കെ എം റഷീദ്
‘When you are in prison, you have but on desire: freedom. If you fall ill in prison, you do not think about freedom, you think about health. Health is, therefore , more important than freedom’
– Notes from prison -Alija Izetbegovic
‘ഹാ! വിജിഗീശു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍”
– വൈലോപ്പിള്ളി
ഓരോ ദിവസവും നമ്മെ ഉലയ്ക്കുന്ന ചിന്തകളിലൊന്ന് മരണത്തെക്കുറിച്ചുള്ളതാവാം. അല്ലെങ്കില്‍ രോഗത്തെക്കുറിച്ച്. ചുറ്റുമുള്ളവര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം പൊടുന്നനെ, ഒരു കാരണവുമില്ലാതെ വിട പറഞ്ഞുപോകുന്നു. മാറാരോഗികളാക്കി മാറ്റുന്നു. ആ വേദന നമ്മെ അവനവനില്‍ വന്ന് ചേരുന്ന മരണത്തെ/ രോഗത്തെക്കുറിച്ചുള്ള ആധിയുണ്ടാക്കുന്നു.
ആ ആകുലതയാണ് നമ്മെ നിരന്തരം ആശുപത്രികളില്‍ എത്തിക്കുന്നത്. രോഗിയായ ഒരാളുടെ മുന്നില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍, സ്വയം മരണത്തിന് വിട്ടു കൊടുക്കുക. അല്ലെങ്കില്‍ നിയമങ്ങള്‍ക്ക്/ മരുന്നിന് കീഴടങ്ങുക. ഏത് വില്ലനെയും തളച്ചിടാനുള്ള ഏറ്റവും യോജിച്ച ഇടമാണ് ആശുപത്രികള്‍. അവിടെ സ്വന്തമായ തീരുമാനങ്ങള്‍ക്ക് പ്രസക്തി തീരെ കുറവാണ്. മറ്റുള്ളവരുടെ (ബന്ധുക്കളുടെ/സുഹൃത്തുക്കളുടെ, ആശുപത്രിയുടെ, മരുന്നിന്റെ) നിയമങ്ങളാണ് അവിടെ വാഴുക. കോവിഡ് ഇക്കാര്യത്തിനുള്ള മികച്ച തെളിവാണ്. അന്ന് യുദ്ധങ്ങള്‍ക്ക് പോലും രാജ്യങ്ങള്‍ അവധി കൊടുത്തുവെന്നത് ഓര്‍ക്കുക.
ഇങ്ങനെയൊക്കെ ആണെങ്കിലും രോഗങ്ങള്‍ക്ക് ചില ഗുണങ്ങള്‍ കൂടിയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എത്രയോ പിണക്കങ്ങള്‍, ശത്രുതകള്‍, യുദ്ധങ്ങള്‍, കലാപങ്ങള്‍ രോഗം മൂലം ഇല്ലാതാക്കപ്പെടുന്നു. നഷ്ടമായ പരിഗണനകള്‍ തിരികെ കൊണ്ടു വരുന്നു. കരുണകൊണ്ടും കനിവുകൊണ്ടും ബന്ധുക്കളും സുഹൃത്തുകളും അയാളെ/ അവളെ മൂടുന്നു. പ്രത്യേക ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, പരിചരണങ്ങള്‍ ലഭിക്കുന്നു. മരുന്നുകളുടെ സമയക്രമത്തെപ്പറ്റി എപ്പോഴും ജാഗരൂകരാവുന്നു. ഇതിനെല്ലാമപ്പുറം, മനുഷ്യര്‍ക്കിടയില്‍ പരിധികളില്ലാത്ത ബന്ധം സ്ഥാപിക്കാന്‍ ആശുപത്രി വാസം വഴിയൊരുക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.
ആശുപത്രികളിലെ ഏറ്റവും സജീവമായ ഇടം അവയുടെ അകങ്ങളേക്കാള്‍ പുറം വരാന്തകളാണ്. അത് രോഗത്തിന്റെ ഒരു സമാന്തര ലോകമാണ്. ഭാഷകള്‍, അഭിരുചികള്‍, സംസാര വിഷയങ്ങള്‍ പോലും വളരെ വേഗം ഉല്ലംഘിക്കപ്പെടുന്ന ഇടം. അവിടെ, തിരക്കുകളില്‍നിന്നും സ്വാര്‍ത്ഥമായ ആനന്ദങ്ങളില്‍നിന്നും മുക്തരായി, മനുഷ്യര്‍ രോഗത്തെക്കുറിച്ച് വ്യാപൃതരാവുന്നു. ആശുപത്രികളില്‍ സംഘര്‍ഷങ്ങള്‍ താരതമ്യേന കുറവാണ്. മാത്രമല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും മുന്‍പരിചയം ഇല്ലാത്തവര്‍ പോലും പരസ്പരം സഹായികളാവുകയും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ഒരു പ്രതിഫലേച്ഛയുമില്ലാതെ കൈമാറുന്നത് ആശുപത്രികളിലെ നിത്യ കാഴ്ചയാണ്. ഇത് ആശുപത്രികളെ സാംസ്‌കാരികമായ ഏറ്റവും തുറസ്സുള്ള സ്ഥലങ്ങളാക്കി മാറ്റുന്നു.
ആഴത്തിലുള്ള അര്‍ത്ഥത്തില്‍ ജീവിതത്തില്‍നിന്നുള്ള വിടപറച്ചിലിന്റെ പ്രാരംഭമാണ് ആശുപത്രി ദിനങ്ങള്‍. മരണത്തിന് തൊട്ടുമുമ്പുള്ള ഒരവസ്ഥ. ജീവിതം അവസാനിക്കാന്‍ തുടങ്ങുന്നു എന്ന് ഓര്‍മിപ്പിക്കുന്ന ഇടവേള. അത് പക്ഷേ, നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്നു. അതുവരെയില്ലാത്ത അനേകം അനുഭവങ്ങള്‍, ജാഗ്രതകള്‍ നമ്മില്‍ നിറയ്ക്കുന്നു. ആശുപത്രികള്‍ സ്വന്തമായ ഒരു വ്യവസ്ഥയും നിയമാവലിയുമാണ്. മറ്റ് നിയമങ്ങളെല്ലാം അവിടെ വഴിമാറുന്നു. രോഗിയായതിനാല്‍ കൊലക്കേസ് പ്രതികള്‍ പോലും ജയില്‍ ജീവിതത്തില്‍ നിന്ന്, അറസ്റ്റില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും രക്ഷ നേടുന്നു. റോഡ് നിയമങ്ങള്‍ മുതല്‍ കോടതികള്‍, പോലിസ് സ്റ്റേഷന്‍, ആര്‍ബിട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാം രോഗത്തെ, അപകടത്തെ പ്രതിരോധിക്കാനാണ്. ആരാധനാ കേന്ദ്രങ്ങളിലെ പ്രധാനമായ പ്രാര്‍ത്ഥന തന്നെ നോക്കൂ, രോഗത്തെ, മരണത്തെക്കുറിച്ചുള്ളതാണ്. പാഠപുസ്തകങ്ങളിലെ പ്രധാന പാഠങ്ങളും അത്തന്നെ. കളികള്‍, വ്യായാമ മുറകള്‍, അഭ്യാസ രീതികള്‍…
എല്ലാറ്റിന്റെയും ഉദ്ദേശ്യം ഒന്നേയുള്ളൂ, മരണത്തെ തടയുക, വൈകിപ്പിക്കുക. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയുമടക്കം പ്രഭാത-സായാഹ്ന സവാരിക്കാരുടെ ഏന്തി വലിഞ്ഞുള്ള കസര്‍ത്തുകള്‍ മല്ലിടുന്നത് രോഗത്തോട്, മരണത്തോടാണ്. അതിനാല്‍, രോഗത്തിന്/ ആശുപത്രിക്ക് മുന്നില്‍ മറ്റെല്ലാം വഴിമാറുന്നു. ഡോക്ടറാണ് അവിടെ കണ്‍കണ്ട ദൈവം. ആ നിലയ്ക്ക്, ജീവിതത്തിന്റെ ആണിക്കല്ലുകളാണ് ആശുപത്രികള്‍.
എന്നിട്ടും നമ്മുടെ ആശുപത്രികളില്‍ ഒരു വരാന്ത സംസ്‌കാരം ഉണ്ടാവാതെ പോയത് എന്തുകൊണ്ടാവും? മിക്ക ആശുപത്രികളിലും വരാന്തകള്‍ ഉണ്ടെങ്കിലും പലപ്പോഴും അവ യാതൊരു തരത്തിലുള്ള കൂട്ടുചേരലിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. നീണ്ടു നീണ്ട, അരികുകളില്‍ ഒരേ രീതിയില്‍ ക്രമീകരിച്ച കസേരകളാല്‍ സ്ഥാപിച്ച രീതിയിലാവും മിക്കയിടത്തും അവ. പലപ്പോഴൂം വൃത്തിഹീനവും വിരസവുമായിരിക്കും. അവ രോഗത്തെ കൂടുതല്‍ പ്രയാസകരവും സാഹചര്യത്തെ കൂടുതല്‍ ഇടുക്കമുള്ളതുമാക്കുന്നു. മരണത്തിലേക്ക് കാലെടുത്തുവെച്ച ഒരാള്‍ക്ക് അധികം നാളുകള്‍ ബാക്കിയുണ്ടായേക്കില്ല. അത് അയാള്‍ ബോധപൂര്‍വം മനസ്സിലാക്കിയിട്ടുണ്ടാവില്ലെങ്കിലും. ആ കുറഞ്ഞ കാലം അനായാസകരമായിരിക്കാന്‍ അയാള്‍ക്ക് അര്‍ഹതയില്ലേ? അത് ഒരുക്കേണ്ടത്? മറ്റുള്ളവരുടെ ബാധ്യതയും അല്ലേ? എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തില്‍ രോഗികളോ കൂട്ടിരിപ്പുകാരോ രോഗത്തെ കാത്തിരിക്കുന്നവരോ ആണെന്നത് എത്ര സത്യം?!
വരും കാലം പല തരത്തിലുള്ള പുതിയ രോഗങ്ങളുടേതാകാമെന്ന് ഇതിനകം മുന്നറിയിപ്പുകള്‍ വന്നു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍, ആശുപത്രികളും രോഗികളും എന്ന പോലെ കൂട്ടിരിപ്പുകാരുടേത് കൂടിയാവും ഇനിയുള്ള കാലം. നമ്മുടെ ലോകത്തിന്റെ ഒരു മിനിയേച്ചര്‍ രൂപമായി ആശുപത്രി വരാന്തകള്‍ മാറാം. അങ്ങനെയെങ്കില്‍ ആശുപത്രി വരാന്തകളെ കുറച്ചു കൂടി സര്‍ഗാത്മകമായി നാം സജ്ജീകരിക്കണ്ടേ? ഈ ലോകത്ത് നിന്ന് മടങ്ങിപ്പോവുന്നവര്‍ ഏറ്റവും സുന്ദരവും ആഹ്ലാദകരവുമായ അനുഭവങ്ങളിലൂടെ യാത്രയയക്കേണ്ടതില്ലേ? അല്ലെങ്കില്‍, മരണവുമായി മുഖാമുഖം കടന്ന് പോകുന്ന ഏതൊരാളെയും പ്രസന്നമായ ഒരു ലോകത്തിന്റെ കാഴ്ചയിലേക്ക് നയിക്കേണ്ടതില്ലേ? എല്ലാ ആശുപത്രികളിലും കൂട്ടിരിപ്പുകാര്‍ക്ക് പ്രത്യേകം ഇടങ്ങള്‍, അവിടെ ലൈബ്രറികള്‍, കഫേകള്‍, സ്റ്റേഷനറികള്‍ എല്ലാം എത്ര മനോഹരമായിരിക്കും? അവിടെ ചര്‍ച്ചകളുടെയും സെമിനാറുകളുടെയും സംവാദങ്ങളുടെയും കുട്ടികളുടെ മത്സരങ്ങളുടെയും വയോധികരുടെ ആശ്‌ളേഷങ്ങളുടെയും നിറ പുഞ്ചിരികള്‍ നിറയുന്നത് എത്ര ആനന്ദകരമായിരിക്കും? അത് പുതുമയുള്ള ആതുരാലയ ഇടനാഴികള്‍ സൃഷ്ടിച്ചേക്കും. ഒരു പക്ഷേ, അതൊരു പുതിയ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിയൊരുക്കില്ലെന്നും ആരു കണ്ടു?




No Comments yet!