വി കെ ഷറഫുദ്ദീന്‍
ഗസയില്‍ നിരാലംബരായ ഫലസ്തീന്‍ കുടുംബങ്ങളോടൊപ്പം ജീവിച്ച് അവരുടെയെല്ലാം ഇഷ്ടഭാജനമായി മാറിയ, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇസ്രയേലി സൈന്യം നിഷ്ഠുരമായി വധിച്ച റേച്ചല്‍ കോറി എന്ന അമേരിക്കന്‍ യുവതി ഒരേ സമയം വേദനയും ആവേശവുമായി ജ്വലിച്ചു നില്‍ക്കുന്നു.
വാഷിംഗ്ടണിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച റേച്ചല്‍ ചെറുപ്പം മുതലേ പ്രയാസപ്പെടുന്നവരോടും ചൂഷിതരോടും സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കള്‍-ക്രെയ്ഗും സിന്‍ഡിയും-പുരോഗമന ചിന്താഗതിക്കാരും യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകരുമായിരുന്നു. ഒളിംപിയ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന റേച്ചല്‍, കോളജിലെ ‘മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്’ എന്ന സംഘടനയുടെ നേതാവായിരുന്നു. ലോകത്തിലെ എല്ലാ അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നതില്‍ റേച്ചല്‍ ആത്മാര്‍ത്ഥമായി പങ്കെടുത്തിരുന്നു. അധിനിവേശ പ്രദേശങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള ഫലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെ മനുഷ്യകവച പദ്ധതിയുടെ ഭാഗമായി വോളന്റിയര്‍മാരോടൊപ്പം 2003 ആദ്യകാലത്താണ് റേച്ചല്‍ ഗസയിലെത്തിയത്. അക്രമരാഹിത്യം ആഹ്വാനം ചെയ്യുന്ന മനുഷ്യാവകാശ സംഘടനയാണിത്. ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന്‍ രാഷ്ട്രം പുനഃസ്ഥാപിക്കുന്നതിന് ആഗോള ഇടപെടല്‍ വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
രക്തസാക്ഷിത്വം
ഒരു ഫലസ്തീന്‍ വീട് ഇടിച്ചുനിരത്താന്‍ എത്തിയ ഇസ്രയേലി ഭടന്‍മാരെ തടയുകയും ചെറുക്കുകയും ചെയ്തപ്പോഴാണ് റേച്ചല്‍ സമാധാനത്തിനായി രക്തസാക്ഷിത്വം വരിച്ചത്. അമേരിക്കന്‍ നിര്‍മിത ഡി 9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ തടഞ്ഞു നിര്‍ത്തി അത് ഓടിച്ച ഇസ്രയേലി ഭടന്റെ കണ്ണില്‍ രൂക്ഷമായി നോക്കി മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അയാള്‍ ആ യുവതിയുടെ നേരെ വാഹനം കയറ്റി. വീണു കിടക്കുന്ന റേച്ചലിന്റെ മേല്‍ വാഹനം പിറകോട്ടെടുത്ത് വീണ്ടും ചതക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2003 മാര്‍ച്ച് 16നായിരുന്നു ഈ ക്രൂര കൊലപാതകം നടന്നത്.
മാര്‍ച്ച് 16നാണ് റേച്ചല്‍ വീട്ടിലേക്ക് അവസാനമായി ഇ-മെയില്‍ അയച്ചത്. ഡാഡി അയച്ച ഇ-മെയിനു മറുപടിയായിരുന്നു അത്. താമസിച്ചിരുന്ന റാഫ പ്രദേശം ആ ദിവസങ്ങളില്‍ താരതമ്യേന ശാന്തമാണെന്നും എത്രനാള്‍ ആ സ്ഥിതി തുടരുമെന്നറിയില്ലെന്നും ആ സന്ദേശത്തില്‍ റേച്ചല്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം കഴിഞ്ഞ്, ജൂണില്‍ നാട്ടിലേക്കു തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പക്ഷേ അധികം വൈകാതെ ഗസയിലേക്കു തന്നെ തിരിച്ചു വരണമെന്നും കൂടി പറയുന്നു. ഫലസ്തീന്‍കാര്‍ തന്നെ അത്രമാത്രം സ്‌നേഹിക്കുന്നുവെന്നും അവരെ വേര്‍പിരിയുക വേദനാജനകമാണെന്നും തുറന്നു പറഞ്ഞ ആ സമാധാനപോരാളി, സന്ദേശമയച്ച് ഏഴാം നാളില്‍ തന്നെ, തന്റെ ഏറേ പ്രിയപ്പെട്ട മണ്ണില്‍ തന്നെ രക്തസാക്ഷിയായി.
***
ഫെബ്രുവരി 7, 2003
പ്രിയപ്പെട്ടവരേ,
ഫലസ്തീനില്‍ എത്തിയിട്ട് രണ്ടാഴ്ചയും ഒരു മണിക്കൂറുമായി. ഇതിനകം ഇവിടെ കണ്ടതെല്ലാം വിവരിക്കാന്‍ വാക്കുകള്‍ പോരാ. ഇവിടെ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ഷെല്ലുകള്‍ വീണ് ദ്വാരങ്ങള്‍ നിറഞ്ഞ ഭിത്തികളുള്ള വീടുകളില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍. നിരീക്ഷണ ടവറുകളിലിരുന്ന് നീട്ടിപിടിച്ച തോക്കുകളുമായി പരിസരം നിരീക്ഷിക്കുന്ന പട്ടാളക്കാര്‍. ലോകം ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന ബോധമായിരിക്കുമോ ആ കുട്ടികള്‍ക്ക്? ഞാനിവിടെയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്, ഒരു എട്ടുവയസ്സുകാരന്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചത്. മതിലുകളില്‍ പതിച്ച പോസ്റ്റര്‍ നോക്കി അവന്റെ കൂട്ടുകാര്‍ പരസ്പരം മന്ത്രിക്കുന്നു. ”അലി…അലി”
എന്റെ പരിമിതമായ അറബിക് പരിപോഷിപ്പിക്കാനാവും, അവര്‍ എന്നെ കാണുമ്പോള്‍ ചെറിയ ചെറിയ വാചകങ്ങള്‍ പറയും. ”കൈഫ് ഷാരോണ്‍… കൈഫ് ബുഷ്?” ഷാരോണ്‍ എങ്ങനെയാണ്? ബുഷ് എങ്ങനെയാണ്? ‘ബുഷ് മജ്‌നൂന്‍’, ‘ഷാരോണ്‍ മജ്‌നൂന്‍’ (ബുഷ് ഭ്രാന്തന്‍, ഷാരോണ്‍ ഭ്രാന്തന്‍) ഞാന്‍ മറുപടി പറയുമ്പോള്‍ നിഷ്‌കളങ്കരായ ആ കുട്ടികള്‍ ചിരിക്കും. ചിലര്‍ എന്റെ ഉത്തരം കറക്ട് ചെയ്യും. ”അവര്‍ കച്ചവടക്കാരാണ്”! ഇപ്പോള്‍ എനിക്കു തോന്നുന്നു, ”ബുഷ് ഒരുപകരണമാണ്” എന്നതാണ് ശരിയുത്തരം എന്ന്. ഒരു കാര്യം വ്യക്തമാണ്, ലോകത്തെ മറ്റു എട്ടു വയസ്സുകാരേക്കാള്‍ യുക്തിയും സാമാന്യബോധവും ഇവിടത്തെ കൗമാരക്കാര്‍ക്കുണ്ട്.
എത്ര വായിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുത്താലും ഡോക്യുമെന്ററികള്‍ കണ്ടാലും ഇവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ മുഴുവന്‍ പ്രതിഫലിപ്പിക്കുക സാധ്യമല്ല. കണ്ടു ബോദ്ധ്യപ്പെടുക തന്നെ വേണം. കണ്ടാല്‍ മാത്രം പോരാ. അനുഭവിച്ചവര്‍ക്കേ അതിന്റെ തീവ്രതയറിയൂ. കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ കുടുംബത്തിലാര്‍ക്കും വെടിയേറ്റിട്ടില്ല. ഇടക്കിടെ സായുധ പോലീസിന്റെ പരിശോധനയില്ല. ജലസ്രോതസുകള്‍ തടസ്സപ്പെട്ടാല്‍ എനിക്ക് പണം കൊടുത്ത് വെള്ളം വാങ്ങാം. എനിക്കൊരു വീടുണ്ട്. കടപ്പുറത്ത് പോയിരിക്കാം. ഇവിടെ, റാഫയില്‍, 1,40,000 ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങളൊന്നുമില്ല. ജനസംഖ്യയില്‍ ഏതാണ്ട് 60 ശതമാനം അഭയാര്‍ത്ഥികള്‍. തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കു മുകളിലൂടെയാണ് ഞാന്‍ നടക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഈജിപ്ഷ്യന്‍ സൈനികര്‍ വിളിച്ചു പറഞ്ഞു. ”മാറിപ്പോ… മാറിപ്പോ…” ശരിയാണ്. മുന്നില്‍ ഒരു ടാങ്ക് ഇരമ്പിപ്പാഞ്ഞു വരുന്നുണ്ട്.
അലഞ്ഞു തിരിയുന്ന അപരിചിതയായ ഒരു സ്ത്രീക്ക്, ഈജിപ്ഷ്യന്‍ കുട്ടികളും അപായ സൂചന നല്‍കുന്നതും കണ്ടു. തുളകള്‍ വീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് ഫലസ്തീന്‍ കുട്ടികള്‍ സംഭവമെന്തെന്നറിയാന്‍ പുറത്തേക്ക് തലയിട്ടു. ടാങ്കുകളിലിരുന്ന ഇസ്രയേലി ബാലന്‍മാര്‍ അവരെ കൂക്കിവിളിക്കുന്നു.
പുറംലോകത്തെ വാര്‍ത്തകളറിയാന്‍ മാര്‍ഗമൊന്നുമില്ല. ഇറാഖിനെതിരായ യുദ്ധം വ്യാപിപ്പിക്കുമെന്നു കേള്‍ക്കുന്നു. ഗസ പുനരധിനിവേശ പരിപാടി ജനങ്ങളില്‍ പരക്കെ ഉത്കണ്ഠ സൃഷ്ടിച്ചിരിക്കുന്നു. സത്യത്തില്‍ ഗസയില്‍ എല്ലാ ദിവസവും പുതിയ പുതിയ അധിനിവേശങ്ങള്‍ നടക്കുന്നുണ്ട്. ‘പുനരധിനിവേശം’ കൊണ്ടുദ്ദേശിക്കുന്നത് ടാങ്കുകള്‍ നിരത്തുകളിലും തെരുവുകളിലും സ്ഥിരം സാന്നിദ്ധ്യമാകും എന്നായിരിക്കും. ഈ യുദ്ധത്തിന്റെ പ്രത്യാഘാതം ഫലസ്തീനില്‍ ഒതുങ്ങുന്നതല്ലെന്ന് ലോകം മനസ്സിലാക്കണം.
എല്ലാവര്‍ക്കും എന്റെ സ്‌നേഹം. പ്രിയപ്പെട്ട അമ്മക്കും മറ്റെല്ലാവര്‍ക്കും.
റേച്ചല്‍
***
മമ്മ,
ഗസയിലേക്കുള്ള റോഡുകള്‍ ഇസ്രയേലി പട്ടാളം കുഴിച്ചിട്ടിരിക്കുകയാണ്. രണ്ടു പ്രമുഖ ചെക്ക് പോയിന്റുകളും അടച്ചു. അതായത് അടുത്ത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. ജോലിക്കാര്‍ക്ക് പുറത്തു പോയി പണിയെടുക്കാന്‍ പറ്റാത്ത സ്ഥിതി. ജോലിക്ക് പുറത്തു പോയവര്‍ക്ക് വീട്ടിലേക്ക് തിരിച്ചു വരാനും കഴിയില്ല. വിദേശികള്‍ക്ക്, അടിയന്തിരമായി വെസ്റ്റ്ബാങ്കില്‍ ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെങ്കില്‍? നടക്കില്ല. അന്താരാഷ്ട്ര യാത്രാരേഖയുപയോഗിച്ച് ചെക്ക് പോസ്റ്റ് കടക്കാന്‍ കഴിഞ്ഞാല്‍ തന്നെ അറസ്റ്റും നാടുകടത്തലും ഭയക്കണം; അനധികൃതമായി ഒന്നും ചെയ്തില്ലെങ്കിലും!
ഗസാ മുനമ്പിനെ പലതാക്കി വിഭജിച്ചിരിക്കുകയാണ്. പുനരധിനിവേശത്തെക്കുറിച്ച് വീണ്ടും കേള്‍ക്കുന്നു. എന്നാല്‍ അത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഭൗമരാഷ്ട്രപരമായ വിഡ്ഢിത്തമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.
ഞാനിപ്പോള്‍ റാഫയില്‍ തന്നെയാണ്. വടക്കോട്ടു നീങ്ങാന്‍ പരിപാടിയില്ല. താരതമ്യേന സുരക്ഷിതയാണെന്നാണ് തോന്നുന്നത്. വന്‍തോതില്‍ കുഴപ്പങ്ങളുണ്ടായാല്‍ അറസ്റ്റിനു സാധ്യതയില്ലായ്കയില്ല എന്നു മാത്രം. ഗസയില്‍ കൂടുതല്‍ കടന്നു കയറ്റത്തിനു ശ്രമമുണ്ടായാല്‍, പ്രശ്‌നങ്ങള്‍ ഗുരുതരമാകും. സമാധാന സംഭാഷണങ്ങള്‍ക്കിടയില്‍ ഷാരോണ്‍ കൂട്ടക്കൊലകള്‍ നടത്തിയ പോലെ. ഫലസ്തീന്‍ സ്വയം നിര്‍ണയാവകാശത്തിനുള്ള സാധ്യതകളെ സാവകാശമെങ്കിലും ഉറപ്പായി ഇല്ലാതാക്കുകയായിരിക്കും അതിലൂടെ അവര്‍ ചെയ്യുന്നത്.
ഒരുപാട് നല്ല ഫലസ്തീന്‍കാര്‍ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചെറിയൊരു ജലദോഷം വന്നു. ചെറുനാരങ്ങാ പാനീയങ്ങള്‍ തന്ന് അവര്‍ അസുഖം ഭേദപ്പെടുത്തി. വീട് പരിപാലിക്കുന്ന സ്ത്രീ അമ്മയെ പ്രത്യേകം അന്വേഷിച്ചു. ഇംഗ്ലീഷ് ഒരക്ഷരം അറിയില്ല. എന്നിട്ടും എപ്പോഴും അമ്മയുടെ കാര്യം ചോദിക്കും. ഞാന്‍ അമ്മയെ വിളിക്കുന്നില്ലേ എന്നുറപ്പിക്കും.
സ്‌നേഹം – ഡാഡിക്കും സാറക്കും ക്രിസിനും മറ്റ് എല്ലാവര്‍ക്കും
റേച്ചല്‍
***
ഫെബ്രുവരി 27, 2003
മമ്മയ്ക്ക്,
സ്‌നേഹത്തോടെ. ശരിക്കും എനിക്ക് അമ്മയെ മിസ് ചെയ്യുന്നു. ഞാനിവിടെ പേടിസ്വപ്‌നങ്ങള്‍ കാണുന്നു. നമ്മുടെ വീടിനു പുറത്ത് ടാങ്കുകളും ബുള്‍ഡോസറുകളും വന്നു നില്‍ക്കുന്നതായി. നമ്മള്‍ വീടിനകത്താണ്. ഉറക്ക ഗുളികകള്‍ കഴിച്ച് കുറേ നാളുകള്‍ രക്ഷപ്പെടാം. വീണ്ടും വൈകുന്നേരങ്ങളിലും രാത്രികളിലും തലപെരുക്കുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ നടുക്കം എന്നു പറയാം. ഇന്നലെ ശരിക്കും പേടിച്ചു. ഒരച്ഛന്‍, രണ്ടു കൊച്ചു കുഞ്ഞുങ്ങളെ ഓരോ കയ്യിലും പിടിച്ച് പരിഭ്രാന്തനായി പുറത്തേക്കോടുന്നതു കണ്ടു. വീട് ബോംബേറില്‍ തകരുകയാണെന്ന് പേടിച്ച് രക്ഷപ്പെടുകയാണ്. ജെന്നിയും ഞാനും വേറേ കുറേ സ്ത്രീകളും കുഞ്ഞുങ്ങളും താമസിക്കുന്ന കെട്ടിടമാണ്. വാസ്തവത്തില്‍ തൊട്ടടുത്ത കെട്ടിടത്തിലാണ് ഇസ്രയേലി സൈന്യം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ചത്.
ഇവിടെയാണ് ഞായറാഴ്ച സൈന്യം 150-ഓളം മനുഷ്യരെ വളഞ്ഞ് തലക്കു മീതെയും, ചുറ്റും വെടിപായിച്ചത്. 300 പേരുടെ ജീവിതോപാധിയായിരുന്ന 25 ഫാമുകള്‍ ടാങ്കുകളും ബുള്‍ഡോസറുകളും നിലം പരിശാക്കി. ആ കിരാത സംഭവം ആവര്‍ത്തിച്ചുകൂടെന്നില്ല. ഒരു പിതാവ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ഓടുന്നത് എന്ത് സാഹസമാണെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. ഏതു നിമിഷവും വെടിയുണ്ട ആ മൂന്നു ജീവനെയും ഛിന്നഭിന്നമാക്കാന്‍ സാധ്യതയുണ്ട്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. എന്നും നടക്കുന്ന സംഭവമാണ്. പക്ഷേ ആ നിമിഷം. ആ കാഴ്ചയെന്നെ ഉലച്ചു.
ഫലസ്തീന്‍കാരുടെ അക്രമങ്ങളെ കുറിച്ച് മമ്മ എന്നോട് ഫോണില്‍ സംസാരിച്ചത് എനിക്കോര്‍മയുണ്ട്. ഇസ്രയേലില്‍ രണ്ടു വര്‍ഷം മുമ്പ് റാഫയില്‍ നിന്നുള്ള 60,000 പേര്‍ പണിയെടുത്തിരുന്നു. ഇപ്പോള്‍ 600 പേര്‍ക്കു മാത്രമേ പോകാന്‍ കഴിയുന്നുള്ളൂ. അതു തന്നെ കുറഞ്ഞു വരുന്നു. സാധാരണ നിലയില്‍ 40 മിനിറ്റ് വാഹന യാത്രയേ വേണ്ടൂ. കര്‍ശന പരിശോധനയും തടഞ്ഞു നിര്‍ത്തലും കാരണം ഇപ്പോള്‍ 12 മണിക്കൂറെങ്കിലും വേണം. റാഫയിലെ സാമ്പത്തിക സ്രോതസുകളെല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിരിക്കുന്നു. റണ്‍വേകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ട ഗസ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരിക്കുകയാണ്. ഈജിപ്തുമായുള്ള വാണിജ്യാതിര്‍ത്തിയും അടച്ചു. ‘ഇന്‍തിഫാദ’ തുടങ്ങിയതിനുശേഷം റാഫയില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ എണ്ണം ഏതാണ്ട് 600 ആണ്. ഇതില്‍ എല്ലാവരും ചെറുത്തു നില്‍പ്പില്‍ പങ്കെടുത്തവരല്ല. അതിര്‍ത്തിയോടു ചേര്‍ന്ന് താമസിക്കുന്നവര്‍ എന്നു മാത്രം. ലോകത്തിലെ ഏറ്റവും ദരിദ്രമായ സ്ഥലം റാഫയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടാകും. യൂറോപ്പിലേക്ക് ഗസയില്‍ നിന്നുള്ള പൂക്കച്ചവടം സുരക്ഷാ പരിശോധന മൂലം ആഴ്ചകളോളം മുടങ്ങുന്നു. രണ്ടാഴ്ചയെങ്കിലും പഴക്കമുള്ള പൂക്കള്‍ യൂറോപ്യന്‍ വിപണിയിലിറക്കിയിട്ട് എന്തു കാര്യം? പിന്നെ, ബുള്‍ഡോസറുകള്‍ വന്ന് കൃഷിയിടങ്ങളും തോട്ടങ്ങളും ചതച്ചരക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് എന്താണ് അവശേഷിക്കുന്നത്? എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പറയൂ. എനിക്ക് കഴിയുന്നില്ല.
നമ്മളിലാരുടെയെങ്കിലും ജീവനും സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടാല്‍, ഇടുങ്ങിയ മുറികളില്‍ കുട്ടികളുമൊത്ത് ജീവിക്കേണ്ടി വന്നാല്‍, ഏതു നിമിഷവും ടാങ്കുകളും ബുള്‍ഡോസറുകളും സൈന്യവും വന്ന് കൃഷിയിടങ്ങള്‍ നശിപ്പിച്ചാല്‍, പട്ടാളക്കാര്‍ മര്‍ദ്ദിക്കുകയും അകാരണമായി തുറങ്കിലടക്കുകയും ചെയ്താല്‍ അവശേഷിക്കുന്നതെങ്കിലും രക്ഷിക്കാനായി നമുക്ക് എന്തെങ്കിലും, അക്രമമാര്‍ക്ഷം പോലും സ്വീകരിക്കേണ്ടി വരില്ലേ? വര്‍ഷങ്ങളുടെ പരിചരണത്താല്‍ വളര്‍ത്തിയെടുത്ത ഫലവൃക്ഷങ്ങളും കായ്കളും നശിപ്പിക്കപ്പെട്ടതു കാണുമ്പോള്‍ എനിക്ക് അങ്ങനെ ആലോചിക്കാതിരിക്കാന്‍ കഴിയുന്നില്ല. എത്ര വര്‍ഷത്തെ അധ്വാനവും കഷ്ടപ്പാടുമാണ് വൃഥാവിലാകുന്നത്! ഇത്തരം ഘട്ടങ്ങളില്‍ കഴിയാവുന്ന വിധത്തില്‍ പ്രതിരോധിക്കേണ്ടി വരും അമ്മൂമ്മയും മമ്മയും. അതിനു തയ്യാറാകും. ഞാനും.
അക്രമരഹിത പ്രതിരോധത്തെ കുറിച്ച് മമ്മ ചോദിച്ചല്ലോ. ഇന്നലെ ആ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചപ്പോള്‍ വീടിന്റെ ജാലകങ്ങളെല്ലാം തകര്‍ന്നു. ഞാന്‍ ചായയുണ്ടാക്കികൊടുത്ത് രണ്ടു കുഞ്ഞുങ്ങളുമായി കളിക്കുകയായിരുന്നു. എനിക്കാ രംഗം ഇപ്പോള്‍ ആലോചിക്കാനേവയ്യ. എല്ലാം ഓര്‍മയില്‍ കട്ടപിടിച്ചു കിടക്കുന്നു. ദുരന്തം ഗ്രസിച്ച ഒരു ഭൂമികയിലാണ് ഞാന്‍. അമേരിക്കയിലിരുന്നു വീക്ഷിക്കുമ്പോള്‍ എല്ലാം അതിശയോക്തിയായി തോന്നാം. കണ്ടതും കാണുന്നതുമെല്ലാം. സത്യമോ വിഭ്രമമോ എന്ന് വാസ്തവം പറഞ്ഞാല്‍ ചിലപ്പോള്‍ എനിക്കും സംശയം തോന്നാറുണ്ട്. ഈ കൊടുംക്രുരതകളെല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും നിസ്സംഗരായി നില്‍ക്കുകയാണ് മനുഷ്യവര്‍ക്ഷം! അവിശ്വസനീയം തന്നെ. കാര്യമായ പ്രതിഷേധമൊന്നും ഉയരുന്നില്ല! ഇതെത്രകാലം അനുവദിക്കാനാകും? ഞാനിതൊക്കെ വിവരിച്ചിട്ടും എന്നെ പൂര്‍ണ്ണ വിശ്വാസമാകുന്നില്ല? അതിജീവിക്കാനുള്ള ഒരു വിഭാഗം ജനങ്ങളുടെ കഴിവിനെ തുടച്ചു കളയാനോ നശിപ്പിക്കാനോ ഉള്ള ക്രമാനുഗതവും പലപ്പോഴും മറച്ചു വെക്കപ്പെട്ടതുമായ ശ്രമങ്ങളാണോ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടക്കൊലകള്‍, റോക്കറ്റ് ആക്രമണങ്ങള്‍, കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ക്കല്‍…. എന്നാല്‍ ഈ അതിക്രമങ്ങളില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍, അവയുടെ സന്ദര്‍ഭവും പശ്ചാത്തലവും മറക്കുകയാണെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും, രക്ഷപ്പെടാന്‍ സാമ്പത്തിക സൗകര്യമുണ്ടെങ്കിലും, ചെറുത്തു നില്പ് ഉപേക്ഷിച്ച് രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും (ഷാരോണിന്റെ ഹീനലക്ഷ്യം അതു തന്നെ) അവര്‍ക്കതിനു കഴിയില്ല. വിസക്കു വേണ്ടി അപേക്ഷിക്കാന്‍ ഇസ്രായേലില്‍ എത്തിപ്പെടാന്‍ പോലും പറ്റാത്തവരാണവര്‍. എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ (നമ്മുടെ രാജ്യവും അറബ് രാജ്യങ്ങളും) അതിനനുവദിക്കുകയുമില്ല. അപ്പോള്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങളെല്ലാം അടയുമ്പോള്‍ എന്തു സംഭവിക്കും? നരഹത്യകള്‍ തന്നെ. എങ്ങനെയെങ്കിലും പുറത്തു കടന്നാലോ – അപ്പോഴും കാത്തിരിക്കുന്നത് കൂട്ടക്കൊലകള്‍. വംശ നശീകരണം. അന്താരാഷ്ട്ര നിയമമനുസരിച്ച് നരഹത്യയുടെ നിര്‍വചനമെന്താണ്? മമ്മ തന്നെ നോക്കിയെടുത്തോളൂ. എനിക്കതിപ്പോള്‍ ഓര്‍മ വരുന്നില്ല. അത് വിവരിക്കാനും എനിക്കു വലിയ കഴിവില്ല. അത്തരം അതിവൈകാരിക പദങ്ങള്‍ ഉപയോഗിക്കാന്‍ എനിക്കിഷ്ടമില്ല. എന്നെക്കുറിച്ച് മമ്മക്ക് അറിയാമല്ലോ. വാക്കുകള്‍ അമൂല്യമാണെന്നു ഞാന്‍ കരുതുന്നു. ജനങ്ങള്‍ സ്വന്തം നിഗമനങ്ങളില്‍ എത്തട്ടെ.
എന്തായാലും, ഞാന്‍ അലയുകയാണ്. ഈ തീക്ഷ്ണവും നിഷ്ഠുരവുമായ വര്‍ഗവിപാടനത്തിനു സാക്ഷിയായിരിക്കയാണെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ എനിക്കു ഭയമുണ്ട്. മനുഷ്യ നന്‍മയിലുള്ള എന്റെ അടിസ്ഥാനപരമായ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാം മാറ്റിവച്ച് ഇതിനൊരവസാനം കുറിക്കാന്‍ എല്ലാ നല്ല മനസ്സുകളും തയ്യാറാവുകയാണു വേണ്ടതെന്ന് എനിക്കു തോന്നുന്നു. ആടിയും പാടിയും ആണ്‍സുഹൃത്തുക്കളുമായി ആഹ്ലാദിക്കുവാനും സഹപ്രവര്‍ത്തകരുമായി തമാശകള്‍ പങ്കിടാനും സത്യം പറഞ്ഞാല്‍ എനിക്കിപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ, ഇവിടെ നടമാടുന്ന ക്രൂരതകള്‍ അവസാനിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അവിശ്വസനീയതയും ബീഭത്സതയുമാണ് എനിക്കിവിടെ അനുഭവപ്പെടുന്നത്. നിരാശ. നമ്മുടെ ലോകത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യം ഇതാണെന്നതില്‍ എനിക്ക് നൈരാശ്യമുണ്ട്. മാത്രമല്ല നമ്മള്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഞാന്‍ വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ മമ്മയും ഡാഡിയും വിഭാവനം ചെയ്ത ലോകം ഇതായിരുന്നില്ലല്ലോ. ഈ രാജ്യത്തിലെ ജനങ്ങളും സ്വപ്‌നം കണ്ട ലോകം ഇതായിരുന്നില്ല.
അകലെ കൂടുതല്‍ ശക്തിയായ സ്‌ഫോടനങ്ങളുടെ ശബ്ദം…
ഫലസ്തീനില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ദുഃസ്വപ്‌നങ്ങള്‍ ഏതാണ്ട് ഉറപ്പാണ്. ഇവിടെയില്ലാത്തതില്‍ സ്ഥിരമായി കുറ്റബോധവും തോന്നും. പക്ഷേ ഇവിടത്തെ അനുഭവങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതയാകാന്‍ ഞാന്‍ ഉപയോഗിക്കും. ഇവിടെ വന്നതാണ് ഇതഃപര്യന്തം ഞാന്‍ ചെയ്ത നല്ല കാര്യങ്ങളില്‍ ഒന്ന്. പ്രതികരിക്കാതിരുന്നാല്‍ പരോക്ഷമായി ഞാനും ആ കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണെന്നു വരും. പ്രധാനമായും എന്റെ ഗവണ്‍മെന്റ് തന്നെയാണ് അതിനുത്തരവാദി.
മമ്മയെയും ഡാഡിയെയും ഞാന്‍ സ്‌നേഹിക്കുന്നു. പെരുപ്പിച്ച് എഴുതിയെങ്കില്‍ ഖേദിക്കുന്നു… ഓകെ. അടുത്തുള്ള അപരിചിതരില്‍ ചിലര്‍ എനിക്കല്പം നിലക്കടല തന്നു. അതു കഴിക്കട്ടെ. അവര്‍ക്ക് നന്ദി പറയുകയും വേണം.
റേച്ചല്‍
***
ഫെബ്രുവരി 28, 2003
മമ്മയ്ക്ക്,
മറുകുറിക്ക് നന്ദി മമ്മ. അവിടെ നിന്ന് വിവരങ്ങള്‍ അറിയുന്നത് എനിക്ക് ഏറേ സന്തോഷകരമാണ്. നിങ്ങള്‍ക്ക് എന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടല്ലോ. കഴിഞ്ഞ കത്തിനുശേഷം ഞാന്‍ ഞങ്ങളുടെ സംഘത്തില്‍ നിന്നും 10 മണിക്കൂര്‍ വിട്ടുനിന്ന് ഹൈ സലാമിലെ ഒരു കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി ഭക്ഷണം കഴിച്ചു. ക്യാമ്പില്‍ ടി വി യുണ്ട്. വീടിന്റെ മുന്‍ഭാഗത്തെ രണ്ട് മുറികള്‍ ഉപയോഗയോഗ്യമല്ല. വെടിയുണ്ടകളേറ്റ് ഭിത്തികളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് മൂന്നു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അവശേഷിക്കുന്ന ഒരു മുറിയിലാണ് കഴിയുന്നത്. ഞാന്‍ ഇളയ പെണ്‍കുട്ടി ഇമാനോടൊപ്പം തറയില്‍ കിടന്നു. ആണ്‍കുട്ടിയെ ഇംഗ്ലീഷ് പാഠങ്ങള്‍ പഠിക്കുന്നതില്‍ കുറച്ച് സഹായിച്ചു. സിനിമകള്‍ കണ്ടു. പിറ്റേന്ന് വെള്ളിയാഴ്ച ഉണരുമ്പോള്‍ വീട്ടുകാര്‍ മറ്റൊരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം യുദ്ധക്കെടുതികള്‍ വിവരിക്കുന്ന ചിത്രങ്ങള്‍. പ്രാതല്‍ ഒരുമിച്ച് കഴിച്ചു. കാര്‍ട്ടൂണുകള്‍ കണ്ടിരിക്കുന്നതുപോലെ കുട്ടികള്‍ മഹാദുരന്തങ്ങള്‍ കാണുകയാണ്. പിന്നെ അല്പം മാറി അവരുടെ ബന്ധുക്കള്‍ താമസിക്കുന്ന വീട്ടിലേക്കു പോയി. നിദാലും മന്‍സൂറും മുത്തശ്ശിയും റിഫാത്തും മറ്റു കുടുംബാംഗങ്ങളും. വലിയൊരു കുടുംബം. അവര്‍ സന്തോഷപൂര്‍വ്വം എന്നെ ദത്തെടുത്തതു പോലെയായി. (കഴിഞ്ഞ ദിവസം ഈ വീട്ടിലെ മുത്തശ്ശി എനിക്ക് പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് നീണ്ടൊരു ക്ലാസ് എടുക്കുകയുണ്ടായി. മുത്തശ്ശിയുടെ ഉപദേശം അറിഞ്ഞാല്‍ മമ്മക്ക് വലിയ സന്തോഷവും ആശ്വാസവുമാകുമെന്ന് ഞാന്‍ അവരോടു പറഞ്ഞു) നസറത്ത് ക്യാംപില്‍ നിന്നു വന്ന അവരുടെ മറ്റൊരു കുടുംബാംഗത്തെയും ഞാന്‍ പരിചയപ്പെട്ടു.
നിദാലിന്റെ ഇംഗ്ലീഷ് ദിവസം ചെല്ലുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നെ ”എന്റെ സഹോദരി” (ങ്യ ശെേെലൃ) എന്നാണു വിളിക്കുന്നത്. മുത്തശ്ശിയെ കൊണ്ട് ”ഹലോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍” (ഒലഹഹീ, ഒീം മൃല ്യീൗ?) എന്ന് എന്നോടു ചോദിക്കാന്‍ അവര്‍ പഠിപ്പിച്ചു.
ടാങ്കുകളും ബുള്‍ഡോസറുകളും ഇരമ്പിപ്പായുന്ന ശബ്ദം ഇടക്കിടെ കേള്‍ക്കാം. പക്ഷേ വീട്ടുകാര്‍ അതൊന്നും കാര്യമായി എടുക്കുന്നില്ല. ഫലസ്തീന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയുമ്പോള്‍ എനിക്കും അങ്ങനെ തോന്നാറുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തക, ഡോക്യുമെന്റര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴാണ് കൂടുതല്‍ ഭയവും പരിഭ്രമവും അനുഭവപ്പെടുന്നത്. തീരാദുരിതങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ജനത കാത്തു സൂക്ഷിക്കുന്ന മാനുഷിക ഭാവങ്ങള്‍- നര്‍മം, ഹൃദയവിശാലത, സൗഹൃദ കുടുംബാന്തരീക്ഷം- എന്നെ അതിശയപ്പെടുത്തുന്നു. നമുക്കിപ്പോഴും ചെയ്യാന്‍ കഴിയുന്ന തിന്‍മകളുടെ തലത്തെക്കുറിച്ചു ചിന്തിച്ചു നിരാശയായ എനിക്ക് ഇന്ന് പ്രഭാതത്തിനുശേഷം അല്പം ഭേദം തോന്നുന്നുണ്ട്. ഏത് പ്രതികൂല സാഹചര്യത്തിലും മനുഷ്യജീവിയായി നിലനില്‍ക്കാനുള്ള ശക്തി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ലോകം മാന്യമാണെന്ന് ഞാന്‍ കരുതുന്നു. എന്നെങ്കിലും ഒരു ദിവസം ഈ നല്ല മനുഷ്യരെ നിങ്ങള്‍ക്കും കണ്ടുമുട്ടാമെന്ന് ഞാന്‍ ആശംസിക്കുന്നു.
***
റേച്ചലിന് ഡാഡിയുടെ കത്ത്
റേച്ചല്‍,
നിനക്കെഴുതാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ നിന്നെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ആവില്ല. അതുകൊണ്ട് ഞാന്‍ എഴുതാറില്ല. പക്ഷേ എന്റെ ഭയം ഉച്ചഭക്ഷണ സമയത്ത് ഞാന്‍ കൂട്ടുകാരോടു പറയാറുണ്ട് നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു പേടിയാണ്. അതിനു കാരണവുമുണ്ട്. അതേ സമയം, നിന്നെപറ്റി എനിക്ക് അഭിമാനമുണ്ട്. ഏറിയ അഭിമാനം. പിതാക്കന്‍മാര്‍ അങ്ങനെയാണ്. സ്വന്തം മക്കള്‍, അവര്‍ എത്ര പ്രായമുള്ളവരായാലും, എത്ര ധൈര്യശാലികളാണെങ്കിലും, അവര്‍ ചെയ്യുന്നത് എത്ര നല്ല കാര്യങ്ങളായാലും ഇത്രമാത്രം ഭീഷണികള്‍ക്കിരയാകുന്നതോ, ഇത്തരം പ്രയാസങ്ങള്‍ക്ക് സാക്ഷിയാകുന്നതോ സഹിക്കാവുന്ന കാര്യമല്ല. ഞാന്‍ മണ്ണില്‍ തലപൂഴ്ത്തുന്നത് ശരിയല്ലെന്ന് നീ പറഞ്ഞേക്കാം (പറഞ്ഞിട്ടുമുണ്ട്) നീ തല മണ്ണില്‍ പൂഴ്ത്തണമെന്ന ആഗ്രഹമാണ് ഞാന്‍ അറിയിക്കുന്നത്. (പറയാന്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നത്). ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ദയവായി സ്വയം ശ്രദ്ധിക്കുക.
ഡാഡി
***
മാര്‍ച്ച് 12, 2003
ഹായ് ഡാഡി,
ഇ-മെയിലിനു നന്ദി. മമ്മയെ യഥാസമയം വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. മമ്മ എല്ലാം ഡാഡിയെ അറിയിക്കുമെന്നുറപ്പാണ്. ഡാഡിയെ അവഗണിച്ചതല്ല. എന്നെക്കുറിച്ച് കൂടുതല്‍ വ്യാകുലപ്പെടേണ്ട. ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നതാണ് ഇപ്പോള്‍ എന്റെ ഉത്കണ്ഠ. പ്രത്യേക അപകട സാധ്യതകളെന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. റഫ ഈയിടെയായി താരതമ്യേന ശാന്തമാണ്. സൈന്യം വടക്കന്‍ പ്രദേശത്തെ കടന്നുകയറ്റത്തില്‍ മുഴുകിപ്പോയതായിരിക്കും കാരണം. എന്നിട്ടും വെടിവെപ്പും കെട്ടിടങ്ങള്‍ തകര്‍ക്കലും ശമിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഒരു മരണം എന്റെ അറിവിലുണ്ട്. എങ്കിലും വലിയ ആശങ്ക നിലവിലില്ല എന്നു പറയാം. എന്നാല്‍ ഇറാനുമായി യുദ്ധമുണ്ടായാല്‍ സ്ഥിതി എങ്ങനെ മാറുമെന്നറിയില്ല.
നിങ്ങള്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിന് നന്ദി. എളുപ്പമല്ലെന്നറിയാം. പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുക.
ഇവിടം വിട്ടു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തികസ്ഥിതി നോക്കിയാല്‍ ജൂണ്‍ വരെ ഇവിടെ കഴിയാമെന്നാണ് കരുതുന്നത്. ഒളിംപ്യയിലേക്കു മടങ്ങിപ്പോകാന്‍ സത്യത്തില്‍ എനിക്കിഷ്ടമല്ല. പക്ഷേ, ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും ഇവിടത്തെ അനുഭവങ്ങള്‍ വിവരിക്കാനും പോയേപറ്റൂ. അതേസമയം സമുദ്രം താണ്ടിയ സ്ഥിതിക്ക് അല്പകാലം കൂടി ഇവിടെ കഴിയണമെന്ന ശക്തമായ ആഗ്രഹവുമുണ്ട്. ഇംഗ്ലീഷ് അധ്യാപികയായി കഴിയാനാണ് മോഹം. അറബിക്കും പഠിക്കണം. മടക്കയാത്രയില്‍ സ്വീഡന്‍ സന്ദര്‍ശിക്കാന്‍ ഒരു ക്ഷണം ലഭിച്ചിട്ടുണ്ട്. അതിനത്ര ചെലവ് വരില്ലെന്നാണ് തോന്നുന്നത്. ഏതായാലും മടങ്ങി വരാനുള്ള പദ്ധതിയുമായാണ് റഫ വിടുന്നത്.
ഞങ്ങളുടെ സംഘത്തിലെ ഒരു പ്രധാനഅംഗം നാളെ മടങ്ങും. അവള്‍ ഇവിടത്തുകാരോടു യാത്ര പറയുന്നതു കാണുമ്പോള്‍, വേര്‍പാട് എത്ര വേദനാജനകമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജനങ്ങള്‍ സമ്മതിക്കുന്നില്ല. ”ഇനി നിങ്ങള്‍ മടങ്ങി വരുമ്പോള്‍ ഞങ്ങള്‍ ഇവിടെ ജീവനോടെ ഉണ്ടാകുമോ” എന്നാണ് അവര്‍ വേവലാതിപ്പെടുന്നത്. ഇവരെ എളുപ്പത്തില്‍ വേര്‍പിരിയാനാവില്ല. ഒരു വര്‍ഷത്തിനകം തിരിച്ചു വരാമെന്ന് വാക്കു കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതായാലും മടക്കയാത്രയില്‍ ഏതാനും ആഴ്ച സ്വീഡനില്‍ ചെലവഴിക്കണം. ടിക്കറ്റ് പാരീസ് വഴി മാറ്റാം. പാരീസില്‍ നിന്ന് സ്വീഡനിലേക്ക്.
ജീവിതത്തില്‍ അവശേഷിക്കുന്ന കാലം ഞാന്‍ എങ്ങനെ ചെലവഴിക്കണം ? എന്തെങ്കിലും ‘ഐഡിയ’ ഉണ്ടെങ്കില്‍ അറിയിക്കണം. ഡാഡിയെ ഞാന്‍ അത്രയധികം സ്‌നേഹിക്കുന്നു. ഞാന്‍ ഹവായിലോ മറ്റേതെങ്കിലും വലിയ ദ്വീപിലോ അവധിക്കാലം ആസ്വദിക്കുന്നു എന്നു നിനച്ച് എനിക്ക് എഴുതിക്കോളൂ. ഇവിടെ കാര്യങ്ങള്‍ അനായാസമാക്കാന്‍ ഞാന്‍ ചെയ്യുന്ന ഒരു കാര്യം മനോരാജ്യത്തില്‍ മുഴുകുകയാണ്. ഹോളിവുഡ് സിനിമയിലെയോ മൈക്കേല്‍ജെ. ഫോക്‌സ് അഭിനയിച്ച ചിത്രങ്ങളിലെയോ രംഗങ്ങളിലെ വിഭ്രാത്മക മനസ്സിനെ കേന്ദ്രീകരിക്കുക. എന്തും തുറന്നെഴുതാനും നിര്‍ദ്ദേശിക്കാനും മറക്കരുതേ.
നിറഞ്ഞ സ്‌നേഹത്തോടെ
റേച്ചല്‍




No Comments yet!