Skip to main content

റിജാസിന്റെ അറസ്റ്റ് മാധ്യമധര്‍മം മുറുകെപ്പിടിച്ചതിന

സിദ്ദിഖ് കാപ്പന്‍

28 മാസത്തെ ജയില്‍ വാസവും 45 ദിവസത്തെ ഡല്‍ഹിയിലെ വീട്ടുതടങ്കലും കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ ആദ്യ നാളുകളില്‍ എന്നെ വീട്ടില്‍ കാണാനെത്തിയ സമയത്താണ് റിജാസുമായി പരിചയപ്പെടുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ഊര്‍ജസ്വലനായ സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ റിജാസ്, അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ക്ക് പൊതുഇടങ്ങളില്‍ കൂടുതല്‍ മികവുറ്റ ശബ്ദം നല്‍കിക്കൊണ്ടാണ് ശ്രദ്ധേയനായത്. അക്കാരണത്താല്‍ തന്നെ അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായി മാറി. കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമുള്ള അധികൃതര്‍ക്ക് ഒരു പോലെ റിജാസ് തലവേദനയാകുന്നത് റിജാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ്. ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, യുദ്ധത്തിനും പട്ടിണിക്കും ലൈംഗീകാതിക്രമങ്ങള്‍ക്കും ഇരയാവുന്നവര്‍… ഇവരുടേയെല്ലാം നാവായി റിജാസിന്റെ പേന നിര്‍ഭയം എഴുതി കൊണ്ടിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 149 (നിയമ വിരുദ്ധമായ കൂടിച്ചേരലിനുള്ള ശിക്ഷ), 192 (തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കല്‍), 351(1)(ബി) (ഭീഷണിപ്പെടുത്തല്‍) 352(3) (ക്രിമിനല്‍ ബലപ്രയോഗത്തിനുള്ള ശിക്ഷ, 353(3) (പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വഹിക്കുന്നതിന് തടസ്സം നിന്നതിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പോലിസ് റിജാസിനെ, മെയ് 7ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാഗ്പൂരിലെ നക്‌സല്‍ വിരുദ്ധ വിഭാഗം അദ്ദേഹത്തിനെതിരേ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ, വിവാദ യുഎപിഎയും ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനും പിന്തുണയ്ക്കാനും കഴിയാത്ത നിയമമാണ് യുഎപിഎ. കളമശ്ശേരിയില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ബോംബ്‌വച്ച് എട്ടു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ മാര്‍ട്ടിന് പോലും യുഎപിഎ ചുമത്തിയിട്ടില്ലെന്നിരിക്കെയാണ്, ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് റിജാസ് ഒരു മാസത്തോളമായി തടവറയില്‍ കഴിയുന്നത്. യുദ്ധം ബാധിക്കുന്ന ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് തന്റെ മാനവിക മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഒരു അഭിപ്രായം പ്രകടിപ്പിച്ചതാണ് റിജാസ് ചെയ്ത ഭീകരപ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്, ഇക്കാലമത്രയും റിജാസ് ചെയ്തു കൊണ്ടിരുന്നത്. വയനാട്ടിലേയും പാലക്കാട്ടേയും ആദിവാസി ഊരുകളും അവിടത്തെ പട്ടിണിയും ദാരിദ്ര്യവും വാര്‍ത്തയാക്കുകയും, ഭരണകൂടങ്ങളുടെ ഇരട്ട നീതികള്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നതാണ് റിജാസ് അധികാരികളുടെ കണ്ണിലെ കരടാവാന്‍ കാരണം. കേരളത്തിലും കശ്മീരിലും ബസ്തറിലും ഫലസ്തീനിലും എവിടെയാണെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് റിജാസിനുണ്ടായിരുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിച്ച് വര്‍ഗീയതയും വിദ്വേഷവും പ്രസരിപ്പിച്ച് സമയം കൊല്ലുന്ന ഭൂരിപക്ഷ ഇന്ത്യന്‍ യുവത്വത്തില്‍ നിന്ന് വ്യത്യസ്തനായി അടിസ്ഥാന ജനവിഭാഗങ്ങളുടെ ശബ്ദമാവുന്നു എന്നതാണ് 26കാരനായ റിജാസ് ചെയ്ത തെറ്റ്. പഹല്‍ഗാം ആക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇസ്രയേല്‍ മാതൃകയിലുള്ള പരിഹാരം എന്ന അപകടകരമായ ആഹ്വാനങ്ങളെ വിമര്‍ശിച്ചു എന്നതാണ് റിജാസ് ചെയ്തത്. അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് പകരം മനുഷ്യന്റെ അന്തസ്സിനും അഭിമാനത്തിനും വില കല്‍പ്പിക്കണമെന്ന് പറയാന്‍ ശ്രമിച്ചതിനാണ് റിജാസ് ഇന്ന് കാരാഗൃഹത്തില്‍ കിടക്കുന്നത്.

യുദ്ധത്തിനും അക്രമങ്ങള്‍ക്കുമെതിരേ ശബ്ദിക്കുന്നതും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നതും അവ കൈയില്‍ വയ്ക്കുന്നതും രാജ്യദ്രോഹമാകുന്ന കാലത്താണ് റിജാസ് തടവറയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ റിജാസിന് വേണ്ടി ഉറക്കെ ശബ്ദിക്കേണ്ടത് മനുഷ്യത്വവും ജനാധിപത്യ ബോധവും കൈമോശം വന്നിട്ടില്ലാത്ത നാം ഓരോരുത്തരുടേയും ബാധ്യതയാണ്.

രാജ്യത്തിന്റെ നയങ്ങളെ ക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നതും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നതും കുറ്റകൃത്യങ്ങളല്ല, ജനാധിപത്യ സമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്.

മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍, ഇന്ത്യയിലുടനീളം തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച്, ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളത്തില്‍ പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് റിജാസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. റിജാസിന്റെ അറസ്റ്റ് യാദൃച്ഛികമല്ലെന്നാണ് ഇതിലൂടെ ബോധ്യമാകുന്നത്. വിയോജിപ്പുകളേയും ജനാധിപത്യ പരമായ ഇടപെടലുകളേയും കുറ്റകരമാക്കുന്ന പ്രവണതയുടെ ഭാഗമാണിത്. ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയുള്ള വിയോജിപ്പുകള്‍ ഉയര്‍ത്തുന്ന യുവതയേയും വിദ്യാര്‍ത്ഥികളേയും നിശബ്ധരാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ എന്ന് വ്യക്തമാണ്.

 

 

No Comments yet!

Your Email address will not be published.