Skip to main content

‘സൊയൂസ്’ മുതല്‍ ‘ഒയാസിസ്’ വരെ

പ്രഫ. കെ അരവിന്ദാക്ഷന്‍

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് വായ്പയുടെ മറവില്‍, ഒരു പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടര്‍ അതോറിറ്റിയെ ഇല്ലാതാക്കി, തല്‍സ്ഥാനത്ത് സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന സൊയൂസ് എന്ന ബഹുദേശീയ കുത്തകയെ പ്രതിഷ്ഠിക്കാനും അതുവഴി ശുദ്ധജലത്തിന്റെ ഉല്‍പ്പാദനവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കം നടന്നുവരികയാണ്. അതുവഴി കൊച്ചി കോര്‍പറേഷന്റെയും, വിശാല കൊച്ചി വികസന അതോറിറ്റിയുടെയും ഭാഗങ്ങളായ സമീപസ്ഥ മുന്‍സിപ്പല്‍ കോര്‍പറേഷനുകൡലേയും, പഞ്ചായത്തുകളിലേയും ജനങ്ങളെയാകെ ദുരന്തത്തിലാക്കാനുള്ള നീക്കങ്ങള്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്. എഡിബിയുടെ മുഖ്യ പ്രവര്‍ത്തനലക്ഷ്യംതന്നെ പൊതുമേഖലാ, സേവന സ്ഥാപനങ്ങളടക്കമുള്ളവയെ സ്വകാര്യവല്‍ക്കരിക്കുകയും അവയെ ലാഭകേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇത് സംബന്ധമായ ദുരനുഭവം ഇതിനുമുമ്പും നമുക്കുണ്ട്. തുടക്കം കൊച്ചിയില്‍ നിന്നായിരിക്കാം. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലേക്കും വ്യാപിപ്പിക്കാം. ഈ രണ്ടു പ്രധാന കോര്‍പറേഷനുകളിലും എഡിബി സഹായത്തോടെ സൊയൂസ് നടത്തുന്ന സ്വകാര്യവല്‍ക്കരണ പ്രക്രിയ എതിര്‍പ്പില്ലാതെ പ്രയോഗത്തിലാക്കാനായാല്‍, മറ്റു നഗരങ്ങളെയും-കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ തുടങ്ങിയവ ഇതില്‍പെടുന്നു-സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കുക സുഗമമായിരിക്കും.

ഇത്രയും കാര്യങ്ങള്‍ സാദ്ധ്യമാക്കാനായാല്‍ ഈ പ്രക്രിയ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും, പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക എളുപ്പമാവുമല്ലോ. മാത്രമല്ല, നമ്മുടെ സംസ്ഥാനത്ത് നഗര-ഗ്രാമപ്രദേശങ്ങള്‍ തമ്മിലുള്ള തരംതിരിക്കല്‍ അതിവേഗം അപ്രത്യക്ഷമായി വരികയുമല്ലേ?

ഇത്തരമൊരു ദീര്‍ഘകാല നിഗൂഢലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് കൊച്ചി കോര്‍പറേഷനില്‍ സിപിഎം മേയര്‍ അധ്യക്ഷനായി മേയേഴ്‌സ് കൗണ്‍സില്‍ എന്നൊരു തട്ടിക്കൂട്ട് സംവിധാനത്തിന് രൂപം നല്‍കുകയും, അതിന്റെ പ്രഥമയോഗത്തില്‍, സ്വകാര്യവല്‍ക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുക ലക്ഷ്യമാക്കി ഒരു ദ്വിമുഖ കര്‍മ്മപരിപാടിക്ക്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷിന്റെ അനുഗ്രഹാശിസുകളോടെ രൂപംനല്‍കുകയും ചെയ്തത്. ഇതിലൊന്ന് കോര്‍പറേഷന്‍ ഓഫിസ് മാനേജ്‌മെന്റ് കേന്ദ്ര സര്‍വ്വീസ് കേഡറിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ ഒഴിവാക്കി, ആഗോളകുത്തക പ്രഫഷണല്‍ മാനേജ്‌മെന്റ് ഏജന്‍സികളായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനേയും മറ്റും ഏല്‍പിക്കുക. രണ്ടാമതായി, കുടിവെള്ള സപ്ലൈ മാനേജ്‌മെന്റും ചില്ലറ വിതരണവും എഡിബി വായ്പാ ലഭ്യതയുടെ മറവില്‍ സോയൂസിനെയും മറ്റും ഏല്‍പിക്കുക. ഈ രണ്ടു പ്രക്രിയകളും പൂര്‍ത്തികരിക്കപ്പെടുന്നതോടെ, കുടിവെള്ളവും, ആരോഗ്യസുരക്ഷയും മനുഷ്യന്റെ ജന്‍മാവകാശങ്ങളാണെന്ന ലോകാരോഗ്യ സംഘടനകളടക്കമുള്ളവയുടെ സാര്‍വ്വദേശീയ പ്രാധാന്യമുള്ള പ്രഖ്യാപനങ്ങള്‍ പാഴ്‌വേലയായി മാറും. ‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നത് മരീചികയായി മാറും. ഏതായാലും, കുടിവെള്ള വിതരണവും, തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭരണനിര്‍വ്വഹണവും, സര്‍ക്കാര്‍ നിയന്ത്രണമുക്തമാകുകയും സ്വകാര്യ, പ്രൊഫഷണല്‍ ഏജന്‍സികളില്‍ നിക്ഷിപ്തമാക്കപ്പെടുകയും ചെയ്യും എന്നത് ഉറപ്പാണ്.

എഡിബിയുടെ പങ്കാൡത്തം സംബന്ധമായ വിവരങ്ങള്‍ തുടക്കത്തില്‍ രഹസ്യമായി നിലനിര്‍ത്താന്‍ ശ്രമം നടന്നെങ്കിലും, പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളോടൊപ്പം സിഐടിയു, എഐടിയുസി തുടങ്ങിയവയും പരസ്യമായി സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരായി രംഗത്ത് വന്നതോടെ, സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കേണ്ടിവന്നു. ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുന്ന കേരള കോണ്‍ഗ്രസ്് എമ്മിലെ റോഷി അഗസ്റ്റിന് ഭരണനേതൃത്വം നല്കുന്ന സിപിഎംനോട് നേര്‍ക്കു നേര്‍ നിന്ന് വിലപേശാനുള്ള ശക്തിയോ, താല്‍പര്യമോ ഇല്ലെന്നതും പരസ്യമായൊരു രഹസ്യമാണ്. സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കന്നവര്‍ക്കെല്ലാം ‘കമഴ്ന്നുവീണാല്‍ കാല്‍പണം’ എന്ന തത്ത്വത്തില്‍ മാത്രമേ വിശ്വാസമുള്ളു എന്നതും ഒരു വസ്തുതയാണല്ലോ.

ഇപ്പോള്‍ ജനതാദള്‍(എസ്) ആര്‍ജെഡി തുടങ്ങിയ കക്ഷികളും സര്‍ക്കാര്‍ തീരുമാനത്തിനെതിരായ നിലപാടുകള്‍ എടുത്തതായി കാണുന്നു.

എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോയില്‍ ഇല്ലാത്തൊരു ഇനം എന്ന നിലയില്‍ എഡിബിയിലൂടെ സോയൂസിന്റെയും ഒയാസിസിന്റേയും നുഴഞ്ഞുകയറ്റം ജലവിതരണ സംവിധാനത്തിന്റെ വിതരണ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് സംസ്ഥാന സര്‍ക്കാരിനെ കൊണ്ടെത്തിച്ചതില്‍ ദുരൂഹത സംശയിക്കുന്നതില്‍ തെറ്റില്ല. എല്‍ഡിഎഫിന്റെ പരിഗണനയ്ക്കും അംഗീകാരത്തിനും സമര്‍പ്പിക്കപ്പെടാതിരുന്ന വിവാദ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി വന്നു എന്നതിലും ദുരൂഹതകള്‍ ഉണ്ട്.

സാമ്പത്തിക വികസനത്തിന്റെ ലക്ഷ്യം ജനനന്‍മയും ജനതാല്‍പര്യങ്ങളും ഏതു വിധേനയും സംരക്ഷിക്കുകയും ഉറപ്പാക്കുകയും വേണം എന്നതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഭരണം നടത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ആണ് മനുഷ്യജീവന് അനിവാര്യമായ കുടിവെള്ളലഭ്യത സ്വകാര്യ ചൂഷണത്തിന് എറിഞ്ഞു കൊടുക്കുന്നതെന്ന് ഓര്‍ക്കുക.

നഗരഭരണം പ്രഫഷണലൈസ് ചെയ്യുന്നതിലും കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിലും ഒതുങ്ങി നില്‍ക്കുന്നില്ല വികസനത്തിന്റെ തലതിരിഞ്ഞ പോക്ക്. വമ്പിച്ച ജനരോഷത്തെയും ജനകീയ സമരത്തിന്റെ വേലിയേറ്റത്തെയും തുടര്‍ന്ന് വമ്പന്‍ എംഎന്‍സിയായ കൊക്കക്കോള കമ്പനിയെ, മയിലമ്മ എന്ന ആദിവാസി സ്ത്രീയുടെയും തദ്ദേശീയ ജനതയുടെയും ചെറുത്തുനില്‍പ്പനെ തുടര്‍ന്ന് കെട്ടുകെട്ടിച്ച കഞ്ചിക്കോടിന് സമീപമുള്ള എലപ്പുള്ളി പഞ്ചായത്തില്‍ ദുരൂഹതകള്‍ ഏറെയുള്ള ഒയാസിസ് എന്ന ആഗോള കുത്തക മദ്യക്കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത്ര നയപരമായ ഒരു തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് എല്‍ഡിഎഫില്‍ നാമമാത്രമായ ഒരു ചര്‍ച്ചപോലും നടന്നിട്ടില്ല എന്നുള്ളത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ വിഷയത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്സിന്റെ നേതാവും വെള്ളാപ്പള്ളിയുടെ പുത്രനുമായ തുഷാര്‍ വെള്ളാപ്പള്ളി എലപ്പുള്ളിക്കാര്‍ക്ക് ആവശ്യമില്ലെങ്കില്‍ മദ്യ കമ്പനി ചേര്‍ത്തലയിലേക്ക് കൊണ്ടുവന്നുകൂടെ എന്ന ചോദ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയത് വിവാദത്തിന് പുതിയൊരു മാനം കൂടി നല്‍കിയിരിക്കുകയാണ്.

എലപ്പുള്ളി പഞ്ചായത്തും കഞ്ചിക്കോട്- പെരുമാട്ടി പഞ്ചായത്തും അടക്കമുള്ള പ്രദേശങ്ങളിലെ ജനതയും മദ്യ നിര്‍മ്മാണ കമ്പനിക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. മന്ത്രിസഭയില്‍ അംഗത്വമില്ലെങ്കിലും എല്‍ഡിഎഫിന്റെ ഘടകമായി തുടരുന്ന ആര്‍ജെഡിയും പരസ്യമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഈ പാര്‍ട്ടി നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ സജീവ നേതൃത്വത്തിലുള്ള സമരമാണ് പ്ലാച്ചിമടയില്‍ നിന്നും കൊക്കകോള കമ്പനിയെ കെട്ടുകെട്ടിച്ചതിലൂടെ ചരിത്രത്തില്‍ ഇടം കണ്ടെത്തിയതും. ഈ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍- ജലക്ഷാമവും പരിസര ജലസ്രോതസ്സുകളിലെ ജലമലിനീകരണവും, ഭൂഗര്‍ഭ ജലം ഊറ്റലും മറ്റും ഇന്നും നിര്‍ദിഷ്ടപദ്ധതി പ്രദേശത്തും പരിസരപ്രദേശങ്ങളിലും അതേപടി നിലനില്‍ക്കുകയാണ്.

ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒയാസിസ് കമ്പനിയുമായുള്ള ചങ്ങാത്തം വികസന സൗഹൃദ നയത്തിന്റെ മറവിലായാല്‍ പോലും അനുവദിക്കാന്‍ കഴിയുന്നതല്ല. പ്രതിദിനം 10 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമായി വരുമെന്ന് ഏകദേശം കണക്കാക്കപ്പെട്ടിരിക്കുന്ന ഈ കമ്പനിക്ക് ആവശ്യമായ മുഴുവന്‍ വെള്ളവും കേരള വാട്ടര്‍ അതോറിറ്റി മലമ്പുഴയില്‍ നിന്നോ, പാലക്കാട് ടൗണ്‍ അതോറിറ്റി തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന 12.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നോ ലഭ്യമാക്കുമെന്ന് കരാറില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ടത്രെ!

മലമ്പുഴയുടെ ശേഷി 226 ദശലക്ഷം ക്യുബിക് മീറ്ററും പാലക്കാട് നഗരത്തിനു മാത്രം കുടിവെള്ളത്തിന്റെ പ്രതിദിന ആവശ്യം 400 ദശലക്ഷം ലിറ്ററും ആണെന്നിരിക്കെ എന്തായിരിക്കും ഇത്തരം കണക്കുകൂട്ടലുകളുടെ പ്രത്യാഘാതം എന്ന് ഊഹിക്കാന്‍ പാഴൂര്‍ പടി വരെയൊന്നും പോകേണ്ട കാര്യമില്ലല്ലോ. ഇതിനിടെ 5 വര്‍ഷത്തിനുള്ളില്‍ പാലക്കാട് ജില്ലയില്‍ വറ്റിയത് പതിനായിരത്തിലേറെ കിണറുകളാണ്. അത്രതന്നെ കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. 60 ശതമാനം ജലാശയങ്ങളും നാശത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഹരിത കേരളവിഷന്‍ ജില്ലാ ഭരണകൂടത്തിനും തദ്ദേശഭരണ സംവിധാനങ്ങള്‍ക്കും നല്‍കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ആണിത്. പാലക്കാട് ജില്ലയില്‍ ആകെയുള്ള 50000 കിണറുകളുടെ ഏകദേശം സ്ഥിതി കൂടിയാണ് ഇത്. കുഴല്‍ക്കിണറുകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 5 വര്‍ഷക്കാലയളവില്‍ വറ്റിയത് ആയിരം എണ്ണമാണ്. 3000 കിണറുകളില്‍ ആവശ്യത്തിന് വെള്ളവുമില്ല.

വാട്ടര്‍ അതോറിറ്റിയുടെ കണക്കനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്ന എലപ്പുള്ളി മദ്യനിര്‍മ്മാണ പദ്ധതിക്ക് സമാനമായ മാതൃകയിലുള്ള ഒരു ജലലഭ്യത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ സമ്മതത്തോടെ ഘട്ടം ഘട്ടമായാണ് വെള്ളം ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ ബോട്ടിലിങ് നിര്‍മ്മാണ യൂണിറ്റും രണ്ടാമത്തെ ഘട്ടത്തില്‍ എത്തനോള്‍ പ്ലാന്റിന്റെ പേരിലും മൂന്നാം ഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റിനും വെള്ളം ലഭ്യമാക്കുമെന്ന് അസന്നിഗ്ധമായ വിധത്തില്‍, ഒയാസിസ് കമ്പനിയുടെ ഔദ്യോഗിക വക്താവ് എന്ന് തോന്നിക്കുന്ന വിധം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തന്നെ പലകുറി തന്റെ നീതികരണ യജ്ഞത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ആദ്യ മൂന്നു ഘട്ടങ്ങള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കപ്പെട്ടതോടെ, നാലാം ഘട്ടത്തില്‍ ബ്രൂവെറി സ്ഥാപനത്തിന് പൂര്‍ണ്ണസജ്ജമായ നിലയില്‍ കാര്യങ്ങള്‍ വന്നു ചേരുകയും ചെയ്യും. അപ്പോള്‍ പിന്നെ വ്യവസായ സൗഹൃദ കേരളത്തിന് ഒരു പൊന്‍തൂവല്‍ കൂടി ലഭ്യമാവില്ലേ? മാത്രമല്ല, ഇതിലൂടെ 600 കോടി മൂലധന നിക്ഷേപം ഏകജാലക സംവിധാനം എന്ന അത്യാധുനിക മാര്‍ഗത്തിലൂടെയും 650 പേര്‍ക്ക് പുതുതായി തൊഴിലവസരങ്ങളും ലഭ്യമാകുന്നു. തൊട്ടടുത്തുതന്നെയുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചിറ്റൂര്‍ ഷുഗര്‍ മില്ലിന്റെ ആസ്ഥാനത്ത് മലബാര്‍ ഡിസ്റ്റിലറീസ് ഏറെക്കുറെ സര്‍വ്വ സജ്ജമായ നിലവിലുണ്ടെങ്കിലും, ആ സ്ഥാപനം ഇന്നും പൂട്ടിക്കിടക്കുകയാണ്. ആയിരത്തോളം തൊഴിലാളികള്‍ യാതൊരു ഗതിയുമില്ലാതെ തൊഴിലവസരങ്ങളും കാത്ത് ഇവിടങ്ങളില്‍ കഴിഞ്ഞു കൂടുകയുമാണ്.

ഈ ദുരന്ത പദ്ധതിക്ക് ആവശ്യമായ 24 ഏക്കര്‍ ഭൂമി ഒയാസിസിന് സംസ്ഥാന ഭരണകൂടത്തിന്റെ മൗനാനുവാദത്തിലൂടെയായിരിക്കണം, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നിരവധി കുറുക്കുവഴികളിലൂടെ സംഘടിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലേക്കായി ഒരു കോളേജിന്റെ ലേബലാണ് ദുരുപയോഗപ്പെടുത്തിയത്. നിരപരാധികളായ നിരവധി ചെറുകിട ഭൂഉടമകളെയും താമസക്കാരെയും ഇതിന്റെ പേരില്‍ കബളിപ്പിച്ച് വ്യാജരേഖകള്‍ വഴി ഭാവിയില്‍ തുടങ്ങാനിരിക്കുന്ന ഡിസ്റ്റിലറിക്കായി, തുണ്ടുഭൂമി വിളക്കിച്ചേര്‍ത്ത് കൈയേറിയിരിക്കുന്നുവെന്ന ആക്ഷേപം സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. ഇതു സംബന്ധമായ പരാതികള്‍ നിരവധി തദ്ദേശവാസികളില്‍ നിന്നും എലപ്പുള്ളി പഞ്ചായത്തില്‍ ഇതിനകം കിട്ടിയിട്ടുണ്ട്. ഏതായാലും പഞ്ചായത്ത് അടിയന്തരയോഗം ചേര്‍ന്ന് ഡിസ്റ്റിലറിക്കെതിരായ നിലപാടാണ് എടുത്തിട്ടുള്ളതും. ഈ തീരുമാനത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ നിശബ്ദ പിന്തുണ മാത്രമായിരുന്നു ലഭിച്ചത് എന്നതും രസകരമായി തോന്നുന്നു.

രസകരമായ മറ്റൊരു വസ്തുത മലമ്പുഴ അണക്കെട്ടില്‍ നിന്നും ബ്രൂവറിക്കായി ഡാമിലെ വെള്ളം വിനിയോഗിക്കരുതെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഒരു വിധി 2018ല്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്. എലപ്പുള്ളിയിലെ നിര്‍ദിഷ്ട പ്ലാന്റ് അതും മദ്യനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏത് ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തിനായാലും കുടിവെള്ളം ലഭ്യമാക്കുന്നത് അനീതിയാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കിന്‍ഫ്ര വഴിയായാലും മറ്റ് വിധത്തിലായാലും ഒയാസിസിന് ഡിസ്റ്റിലറിക്കായി വെള്ളം ലഭ്യമാക്കാനുള്ള നടപടി കോടതിയലക്ഷ്യം തന്നെയാണ്.

നിയമങ്ങളുടെ ദുരുപയോഗങ്ങള്‍ക്ക് പുറമേ ദുരൂഹതകളുടെ പരമ്പരയും ഇടപാടിന്റെ ഭാഗമായുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡിസ്റ്റിലറിക്ക് ആവശ്യമായ വെള്ളം മഴവെള്ളസംഭരണി വഴി സംഭരിക്കുമെന്ന അവകാശവാദം. കമ്പനി മാനേജ്‌മെന്റ് മാത്രമല്ല കമ്പനിക്കായി തദ്ദേശഭരണ മന്ത്രി എം ബി രാജേഷും മറ്റും ഏറെക്കാലമായി ഇതുതന്നെയാണ് ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഏറെക്കാലമായി ഒരു മഴനിഴല്‍ പ്രദേശമായി തുടരുന്ന പാലക്കാട് ജില്ലയുടെ ഈ ഗ്രാമപ്രദേശത്ത് മഴവെള്ള സംഭരണി വഴി ഡിസ്റ്റിലറിക്ക് വെള്ളം ആവശ്യാനുസരണം ലഭ്യമാകുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമല്ലെങ്കില്‍ മറ്റെന്താണ്? ഇതൊന്നും മതിയാകാതെ വരുന്നപക്ഷം ഭൂഗര്‍ഭജലത്തെയും ആശ്രയിക്കാമെന്നാണത്രേ ഒയാസിസിനോടൊപ്പം സംസ്ഥാന സര്‍ക്കാരും അവകാശപ്പെടുന്നത്! ഇതിനിടെ കേന്ദ്ര ഭൂഗര്‍ഭജല വിഭവ അതോറിറ്റി ഈ പ്രദേശത്തെയാകെ ഭൂഗര്‍ഭജല വിഭവ ചൂഷണത്തില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയുമാണ്. അങ്ങനെ ആ കുറുക്കുവഴിയും അടഞ്ഞു പോയിരിക്കുന്നു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്.

ഒയാസിസ് കൊമേഴ്‌സ്യല്‍ എന്ന പേരിലുള്ള ഈ കമ്പനി ഇതിനകം തന്നെ നികുതി വെട്ടിപ്പ് അടക്കമുള്ള അതിന്റെ ദുഷ്‌ചെയ്തികളിലൂടെ ഡല്‍ഹിയിലെയും പഞ്ചാബിലെയും അഴിമതി ഇടപാടുകളിലൂടെ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിനെയും മറ്റു ചില മന്ത്രിമാരെയും മോദി സര്‍ക്കാരിന്റെ ഒത്താശകളുടെ കൂടി സഹായത്തോടെ ജയിലിലാക്കിയത് നമുക്കറിയാം. പഞ്ചാബിലാണെങ്കില്‍ ഒയാസിസ് കമ്പനി ജനദ്രോഹത്തിനു മറ്റൊരു മാനം കൂടി നല്‍കിയിരിക്കുന്നു. അതായത് ഡിസ്റ്റിലറിക്കായി ജലവിഭവ ചൂഷണം ഒരു പരിധിക്ക് അപ്പുറം നടത്തുക മാത്രമല്ല, സംസ്ഥാനത്തെ ഒരു പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെ ആകെത്തന്നെ മലിനമാക്കുകയും, ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുകയുംകൂടി ചെയ്തിട്ടുണ്ട്. ജല- വായു-പരിസര മലിനീകരണം അസഹനീയമായതിനെ തുടര്‍ന്ന് ഒയാസീസിനെ പഞ്ചാബില്‍ നിന്നും അടിച്ചു പുറത്താക്കി. ഇത്തരമൊരു ‘തിളക്കത്തില്‍’ അകപ്പെട്ട് നിസ്സഹായാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പേരില്‍ അര്‍മാദിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒയാസിസിസിന് യഥാര്‍ത്ഥത്തില്‍ എലപ്പുള്ളി ഗ്രാമം ഒരു പച്ചത്തുരുത്തായി കിട്ടുന്നത്.

പരിസ്ഥിതിവാദികള്‍ എന്നൊരു കൂട്ടം വികസനവിരുദ്ധ വിദ്രോഹ ശക്തികള്‍ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുമ്പോള്‍ സാധാരണക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമിട്ട് മറ്റൊരു അടവും കൂടി ഒയാസിസ് എന്ന മദ്യകമ്പനി അതിവിദഗ്ധമായി പ്രയോഗിച്ചിരിക്കുന്നു. എന്താണിതെന്നോ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന വ്യാജേനയാണ് ഈ മദ്യ കമ്പനി രംഗത്ത് വരുന്നത്. ഈ തന്ത്രം വിജയിക്കണമെങ്കില്‍ മുന്നണിയിലെ രണ്ടാം പ്രബലകക്ഷിയായ സിപിഐയേയും മെരുക്കി എടുക്കണം. അതിനും അവര്‍ ഒരു അടവും തന്ത്രവും ആവിഷ്‌കരിച്ചു. കൃഷി-ഭക്ഷ്യവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐ മന്ത്രിമാരായ പി പ്രസാദിനെയും ജി ആര്‍ അനിലിനെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോടൊപ്പം കൂടെ നിര്‍ത്തണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒയാസിസ് കൊമേഴ്‌സ്യല്‍ വിചിത്രമായ ഒരു അവകാശവാദവുമായി രംഗത്ത് വന്നു. അരി- ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയാത്ത- കരിമ്പ്, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ മധ്യനിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാക്കുക എന്ന പൊടിക്കൈ പ്രയോഗം ആയിരുന്നു അത.് ഇതുവഴി ഈ പ്രദേശത്തെ കാര്‍ഷിക മേഖലകള്‍ക്കും വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമത്രേ! എലപ്പുള്ളി പഞ്ചായത്ത് നിവാസികള്‍ ഈ ചതിപ്രയോഗത്തിന് വഴിപ്പെട്ടില്ലെന്നു മാത്രമല്ല, പഞ്ചായത്ത് വനിതാ പ്രസിഡന്റ് നേരിട്ട് തന്നെ അവര്‍ക്കുള്ള എതിര്‍പ്പ് മാധ്യമങ്ങളെ അറിയിച്ചു. മാത്രമല്ല, പഞ്ചായത്ത് യോഗം ചേര്‍ന്ന് പദ്ധതിക്കെതിരായി പ്രമേയം പാസാക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ പഞ്ചായത്ത് പ്രസിഡന്റ് പോലും ആ പ്രദേശത്ത് ഒരു മദ്യനിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നു എന്ന വിവരം അറിയുന്നത് മാധ്യമവാര്‍ത്തകളിലൂടെയാണ് എന്ന് മാലോകരെ അറിയിക്കുകയും ചെയ്തിരിക്കുന്നു. എലപ്പുള്ളിയിലേയും മറ്റു സമീപപ്രദേശങ്ങളിലെയും പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ സുലഭമാകുമ്പോഴെല്ലാം അവയുടെ സംസ്‌കരണത്തിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം നടത്തിവരുന്നുമുണ്ട്. ആ നിലയ്ക്ക് ഇതെല്ലാം ഒയാസിസിന് കൈമാറി മദ്യനിര്‍മാണം പ്രോത്സാഹിപ്പിക്കേണ്ട കാര്യം തന്നെ അപ്രസക്തമാണ്.

ഇത്തരം വസ്തുതകളുടെയും ആധികാരികമായ കണക്കുകളുടെയും പശ്ചാത്തലം നിലവിലിരിക്കെ വികസന പദ്ധതികളുടെ ആത്യന്തിക ലക്ഷ്യം ജനക്ഷേമം അടക്കമുള്ള ജനതാല്‍പര്യ സംരക്ഷണം ഉറപ്പാക്കുന്നതിന് ജനങ്ങള്‍ രംഗത്തിറങ്ങുകയാണ്. കുടിവെള്ളം ഉള്‍പ്പെടെയുള്ള വെള്ളത്തിന്റെ സൂക്ഷിപ്പും വിതരണവും സ്വകാര്യവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ട,് എഡിബി വായ്പയുടെ മറവില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ ആഗോള കുത്തകയായ സോയൂസിനെ ക്ഷണിക്കുന്നതിനും കൃഷിക്കും കുടിവെള്ളത്തിനും പോലും വേണ്ടത്ര ജലസ്രോതസ്സുകള്‍ ഇല്ലാത്ത പാലക്കാട് ജില്ലയില്‍ ഒയാസിസ് കമേഴ്‌സ്യല്‍ എന്നു പേരുള്ള ഒരു കറക്കു കമ്പനിക്ക് ബ്രൂവെറി ലൈസന്‍സ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനുമെതിരേ സര്‍വ്വശക്തിയും വിനിയോഗിച്ച് രംഗത്തിറങ്ങണം. ‘ഒരു യുവ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച കാലയളവില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച എം ബി രാജേഷ്, സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എന്ന പദവിയില്‍ എത്തിയതോടെ പുതിയൊരു അവതാരമായി രൂപാന്തരപ്പെട്ടു എന്നാണ് നിരവധി നിരീക്ഷകര്‍ ഉന്നയിക്കുന്ന സംശയം. കൊച്ചി കോര്‍പ്പറേഷന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് നിരവധിവട്ടം തീപിടിത്തം ഉണ്ടായ ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ചുമതല ബോണ്‍ട്ടാ ഇന്‍ഫ്രാ ടെക് എന്ന തരികിട സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതിനെ ചുറ്റിപ്പറ്റി ഗുരുതരമായ സ്വജനപക്ഷപാതവും അഴിമതി ആരോപണവുമാണ് എം ബി രാജേഷിന് നേരിടേണ്ടിവന്നത്. അന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹം ബോണ്‍ട്ടാ ഇന്‍ഫ്രാ ടെക്കിന്റെ പ്രവര്‍ത്തന മേന്‍മയെ വാനോളം പുകഴ്ത്തുക മാത്രമായിരുന്നില്ല, കോണ്‍ഗ്രസ് ഭരണത്തിലിരുന്ന രാജസ്ഥാനിലും പഞ്ചാബിലും ഈ കമ്പനിയുടെ സേവനങ്ങളാണ് അവിടത്തെ സര്‍ക്കാരുകള്‍ വിനിയോഗിച്ചു വരുന്നത് എന്നെല്ലാം പ്രഖ്യാപിച്ചു. ഏറെ താമസിയാതെ ഏഷ്യാനെറ്റ് ലേഖകന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ മാലിന്യ സംസ്‌കരണ കമ്പനിയുടെ തനിനിറം പുറത്തുവന്നതും, കണ്ണൂര്‍ കോര്‍പ്പറേഷനും തുടര്‍ന്ന് കോഴിക്കോട് നഗരസഭയും ഈ കമ്പനിയെ തള്ളിക്കളഞ്ഞതും. സിപിഎം ഭരണസാരത്ഥ്യം വഹിച്ചിരുന്ന കൊല്ലം കോര്‍പ്പറേഷനും ഇതേ പാത സ്വീകരിച്ചു. അന്ന് ബോണ്‍ട്ടാ ഇന്‍ഫ്രാ ടെക്കിനെ വാനോളം പുകഴ്ത്തിക്കൊണ്ട് നടത്തിയ നീതികരണ മാതൃകതന്നെയാണ് മന്ത്രി രാജേഷ് പിന്നീടും സ്വീകരിച്ചത്. ഏതായാലും കൊച്ചി കോര്‍പ്പറേഷന്‍ ഒടുവില്‍ ഗത്യന്തരന്തരമില്ലാതായപ്പോള്‍ ഈ കറക്കു കമ്പനിയെ പറഞ്ഞു വിട്ടു. ബിപിസിഎല്‍ എന്ന പൊതുമേഖല കമ്പനിയുമായി ധാരണയിലുമെത്തി. ഒയാസിസിന്റെ ഗതിയും സോയൂസിന്റെ ഗതിയും മറിച്ചാകാന്‍ സാധ്യത വിരളമാണെന്ന് തന്നെ വേണം കരുതാന്‍. കാത്തിരുന്നു കാണുക തന്നെ.

 

No Comments yet!

Your Email address will not be published.