ഡോ. പി എ അസീസ്
1990കളിലെഴുതിയതാണ് ഹബീസിയുടെ ‘സഹയാത്രികര്‍’ എന്ന നോവല്‍. പ്രമേയം ഇന്നും ഏറെ പ്രസക്തമാണെന്നതിനാല്‍ നോവല്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ തയ്യാറാക്കിയ പഠനമാണിത്.
പിതൃത്വം അംഗീകരിച്ചുകിട്ടാന്‍ കരാ ഹ്യൂവസ് എന്ന വിദ്യാര്‍ത്ഥിനി നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള വിശദമായൊരു റിപോര്‍ട്ടുണ്ട് ഡേവിഡ് ബ്ലാങ്കന്‍ഹോണ്‍ എഴുതിയ ‘Fatherless America’ എന്ന പുസ്തകത്തില്‍.
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ വായുസേനാ മേധാവിയായിരുന്ന ബ്രൂസ് സറ്റ്ലാണ് ജൈവശാസ്ത്രപരമായി തന്റെ പിതാവെന്ന് കണ്ടെത്തുന്ന കരാ ഹ്യൂവസ്, അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തിനിടയില്‍ പിടികൂടുന്നു. ബ്രൂസിനെ പിതാവായി അംഗീകരിച്ചു കിട്ടാനുള്ള കരാ ഹ്യൂവസിന്റെ ശ്രമത്തിന് വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ ഇതിടയാക്കി.
റോസ് ഐലന്റിലെ ഗവര്‍ണര്‍ കൂടിയായിരുന്ന ബ്രൂസിന് അവസാനം കരാ ഹ്യൂവസിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വന്നു.
പിതാവില്ലാതെ പിറക്കുകയും ജീവിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ബാല്യങ്ങള്‍ എത്തുന്ന സാമൂഹ്യപ്രശ്നങ്ങളാണ് ഡേവിഡ് ബ്ലാങ്കന്‍ഹോണ്‍ ഈ പുസ്തകത്തില്‍ ചര്‍ച്ചയ്ക്കെടുക്കുന്നത്. തന്തയില്ലാതെ വളര്‍ന്നു വരുമ്പോള്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് നേരെ ഡേവിഡ് ബ്ലാങ്കന്‍ഹോണ്‍ വിരല്‍ ചൂണ്ടുന്നുണ്ട്.
ഹബീസിയുടെ ‘സഹയാത്രികര്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് ‘അച്ഛനില്ലാത്ത അമേരിക്ക‘ എന്ന പുസ്തകത്തെക്കുറിച്ച് ഓര്‍ത്തുപോയത്.
നിലനില്‍ക്കുന്ന പിതൃമേധാവിത്വസമൂഹത്തോട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാവാതെ മുന്നോട്ടുപോവുന്ന രണ്ട് സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാണ് ഈ നോവല്‍. തന്റെ മകളുടെ പിതൃത്വം ആരോടും ബോധിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുക്കുന്ന ഷബാനയും പിതൃത്വമവകാശപ്പെടാന്‍ ആരുമില്ലെന്നതില്‍ അഭിമാനംകൊള്ളുന്ന മകള്‍ നൗറീനും, തികഞ്ഞ സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകങ്ങളാണ്. പുരുഷാധിപത്യ യാഥാസ്ഥിതിക വ്യവസ്ഥയോട് കണക്കുതീര്‍ക്കുന്നവരാണ് ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങളും. ഒരിക്കലും നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സഹയാത്രികരില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് നൗറീന്‍.
മതനിന്ദയുടെ പേരില്‍ വേട്ടയാടപ്പെടുന്ന നൗറീന് വേണ്ടി പഴയകാല സുഹൃത്തും സഹയാത്രികനുമായ ആര്‍ കെയോട് ഷബാന സഹായം അഭ്യര്‍ത്ഥിക്കുന്നിടത്താണല്ലോ നോവല്‍ ആരംഭിക്കുന്നത്.
‘ദി സൈലന്‍സ്‘ എന്ന ഗ്രന്ഥ രചനയിലൂടെ വിവാദ എഴുത്തുകാരിയായി മാറിയ നൗറീനെ സഹായിക്കാനുള്ള പ്രാപ്തി തനിക്കില്ലെന്ന് തിരിച്ചറിയുന്ന ആര്‍ കെ അക്കാര്യം മറച്ചു വെക്കുന്നില്ല. ആര്‍ക്കും എളുപ്പം തൊടാന്‍ കഴിയാത്ത വിധം ഉയരങ്ങളിലെത്തിക്കഴിഞ്ഞ നൗറീന്റെ മുമ്പില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു ആര്‍ കെ.
‘ആരാണ് ശരിക്കും നൗറീന്‍?’ വര്‍ഷങ്ങളായി അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഷബാനയ്ക്കും കഴിയുന്നില്ല. നൗറീനെക്കുറിച്ചുള്ള പലതരം വേവലാതികളോടെ ആരംഭിക്കുന്ന സഹയാത്രികര്‍ വിവിധതലങ്ങളിലൂടെ കടന്നുപോയി അവസാനിക്കുന്നതും നൗറീനില്‍ തന്നെ.
സ്ത്രീപക്ഷരചനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സഹയാത്രികര്‍ ‘Who is a Father‘ എന്ന സങ്കീര്‍ണമായ ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട്.
ലൈംഗികബന്ധത്തിലൂടെയോ അല്ലാതെയോ കുഞ്ഞിന്റെ ജനനത്തില്‍ പങ്കാളിയാവുന്ന പുരുഷനെയാണല്ലോ പിതാവ് എന്ന് പറയുന്നത്.
(Who Contributes the genetic material or Sperm to create a child through sexuel inter courses or Sperm donation).
നിയമപരമായി പിതാവാകാന്‍ പല വഴികളുമുണ്ടെങ്കിലും ശാസ്ത്രീയമായി നോക്കുമ്പോള്‍ പിതാവ് ‘genetic contributor’ മാത്രമാണ്. നാട്ടുനടപ്പനുസരിച്ച് അമ്മയുടെ ഭര്‍ത്താവോ പങ്കാളിയോ ആയിരിക്കണം പിതാവ്. വെറുമൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന സ്ഥാനം മാത്രമാണ് പിതൃത്വം എന്നര്‍ത്ഥം. ജൈവികമായി കുഞ്ഞിന്റെ പിതാവാരെന്ന് കണ്ടെത്താന്‍ ശാസ്ത്രീത്സായ മാര്‍ഗങ്ങളുണ്ടെങ്കിലും അത്തരം പരീക്ഷണങ്ങളെ സമൂഹമോ കുടുംബമോ പ്രോഹിപ്പിക്കുന്നില്ല. ‘mother is a reality, father is an illusion’ എന്ന് തമാശ രൂപത്തില്‍ പറയാറുള്ളത് അതുകൊണ്ടായിരിക്കണം.
അതേസമയം, പിതൃത്വം വെറുമൊരു സ്ഥാനം മാത്രമല്ലെന്ന് ലോകപ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ Maurice Godelier അഭിപ്രായപ്പെടുന്നു. ജൈവശാസ്ത്രപരമായി മനുഷ്യരെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് ‘രക്ഷിതാവ്’ എന്ന നിലയിലുള്ള പുരുഷന്റെ കര്‍ത്തവ്യമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
പിതാവില്‍ നിന്ന് കിട്ടേണ്ടത് പിതാവില്‍ നിന്ന് തന്നെ കിട്ടണമെന്ന് വിശ്വസിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണീ സിദ്ധാന്തം.
എന്നാല്‍, സഹയാത്രികരിലെ ആര്‍ കെയുടെ ജീവിതത്തില്‍ ഇത്തരമൊരു തിയറിക്ക് യാതൊരു സാധ്യതയുമില്ല. ജൈവശാസ്ത്രപരമായി പിതാവാകാന്‍ ആഗ്രഹിച്ച ആളല്ല ആര്‍ കെ. അവസാനകാലത്ത് ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് അയാളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
‘കാത്തിരിപ്പിന്റെ ഏഴു ദിനവും ശൂന്യമായിരുന്നു’ എന്ന ആരംഭവാചകത്തില്‍ത്തന്നെ ആര്‍ കെയുടെ മുഴുവന്‍ പ്രശ്നങ്ങളും വരച്ചിടാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
‘നൗറീന്‍ കൈയെത്താത്ത അകലങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോഴാണ് ആര്‍ കെ ദുരാഗ്രഹിയായത്. അപ്പോള്‍ത്തന്നെയാണ് അയാള്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയതും…’
മറ്റൊരിടത്ത് ഇങ്ങനെയും വായിക്കാം.
പഴയകാല പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, അറിയപ്പെടുന്ന സാഹിത്യകാരന്‍ അങ്ങനെ പല നിലയിലും പ്രശസ്തനായിരിക്കുമ്പോഴും ആര്‍ കെ ജീവിക്കുന്നത് വല്ലാത്തൊരു ശൂന്യതയിലാണ്.
ശാരീരിക അവശതയെക്കാളേറെ മാനസികമായ ഒറ്റപ്പെടലിന്റെ ദുരിതത്തിലാണയാള്‍.
ആര്‍ കെയെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്താന്‍ കഴിയുന്നവരല്ല അയാള്‍ക്ക് ചുറ്റുമുള്ളത്.
മനസ്സ് തുറന്നൊന്ന് സംസാരിക്കാന്‍ പറ്റുന്ന ഒരാള്‍ പോലും മുമ്പിലില്ലെന്ന് മനസ്സിലാക്കുമ്പോള്‍ ആര്‍ കെ നേരിടുന്ന പ്രതിസന്ധി ജീവിതത്തില്‍ നമ്മളില്‍ പലരും അനുഭവിച്ചു തീര്‍ക്കേണ്ടി വരുന്നതാണ്.
ലോകം നൗറീനിലേക്ക് ഒതുങ്ങിപ്പോയത് കൊണ്ട് ഇത്തരം പ്രതിസന്ധികളെ കുറെയൊക്കെ അതിജീവിക്കാന്‍ ഷബാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ‘എന്റെ ചോദ്യങ്ങള്‍’ എന്ന് ആര്‍ കെ വേവലാതിപ്പെടുമ്പോള്‍ ‘നിങ്ങളുടെ ചോദ്യങ്ങള്‍ക്കിപ്പോള്‍ എന്ത് പ്രസക്തിയാണുള്ളത്’ എന്നാണ് ഷബാന തിരിച്ചു ചോദിക്കുന്നത്.
‘ആര്‍ കെ, പ്രിയപ്പെട്ടവനെ, എന്റെ സ്വപ്‌നത്തിലെ കാമുകാ…’ എന്ന് നെറ്റിയില്‍ ചുംബിച്ച് കാതുകളില്‍ മന്ത്രിച്ച ഷബാനയില്‍ നിന്ന് ഇങ്ങനെയൊരു മറുചോദ്യം ആര്‍ കെ പ്രതീക്ഷിച്ചു കാണില്ല.
ആര്‍ കെയുടെ ഭൂതകാലം അയാളെത്തന്നെ തിരിഞ്ഞു കുത്തുന്ന നിരവധി ഘട്ടങ്ങളിലൊന്നാണിത്. ആര്‍ കെയുടെ പ്രതിരൂപം തന്നെയാണ് നൗറീനും. ആര്‍ കെ എങ്ങനെ ചിന്തിക്കുന്നു, എന്ത് ചിന്തിക്കുന്നു എന്നത് നൗറീനെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല. തന്തയില്ലായ്മ ഒരാഘോഷമാണ് നൗറീന്.
പിതാവ് എന്നത് അത്ര അത്യാവശ്യമുള്ള കാര്യമല്ലെന്നവള്‍ വിശ്വസിക്കുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് നൗറീന്‍ ഷബാനയോട് ചോദിക്കുന്നുണ്ട്: ഒരാള്‍ക്ക് അച്ഛന്‍ വേണമെന്ന് നിര്‍ബന്ധമാണോ എന്ന്.
അമ്മയില്‍ നിന്ന് മറുപടി കിട്ടാതാവുമ്പോള്‍ അവള്‍ സ്വയം അതിനുത്തരവും കണ്ടെത്തുന്നു: ‘എനിക്ക് അങ്ങനെ തോന്നുന്നില്ല, അച്ഛനില്ലാതെയും ഒരാള്‍ക്ക് ജീവിക്കാലോ!’
ജെഎന്‍യുവില്‍ പഠിക്കുമ്പോള്‍ അമ്മയ്ക്ക് എഴുതിയ ഒരു കത്ത് ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് കുറേക്കൂടി വിശാലമാക്കുന്നതാണ്.
‘മമ്മാ, സത്യം പറയട്ടെ, അച്ഛനില്ലാത്തതിലെനിക്കിപ്പോള്‍ അഭിമാനം തോന്നുന്നുണ്ട്. അതെനിക്കെന്തുമാത്രം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നോ! ഈ കാര്യത്തില്‍ ഞാന്‍ എന്നും മമ്മയോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നു… ‘
മറ്റൊരുഘട്ടത്തില്‍ അവള്‍ ഷബാനയോട് പറയുന്നതിങ്ങനെ: ‘മമ്മയിപ്പോഴും പ്രണയകാലത്തിന്റെ നഷ്ടസ്വപ്‌നങ്ങളിലാണല്ലേ? എനിക്കത്ഭുതം തോന്നുന്നു, ഇത്രയും കാലം ഓര്‍മയില്‍ കൊണ്ടുനടക്കാന്‍ മാത്രം ആ ജന്തുവിന് എന്ത് പ്രത്യേകതകളാണുള്ളത്? അയാളൊരു മനുഷ്യനായിരുന്നില്ലേ? വെറും മനുഷ്യന്‍..’
‘ദി സൈലന്‍സ്‘ എന്ന നൗറീന്റെ ഏറ്റവും പുതിയ പുസ്തകത്തോട് പൊതുസമൂഹവും മാധ്യമങ്ങളും കൈക്കൊള്ളുന്ന നിലപാടും ഈ നോവലിന്റെ പ്രധാനപ്രമേയംതന്നെ. മാധ്യമലോകവും യാഥാസ്ഥിതികസമൂഹവും അതിനോടെടുക്കുന്ന നിലപാടുകളും ചര്‍ച്ചാവിഷയമാവുന്നുണ്ട്. മകളുടെ പ്രശസ്തിയിലും ഉയര്‍ച്ചയിലും ഷബാന അനുഭവിക്കുന്ന ആഹ്ലാദവും അഭിമാനവും ഒരു സിങ്കിള്‍പാരന്റെന്ന നിലയില്‍ വേറിട്ടുതന്നെ വായിച്ചെടുക്കാം.
‘അവളെന്റെ മകളാണ്… അവള്‍ ഞാന്‍ തന്നെയാണ്…’ എന്ന് പറയുന്നിടത്ത് ഷബാന അനുഭവിച്ച വേദനയുടെയും ഒറ്റപ്പെടലിന്റെയും തീവ്രതകൂടി അനുഭവിച്ചറിയാനാവും.
എത്രയൊക്കെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും ചിലബന്ധങ്ങള്‍ എത്രമേല്‍ സങ്കീര്‍ണമാവാമെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നത് കൂടിയാണീ നോവല്‍. വളരെ നിസ്സാരമായി തള്ളിക്കളയാമെന്നു കരുതി തുടങ്ങുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തെ എന്തുമാത്രം വരിഞ്ഞുമുറുക്കി തളര്‍ത്തിക്കളയുമെന്നും അത് വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ഡല്‍ഹിയിലെ സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍ കെയും ജൂനിയര്‍ ജേണലിസ്റ്റായ ഷബാനയും തമ്മിലുള്ള ബന്ധം തുടക്കത്തില്‍ കേവലം സഹപ്രവര്‍ത്തകരുടേതായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ഈ ബന്ധം നോവലിനെ ഉദ്വേകജനകമായ കഥ പറച്ചിലിലേക്കാണ് കൊണ്ടുപോകുന്നത്.
ആര്‍ കെയും ഷബാനയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമിടയിലും അവരെ സഹയാത്രികരാക്കാനുള്ള മാന്ത്രികവിദ്യ നോവലിസ്റ്റ് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സഹയാത്രികരാകുന്നത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണെന്ന വലിയൊരു സന്ദേശവും ഈ ലഘു നോവല്‍ നല്‍കുന്നു.
തീവ്രമായ അസ്തിത്വപ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യരുടെ പ്രതിരൂപങ്ങളാണ് ഹബീസിയുടെ പല കഥാപാത്രങ്ങളും. സ്വന്തമായൊരു പേരുപോലുമില്ലാത്ത കഥാപാത്രങ്ങളും ഹബീസിയുടെ രചനകളില്‍ നിരവധിയാണ്.
ആര്‍ കെ എന്ന ചുരുക്കപ്പേരില്‍ (ഇത് തൂലികാനാമമായിരിക്കാം) ഒതുങ്ങിനില്‍ക്കുന്നു സഹയാത്രികരിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രധാന കഥാപാത്രം.
ആദ്യ നോവലായ ‘ആരോ, എവിടെയോ’യിലെ പ്രധാന കഥാപാത്രത്തിന് പേരേയില്ല. നോവലിലുടനീളം അയാളൊരു ഗവേഷണ വിദ്യാര്‍ത്ഥി മാത്രമാണ്. ഏറ്റവും പുതിയ നോവലായ ‘വിശുദ്ധവാതക’ത്തില്‍ കഥ പറയുന്ന ആള്‍ക്കും പേരില്ല. അല്ലെങ്കില്‍ പല പേരിലാണ് അയാള്‍ അറിയപ്പെടുന്നത്. ആറ്റ എന്ന വിളിപ്പേരില്‍ ഒതുങ്ങുന്ന മറ്റൊരു പ്രധാന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തുന്നത് നോവലിന്റെ അവസാനഭാഗത്ത് മാത്രം.
കഥ സങ്കീര്‍ണമായ ഒരു തലത്തിലേക്ക് കടക്കുമ്പോഴുള്ള ഈ വെളിപ്പെടുത്തല്‍ ക്ലൈമാക്സിന്റെ പിരിമുറുക്കവും സസ്പെന്‍സും വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നുണ്ട്. ‘അവള്‍’ എന്ന ചെറുകഥയിലെ നായകന് മാത്രമല്ല നായികക്കും പേരില്ല. ഒരു പേരില്‍ എന്തിരിക്കുന്നു? എന്ന വിഖ്യാതമായ ചോദ്യത്തെ പിന്‍പറ്റിയായിരിക്കില്ല എഴുത്തുകാരന്‍ ഈ രീതിയില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. പേരില്‍ ഉണ്ടാവാന്‍ പാടില്ലാത്ത പലതും അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യവസ്ഥിതിയിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. വ്യക്തിയുടെ ജാതിയും മതവും കുലവുമൊക്കെ തിരിച്ചറിയാനുള്ള ഉപാധികൂടിയാണ് നമുക്ക് പേര്.
ഭൂരിപക്ഷം ‘വിപ്ലവകാരികള്‍’ പോലും പേരിനു പിറകിലെ ജാതിവാല് നഷ്ടപ്പെടുത്താന്‍ മടിക്കുന്നവരോ ഭയക്കുന്നവരോ ആണ്. ഇത്തരമൊരു വ്യവസ്ഥയില്‍ നിന്ന് നോക്കുമ്പോഴാണ് ഹബീസിയുടെ ‘പേരില്ലാ’ കഥാപാത്രങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
ആര്‍ കെ എന്ന കഥാപാത്രത്തിന്റെ മറ്റൊരു എടുത്തുപറയേണ്ട പ്രത്യേകത അത് പുരുഷ മേധാവിത്വത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചു തരുന്നുവെന്നതാണ്. ഡല്‍ഹിയിലെ സീനിയര്‍ ജേണലിസ്റ്റായിരിക്കുമ്പോള്‍ ആര്‍ കെയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
തനിക്ക് നഷ്ടപ്പെടാന്‍ എന്തെല്ലാമോ ഉണ്ടെന്ന മിഥ്യാഭിമാനബോധമാണ് അയാളെ നയിക്കുന്നത്. അയാളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് ഉപാധികളൊന്നുമില്ലാതെ ശരീരം പങ്കിട്ട സ്ത്രീയോട് പോലും നിര്‍വികാരത അഭിനയിക്കുന്ന ആര്‍ കെ ഉപരിവര്‍ഗ പുരുഷന്റെ പ്രതീകമാണ്. പണംകൊടുത്തു വാങ്ങുന്ന ഒന്നിനോടും വിധേയത്വം കാണിക്കേണ്ടതില്ലെന്ന നിലപാടാണയാള്‍ക്ക്. മദ്യവും സെക്സും അയാള്‍ക്ക് ഒരുപോലെയാണ്. രണ്ടും കാശുകൊടുത്തു വാങ്ങുന്നു, ആസ്വദിക്കുന്നു.
അതിനപ്പുറം യാതൊരുവിധ കടപ്പാടുകളിലും അയാള്‍ വിശ്വസിക്കുന്നില്ല. ഷബാനയില്‍ നിന്ന് ‘വെറുതെ കിട്ടുന്ന’ സ്നേഹത്തിനും സെക്സിനും പോലും അയാള്‍ അങ്ങോട്ട് ഉപാധികള്‍ വയ്ക്കുകയാണ്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഷബാന ആര്‍ കെയെ വീണ്ടും കാണുമ്പോള്‍ പഴയ പുരുഷ കേസരിയുടെ നിഴല്‍ മാത്രമായി മാറിപ്പോയിരുന്നു അയാള്‍. ‘എന്റെ സ്വാര്‍ത്ഥത മാപ്പര്‍ഹിക്കാത്തതാണ് കുട്ടീ.. ജീവിതത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ഒരാള്‍ക്ക് ഇങ്ങനെയൊക്കെയാവാം..’ എന്ന ഏറ്റുപറച്ചില്‍ പശ്ചാത്താപവിവശനായ ഒരു പുരുഷന്റേതാണ്, കാമുകന്റേതാണ്. അതിനപ്പുറം കീഴടങ്ങലിന്റേതുമാണ്.
‘എനിക്കൊരു തന്തയാവാന്‍ താല്‍പ്പര്യമൊന്നുമില്ല. എന്റെ കുഞ്ഞിനെ നീ പ്രസവിക്കാനും പാടില്ല. പിന്നീടതൊരു കെണിയായി മാറാം. എനിക്ക് നിന്നെയും നിനക്ക് എന്നെയും അകപ്പെടുത്താവുന്ന കെണി..’ എന്നു പറഞ്ഞ ഒരു ധിക്കാരിയില്‍ കാലം വരുത്തിവച്ച പരിണാമം ചെറുതല്ല.
‘ഷബാനാ, ഞാന്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്’ എന്നു പറയുന്ന ആര്‍ കെയെയാണ് പിന്നീട് നമ്മള്‍ കാണുന്നത്.
ഫെമിനിസത്തിന്റെ നിര്‍വചനത്തിലൊന്നും ഒതുങ്ങാത്ത കരുത്തുറ്റ ഒരു കഥാപാത്രമാണ് ഷബാന. തന്റെ ജീവിതത്തിലേക്ക് ആരെയും കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ആര്‍ കെയുടെ നിലപാടിനോടുള്ള ഷബാനയുടെ പ്രതികരണം നോക്കുക:
‘മിസ്റ്റര്‍ ആര്‍ കെ, ആര്‍ക്കുവേണം നിങ്ങളുടെ വൃത്തികെട്ട ജീവിതം?’
താന്‍ ഗര്‍ഭിണിയാണെന്ന് പറയുമ്പോള്‍ വേവലാതിപ്പെടുന്ന ആര്‍ കെയോടുള്ള ഷബാനയുടെ പ്രതികരണം അവരുടെ സ്വതന്ത്ര ചിന്തയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.
‘നിങ്ങള്‍ക്കതില്‍ ഭയപ്പെടാനൊന്നുമില്ല സുഹൃത്തേ.. ദില്ലിയില്‍ നിങ്ങള്‍ മാത്രമല്ല പുരുഷനായിട്ടുള്ളത്… എന്റെ കുഞ്ഞ് തല്‍ക്കാലം തന്തയില്ലാതെ ജനിച്ചോളും… അങ്ങനെത്തന്നെ അത് വളരുകയും ചെയ്യും…’
1990കളില്‍ എഴുതിയ നോവലാണിതെന്ന് ഓര്‍ക്കുക. അക്കാലത്ത് പുറത്തുവന്ന മലയാള നോവലുകളില്‍ ഇത്രയും ശക്തമായ സ്ത്രീകഥാപാത്രങ്ങളെ നമ്മള്‍ കൂടുതലൊന്നും കണ്ടിട്ടില്ല. ഒരൊറ്റ ഫ്രെയിമില്‍ തന്നെ ഭൂതകാലവും വര്‍ത്തമാനകാലവും തിരിച്ചറിയാന്‍ കഴിയാത്ത വിധം മനോഹരമായി ഇഴ ചേര്‍ത്തുള്ള കഥപറച്ചില്‍ ശൈലിയാണ് സഹയാത്രികരില്‍ നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിന് കഥാപാത്രങ്ങള്‍ വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേക്കും തിരിച്ചും നടക്കുമ്പോള്‍ കഥപറച്ചിലിന്റെ ചാരുത അവിശ്വസനീയമാംവിധം വര്‍ദ്ധിക്കുന്നു. ഒരുപക്ഷേ ‘സഹയാത്രികര്‍’ ഇത്രയും ഹൃദ്യമായി അനുഭവപ്പെടാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
നോവലുകള്‍ പൊതുവെ അത് എഴുതുന്ന കാലത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് പല വലിയ എഴുത്തുകാരുടെയും സൃഷ്ടികള്‍ അവര്‍ ജീവിച്ചിരിക്കെത്തന്നെ ‘കാലഹരണപ്പെട്ടു’പോകുന്നത്. ഇക്കാര്യത്തില്‍ ഹബീസി എന്ന നോവലിസ്റ്റ് അസൂയാവഹമാംവിധം മുമ്പേ പറന്നിരിക്കുന്നുവെന്ന് വേണം പറയാന്‍.
വര്‍ഷങ്ങള്‍ക്കപ്പുറം വരാനിരിക്കുന്നൊരു ലോകമാണല്ലോ അദ്ദേഹം ‘അസമയം’ എന്ന നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കാലത്തിനതീതമായ കഥപറച്ചിലാണ് സഹയാത്രികരിലുള്ളത്. ഏതുകാലത്തും സ്വീകരിക്കപ്പെടാവുന്ന പ്രമേയവും അവതരണ ശൈലിയും സഹയാത്രികരെ വേറിട്ട അനുഭവമാക്കുന്നു.
തീര്‍ച്ചയായും ഈ കാലത്തും പ്രസിദ്ധീകരിക്കപ്പെടേണ്ടതും വായിക്കപ്പെടേണ്ടതുമാണ് ‘സഹയാത്രികര്‍‘ എന്ന കാര്യത്തില്‍ സംശയമില്ല.
No Comments yet!