാണ് ഐവിറ്റ്നസ് ആയിട്ടുള്ളത്. കാരണം സംഭവം നടക്കുമ്പോള്‍ തന്നെ പോലിസിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളുണ്ട്. 18 മൊബൈലുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. റിക്കവറി നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ കര്‍ണാടകയിലെ ഭരണം മാത്രമാണ് മാറിയത്. സിസ്റ്റം മാറിയിട്ടില്ല, അത് പ്രോ സംഘപരിവാര്‍ ആയിത്തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കാണാനും കാര്യങ്ങള്‍ വ്യക്തമാക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടക്കുകയും കൃത്യസമയത്തുതന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കളി സംഘടിപ്പിച്ചത് ഒരു പ്രത്യേക വിഭാഗമാണ്. അവരാണ് പ്രതികള്‍. അവരില്‍ നിന്നുള്ളവര്‍തന്നെയാണ് സാക്ഷികളായുള്ളത്. അതുകൊണ്ടുതന്നെ കൂറ് മാറാനുള്ള സാധ്യതകളുമുണ്ട്.
നമ്മുടെ നാട്ടില്‍ നിന്നുള്ളൊരാള്‍ സമുദായത്തിന്റെ പേരില്‍ ആദ്യമായി ആള്‍ക്കൂട്ടകൊലയ്ക്ക് വിധേയമായ സംഭവമാണിത്. കേരള സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തുനിന്നുള്ള ഇടപെടല്‍ എങ്ങനെയാണ്? ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണ പ്രധാനമാണല്ലോ?
നിലവില്‍ നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലൊന്നുംതന്നെ ഉണ്ടായിട്ടില്ല. ബോഡി മലപ്പുറത്ത് കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളാരും അവിടെ എത്തുകയുണ്ടായില്ല. പിന്നീട് പുല്‍പ്പള്ളിയിലെ വീട്ടില്‍ മന്ത്രി ഒ ആര്‍ കേളു എത്തി ഉപ്പയേയും ഉമ്മയേയും കാണുകയുണ്ടായി. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അന്ന് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേസിന്റെ കാര്യത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുമുണ്ട്. നമ്മള്‍ സംസാരിക്കുന്ന ഈ നിമിഷംവരെയും കര്‍ണാടക സര്‍ക്കാരുമായും ബന്ധപ്പെടുന്നതടക്കമുള്ള ഒരു കാര്യവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നത് ദുഃഖകരമാണ്. ബീഫ് കൈവശംവച്ചതിന്റെ പേരില്‍ അഖ്ലാക്ക് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത് നമുക്കെല്ലാവര്‍ക്കുമറിയാം. അതിന് കേരളത്തില്‍ വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ധാരാളം ബീഫ്ഫെസ്റ്റുകള്‍ നാട്ടിലുടനീളം സംഘടിപ്പിക്കപ്പെടുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ തന്നെ ആ വിഷയത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നു. അങ്ങനെയുള്ളൊരു സര്‍ക്കാരാണ് അഷ്റഫിന്റെ കൊലപാതകത്തില്‍ യാതൊരു ഇടപെടലും നടത്താതിരിക്കുന്നത് എന്നോര്‍ക്കണം.
ഞാന്‍ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നൊരാളാണ്. സിപിഎം ഭരിക്കുന്ന പറപ്പൂര്‍ റൂറല്‍ സര്‍വീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക അഴിമതി മൂടിവച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടൊരാളാണ് ഞാന്‍. 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പണാപഹരണം നടത്തിയത് അവിടെയുണ്ടായിരുന്ന ചില സിപിഎം നേതാക്കളുമാണ്. അവരൊക്കെ പിന്നീട് ബിസിനസ് സ്ഥാപനങ്ങളും മറ്റും തുടങ്ങി, വലിയതോതില്‍ പണമുണ്ടാക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്കും കുടുംബത്തിനും അതിന്റെ പേരില്‍ വീടുപോലും നഷ്ടപ്പെട്ടു. വലിയ സാമ്പത്തികബാധ്യതയാണ് അതുമൂലം ഉണ്ടായത്. സ്വാഭാവികമായും പാര്‍ട്ടിയുമായും ഞാനകന്നു. അഷ്റഫ് എന്റെ സഹോദരനായതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്തതായി അതിനകത്തുതന്നെയുള്ള എന്റെയൊരു സുഹൃത്ത് അറിയിക്കുകയുണ്ടായി. അഷ്റഫിന്റെ ആള്‍ക്കൂട്ടക്കൊല എന്നത് എന്റെ വ്യക്തിപരമായൊരു പ്രശ്നം മാത്രമല്ലല്ലോ, ഇത് ഒരു നാടിന്റെ പ്രശ്നമല്ലേ? എന്നിട്ടും സിപിഎമ്മിന് സംഭവത്തിന്റെ രാഷ്ട്രീയ ഗൗരവം മനസ്സിലാവുന്നില്ല എന്നത് ഖേദകരമാണ്.
‘എന്തിനാണവര്‍ ഞങ്ങളുടെ കുട്ടിയോടിത് ചെയ്തത്”?
അഷ്‌റഫിന്റെ ഉപ്പ മൂച്ചിക്കാടന്‍ കുഞ്ഞീതുകുട്ടി കച്ചവടത്തിനായാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുല്‍പ്പള്ളിയിലെത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബവും വീടുമെല്ലാം മലപ്പുറം കോട്ടക്കല്‍ പറപ്പൂര് തന്നെയായിരുന്നു. പറപ്പൂരുള്ള വീട് ജപ്തിയിലായതിനാല്‍ കുറച്ചുകാലമായി കുടുംബം വയനാട് പുല്‍പ്പള്ളിയിലെ വാടകവീട്ടിലാണ് താമസം.
അവിടെവച്ചാണ് അഷ്‌റഫിന്റെ ഉപ്പയേയും ഉമ്മ റുഖിയയേയും കണ്ടുസംസാരിച്ചത്. അഷ്‌റഫിന്റെ മൂത്ത സഹോദരന്‍ അബ്ദുല്‍ ഹമീദും ഇപ്പോള്‍ പുല്‍പ്പള്ളിയിലാണ്. ഇളയ സഹോദരന്‍ അബ്ദുല്‍ ജബ്ബാറാണ് അഷ്‌റഫിന്റെ കൊലപാതകകേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത്. ബുഷ്‌റ, സലീന എന്നിവര്‍ സഹോദരിമാരാണ്.
മുഹമ്മദ് അഷ്‌റഫിന്റെ ഉപ്പയും ഉമ്മ റുഖിയയും മകന്‍ അനുഭവിക്കേണ്ടി വന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതരായിട്ടില്ല. രണ്ടു പേരും തൊണ്ടയിടറി ചോദിക്കുന്നത് ഒരേ കാര്യമാണ്. ‘എന്തിനാണവര്‍ ഞങ്ങളുടെ കുട്ടിയോടിത് ചെയ്തത്?’ എന്ന്.
‘അവന്‍ ആര്‍ക്കും ഒരുപദ്രവും ചെയ്യില്ല. അവനെക്കൊണ്ടാവുന്ന സഹായങ്ങള്‍ ആര്‍ക്കായാലും ചെയ്ത്‌കൊടുക്കും. അതിന് പരിചയമൊന്നും വേണ്ട. ഒരു ചീത്ത സ്വഭാവവും അവനില്ല. പണത്തോട് ഒരാര്‍ത്തിയുമില്ല. കുപ്പിയും പ്ലാസ്റ്റിക് സാധനങ്ങളും പെറുക്കിവിറ്റാണ് മംഗലാപുരത്ത് അവന്‍ കഴിയുന്നത്. മദ്യത്തിന്റെ കുപ്പി പെറുക്കി വില്‍ക്കുന്നതുപോലും ശരിയല്ലെന്നു കരുതിയിരുന്ന അത്ര സത്യവിശ്വാസിയായിരുന്നു അവന്‍. കട്ടിലും കിടക്കയുമൊന്നും അവനു പറ്റില്ല, വെറും നിലത്തേ കിടക്കൂ. കൈയിലെത്ര പൈസയുണ്ടായാലും വിശപ്പടക്കാനുള്ള ഭക്ഷണമേ കഴിയ്ക്കൂ. നല്ല വസ്ത്രങ്ങള്‍ സ്വയം വാങ്ങി ധരിക്കാറില്ല. വീട്ടില്‍ വന്നാല്‍ ഉമ്മയെ വീട്ടുപണികളിലൊക്കെ സഹായിക്കും. പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവനായും ഉമ്മയെ ഏല്‍പ്പിക്കുമായിരുന്നു. ചിട്ടയുള്ള സ്വഭാവമായിരുന്നു. ഒന്നും മറക്കാനാവില്ല’ അഷ്‌റഫിന്റെ ഉപ്പയ്ക്ക് കണ്ണീരടക്കാനായില്ല.
ഏറ്റെടുത്ത ഏത് ജോലിയും ഉത്തരവാദിത്തോടെ അവന്‍ ചെയ്തുതീര്‍ക്കുമായിരുന്നു. നാട്ടിലുള്ളപ്പോള്‍ മൂത്ത മകന്റെ കടയില്‍ നില്‍ക്കും. അതെല്ലാം അടുക്കിപ്പെറുക്കി വൃത്തിയാക്കി വയ്ക്കും. കോട്ടക്കലില്‍ അവന്‍ ജോലി ചെയ്തിരുന്ന കടയുടെ മുതലാളിക്കും അവനെ ഇഷ്ടമായിരുന്നു. അവന്‍ കടയിലുണ്ടെങ്കില്‍ അത് പറയാതെതന്നെ തിരിച്ചറിയാനാവും. അത്രയ്ക്ക് വൃത്തിയായും അടുക്കും ചിട്ടയോടെയും അവന്‍ ആ കട നോക്കുമായിരുന്നു.
അവന് മംഗലാപുരത്തും കോയമ്പത്തൂരും കോട്ടക്കലുമൊക്കെ ധാരാളം സൗഹൃദങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ സഹായം ചെയ്യും. യാത്ര വലിയ ഇഷ്ടമായിരുന്നു. അതുപോലെ നടക്കാനും. എത്രദൂരം വേണമെങ്കിലും നടക്കും. എവിടെയാണെങ്കിലും മനസ്സില്‍ ഒരു ചെറിയ ഇഷ്ടക്കേട് തോന്നിയാല്‍ മതി അപ്പോള്‍ അവിടന്ന് പോവും. അത് വീട്ടില്‍ നിന്നാണെങ്കിലും ജോലി ചെയ്യുന്ന സ്ഥലത്തുനിന്നാണെങ്കിലും. അങ്ങനെയൊരു സ്വഭാവമായിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്തോ ഒരു മാനസികാസ്വാസ്ഥ്യം വരുന്നത്. അതുവരെ നന്നായി പഠിച്ചിരുന്നു. പിന്നീട് സ്‌കൂളിലൊന്നും കൃത്യമായി പോവാതെയായി. പത്താംക്ലാസില്‍ തോറ്റു. കുറെ ചികില്‍സയൊക്കെ ചെയ്തു. കാര്യമുണ്ടായില്ല.
എന്നാല്‍ അവനുമായി ഇടപഴകുന്നവര്‍ക്ക് അവനെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുമായിരുന്നില്ല. അത്ര നന്നായാണ് ഇടപെടുക. അതുകൊണ്ടാണല്ലോ കാസര്‍ക്കോട് നിന്ന് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ടൊരാള്‍ വഴി അവന്‍ ഗള്‍ഫില്‍ പോവുന്നത്. അതിന് 90,000 രൂപ ഞാന്‍ തന്നെയാണ് കാസര്‍ക്കോട് കൊണ്ടുപോയി കൊടുത്തത്. ഗള്‍ഫില്‍ പോയപ്പോഴും അങ്ങനെ ഇറങ്ങിപോവുന്ന സ്വഭാവമുള്ളതുകൊണ്ട് അവിടന്ന് കയറ്റി അയക്കുകയാണ് ചെയതത്.
‘മംഗലാപുരത്തേക്ക് പോവാന്‍ വലിയ ഇഷ്ടമായിരുന്നു. കുപ്പിയും പ്ലാസ്റ്റിക് സാധനങ്ങളും കൊടുക്കുന്ന കടക്കാര്‍ക്ക് അവനെ വലിയ കാര്യമായിരുന്നു. അവര് വഴിയാണ് പോലിസ് ഞങ്ങള്‍ക്ക് വിവരം തന്നത്. അവസാനം വന്നപ്പോഴും 26,000ഓളം രൂപ എന്റെ കൈയില്‍ തന്നു. വീട്ടില്‍ വന്നാല്‍ തൊട്ടും പിടിച്ചും എല്ലാ കാര്യത്തിനും എന്റെ കൂടെനില്‍ക്കും. വല്ലാത്തൊരു സ്‌നേഹമായിരുന്നു ഓന്. ഓനാരേം ഒന്നും ചെയ്യൂല്ല. ശരിക്കുള്ള ജീവിതം ഭൂമിയിലല്ല എന്നാണവന്‍ പറഞ്ഞിരുന്നത്. അതോണ്ട് നല്ലത് മാത്രമേ ചെയ്തിരുന്നുള്ളൂ. ആരോടും വഴക്കിടാന്‍ പോവില്ല. എങ്ങനെ ഓനവിടെ എത്തീന്നറിയില്ല. എന്നാലും എന്തിനാണ് അവരവനോട് ഇങ്ങനെ ചെയ്തത്?” ഉമ്മ റുഖിയക്കും സങ്കടം നിയന്ത്രിക്കാനായില്ല.







No Comments yet!