Skip to main content

ഒളിവിലും തെളിവിലും

എം പി ബാലറാം

അഭിമുഖരാഷ്ട്രീയം

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ലേഖകര്‍ നടത്തിയ അഭിമുഖം (സാമൂഹ്യമാധ്യമങ്ങളില്‍ മെയ് 22ന്റെ പോസ്റ്റ്) ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. പുതിയ കാര്യങ്ങള്‍ വല്ലതും ഉള്‍പ്പെട്ടതുകൊണ്ടല്ല ഈ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥത്തില്‍ അഭിമുഖത്തില്‍ ഉള്‍പ്പെടാതെ പോയ (ഉള്‍പ്പെടുത്താതെ വിട്ടു കളഞ്ഞത്!) വസ്തുതകളേയും സത്യങ്ങളേയും കുറിച്ച് സൂക്ഷ്മമായ ഒരു വിശകലനം കൊണ്ടേ ഇന്നത്തെ മാധ്യമധര്‍മ്മത്തിന്റെ പൊള്ളത്തരം വ്യക്തമാക്കാന്‍ കഴിയുകയുള്ളു. അത്രത്തോളം വ്യാപ്തി ഈ കുറിപ്പിനില്ല. അഭിമുഖത്തിന്റെ അവതരണം, ചോദ്യോത്തരങ്ങളുടെ അനുസരണയുള്ള നിശ്ചിത ക്രമം, അധികാരബിംബത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള അതിന്റെ ഗതിയും നിര്‍വ്വഹണവും-തുടങ്ങിയ ഏറ്റവും ബാഹ്യമായ കാര്യങ്ങളേ പരിമിതമായ ഈ കുറിപ്പില്‍ പരാമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളു. ഉപരിപ്ലവമായ അത്തരം നോട്ടത്തില്‍പ്പോലും അഭിമുഖത്തിന്റെ കുടിലമായ ലക്ഷ്യങ്ങള്‍ വെളിപ്പെടുമെന്നാണ് കരുതുന്നത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ഒരു വ്യവസ്ഥാപിത മാധ്യമ സ്ഥാപനം കേരള മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സി ദൗത്യം വിധേയത്വത്തോടെ ഏറ്റെടുക്കാന്‍ തയ്യാറായതിന്റെ സമകാലിക യുക്തിയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തത്. കേരള സര്‍ക്കാരിന്റേയും അതിന് നേതൃത്വം കൊടുക്കുന്ന മുന്നണിയുടേയും ഭരണപരവും രാഷ്ട്രീയവും നൈതികവുമായ പരാജയങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാനുള്ള ഒരു നിഷ്ഫലയത്‌നമായാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖം വിലയിരുത്തപ്പെടേണ്ടത്.

പരസ്യങ്ങളിലൂടെ തെളിവായും വാര്‍ത്തകളിലൂടെ ഒളിവായും നടത്തുന്ന ഭരണകൂട വ്യാജപ്രചരണ യത്‌നത്തിന്റെ കബളിപ്പിക്കുന്ന തുടര്‍ച്ചയാണ് ഈ അഭിമുഖവും എന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. വ്യാജമായ ഒരു രാഷ്ട്രീയ പ്രചാരണായുധമാക്കി ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന അഭിമുഖത്തെ ഉപയോഗിക്കാനാണ് പാരമ്പര്യമുള്ള ഈ മാധ്യമസ്ഥാപനം മറയില്ലാതെ ശ്രമിക്കുന്നത്. കേരള സംസ്ഥാനം ഭരണപരമായും രാഷ്ട്രീയമായും മതപരമായും പാരിസ്ഥിതികമായും (ധാര്‍മ്മികമായും!) നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, പ്രശ്‌നങ്ങള്‍, ഇവയൊക്കെ സംഭാഷണ വിഷയമായെന്ന് വരുത്താന്‍ ചോദ്യകര്‍ത്താക്കള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. കാഴ്ചക്കാരെ കബളിപ്പിക്കുന്ന വിധത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നേരിട്ട പ്രശ്‌നങ്ങള്‍ പലതും ഉയര്‍ന്നു വരികയും ഉത്തരം തേടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വളരെ ഉപരിപ്ലവമായും ലാഘവത്വത്തോടെയുമാണ്.

സമൂഹമനസ്സിനെയാകെ മഥിച്ച തീവ്രപ്രശ്‌നങ്ങള്‍ ലളിതവല്‍ക്കരിക്കപ്പെട്ട രൂപത്തില്‍ കടന്ന് വരുന്നത്. ഏവര്‍ക്കും തൃപ്തിയുണ്ടാക്കുന്നതും സ്വീകാര്യവുമായ ഉത്തരങ്ങള്‍ മുന്‍കൂട്ടി തയ്യാര്‍ ചെയ്ത രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് മാത്രം! ചോദ്യകര്‍ത്താക്കളുടെ മൃദുവായ സമീപനങ്ങള്‍, അവയ്ക്ക് നല്‍കുന്ന റെഡിമെയ്ഡ് ഉത്തരങ്ങള്‍-എല്ലാറ്റിനും അതിന്റേതായ ഭംഗിയും ലാളിത്യവുമുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ കേന്ദ്രസര്‍ക്കാറുമായും കേന്ദ്ര ഭരണ കൂട്ടുകെട്ടുകളുമായും ദേശീയ തലത്തില്‍ അനിവാര്യമായി ഉണ്ടാകുന്ന അഭിപ്രായ സംഘര്‍ഷങ്ങള്‍ പോലും മയമാര്‍ന്ന ഭാഷയിലും, അനുനയസ്വരത്തിലുമാണ് കടന്നു വരുന്നതെന്ന് കാണാം. അഭിമുഖം നേരിട്ട് കാണുന്ന പ്രേക്ഷകന്റെ സ്വതന്ത്രമായ അഭിപ്രായ രൂപീകരണത്തിന് ഉതകുന്ന ഒട്ടേറെ വസ്തുതകള്‍ ഇതിലുണ്ടെന്ന് നിഷ്‌കളങ്കത ചമയാന്‍ ആര്‍ക്കുമാവില്ല. അവ എങ്ങനെ പരിചരിക്കപ്പെടുന്നു എന്നതിലാണ് കാര്യം.

രണ്ട് സവിശേഷതകള്‍ ഒരേസമയം അവകാശപ്പെടാന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിന് കഴിയുന്നുണ്ട്. ഒന്ന്: മാധ്യമ മേഖലയെ ഭരണഘടനയുടെ ‘നാലാം തൂണെ’ന്ന് വിശേഷിപ്പിക്കുന്നതിന് പകരം ഭരണകൂടത്തിന്റെ അധിനിവേശ വ്യവസ്ഥയുടെ ‘നെടും തൂണെ’ന്ന പുതിയ വിശേഷണമാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന് കൂടുതല്‍ യോജിക്കുക. അത്തരം കുടിലവൃത്തി സ്വന്തമാക്കിയ (പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമായ) ഒരു നൂതന പ്രവര്‍ത്തന ശൈലി നിലവില്‍ വന്നതായി അഭിമുഖം പരോക്ഷമായി അറിയിക്കുന്നുണ്ട്. ശൂന്യതയില്‍ പൊട്ടിമുളച്ചതല്ല ഇത്തരം അഭിമുഖമെന്നും മുമ്പ് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിക്കുകയും പിന്നീട് രാഷ്ട്രീയപിഴവായിക്കണ്ട് പിന്‍വലിക്കുകയും ചെയ്ത (പാപഭാരം ആരാന്റെ ചുമലിലിട്ട്) വിവാദ അഭിമുഖത്തിന്റെ ജൈവികമായ പിന്തുടര്‍ച്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിന് അവകാശപ്പെടാവുന്നതാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ‘ഇടതുപക്ഷ സര്‍ക്കാര്‍’ പിന്നിട്ട ഒന്‍പത് വര്‍ഷത്തെ ഭരണ ചെയ്തികളുടെ മാപ്പുസാക്ഷിയാകാന്‍ സ്വമേധയാ (ബാഹ്യപ്രേരണ ഒട്ടുമില്ലെന്ന ഭാവം!) സമ്മതിച്ച നൂതന വിധേയ ശൈലിയുടെ സമര്‍ത്ഥമായ പ്രയോഗരൂപമാണിത്. ഇതിന്റെ വള്‍ഗര്‍ പതിപ്പുകളാണ് മറ്റു ഭാഷാ പത്രങ്ങളും പിന്തുടരുന്നത്.

കേരളത്തിലെ (ഇന്ത്യയിലേയും) കോര്‍പറേറ്റ് മാധ്യമങ്ങള്‍ (കോര്‍പറേറ്റ് എന്നത് മേനിനടിക്കാനുള്ള വിശേഷണം) ഒട്ടുമിക്കതും വിലയ്ക്ക് വാങ്ങപ്പെട്ട ശരീരങ്ങളും ആത്മാക്കളുമാണ് തങ്ങളുടേതെന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അസുഖകരമായി കേന്ദ്ര-കേരള ഭരണ നേതൃത്വങ്ങള്‍ക്ക് തോന്നാവുന്ന ഒരൊറ്റ ചോദ്യമോ, കഴിഞ്ഞ കാലങ്ങളില്‍ നിരവധി തെളിവുകളോടെ നിയമസഭക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ട കാമ്പുള്ള ഒരൊറ്റ വിമര്‍ശനമോ അഭിമുഖ സന്ദര്‍ഭത്തില്‍ ചോദ്യോത്തരത്തിന്റെ ഹിംസാരൂപം ധരിച്ച് പരസ്പരം മുറിവുണ്ടാക്കിയതായി കാണുന്നില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ക്കുമെതിരേ മാധ്യമങ്ങള്‍ നിയമസഭയിലും ജനങ്ങള്‍ക്ക് മുമ്പിലും അവതരിപ്പിച്ച മര്‍മ്മപ്രധാനങ്ങളായ അഴിമതിയാരോപണങ്ങളൊന്നും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളുടെ രൂപത്തില്‍ ഇവിടെ ഉയര്‍ത്തപ്പെടുന്നില്ല.

തങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിവച്ചിരിക്കുന്ന അഭിമുഖ തിരക്കഥയിലെ നിശ്ചിത റോളാണ് ചോദ്യം ചോദിക്കുന്നവര്‍ക്കും ഉത്തരം പറയുന്നവര്‍ക്കും ഒത്തൊരുമയോടെ നല്‍കിയിരിക്കുന്നത്. നിഷ്‌ക്രിയരായ കാഴ്ച്ചക്കാരുടെ റോളാണ് ഇവിടെ പ്രേക്ഷകപക്ഷത്തിന് നല്‍കിയിരിക്കുന്നത്. നിഷ്‌ക്രിയതയിലും രാഷ്ട്രീയ നിരക്ഷരതയിലും തൃപ്തിയടയാന്‍ കാണികള്‍ക്ക്/ വായനക്കാര്‍ക്ക് കഴിയുമോ? അതാണ് ചോദ്യം!

രണ്ടാമത്തെ സവിശേഷത: രാഷ്ട്രീയ വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ പുതിയൊരു മാധ്യമ ഉല്‍പ്പന്നത്തിന്റെ വിപണിസാധ്യതയാണ് അഭിമുഖത്തില്‍ മുന്‍നിര്‍ത്തപ്പെടുന്നത്. ഭരണാധികാരം കൈയാളുന്നവരും മാധ്യമ കോര്‍പറേറ്റുകളും മധ്യവര്‍ഗ ഉപഭോക്താക്കളും ചേര്‍ന്ന് ഇപ്പോള്‍ രൂപപ്പെട്ടു വരുന്ന ‘അരാഷ്ട്രീയ വികസന സങ്കല്‍പ്പ’ത്തിന്റെ കമനീയ ബിംബത്തിന് നല്ല കച്ചവട സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ അതെത്രത്തോളം വിറ്റഴിക്കപ്പെടും എന്നതാണ് പ്രശ്‌നം. ആര്‍ത്തിരമ്പിവരുന്ന ആശാസമരത്തിന്റെ തിരമാലകളും ദേശീയപാതാ കൊള്ളക്കൊടുക്കക്കെതിരേ സ്വന്തം ജീവിതസുരക്ഷയെ മുന്‍നിര്‍ത്തി ഒരു ജനതയാകെ ഉയര്‍ത്തുന്ന ആരവങ്ങളും ആരുടെയെങ്കിലും കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഏറെ ‘സുഭഗ’വും ‘ശാന്തസുന്ദര’വും ‘അഹിംസാത്മകത’ ഉദ്‌ഘോഷിക്കുന്നതുമായ ‘നവകേരള’സ്വപ്‌നം സഫലമാകുന്നത് ലക്ഷോപലക്ഷം പാവപ്പെട്ട ജനതയുടെ അസ്ഥികൂടങ്ങള്‍ക്കും അവരുടെ എളിമയുള്ള സ്വപ്‌നങ്ങളുടെ ശവക്കൂനകള്‍ക്കും മുകളിലായിരിക്കുമെന്ന് തിരിച്ചറിയാനാണ് പരോക്ഷമായ രീതിയില്‍ ഇത്തരം മാധ്യമ അഭിമുഖങ്ങള്‍ നമ്മോട് പറയുന്നത്. അവരുയര്‍ത്തിക്കാട്ടുന്ന ഭാവി കേരളത്തിന്റെ ‘വ്യാജബിംബ’ത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയായിരിക്കുമെന്നും ഇത്തരം അഭിമുഖങ്ങള്‍ (സമാന സ്വഭാവമുള്ള ലേഖനങ്ങളും) നമ്മെ പരോക്ഷമായി അറിയിക്കുന്നുണ്ട്.

 

 

 

 

 

No Comments yet!

Your Email address will not be published.