Skip to main content

അപരവല്‍ക്കരണത്തിന്റെ വിഷക്കായകള്‍

ജമാല്‍ കൊച്ചങ്ങാടി

ഫിഫ് സുര്‍ റഹ്മാന്‍ കാരോളി സമാഹരിച്ച് എഡിറ്റുചെയ്ത ‘നമ്മളിലെ അവര്‍’ എന്ന ബൃഹത്തായ പുസ്തകം പൊതുവെ അപരവല്‍ക്കരണത്തിന്റെ വസ്തുതാപരമായ കാര്യങ്ങളാണ് അപഗ്രഥിക്കുന്നത്. മനുഷ്യരെ വര്‍ഗീയമായി വേര്‍തിരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചിലരോട് മുന്‍വിധികളോടു കൂടി പെരുമാറുകയും ചെയ്യുന്ന പെരുമാറ്റരീതികളെയാണ് അത് സൂചിപ്പിക്കുന്നത്.

അപരവല്‍ക്കരണം എന്ന വാക്കിന് ഓക്‌സ്ഫഡ് ഡിക്ഷണറി നല്‍കിയിരിക്കുന്നത് അവനവനില്‍ നിന്ന് മാറി നില്‍ക്കുന്നതോ, വിപരീതമായി നില്‍ക്കുന്നതോ ആയ കൂട്ടരെയാണ്. മനുഷ്യരെ വര്‍ഗീയമായി വേര്‍തിരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചിലരോട് മുന്‍വിധികളോടു കൂടി പെരുമാറുകയും ചെയ്യുന്ന പെരുമാറ്റരീതികളെയാണ് അത് സൂചിപ്പിക്കുന്നത്.

ഫിഫ് സുര്‍ റഹ്മാന്‍ കാരോളി സമാഹരിച്ച് എഡിറ്റുചെയ്ത ‘നമ്മളിലെ അവര്‍‘ എന്ന ബൃഹത്തായ പുസ്തകം പൊതുവെ അപരവല്‍ക്കരണത്തിന്റെ വസ്തുതാപരമായ കാര്യങ്ങളാണ് അപഗ്രഥിക്കുന്നത്. നൊബേല്‍ സമ്മാനിതനായ ഡോ. അമര്‍ത്യാസെന്‍ പശ്ചിമബംഗാള്‍ അനുഭവങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പഠനം (The Living Reality of Muslims in West Bengal) ഏതാണ്ട് മുഴുവനായിത്തന്നെ വിവര്‍ത്തനം ചെയ്ത് ചേര്‍ത്തിട്ടുണ്ട്. 1900 മുതല്‍ തൊഴില്‍ നേടി കേരളത്തിലെത്തിയവരില്‍ 20 ശതമാനവും ബംഗാളികളാണെന്നും അവരില്‍ത്തന്നെ പകുതിയും മുസ്‌ലിംകളാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍, സുദീര്‍ഘമായ അവതാരികയില്‍ എഡിറ്റര്‍ ഓരോ ലേഖനത്തേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും മതത്തിന്റെ പേരില്‍ പരസ്പരം വച്ചുപുലര്‍ത്തുന്ന ശത്രുതയാണ് വര്‍ഗീയതയെന്നും അതിന്റെ വേരുകള്‍ ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ രചനകളില്‍ ചെന്നു നില്‍ക്കുന്നുവെന്നും പറയുന്നു. ഭരണാധികാര കേന്ദ്രങ്ങളില്‍ നിന്നും മുസ്‌ലിംകളെ മാറ്റി നിര്‍ത്തുന്നതാണ് മുസ്‌ലിം അപരവല്‍ക്കരണം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് ഇന്ത്യയെ വിഭജനത്തില്‍ വരെ കൊണ്ടെത്തിച്ചത്.

പാരിസ്ഥിതികശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിലിന്റെ ലേഖനം ആവാസവ്യവസ്ഥയില്‍ അന്യരാക്കപ്പെടുന്ന മനുഷ്യരെക്കുറിച്ച് പ്രതിപാദിക്കുന്നു. മനുഷ്യന്റെ അജൈവശരീരമെന്ന് അദ്ദേഹം പ്രകൃതിയെ നിര്‍വ്വചിക്കുന്നു. കാറ്റും പുഴയും തന്നെയാണ് മനുഷ്യന്റെ പ്രാണവായുവും ജലവും.

ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കവി സച്ചിദാനന്ദന്റെ ‘അപരനാക്കപ്പെടുന്ന മുസല്‍മാന്‍‘ എന്ന ലേഖനം തന്നെയാണ്. അദ്ദേഹത്തിന്റെ കവിതകളിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലുമൊക്കെ പരന്നുകിടക്കുന്ന നിരീക്ഷണങ്ങള്‍ ഇവിടെ കോര്‍ത്തിണക്കിയിരിക്കുന്നു.

‘അധിനിവേശോന്‍മുഖമായ സാമ്രാജ്യത്വത്തിന്റെ അടിത്തറ ഈ അപരവല്‍ക്കരണമായിരുന്നു’ എന്നു പറയുമ്പോള്‍ വിഷയത്തിന്റെ വിശാലതലങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഏകമത സമുദായത്തില്‍ നിന്നു വന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സഹസ്രാബ്ദങ്ങളായി ഇവിടെ സഹവര്‍ത്തിച്ച വിവിധസംസ്‌കാരങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭരണാധികാരികള്‍ ഏകപക്ഷീയമായി ഹിന്ദുക്കളെ പീഡിപ്പിച്ചു എന്ന് അവര്‍ ചരിത്രത്തെ വളച്ചൊടിച്ചു. മുസ്‌ലിംകള്‍ ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു എന്ന വാദവും സത്യത്തിന് നിരക്കുന്നതല്ല. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് ഇവിടെ ഹിന്ദുമതം എന്നൊന്നു തന്നെ ഉണ്ടായിരുന്നില്ല. വിഭജനത്തോടെയാണ് മുസ്‌ലിം അപരവല്‍ക്കരണം രൂക്ഷമായത്.

പതിനാറാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ആവിര്‍ഭാവത്തോടെ തന്നെ ഇസ്‌ലാമോഫോബിയ രൂപപ്പെട്ടുവന്നതായി ഡോ. പി കെ യാസര്‍ അറഫാത്ത് സോദാഹരണം രേഖപ്പെടുത്തുന്നു (മാപ്പിളപ്പേടി: മുസ്‌ലിം അപരനിര്‍മിതിയുടെ കൊളോണിയല്‍ വേരുകള്‍) ബാര്‍ബോസയുടെയും വര്‍ത്തേമയുടെയും കുറിപ്പുകളില്‍ അത് പ്രകടമാണ്. അവര്‍ മാപ്പിളമാരെ പരാമര്‍ശിക്കുമ്പോള്‍ പട്ടി എന്നാണ് വിശേഷിപ്പിച്ചത്. പാശ്ചാത്യ ലോകത്ത് എന്നും ഇസ്‌ലാമോഫോബിയ നിലനിന്നിരുന്നു. മൂര്‍ എന്നാണ് അവര്‍ മുസ്‌ലിംകളെ വിളിച്ചിരുന്നത്.

സാമുവല്‍ മത്തീര്‍, എഡ്ഗാര്‍ തെസ്റ്റന്‍, ജെയിംസ് മില്‍ തുടങ്ങിയവരുടെ കൃതികളില്‍ മുസ്‌ലിംകളെക്കുറിച്ച് മോശമായ പരാമര്‍ശമാണുള്ളത്. കേരളീയ പൊതുബോധത്തെ ഏറെ സ്വാധീനിച്ച മലബാര്‍ മാന്വലിന്റെ രചയിതാവ് വില്യം ലോഗന്‍ പോലും ഇസ്‌ലാമോ ഫോബിയയില്‍ നിന്ന് മുക്തനായിരുന്നില്ലെന്ന് തെളിവുകള്‍ നിരത്തിയാണ് വിവരിക്കുന്നത്.

ആര്‍എസ്എസ്സിന്റെ മാധ്യമപ്രചാരണത്തെ രൂപപ്പെടുത്തുന്നതില്‍ നാസിസത്തിന്റെ സ്വാധീനം ഡോക്ടര്‍ ബിനോജ് നായര്‍ വിശദീകരിക്കുന്നു. (ഇന്ത്യന്‍ മാധ്യമങ്ങളും മുസ്‌ലിം അപരവല്‍ക്കരണവും). ആര്‍എസ്എസ് സ്ഥാപകനായ ഹെഗ്‌ഡെവാറിന്റെ രാഷ്ട്രീയ ഗുരു ബി എസ് മുന്‍ജെ 1931ല്‍ ഇറ്റലിയില്‍ പോയത് മുസ്സോളിനിയുടെ യുദ്ധതന്ത്രം പഠിക്കാനായിരുന്നു. 9/11 അനന്തര മുസ്‌ലിം അപരനിര്‍മ്മിതിയുടെ രാഷ്ട്രീയമാണ് ഡോ. കെ പി അബ്ദുള്ളക്കുട്ടി അന്വേഷിക്കുന്നത്.

കേരളത്തില്‍ ഓരോ 36 മണിക്കൂറ് കൂടുമ്പോഴും മുസ്‌ലിം വിദ്വേഷം പ്രസരിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുന്നുണ്ടെന്ന് മലയാളത്തിലെ ആദ്യത്തെ ഇസ്‌ലാമോഫോബിയ റിപോര്‍ട്ടില്‍ പറയുന്നു. ഡോ. കെ അഷറഫിന്റെയും ബാബുരാജ് ഭഗവതിയുടേയും നേതൃത്വത്തില്‍ ഇസ്‌ലാമോഫോബിയ റിസര്‍ച്ച് കലക്റ്റീവ് എന്ന കൂട്ടായ്മയുടെ ഭാഗമായി ഒരു സംഘം യുവ നിരീക്ഷകര്‍ ശാസ്ത്രീയമായി ശേഖരിച്ച വസ്തുതാ വിവരങ്ങളുടെ വാര്‍ഷിക റിപോര്‍ട്ടാണിത്. ആസൂത്രിതവും ആകസ്മികവുമായ ഈ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തിന്റെ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ദേശീയാടിസ്ഥാനത്തിലും അന്തര്‍ദ്ദേശീയാടിസ്ഥാനത്തിലും ഇതുപോലെ ശാസ്ത്രീയമായ പഠനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കസ്തൂരി ബുക്‌സിന്റെ ‘നമ്മളിലെ അവര്‍‘ എന്ന പുസ്തകം ആ വഴിക്കുള്ള ഗൗരവമാര്‍ന്ന ഉദ്യമമാണ്.

No Comments yet!

Your Email address will not be published.