Skip to main content

സയണിസ്റ്റ് ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍

 

“കളി നിന്നിട്ടില്ല; ഇസ്രയേലിന്റെ കളി നിന്നിട്ടില്ല.” നടപ്പുദീനവും പ്രളയവും മരണം വിതച്ച കിഴക്കുമുറി ഗ്രാമത്തില്‍, ഒരു വൈകുന്നേരം പുറത്തു പോയി വന്ന കുഞ്ഞരക്കാര്‍ വീടിന്റെ കോലായിലേക്ക് കയറുമ്പോള്‍ പറഞ്ഞു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ പ്രസിദ്ധ നോവലിലെ (അസുരവിത്ത്) മിഴിവുള്ള കഥാപാത്രങ്ങളില്‍ ഒന്നായ കുഞ്ഞരക്കാര്‍ ഇസ്രയേല്‍ എന്ന് വിശേഷിപ്പിച്ചത് മരണത്തിന്റെ മാലാഖയെ (‘മലക്കുല്‍ മൗത്ത്’) യാണ്. പകര്‍ച്ചവ്യാധിയും പ്രകൃതിദുരന്തവുമില്ലാതെ തന്നെ നിരപരാധികളെ കാലപുരിക്കയക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജ്യത്തിനും പേര് ഇസ്രയേല്‍ എന്നുതന്നെ. ദൈവത്തിന്റെ വികൃതികള്‍!

ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീതിദവുമായ മനുഷ്യനിര്‍മിത ദുരന്തമാണ് ഗസയില്‍ താണ്ഡവമാടിയത്. വെടിനിര്‍ത്തല്‍ കരാറുകള്‍ അതിന് ശാശ്വതമായ അന്ത്യം കുറിക്കുന്നില്ല. സമാധാന കരാര്‍ മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ ഇസ്രയേല്‍ ലംഘിക്കാന്‍ തുടങ്ങി. മതസ്പര്‍ദ്ധയും വംശവെറിയും സമനില തകര്‍ത്ത ഒരു തെമ്മാടി രാഷ്ട്രം മഹത്തായ ഒരു സംസ്‌കൃതിയെയും ഒരു ജനതയെയും തുടച്ചു മാറ്റുന്നതിന് കലിയിളകി നടക്കുന്നു. ഈ കാപാലികരെ പിടിച്ചു കെട്ടാനും, പിടഞ്ഞുവീഴുന്ന കുരുന്നുകളും അബലകളും ഉള്‍പ്പെട്ട മനുഷ്യജീവനുകള്‍ക്ക് വേണ്ടി ഒരു നെടുവീര്‍പ്പിടാന്‍ പോലും മുതിരാതെ ലോകമനഃസാക്ഷി വഴിമാറി നടക്കുന്നു.

ഇപ്പോള്‍ ലോകമെങ്ങും ആശ്വാസവും പ്രത്യാശയുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അറബ് ദേശീയതയ്ക്കും ഇടയില്‍ വീര്‍പ്പുമുട്ടിയ ഗള്‍ഫ് ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും സമാധാനം. എന്നാല്‍, സയണിസ്റ്റ് രാഷ്ട്രത്തിന്റെ മുന്‍കാല പ്രവൃത്തികള്‍ പരിശോധിച്ചാല്‍ ഖത്തറും ഈജിപ്തും അമേരിക്കയും ഇടപെട്ട് ഇപ്പോള്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിനും വലിയ ആയുസ്സ് ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലത് ധനകാര്യമന്ത്രി ബസലില്‍ സ്‌മോട്രിച്ച് കരാര്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് ഒരു റിയല്‍ എസ്റ്റേറ്റ് ഉന്നതതല യോഗത്തില്‍ പറഞ്ഞത് ഗസ മുമ്പ് നല്ലൊരു ‘റിയല്‍എസ്റ്റേറ്റ് കോള്‍’ ആണെന്നാണ്. യുദ്ധാനന്തരം അതിനെ എങ്ങനെ മുറിച്ച് കഷണമാക്കാമെന്ന് താന്‍ അമേരിക്കയിലെ ഭൂമി കച്ചവടക്കാരുമായി ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. ഗസയെ വിനോദ ചൂതാട്ട കേന്ദ്രമാക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞതു കൂടി കൂട്ടി വായിക്കുക. ഫലസ്തീന്‍ എന്നൊരു രാജ്യം പശ്ചിമേഷ്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഗല്ലന്റും പ്രഖ്യാപിച്ചു.

സമാധാനം മരീചിക

അതെ, പശ്ചിമേഷ്യയില്‍ സമാധാനം മരീചികയാണ്. നിര്‍ദിഷ്ട ഗസ ഭരണ വ്യവസ്ഥയില്‍ പലസ്തീന്‍ ജനതയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയൊരു കൊളോണിയല്‍ ഭരണക്രമമാണ് വിഭാവനം ചെയ്യുന്നത്. വിദേശ സൈനിക സാന്നിധ്യം ഉണ്ടാകും. ട്രംപിന്റെ സാരഥ്യത്തില്‍ ആഗോള കോര്‍പറേറ്റ് ഭീമന്മാരായിരിക്കും ഭരണ നേതൃത്വത്തില്‍. ഇസ്രയേലിന്റെ സൈനിക സാന്നിധ്യം തുടരുകയും ചെയ്യും. ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യം ആക്കുന്നതിലേക്ക് വഴിയൊരുക്കാത്തിടത്തോളം ജനകീയ ചെറുത്തുനില്‍പ്പ് അവസാനിക്കുമെന്ന് കരുതുന്നത് വൃഥാവിലാകും.

ആയുധങ്ങള്‍ പൂര്‍ണമായും വിജയിക്കാത്തിടത്ത് അന്നം മുടക്കലും പട്ടിണിക്കിട്ടു കൊല്ലലും യുദ്ധതന്ത്രമാണ്. ഗസയില്‍ നെതന്യാഹു പ്രയോഗിക്കുന്നത് ഈ കുടിലതന്ത്രം തന്നെ. 22 മാസത്തിനിടയില്‍ ഗസയിലെ യുദ്ധപൂര്‍വ്വ ജനസംഖ്യയിലെ 2.6 ശതമാനത്തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും 6.5 ശതമാനത്തിലധികം പേര്‍ക്ക് പരിക്ക് പറ്റുകയും മിക്കവാറും എല്ലാവരും ചിന്നിച്ചിതറി പോവുകയും ചെയ്തു. ഇതിനകം ജീവന്‍ നഷ്ടപ്പെട്ട 68,000 ത്തോളം ജനങ്ങളില്‍ 25000 പേരും കുട്ടികളാണ്. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട കുട്ടികള്‍ വെറും എല്ലും തോലുമായി മാറി കഴിഞ്ഞിരിക്കുന്നു. മാനവമനഃസാക്ഷിയെ നടുക്കുന്ന ചിത്രങ്ങളും ഫോട്ടോകളുമാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇസ്രയേല്‍ പ്രധാനമന്ത്രി പറയുന്നത് ”ഗസയില്‍ ഒരു പട്ടിണിയുമില്ല”എന്നാണ്! ഗസയില്‍ സേവന മനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ മുന്നിലെത്തുന്ന കുഞ്ഞുങ്ങളെ കണ്ട് തരിച്ചുനില്‍ക്കുകയാണെന്ന് വിവിധ സംഘടനകള്‍ പുറത്തുവിട്ട റിപോര്‍ട്ടുകള്‍ പറയുന്നു. അതിനിടയില്‍, ഗസ പൂര്‍ണമായും കൂട്ടിച്ചേര്‍ക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം ക്യാബിനറ്റ് അംഗീകരിച്ചതോടെ സമ്പൂര്‍ണ വിജയമെന്ന സ്വപ്‌നയാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണെന്ന് സയണിസ്റ്റ് ലോബി കണക്കുകൂട്ടുകയും ചെയ്യുന്നു. ‘നദി മുതല്‍ സമുദ്രം വരെ’ (ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണ്യാഴി സമുദ്രം വരെ)യാണ് സയണിസ്റ്റ് ഭാവനയിലെ വാഗ്ദത്ത ഭൂമി. പൂര്‍ണമായി പിടിച്ചടക്കിയ ശേഷം അവശേഷിക്കുന്ന ഫലസ്തീന്‍ തുരുത്തായ വെസ്റ്റ്ബാങ്ക് നിയന്ത്രണത്തിലാക്കും. അവിടെ കുടിയേറ്റവും കൈയേറ്റവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 22 കുടിപ്പാര്‍പ്പുകള്‍ (Settlements ) ഉയര്‍ന്നുകഴിഞ്ഞു. ഗസയും വെസ്റ്റ്ബാങ്കും ഇല്ലാത്ത ഒരു ഭൂപടം ഒരിക്കല്‍ നെതന്യാഹു യു എന്‍ ജനറല്‍ അസംബ്ലിയില്‍ വീശിയിരുന്നു. ഭാവി ഇസ്രയേലിന്റെ ഭൂപടം! അതെ, മറ്റൊരു വര്‍ണവിവേചന (apartheid ) രാഷ്ട്രം ഭൂമുഖത്ത് ഉദയം കൊള്ളുകയാണ്.

ഇപ്പോള്‍ നടക്കുന്ന വംശഹത്യയില്‍ കുട്ടികളെ കൂട്ടക്കൊലയ്ക്കിരയാക്കുന്നതില്‍ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. സമാനതകളില്ലാത്ത കൊടും ക്രൂരതകള്‍ തുടര്‍ന്നിട്ടും ആ ചരിത്ര ഭൂമിയില്‍ ഫലസ്തീന്‍കാരുടെ ജനസംഖ്യ, അവിടം കൈയേറിയവരുടെ എണ്ണത്തിനും തുല്യമായി നില്‍ക്കുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഉന്മൂലനം ലക്ഷ്യത്തിലെത്താത്തതില്‍ ഖിന്നരായ ഇസ്രയേലി നേതൃത്വം കുഞ്ഞുങ്ങളെ യുദ്ധത്തിലൂടെയും പട്ടിണിക്കിട്ടും തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നത് ഈ ‘ജനസംഖ്യായുദ്ധ’ത്തിലൂടെയാണ്. ‘ചരിത്രപരവും ദൈവികവുമായ ദൗത്യം’ പൂര്‍ത്തിയാക്കണല്ലോ!

വാഗ്ദത്ത ഭൂമിയിലേക്ക്

ഫലസ്തീന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലമായി മാറിയ ഗസയില്‍ തുടക്കം മുതലേ ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തദ്ദേശീയരെ അടിച്ചമര്‍ത്തുകയായിരുന്നു. പ്രമുഖ ഫലസ്തീന്‍ സംഘടനയായ ‘ഫത്താ’യെ പുറത്താക്കി ഹമാസ് 2007 ഗസയില്‍ ആധിപത്യം സ്ഥാപിച്ചു. ‘വാഗ്ദത്ത ഭൂമി‘യുടെ വിസ്തൃതി വര്‍ദ്ധിക്കുകയാണെങ്കിലും വിനോദ ചൂതാട്ടകേന്ദ്രം സ്ഥാപിക്കുകയാണെങ്കിലും ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു വംശത്തെ തുടച്ചുമാറ്റുക തന്നെയാണ് യഹൂദ- സാമ്രാജ്യത്വ തന്ത്രം. സാമ്രാജ്യത്വ വംശീയ കുതന്ത്രങ്ങള്‍ നടപ്പാക്കാന്‍ ദൈവം ‘പ്രത്യേക അവകാശം’നല്‍കിയിട്ടുണ്ടെന്നാണ് ഭാഷ്യം. യുദ്ധവും ബലപ്രയോഗവും തന്നെയാണ് ഈ ദിവ്യ അവകാശങ്ങള്‍. 190 ചെറു നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ ബലമായി ഒഴിപ്പിച്ചു കഴിഞ്ഞു. രണ്ടുലക്ഷത്തിലധികം പേര്‍ അധിവസിക്കുന്ന എട്ടു ക്യാമ്പുകളിലും ഹൃദയഭേദകമാണ് അവസ്ഥ. ഒരു സ്ഥിരം യുഎന്‍ പ്രതിനിധി അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുക.

ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്രപരിഹാരം നിര്‍ദേശിക്കുന്ന ‘ഓസ്ലോ’ ഉടമ്പടിക്കെതിരെയാണ് ഗസയിലെ കൂട്ടക്കുടിയൊഴിപ്പിക്കല്‍ എന്ന് ലോകരാഷ്ട്രങ്ങള്‍ ഓര്‍ക്കുന്നു പോലുമില്ല. ഗസക്കാരെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ലിബിയയിലേക്കും മാറ്റി ഗസ ടൂറിസ്റ്റ് പറുദീസയാക്കുമെന്ന് ട്രംപ് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുമുണ്ട്.

ഗസ ഫലസ്തീന്റെ (സൈനിക നിയന്ത്രണത്തിലുള്ള അവിഭാജ്യ) ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയും അതിന്റെ ഏറ്റവും ഉയര്‍ന്ന നീതി നിര്‍വഹണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസും   പ്രഖ്യാപിച്ചിട്ടുള്ളതാണ്.  അതുകൊണ്ടുതന്നെ, അത് രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായ ഭീഷണിയും ബലപ്രയോഗവുമാണ്. എന്നാല്‍, നിയമങ്ങള്‍ ദുര്‍ബലര്‍ക്കുള്ളതാണെന്നും തോന്നുന്നത് ചെയ്യുവാന്‍ തങ്ങള്‍ക്ക് ജന്മാവകാശം ഉണ്ടെന്നും മുതലാളിത്ത- സാമ്രാജ്യത്വ ശക്തികള്‍ ഊറ്റം കൊള്ളുന്നു.

രണ്ടാം പകുതി

ഗസയും തുടര്‍ന്ന് വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചെടുക്കുന്നത് കൊണ്ട് മാത്രം ഇസ്രയേല്‍ നടത്തുന്ന യുദ്ധം അവസാനിക്കുമെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ കരുതുന്നില്ല. ഇറാനും ലംബനോണും യമനും സിയോണിസ്റ്റ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. സിറിയയെ തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കിയിട്ടുണ്ടെന്ന് അനുമാനിക്കാം. സൗദി അറേബ്യയോടും അമേരിക്കയോടും അടുത്തുകൊണ്ടിരിക്കുകയാണ് ഭീകര വേഷംഅഴിച്ചുവച്ച് പാശ്ചാത്യഭൂഷകള്‍ ധരിക്കുന്ന പുതിയ ഡമസ്‌കസ് ഭരണത്തലവന്‍. 1948ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രണ്ടായിരത്തില്‍ ആരംഭിച്ച രണ്ടാം പകുതിയുടെ (വംശ വിപാടനം) തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിയോണിസ്റ്റ് താത്വികര്‍ വ്യക്തമാക്കിയിട്ടുണ്ട്.

”ഇസ്രയേല്‍ 120ാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ (2068) മധ്യപൂര്‍വ ദേശത്ത് സ്വതന്ത്ര സമൂഹങ്ങള്‍ ആയിരിക്കുമെന്നും ഹമാസും ഹിസ്ബുള്ളയും അല്‍ഖൈ്വദയും പരാജയപ്പെട്ടിരിക്കു”മെന്നും 2018 മെയ് 15ന് ഇസ്രയേലി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ബുഷ് പ്രസ്താവിക്കുക പോലുമുണ്ടായി. അമേരിക്കയുടെ ‘ഏറ്റവും അടുത്ത സഖ്യരാജ്യവും സുഹൃത്തു’മാണ് ഇസ്രയേല്‍ എന്നും ‘തിരഞ്ഞെടുക്കപ്പെട്ട ജനത’യുടെ മാതൃഭൂമിയാണിതെന്നും ബുഷ് പ്രകീര്‍ത്തിച്ചു. തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥയ്ക്കും ഭരണക്രക്രമത്തിനും മുസ്‌ലിം- അറബ് ലോകം പൂര്‍ണമായി വിധേയപ്പെടുമെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യാമോഹവും ദിവാസ്വപ്‌നവും മധ്യപൂര്‍വദേശം ഭാവിയിലും സംഘര്‍ഷഭരിതമായിരിക്കുമെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്. ”വാള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന്” ഇസ്രയേലി നേതാവ് ഏരിയല്‍ ഷാരോണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യസമരം അവസാനിച്ചിട്ടില്ല എന്നും ചിലപ്പോള്‍ അത് അനന്തമായി തുടരുമെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്ലോ എന്ന വഞ്ചന

ഇസ്രയേലിന്റെ ഫലസ്തീന്‍ കടന്നാക്രമണങ്ങളുടെയും അതിനെതിരായ തദ്ദേശീയരുടെ ചെറുത്തുനില്‍പ്പുകളുടെയും തീക്ഷ്ണതയും രൂക്ഷതയും ഏറ്റവുമധികം അനുഭവപ്പെട്ട പ്രദേശമാണ് ഗസ. ലോക ശക്തികളാല്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിമോചന പ്രസ്ഥാനം ക്രമേണ തീവ്രവാദ-ഭീകരവാദ സ്വഭാവം കൈവരിച്ചു. ഹമാസ് സായുധ ഗ്രൂപ്പിന്റെ ജനനവും വളര്‍ച്ചയും ആ പശ്ചാത്തലത്തിലായിരുന്നു. 40 കിലോമീറ്റര്‍ നീളവും 8 കിലോമീറ്റര്‍ വീതിയുമുള്ള അതിര്‍ത്തി പ്രദേശം. ജനസംഖ്യ 2.3 ദശലക്ഷം. 1967ലെ ഇസ്രയേല്‍ അറബ് യുദ്ധത്തില്‍ ഇസ്രയേല്‍ ഈജിപ്തില്‍ നിന്നും വെട്ടിപ്പിടിച്ച സ്ഥലമാണിത്. (മറ്റൊരു പ്രദേശം സിനായ് പിന്നീട് സമാധാന സന്ധിയിലൂടെ ഈജിപ്തിന് തിരികെ ലഭിച്ചു) പ്രസ്തുത വേളയില്‍ ഗസയില്‍ നിന്നും ജോര്‍ദാനില്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ്ബാങ്കില്‍ നിന്നുമായി 2.5 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു എന്നാണ് കണക്കാക്കിയിട്ടുള്ളത്. 1993ല്‍ ഒപ്പുവച്ച ഓസ്ലോ ഉടമ്പടി വാസ്തവത്തില്‍ ഫലസ്തീനിന്റെ ഏറ്റവും വേദനാജനകമായ ഒത്തുതീര്‍പ്പായിരുന്നു. മാതൃഭൂമിയുടെ 80 ശതമാനമാണ് അവര്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ വിട്ടുകൊടുത്തത്.

അവശേഷിക്കുന്ന ഭൂമിയില്‍ ഉടമ്പടി ഒപ്പുവയ്ക്കുന്നതിന് മുമ്പ് തന്നെ ഇസ്രയേല്‍ കുടിപ്പാര്‍പ്പുകള്‍ (സെറ്റില്‍മെന്റ്) സ്ഥാപിച്ചു തുടങ്ങിയിരുന്നു. നേരത്തെ നടത്തിയ കൈയേറ്റങ്ങള്‍ പൊളിച്ചു മാറ്റിയതുമില്ല. എതിര്‍ത്തുനിന്നുവെങ്കിലും അതിനകം നിസ്സഹായനായി മാറിക്കഴിഞ്ഞിരുന്ന യാസര്‍ അറഫാത്ത് ഇസ്രയേലിനു മുന്നില്‍ വിനീത വിധേയനായി നിന്നു. ലോകം മുഴുവനുമുള്ള പോരാളികളുടെയും സ്വാതന്ത്ര്യ പ്രേമികളുടെയും ആശയും ആവേശവുമായിരുന്ന ഒരു വിമോചന പ്രസ്ഥാനത്തിന്റെ നായകന്‍ സാമ്രാജ്യത്വ ഗൂഢാലോചനകള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നിന്നത് ചരിത്രത്തിലെ പ്രഹേളികകളില്‍ ഒന്നായി അവശേഷിക്കുന്നു. ഫലസ്തീന്‍ വിമോചന സംഘടനയിലെ (പിഎല്‍ഒ) പ്രധാന അംഗമായ ‘ഫത്ത’ അതിനകം അഴിമതിയും ധൂര്‍ത്തും മൂലം ദുര്‍ബലമായിരുന്നു. സംഘടനയെ ഫലപ്രദമായി നയിക്കാന്‍ അറഫാത്തിനും കഴിയാതെയായി. ഉടമ്പടിയുടെ മുഖ്യശില്‍പ്പിയായ യിറ്റ്ഷാക് റാബിന്‍ ഈ സന്ദര്‍ഭം തന്റെ രാജ്യത്തിന് അനുകൂലമായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

കണ്ണില്ലാക്രൂരത

ഒരു വംശത്തെ ഭൂമുഖത്തുനിന്ന് മുച്ചൂടം തുടച്ചു മാറ്റാന്‍ ശ്രമിക്കുന്ന ഇസ്രയേല്‍, ലോകം ഇതുവരെ കേള്‍ക്കാത്ത മര്‍ദ്ദനമുറകളാണ് ഗസയിലെയും വെസ്റ്റ് ബാങ്കിലെയും നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ പ്രയോഗിക്കുന്നത്. ശത്രുവിന്റെ തലയിലും കാലിലും വെടിയുതിര്‍ത്തിരുന്ന സൈന്യം ഇപ്പോള്‍ ജനങ്ങളുടെ കണ്ണിനു നേരെയും നിറയൊഴിക്കുന്നു. ജീവന്‍ നഷ്ടപ്പെടാത്തവര്‍ അന്ധരായും മുടന്തരായും കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്ന ദുഷ്ട ചിന്തയാണ് അവരെ നയിക്കുന്നത്! പ്രത്യേക പരിശീലനം നേടിയെടുത്ത ഭടന്മാര്‍ക്കാണത്രേ ഇതിന്റെ ചുമതല. കൃഷ്ണമണിയില്‍ തന്നെ ഉണ്ട തുളച്ചുകയറണം. കാലുകള്‍ അറ്റു പോവുകയോ ചലനശേഷി നഷ്ടപ്പെടുകയോ വേണം! ഗസയിലേയും വെസ്റ്റ് ബാങ്കിലേയും വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച ഡോക്ടര്‍മാരുമായും ആശുപത്രി ജീവനക്കാരുമായും സംസാരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതാണിത.് ആശുപത്രികളില്‍ നേത്ര-അസ്ഥിരോഗ വിഭാഗങ്ങളിലാണത്രേ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ജെറുസലേമിലും ഇതുതന്നെയാണ് സ്ഥിതി. പരിമിതമായ സൗകര്യങ്ങളുള്ള അധിനിവേശ പ്രദേശങ്ങളില്‍ അവശ്യ സേവനം പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം കണക്കാക്കാനാകില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ ഇഞ്ചിഞ്ചായി മരിക്കാനാണ് ഇവരുടെ വിധി. ചുറ്റും ഇലക്ട്രിക് വേലിയും സൈനിക പോസ്റ്റുകളും- ഗസ ഒരു വലിയ തുറന്ന തടങ്കല്‍ പാളയമാണ്.

ഗസയുടെ രക്തപങ്കില ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അധ്യായങ്ങളില്‍ ഒന്ന് 2018 മെയ് 14ന് നടന്ന കൂട്ടക്കൊലയാണ്. ഫലസ്തീന്‍ ജനതയുടെ പരമ വിശുദ്ധിയുടെ തീര്‍ത്ഥാടന കേന്ദ്രമായ ജെറുസലേമിലേക്ക് അമേരിക്ക തങ്ങളുടെ എംബസി മാറ്റിയതിനെ തുടര്‍ന്നുണ്ടായ ജനകീയ കലാപത്തിലേക്കാണ് സിയോണിസ്റ്റ് സൈന്യം  നിറയൊഴിച്ചത്‌    കുറഞ്ഞത് 59 പേര്‍ കൊല്ലപ്പെടുകയും 2700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തിയ ധിക്കാരപരമായ നടപടിക്കെതിരേ അരലക്ഷത്തോളം പേര്‍ ഗസാ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരുന്നു. ചോരയില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളും മുറിവേറ്റു പിടയുന്ന മനുഷ്യശരീരങ്ങളും ‘ഭീഭത്സദൃശ്യം‘ എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആ കാഴ്ചയെ വിളിച്ചത.് ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റിയതിനെ പിന്തുണച്ച് അമേരിക്കയും സ്ഥാനപതി കാര്യാലയം അങ്ങോട്ട് മാറ്റുകയായിരുന്നു. ട്രംപിനെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചര്‍ച്ചില്‍’ എന്ന് ഇസ്രയേല്‍ നീതിന്യായ വകുപ്പ് മന്ത്രി മഹത്വവല്‍ക്കരിക്കുകയും ചെയ്തു. ഇസ്രയേല്‍ തങ്ങളുടെ ‘സ്വാതന്ത്ര്യ ദിനം’ എന്നും ഫലസ്തീന്‍ ജനത ‘മഹാ ദുരന്തദിനം‘ (Nakba) എന്നും വിളിക്കുന്ന ദിവസം തന്നെ ട്രംപ് ഇതിനായി തിരഞ്ഞെടുത്തത് ബോധപൂര്‍വ്വം തന്നെയായിരുന്നു.

ഫലസ്തീന്‍ ജനതയെ ഗസയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുതിയതൊന്നുമല്ല. 80 വര്‍ഷത്തോളമായി ഗസക്കാര്‍ അതെല്ലാം ചെറുത്തുനില്‍ക്കുന്നു. ജന്മനാട് ഉപേക്ഷിക്കില്ലെന്ന അവരുടെ ഉറച്ച തീരുമാനത്തെ ഉലയ്ക്കാന്‍ ഇസ്രയേലിന്റെയും സാമ്രാജ്യത്വ സഖ്യത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും ആയുധങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ സ്വത്വം കാത്തുരക്ഷിക്കുന്ന അവരുടെ ആത്മവീര്യം തകര്‍ക്കുന്നതില്‍ സയണിസ്റ്റുകളുടെ കണ്ണില്ലാക്രൂരത പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

No Comments yet!

Your Email address will not be published.