Skip to main content

നിലമ്പൂരിന്റെ ചുവരെഴുത്ത്

കെ എസ് ഹരിഹരന്‍

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം ചര്‍ച്ചാവിഷയമാക്കാന്‍ സഹായിച്ചു എന്നതാണ് പി വി അന്‍വറിന്റെ രാജിയുടെയും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെയും പ്രാധാന്യമെന്ന് ലേഖകന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒമ്പതു മാസം ബാക്കിനില്‍ക്കെ കടന്നുവന്ന നിലമ്പൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരായ കുറ്റവിചാരണയായാണ് മാറിയത്. ഇടതുമുന്നണിയിലെ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ തല്‍സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഈ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും ആയിരുന്നു കളത്തിലെ പ്രമുഖര്‍. ബിജെപിയുടെയും എസ്ഡിപിഐയുടെയും സ്ഥാനാര്‍ത്ഥികളും രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് ഫലപ്രഖ്യാപനം തെളിയിച്ചു. പിണറായി വിരുദ്ധ മനോഭാവം അത്യുച്ചാവസ്ഥയിലെത്തിയ ഈ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിച്ചിരുന്നില്ലെങ്കില്‍ എല്‍ഡിഎഫിനേല്‍ക്കുമായിരുന്ന ആഘാതം വളരെ വലുതാകുമായിരുന്നു.

എല്‍ഡിഎഫിന് നിലമ്പൂരില്‍ അവതരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജ്. എന്നാല്‍, സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയിലും മികച്ച പ്രഭാഷകന്‍ എന്ന നിലയിലുമുള്ള സ്വരാജിന്റെ പ്രഭാവലയമൊന്നും നിലമ്പൂരില്‍ ഏശിയില്ല. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ബൂത്തില്‍ മാങ്കുളത്ത് -വെസ്റ്റ് ജി യു പി സ്‌കൂള്‍- ആര്യാടന്‍ ഷൗക്കത്തിനെക്കാള്‍ 40 വോട്ടിന് പിന്നിലായിരുന്നു സ്വരാജിന്റെ സ്ഥാനം. പി വി അന്‍വര്‍ രണ്ടു തവണയും ടി കെ ഹംസ സ്വതന്ത്രനായി ഒരു വട്ടവും വിജയം നേടിയതൊഴിച്ചാല്‍, 1965ലും 1967 കെ കുഞ്ഞാലി വിജയിച്ച മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിക്ക് വിജയം നേടാന്‍ ആയിട്ടില്ല. ആര്യാടന്‍ മുഹമ്മദിന്റെ ഈ കുത്തക മണ്ഡലം ഇപ്പോള്‍ മകന്‍ ഷൗക്കത്തിലൂടെ വീണ്ടും യുഡിഎഫിന്റെ കൈവശമെത്തി.

നിലമ്പൂര്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രവും ഉറച്ച കോട്ടയും ഒക്കെയായിരുന്നത് കെ കുഞ്ഞാലി എന്ന ധീരനായ കമ്മ്യൂണിസ്റ്റിന്റെ പ്രവര്‍ത്തനമണ്ഡലം ആയിരുന്നപ്പോഴാണ്. 1965ലും 67ലും കുഞ്ഞാലിയുടെ മുന്നില്‍ ആര്യാടന്‍ മുഹമ്മദ് പരാജയത്തിന്റെ രുചിയറിഞ്ഞു. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ അതിന് ഉത്തരവാദിയായി ചിത്രീകരിക്കപ്പെട്ട ആര്യടന്‍ മുഹമ്മദ്, തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറിനിന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം പി ഗംഗാധരന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് സിപി അബൂബക്കറെ 5574 വോട്ടിനാണ് തോല്‍പ്പിച്ചത്. കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന പശ്ചാത്തലത്തിലായിരുന്നു ഈ ജനവിധി. കുഞ്ഞാലിയുടെ കൊലയാളി എന്ന് സിപിഎം മുദ്രകുത്തിയ ആര്യാടന്‍ മുഹമ്മദിനെ 1980ലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിച്ചതോടെ നിലമ്പൂരിലെ ഇടതുപക്ഷ മനോഭാവമുള്ളവര്‍ ശരിക്കും അങ്കലാപ്പിലായി. ദേവദാസ് പൊറ്റെക്കാടിനെ പോലുള്ള നേതാക്കള്‍ തന്നെ സിപിഎമ്മിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി. പിന്നീട് ഇടതുമുന്നണി വിട്ട ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിക്കാന്‍ മുന്‍ കോണ്‍ഗ്രസ്സുകാരനായ ടി കെ ഹംസയെ സ്ഥാനാര്‍ത്ഥിയാക്കി, 1982ല്‍ എല്‍ഡിഎഫ് വിജയം കണ്ടു. പിന്നീട് മുന്‍ കോണ്‍ഗ്രസ്സുകാരനായ പിവി അന്‍വറിനെ മുന്‍നിര്‍ത്തി 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തു. 2021ല്‍ പി വി അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി വി പ്രകാശിനെ 2700 വോട്ടിന് തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തി. ഇടതുമുന്നണി നേതൃത്വവുമായി കൊമ്പ് കോര്‍ത്ത് എംഎല്‍എ സ്ഥാനം രാജിവച്ച പി വി അന്‍വര്‍, ഇത്തവണ സ്വതന്ത്രനായി മത്സരിച്ച് 19,690 വോട്ടുകള്‍ നേടി. ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടും എം സ്വരാജ് 66,660 വോട്ടും നേടി മുന്നണികളുടെ വോട്ട് നിലവാരം കാത്തുസൂക്ഷിച്ചു.

ഇത്തവണ നിലമ്പൂരില്‍ പി വി അന്‍വറിന്റെ രാജിക്ക് അടിസ്ഥാനമായ കാര്യങ്ങളായിരുന്നു ജനങ്ങള്‍ ചര്‍ച്ചാവിഷയമായി കണ്ടത്. എന്നാല്‍, ഭരണത്തിലുള്ള എല്‍ഡിഎഫിന് ഇത്തരമൊരു ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ കഴിയും വിധമുള്ള പ്രചാരണ വിഷയങ്ങളായിരുന്നു എല്‍ഡിഎഫിന് പഥ്യം. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ത്തി ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരേണ്ടുന്ന മറ്റു വിഷയങ്ങളെയെല്ലാം തമസ്‌കരിക്കാം എന്നായിരുന്നു സിപിഎം നേതൃത്വം കണക്കുകൂട്ടിയത്. എന്നാല്‍, ജനങ്ങള്‍ ചര്‍ച്ച ചെയ്തത് എന്തുകൊണ്ട് പി വി അന്‍വറിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു എന്ന പ്രശ്‌നമായിരുന്നു. അതിന്റെ ആഘാതം തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രകടമാവുകയും ചെയ്തു.

പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസ് നിയന്ത്രിക്കുന്ന പി ശശിക്കുമെതിരേ ഉയര്‍ത്തിയ ആരോപണങ്ങളും പോലിസിന്റെ ഉന്നത നേതൃത്വത്തിലുള്ള എം ആര്‍ അജിത് കുമാറിനെതിരായ വിമര്‍ശനങ്ങളും ജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടാക്കിയത്. പോലിസ് ഭീകരത പൊതുവിലും, മുസ്‌ലിം ചെറുപ്പക്കാരോട് പോലിസിനുള്ള മുന്‍വിധി നിറഞ്ഞ സമീപനം പ്രത്യേകമായും നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയാണ് പി വി അന്‍വര്‍ തനിച്ച് നിന്നു നേടിയ 19,690 വോട്ടുകള്‍. പിണറായി സര്‍ക്കാരിനെതിരായ ശക്തമായ വികാരമാണ് ഈ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും അഴിമതിയും പോലിസ് ഭീകരതയും ജനങ്ങളുടെ മുന്നില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന് വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സമീപകാല കേരളത്തിലെ പ്രത്യേകതയാണ.് പി ടി തോമസിന്റെ നിര്യാണ ശേഷം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, ഷാഫി പറമ്പില്‍ പാര്‍ലമെന്റ് അംഗമായതിനെ തുടര്‍ന്ന് നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് എന്നിവയില്‍ പ്രകടമായ അതേ മനോഭാവം നിലമ്പൂരിലും വ്യക്തമായി. അതിനിടയില്‍ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം തുടരാന്‍ കഴിഞ്ഞത്. നിലമ്പൂരില്‍ വിജയിച്ചിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനുള്ള മാന്‍ഡേറ്റാണ് എന്ന നിലയില്‍ എല്‍ഡിഎഫ് നേതൃത്വം കേരളമാകെ പ്രചാരണ കൊടുങ്കാറ്റ് കെട്ടഴിച്ചു വിട്ടേനെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം ചര്‍ച്ചാവിഷയമാക്കാന്‍ സഹായിച്ചു എന്നതാണ് പി വി അന്‍വറിന്റെ രാജിയുടെയും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെയും പ്രാധാന്യം.

 

No Comments yet!

Your Email address will not be published.