Skip to main content

സരസ്വതി വിജയവും ഇന്ദുലേഖയും തമ്മില്‍ സംസാരിക്കുന്നത്

പി ടി കുഞ്ഞാലി

എങ്ങനെയാണ് കേരളീയ നവോത്ഥാനം സാധ്യമായത് എന്നത് എന്നും സംവാദവിഷയമാണ്. അത് ദേശീയ പ്രസ്ഥാനം ലഭ്യമാക്കിയതാണെന്നും വായനശാലകളും ഗ്രന്ഥശാലകളുമാണ് അവകാശികളെന്നും ഇനി ഭൂപരിഷ്‌കരണ നിയമമാണെന്നും ജ്ഞാനോദയപരമായ ആശയം മുന്നോട്ട് വച്ച നാരായണഗുരുവാണെന്നും ഗള്‍ഫ് പ്രവാസം കൊണ്ടുവന്ന സാമ്പത്തികനിരപ്പുകളാണെന്നും പാതിരിമാര്‍ പണിത പള്ളിക്കൂടങ്ങളാണെന്നും തരം പോലെ തര്‍ക്കിക്കുന്നവരുണ്ട്. ഇതിലൊക്കെയും നവോത്ഥാന പ്രക്രിയയുടെ സൂക്ഷ്മരേണുക്കളും പരാഗണങ്ങളുമുണ്ടെന്നതാണ് സത്യം. കേരളീയനവോത്ഥാനം ഞങ്ങള്‍ എഴുതിയുണ്ടാക്കിയതാണെന്ന് തകഴി അവകാശപ്പെട്ടിട്ടുണ്ട്. കേരളീയനവോത്ഥാനം നടത്തിയെടുത്തത് ഇപ്പറഞ്ഞതെല്ലാം കൂടിയാണെന്ന് കരുതുകയാണ് യുക്തിസഹം. തകഴി പറഞ്ഞത് ഇതില്‍ പ്രധാനമാണ്. ചങ്ങമ്പുഴയുടെ ‘വാഴക്കുലയും’ കേശവദേവിന്റെ ‘ഓടയില്‍ നിന്നും തുടങ്ങി ചെറുകാടും ബഷീറും തോപ്പില്‍ഭാസിയും പൊെറ്റക്കാട്ടും വയലാറും മറ്റു നിരവധി എഴുത്തുകാരും കവികളും നാടകകൃത്തുക്കളും ചേര്‍ന്ന് ജയിച്ചതാണ് കേരളീയ നവോത്ഥാനത്തിന്റെ അശ്വമേധം. ഇത് സാധിച്ച രചനകളുടെ ഗണത്തില്‍ ഏറ്റവും ആകരമേതെന്ന അന്വേഷണത്തില്‍ നാം എത്തിച്ചേരുന്നത് പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതി വിജയ’മെന്ന ഉത്തരത്തിലാവും.

നാം മലയാളികള്‍ ഇന്നും കൂടുതല്‍ വായിക്കുന്നത് നോവല്‍ സാഹിത്യം തന്നെയാണ്. നമ്മുടെ നോവല്‍ ചരിത്രത്തിന് 1882ഓളം പഴക്കമുണ്ട്. സീക്കണ്‍ കോശിയുടെ ‘പുല്ലേലി കുഞ്ചു’ മുതല്‍ അത് ആരംഭിക്കുന്നു. ശേഷം 1887ല്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലതയും 1889ല്‍ ചന്തുമേനോന്റെ ‘ഇന്ദുലേഖ’യും പ്രസാധിതമായി. എന്നാല്‍ ഈ നോവലുകളില്‍ നിന്നൊക്കെയും തികച്ചും വ്യത്യസ്തമായൊരു ജ്ഞാനപരിസരമാണ് ‘സരസ്വതി വിജയ’-ത്തില്‍ പോത്തേരി കുഞ്ഞമ്പു സ്വീകരിച്ചിട്ടുള്ളത്. കലിംഗരാജ്യവും പ്രധാനമന്ത്രിയും കുന്തളരാജാവും അവരുടെ മൃഗയാവിനോദങ്ങളും യുദ്ധങ്ങളുമൊക്കെയാണ് കുന്ദലതയിലെ കഥയെങ്കില്‍ ഇന്ദുലേഖയില്‍ ഒരു പ്രബല നായര്‍ തറവാട്ടിനകത്ത് നടക്കുന്ന പ്രണയകഥയാണ് മുഖ്യം. ആ തറവാട് മഹിമയും ബ്രാഹ്മണ്യവിധികളും വിട്ട് സാമൂഹ്യ ജീവിതത്തിന്റെ വിശാലതയിലേക്ക് ഇന്ദുലേഖ ഒരിക്കലും സഞ്ചരിക്കുന്നേയില്ല. ചന്തുമേനോന് അതിന്റെ ആവശ്യവുമില്ല. കാരണം അദ്ദേഹത്തിന് സാമൂഹ്യ നിരാകരണത്തെയോ ആശയാധികാരവ്യവസ്ഥയെയോ വിമര്‍ശിക്കേണ്ടതില്ല. മേനോന്റെ സമൂഹം പൊതു ജീവിതത്തില്‍ പരമസുരക്ഷിതരാണ്. അതുകൊണ്ടാണ് അരസികനായ ഒരു മുതുക്കന്‍ ബ്രാഹ്മണന്റെ കോപ്രായങ്ങള്‍ മാത്രം അവതരിപ്പിച്ചുകൊണ്ട് ചന്തുമേനോനും കഥാപാത്രങ്ങളും സാമൂഹിക ജീവിതത്തില്‍ നിന്ന് ഒളിച്ചു പോയത്. പൊതു വ്യവഹാരങ്ങളില്‍ അന്തര്‍ഭവിച്ച മാപ്പില്ലാത്ത അപരാധങ്ങളെ തീര്‍ത്തും വ്യക്തിപരമായി ചുരുക്കുകയും ചെയ്തത് എന്ന് കാണാം.

അതുകൊണ്ടുതന്നെ ഇന്ദുലേഖ നവോത്ഥാനപരമായി യാതൊന്നും സംസാരിക്കുന്നില്ല എന്ന് പറയേണ്ടിവരും. കാരണം നിലനില്‍ക്കുന്ന ആശയാധികാരവ്യവസ്ഥയെ (hegemony) ചോദ്യം ചെയ്യുന്ന ആവിഷ്‌കാരങ്ങളെയാണ് നവോത്ഥാനപരമെന്ന് പൊതുവേ പരികല്‍പ്പിക്കുന്നത്. അപ്പോഴേ എഴുത്ത് ജ്ഞാനോദയപരമായ ദര്‍ശനം മുന്നോട്ടുവച്ചതായി പറയാനൊക്കൂ. ആശയാധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും ജ്ഞാനോദയ ദര്‍ശനത്തെ ഏറ്റെടുക്കുന്നതുമായ ഒരു ആശയാവിഷ്‌കാരമാണ് തീര്‍ച്ചയായും കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’. വെറുതെയല്ല ‘ഇന്ദുലേഖ’ നിരന്തരം പ്രസാധിതമാവുകയും പാഠപുസ്തകങ്ങളായി സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലും സര്‍വകലാശാലകളിലും നിരവധികാലം തലമുറകള്‍ പഠിച്ചറിയുകയും ചെയ്തപ്പോള്‍ ‘സരസ്വതീവിജയ’ത്തെ നൂറ്റാണ്ടിലധികം കാലമായി പൊതുമണ്ഡലത്തിലെത്താന്‍ സാധിക്കാത്ത വിധം അധികാരവ്യവസ്ഥകള്‍ ബോധപൂര്‍വം ഇരുമ്പറയില്‍ പുതച്ചു കിടത്തിയത്. എത്രയോ ദശവര്‍ഷങ്ങള്‍ക്ക് ശേഷമാണീ പുസ്തകം വീണ്ടും വായനക്കെത്തുന്നത്. കോഴിക്കോട്ടെ പ്രധാന പ്രസാധകരായ വചനം ബുക്‌സാണിപ്പോള്‍ ഈ മഹത്തായ ദൗത്യം ഏറ്റെടുത്ത് വായനക്കാര്‍ക്കെത്തിച്ചത്. ചരിത്ര പ്രധാനങ്ങളായ പ്രൗഢ ഗ്രന്ഥങ്ങള്‍ വീണ്ടും പ്രകാശിപ്പിക്കാനുള്ള അവരുടെ ദൗത്യത്തിന്റെ ഭാഗമായാണ് ‘സരസ്വതീ വിജയം’ സമൂഹത്തിലെത്തിയത്.

മനുപ്രോക്തബ്രാഹ്മണ്യത്തിന്റെ കടും വക്താവായ കുബേരന്‍ നമ്പൂതിരിയാണ് സരസ്വതിവിജയത്തിലെ നായകന്‍. കുബേരന്‍ നമ്പൂതിരി പരിവാരസമേതനായി ഇല്ലത്തേക്ക് വരുമ്പോള്‍ പാടവരമ്പില്‍ നിന്ന് ഒരുഗാന തല്ലജം ഉറന്നു വരുന്നു. ഗാനമാധുരിയില്‍ ഭ്രമിച്ച നമ്പൂതിരി ഗായകനാരാണെന്ന് തിരക്കാന്‍ ശിങ്കിടിയായ രാമന്‍കുട്ടി നമ്പ്യാരെ നിയോഗിക്കുന്നു. പാട്ടുപാടിയത് പുലയച്ചെറുക്കനായ മരത്തന്‍ ആണെന്ന് നമ്പ്യാര്‍ കണ്ടെത്തി. അതോടെ പാട്ടിനോട് തോന്നിയ ഇഷ്ടം നമ്പൂതിരിക്ക് ഈര്‍ഷ്യയും വെറുപ്പുമായി മാറി. ഇതിന് ഒറ്റക്കാരണമേ നമ്പൂതിരിയ്ക്കുള്ളൂ. അത് ജാതിബോധം മാത്രമാണ്. കുബേരനെ ആസകലം നയിക്കുന്നത് സ്മൃതി പ്രോക്ത ആഢ്യ ബ്രാഹ്മണ്യ ജാതിബോധമാണ്. പാട്ടുപാടിയ മരത്തനെ നമ്പൂതിരിയുടെ ശിങ്കിടി പാടവരമ്പില്‍ നിന്നും നിര്‍ദ്ദയം ചവിട്ടി ചേറിലേക്ക് തള്ളിയിടുന്നു. രാമന്‍ നമ്പ്യാര്‍ ഈ യുവാവിനോട് കാട്ടിയ അതിക്രമം നമ്പൂതിരി പിന്നീട് ആവേശത്തോടെ ഏറ്റെടുക്കുകയാണ്. അതിന്റെ പേരില്‍ നമ്പൂതിരി തന്റെ ശിങ്കിടിക്ക് സമ്മാനവും നല്‍കുന്നു. ‘എന്താ പറയുന്നേ? പാട്ടുപാടുന്നത് പുലയനോ? ഈ വക ധിക്കാരികളെ വച്ചേക്കാമോ. ശിവ ശിവ’ എന്നാണ് കുബേരന്‍ നമ്പൂതിരി പറയുന്നത്. മാത്രമല്ല ഇതിന്റെ ബലത്തില്‍ പാവം മരത്തന്റെ കുടുംബത്തെ അയാള്‍ ചാളയില്‍ നിന്നും നിര്‍ദ്ദയം ഇറക്കിവിടുന്നുമുണ്ട്. അന്നാ കുടുംബത്തില്‍ നിന്നും വീണ കണ്ണുനീര്‍ മാത്രം മതി ബ്രാഹ്മണ്യത്തിന്റെ സര്‍വ കോവിലുകളും ഭസ്മമാകാന്‍. ദിവസങ്ങളായിട്ടും മരത്തനെ കാണാനില്ല. ചേറില്‍ പുതഞ്ഞളിഞ്ഞ ഒരു യുവാവിന്റെ മൃതദേഹം ആറ്റുവക്കത്ത് ആരൊക്കെയോ കണ്ടെത്തി. അത് നമ്പൂതിരിയുടെ ശിങ്കിടി ചവിട്ടി മറിച്ചിട്ട മരത്തനാകാമെന്നും ദേശത്ത് ശ്രുതി പരക്കുന്നു.

പോത്തേരി കുഞ്ഞമ്പു

വിഭ്രാന്തനായ നമ്പൂതിരിയും ശിങ്കിടിയും അധികാരത്തിന്റെ സേവപിടിച്ച് രക്ഷപ്പെടാന്‍ കുതറുന്നുണ്ട്. ‘ബ്രാഹ്മണ രക്ഷയാണ് പൊതുസമൂഹത്തിന്റെ നിയോഗമെന്ന’ മനുവാദമാണയാള്‍ സര്‍ക്കാര്‍ അധികാര കേന്ദ്രത്തിലൊക്കെയും ചെന്ന് വാദിച്ചത്. ഏറെക്കുറെ അതിലയാള്‍ വിജയിച്ചെങ്കിലും മരത്തനെ മര്‍ദ്ദിക്കുന്നതുകണ്ട സാക്ഷികള്‍ പിറകെ മൊഴികൊടുത്തതോടെ നമ്പൂതിരിയും ശിങ്കിടിമാരും ഏതാണ്ട് അകപ്പെട്ടു കഴിഞ്ഞു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ജീര്‍ണ്ണിച്ചു പോയത് നമ്പൂതിരിക്കും ശിങ്കിടികള്‍ക്കും കുരുക്കായി മാറി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കുബേരന്‍ നമ്പൂതിരി ദേശം വിട്ടു ഒളിച്ചു പോയി. നീണ്ടകാലം അങ്ങനെ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം നമ്പൂതിരി വടക്കേഇന്ത്യയില്‍ വെച്ച് പോലിസ് പിടിയിലായി. കേസായി കൂട്ടമായി. കേസ് വിചാരണയ്ക്ക് എത്തിയ മജിസ്‌ട്രേട്ട് പക്ഷേ സംശയത്തിന്റെ ആനുകൂല്യത്തില്‍ കുബേരന്‍ നമ്പൂതിരിയേയും കൂട്ടുപ്രതികളേയും വിട്ടയക്കുന്നു. മജിസ്‌ട്രേട്ടായി അന്ന് കോടതിയില്‍ എത്തിയത് ജസ്റ്റിസ് യേശുദാസ് എന്നൊരു ജഡ്ജിയായിരുന്നു. ശിക്ഷിക്കപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്ന കേസില്‍ യേശുദാസിന്റെ അനുകൂല വിധി കേട്ട പ്രതികള്‍ പോലും ഞെട്ടി. അതാണ് കഥയിലെ ഉദ്വേഗം. വിധി പറഞ്ഞ യേശുദാസ് ആയിരുന്നു അന്ന് കുബേരന്‍ നമ്പൂതിരിയുടെ ശിങ്കിടി രാമന്‍ നമ്പ്യാരുടെ ചവിട്ടേറ്റു വീണ മരത്തന്‍. ചളിയില്‍ മറിഞ്ഞു വീണ ഈ യുവാവ് അര്‍ദ്ധ പ്രാണനും കൊണ്ട് ഭയം പേറി വടക്കോട്ട് വെച്ച് പിടിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ പള്ളിമേടയില്‍. അദ്ദേഹം മരത്തനെ പഠിപ്പിച്ചു.

അവന്‍ വേദം മാറി പഠിച്ചു മിടുക്കനായി ഉയര്‍ന്ന ജോലി സ്ഥാനങ്ങളില്‍ കയറിയെത്തി. അതയാളില്‍ സൃഷ്ടിച്ചത് പ്രതികാരവും അഹന്തയുമല്ല മറിച്ച് കുലീനമായ വിനയവും ഉയര്‍ന്ന ആത്മബോധവുമാണ്. വിചാരണ സമയത്തൊക്കെ യേശുദാസിന് കേസിന്റെ പിന്നാമ്പുറക്കഥകളത്രയും അറിയാമായിരുന്നു. ജസ്റ്റിസ് യേശുദാസ് നിര്‍വഹിച്ച കുലീനപ്രതികാരത്തിന് മുന്നില്‍ തൊഴുതു നില്‍ക്കുന്ന നമ്പൂതിരി സത്യത്തില്‍ മനുപ്രോക്തബ്രാഹ്മണ്യത്തിന്റെ കൊമ്പുകുത്തി വീഴ്ചയെയാണ് സത്യമായും പ്രതീകവല്‍ക്കരിക്കുന്നത്. കേരളീയ സാമൂഹ്യഘടനയില്‍ മനുസ്മൃതിയും ബ്രാഹ്മണാധികാരദുഷ്ടതകളും വരുത്തിയ പരിക്കും ആഘാതവും വിശദമായി ഈ പുസ്തകം വിശകലനത്തിന് വെക്കുന്നുണ്ട്. അതിലധികവും നമ്പൂതിരിയിലൂടെ തന്നെയാണ് പോത്തേരി കുഞ്ഞമ്പു സാധിക്കുന്നത്. മരത്തന്റെ തിരോധാനം കൊലപാതകമാണെന്ന് വന്നപ്പോള്‍ രക്ഷപ്പെടാന്‍ നടത്തുന്ന ഉപായങ്ങളിലും അതിന്റെ ഭാഗമായുള്ള യാത്രകളിലുമൊക്കെ കുബേരന്‍ നമ്പൂതിരിയില്‍ ഈ മനു പ്രോക്ത മാലിന്യത്തിന്റെ അളിഞ്ഞ വിസര്‍ജ്യം കാണാം.

‘ശ്രീരാമന്‍ നാടുവാണ കാലത്ത് ഒരു ബ്രാഹ്മണന്റെ കുട്ടി മരിച്ചു പോയത്രേ. അന്വേഷണത്തില്‍ കണ്ടത് ശൂദ്രനായ ശംബൂകന്റെ തപസ്സു കൊണ്ടാണ് കുട്ടി മരിച്ചത് എന്നാണ്. ഉടന്‍ രാമന്‍ ചെന്ന് ശംബൂകനെ കൊന്നുകളഞ്ഞു. കുമാരന് പുനര്‍ജന്മം ഉണ്ടായി’. മരത്തമര്‍ദ്ദനം അന്വേഷിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരോട് യാദാസ്ത് മാറ്റിയെഴുതാന്‍ ആവശ്യപ്പെടുന്ന നമ്പൂതിരി അതിനായി ഉദ്ധരിക്കുന്ന പ്രമാണം ഇക്കഥ പറയുന്ന രാമായണ ശ്ലോകമാണ്. ആത്മരക്ഷയെക്കാള്‍ വലുത് ബ്രാഹ്മണ രക്ഷയാണെന്നാണ്.’ മരത്തനെ മര്‍ദ്ദിച്ചതെന്തിന് എന്ന അന്വേഷണത്തിന് ഈ മനുവാദി പറയുന്നത്. ഈ ഉത്തരം കേട്ട് നാം സ്തംഭിച്ചു പോകും. ‘ചെറുമന് എഴുത്ത് പഠിക്കാന്‍ തന്നെ പാടില്ല; അവന്‍ എഴുത്ത് പഠിച്ച് പാട്ടുപാടിയാല്‍ നാട്ടില്‍ മഴ പെയ്യില്ല’. മരത്തന്റെ അമ്മയുടെ പേര് വെള്ളച്ചി എന്നാണ്. ശൂദ്രന് ജുഗുപ്‌സിതമായ പേരേ പാടുള്ളൂ എന്ന് വിധിയുണ്ട്’ എന്ന് പറഞ്ഞാണ് നമ്പൂതിരിയോട് മറ്റൊരു സില്‍ബന്ധിയായ പട്ടര്‍ പേരിലെ അപഹാസ്യതയെ ന്യായീകരിക്കുന്നത്.

ഒ ചന്തുമേനോന്‍

വരുമാനസംബന്ധമായ കണക്കെടുപ്പിനായി നമ്പൂതിരിയും സില്‍ബന്തിയും ഹജൂരാപ്പീസില്‍ ചെന്ന് കലക്ടറെയും തഹസില്‍ദാരെയും കാണുന്നുണ്ട്. അന്നേരം കലക്ടറോടും തഹസീല്‍ദാരോടും നമ്പൂതിരി നടത്തുന്ന നിരീക്ഷണങ്ങള്‍ വായിച്ച് വായനക്കാര്‍ വിസ്മയിച്ചു പോവും. ‘ബ്രാഹ്മണന്റെ ദാസനായിരിക്കാന്‍ തന്നെയല്ലേ ശൂദ്രനെ സൃഷ്ടിച്ചത്’ എന്ന് കുബേരന്‍ നമ്പൂതിരിയുടെ ക്രുദ്ധമായ പ്രഖ്യാപനമാണ് ഇതിലൊന്ന്. കുബേരന്‍ നമ്പൂതിരിയുടെ ‘അജ്ഞാതവാസ’ക്കാലത്ത് സ്വന്തം മകളെ ദുഷ്ടബ്രാഹ്മണ്യം ചതിയില്‍ പെടുത്തി സ്മാര്‍ത്തവിചാരണ ചെയ്ത് ബഹിഷ്‌കരിക്കുന്നുണ്ട്. ആ സാധു സ്ത്രീയെയും മക്കളെയും പിന്നീട് സംരക്ഷിക്കുന്നത് ക്രിസ്ത്യന്‍ പാതിരി സമൂഹമാണ്. പള്ളിമേടയില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസം മുഖേന അധ്യാപികയായി കുടുംബം പോറ്റുകയാണിവര്‍. സ്ത്രീവിരുദ്ധതയുടെ ബ്രാഹ്മണിക ദുര്‍മുഖം പുസ്തകം കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസവും അതുവഴി കൈവരുന്ന അറിവധികാരവും സാമൂഹികസമത്വവുമാണ് നവോത്ഥാനം സാധ്യമാക്കുക എന്ന മഹത്തായ പാഠമാണ് ‘സരസ്വതി വിജയ’ ത്തില്‍ പോത്തേരി കുഞ്ഞമ്പു ഉന്നയിക്കുന്നത്. അധ്വാനിക്കാതെ സുഖിച്ചു ജീവിക്കാനുള്ള ബ്രാഹ്മണ്യാധീശത്തിന്റെ കുടിലസൂത്രത്തെയാണ് ഈ പുസ്തകം നിര്‍ദ്ദയം വിചാരണ ചെയ്യുന്നത്.

സാധാരണ മനുഷ്യര്‍ക്ക് വേണ്ടത് അറിവാണ്. അതുകൊണ്ടാണ് അറിവിനെയും ജ്ഞാനത്തെയും ഉദാത്തവല്‍ക്കരിക്കുന്ന ഇങ്ങിനെയൊരു സാമൂഹ്യ രചന നിര്‍വഹിക്കാന്‍ കുഞ്ഞമ്പു അക്കാലത്ത് തയ്യാറായത്. അദ്ദേഹം നേരത്തേ തന്നെ ശ്രീനാരായണ ഗുരുവിനാല്‍ പ്രചോദിതനാണ്. ബ്രാഹ്മണ്യത്തിന് അവരല്ലാത്ത എല്ലാ മനുഷ്യരോടും പുച്ഛവും പരിഹാസവുമാണ്. അവരൊക്കെയും നീചജന്മങ്ങള്‍. അവരില്‍ എല്ലാ തരം അധികാരവും ബ്രാഹ്മണ്യത്തിനുണ്ടത്രേ. ഇതാരാണ് നിര്‍ണയിച്ചത്. ബ്രാഹ്മണ്യം തന്നെ. ഇങ്ങനെയൊരു സാമൂഹൃശ്രേണീ ബന്ധം ലോകത്ത് അപൂര്‍വമാണ്. അക്കാര്യം ‘സരസ്വതീവിജയം’ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

മരത്തന്‍ ആക്രമിക്കപ്പെട്ടതിന് സാക്ഷി പറഞ്ഞത് കുട്ടിഹസന്‍, അബ്ദുറഹ്മാന്‍, കുഞ്ഞ് മുഹമ്മദ് എന്നീ മുസ്‌ലിംകള്‍ കൂടിയാണ്.

ഇതറിഞ്ഞ കുബേരന്‍ നടത്തിയ പ്രതികരണം അത്യന്തം വംശീയമാണ്. ‘ആരാണ് ആ കള്ള മാപ്പിളമാര്‍? ഈ മൊട്ടകള്‍ നാട്ടില്‍ വന്നു. നാട്ടില്‍ നിന്നും ധര്‍മ്മം മറഞ്ഞു’ എന്നാണ്. സത്യത്തില്‍ കുഞ്ഞമ്പുവിന്റെ മുസ്‌ലിം കഥാപാത്രങ്ങള്‍ ഒക്കെയും ഉയര്‍ന്ന ധര്‍മ്മാചാരികളാണ്. സത്യവും ന്യായവും ഉള്ളവര്‍. അത് പറയാന്‍ ധീരതയുള്ളവരും. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ നിന്നും സരസ്വതീ വിജയം വ്യത്യസ്തമാകുന്ന ഒരുഘടകം ഇത് കൂടിയാണ്. ഇന്ദുലേഖയിലെ മുസ്ലിംകഥാപാത്രം ദുര്‍മാര്‍ഗിയും മ്ലേഛനുമാണ്. തീര്‍ച്ചയായും ഈ നിരീക്ഷണം പ്രധാനം തന്നെയാണ്. ആധുനിക വിദ്യാഭ്യാസത്തെയും ജ്ഞാനോദയസൗഭാഗ്യത്തെയും ജാതിവിരുദ്ധസാമൂഹ്യനീതിയെയും മലയാള ഗദ്യസാഹിത്യത്തില്‍ ആദ്യമായി ആവിഷ്‌കരിച്ചത് സരസ്വതീ വിജയത്തിലൂടെ പോത്തേരി കുഞ്ഞമ്പുവാണ്. കുഞ്ഞമ്പു തീര്‍ച്ചയായും നാരായണ ഗുരുവിന്റെ മാനവികത തന്റെ എഴുത്തില്‍ ആശ്ലേഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ദുലേഖ എഴുതിയ ചന്തുമേനോന്‍ അങ്ങനെയല്ല സംസാരിക്കുന്നത്.

ഇന്ദുലേഖയില്‍ ആധുനിക ജീവിതം സംവാദമാകുന്നുണ്ടെങ്കിലും അതിനകത്ത് സാധാരണ മനുഷ്യരേയും അവരുടെ ജീവിത വ്യവഹാരങ്ങളെയും നിര്‍ദ്ദയം തിരസ്‌ക്കരിക്കുകയാണ് ചന്തുമേനോന്‍ ചെയ്യുന്നത്. നാലുകെട്ടിന്റെ പടിപ്പുരക്കപ്പുറം ഇന്ദുലേഖ സഞ്ചരിക്കുന്നില്ല. പഠിപ്പും പത്രാസുമുള്ള മാധവനും ഇന്ദുലേഖയും അവര്‍ക്ക് ചുറ്റും കറങ്ങുന്ന ഒരു വരേണ്യകുടുംബവും മാത്രമേ ചന്തുമേനോന്റെ ഇന്ദുലേഖയില്‍ കടന്നുവരുന്നുള്ളൂ. അവരുടെ തുറന്ന സാമൂഹ്യ ജീവിതമതിലില്ല. അതിലെ ഇരമ്പുന്ന അനുഭവങ്ങളില്ല. പൊതു സമൂഹമില്ല. എന്നാല്‍ ‘സരസ്വതിവിജയം’ സംസാരിക്കുന്നത് മലയാളിയുടെ സാധാരണ ഭാഷയും ജീവിതവുമാണ്. സരസ്വതീ വിജയം നടക്കുന്നത് കേരളീയ ഗ്രാമത്തിലാണ്’. അവിടെ സവര്‍ണ്ണ ബ്രാഹ്മണര്‍ മാത്രമല്ല ശൂദ്രനും ദളിതരും മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന പൊതു മനുഷ്യരുടെ തിളക്കുന്ന ജീവിതമുണ്ട്. തൊഴിലെടുക്കുന്ന സാധാരണ മനുഷ്യരും അധ്വാന വേതനം പണമായി ലഭിക്കുന്ന അവരുടെ പരിവര്‍ത്തന ഘട്ടവുമുണ്ട്. അങ്ങനെ കേരളീയ സാമൂഹ്യ വികാസത്തെ കൃത്യമായി ആവിഷ്‌കരിച്ച ഈ രചന എന്തുകൊണ്ടാണ് പൊതുവായനാ സാധ്യതയില്‍ നിന്നും ഇക്കാലമത്രയും അപരമാക്കിയത് എന്ന ചോദ്യം പ്രധാനം തന്നെയാണ്. ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറത്താണ് ഈ പുസ്തകം വരുന്നത്. അതുകൊണ്ട് തന്നെ ഭാഷയില്‍ കാലം വരുത്തിയ പരിവര്‍ത്തനം പുസ്തകത്തിന്റെ പരിമിതിയല്ല. അത് സാധ്യതതന്നെയാണ്. ചെലവറപ്പ്, സ്തനാച്ഛാദനം, തേവാരനിഷ്ഠ ഇങ്ങനെ പോകുന്നു ആ ഭാഷാ ഭേദങ്ങള്‍ അതൊരു വിഘ്‌നമല്ല, ആഹ്ലാദമാണ് വായനക്കാരന് നല്‍കുക സരസ്വതീ വിജയത്തിന്റെ പുതിയ പതിപ്പിന് പഠനമെഴുതിയത് സാമൂഹ്യ വിമര്‍ശകനും എഴുത്തുകാരനുമായ ഡോ. പി കെ പോക്കര്‍മാഷാണ്. പുസ്തകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ടീയത്തിലേക്ക് കൂര്‍പ്പിച്ച് കടക്കുന്ന മൗലികമായൊരു വിസ്താര പഠനമാണത്. കാലം കൊണ്ട് നാം നേടിയ സാമൂഹ്യ നവോത്ഥാനത്തെയപ്പാടെ അന്ധബോധ്യങ്ങളുടെ കല്ലറയില്‍ സമാധിയാക്കാന്‍ കുതറുന്ന ഇക്കാലത്ത് ഈ പുസ്തകം തരുന്ന ധൈഷണിക തുറസ്സ് അപാരമാണ്. ‘നമ്മളറിയണം നമ്മളെങ്ങനെ നമ്മളായെന്ന്’ കടമ്മനിട്ടയുടെ വരികള്‍ സരസ്വതീ വിജയത്തെ വീണ്ടും പ്രസക്തമാക്കുന്നു.

 

No Comments yet!

Your Email address will not be published.