ഫെലിക്സ് ജെ പുല്ലൂടന്‍
മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനും ഏറ്റവും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന ഒരു ഭരണഘടനയാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത് എന്നതിലുള്ള നിറഞ്ഞ അഭിമാനബോധം നമുക്കുണ്ട്. എന്നാല്‍ അതോടൊപ്പംതന്നെ, രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പും പിമ്പും പലഘട്ടങ്ങളിലായി ഇന്ത്യയില്‍ മതേതരത്വം വെല്ലുവിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനുമായി ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശവും സ്വാതന്ത്ര്യവും ഛിദ്രസ്വഭാവമുള്ള പല പ്രസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നിരന്തര പ്രതിഭാസമായി മാറിയിരിക്കുകയാണെന്നത് കടുത്ത ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ മതന്യൂനപക്ഷങ്ങളിലും മനുഷ്യാവകാശങ്ങളെക്കുറിച്ച് അവബോധമുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെ ഉള്ളിലും തിരയടിച്ചുനില്‍ക്കുന്ന ഒന്നാണ് ഇക്കാര്യത്തിലുള്ള ആശങ്ക.
1947ലെ വിഭജനത്തിനും കുടിയിറക്കലിനും ശേഷമുണ്ടായ സംഭവവികാസങ്ങളാണ് ഭരണഘടനയില്‍ മതേതരത്വത്തിനും മതസംരക്ഷണത്തിനും പ്രാധാന്യം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയതെന്ന് പറയുന്നതില്‍ അതിശയോക്തി തീരെയില്ല. അതോടൊപ്പംതന്നെ സ്വാതന്ത്ര്യസമരത്തെ മുന്നില്‍നിന്ന് നയിച്ച നമ്മുടെ ദേശീയ നേതാക്കള്‍ സമത്വവും സാഹോദര്യവുമുറപ്പിക്കാനും രാജ്യത്തിന്റെ പ്രത്യേക സവിശേഷതയായ നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന പ്രമാണത്തെ മുറുകെപ്പിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്നതും നിര്‍ണായകമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തലാണ് ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ എഴുതിചേര്‍ക്കപ്പെട്ടത്. ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷമുണ്ടായിട്ടും വിഭജനത്തോടെ, പാകിസ്താന്‍ മതരാഷ്ട്രമായി മാറിയതില്‍നിന്നും വ്യത്യസ്തമായി, ഇന്ത്യ മതന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മതേതരത്വത്തെ പുണര്‍ന്ന് ഒരു സെക്കുലര്‍ രാജ്യമായാണ് നിലകൊണ്ടത്. എല്ലാവരെയും ഒന്നായി കാണാനുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാക്കളുടെ ഇച്ഛാശക്തിയുടെ പ്രയോഗവല്‍ക്കരണമായിരുന്നു അത്തരം ഒരു തീരുമാനത്തിലേക്ക് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയെ കൊണ്ടുചെന്നെത്തിച്ചത്. മേല്‍പ്പറഞ്ഞ വകുപ്പുകള്‍ നടപ്പാക്കുന്നതില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നതായും വായിച്ചതായി ഓര്‍ക്കുന്നു. അത് അക്കാലത്ത് നിലനിന്നിരുന്ന ദേശീയ വീക്ഷണത്തിന്റെ പ്രത്യേകത തന്നെയാണ്. പ്രസ്തുത വകുപ്പുകള്‍ പാസ്സാക്കിയെടുക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനും ഡോ. ബി ആര്‍ അംബേദ്കറിനും വല്ലഭായ് പട്ടേലിനുമൊക്കെ വളരെ അധ്വാനിക്കേണ്ടിവന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മതസ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ട് മതപരിവര്‍ത്തന നിരോധന നിയമവും ഭരണഘടനയില്‍ ചേര്‍ക്കേണ്ടതാണെന്ന വാദവും അന്ന് ശക്തമായിരുന്നു. നിരക്ഷരരായ ദലിതരുടെയിടയില്‍ ക്രൈസ്തവ മിഷനറിമാര്‍ വ്യാപകമായ മതംമാറ്റം നടത്തുന്നുണ്ടെന്നും ക്രൈസ്തവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാനങ്ങളിലും ഈ പ്രവണത രൂക്ഷമാണെന്നും അത്തരം സാഹചര്യത്തില്‍ മതനിരോധന നിയമം അനിവാര്യമാണെന്നുമായിരുന്നു ഹിന്ദുത്വവാദികളുടെ വാദം. തജാമുല്‍ ഹുസൈന്‍ എന്ന ബിഹാറില്‍നിന്നുള്ള ഒരു മുസ്‌ലിം അംഗംവരെ ഈ വാദത്തെ പിന്തുണച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ തന്റെ വിദ്യാഭ്യാസ കാലയളവില്‍ നീണ്ട 14 വര്‍ഷം ക്രൈസ്തവ മിഷനറിമാര്‍ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ടി ടി കൃഷ്ണമാചാരിയായിരുന്നു, ഭരണഘടനയില്‍ മതനിരോധന നിയമം എഴുതിച്ചേര്‍ക്കണമെന്ന ഹിന്ദുത്വവാദികളുടെ ശക്തമായ വാദത്തെ തന്റെ ജീവിതംതന്നെ ഉദാഹരിച്ച് എതിര്‍ത്ത് കോണ്‍സിസ്റ്റുവന്റ് അസംബ്ലിയില്‍ സംസാരിച്ചത്. രാജ്യം നിലനില്‍ക്കേണ്ടത് നാനാത്വത്തിലെ ഏകത്വത്തിനാണെന്നും ബഹുസ്വരതയ്ക്കും സമത്വത്തിനും ഭരണഘടനയില്‍ ഊന്നല്‍ നല്‍കണമെന്നും ശക്തമായ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ച് ആദ്യം സൂചിപ്പിച്ച ഭരണഘടനാത്രയങ്ങള്‍, ഹിന്ദുത്വ വാദികള്‍ മുന്നോട്ടുവച്ച മതപരിവര്‍ത്തന നിരോധന നിയമത്തെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയെക്കൊണ്ട് തള്ളിക്കുകയായിരുന്നു. ഇത് ഇവിടെ പറയാന്‍ കാരണം, സ്വാതന്ത്ര്യം ലഭിക്കുന്ന കാലഘട്ടത്തിനുമുമ്പുതന്നെ രാജ്യത്തെ സവര്‍ണ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വംശീയവാദം ഒരു ദേശീയ വികാരമായി രാജ്യത്ത് നിലവിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയാണ്.

പക്ഷെ അത്തരം വിഭാഗീയ ചിന്തകളെ അതിജീവിച്ച് നിലവില്‍വന്ന നമ്മുടെ ഭരണഘടനയില്‍ മതസ്വാതന്ത്യത്തിനുള്ള അവകാശം ഒരു അടിസ്ഥാന തത്ത്വമായിത്തന്നെ നിലനില്‍ക്കുന്നു. മതബഹുസ്വരതയ്ക്കും മതേതരത്വത്തിനുമുള്ള ഭരണഘടനയുടെ ഉറപ്പും അതുവഴി ഇക്കാര്യത്തില്‍ രാജ്യത്തിനുള്ള പ്രതിബദ്ധതയുമാണ് ഈ വകുപ്പുകള്‍ ഊന്നിപ്പറയുന്നത്. രാജ്യത്തെ ഓരോ പൗരനും അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പുതന്നെ പ്രഖ്യാപിതമായ യുണൈറ്റഡ് നേഷന്‍സിന്റെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ മതപരിവര്‍ത്തന സ്വാതന്ത്യത്തെക്കുറിച്ച് അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട് എന്നതും വളരെ പ്രസക്തമാണ്. ഇക്കാര്യംകൂടി ചൂണ്ടിക്കാണിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ ന്യൂനപക്ഷവിരുദ്ധവാദത്തെ കൃഷ്ണമാചാരി കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഖണ്ഡിച്ചതും.
ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രമെന്ന അവകാശവാദം ഇന്നും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മതസ്വാതന്ത്ര്യവും മതേതരത്വവും ഒരു സ്വപ്‌നമായി മാറുമോയെന്ന ആശങ്ക പക്ഷെ ഇന്ന് സജീവമാണ്.
രൂപംകൊണ്ടിട്ട് ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രക്തപങ്കിലമായ അന്യമത ഉന്മൂലന അജണ്ടകള്‍, പഴയ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ നരേന്ദ്ര മോദിയിലേക്ക് രാജ്യത്തിന്റെ അധികാരം എത്തിപ്പെട്ടതോടെ നിയന്ത്രണങ്ങളില്ലാത്ത അതിതീവ്രാവസ്ഥ പ്രാപിച്ചിരിക്കുന്നു. ഇത് മഹത്തായ ഇന്ത്യയുടെ ഭരണഘടനയ്ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ സങ്കല്‍പ്പത്തിനും വലിയ ഭീഷണിയായി നിലനില്‍ക്കുകയാണ്. ഇന്ന് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം, ക്രൈസ്തവ മതങ്ങള്‍ നേരിടുന്ന സംഘടിതാക്രമണങ്ങള്‍ ഇടവേളകളില്ലാതെ ദിനംപ്രതിയെന്നവിധം സംഭവിച്ചുകൊണ്ടിരിക്കുന്നു. മണിപ്പൂര്‍ ക്രൈസ്തവ നരഹത്യ അരങ്ങേറിയ 2023ല്‍ മണിപ്പൂര്‍ അക്രമം കൂടാതെ ക്രൈസ്തവര്‍ക്കുനേരെ ദിവസേന രണ്ടിലേറെ അക്രമങ്ങള്‍ രാജ്യത്ത് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 720 അക്രമ സംഭവങ്ങളാണ് മണിപ്പൂര്‍ കൂടാതെ രാജ്യത്താകമാനമായി ആ വര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ 80 ശതമാനവും ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലാകട്ടെ ഒരൊറ്റ കേസുപോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ലയെന്നത് ഭരണകൂട പിന്‍ബലം ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നിടത്തൊക്കെ പ്രേരണയാകുന്നുവെന്നതും വ്യക്തമാക്കുന്നു.
ഇല്ലാത്ത മതപരിവര്‍ത്തനമാരോപിച്ച് ആക്രമിക്കുക, ആരാധനാലയങ്ങളിലേക്ക് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ ആയുധങ്ങളുമായി അതിക്രമിച്ചുകയറി വിശ്വാസികളെ മര്‍ദ്ദിക്കുക, നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിക്കുക, കെട്ടിടം തല്ലിത്തകര്‍ക്കുക ഇതൊക്കെയാണ് ഇവരുടെ സ്ഥിരം കലാപരിപാടികള്‍. മണിപ്പൂരിലാകട്ടെ, ഔദേ്യാഗിക കണക്കുകള്‍ പ്രകാരം 2023ല്‍ മാത്രം 175 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും 254 പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തുവെന്നതും ഓര്‍ക്കണം. (2024ല്‍ അവിടെ തുടര്‍ച്ചയായുണ്ടായ അക്രമങ്ങളില്‍ 83 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു) മോദി ഭരണത്തിന്റെ ഓരോ വര്‍ഷങ്ങളിലും ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കാണാം. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്തുണ്ടായ ഗ്രഹാം സ്റ്റെയ്‌സിന്റെയും പിഞ്ചുമക്കളുടെയും കൂട്ടക്കുരുതിയും ഒഡീഷയിലെ കാന്ധഹാറിലുണ്ടായ കൂട്ട നരനായാട്ടും ഓര്‍ക്കാതെയല്ല, നരേന്ദ്രമോദിയെന്ന ഭരണാധികാരിയുടെ നേരെ വിരല്‍ ചൂണ്ടുന്നതെന്ന് ധരിക്കേണ്ട. എന്നാല്‍, യുപിഎ ഭരണകാലത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളെ നേരിടുന്നതിന് സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും അക്രമികള്‍ക്കുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയാണ് എന്നതാണ് ദുരന്തമായി നിലനില്‍ക്കുന്നത്.

ഗ്രഹാം സ്റ്റെയിസ് & ഫാമിലി
1964 മുതല്‍ 1996 വരെ (32 വര്‍ഷം) ക്രൈസ്തവര്‍ക്കുനേരെയുണ്ടായ മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കേവലം 38 മാത്രമാണ്. ഇക്കാലയളവില്‍ ഏറിയ പങ്കും ദേശീയ രാഷ്ട്രീയത്തിലും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തില്‍ എന്ന വസ്തുത കൂടി കണക്കിലെടുക്കണം. ഇതിനു ശേഷമാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി രാജ്യത്ത് അധികാരത്തിലേറുന്നത്. തുടര്‍ന്നാണ് ക്രൈസ്തവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിതര ഏജന്‍സികള്‍ തയ്യാറാക്കിയ റിപോര്‍ട്ടുകള്‍ പ്രകാരം 1996 വരെ 32 വര്‍ഷം കൊണ്ട് 38 ആക്രമണങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 1997ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 24 കേസുകളാണ്. 1998ല്‍ ഇത് 90 ആയും 1999ല്‍ 116 ആയും ഉയര്‍ന്നു. യുണൈറ്റഡ് ക്രിസ്റ്റ്യന്‍സ് ഫോറം, അസോസിയേഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍സ്, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്‌സ് എന്നീ സര്‍ക്കാരിതര സംഘടനകള്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും ഒറ്റപ്പെട്ടതും വാര്‍ത്തകളില്‍ ഇടം നേടാതെ പോയതുമായ കേസുകള്‍ ഇതിനേക്കാള്‍ എത്രയോകൂടുതലാണ്!
ഇവരുടെ റിപോര്‍ട്ട് പ്രകാരം 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 505 ആണ്. 288 ആള്‍ക്കൂട്ട ആക്രമണങ്ങള്‍, 28 ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തകര്‍ക്കലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 85ഓളം കേസുകളിലാണ് അക്രമികളുടെ ആവശ്യപ്രകാരം പോലിസ് ഇടപെട്ട് ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ തടഞ്ഞത്. 1331 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. 588 പരിവര്‍ത്തിത ആദിവാസികളും 513 പരിവര്‍ത്തിത ദലിത് വിഭാഗക്കാരും ആക്രമണങ്ങള്‍ക്ക് ഇരയായി.
മാത്രമല്ല, മോദി അധികാരമേറ്റ 2014ല്‍ 151 ആക്രമണങ്ങള്‍ രാജ്യവ്യാപകമായി ഉണ്ടായപ്പോള്‍ പത്തുവര്‍ഷം പിന്നിട്ട് 2024ല്‍ അത് 834 ആയാണ് വര്‍ദ്ധിച്ചത്. ഇത് റിപോര്‍ട്ട് ചെയ്യപ്പെട്ട കണക്കാണെങ്കില്‍ യാഥാര്‍ത്ഥ കണക്ക് ഇതിനെക്കാളൊക്കെ എത്രമാത്രം ഭീകരമായിരിക്കുമെന്നത് ചിന്തിക്കാവുന്നതേയുള്ളു. കാരണം ബിജെപി ഭരണസംസ്ഥാനങ്ങളിലെ പോലിസ് സ്റ്റേഷനുകളില്‍ പീഡനത്തിനിരയായാല്‍ ഇരകളെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതും എഫ്‌ഐആര്‍ തയ്യാറാക്കാന്‍ വിസമ്മതിക്കുന്നതും സാധാരണമാണെന്നതിന് അനവധി അനുഭവസ്ഥരുടെ പരാതികളും വിവിധ മനുഷ്യാവകാശ ഏജന്‍സികളുടെ റിപോര്‍ട്ടുകളുമുണ്ട്.
നരേന്ദ്ര മോദിയുടെ പത്തുവര്‍ഷ ഭരണത്തിനിടയിലും അതിനുമുമ്പുള്ള അഞ്ചുവര്‍ഷത്തിനിടയിലും രാജ്യത്തുണ്ടായ ക്രൈസ്തവ പീഡന വര്‍ദ്ധനവ് ഒന്ന് നോക്കൂ(പട്ടിക 1. കാണുക):
മണിപ്പൂര്‍ അക്രമങ്ങളെ ഒഴിവാക്കിയുള്ള കണക്കുകളാണിത്. ഭരണ പിന്‍ബലം കിട്ടിയപ്പോള്‍ വംശീയ ഉന്‍മൂലന അഴിഞ്ഞാട്ടവും ചോരപ്പുഴയൊഴുക്കലും എത്ര ഝടുതിയിലാണ് വര്‍ദ്ധിക്കുന്നത്!
ഹിറ്റ്‌ലറുടെ ആരാധകനായിരുന്ന ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാല്‍ക്കറുടെ വാക്കുകള്‍ അവരുടെ വിധ്വംസക പ്രവൃത്തികളുടെ മുഖ്യ പ്രേരകശക്തിയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു, ”വംശീയ അഭിമാനം അതിന്റെ പരമോന്നതാവസ്ഥയില്‍ നമ്മുടെ രാജ്യത്ത് പ്രകടമായിരിക്കുന്നു. വേരുകളിലേക്ക് പോകുന്ന വ്യത്യസ്ഥതകളുള്ള വംശങ്ങളും സംസ്‌കാരങ്ങളും ഒരു ഏകീകൃത സംസ്‌കൃതിയില്‍ ലയിക്കുന്നത് എത്രത്തോളം അസാധ്യമാണെന്ന് ജര്‍മ്മനി കാണിച്ചുതന്നു, ഹിറ്റ്‌ലറുടെ ജര്‍മ്മനി കാണിച്ചുതന്ന പാഠം ഹിന്ദുസ്ഥാനില്‍ ഉപയോഗിക്കാനും നേട്ടങ്ങള്‍ കൊയ്യാനും നമ്മെ സഹായിക്കട്ടെ” ഹിന്ദുത്വ ശക്തികള്‍ ആരാധനയോടെ ഗുരുജിയെന്ന് വിളിച്ചിരുന്ന ഗോള്‍വാല്‍ക്കറുടെ ഈ വാക്കുകളായിരുന്നു, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ സ്വതന്ത്ര ഇന്ത്യയില്‍ വ്യാപകമായ നരഹത്യ നടത്താന്‍ സംഘപരിവാറിന് ആവേശമായതും ഇന്നുംതുടരുന്നതും.
പാകിസ്താന്‍ വിഭജനമായിരുന്നു മുസ്‌ലിം വിരോധം ആളിക്കത്തിക്കുവാന്‍ തീവ്രഹിന്ദുത്വവാദികള്‍ക്ക് അവസരമായതെങ്കിലും പിന്നീട് ലഭിച്ച ഓരോ ചെറിയ സന്ദര്‍ഭങ്ങളും ഗോള്‍വാല്‍ക്കറുടെ ആഹ്വാനത്തെ പ്രാവര്‍ത്തികതയില്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് അവര്‍ വിനിയോഗിക്കുകയായിരുന്നു. ഗാന്ധിജിയുടെ ജന്‍മനാടായ ഗുജറാത്ത് തന്നെയായിരുന്നു ആര്‍എസ്എസ് അതിനായി തിരഞ്ഞെടുത്തത് എന്നത് അവര്‍ക്ക് അദ്ദേഹത്തോടുള്ള തീരാത്ത പകയാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലുണ്ടായ, കാര്യമായ ആള്‍നാശം സംഭവിച്ച ആദ്യ ഹിന്ദു-മുസ്‌ലിം കലാപം നടക്കുന്നത് 1969ലായിരുന്നു. സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നടന്ന കലാപത്തില്‍ കൂട്ടക്കൊലകള്‍, വ്യാപകമായതീവയ്പ്പ്, വന്‍തോതിലുള്ള കൊള്ള എന്നിവയൊക്കെ അരങ്ങേറിയിരുന്നു. ഔദ്യോഗിക കണക്കുകള്‍പ്രകാരം 660 പേര്‍ കൊല്ലപ്പെടുകയും 1074 പേര്‍ക്ക് പരിക്കേല്‍ക്കുകയും 48,000ത്തിലധികം പേര്‍ക്ക് സ്വത്തുക്കള്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അനൗദ്യോഗിക റിപോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 2000 വരെ എത്തിയിട്ടുണ്ട്. പിന്നീട് 1985ലെ അഹമ്മദ്ബാദ് കലാപം വരെ പിന്നീടൊരു ഇടവേളയായിരുന്നുവെങ്കിലും മുസ്‌ലിംകള്‍ ഭയത്തിന്റെ നിഴലില്‍ത്തന്നെയായിരുന്നു ഗുജറാത്തില്‍ കഴിഞ്ഞുകൂടിയിരുന്നത്.
ആറുമാസത്തോളം നീണ്ടുനിന്ന ഈ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത് സംസ്ഥാനം ഭരിച്ചിരുന്ന മാധവ് സിംഗ് സോളങ്കിയുടെ, സംവരണത്തോട് ബന്ധപ്പെട്ട ഒരു നിയമഭേദഗതിയായിരുന്നു. ഗുജറാത്തില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ക്കും നിലവിലുണ്ടായിരുന്ന 10 ശതമാനം സംവരണം 1985ല്‍ മാധവ് സോളങ്കി സര്‍ക്കാര്‍ 18 ശതമാനമായി വര്‍ദ്ധപ്പിച്ചതുപോലും മുസ്‌ലിം നരനായാട്ടിനുള്ള അവസരമായി സവര്‍ണഹിന്ദുക്കള്‍ വിനിയോഗിക്കുകയായിരുന്നു. 220 മരണവും നൂറുകണക്കിന് വ്യക്തികള്‍ക്ക് ഗുരുതര പരിക്കും അന്നത്തെ കണക്കില്‍ 2200 കോടിയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ട 85ലെ കലാപം 1985 ജനുവരി മുതല്‍ ജൂലൈ വരെയാണ് നീണ്ടുനിന്നത്.
2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മൗനാശീര്‍വാദത്തോടെ നടന്ന രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപവും ഹിറ്റ്‌ലര്‍ സിദ്ധാന്തം, ഗോള്‍വാള്‍ക്കറുടെ പ്രബോധനത്തോടെ രാജ്യത്ത് നടപ്പാക്കിയ സംഘപരിവാറിന്റെ വിജയഭേരികളായിരുന്നു. ചെറു ഇടവേളയ്ക്കുശേഷം അഹമ്മദാബാദിനെ ശവപ്പറമ്പാക്കിയ കലാപത്തിന്റെ തുടക്കം ഗോധ്രയില്‍ മുസ്‌ലിം തീവ്രവാദികള്‍ തീവച്ചതിനെത്തുടര്‍ന്നായിരുന്നുവെന്ന സംഘപരിവാര്‍ ആരോപണം ഇന്ത്യന്‍ റെയില്‍വേ നിയോഗിച്ച ജസ്റ്റിസ് നാനാവതി ജ്യുഡീഷ്യല്‍ കമ്മീഷന്‍, തെറ്റാണെന്ന് തെളിയിച്ചിരുന്നുവെന്നും ഓര്‍ക്കുക. ഗോധ്ര റെയില്‍വേ സ്റ്റേഷനിലെത്തിയ കര്‍സേവകര്‍ മാത്രം യാത്രചെയ്തിരുന്ന തീവണ്ടിക്ക് സ്റ്റേഷനിലെ മുസ്‌ലിം സമുദായക്കാരായ കച്ചവടക്കാരാണ് തീവച്ചതെന്ന ആരോപണത്തെ കമ്മീഷന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. തീവണ്ടിയുടെ ബോഗിക്ക് തീകൊളുത്തപ്പെട്ടത് അകത്തുനിന്നു തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്ഥാപിച്ചിരുന്നു. അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലല്ലു പ്രസാദ് യാദവിന് നന്ദി.
ആയിരത്താണ്ടുകളായി രാജ്യം പിന്തുടര്‍ന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും ഫലമായി ഇന്ത്യയിലെ മനുഷ്യാവകാശങ്ങളും സാമൂഹിക സാഹചര്യങ്ങളും മതങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ചാതുര്‍വര്‍ണ്യത്തിലെ മേല്‍ത്തട്ടുകാരായ ബ്രാഹ്മണരും രണ്ടാംനിരക്കാരായ രാജഭരണകാലത്തെ ക്ഷത്രീയരും സമസ്ത അധികാരങ്ങളും കൈപ്പിടിയിലൊതുക്കി മേലാള കീഴാള വ്യവസ്ഥിതി രാജ്യത്തിന്റെ സാമൂഹിക ചിന്തകളില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ രാജ്യത്തെ ദലിത് പിന്നാക്ക സമൂഹങ്ങള്‍ മാത്രമല്ല മത, ഭാഷാ ന്യൂനപക്ഷങ്ങള്‍വരെ രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നും അകറ്റപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷുകാരുടെ പാദസേവകരായി നിലകൊണ്ടിരുന്ന ഹിന്ദുത്വവാദികളില്‍നിന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ കാര്യമായ അക്രമങ്ങള്‍ നടന്നിരുന്നില്ലെങ്കിലും 1925ല്‍ രൂപീകൃതമായ രാഷ്ട്രീയ സ്വയം സേവക് സംഘം തങ്ങളുടെ ആത്യന്തിക ലക്ഷ്യമായി സ്വീകരിച്ചത് ബ്രാഹ്മണ്യ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ മതരാഷ്ട്രത്തിന്റെ സ്ഥാപനവും അതിനായി നടപ്പാക്കാന്‍ നിശ്ചയിച്ച ഇതരമതങ്ങളുടെ ഉന്‍മൂലനവും അതില്‍തന്നെ മുഖ്യശത്രുവായി ക്രൈസ്തവരെ അടയാളപ്പെടുത്തുന്നതുമായിരുന്നു.
രാജ്യത്തെ ജന്‍മിമാരുടെയും ഭൂപ്രഭുക്കളുടെയും ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ്സിന് അക്കാലങ്ങളില്‍ അവരുടെ പാടശേഖരങ്ങളിലും ഖനികളിലുമൊക്കെ കൂലിയില്ലാവേല ചെയ്യാന്‍ നിര്‍ബന്ധിതരായ ദലിതരുടെയിടയില്‍ സ്‌നേഹത്തിന്റെ സന്ദേശവും സാമൂഹിക അവബോധവുമായി പ്രവര്‍ത്തിച്ചിരുന്ന ക്രൈസ്തവ മിഷനറികള്‍ അവരുടെ ശത്രുക്കളായി മാറിയത് സ്വാഭാവികം. ആ വിരോധം ക്രമേണ മുഴുവന്‍ ക്രൈസ്തവരിലേക്കും മുഴുവന്‍ അന്യമതസ്ഥരിലേക്കും ആര്‍എസ്എസ് വ്യാപിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് മുസ്‌ലിംകള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്നുള്ള മുഹമ്മദലി ജിന്നയുടെയും മുസ്‌ലിം ലീഗിന്റെയും നിലപാട്, ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിം ജനതയോടുള്ള അന്ധമായ ശത്രുതയ്ക്ക് വിലയിടാന്‍ ആര്‍എസ്എസിന് വലിയ അവസരമാവുകയായിരുന്നു. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യാനന്തരമുണ്ടായ കലാപങ്ങളില്‍ സംഭവിച്ച പതിനായിരങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായത് ഇങ്ങനെ ഉയര്‍ത്തിയെടുത്ത ശത്രുതയായിരുന്നുവല്ലോ.
മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയാക്കി മതരാഷ്ട്രമായി ഇന്ത്യയെ പരാവര്‍ത്തനം ചെയ്യാനുള്ള സംഘപരിവാര്‍ ശ്രമത്തിന് ഏറ്റവും അനിവാര്യം ഇതരമതസ്ഥരെ രാജ്യത്തുനിന്ന് പലായനം ചെയ്യിക്കുകയോ ഇല്ലാതാക്കുകയോ ആണ്. ഈ കാഴ്ചപ്പാടില്‍ കൂട്ടക്കുരുതികള്‍ക്ക് ആഹ്വാനം നല്‍കിയ ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തമായി നടപ്പാക്കാന്‍ ശ്രമിച്ചു. കൂട്ടക്കുരുതികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജി നടത്തിയ ശാന്തിയാത്ര, ഉറച്ച ഹിന്ദുമത വിശ്വാസിയായിരുന്ന മഹാത്മാവിനെയും അവരുടെ തോക്കിനിരയാക്കി. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസ്സിനെ നിരോധിച്ചെങ്കിലും ആ നിരോധനം താല്‍ക്കാലികം മാത്രമായിരുന്നു. മാത്രമല്ല, മറ്റുപേരുകളില്‍ അവര്‍ അക്രമങ്ങള്‍ തുടരുകയും ചെയ്തിരുന്നു.
ഇന്ന് തുടര്‍ഭരണത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐയേയും എന്‍ഐഎയും മാത്രമല്ല കോടതികളെപ്പോലും കാവിവല്‍ക്കരിക്കുന്നതില്‍ സംഘപരിവാര്‍ വിജയിച്ചിരിക്കുന്നു. സ്റ്റാന്‍ സാമിയുടെ കാര്യത്തില്‍വരെ ഈ കാവിവല്‍ക്കരണത്തിന്റെ ദുരന്തം നാം കണ്ടതാണ്.
നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന്, ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ സംഘപരിവാറിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും കേരളത്തിലേതടക്കം ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ തുടരുന്ന കുറ്റകരമായ മൗനമാണ്. ഈ നിസ്സംഗനിലപാട് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഉത്തര്‍പ്രദേശ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു നേരത്തെ തീവ്രഹിന്ദുത്വ സംഘടനകളുടെ ക്രൈസ്തവ വേട്ടയെങ്കില്‍ ഇന്നത് ദക്ഷിണേന്ത്യയിലേക്കും പടര്‍ന്നു കയറിയിട്ടുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പുവരെ ബിജെപി ഭരിച്ചിരുന്ന കര്‍ണാടകയില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് വേട്ടയാടല്‍ നാടകം അരങ്ങേറുന്നതെങ്കിലും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി അരികുവല്‍ക്കരിക്കുകയെന്ന സംഘ്പരിവാറിന്റെ കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. ഇതേക്കുറിച്ച് ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്ക് ബോധ്യമില്ലാഞ്ഞിട്ടല്ല. മറിച്ച് അവര്‍ ബോധപൂര്‍വം മൗനത്തില്‍ ഒളിക്കുകയാണ്. പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവിധം സ്വന്തം സമൂഹത്തെ സംഘപരിവാറിന്റെ ആയുധങ്ങള്‍ക്ക് മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കുമെന്ന് തിരിച്ചറിയാന്‍ ഏറെയൊന്നും ഇവര്‍ കാത്തിരിക്കേണ്ടി വരില്ല.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. അതില്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളായിരുന്നു. അന്നും തങ്ങളെ ബാധിക്കുന്ന വിഷയമേയല്ല ഇതെന്ന മട്ടിലായിരുന്നു ക്രൈസ്തവ സഭകള്‍. ഈ സംഘപരിവാര്‍വേട്ടകളെ പേരിനുപോലും അപലപിക്കാന്‍ കൂട്ടാക്കാതിരുന്ന അക്കാലത്തെ അതേ മൗനംതന്നെയാണ്, വേട്ടക്കാരന്‍ സ്വന്തം സമൂഹത്തിനുനേരെ തിരിയുമ്പോഴും ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങള്‍ തുടരുന്നത്. സംഘപരിവാര്‍ അജണ്ടയുടെ സൃഷ്ടിയായ മോദിസത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് രാജ്യത്തെ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണോ ഈ മൗനമെന്നറിയില്ല. അതോ പ്രതികരിക്കാന്‍ മുതിര്‍ന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന വേട്ടക്കാരനെക്കുറിച്ചുള്ള ഭയമോ! അതോ, വെളിപ്പെടുത്താന്‍ മടിക്കുന്ന സഭയുടെ വമ്പിച്ച സമ്പത്തിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കടന്നുകയറുമോയെന്ന ഭീതിയോ?
രാജ്യത്തെ മതേതര പൊതുസമൂഹവും ദലിത് ന്യൂനപക്ഷ സംഘടനകളും ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ പോലും ഇക്കാര്യത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. വത്തിക്കാനില്‍പോയി പാപ്പയെകണ്ട് വാര്‍ത്തകളില്‍ മോദി ഇടംപിടിച്ചപ്പോള്‍ തന്നെയാണ് അതേ ഭരണാധികാരിയാലോ അദ്ദേഹം പിന്തുടരുന്ന ആശയങ്ങളാലോ രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വലിയ തോതിലുള്ള പീഡനങ്ങളും ആക്രമണങ്ങളും ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വര്‍ധിച്ചുവരുന്നത്. കേരളത്തിലേതടക്കം ക്രൈസ്തവസഭാനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ തുടരുന്ന കുറ്റകരമായ മൗനം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. മാത്രമല്ല, സ്വന്തം നിലനില്‍പ്പ് തന്നെ വാള്‍മുനയില്‍ തൂങ്ങിയാടുമ്പോഴും ആരാധനാലയങ്ങളുടെ നടത്തിപ്പവകാശത്തെച്ചൊല്ലിയും കുര്‍ബാന ഏകീകരണത്തെച്ചൊല്ലിയുമുള്ള തര്‍ക്കത്തിലും തമ്മിലടിയിലും അഭിരമിക്കുന്ന ക്രൈസ്തവ സഭകള്‍, ഗുരുതരമായ മതപീഡനസാഹചര്യങ്ങള്‍ അടിക്കടി സംജാതമായിട്ടുപോലും മഹാമൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചുകഴിയുന്നതിന്റെ യുക്തിയാണ് പിടികിട്ടാത്തത്.




No Comments yet!