ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളിലൊന്ന് അവബോധ സമാഹരണമാണ് എന്ന് പരമ്പരാഗതമായി മനുഷ്യരാശി കരുതിപ്പോന്നിരുന്നു. ഇന്ന് ആ നില മാറിയിരിക്കുന്നു. ഇന്ന് മനുഷ്യന്റെ പ്രയോറിറ്റികളില്‍ മുന്‍നിരയിലുള്ളത് അവബോധസമാഹരണം അല്ല, മൂലധന സമാഹരണമാണ്. കോര്‍പറേറ്റ് ശക്തികളും ഭരണകര്‍ത്താക്കളും എല്ലാം ലക്ഷ്യം വയ്ക്കുന്നത് ജീവിതത്തിന്റെ സമഗ്രമായ ചന്തവല്‍ക്കരണമാണ്.

മരണത്തെ മുഖാമുഖം അനുഭവിക്കുമ്പോഴാണ് അവബോധത്തിന്റെ സൗന്ദര്യവും മഹത്വവും നമുക്ക് വെളിപ്പെടുന്നത.് അവബോധമാണ് മനുഷ്യരെ സ്വതന്ത്രരാക്കുന്നത്. കത്തിനില്‍ക്കുന്ന അവബോധം ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളില്‍ ഒന്നാണ് മനുഷ്യന്റെ അവബോധ ജ്വാല ഇന്ന് കെട്ടുപോയിരിക്കുന്നു. സര്‍ഗതലത്തിലുള്ള മനുഷ്യന്റെ മരണം ഇന്ന് ഒരു വസ്തുതയാണ്. സാര്‍വ്വത്രികമായ മൂലധനവല്‍ക്കരണം മനുഷ്യന്റെ മരണത്തിന് ആക്കം കൂട്ടുന്നതായി കാണാം. ഈ മരണം പല രൂപങ്ങളിലും ഭാവങ്ങളിലും സമകാലിക മനുഷ്യനെ ആവേശിക്കുന്നു. മൂലധന ശക്തികളും മരണവും ഇന്ന് കെട്ടുപിണഞ്ഞു കിടക്കുന്നു. ജീവിതത്തിന്റെ ചന്തവല്‍ക്കരണം ആത്മസങ്കോചത്തിന്റെ ഭീതിദ തലങ്ങളിലേക്ക് നമ്മെയെത്തിക്കുന്നു.
അറിവ് ശക്തിയാണ് എന്ന ചൊല്ല് നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഈ ചൊല്ല് ഇന്ന് എവിടെയും വിലപ്പോകുന്നില്ല. നമ്മള്‍ അതിനെ തിരുത്തിയിരിക്കുന്നു. ഇന്ന് അറിവ് ധനമാണ്. ഒരുകാലത്ത് ക്യാമ്പസ് അവബോധത്തിന്റെ പണിയാലയായിരുന്നു. ഇന്നത് പാണ്ടികശാലയാണ്. കമ്പോളത്തിലെ വില്‍പ്പന സാധ്യതകള്‍ ഉള്ള ചരക്കുകളായാണ് യുവാക്കളെ നാം കാണുന്നത്. അറിവിലൂടെ അവബോധം നേടാനല്ല, കമ്പോളത്തിലെ അതിജീവന ക്രയവിക്രയങ്ങള്‍ സ്വാംശീകരിക്കാനാണ് യുവാക്കള്‍ ഇന്ന് പരിശീലിപ്പിക്കപ്പെടുന്നത്. മൂലധനവല്‍ക്കരണത്തിന്റെ ദൗത്യവും അതുതന്നെ.
ദുര്‍മരണങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ കേന്ദ്രീകൃത മൂലധനം നമുക്കു മുന്നില്‍ അഴിച്ചുവിടുന്നു. ആത്മസങ്കോചത്തിന്റെ താണ്ഡവമാണ് നമുക്ക് ചുറ്റും. ആത്മസങ്കോചത്തിനുള്ള അഥവാ മരണത്തിനുള്ള ഒരു കുറുക്കുവഴിയാണ് മൂലധനവിദ്യ നമുക്ക് നല്‍കുന്നത്. അവബോധം എന്നത് ആത്മവികാസത്തിന്റെ തുറന്ന വീഥികളില്‍ നമ്മെ എത്തിക്കുന്നു.
ജീവിതാന്ത്യം എന്ന നിലയ്ക്ക് മാത്രമല്ല ഞാന്‍ മരണത്തെ കാണുന്നത്. ആത്മസങ്കോചം മരണമാണ്. ഭാവനചെയ്യാനും ലോകത്തെ പുനര്‍നിര്‍മ്മിക്കാനും സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനും അവബോധം നമ്മെ പ്രേരിപ്പിക്കുന്നു. വെറും ലാഭേച്ഛയില്‍ മനുഷ്യനെ മുക്കിക്കൊല്ലുന്ന ജീവിതത്തിന്റെ ചന്തവല്‍ക്കരണം ആത്മവിശ്വാസത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു.
ഹിരോണിമസ് ബോഷിന്റെ പ്രശസ്തമായ മില്ലെനിയം ചിത്രത്തെപ്പറ്റി ഒരിടത്ത് സന്ദര്‍ഭവശാല്‍ ജോണ്‍ ബര്‍ജര്‍ സൂചിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മാസ്മരികാഹ്ലാദവും പറുദീസ ദര്‍ശനവും ചിത്രീകരിക്കുന്നതോടൊപ്പം നമ്മുടെയെല്ലാം കണ്ണുതുറപ്പിക്കുന്ന ഒരു നരകദര്‍ശനവും ഇവിടെ കാണാം. അതേപ്പറ്റി ജോണ്‍ ബര്‍ജര്‍ പറയുന്നത് ശ്രദ്ധിക്കുക: ആഗോളീകരണവും പുത്തന്‍ സാമ്പത്തിക ക്രമവും കൊണ്ടുവന്ന മാനസിക കാലാവസ്ഥയെക്കുറിച്ചുള്ള ഒരു അവസാന ഉള്‍ക്കാഴ്ച ഇവിടെയുണ്ട്. എങ്ങനെയാണ് ബോഷ് ചിത്രം പ്രവചനാത്മകമാകുന്നത്? ചിത്രത്തിന്റെ തുണ്ടുകളിലല്ല, സാകല്യത്തിലാണ് നരകദര്‍ശനം പ്രവചനസ്വഭാവം കൈവരിക്കുന്നത്.
ഇവിടെ ചക്രവാളമില്ല; പ്രവൃത്തികള്‍ തമ്മില്‍ തുടര്‍ച്ചയുമില്ല. ഭൂതമോ ഭാവിയോ വഴിയോ ക്രമമോ ഒന്നുമില്ല. തുണ്ട്തുണ്ടാക്കപ്പെടുന്ന വര്‍ത്തമാനകാലത്തിന്റെ അനാഥത്വത്തിന്റെ മുഴക്കം മാത്രം.

ആഗോളീകരണത്തിന്റെ പ്രത്യാഘാതം കൊണ്ടുവന്ന നരകാനുഭവത്തെയാണ് ബോഷ് മില്ലെനിയം ചിത്രത്തില്‍ പ്രവചിക്കുന്നത.് എല്ലാം വില്പനയ്ക്ക് വച്ച, ക്ഷണത്തില്‍ എല്ലാം വിറ്റഴിക്കപ്പെടുന്ന ലോകം. അതിന്റെ ഭീകര ചേരുവകള്‍ അന്യോന്യം ചേര്‍ന്ന് നില്‍ക്കാതെ മുഴച്ചു നില്‍ക്കുന്ന ഒരു സമസ്യയായി പരിണമിക്കുന്നു.
നമ്മുടെ ഭൂമി ഇന്ന് ഒരു നാലാം ലോകയുദ്ധത്തിന്റെ ഭൂമികയാണ്. (മൂന്നാം യുദ്ധം ശീതസമരകാലത്ത് നടന്നു) അക്രമകാരികളായ കമ്പോള കഴുകന്‍മാര്‍ മുഴുവന്‍ ലോകത്തെയും കീഴടക്കാന്‍ വെമ്പുന്നു. എല്ലാം സാമ്പത്തിക ആയുധങ്ങള്‍. ലക്ഷക്കണക്കിന് മനുഷ്യര്‍ ഓരോ നിമിഷവും മുറിവേല്‍പ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. നിക്ഷേപത്തിന്റെ ഭ്രാന്തന്‍ യുക്തിക്ക് മാത്രം വഴിപ്പെടുന്ന കമ്പോളത്തിന്റെ ഗോപുരങ്ങളില്‍ ഇരുന്ന് അധികാര കേന്ദ്രങ്ങളിലൂടെ മുഴുവന്‍ ലോകത്തിന്റെയും അധീശത്വം കൈക്കലാക്കാന്‍ ശ്രമിക്കുകയാണ് കമ്പോള യോദ്ധാക്കള്‍. ഭൂമിയിലെ 90 ശതമാനം സ്ത്രീ പുരുഷന്‍മാരും പരസ്പരം ചേര്‍ച്ചയില്ലാത്ത പാതികളായി നരകം വീട്ടുന്നു.
പുതിയ ലോകക്രമം മനുഷ്യയത്‌നത്തെയും ഉല്‍പാദനത്തെയും ആധുനികവല്‍ക്കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്യുന്നുവെന്ന് നമ്മള്‍ വീമ്പ് പറയാറുണ്ട്. സത്യത്തില്‍ വ്യവസായ വിപ്ലവത്തിന്റെ ആദിമ ഘട്ടത്തില്‍ നടമാടിയ ആക്രമണപരതയിലേക്കുള്ള പോക്കാണ് ഇത്. ഒരു സുപ്രധാന വ്യത്യാസമുണ്ട്. ഇതിനെ പ്രതിരോധിക്കുന്ന ഒരു നൈതിക ചിന്തയോ തത്വമോ ഒന്നുമില്ല. പുത്തന്‍ ലോകക്രമം ഭ്രാന്തവും ഏകാധിപത്യപരവുമാണ്. ആഗോള സാമ്പത്തിക നയതന്ത്രത്തില്‍ എല്ലാമൊതുങ്ങുന്നു. കുട്ടികളെ നോക്കുക: 100 കോടിയിലേറെ വരുന്ന കുട്ടികള്‍ തെരുവില്‍ കഴിയുന്നു. നിവൃത്തിയില്ലാതെ മനുഷ്യര്‍ പുറംനാടുകളിലേക്ക് കുടിയേറുന്നു. ഒന്നുമില്ലാത്ത സാഹസികര്‍ മറുവഴിയില്ലാതെ കുടിയേറുന്നു. പുത്തന്‍ ലോകക്രമത്തെ ഭരിക്കുന്ന ഒരു തത്ത്വമുണ്ട്. ഉല്‍പ്പാദനത്തിനോ ഉപഭോഗത്തിനോ ബാങ്ക് നിക്ഷേപത്തിനോ ഗതിയില്ലാത്തവരെക്കൊണ്ട് ഭൂമിക്ക് ഒരു പ്രയോജനവുമില്ല. വലിച്ചെറിയപ്പെടേണ്ട ഉച്ഛിഷ്ട വസ്തുക്കളായാണ് ഭൂരഹിതരെയും കുടിയേറ്റക്കാരെയും വീടില്ലാത്തവരെയും മൂലധന ശക്തികള്‍ കാണുന്നത.്
കുറ്റവും ഇന്ന് ആഗോളീകരിക്കപ്പെട്ടിരിക്കുന്നു. കച്ചവട ബാങ്കുകളും കുറ്റവാളികളും തമ്മില്‍ ഒരു ഗാഢബന്ധം നിലനില്‍ക്കുന്നു. പുത്തന്‍ ലോകക്രമത്തില്‍ രാഷ്ട്രങ്ങള്‍ക്ക് അവയുടെ സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്രീയാര്‍ജ്ജവവും അധികാരവുമെല്ലാം നഷ്ടമാവുന്നു. അവയ്‌ക്കെല്ലാം മൂലധനശക്തികളുടെ ദാസ്യവൃത്തി അനുഷ്ഠിക്കേണ്ടി വരുന്നു. കമ്പോളത്തിലെ വന്‍ കുത്തകകളുടെ താല്പര്യ സംരക്ഷണം മാത്രമാണ് ഇന്ന് അധികാരികളുടെ ദൗത്യം.
ബോഷിന്റെ നരകദര്‍ശനത്തിലെന്നപോലെ ഇവിടെ ഒരു ചക്രവാളമില്ല. ലോകം കത്തിയെരിയുന്നു. എന്തുവിലകൊടുത്തും അതിജീവിക്കുക എന്ന നിലയിലേക്ക് എല്ലാം ചുരുങ്ങുന്നു.
ഒരു തടവറയ്ക്കുള്ളിലാണ് നമ്മളെല്ലാം. ഒരു മറുവഴിയും കാണാനില്ല.



No Comments yet!