Skip to main content

സ്വത്വം സംസ്‌കാരം സങ്കല്‍പ്പനം’: ചില വീണ്ടുവിചാരങ്ങള്‍’

‘സ്വത്വം സംസ്‌കാരം സങ്കല്‍പ്പനം’ എന്ന എന്റെ പുസ്തകത്തെക്കുറിച്ചുള്ള ചില ചിന്തകളാണ് ഈ കുറിപ്പുകളില്‍ അവതരിപ്പിക്കുന്നത്. പുസ്തകം എഴുതിയയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെക്കുറിച്ച് വിശദീകരിക്കേണ്ട സാഹചര്യം വരുന്നത് ഒട്ടും സുഖകരമല്ലാത്ത കാര്യമാണ്. പുസ്തകം വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടവര്‍ അങ്ങനെയൊന്ന് കണ്ടതായിപ്പോലും ഭാവിച്ചതിന് തെളിവുകളില്ല. എഴുതിയയാള്‍ക്ക് പിന്നെ ചെയ്യാനുള്ളത് പുസ്തകത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകളില്‍ ഏര്‍പ്പെടുകയാണ്.

പുസ്തകം പുറത്ത് വന്നിട്ട് (2016ല്‍) ഒരു വ്യാഴവട്ടം കഴിയാറാകുന്നു. 1994ല്‍ പ്രസിദ്ധീകരിച്ച നോവലും പുരാവൃത്തവും (ഒ വി വിജയന്റെ ഗുരുസാഗരത്തെ ആധാരമാക്കി) മുതല്‍ 2015ലെ ‘കവിതയുടെ രാഷ്ട്രീയം: എന്‍ പ്രഭാകരന്റെ അരാഷ്ട്രീയ ചിന്തകള്‍’ വരെയുള്ള രണ്ട് പതിറ്റാണ്ട് കാലത്തെ 28 രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ദൃഢമായ ചില ആശയങ്ങളുടെ സാന്നിധ്യത്തെ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. അക്കാര്യം ഒളിച്ചുവയ്ക്കാതെ തുറന്നു പറയുന്നുമുണ്ട്. വ്യക്തിപരമായ സൗഹൃദബന്ധങ്ങളൊന്നും എഴുതിയ സന്ദര്‍ഭത്തില്‍ പരിഗണിച്ചിട്ടില്ല. ആശയപരമായ ദൃഢതയും സ്ഥൈര്യവും ഞാന്‍ സ്വയം തിരഞ്ഞെടുത്ത എഴുത്തിന്റെ വഴിയാണ്; അതിന്റെ പ്രത്യാഘാതമായാണ് വ്യക്തി സൗഹൃദബന്ധങ്ങള്‍ പലതും തകര്‍ന്നത്.

മുന്‍കൂട്ടി ആഗ്രഹിച്ച് തീരുമാനിച്ചുറച്ച് എഴുതിയതല്ല ഇതിലെ പല പ്രബന്ധങ്ങളും. സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ഉറ്റ സൗഹൃദങ്ങളില്‍ പലതിനേയും ഉലയ്ക്കാന്‍ കാരണമായിട്ടുണ്ട്.

ദൃഢമായ കാഴ്ച്ചപ്പാടുകള്‍ക്കും ഉറച്ച നിലപാടുകള്‍ക്കും കൊടുക്കേണ്ടിവന്ന ‘വില’യായി ബന്ധങ്ങളില്‍ സംഭവിച്ച ഉലച്ചിലുകളെ കാണുന്നു. എന്തൊക്കെയായാലും സൗഹൃദങ്ങളില്‍ സംഭവിച്ച തകര്‍ച്ചകള്‍ ഒഴിവാക്കേണ്ടിയിരുന്നതാണെന്ന് ഇന്ന് തോന്നുന്നുണ്ട്.

കുട്ടിക്കാലത്തിലേക്കും യൗവനദശയിലേക്കുമുള്ള തിരിച്ചു പോക്കുകള്‍ അയഥാര്‍ത്ഥമാണെന്നറിയാം. നാഭിനാളബന്ധം പുനഃസ്ഥാപിക്കണമെന്ന് അബോധമായി ആഗ്രഹിക്കുന്ന ഒരാളുടെ നിഷ്‌കളങ്ക സ്വപ്‌നം പോലെയാണത്. ഒരു തരത്തില്‍ ഈഡിപ്പസ് പുരാവൃത്തത്തിന്റെ ദുരന്തസ്പര്‍ശമുള്ള ആവര്‍ത്തനം!

ചില സാഹിത്യ കൃതികളേയും രചയിതാക്കളേയും ആവര്‍ത്തിച്ച് പിന്തുടരുന്ന ശീലം എനിക്കുണ്ട്. അതിന് തെളിവുകളായ പ്രബന്ധങ്ങള്‍ ഈ സമാഹാരത്തിലുമുണ്ട്. വ്യക്തിപരമായ താല്‍പ്പര്യമെന്നതിലുപരി അവ എഴുതിയ കാലത്തിന്റെ ആശയലോകത്തെയും അതിന്റെ സ്ഥൈര്യത്തേയുമാണ് അവ പ്രത്യക്ഷമാക്കുന്നത്. ഉദാഹരണത്തിന് ഒ വി വിജയന്റെ ഗുരു സാഗരത്തെക്കുറിച്ചുള്ള ലേഖനം (നോവലും പുരാവൃത്തവും 1994) 1987 മുതല്‍ ആരംഭിച്ച ‘ഗുരുസാഗരം’ വായനയേയും അതിനെക്കുറിച്ചുള്ള ആലോചനകളേയും സൂക്ഷ്മമായി പിന്തുടര്‍ന്നതിന്റെ ഫലമാണത്. ‘ഹിന്ദുത്വ രാഷ്ട്രീയ’ത്തിന്റെ അവതരണം പുരാവൃത്തങ്ങളുടെ നിരവധി സുഷിരങ്ങളിലൂടെ ഗുരു- ശിഷ്യ ഭാഷണത്തിന്റെ ഉദാത്ത രൂപം ധരിച്ച് ഗുരുസാഗരത്തില്‍ പ്രത്യക്ഷമാകുകയാണ്. പ്രബന്ധത്തില്‍ ഇക്കാര്യം തിരിച്ചറിയപ്പെടുന്നുണ്ട്.

അലസമായ എഴുത്തിന്റേയും വായനയുടേയും കാലങ്ങളില്‍ നിരൂപണവും അരാഷ്ട്രീയവും ഉദാസീനവുമാകും; അതില്‍ അത്ഭുതമില്ല. നിര്‍ഭാഗ്യകരമാണതെങ്കിലും, ഒട്ടും നിരാശയില്ല. പക്ഷെ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. ആ പ്രബന്ധത്തിലെ ഒരു ഉദ്ധരണിയോ വാക്കോ ചിഹ്നമോ അനാവശ്യമാണെന്ന് കണ്ട് എടുത്ത് മാറ്റാന്‍ ഇന്നത്തെ ‘ഉദാസീന വായന’ ഒന്ന് ശ്രമിച്ചു നോക്കട്ടെ! അത് എളുപ്പമല്ലെന്ന് ബോദ്ധ്യപ്പെടുമെന്നാണ് കരുതുന്നത്. രചനയ്ക്ക് അപ്പോഴുണ്ടാകുന്ന അംഗച്ഛേദം സംഭവിച്ച പ്രതീതി നല്ലൊരു വായനക്കാരന് തിരിച്ചറിയാന്‍ കഴിയും. ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കുറിച്ചുള്ള ഈ പ്രബന്ധത്തിലെ പല നിരീക്ഷണങ്ങളും ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ പിന്നീട് (ഈ സമാഹാരത്തിലെ ‘ഖസാക്കും തീയൂരും’ എന്ന ലേഖനത്തില്‍ 2008) തിരുത്താന്‍ ഞാന്‍ തയ്യാറായിട്ടുണ്ട്. ഖസാക്കും ഗുരുസാഗരവും തമ്മിലുള്ള ഭാഷാപരമായ വ്യത്യാസം ബാഹ്യതലത്തിലുള്ളത് മാത്രമാണെന്നും നോവലുകളുടെ ആശയപരവും ഘടനാപരവുമായ ആന്തരതലം പരസ്പരം ബന്ധപ്പെട്ടതും ജൈവികമായ തുടര്‍ച്ചയുള്ള തുമാണെന്ന് സ്ഥാപിക്കാനാണ് ഞാന്‍ പിന്നീട് ശ്രമിച്ചിട്ടുള്ളത്. ‘വചനവും പ്രവൃത്തിയും: ഖസാക്കിലെ വൈരുദ്ധ്യങ്ങള്‍’ എന്ന പുതിയ ലേഖനം (അടിമമനസ്സുകള്‍ക്കിടം ആത്മനാശം 2021) ഖസാക്കിന്റെ ആശയ ബീജത്തെ ഒരിക്കല്‍ക്കൂടി തിരിച്ചറിയാനുള്ള ശ്രമമാണ്. ഖസാക്കിന്റെ ജൈവികമായ തുടര്‍ച്ചയും വികാസവുമാണ് വിജയന്‍ അവസാന കാലത്തെഴുതിയ ‘ഇതിഹാസത്തിന്റെ ഇതിഹാസം’ എന്ന നോവലിന്റെ ലഘു ജീവചരിത്രം. ഇക്കാര്യം സ്ഥാപിക്കാനാണ് ‘വചനവും പ്രവൃത്തിയും’ എന്ന പ്രബന്ധത്തില്‍ ഞാന്‍ പില്‍ക്കാലത്ത് ശ്രമിച്ചിട്ടുള്ളത്.

ഇന്ദുലേഖയുടെ വായനയിലും വിമര്‍ശനപരമായ വിലയിരുത്തലിലും എന്റെ എഴുത്ത് പുലര്‍ത്തിയ നൈരന്തര്യത്തെ തെറ്റായും ശരിയായും വ്യാഖ്യാനിക്കാവുന്നതാണ്. ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ ചന്തുമേനോന്റെയും ഇന്ദുലേഖയുടേയും വെറുമൊരു ആരാധകന്റെ രചനകളാണവയെന്ന് (ഒരിക്കല്‍പ്പോലും അവ വായിക്കാന്‍ മെനക്കെടാത്തവര്‍ക്കും) പറയാം. അത് താരതമ്യേന എളുപ്പമുള്ള പ്രസ്താവമാണ്.

ഇന്ദുലേഖയെക്കുറിച്ച് ഞാന്‍ ആദ്യമായി എഴുതിയ ലേഖനത്തിലെ (മുതലാളിത്തത്തിന്റെ ഉദയവും ഇന്ദുലേഖയും 1977 വാക്കുകള്‍ നിശ്ശബ്ദതകള്‍ 2018) മാര്‍ക്‌സിന്റേയും ഇഎംഎസ്സിന്റേയും മറ്റും ദീര്‍ഘമായ ഉദ്ധരണികള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യവസ്ഥാപിത മാര്‍ക്‌സിസ്റ്റ് യാന്ത്രികതയ്ക്ക് കീഴ്‌പ്പെട്ടെഴുതിയതാണതെന്നും ‘സാമ്പത്തിക മാത്രവാദ’മാണിതെന്നും പറയാന്‍ ഒരാള്‍ക്ക് കഴിയും.

എണ്‍പതുകളിലെ നിശ്ശബ്ദതയ്ക്ക് ശേഷം തൊണ്ണൂറുകളിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും ഇന്ദുലേഖയെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടെഴുതിയ പഠനങ്ങളൊന്നും പ്രാമാണികരാരും കണ്ടതായി ഭാവിച്ചിട്ടില്ല. അവ സമാഹരിച്ച് ‘ഇന്ദുലേഖ: വര്‍ത്തമാന പാഠങ്ങള്‍’ (ആദ്യം 2015ല്‍, 2021ല്‍ പരിഷ്‌കരിച്ച ഇന്‍സൈറ്റ് പതിപ്പ്) പ്രസിദ്ധീകരിച്ചപ്പോഴും മലയാളത്തിലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ‘മുഖ്യധാരാ’ നിരൂപകര്‍ ഇന്ദുലേഖാ പഠനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്.

വ്യവസ്ഥാപിത വീക്ഷണങ്ങളെ എതിരിട്ട് നോവലിനെ രാഷ്ട്രീയം, ചരിത്രം, ഭാഷാശാസ്ത്രം, ധനതത്വശാസ്ത്രം, നരവംശ വിജ്ഞാനം എന്നീ വ്യത്യസ്ത മേഖലകളിലുണ്ടായ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ വായിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ചെയ്തത്. സ്വന്തം ഭാഷയോടും അതിന്റെ ചരിത്രത്തോടും സത്യസന്ധത പുലര്‍ത്തുന്ന ഭാവിയിലെ സാഹിത്യ വിദ്യാര്‍ത്ഥിക്ക് അവയെ കണ്ടില്ലെന്നുവയ്ക്കാന്‍ എളുപ്പത്തില്‍ കഴിയില്ലെന്നാണ് എന്റെ ഉറച്ച ബോധ്യം.

ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ‘സ്വത്വം സംസ്‌കാരം സങ്കല്‍പ്പനം’ എന്ന രചനയിലെ ‘പതിനെട്ടാം അധ്യായത്തിന്റെ രാഷ്ട്രീയ മൂല്യം’ എന്ന (2015) സംക്ഷിപ്ത ലേഖനത്തെ മാതൃകയായി സൂക്ഷ്മവായനക്ക് വിധേയമാക്കാവുന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചന്തുമേനോന്‍ നിരീക്ഷിച്ചറിയുകയും നോവലില്‍ നിബന്ധിക്കുകയും ചെയ്ത പരസ്പര വിനിമയത്തിന്റെ പ്രശ്‌നം എങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അധികാര ശക്തിപ്രയോഗത്തിന് പോലും ഉപയുക്തമായ വിനിമയതന്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തലാണ് എന്റെ എഴുത്തിലുള്ളത്. ഇന്ദുലേഖയെക്കുറിച്ചുള്ള പുസ്തകത്തിലെ എന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ശ്രദ്ധാപൂര്‍വമുള്ള വായനയേയും ആഴമേറിയ ചിന്തയേയും പ്രതീക്ഷിക്കുന്നുണ്ട്..

എന്‍ പ്രഭാകരന്റെ കഥകളും നോവലുകളും എന്റെ വായനയുടെ താല്‍പ്പര്യത്തെ ആദ്യകാലം മുതലേ ഉണര്‍ത്തിയവയാണ്. പ്രഭാകരന്റെ രചനകളെ ആസ്വാദനപരമായി മാത്രം സമീപിക്കുകയും അങ്ങനെ എഴുതുകയും ചെയ്യാനാണ് സമകാലിക വായനയ്ക്ക് കൂടുതല്‍ താല്‍പ്പര്യം.

അത്തരത്തില്‍ എഴുതാന്‍ എന്നെപ്പോലുള്ള ഒരാള്‍ എത്ര ആഗ്രഹിച്ചാലും കഴിയുകയില്ല. എന്റെ എഴുത്തിന്റെ വഴി നൂതനാശയങ്ങളേയും കാഴ്ച്ചപ്പാടുകളേയും ഉപയോഗിച്ച് രചനാ വിഷയത്തെ നിരന്തരം പ്രശ്‌നവല്‍ക്കരിക്കുകയാണ്. അതൊട്ടും സുഗമമല്ല. എന്‍ പ്രഭാകരന്റെ എഴുത്തിലെ ‘പരസ്പരവിനിമയ’ത്തിന്റെ പ്രശ്‌നമാണ് ഏറ്റവും വലിയ വെല്ലുവിളിയായി എനിക്ക് ആദ്യം മുതല്‍ അനുഭവപ്പെട്ടത്. ‘ഒറ്റയാന്റെ പാപ്പാന്‍’ മുതലുള്ള ആദ്യകാല കഥകള്‍ മുതല്‍ സമീപകാലത്തെഴുതിയ ‘മായാമനുഷ്യര്‍’ വരെയുള്ള പ്രഭാകരന്റെ രചനാ ലോകത്തെ ഭാഷാവിനിമയത്തിന്റെ പ്രശ്‌നത്തെ മുന്‍നിര്‍ത്തി വിലയിരുത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയവും പരാജയവും ഉണ്ടാകുന്നത് സാധാരണമാണ്.

എങ്ങനെയായാലും ഇത്തരം വിലയിരുത്തലുകള്‍ക്ക് സാഹിതീയമായ പ്രസക്തി മാത്രമല്ല ഉണ്ടാകുക; ദാര്‍ശനികവും സാംസ്‌കാരികവും നൈതികവും രാഷ്ട്രീയവുമായ മൂല്യങ്ങളെക്കുറിച്ചാണ് പ്രഭാകരന്റെ കഥാലോകം ഇടതടവില്ലാതെ സംവദിക്കുന്നത്. നല്ല വായനക്കാര്‍ക്കു പോലും ഇത് തിരിച്ചറിയാന്‍ കഴിയാറില്ല. നിര്‍ഭാഗ്യകരമാണ് ഈ അവസ്ഥ!

എന്‍ പ്രഭാകരന്റെ സര്‍ഗാത്മക രചനകളെക്കുറിച്ച് പല കാലങ്ങളില്‍ എഴുതിയ അഞ്ചു പ്രബന്ധങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. മൂന്നെണ്ണം സര്‍ഗാത്മക രചനകളെക്കുറിച്ചും രണ്ടെണ്ണം വിമര്‍ശനരചനകളെക്കുറിച്ചും; കഥാലോകത്ത് കേന്ദ്ര സ്ഥാനത്ത് വരുന്നത് ഭാഷാവിനിമയത്തിന്റെ പ്രശ്‌നമാണെന്ന് ആവര്‍ത്തിച്ച് പറയാനും സ്ഥാപിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്റെ ഒരു കണ്ടെത്തലായി ഈ പ്രശ്‌നത്തെ അവതരിപ്പിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ‘ജീവിതമോ മരണമോ?’ എന്ന പ്രശ്‌നം പ്രഭാകരന്റെ കഥാലോകത്ത് പ്രത്യക്ഷമാകുന്നത് ഭാഷാ വിനിമയത്തിലെ ‘വിജയമോ പരാജയമോ?’എന്ന ചോദ്യത്തിന്റെ രൂപത്തിലാണ്. ഇതാകട്ടെ സ്വത്വം നേരിടുന്ന പ്രതിസന്ധിയായാണ് കൃതികളില്‍ പ്രത്യക്ഷപ്പെടുന്നത്.

എന്റെ അറിവില്‍പ്പെട്ടിടത്തോളം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനിലും ഇത്രയും തീവ്രമായ രൂപത്തില്‍ നിലനില്‍പ്പിന്റെ പ്രശ്‌നമായി, ആശയവിനിമയത്തിന്റെ പ്രശ്‌നം എന്‍ പ്രഭാകരന്റെ കഥാപാത്രങ്ങള്‍ നേരിട്ടത് പോലെ നേരിട്ടിട്ടില്ല. പ്രഭാകരന്റെ കഥപറച്ചിലിന് തീവ്രമായ ആഖ്യാന സൗന്ദര്യവും ദുരന്തനാടകങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വിധത്തിലുള്ള ശൂന്യതാ ബോധവും ഒരേസമയം പകരാന്‍ ഇത് കാരണമാകുന്നുണ്ട്. ജീവിതത്തിന്റെ മുഴക്കമുള്ള ശബ്ദങ്ങളേയും മൃത്യുശൂന്യതയുടെ മഹാ മൗനങ്ങളേയും കൂട്ടിയിണക്കി നിബന്ധിക്കാനുള്ള കഴിവ് പ്രഭാകരന്റെ കൃതികളിലൂടെ തുടര്‍ച്ചയായി തെളിയിക്കപ്പെടുന്നുണ്ട്. വാക്കുകളാണ് കേന്ദ്ര പ്രശ്‌നമായി അവിടെയെല്ലാം മുന്‍നിര്‍ത്തപ്പെടുന്നത് എന്നത് ഈ എഴുത്തുകാരന്റെ മൗലികമായ ഉള്‍ക്കാഴ്ച്ചയുടെ തെളിവുകളാണ്.

കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളുമായുള്ള എന്റെ എഴുത്തിന്റെ ബന്ധത്തെ മനസ്സിലാക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കഴിയാത്തത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോഴെല്ലാം വേദനിപ്പിച്ചിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, പാര്‍ട്ടി, പോരാട്ട കവിത

ഇതെല്ലാമായുള്ള പട്ടാന്നൂര്‍ കവിതയുടെ ദീര്‍ഘകാലത്തെ ബന്ധത്തില്‍ ഒട്ടേറെ സങ്കീര്‍ണ്ണതകളുണ്ട്. അവയെ ഇഴപിരിച്ചറിയാന്‍ ആറു പതിറ്റാണ്ടിലധികം കാലത്തെ പട്ടാന്നൂരിന്റെ കവിതാജീവിതത്തെ സൂക്ഷ്മമായി പിന്തുടരുകയല്ലാതെ കുറുക്കുവഴിയൊന്നുമില്ല. ഈ സമാഹാരത്തിലെ ‘സംഘമിത്രക്കവിതകള്‍, പോരാട്ട കവിതയുടെ സ്വപ്‌നങ്ങള്‍’ എന്ന ലേഖനം പട്ടാന്നൂര്‍ കവിതയെക്കുറിച്ച് നിലവിലുള്ള പല മുന്‍വിധികളേയും തിരുത്താനുള്ള ശ്രമമായി കാണാം. അനേകം കവിതാ മാതൃകകളുടെ പ്രത്യക്ഷമായ പിന്‍ബലത്തോടെയാണ് ഇവിടെ പുനര്‍വ്വിചിന്തനത്തിന് ഒരുങ്ങുന്നത്. (‘കുഞ്ഞപ്പ പട്ടാന്നൂര്‍: കവിത കാലം ജീവിതം 2024) അതിനൊന്നും തയ്യാറാവാതെ കവിതയെ നിസ്സാരവല്‍ക്കരിക്കുകയും ലളിതവല്‍ക്കരിക്കുകയും പരിഹസിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നതാണ് പട്ടാന്നൂര്‍ കവിതയോട് കൈക്കൊള്ളേണ്ട സമീപനമെന്ന് കരുതുന്നവരാണ് ഇടത് പക്ഷത്തേയും വലത് പക്ഷത്തേയും പ്രമുഖര്‍ പലരും. എന്‍ പ്രഭാകരന്‍ പലപ്പോഴും അത്തരക്കാരുടെ വാദഗതികള്‍ ബാലിശമായി ആവര്‍ത്തിക്കാറുണ്ട്. പ്രഭാകരന്റെ വിമര്‍ശനപരമായ പല നിലപാടുകളേയും ശക്തമായി എതിര്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന്റെ തെളിവുകളായ രണ്ട് ലേഖനങ്ങള്‍ ഈ സമാഹാരത്തിലുണ്ടെന്നത് പ്രസക്തമായ കാര്യമാണ്. സത്യം ഭാഗികമായി പറയുന്നതിനേക്കാള്‍ കരുത്തും ആര്‍ജ്ജവവും പൂര്‍ണ്ണമായി അവതരിപ്പിക്കുന്ന സത്യങ്ങള്‍ക്കുണ്ടാവും.

ഒരെഴുത്തുകാരന്റെ സര്‍ഗാത്മക രചനകളുടെ പുരോഗമനാത്മകതയേയും അയാളുടെ വിമര്‍ശന കൃതികളുടെ പ്രതിലോമപരതയേയും വേര്‍തിരിച്ചു കാണാന്‍ നമുക്ക് കഴിയണം. ഈ വൈരുദ്ധ്യങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതാണ് ഒരെഴുത്തുകാരന്റെ സമഗ്രമായ വ്യക്തിത്വം. സാഹിത്യ രചനകളില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന ഈ അടിസ്ഥാന പാഠം എന്‍ പ്രഭാകരന്റെ മാത്രമല്ല വി സി ശ്രീജന്‍, ബി രാജീവന്‍ എന്നിവരുടെ കൃതികളുടെ വായനയും എന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവരുടെ രചനകളെക്കുറിച്ചുള്ള നിരൂപണ പഠനങ്ങള്‍ പ്രത്യക്ഷമാതൃകകളായി പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നു.

(എം പി ബാലറാം എഴുതിയ ‘സ്വത്വം സംസ്‌കാരം സങ്കല്‍പ്പനം: വിമര്‍ശന പാഠങ്ങള്‍’ എന്ന കൃതിയുടെ പുതിയ പതിപ്പ് കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക സപ്തംബര്‍ മാസത്തില്‍ പുറത്തിറക്കുന്നു)

No Comments yet!

Your Email address will not be published.