Skip to main content

സലിംകുമാര്‍ മുന്നോട്ടുവച്ചത് മനുസ്മൃതി കത്തിക്കലിന്റെ രാഷ്ട്രീയം

 

എഴുത്തുകാരനും ആക്ടിവിസ്റ്റും ചിന്തകനുമായ കെ എം സലിംകുമാറിനെക്കുറിച്ച് ചരിത്രകാരനും അധ്യാപകനുമായ ഡോ. കെ എസ് മാധവന്‍

സലിംകുമാര്‍ മാഷിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക എന്നു പറയുന്നത് വളരെ ഉത്തരവാദിത്തമുള്ള ഒരു കാര്യമാണ്. അത് വളരെ സങ്കീര്‍ണമായ, ചിന്താപരവും സാമൂഹികവുമായി, ഭിന്നാഭിപ്രായങ്ങളുള്ള ചില പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കുക എന്നുള്ളതാണ്. ആധുനിക കേരളത്തില്‍ ജനാധിപത്യപ്രക്രിയയില്‍ അടിത്തട്ട് സമൂഹങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന മനുഷ്യര്‍ നടത്തിയിട്ടുള്ള ബൗദ്ധികവും രാഷ്ട്രീയവുമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അസാമാന്യവും അതുല്യവുമായിട്ടുള്ള രീതിയില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് കെ എം സലിംകുമാര്‍. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍, നമ്മുടെ സമൂഹത്തെയും വ്യക്തിയെയും രാഷ്ട്രത്തെയും ജനാധിപത്യമെന്ന ആശയത്താല്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ട് മാത്രമേ ഒരു ബുദ്ധിജീവി എന്ന നിലയില്‍, ബൗദ്ധിക, സാമൂഹ്യ മേഖലകളില്‍ ഇടപെടുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും അവരുടെ സാമൂഹിക രാഷ്ട്രീയ ജീവിതം പൂര്‍ണമാവുകയുള്ളൂ. സലിംകുമാറിന്റെ ബൗദ്ധിക രാഷ്ട്രീയ ജീവിതം ജനാധിപത്യത്തെ ഏത് രീതിയില്‍ മനസ്സിലാക്കണം എന്നുള്ള നിരന്തരമായ അന്വേഷണമായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യത്തെയും വ്യക്തിയെയും ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയയുടേയും ചിന്താപരവും പ്രായോഗികവുമായിട്ടുള്ള പ്രശ്‌നങ്ങളുടെയും നിരന്തരമായ സംവാദമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതം. ആ നിലയ്ക്ക് ആലോചിക്കുമ്പോള്‍ മൂന്നു നാല് കാര്യങ്ങള്‍ മുന്‍നിര്‍ത്തി ചില വിഷയങ്ങള്‍ ചുരുക്കത്തില്‍ സംസാരിക്കാമെന്നാണ് ഈ പ്രഭാഷണത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഒന്നാമത്, കേരളം ഉള്‍പ്പെടുന്ന ഇന്ത്യയുടെ സാമൂഹ്യജീവിതത്തെക്കുറിച്ച് സലിംകുമാര്‍ അദ്ദേഹത്തിന്റെ ബൗദ്ധിക, പ്രായോഗിക ജീവിതത്തില്‍ എങ്ങനെ മനസ്സിലാക്കി എന്നും ആ മനസ്സിലാക്കലിലൂടെ ഈ സമൂഹത്തെ ജനാധിപത്യപരമായി എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്നുമുള്ള ഒരു ധാരണയിലെത്തി എന്നതുമാണ് പ്രധാനപ്പെട്ട ഒരു കാര്യം. അസമത്വബദ്ധമായ ഒരു സാമൂഹ്യക്രമം ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന പ്രക്രിയയില്‍ അത് സമൂഹത്തിലെ സ്ഥാപനപരവും ആശയപരവുമായിട്ടുള്ള ഘടകങ്ങളുമായി ബന്ധപ്പെട്ട് ചരിത്രപരമായി വികസിച്ചു വരികയുണ്ടായി. പരിവര്‍ത്തനാത്മകമായ പലരീതിയിലുള്ള സാമൂഹ്യ രാഷ്ട്രീയ ക്രമങ്ങള്‍ വളര്‍ന്നു വന്നപ്പോഴും, അതിന് അടിസ്ഥാനപരമായിട്ടുള്ള മേല്‍ കീഴ് ബന്ധങ്ങള്‍ തുടരുകയും അത് അനസ്യൂതമായി ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഈ സമൂഹരൂപത്തെ എങ്ങനെ മനസ്സിലാക്കാം എന്നുള്ളതായിരുന്നു യഥാര്‍ത്ഥത്തില്‍ സലീംകുമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ബൗദ്ധിക വ്യക്തിത്വങ്ങള്‍ അഭിമുഖികരിച്ച സൈദ്ധാന്തികവും പ്രായോഗികവുമായിട്ടുള്ള ഒരു പ്രശ്‌നം. അതിനെ വര്‍ഗപരമായി സമീപിക്കണോ ജാതീയമായി സമീപിക്കണോ അല്ലെങ്കില്‍ ഇതിനെ രണ്ടുംകൂടി മനസ്സിലാക്കുന്ന, വൈവിധ്യവും സങ്കീര്‍ണവും ആയിട്ടുള്ള തലങ്ങളെ മനസ്സിലാക്കി പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നുള്ളതിലാണ് ഇവരുടെ രാഷ്ട്രീയ ബൗദ്ധിക ജീവിതം മൂര്‍ച്ചയേറിയതും കര്‍ക്കശവുമായി തീരുന്നത്.

ജാതിയും വര്‍ഗവും സാമൂഹിക ജീവിതത്തില്‍ എങ്ങനെ ഇടപെടുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ജാതിയാണോ വര്‍ഗമാണോ പ്രധാനം എന്നത് ഇന്ത്യയില്‍ ദീര്‍ഘകാലമായി തുടരുന്നൊരു ചര്‍ച്ചയാണ്. വര്‍ഗപ്രശ്‌നമാണ് സമൂഹം നേരിടുന്ന പ്രധാന കാര്യമെന്ന് കമ്മ്യൂണിസ്റ്റുകള്‍ പരമ്പരാഗതമായി വിശ്വസിച്ചു പോന്നിരുന്നു. സലിംകുമാറിന്റെയും ആദ്യകാലസമീപനം ഇതായിരുന്നു. വര്‍ഗമാണ് ആഗോളതലത്തില്‍ മനുഷ്യരെ അടിച്ചമര്‍ത്തുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ബന്ധങ്ങളില്‍ പ്രധാനപ്പെട്ടത് എന്നായിരുന്നു അത്. വര്‍ഗത്തിന്റെ പരിവര്‍ത്തനാത്മകമായിട്ടുള്ള മാറ്റത്തിന്റെ ഭാഗമായി മറ്റുതരത്തിലുള്ള എല്ലാ അടിച്ചമര്‍ത്തല്‍ രൂപങ്ങളും സ്വാഭാവികമായ മാറ്റത്തിന് വിധേയമാവുകയും അങ്ങനെ മാറുന്ന പരിതഃസ്ഥിതിക്കനുസരിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളായ മറ്റു ഘടകങ്ങളും ഇല്ലാതായിപ്പോകുമെന്ന ധാരണയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരുകാലം വരെ വച്ചുപുലര്‍ത്തിയിരുന്നത്. പക്ഷേ, വര്‍ഗത്തിനുള്ളിലേക്ക് തുളച്ചുകയറാന്‍ കഴിയുന്ന സാമൂഹികവും ആശയപരവും ആയിട്ടുള്ള ഒരു ശക്തിയാണ് ജാതി. ചരിത്ര രൂപീകരണ പ്രക്രിയയില്‍ നിര്‍ണായക ശക്തിയും സ്വാധീനവും ജാതിക്കുണ്ട് എന്നും മനസ്സിലാക്കുന്ന ഒരു ഘട്ടമാണ് സലിംകുമാറിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഷിഫ്റ്റ്. അത് ഇവിടെ സൂചിപ്പിച്ചതുപോലെ പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പാര്‍ട്ടി ഗ്രൂപ്പുകളുടെയും ഇടയില്‍ത്തന്നെ വലിയ സൈദ്ധാന്തിക ചര്‍ച്ചയായി വരുന്നുണ്ട്. അധഃസ്ഥിത നവോത്ഥാന മുന്നണിയെ പോലെയുള്ള കൂട്ടായ്മകള്‍ക്കിടയിലും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. വര്‍ഗമാണോ അതോ ജാതിയാണോ, അല്ലെങ്കില്‍ രണ്ടും കൂടി നില്‍ക്കുന്ന ഒരു സ്ട്രക്ചറല്‍ ആയിട്ടുള്ള ഇന്റര്‍ കണക്ഷനാണോ സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവം എന്നതാണ് പ്രശ്‌നം.

എല്ലാ സമൂഹത്തിലും അസമത്വം ഉണ്ട്. ഇന്ത്യന്‍ സമൂഹത്തിലും അതുണ്ട്. തരംതിരിച്ച അസമത്വമാണ് ഇന്ത്യനവസ്ഥ എന്ന് അംബേദ്കര്‍ വിശദീകരിച്ചിട്ടുണ്ട്. നിലനില്‍ക്കുന്ന ഒരു സമൂഹക്രമത്തെ വിശകലനം ചെയ്യുന്നതിന് വേണ്ടി വര്‍ഗവും ജാതിയും അല്ലെങ്കില്‍ എത്തിനിസിറ്റിയും ഉള്‍പ്പെടുന്ന ഒരു വിശകലന പദ്ധതി എങ്ങനെ നിരൂപിച്ചെടുക്കാം എന്നുള്ളതായിരുന്നു സലിംകുമാറിനെ പോലെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളി. ജനാധിപത്യത്തെ അഭിമുഖീകരിക്കാതെ ഇന്ത്യന്‍ സമൂഹത്തെ വിശകലനം ചെയ്യാന്‍ കഴിയില്ല എന്നുള്ള ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്. ജനാധിപത്യം എന്നു പറയുന്നത് ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതും നീതിയിലധിഷ്ഠിതവുമായിരിക്കും. അതിനെ ഞാന്‍ ഇഗാലിറ്റേറിയന്‍ ഡെമോക്രസി എന്നുവളിക്കുന്നു. തുല്യതയില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹത്തെ പുനഃസംഘടിപ്പിക്കാന്‍ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള സൈദ്ധാന്തികമായിട്ടുള്ള പദ്ധതികള്‍ നിരൂപിച്ചെടുക്കണം. അതിന് ചില വിശകലന സംവര്‍ഗങ്ങളെ വികസിപ്പിച്ചെടുക്കണം. യഥാര്‍ത്ഥത്തില്‍ പത്ത് മുപ്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ ബൗദ്ധിക രാഷ്ട്രീയ ജീവിതത്തില്‍ പരന്നുകിടക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഇതാണ്.

രണ്ടാമത്തെ കാര്യം, അസമത്വബദ്ധമായിട്ടുള്ള ഒരു സാമൂഹ്യക്രമത്തില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന അധികാരബന്ധങ്ങളുടെ സ്വഭാവമെന്താണ് എന്നുള്ളതാണ.് ഭരണകൂടത്തെ എങ്ങനെ ജനാധിപത്യപരമായി പരിവര്‍ത്തിപ്പിക്കുവാനും ഭരണകൂടത്തിലുള്ള പ്രാതിനിധ്യത്തെ എങ്ങനെ രാഷ്ട്രീയപരമായി പ്രായോഗികവല്‍ക്കരിക്കാനും കഴിയും എന്നുള്ളതായിരുന്നു ഇവരുടെ ജനാധിപത്യ ചിന്ത അഭിമുഖീകരിച്ച പ്രശ്‌നം.

ഭരണകൂടത്തെ ജനാധിപത്യ പ്രക്രിയയിലൂടെ പരിണമിപ്പിക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ പ്രാതിനിധ്യവും ജനാധിപത്യവും തമ്മില്‍ മൗലികമായിട്ടുള്ള അഭിമുഖീകരണങ്ങളിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ഇത് വികസിച്ചു വരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന ആളാണ് അദ്ദേഹം. അടിയന്തരാവസ്ഥയ്ക്ക് മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന, വളരെ സങ്കീര്‍ണവും വൈവിധ്യപൂര്‍ണ്ണവുമായിട്ടുള്ള നിലപാട് എടുത്തിരുന്ന മനുഷ്യരിലെല്ലാം പ്രക്ഷോഭകരമായിട്ടുള്ള ഒരു നിരാശ പടര്‍ന്നിരുന്നു (ആ വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്). അങ്ങനെ ഞാന്‍ പറയാന്‍ കാരണം കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെയും ജനാധിപത്യത്തിനും പൗരാവകാശത്തിനും തുല്യതയ്ക്കും വേണ്ടി നടന്നിട്ടുള്ള സാമൂഹിക സമരങ്ങളുടെയും ജാതിവിരുദ്ധ സമരങ്ങളുടെയും തുടര്‍ച്ചയുള്ള ഒരു റിപബ്ലിക്കിനെ, ഒരു സമഗ്രാധിപത്യ സ്വഭാവമുള്ള അതോറിറ്റേറിയന്‍ സ്റ്റേറ്റ് ആക്കി മാറ്റാന്‍ കഴിഞ്ഞുവെതാണ്. ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് തികച്ചും ജനാധിപത്യവിരുദ്ധമായിട്ടുള്ള ഒരു അതോറിറ്റേറിയന്‍ സ്റ്റേറ്റ് ആവാന്‍ കഴിഞ്ഞുവെന്നതാണ് അവര്‍ അഭിമുഖീകരിച്ച പ്രശ്‌നം.

സമൂഹത്തെയും ഭരണകൂടത്തെയും ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് മാത്രമേ വ്യക്തിയെന്ന രീതിയിലും സമൂഹമെന്ന രീതിയിലും രാഷ്ട്രം എന്ന രീതിയിലും ഇന്ത്യക്ക് അതിജീവിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സലിംകുമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മുന്നോട്ടുപോവുന്നത്. ഭരണകൂടത്തിനെ അടിയന്തരാവസ്ഥയിലേക്ക് എത്തിച്ച പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന് അത് പ്രാതിനിധ്യത്തില്‍ അധിഷ്ഠിതമായ ജനാധിപത്യമായിരുന്നില്ല എന്നുള്ളതാണ്. അടിയന്തരാവസ്ഥയെ നമ്മള്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യപരമായ പ്രവണതയാണ് എന്നും കോണ്‍ഗ്രസ്സില്‍ ഉണ്ടായ പല പ്രശ്‌നങ്ങളുമാണ് എന്നൊക്കെ പറയുമെങ്കിലും പ്രാതിനിധ്യജനാധിപത്യത്തെ പരിഗണിക്കാത്ത ഒരു വെല്‍ഫെയര്‍ സ്‌റ്റേറ്റിന് ഏകാധിപത്യത്തിലേക്ക് പോവാം എന്നുള്ളതാണ്. കര്‍ഷകര്‍, ദലിതര്‍, ആദിവാസികള്‍, ഗോത്രവര്‍ഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ജനസംഖ്യാനുപാതികവും മതിയായതുമായ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ജനാധിപത്യ ഭരണകൂടത്തിനും സമൂഹത്തിനും അതിജീവിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ അത് എപ്പോള്‍ വേണമെങ്കിലും ഏകാധിപത്യത്തിലേക്ക് വഴി തുറക്കാം, കാരണം ഏകാധിപത്യം എപ്പോഴും അതിന്റെ പ്രായോജകര്‍ ഭരണവ്യവസ്ഥയെ, ഭരണകൂടത്തെ ഏകാധിപത്യ രീതിയില്‍ ചലിപ്പിക്കുന്നതായാണ് കാണാന്‍ കഴിയുക.

നെഹ്‌റൂവിയന്‍ കാലത്തുണ്ടായി വന്ന ബ്യൂറോക്രാറ്റുകളാണ് ഇത് ചലിപ്പിച്ചിരുന്നത്. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്‌റ്റേറ്റിനെ നിയന്ത്രിച്ചിരുന്നത് ഇവരാണ്. ആ സ്റ്റേറ്റില്‍ വെല്‍ഫെയറായ ചില ഘടകങ്ങളുണ്ടായിരുന്നു. പക്ഷേ, അതില്‍ ജനങ്ങള്‍ക്ക് പ്രാതിനിധ്യ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. പങ്കാളിത്ത ജനാധിപത്യമില്ലാതെ ഒരു സ്റ്റേറ്റിനും അതിജീവിക്കാന്‍ കഴിയുകയില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ ജനാധിപത്യത്തെയും പ്രാതിനിധ്യ ജനാധിപത്യത്തെയും മുന്‍നിര്‍ത്തി മാത്രമേ അടിത്തട്ട് ജനവിഭാഗങ്ങള്‍ക്ക,് അതിജീവനം സാധ്യമാവുകയുള്ളൂ. ആ ജനാധിപത്യത്തെ തത്ത്വചിന്താപരമായും രാഷ്ട്രീയമായും പുനഃസംഘടിപ്പിച്ച് എങ്ങനെ മുന്നോട്ടുചലിപ്പിക്കാം എന്നുള്ളതായിരുന്നു യഥാര്‍ത്ഥത്തില്‍ സലിംകുമാറിനെ പോലുള്ളവര്‍ അഭിമുഖീകരിച്ച പ്രധാന പ്രശ്‌നം. അങ്ങനെയാണ് അദ്ദേഹം ഒരു ജനാധിപത്യ ചിന്തകനായി പരിവര്‍ത്തിക്കപ്പെടുന്നത്.

ജനാധിപത്യത്തെക്കുറിച്ച ചിന്ത അതിന്റെ പ്രായോഗികമായ അനുഭവത്തില്‍ സ്വരാജിനെക്കുറിച്ചുള്ള ചിന്തയാണ്. ഇന്ത്യയില്‍ ജനാധിപത്യം എന്നാല്‍ സ്വാതന്ത്ര്യവും തുല്യതയും നീതിയുമാണ്. അങ്ങനെയൊരു സമൂഹത്തെ നിര്‍മ്മിച്ചു കൊണ്ട് മാത്രമേ മനുഷ്യര്‍ക്കിടയില്‍ തുല്യത ഉറപ്പുവരുത്താന്‍ കഴിയൂ. അപ്പോള്‍ അവര്‍ക്ക് മാര്‍ക്‌സിസത്തെയും സോഷ്യലിസത്തെയും ജനാധിപത്യപരമായി പുനര്‍വിചിന്തനം നടത്തേണ്ടിവരും.

സോഷ്യലിസം എന്നാല്‍ സാമ്പത്തികമായ തുല്യത എന്നതിനപ്പുറമുള്ള തുല്യതയെയാണ് സങ്കല്‍പ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് സോഷ്യലിസം സെക്കുലറിസം എന്നിവ ഒഴിവാക്കണമെന്നാണ് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. അത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഏകാധിപത്യപരമായി ഭരണഘടനയില്‍ ചേര്‍ത്തതാണെന്നും ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസമയത്ത് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഇങ്ങനെയൊരു സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്നുമാണ് ഹിന്ദുത്വവാദികളുടെ പുതിയ നരേറ്റീവ്.

സോഷ്യലിസ്റ്റ് സ്റ്റേറ്റ് വരുമെന്നോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരം നടത്തി സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുമെന്നോ അല്ല പ്രധാന പ്രശ്‌നം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതാസങ്കല്‍പ്പം നിലനില്‍ക്കുമോയെന്നതാണ്. അത് ഒരു നോര്‍മേറ്റീവ് കാറ്റഗറി എന്ന നിലയില്‍ മനുഷ്യരുടെ ആശയാഭിലാഷങ്ങള്‍ക്കും നെതികവും രാഷ്ട്രീയപരവുമായിട്ടുള്ള അതിജീവനത്തിനും അനിവാര്യമാണ്. സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിയോ കമ്മ്യൂണിസ്റ്റ് വിപ്ലവമോ എന്നൊന്നുമല്ല പ്രശ്‌നം. ഇന്ത്യന്‍ സമൂഹത്തില്‍ എല്ലാ മനുഷ്യര്‍ക്കും എപ്പോഴും വ്യവഹരിക്കാവുന്ന രാഷ്ട്രീയ സംവര്‍ഗമായി, നീതിയില്‍ അധിഷ്ഠിതമായിട്ടുള്ള, തുല്യത നിലനില്‍ക്കണമെന്നതാണ്. തുല്യത കേവലമായ ഇക്വാളിറ്റി അല്ല, അത് സബ്സ്റ്റാന്റീവ് ഇക്വാളിറ്റിയാണ്, ഗുണപരമായ തുല്യതയാണ്.

ഈ ഗുണപരമായ തുല്യതയെ മുന്‍നിര്‍ത്തി മാത്രമേ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ ഭരണഘടനയില്‍ നിന്ന് തുല്യത അല്ലെങ്കില്‍ സോഷ്യലിസം എന്ന സങ്കല്‍പ്പം ഇല്ലാതാകുന്നതോടെ ഭരണകൂടത്തില്‍നിന്നുതന്നെ അത് ഇല്ലാതാവും. അങ്ങനെ വരുമ്പോള്‍ തുല്യതയും ജനാധിപത്യവും തമ്മിലുള്ള സംവാദങ്ങളിലൂടെയാണ് നീതിയിലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം രൂപപ്പെടുത്തുന്നത്. അങ്ങനെ വരുമ്പോള്‍ തുല്യത എന്നത് റാഡിക്കല്‍ ഇക്വാളിറ്റിയാണ്. പരിവര്‍ത്തനാത്മകമായ തുല്യതയാണ്. ഇഗാലിറ്റേറിയന്‍ ഡെമോക്രസി സമതയില്‍ അധിഷ്ഠിതമാവണമെങ്കില്‍ അതേ കുറിച്ച നിരന്തരമായ സംവാദങ്ങളുണ്ടാവണം. അംബേദ്കറാണ് റാഡിക്കല്‍ ഇക്വാളിറ്റി എന്ന രാഷ്ട്രീയ സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനാപരമായ തുല്യതയുള്ളപ്പോള്‍ തന്നെ രാഷ്ട്രീയവും ഭരണഘടനാപരവുമായിട്ടുള്ള തത്ത്വങ്ങള്‍ എന്ന നിലയില്‍ റാഡിക്കല്‍ ഇക്വാലിറ്റിയെ മുന്നോട്ടു കൊണ്ടുപോവുന്നതും ജനാധിപത്യ ചിന്തകന്റെ കടമയാണ്. റാഡിക്കല്‍ ഇക്വാളിറ്റി ഉറപ്പുവരുത്താനാണ് ഭരണഘടനയില്‍ ഇക്വാളിറ്റി ആന്റ് ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി- തുല്യതയും തുല്യ അവസരവും-എന്ന ക്ലോസ് ചേര്‍ത്തിട്ടുള്ളത്. ആ തുല്യ അവസരം ഉറപ്പുവരുത്താനാണ് അഫര്‍മേറ്റീവ് പോളിസികള്‍ നിര്‍മിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യവും റാഡിക്കല്‍ ഇക്വാളിറ്റിയും കൂടിച്ചേര്‍ന്ന തത്ത്വചിന്താപരവും രാഷ്ട്രീയപരവുമായ ചിന്താഗതിയിലൂടെയേ പരിവര്‍ത്തനാത്മകമായ ജനാധിപത്യ സങ്കല്‍പ്പം മുന്നോട്ടുപോകൂ.

സലിംകുമാറിനെ പോലുള്ളവര്‍ മാര്‍ക്‌സിസത്തില്‍ നിന്ന് അംബേദ്കര്‍ ചിന്തയിലേക്ക് മാറിയപ്പോള്‍ അവര്‍ അഭിമുഖീകരിച്ച ചില പ്രശ്‌നങ്ങളുണ്ട്. അംബേദ്കര്‍ തന്നെ ഡെമോക്രസിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ (എസ്സന്‍ഷ്യല്‍ റൈറ്റിങ്‌സ് ഓഫ് അംബേദ്കര്‍) ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവം ഗ്രേഡഡ് ഇന്‍ ഈക്വാളിറ്റിയാണെന്ന് പറയുന്നുണ്ട്. നാല് കാര്യങ്ങളാണ് ഇതിന്റെ അടിസ്ഥാനപരമായിട്ടുള്ള സ്വഭാവം. ഒന്ന് അത് സര്‍വേയിലന്‍സ് ക്ലാസ് ആയിട്ടും റൂളിങ് ക്ലാസ് ആയിട്ടും ജനസമൂഹങ്ങളെ വേര്‍തിരിക്കുന്നു. ഭരണവര്‍ഗമെന്നും ഭരണീയര്‍ അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗമെന്നും പറയാം. തരംതിരിച്ച അസമത്വമെന്നത് ഒരു സങ്കല്‍പ്പനം മാത്രമല്ല ഭൗതികമായ കാര്യവും കൂടിയാണ്. സമൂഹത്തെ വിശകലനം ചെയ്യാന്‍ വേണ്ടി അംബേദ്കര്‍ ഉണ്ടാക്കിയെടുത്ത ഒരു കണ്‍സെപ്ച്വല്‍ കാറ്റഗറി മാത്രമല്ല ഗ്രേഡഡ് ഇന്‍ഈക്വാളിറ്റി. ഇന്ത്യയിലെ ജനസമൂഹങ്ങളെ അടിച്ചമര്‍ത്തപ്പെട്ടവരായും ഭരണവര്‍ഗമായും മാറ്റുന്ന രീതിയും കൂടിയാണത്. അങ്ങനെ അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗം പാരമ്പര്യമായി എന്നും അടിച്ചമര്‍ത്തപ്പെടുന്നവരായി തുടരുന്നു. ഭരണവര്‍ഗം എന്നും അതായും തുടരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന് ഭരണവര്‍ഗത്തിലേക്ക് ആരും കടന്നുവരുന്നില്ല, ഭരണവര്‍ഗത്തില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തിലേക്കും ആരും വരുന്നില്ല. സാമൂഹികമായി രണ്ട് വര്‍ഗങ്ങളായി നിലനില്‍ക്കുമ്പോഴും അടിസ്ഥാനപരമായി മാറ്റം വരുന്നില്ല.

അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങള്‍ ഭരണവര്‍ഗത്തിന്റെ ഭാഗമായി മാറുമ്പോള്‍, ആ പങ്കാളിത്തം പാടില്ലെന്നാണ് പരമ്പരാഗത കമ്മ്യൂണിസ്റ്റ് ചിന്താരീതി. എന്നാല്‍, പാരമ്പര്യമായി അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും ഭരണകൂടപങ്കാളിത്തം വഴി മാത്രമേ സമൂഹത്തെയും രാഷ്ട്രത്തെയും പുനഃസംഘടിപ്പിക്കാന്‍ കഴിയൂഎന്നും ജനാധിപത്യപരമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള നിലപാടിലേക്കാണ് സലിംകുമാറിനെ പോലുള്ളവര്‍ എത്തിച്ചേര്‍ന്നത്. ജാതിയും വര്‍ഗവും തമ്മിലുള്ള പാരസ്പര്യ (ഇന്റര്‍സെക്ഷണാലിറ്റി) ബന്ധത്തെ മനസ്സിലാക്കുകയും അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ഒരു രീതിയാണ് അംബേദ്കറിന്റേത്. അംബേദ്കര്‍ ഒരിക്കലും വര്‍ഗസങ്കല്‍പ്പത്തെ തള്ളിക്കളഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാമൂഹ്യ വിശകലന രീതിയില്‍ ഭരണവര്‍ഗവും ഭരിക്കപ്പെടുന്ന വര്‍ഗവുമായി ഇന്ത്യന്‍ സമൂഹം വേര്‍തിരിഞ്ഞു നില്‍ക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തിന് ഇതുവരെ ഭരണവര്‍ഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ല എന്നതും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയപ്രശ്‌നമാണ്. അങ്ങനെയാണ് അദ്ദേഹം പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വന്ന ഭരണകൂടത്തിന്റെ ഔദാര്യമല്ല പ്രാതിനിധ്യമെന്നത്. അത് ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ഡെവലപ്‌മെന്റ് ക്വസ്റ്റ്യന്‍ അല്ല, വികസനം നടന്നാലും നടന്നില്ലെങ്കിലും ഭരണകൂടമുണ്ടെങ്കില്‍ അതിനകത്ത് പ്രാതിനിധ്യം ഉറപ്പാക്കണമെന്നുള്ളതാണ് അദ്ദേഹത്തിന്റെ വീക്ഷണം. അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിതനിധ്യം (ആഡിക്വേറ്റ് ആന്റ് പ്രൊപ്പോഷണേറ്റ്) എന്നാണ് അദ്ദേഹം പറയുന്നത്. മതിയായതും ജനസംഖ്യാനുപാതികവുമായിട്ടുള്ള പ്രാതിനിധ്യം ഈ ഭരണകൂടം എത്ര കാലം നിലനില്‍ക്കുന്നുവോ അതുവരെ ഉണ്ടാവണം. സ്റ്റേറ്റിനെ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് മാത്രമേ പ്രാതിനിധ്യമുറപ്പാക്കാന്‍ പറ്റൂ. പ്രാതിനിധ്യത്തിലൂടെ മാത്രമേ ഈ ഭരണകൂടത്തെ ജനാധിപത്യവല്‍ക്കരിക്കാനും കഴിയൂ.

അങ്ങനെയൊരു ചിന്തയുടെ അടിസ്ഥാനത്തില്‍ സര്‍വേയിലിങ് ക്ലാസില്‍പെടുന്നവരെ ജനാധിപത്യ പ്രക്രിയയിലേക്ക്, രാഷ്ട്രീയ പ്രക്രിയയിലേക്ക് പ്രാതിനിധ്യ പ്രക്രിയയിലേക്ക് എങ്ങനെ ഉള്‍ച്ചേര്‍ക്കാം എന്നുള്ളതാണ്. ജാതികളായിട്ടാണോ അവരെ ഉള്‍ക്കൊള്ളേണ്ടത് അതോ സമുദായമായിട്ടാണോ ചേര്‍ക്കേണ്ടത് എന്നതും പ്രധാനമാണ്. ഭരണകൂടം എപ്പോഴും ഇവരെ ജാതികളായി മാത്രം ഉള്‍ചേര്‍ക്കുന്നു, ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് എന്നിങ്ങനെ. മറിച്ച് സര്‍വേയിലിങ് ക്ലാസ് എന്ന രീതിയിലാണെങ്കില്‍ സമുദായവല്‍ക്കരിച്ചുകൊണ്ട് മാത്രമേ വിപ്ലവകരമായ ശക്തിയായി മാറ്റാന്‍ കഴിയൂ എന്നാണ് അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം.

വ്യത്യസ്ത ജാതി സമുദായങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്റര്‍ സെക്ഷണല്‍ ആയിട്ടുള്ള കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള ജനാധിപത്യപ്രക്രിയയിലൂടെ മാത്രമേ ദലിതര്‍ക്ക് ഒരു സമുദായമായി മാറാന്‍ പറ്റുകയുള്ളൂ. അത് കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ മാത്രം നടക്കുന്നതല്ല, മറ്റ് ജനവിഭാഗങ്ങളുമായി നിരന്തരമായ ഇഗാലിറ്റേറിയന്‍ ഡെമോക്രാറ്റിക് നോഷന്‍ അനുസരിച്ചുള്ള സംവാദാത്മകമായ ഇടപെടലിലൂടെ മാത്രമേ നടക്കുകയുള്ളൂ. അംബേദ്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സാഹോദര്യവും മതേതരത്വവും അര്‍ത്ഥമാക്കുന്നത് മൈത്രിയാണ്. സോഷ്യലിസം പാശ്ചാത്യമാണ്, മതേതരത്വം പാശ്ചാത്യമാണ് എന്നൊക്കെയാണ് സംഘപരിവാരം അതിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനായി പറയുന്നത്. പക്ഷേ സെക്കുലറിസം എന്നുള്ള സങ്കല്‍പ്പം മൈത്രിയാണ്. വിവിധ സാമുദായിക മതജാതി വിഭാഗങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മൈത്രി എന്ന സങ്കല്‍പ്പത്തിലൂടെ മാത്രമേ ജനങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ, സാഹോദര്യപ്പെടുത്താന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ മതേതര സങ്കല്‍പ്പത്തെ നമുക്ക് വിപുലപ്പെടുത്താന്‍ കഴിയുകയില്ല. മൈത്രിയിലൂടെമാത്രമേ ദലിത് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ പറ്റുകയുള്ളൂ. ജനാധിപത്യവല്‍ക്കരിക്കപ്പെടുന്ന പ്രക്രിയയിലൂടെയാണ് ദലിത്‌സമുദായം രൂപപ്പെടുന്നത്. രാഷ്ട്രീയസംവര്‍ഗം എന്ന രീതിയില്‍ സമുദായവല്‍ക്കരണം എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രക്രിയയാണ്, ഒരു ജനാധിപത്യ പ്രക്രിയയാണ്. അതിന്റെ അടിസ്ഥാനം മൈത്രി എന്ന സങ്കല്‍പ്പമാണ്.

ദലിത് സമുദായത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയ വികസിച്ചു വരണം. അത് മൊത്തത്തിലുള്ള ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമാണ്, പ്രാതിനിധ്യജനാധിപത്യവല്‍ക്കരണപ്രക്രിയയുടെ ഭാഗമാണ്. ദലിതര്‍ ഒരു സമുദായമായി മാറുക എന്നതും ഒരു രാഷ്ട്രീയവല്‍ക്കരണപ്രക്രിയയാണ്.

അതിന് മൂന്ന് തരത്തിലുള്ള കാര്യങ്ങളുണ്ട്. ഒന്ന്, അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നുള്ളതാണ്. അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മാത്രമേ ദലിതരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സാമുദായികമായി വികസിക്കുവാനും അതുപോലെതന്നെ ജനാധിപത്യ സമൂഹത്തെ വികസിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള സാമൂഹ്യ രാഷ്ട്രീയ ശക്തിയായി പരിവര്‍ത്തിക്കപ്പെടാനും കഴിയുകയുള്ളൂ.

മറ്റൊന്ന് പങ്കാളിത്ത വികസനമാണ്, വിഭവങ്ങളിലുള്ള പങ്കാളിത്തമാണ്. തരംതിരിച്ച അസമത്വത്തിന്റെ രണ്ടാമത്തെ സ്വഭാവ സവിശേഷതയായി അംബേദ്കര്‍ പറയുന്നത് അയിത്തജാതി ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന അടിയാള ജനവിഭാഗങ്ങള്‍ക്ക് വിഭവങ്ങളും മൂലധനവും ചരിത്രപരമായി നിരോധിക്കപ്പെടുന്ന പ്രക്രിയയാണ്.

മറ്റൊന്ന് അധികാരത്തില്‍ പങ്കാളിത്തം ഇല്ലാതിരിക്കുന്നതാണ്. തിരിച്ച് അസമത്വത്തിന്റെ മറ്റൊരു കാര്യം വിജ്ഞാനത്തില്‍ നിന്ന് (അദ്ദേഹം എജ്യുക്കേഷന്‍ എന്നാണ് പറഞ്ഞത്) വിജ്ഞാനം എന്ന് പറഞ്ഞാല്‍ വിജ്ഞാന ഉല്‍പ്പാദനം കൂടിയാണ്. വിജ്ഞാനനിര്‍മ്മിതിയില്‍ പങ്കാളിത്തം ഇല്ലാതാക്കി പുറന്തള്ളുക എന്നുള്ളതാണ് തരംതിരിച്ച അസമത്വത്തിന്റെ മറ്റൊരു സ്വഭാവം.

അപ്പോള്‍ ദലിതരുടെ ജനാധിപത്യവല്‍ക്കരണ പ്രക്രിയ എന്ന് പറഞ്ഞാല്‍ വിഭവവും മൂലധനവും വിദ്യാഭ്യാസവും ജ്ഞാനനിര്‍മിതിയും പങ്കാളിത്തവും കിട്ടുന്ന ഒരു അധികാര പങ്കാളിത്ത പ്രക്രിയയിലൂടെയേ വികസിക്കുകയുള്ളൂ. അങ്ങനെ വരുമ്പോഴേ നീതി സാമൂഹികവല്‍ക്കരിക്കുകയുള്ളൂ. ഉല്‍പ്പാദനത്തിലും വിഭവങ്ങളിലും അധികാരത്തിലും പങ്കാളിത്തം വേണം. എങ്കില്‍ മാത്രമേ നീതിപൂര്‍വ്വമായ ജനാധിപത്യമായി മാറാന്‍ പറ്റുകയുള്ളൂ. ഈ പ്രശ്‌നം താത്ത്വികമായും പ്രായോഗികമായും അഭിമുഖീകരിക്കാനാണ് യഥാര്‍ത്ഥത്തില്‍ സലിംകുമാര്‍ശ്രമിച്ചത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടവുമായിട്ടാണല്ലോ നമ്മള്‍ നെഗോഷ്യേറ്റ് ചെയ്യുന്നത്.

എന്താണ് ഈ ഭരണകൂടത്തെയും സമൂഹത്തെയും സ്വഭാവവല്‍ക്കരിച്ച അടിസ്ഥാനപരമായ ആശയ വ്യവസ്ഥ? ഇതൊരു ബ്രാഹ്മണിക്കല്‍ സോഷ്യല്‍ ഓര്‍ഡര്‍ ആണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ആ ബ്രാഹ്മണിക്കല്‍ സോഷ്യല്‍ ഓര്‍ഡറിനെ പരമ്പരാഗതമായി, പ്രാചീന മധ്യകാല സമൂഹങ്ങളില്‍ സാധൂകരിക്കുന്നതും അതിനെ നിലനിര്‍ത്തിയതുമായിട്ടുള്ള ആശയാധികാര വ്യവസ്ഥ അതിന്റെ സാംസ്‌കാരികമായ വ്യവസ്ഥ, അതിന്റെ ബൗദ്ധികമായുള്ള രൂപങ്ങള്‍ എന്നു പറയുന്നത് അതിന്റെ സാഹിത്യരൂപങ്ങള്‍ ആയിരുന്നു. അംബേദ്കര്‍ പറയുന്ന ബ്രാഹ്മണിക്കല്‍ ലിറ്ററേച്ചര്‍ ധര്‍മ്മശാസ്ത്രക്രമങ്ങള്‍ ആയിരുന്നു, നീതിശാസ്ത്രങ്ങള്‍ ആയിരുന്നു- ഇന്ത്യയിലെ സാമൂഹിക നിയമങ്ങളും രാഷ്ട്രീയ നിയമങ്ങളും. ആ നിയമങ്ങളെ മാറ്റമില്ലാത്തതായി, സ്വാഭാവികമായി, പ്രകൃത്യാലുള്ളതായി കാണുന്ന ഒരു സങ്കല്‍പ്പമാണ് സനാതനം എന്നു പറയുന്നത്. അസമത്വബദ്ധമായിട്ടുള്ള ഒരു സാമൂഹ്യക്രമത്തെ, ഗ്രേഡഡ് ഇന്‍ഈക്വാളിറ്റിയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു സാമൂഹ്യക്രമത്തെ മാറ്റംവരുത്താന്‍ പാടില്ലാത്തതായി കാണുന്ന ഒരു ആശയാധികാരവ്യവസ്ഥയാണത്. സാംസ്‌കാരികമായും മതപരമായും ഇന്ത്യക്കാരുടെ ദൈനംദിന സാമൂഹിക ജീവിതത്തെ, ക്രമപ്പെടുത്തുകയും നിശ്ചയിക്കുകയും ചെയ്യുന്ന, ചരിത്ര ഭൂതകാലങ്ങളിലും, ഇന്നും സ്വാധീനംചെലുത്തുന്ന പ്രധാനപ്പെട്ട ആശയമാണത്. ഈ സനാതനത്തിനെതിരേയുള്ള സമരമായിരുന്നു അംബേദ്കര്‍ മനുസ്മൃതി കത്തിച്ചതിലൂടെ ചെയ്തത്. എന്തുകൊണ്ട് സലിംകുമാര്‍ മനുസ്മൃതി കത്തിച്ചു എന്ന് ചോദിച്ചാല്‍ അത് ബ്രാഹ്മണ്യത്തിനെതിരായിട്ടുള്ള പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായിരുന്നു. അത് അംബേദ്കര്‍ തുടങ്ങിവച്ച ബ്രാഹ്മണിസത്തിനെതിരായിട്ടുള്ള ഒരു വിപ്ലവമായിരുന്നു. ഇന്ത്യന്‍ ഭരണകൂടത്തെക്കുറിച്ച് ഒരു സെക്കുലര്‍ ഡെമോക്രാറ്റിക് സ്‌റ്റേറ്റാണ് നമ്മുടെ അടിസ്ഥാനപരമായ സങ്കല്‍പ്പം എന്ന് പറയുമ്പോള്‍ പോലും ഭരണകൂടത്തിലും സമൂഹത്തിലും ചൂഴ്ന്നു നില്‍ക്കുന്ന, അതിനെ നിയന്ത്രിക്കുന്ന ആശയം എന്നു പറയുന്നത് ഈ ബ്രാഹ്മണിസമാണ്. ബ്രാഹ്മണിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വചിന്ത എന്നോ പ്രയോഗം എന്നോ നീതിശാസ്ത്രം എന്നോ പറയുന്ന മനുസ്മൃതി കത്തിക്കുന്നതിലൂടെ മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രത്തിന്റെ താത്ത്വികമായ അടിത്തറയെ വിസ്‌ഫോടനാത്മകമായി വിച്ഛേദിക്കുകയാണ് അംബേദ്കര്‍ ചെയ്തത്. അതൊരു പ്രതീകാത്മക പ്രക്രിയയാണെങ്കില്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ മനുസ്മൃതി കത്തിക്കുന്നത് പ്രധാനപ്പെട്ട ഒരു ആശയമാണ്. ഇന്നത്തെ ഗവണ്‍മെന്റിന്റെ അടിസ്ഥാനപരമായിട്ടുള്ള പരിപാടികള്‍ ബ്രാഹ്മണിസത്തില്‍ അധിഷ്ഠിതമായുള്ള സാമൂഹിക സാംസ്‌കാരിക വ്യവസ്ഥയെ ഉറപ്പിക്കുക എന്നുള്ളതാണ്. അവിടെയാണ് മനുസ്മൃതി കത്തിച്ചതിന്റെ രാഷ്ട്രീയമായ പ്രാധാന്യം. അതിന് ഒരാള്‍ ഇറങ്ങി പുറപ്പെട്ടു എന്ന് പറഞ്ഞാല്‍ അംബേദ്കറാണ് ശരി എന്നാണ് അതിനര്‍ത്ഥം. ദലിത് സമുദായവല്‍ക്കരണ പ്രക്രിയയിലും ദലിത് ബൗദ്ധിക രാഷ്ട്രീയ പ്രക്രിയയിലും ഏര്‍പ്പെടുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇന്ന് എടുക്കേണ്ട നിലപാട് എന്താണ്? ബ്രാഹ്മണിസമാണല്ലോ ഇവിടത്തെ മേല്‍ക്കോയ്മാ പ്രത്യയശാസ്ത്രം അഥവാ അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രം. ആ ബ്രാഹ്മണിസത്തെ ഭരണകൂടമായി മുന്നോട്ടുവയ്ക്കുന്നത് ഹിന്ദുത്വമെന്ന് പറയുന്ന രാഷ്ട്രീയ ആശയമാണ് എന്ന് തിരിച്ചറയണം. അതിനെതിരായി നടക്കുന്ന സമരങ്ങളുണ്ട്. അതില്‍ പല ആളുകളുണ്ട്. സോഷ്യലിസ്റ്റുകള്‍ ഉണ്ട,് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ട്. ജനാധിപത്യ ശക്തികളുണ്ട്. ഇപ്പോള്‍ നടക്കുന്ന ബ്രാഹ്മണ്യത്തിനെതിരായിട്ടുള്ള പോരാട്ടത്തില്‍, ഹിന്ദുത്വ രാഷ്ട്രത്തിനെതിരായുള്ള സമരങ്ങളില്‍, രാഷ്ട്രീയമുന്നേറ്റങ്ങളില്‍ പങ്കെടുത്ത് കൊണ്ട് മാത്രമേ ദലിത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഒരു ജനാധിപത്യ സമൂഹമായി വികസിക്കാനും ജനാധിപത്യത്തെ മുന്നോട്ട് ചലിപ്പിക്കാനും കഴിയുകയുള്ളൂ.

ദലിത് സമുദായങ്ങളുടെയും ആദിവാസി വിഭാഗങ്ങളുടെയും ഇടയ്ക്കുള്ള ഐക്യം ഏറെ പ്രധാനമാണ്. പല സംഘടനകളും പല വ്യക്തികളുമുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാവരെയും ഏകീകരിക്കുന്ന ആശയം എന്താണ് എന്നുള്ളതാണ് ചോദ്യം. സമകാലീനമായ അന്തരീക്ഷത്തില്‍ രണ്ടു കാര്യങ്ങള്‍ ആവാം. ഒന്ന് അംബേദ്കറിന്റെ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ചിന്തയും ജനാധിപത്യപരമായ സമൂഹത്തെ പുനര്‍നിര്‍മ്മിക്കാനും മുന്നോട്ട് ചലിപ്പിക്കാനുമുള്ള തലവും ഉണ്ട്. മറ്റൊന്ന് ഫാഷിസ്റ്റ് സ്വഭാവമുള്ള, ഏകാധിപത്യ രീതിയിലുള്ള ഹിന്ദു രാഷ്ട്രവും. അത് ഒരു ദൈനംദിന പ്രയോഗമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ.് അപ്പോള്‍ സ്വത്വവാദ രാഷ്ട്രീയം കൊണ്ട് മാത്രം ഹിന്ദുത്വത്തെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയില്ല. സലിംകുമാറിനെ ഓര്‍ക്കുന്ന, അദ്ദേഹത്തിന്റെ ചിന്തകളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ മനുഷ്യരും ഈ പറഞ്ഞ മുഴുവന്‍ കാര്യങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടിവരും എന്നുള്ള രാഷ്ട്രീയ പ്രശ്‌നത്തെ മുന്നോട്ടുവച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.

 

No Comments yet!

Your Email address will not be published.