Skip to main content

വേണ്ടത് ജാതിവിരുദ്ധ മൂല്യങ്ങളുടെ വീണ്ടെടുപ്പ്

 

ശബരമിലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോലിസിന്റെ സഹായത്തോടെ തിരക്കുപിടിച്ച നീക്കമാണ് നടത്തിയത്. നവോത്ഥാന നായകനാവാനുള്ള ഈ ശ്രമം തെറ്റായിപ്പോയി എന്ന തോന്നലിന്റെ ഭാഗമാണോ ആഗോള അയ്യപ്പ സംഗമം?

സുപ്രീംകോടതി വിധിയുടെ ഉള്ളടക്കമാണ് നമ്മള്‍ പരിശോധിക്കേണ്ടത്. സുപ്രീംകോടതി സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന് പറയുമ്പോള്‍ കേരളം ഭരിക്കുന്ന ആളിന്റെ ആത്മാര്‍ത്ഥതയോ ആത്മാര്‍ത്ഥതയില്ലായ്മയോ ബാധകമല്ല. കാരണം അത് നടപ്പാക്കാന്‍ പിണറായി വിജയന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടാണ് പിണറായി വിജയന്‍ പറഞ്ഞത് സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന്. ആ അര്‍ത്ഥത്തിലാണ് ഞാനടക്കമുള്ളവര്‍ അതിനെ പിന്തുണച്ചത്. അത്തരത്തിലുള്ളൊരു വിധി നടപ്പാക്കുന്ന ഒരു ഗവണ്‍മെന്റിനെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന നിലയ്ക്കാണ് ഞാന്‍ അതിനെ പിന്തുണച്ചത്. സ്ത്രീ-പുരുഷ തുല്യതയെ കാംക്ഷിക്കുന്നൊരു പൗരനെന്ന നിലയ്ക്ക് അതിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടാമത്തെകാര്യം സുപ്രീംകോടതി വിധിയുടെ ഉള്ളടക്കം വളരെ പ്രധാനമാണ്. ഭൂരിപക്ഷവിധിയാണ് വന്നത്. അതില്‍ പറയുന്നത് അയ്യപ്പന്‍മാര്‍ സവിശേഷ അവകാശമുള്ള ഒരു ഭക്തസമൂഹമല്ല എന്നാണ.് അതുകൊണ്ട് അവര്‍ക്ക് പ്രത്യേക അവകാശം കൊടുക്കാന്‍ പറ്റില്ല. അവര്‍ സവിശേഷ അവകാശമില്ലാത്ത ഒരു വിഭാഗമായതുകൊണ്ട് ശബരിമല എന്ന പൊതുയിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് പറയാന്‍ തന്ത്രിക്ക് അവകാശമില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്ത്രീ-പുരുഷ തുല്യത എന്ന തത്ത്വത്തെ മുന്‍നിര്‍ത്തി സുപ്രീംകോടതി പറയുന്ന വിധിയാണത്. എന്നാല്‍, അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച, പിണറായി വിജയന്‍ ആ വിധിയെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും അവിടെ സ്ത്രീകളെ എത്തിക്കലാണ് വിധിയുടെ ഉള്ളടക്കം എന്നാണ് അദ്ദേഹം മനസ്സിലാക്കിയത്. അല്ലെങ്കില്‍ ഗവണ്‍മെന്റ് അങ്ങനെയാണ് മനസ്സിലാക്കിയത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇതുമായി ബന്ധപ്പെട്ട് നാളിതുവരെ നിലനിന്നിരുന്ന ആചാരത്തെ മറികടന്ന്, സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്ന വലിയൊരു മുന്നേറ്റമാണ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സംഭവിക്കേണ്ടിയിരുന്നത്. അത് സംഭവിച്ചിരുന്നെങ്കില്‍ പോലിസിന്റെ പ്രൊട്ടക്ഷന്‍ കൊണ്ടുവരുന്നതില്‍ പിശകൊന്നും സംഭവിക്കില്ലായിരുന്നു. പോലിസിന്റെ മാത്രം ഉത്തരവാദിത്തമാക്കി മാറ്റിയതിലാണ് കാര്യങ്ങള്‍ പാളിപ്പോയത്. അതായത് പിണറായി വിജയന്‍ പത്തനംതിട്ടയില്‍ തന്നെ സമ്മേളനം നടത്തി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു. തന്ത്രിയുടെ അവകാശം കേവലമല്ല, ഇതെല്ലാം തന്റേതാണെന്ന് തന്ത്രി കരുതേണ്ടതില്ല. അതെല്ലാം നോക്കാന്‍ ഇവിടെ വേറെ സംവിധാനമുണ്ട് എന്നൊക്കെ പരസ്യമായിട്ട് അദ്ദേഹം പറയുന്നു. തന്ത്രിയുടെ അധികാരത്തെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തത്. അന്ന് അവിടെ കൂടിയ വലിയ ജനക്കൂട്ടം ആര്‍ത്തുല്ലസിക്കുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. പിണറായിയുടെ വാക്കുകള്‍ക്ക് പിന്നില്‍ വലിയ ജനാഭിലാഷമുണ്ടായിരുന്നു.

എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകസംഘടനകളോ, സിപിഎമ്മിന്റെ തന്നെ ഘടകസംഘടനകളോ അത് ഏറ്റെടുത്തില്ല എന്നിടത്താണ് പിണറായി വിജയനെന്ന മുഖ്യമന്ത്രി പരാജയപ്പെട്ടത്. അവര്‍ ഏറ്റെടുക്കാതിരിക്കാന്‍ ഒരു കാരണമുണ്ട്. ഇതൊരു റിച്വലിസ്റ്റിക് സമൂഹമാണ്. അന്ന് എനിക്കുണ്ടായ രസകരമായൊരനുഭവം പറയാം. കേരളത്തിലെ ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ ഒരു നേതാവ് എന്നോട് പറഞ്ഞത് ജങ്ഷനിലെ പൊതുസമ്മേളനത്തില്‍ സ്ത്രീകള്‍ മലകയറണം എന്നൊക്കെ പ്രസംഗിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയും ഭാര്യയുമൊക്കെ ‘അയ്യപ്പനോടാണോ കളി” എന്ന് ചോദിക്കുമത്രെ. അതൊരു നിഷ്‌കളങ്കമായ കാര്യമല്ല. റിച്വലിസ്റ്റിക്കായ ഒരു സമൂഹത്തില്‍ പോലിസിനെ ഉപയോഗിച്ച് രണ്ടുപേരെ കയറ്റി പരിഹരിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല ഇത്. അങ്ങനെയല്ല അതിനെ കാണേണ്ടിയിരുന്നത്. വിധി വന്ന ആദ്യ മൂന്ന് ദിവസം നിശബ്ദമായിരുന്നു കേരളം. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനംകൊണ്ടോ അല്ലാതെയോ ഒക്കെ അതിനെ സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ കയറട്ടെ എന്നെ മനോഭാവമായിരുന്നു. എന്ന് പറഞ്ഞാല്‍, ജനസംഖ്യയിലെ പകുതിയാണല്ലോ. അതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഒരു വലിയ നാമജപ ഘോഷയാത്ര നടക്കുന്നത്. ആ പേര് നമ്മള്‍ ശ്രദ്ധിക്കണം. അത് സുപ്രീംകോടതിക്കെതിരേയുള്ള പ്രതിഷേധപ്രകടനമല്ല, വിധിക്കെതിരേയുള്ള പ്രക്ഷോഭമല്ല, നാമജപഘോഷയാത്രയാണ്. നാമജപം എന്ന് പറയുന്നത് വളരെ റിച്വല്‍ ആയ കാര്യമാണ്. ഘോഷയാത്രയില്‍ പറയുന്നതൊക്കെ ഭരണഘടന കത്തിക്കണം എന്നൊക്കെയാണെങ്കിലും അതിന്റെ പേര് നാമജപ ഘോഷയാത്ര എന്നാണ്. അതിന് നേതൃത്വം കൊടുത്തത് എന്‍എസ്എസ് ആണ്.

കേരളത്തില്‍ ബ്രാഹ്മണര്‍ക്ക് സംഘടനയുണ്ട്. അതുപോലെ തന്ത്രിമാര്‍ക്ക് മാത്രമായി തന്ത്രി സമാജം എന്ന സംഘടനയുണ്ട്. അവരൊക്കെ രംഗത്തുവരുന്നതിനു മുമ്പ് തന്നെ എന്‍എസ്എസ് രംഗത്ത് വന്നു. ആചാരലംഘനം അനുവദിക്കില്ല എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തന്നെ നേരിട്ട് പറയുന്നത് തങ്ങള്‍ക്ക് അവിടെ പോവേണ്ട എന്നാണ്. കാരണം ഞങ്ങള്‍ അശുദ്ധരാണ് എന്ന്. ഈ ബ്രാഹ്മണിക്കല്‍നോളജിന്റെ, റിച്വലിന്റെയൊരു പ്രശ്‌നം ഇര തന്നെ ഇത് ആവശ്യപ്പെടുന്നു എന്നുള്ളതാണ്. അങ്ങനെയാണ് ബ്രാഹ്മണിക്കല്‍ റിച്വല്‍സ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ അങ്ങോട്ടില്ല എന്നാണ് എല്ലാ സ്ത്രീകളും പറയുന്നത.് എനിക്ക് വിശ്വാസി എന്ന നിലയ്ക്ക് അവിടെ പോയി തൊഴുതാല്‍ മതി. അവിടെ തന്ത്രി ആരായാലും ഒരു വിഷയമല്ല. അതിലൊരു അധികാര തര്‍ക്കം ആരും ഉന്നയിക്കുകയില്ല.

നാമജപഘോഷയാത്രയുടെ പിന്നില്‍ അണിനിരന്നത് പറഞ്ഞു പറ്റിക്കപ്പെട്ട സ്ത്രീകളല്ല, അതൊക്കെ വെറുതെ റാഡിക്കല്‍ എന്നൊക്കെ പറയുന്ന മനുഷ്യര്‍ പറഞ്ഞുപരത്തിയ നുണയാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോളജ് അധ്യാപകര്‍ ഒക്കെയാണ് അതില്‍ അണിനിരന്നത്. സാധാരണ മനുഷ്യരും ഉണ്ടായിരുന്നിരിക്കാം, അത്രയേ ഉള്ളൂ. ഒരു ഡോക്ടര്‍തന്നെ പറയുന്നത് അവര്‍ അശുദ്ധയാണെന്നാണ്. എന്നാല്‍, പ്രാക്ടീസ് ചെയ്യാറില്ലേ എന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ഉണ്ട്, അത് ആശുപത്രിയിലല്ലേ, അവിടെ പ്രശ്‌മൊന്നുമില്ല എന്നാണ്.

ആചാരത്തിന്റെ ഈ ബലം അളന്നെടുക്കാന്‍ മലയാളിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ പ്രധാനപ്പെട്ട ഒരു വാദം. ഇക്കാര്യത്തില്‍ നാമജപഘോഷയാത്രയിലൂടെ സംഭവിച്ച സാമൂഹികമായ പരിവര്‍ത്തനത്തെ ഇന്നും മലയാളികള്‍ മനസ്സിലാക്കിയിട്ടില്ല. എന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ എന്‍എസ്എസ് എന്തിനാണ് ചാടിപ്പുറപ്പെട്ടത്? ആചാരം നിലനിര്‍ത്തണം എന്ന് പറഞ്ഞിട്ടാണ്. ആചാരലംഘനം അനുവദിക്കില്ല എന്നു പറഞ്ഞാണവര്‍ പുറത്തുവരുന്നത.് പന്തളം കൊട്ടാരത്തിന്റെ അവകാശം പവിത്രമാണ്, അത് അതേപോലെ നിലനിര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നിലവില്‍ ബ്രാഹ്മണനോടുള്ള ശൂദ്ര വിധേയത്വമാണ് നാമജപഘോഷയാത്രയിലൂടെ പുറത്തുവന്നത്. ഇനി മറ്റൊന്ന് ചരിത്രപരമായ ഒരു വിഷയം കൂടിയുണ്ട്. കേരളത്തിലാരും തന്നെ അത് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. മന്നത്തു പത്മനാഭനോട് പല അഭിപ്രായ വ്യത്യാസങ്ങളും നമുക്കുണ്ടാവും. പക്ഷേ, മന്നത്ത് പത്മനാഭന്‍ കേരളത്തിലെ മലയാളി ശൂദ്രര്‍ എന്ന് അറിയപ്പെട്ടിരുന്ന, ശൂദ്ര പദവി മാത്രം ഉണ്ടായിരുന്ന ജനസമൂഹത്തെ, സമാനനിലയുള്ള ശൂദ്ര ജാതികളെയെല്ലാം ഒരുമിപ്പിച്ച് ഞങ്ങള്‍ ഒരു സ്വതന്ത്ര സമുദായമാണെന്നും ഞങ്ങളിന്നു മുതല്‍ ശൂദ്രര്‍ അല്ല എന്നും ഞങ്ങള്‍ നായര്‍ എന്ന് വിളിക്കുന്ന ഒരു സമുദായമാണെന്നും ജീവിതം കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനകത്ത് നടന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇനി മേലാല്‍ ആധാരങ്ങളിലും എഴുത്തു കുത്തുകളിലും ശൂദ്രര്‍ എന്ന പദം ഉപയോഗിക്കാന്‍ പാടില്ല എന്നും അതിനുപകരം നായര്‍ എന്ന് ഉപയോഗിക്കണം എന്നുമുള്ള നിലപാടാണ്. ഇത് എന്‍എസ്എസിന്റെ ഒരു പ്രമേയമാണ് എന്നതും നമ്മള്‍ മനസ്സിലാക്കണം. അതായത് ബോധപൂര്‍വ്വം തീരുമാനിച്ചാണ് ശൂദ്രപദവി ഉപേക്ഷിച്ച് നായര്‍സമദായത്തെ ഒരു സ്വതന്ത്ര സമൂഹമാക്കിയത്. നായര്‍ ഭൃത്യജന സംഘത്തെ പിരിച്ചു വിട്ടിട്ടാണ് എന്‍എസ്എസ് രൂപീകരിക്കുന്നത്. മലയാളി ശൂദ്രസമൂഹത്തെ ഒരു സ്വതന്ത്ര സമുദായമായി പരിവര്‍ത്തനപ്പെടുത്തിയ എന്‍എസ്എസിന്റെ ചരിത്രത്തില്‍ ഈ നാമജപഘോഷയാത്ര കരിനിഴലാണ് വീഴ്ത്തിയത്. അതായത് വീണ്ടും അവര്‍ ശൂദ്രരാണെന്ന് പ്രഖ്യാപിക്കുന്ന കാര്യമാണ് നടന്നത്. സ്വതന്ത്രപദവി ഉപേക്ഷിച്ചു ഞങ്ങള്‍ ബ്രാഹ്മണ സേവയ്ക്ക് സന്നദ്ധരാണെന്ന് പ്രഖ്യാപിക്കുകയാണ് നാമജപ ഘോഷയാത്രയിലൂടെ ചെയ്തത്. ഈ പരിവര്‍ത്തനമൊന്നും നമ്മുടെ രാഷ്ട്രീയ നേതൃത്വമോ ബുദ്ധിജീവി സമൂഹമോ പരിശോധിക്കാറില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്നതൊന്നും കാര്യമായി പഠിക്കാറില്ല എന്നതാണ് എന്റെയൊരു നിരീക്ഷണം. പിണറായി വിജയന്‍ പരാജയപ്പെടുത്തപ്പെട്ട മുഖ്യമന്ത്രിയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. പരാജയത്തില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കുന്നത്. ഇരുന്നൂറിലധികം സംഘടനകളുടെ ഒരു ലിസ്റ്റ് ആണ് ഉണ്ടാക്കിയത്. ഞാനും അതില്‍ ക്ഷണിക്കപ്പെട്ട ആളായിരുന്നു. ആ ലിസ്റ്റ് എനിക്കും ലഭിച്ചിരുന്നു. ഒന്നാമത്തെ സംഘടന എന്‍എസ്എസ് ആണ്. തന്ത്രിസമാജം തുടങ്ങി എല്ലാ ഹിന്ദു സമുദായ സംഘടനകെളയും വിളിച്ചിട്ടുണ്ട്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് രൂപംകൊടുക്കുമ്പോള്‍ തുടക്കംമുതല്‍ ആ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നുണ്ട.് എന്ത് മൂല്യമാണ് സംരക്ഷിക്കുക എന്ന് അവിടെ പ്രഖ്യാപിക്കപ്പെടുന്നില്ല. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ എന്ന് പറഞ്ഞാല്‍ പോരല്ലോ. എന്തൊക്കെയാണ് ആ മൂല്യങ്ങള്‍ എന്ന് പറയേണ്ടതല്ലേ? അതുണ്ടായില്ല. സ്വാഭാവികമായും വനിതാ മതില്‍ കോമഡിയിലെത്തി അത് പര്യവസാനിക്കുകയായിരുന്നു. മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ ലോബി അതിനകത്ത് രൂപം കൊള്ളുകയും അതിനെ പൂര്‍ണമായി നിശ്ചലമാക്കുകയും ചെയ്യുന്നു. അവര്‍ ആ സമിതിയെ തന്നെ പരിപൂര്‍ണമായും ഇല്ലാതാക്കാന്‍ കാരണം നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ നമ്മള്‍ തേടി പോയാല്‍ (നവോത്ഥാനം എന്ന പേരിന് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ട്) ആദ്യം കാണുന്ന മൂല്യം ജാതി വിരുദ്ധമായ മൂല്യമാണ്. ജാതി വിരുദ്ധവും ജാതി മേധാവിത്വ വിരുദ്ധവും, അയിത്തവിരുദ്ധവും അടിമത്തവിരുദ്ധവുമായ മൂല്യങ്ങളാണ് നമ്മള്‍ ആദ്യം കണ്ടെത്തേണ്ടത്. ജാതിവിരുദ്ധത എന്ന മൂല്യത്തെ വീണ്ടെടുക്കാന്‍ കേരളത്തില്‍ പുതിയൊരു മൂവ്‌മെന്റ് ഉണ്ടായിക്കൂടാ എന്നത് സവര്‍ണ ലോബിയുടെ ഒരു താല്‍പ്പര്യമാണ്. ജാതിവിരുദ്ധമൂല്യങ്ങളുടെ വീണ്ടെടുപ്പ് അവരുടെ അധികാരത്തെ ചോദ്യംചെയ്യുമെന്നതിനാല്‍ അത് വേണ്ട. രണ്ടാമത്, നവോത്ഥാനകാലത്ത് സംഭവിച്ച പ്രധാനപ്പെട്ട കാര്യം ഈ ജാതിവിരുദ്ധതയ്ക്ക് അകത്താണ് സാഹോദര്യം പോലെയുള്ള മൂല്യങ്ങള്‍ നമ്മുടെ സമൂഹത്തിലേക്ക് വരുന്നത്. പിന്നീട് വരുന്നത് മതകലഹങ്ങളുടെയും മതരൂപീകരണങ്ങളുടെയും മൂല്യമാണ്. ഗുരുവിനെപ്പറ്റി ഹിന്ദു സന്യാസിയാണെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ഹിന്ദു സന്യാസിയുടെയും പ്രവൃത്തികളിലൂടെ കടന്നുവന്ന ഒരാളല്ല. അദ്ദേഹം ശിവപ്രതിഷ്ഠ നടത്തുമ്പോഴോ ശൈശവ വിവാഹം മുടക്കുമ്പോഴോ മനുഷ്യനെന്ന സങ്കല്‍പത്തെക്കുറിച്ച് പറയുമ്പോഴോ ഒന്നും ഹിന്ദു ആചാരബദ്ധനായി നിന്ന ഒരാളല്ല. അദ്ദേഹം ഒരു ഗ്ലാസ് കട്ടന്‍കാപ്പി കൊടുത്തിട്ട് ആളുകള്‍ക്ക് സന്യാസം കൊടുത്തയാളാണ്! അദ്ദേഹത്തിന്റെ ‘ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതില്‍’ എന്നൊരു വാക്യമുണ്ട്. ലോകത്തെ മുഴുവന്‍ മനുഷ്യരും ജനിക്കുന്നതും ഒരാകാരത്തിലാണ,് ഒരു ഭേദവും ഇല്ലാതെയാണ് എന്നാണ് ഗുരു പറഞ്ഞത്. ഒരു പ്രക്രിയയിലൂടെയും ഒരു രൂപത്തിലുമാണ് ലോകത്തെല്ലാ മനുഷ്യരും ജനിക്കുന്നത്. ഇത് ആഫ്രിക്കയില്‍ ആയാലും ഇവിടെ ആയാലും ഒരുപോലെയാണ്. വളരെ ലളിതമായാണ് ഗുരു ഇത് പറയുന്നത്. ഗുരു ഒരിക്കലും ജാതി ഇല്ലെന്ന് പറയുന്നില്ല. ലോകത്ത് ഒരു ജാതിയെ ഉള്ളൂ, അത് മനുഷ്യജാതിയാണ് എന്നാണ് ഗുരു പറഞ്ഞത്. ഇങ്ങനെ അടിസ്ഥാനപരമായി ചാതുര്‍വര്‍ണ്യത്തിന്റെ മൂല്യങ്ങളെ അതിന്റെ ആചാരപരതയെ എല്ലാം ഗുരു നിഷേധിക്കുന്നുണ്ട്. മരിച്ച മനുഷ്യരെ അടക്കാന്‍ ആചാരം വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ മരിച്ചാല്‍ അത് അചേതന വസ്തുവാണ്, അത് തെങ്ങിന്റെ ചുവട്ടില്‍ ഇട്ടാല്‍ തെങ്ങിന് വളമായി മാറും എന്ന് പറയുന്ന വിധം വളരെ നേരിട്ടായിരുന്നു ഗുരുവിന്റെ ആചാരനിഷേധം. ഹിന്ദുമതത്തിന്റെ ഫിലോസഫിയില്‍ നിന്ന് സ്വതന്ത്രമായ സമുദായത്തെയും സ്വതന്ത്രമായ വിശ്വാസപ്രമാണത്തെയും സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഗുരുവിന് ഒരിക്കലും അപരന്‍ മിഥ്യയല്ല. അപരസ്‌നേഹമാണ് ഗുരുവിന്റെ ചിന്തയുടെ അന്തര്‍ധാര. ഗുരുവിന്റെ അപരസ്‌നേഹം എന്നതില്‍ കരുണയാണ് പ്രവര്‍ത്തിക്കുന്നത്. അഹംബ്രഹ്മാസ്മി എന്നു പറയുന്ന തത്ത്വചിന്തയില്‍ അപരചിന്തയ്ക്ക് സ്ഥാനമില്ല. നിങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണെന്ന് എനിക്കും ഞാനൊരു യാഥാര്‍ത്ഥ്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് നമുക്കിടയില്‍ കരുണ പ്രവര്‍ത്തിക്കുകയുള്ളൂ. ഹിന്ദു ഫിലോസഫിയില്‍ നിന്ന് ഭിന്നമായ ഒരു മനുഷ്യ സങ്കല്‍പ്പവും മനുഷ്യബന്ധസങ്കല്‍പ്പവുമൊക്കെ സൃഷ്ടിക്കാന്‍ ശ്രമിച്ച ആളാണ് ശ്രീനാരായണഗുരു. പൊയ്കയില്‍ അപ്പച്ചന്‍ ആദ്യം ക്രിസ്തുമതത്തിന്റെ പ്രചാരകനായിരുന്നു. പിന്നീട് ക്രിസ്തുമതത്തിനകത്ത് ഒരു വലിയ വിവേചനം നിലനില്‍ക്കുന്നതായി അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. അതുകൊണ്ട് ഞാന്‍ ക്രിസ്തുമതം വിടുന്നു എന്നല്ല അദ്ദേഹം പറഞ്ഞത്. അപ്പച്ചന്‍ ബൈബിള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഈ പുസ്തകത്തില്‍ എന്റെ വംശത്തെക്കുറിച്ച് ഒരു വാക്കു പോലുമില്ല എന്നാണ് പറഞ്ഞത്. ബൈബിള്‍ എന്ന പുസ്തകത്തില്‍ എന്റെ വംശത്തെക്കുറിച്ച് ഒരു വാക്ക് പോലും ഇല്ല എന്നതിനാല്‍ ഞാന്‍ അത് കത്തിക്കുന്നു എന്ന് പറഞ്ഞ് അനുയായികളോടൊപ്പം ബൈബിള്‍ ചുട്ടെരിച്ചാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ ഉണ്ടാക്കുന്നത്. മക്തി തങ്ങള്‍ ഇസ്‌ലാം വിഭാഗത്തിന്റെ നവീകരണത്തിന് വേണ്ടി നിലകൊണ്ട ഒരാളാണ്. വക്കം അബ്ദുല്‍ ഖാദര്‍ മലയാളികളുടെ നവീകരണത്തിനായി നിലകൊണ്ടയാളാണ്. ഇങ്ങനെ മതങ്ങള്‍ക്കകത്തും പുറത്തുമായി മതരൂപീകരണങ്ങള്‍ നടന്നിട്ടുണ്ട്, മതകലഹങ്ങള്‍ നടന്നിട്ടുണ്ട്. മതവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ രണ്ട് മൂല്യങ്ങളാണ് നവോത്ഥാനം നമുക്ക് സംഭാവനചെയ്തിട്ടുള്ളത്. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ നവോത്ഥാന മൂല്യസംരക്ഷണസമിതി ഈ മൂല്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. അത് ഏറ്റെടുത്താല്‍, ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ഹിന്ദുത്വ രാഷട്രീയത്തിന് വലിയ ഭീഷണിയായി മാറും. അതുകൊണ്ട് അവര്‍ ആ സമിതിയെത്തന്നെ അപ്രസക്തമാക്കുകയാണ് ചെയ്തത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വന്ന കോടതിവിധിയെ സ്വാഗതം ചെയ്ത ആര്‍എസ്എസ്, പിന്നീട് അഭിപ്രായം മാറ്റുകയായിരുന്നല്ലോ. അതുപോലെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും. എന്‍എസ്എസ് നാമജപഘോഷയാത്രയുമായി ഇറങ്ങിയപ്പോഴാണ് ആര്‍എസ്എസും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും പ്രശ്‌നം ഏറ്റെടുത്ത് രംഗത്തുവരുന്നത്?

അതെ. അങ്ങനെയാണ് സംഭവിക്കുന്നത.് വിധി വന്ന് മൂന്നുദിവസത്തോളം ആര്‍എസ്എസ് മാത്രമല്ലാ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിശബ്ദരായിരുന്നു. ഏറെക്കുറെ സ്ത്രീകള്‍ കയറിക്കോട്ടെ എന്ന ഒരു നിലപാടായിരുന്നു എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നത്. പക്ഷേ നാമജപ ഘോഷയാത്ര വന്നതോടുകൂടിയാണ് അഭിപ്രായം മാറ്റുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ടത് ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന് പറഞ്ഞതുകൊണ്ടാണ് എന്നാണ് അവരുടെ വിലയിരുത്തല്‍. എന്റെ നിരീക്ഷണത്തില്‍ അത് തെറ്റാണ്. അല്ലെങ്കിലും അവര്‍ ജയിക്കില്ലായിരുന്നു എന്നുള്ള നിലപാടാണ് എനിക്കുള്ളത്. കാരണം ദേശീയരാഷ്ട്രീയത്തില്‍ യാതൊരു റോളും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തിട്ട് യാതൊരു കാര്യവുമില്ല എന്ന് വിവേകമുള്ള മലയാളികള്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അവിടെ ചെന്ന് വിപ്ലവം നടത്തില്ലെങ്കിലും അവര്‍ക്ക് ഒരു റോള്‍ ഉണ്ട്. എന്ന് മാത്രമല്ല, അപ്രാവശ്യത്തെ കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യം പരമാവധി കോണ്‍ഗ്രസ് എംപിമാര്‍ ഉണ്ടെങ്കിലേ നമുക്ക് നാഷണല്‍ വോയ്‌സ് ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു. അല്ലാതെ, ശബരിമലയുടെ കാര്യം പറഞ്ഞുകൊണ്ടല്ല ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ തോറ്റത.് അത് പത്രക്കാരും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കക്ഷികളുമൊക്കെ മെനഞ്ഞെടുത്ത ഒരു കഥയാണ്. യാഥാര്‍ത്ഥത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇനി അവര്‍ക്ക് ഉയര്‍ന്നു വരാന്‍ കഴിയില്ല. എം എ ബേബി അങ്ങോട്ട് പോയിട്ട് എന്തു സംഭവിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. അതിനി കൂടുതല്‍ വ്യക്തമാവുകയും ചെയ്യും.

 

ആഗോള അയ്യപ്പ സംഗമത്തിനു ശേഷം അമൃതാനന്ദമയി എന്ന സുധാമണിയെ എല്‍ഡിഎഫ് സര്‍ക്കാറിനുവേണ്ടി മന്ത്രി സജി ചെറിയാന്‍ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. എന്താണ് വാസ്തവത്തില്‍ കേരളരാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

അതിനൊരു കാരണമുണ്ട്. അതാണ് പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തിലേക്ക് നയിക്കുന്നത്. ഈ വിലയിരുത്തലിന്റെ തുടര്‍ച്ചയായാണ് അവര്‍ കേരളത്തെ നോക്കിക്കാണുന്നത്. കേരളത്തിലെ ഭക്തജനങ്ങള്‍ എന്ന് പറയുന്നത് ഒരു പൊളിറ്റിക്കല്‍ കാറ്റഗറിയായി പരിവര്‍ത്തനപ്പെട്ടിട്ടുണ്ട്. അത് അവര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. അത് ഉണ്ടാക്കിയെടുത്തത് ഹിന്ദുത്വ രാഷ്ട്രീയക്കാരാണ്. ഭക്തരെ ഒരു രാഷ്ട്രീയ ഗണമാക്കി മാറ്റുകയും തങ്ങളെ പീഡിപ്പിക്കുന്നു എന്നൊരു ഭീതി അവരില്‍ ഉണ്ടാക്കുകയും നമ്മുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റിനോടാണ് (ദൈവത്തോടല്ല) പറയേണ്ടത് എന്നും കരുതുന്ന ഒരു പുതിയ പൊളിറ്റിക്കല്‍ ഗണമായി ഇവര്‍ പരിവര്‍ത്തിപ്പിക്കപ്പെടുന്നു. അങ്ങനെ പൊളിറ്റിക്കല്‍ ഗണമായപ്പോള്‍ ഈ ഗണത്തെ എന്ത് ചെയ്യണം എന്നുള്ള ആലോചന വന്നിരുന്നു. ഇതിന് സമാന്തരമായി അവര്‍ നേരത്തെ ഉണ്ടാക്കിയിരുന്ന പാവപ്പെട്ടവര്‍, തൊഴിലാളികള്‍, തൊഴിലാളി വര്‍ഗം എന്നൊക്കെ പറയുന്ന ഗണങ്ങള്‍ ദുര്‍ബലപ്പെടുകയും ഭക്തജനങ്ങള്‍ എന്ന ഗണം ശക്തിപ്പെടുകയും ചെയ്തു. ഈ ഘട്ടത്തില്‍ പുതിയ ഗണത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചെയ്യേണ്ടുന്ന കാര്യം. അതിനുവേണ്ടി അവര്‍ സംഘടിപ്പിച്ചെടുത്തതാണ് ആഗോള അയ്യപ്പ സംഗമം. ആഗോള അയ്യപ്പ സംഗമം എന്നു പറയുക എന്നല്ലാതെ ലോകത്ത് എവിടെനിന്നും അയ്യപ്പന്‍മാര്‍ അങ്ങോട്ട് വരികയുണ്ടായില്ല.

1980ല്‍ ശബരിമലയ്ക്ക് പോയിട്ടുള്ള ഒരാളാണ് ഞാന്‍. കൂട്ടുകാരോടുകൂടി മാലയിട്ട് വീട്ടില്‍വന്നു. വീട്ടുകാര് വാഴവെട്ടി വിളക്കുണ്ടാക്കി പുറത്ത് വിളക്ക് തൂക്കുന്നു. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഞാന്‍ കുളിക്കണം. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് കുളിച്ച് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കുന്നു. അങ്ങനെയൊക്കെ ആയപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഞങ്ങളുടെ നാട്ടില്‍ പുലയജാതിയാണ് ഏറ്റവും കൂടുതലുള്ളത്. ഈഴവരും പുലയരും മാത്രമാണ് അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ നിന്ന് ശബരിമലയ്ക്ക് പോയിരുന്നത്. നായന്‍മാര്‍ പോലും പോവുമായിരുന്നില്ല. അവിടെയുള്ള രണ്ട് ബ്രാഹ്മണ കുടുംബങ്ങളിലുള്ളവര്‍ ഇതുവരെ പോയിട്ടേയില്ലെന്നുതന്നെ പറയാം. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പണിയെടുക്കുന്ന സാധാരണമനുഷ്യര്‍ പോകുന്ന ഒരു കാനനക്ഷേത്രം മാത്രമായിരുന്നു ഈ ശബരിമല. അത് ഇപ്പോള്‍ തന്ത്രികള്‍ പിടിച്ചെടുക്കുകയും അവിടെ പൂജയും മറ്റും നടത്തുകയും ചെയ്തു. ഇപ്പോള്‍ ഓണസദ്യവരെയായി. മുമ്പൊക്കെ അവിടെ വിരിവച്ച്, ചോറ് ഉണ്ടാക്കി, കൊണ്ടുവന്ന ചമന്തിപ്പൊടിയോ എന്തെങ്കിലുംകൂട്ടി ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു. കേരളത്തില്‍ സാമ്പത്തിക ഉയര്‍ച്ച താഴ്ചയോ ജാതി മത വ്യത്യാസമോ ഇല്ലാതെ എല്ലാവര്‍ക്കും പോവാന്‍ പറ്റുന്ന ഒരു ക്ഷേത്രമായിരുന്നു ശബരിമല. അത് മാത്രമല്ല, ഒരുപാട് പ്രത്യേകതകള്‍ ശബരിമലയ്ക്ക് ഉണ്ട്. ഹിന്ദു പുരാണങ്ങളില്‍ എങ്ങും പറയാത്ത ഒരു പേരാണ് അയ്യപ്പന്‍. ശരണം വിളി എന്ന് പറയുന്നത് ഹിന്ദു പുരാണങ്ങളില്ല. എരുമേലിയിലെ മുസ്‌ലിം പള്ളിയിലേക്ക് പ്രവേശിച്ചിട്ടാണ് പേട്ടതുള്ളാന്‍ പോകുന്നത്. അങ്ങനെ കേരളത്തില്‍ എവിടെയും ഇല്ല. അവിടെ ചെന്നാല്‍ പിന്നെ ആരായാലും സമത്വഭാവന ഉണ്ട.് എല്ലാവരും സ്വാമിമാരെന്ന സമഭാവനയുടെ അന്തരീക്ഷമുണ്ട്. ഇതൊന്നും ഹിന്ദു സാമൂഹ്യക്രമമായിട്ടോ ഹിന്ദു ജീവിത ബോധവുമായിട്ടോ ഒരു ബന്ധവുമുള്ളതല്ല. വാവരെ അവിടന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുറെനാള്‍ കഴിയുമ്പോള്‍ വാവര്‍ കൊള്ളക്കാരനാണെന്ന് വിശ്വസിപ്പിക്കും. അതാണ് അവരുടെ രീതി.

ശബരിമല അയ്യപ്പന്‍മാരുടെ സംഗമം നടത്തുന്നത് 2018ലെ കോടതിവിധിയെ തുടര്‍ന്ന,് അടിസ്ഥാനപരമായി അവര്‍ നടത്തിയ വിശകലനങ്ങളില്‍ എത്തിച്ചേരുന്ന നിഗമനത്തില്‍ നിന്നാണ്. അത് ഫലത്തില്‍ നവോത്ഥാന മൂല്യങ്ങളെ കുഴിച്ചുമൂടുന്നു. ആ മൂല്യങ്ങളെ മാത്രമല്ല, ആദ്യകാല തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കിയ സമഭാവനയുടെ മൂല്യത്തെയും കൈയൊഴിയുകയും ഈ ഭക്തജനങ്ങളെ ഒരു രാഷ്ട്രീയ ഗണമായി കേരളം അംഗീകരിക്കുകയും ചെയ്യുന്നു. ഇതാണ് അവിടെ ഉണ്ടായ ഒരു ദുരന്തം. അതുകൊണ്ടാണ് ഒരു മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ സന്ദേശം മനോഹരമാണെന്ന് തോന്നുന്നത്. ഭക്തജനങ്ങളെ യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിയിട്ടായാലും പിടിക്കുക എന്നുള്ളതാണ് വഴി. അത് മോദി ആയാലും യോഗി ആയാലും അവരെ പിടിക്കുക എന്നതാണ്. അതുകൊണ്ടാണ് മന്ത്രി ആ വിടുവായത്തം പറയുന്നത്. അവരിപ്പോഴും നവോത്ഥാന മൂല്യങ്ങളുടെ വക്താക്കളും വേണമെങ്കില്‍ വിപ്ലവം നടത്താവുന്നവരുമാണ് എന്നുള്ള സങ്കല്‍പ്പത്തിലാണ് തെറ്റ്.

അവര്‍ അങ്ങനെ വിശ്വസിക്കുന്നു എന്നുള്ളത് അത്ഭുതകരമായിട്ടുള്ള കാര്യമായിട്ട് കാണേണ്ട. അവരത് വിശ്വസിക്കും. കാരണം വോട്ട് ബാങ്ക് ചോര്‍ന്ന് പോകാതിരിക്കാനാണ് അത് ചെയ്യുന്നത് എന്ന വിലയിരുത്തലില്‍ ഒരു പ്രശ്‌നമുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. കേരളത്തില്‍ സാമൂഹ്യശാസ്ത്രപരമായ ഒരു പരിവര്‍ത്തനം നടന്നുകഴിഞ്ഞു. അതിനെ ഉള്‍ക്കൊള്ളാനാവുമോ എന്നാണ് അവര്‍ ആലോചിക്കുന്നത്. അത് ചെയ്യുന്നതോടുകൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉള്ളടക്കവും വീക്ഷണവും മാറും. ഇടപാടുകള്‍ക്കും വലിയ മാറ്റം ഉണ്ടാവും. കാരണം ഇതൊരു ഗണമായി പാര്‍ട്ടിയില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ മുഴുവന്‍ അമ്പലങ്ങളും ഭരിക്കുക എന്നുള്ള ഒരു മെക്കാനിസത്തിലേക്ക് പാര്‍ട്ടിക്ക് മാറേണ്ടി വരും. ഭക്തജനങ്ങളെ ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് അമ്പലങ്ങള്‍ ഉണ്ടാക്കുക, ഭരണസമിതിയുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യേണ്ട ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകാരുടെതായി മാറും. അതിനുള്ള ന്യായം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ട് സംഘപരിവാരത്തിന് പോവും എന്നതാണ്. ഞാന്‍ പറയുന്നത് അതൊരു തെറ്റായിട്ടുള്ള കാര്യമാണ് എന്നാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് വലിയ ശതമാനം വോട്ട് കിട്ടുന്നത് എവിടെ നിന്നാണ് എന്നുള്ളത് വളരെ വ്യക്തമാണ്. കേരളത്തില്‍ മുസ്‌ലിംകളുടെ വലിയ ശതമാനം വോട്ട് കൊണ്ടുപോവുന്നത് മുസ്‌ലിംലീഗാണ്. യുഡിഎഫ് അല്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെ വോട്ട് കൊണ്ട്‌പോവുത് കേരള കോണ്‍ഗ്രസ് ആണ്. അവര്‍ എല്‍ഡിഎഫില്‍ ആയാലും യുഡിഎഫിലായാലും. ഈ രണ്ട് പ്രബല കമ്മ്യൂണിറ്റികള്‍ക്കും വോട്ടിന് ഉടമസ്ഥത ഉണ്ടായിരിക്കെ ബാക്കിയുള്ള പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ ജാതികളുടെ വോട്ടിലാണ് പിടിമുറക്കുന്നത്. അതില്‍ ഏറ്റവും പ്രബല സമദായം എന്‍എസ്എസാണ്. അവരാണ് ഏറ്റവും സാമൂഹിക അംഗീകാരമുള്ള സമുദായം. ഒരു ഘട്ടത്തില്‍ എല്‍ഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന അവരുടെ വോട്ട് പിന്നെ യുഡിഎഫിന് കിട്ടി. ഇപ്പോഴത് ബിജെപിയിലേക്കാണ് പോകുന്നത്. പിന്നാക്കക്കാര്‍ ബഹുഭൂരിപക്ഷവും അന്നും ഇന്നും എല്‍ഡിഎഫിനാണ് വോട്ട്‌ചെയ്യുന്നത്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് ഉണ്ടായിട്ടും ഏതാണ്ട് 100 സീറ്റ് പിടിച്ചാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. വെള്ളാപ്പള്ളി അന്നു പറഞ്ഞത് ഇടതുപക്ഷത്തെ വീട്ടില്‍ ഇരുത്തും എന്നാണ്. ഈഴവരുടെ വോട്ട് പിടിച്ചാല്‍ എല്‍ഡിഎഫ് തീരും എന്നതായിരുന്നു കണക്കുകൂട്ടല്‍. ഈഴവരുടെ വോട്ട് പിടിച്ചു, പക്ഷേ, അത് ഈഴവരിലെ കോണ്‍ഗ്രസ്സുകാരുടെ വോട്ടായിരുന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ടു. എല്‍ഡിഎഫ് ജയിച്ചു. കേരളത്തിലെ ദലിത് കമ്മ്യൂണിറ്റിയുടെ 68 ശതമാനം വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് പോയത്. ബഹുഭൂരിപക്ഷം പിന്നാക്കക്കാര്‍, ദലിതര്‍, സാധാരണ മനുഷ്യര്‍, തൊഴിലാളികള്‍ ഇവരാണ് അവരുടെ വോട്ടിന്റെ അടിത്തറ. പക്ഷേ, അവരോടല്ല എല്‍ഡിഎഫിന് വിധേയത്വമുള്ളത്. സവര്‍ണവിഭാഗത്തോടാണ്. അവരുടെ വോട്ട് പിടിക്കാമോ എന്നാണ് ആലോചിക്കുന്നത്. അതിനായി ഈ സവര്‍ണവിഭാഗത്തിന് അവസരങ്ങള്‍ കൊടുത്തും അവരുമായി ധാരണകളുണ്ടാക്കിയുമാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ മന്ത്രിസഭയില്‍ 50 ശതമാനത്തിലധികം നായന്‍മാരാണ്. മന്ത്രിസഭയിലെ 21 പേരില്‍ 11 പേരും നായരാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഈ വീക്ഷണം കൊണ്ടാണ്, ഈഴവര്‍ക്കോ, ദലിതര്‍ക്കോ, ആദിവാസികള്‍ക്കോ മല്‍സ്യത്തൊഴിലാളികള്‍ക്കോ പ്രാതിനിധ്യം കൊടുക്കേണ്ടതില്ലെന്നും, മറിച്ച് ഇവരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തിയാല്‍ നമ്മുടെ വിജയം ഉറപ്പായി എന്നുമുള്ള ഒരു സങ്കല്‍പ്പത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇത് എല്‍ഡിഎഫ് തിരിച്ചറിയാത്തതാണോ അതോ ഹിന്ദുത്വയോടുള്ളവിധേയത്വത്തിന്റെ ഭാഗമാണോ?

പൊളിറ്റിക്കല്‍ ഡിസിഷന്‍ എപ്പോഴും ബോധപൂര്‍വ്വമായിട്ടാണ് എടുക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ അത് മനസ്സിലാക്കിയാണ് പരിശ്രമങ്ങള്‍ ആരംഭിച്ചത്. അതിനെ കടത്തിവെട്ടുന്ന തരത്തിലുള്ള ഒരു നീക്കമാണ് ആഗോള അയ്യപ്പസംഗമത്തിലൂടെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും കൂടെനിര്‍ത്തിക്കൊണ്ട് എല്‍ഡിഎഫ് നടപ്പാക്കിയത്. ഇപ്രാവശ്യം ഞങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് എന്‍എസ്എസ് പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസ് ശരിയല്ല, ബിജെപിയും ശരിയല്ല എന്നാണ് പ്രഖ്യാപിച്ചത.് കോണ്‍ഗ്രസ്സും ബിജെപിയും ശരിയല്ല, സിപിഎമ്മാണ് ശരി എന്നാണ് പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറിലാണ് വന്നിറങ്ങുന്നത്. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും പിന്തുണ ഞങ്ങള്‍ നേടിയിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നു. ഇവരുടെ കൂടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി ഉണ്ടെങ്കില്‍ കേരളം ഭരിക്കാം എന്നാണ് വിചാരിക്കുന്നത്. ഒരു പക്ഷേ, ഇത് താല്‍ക്കാലികമായി ഇടതുപക്ഷത്തിന് ഗുണം ചെയ്താലും ആത്യന്തികമായി കേരളം പരാജയപ്പെടുന്ന ഒരു പ്രാക്ടീസ് ആണ് രൂപപ്പെട്ട് വരുന്നത് എന്നാണ് ഞാന്‍ പറയുന്നത്.

വരാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍നിന്നുള്ളവരാണോ കോണ്‍ഗ്രസ്സിലുള്ളവരാണോ ബിജെപിയിലേക്ക് പോവുക? ബിജെപിയും സിപിഎമ്മും ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ട് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാനുള്ള ഒരു അജണ്ട നടപ്പാക്കും എന്ന്കരുതുന്നുണ്ടോ?

കോണ്‍ഗ്രസ്സിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ക്ക് ചോര്‍ച്ച ഉണ്ടാവും. പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ക്ക്. സിപിഎമ്മിന്റെ വോട്ടും ഇപ്രാവശ്യം ചോരും. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി ആര്‍ക്കും തോന്നുന്നില്ല. സിപിഎമ്മില്‍ നിന്ന് രാജിവച്ച് ബിജെപിയിലേക്കും ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മിലേക്കും പോവുന്ന കാഴ്ച സ്വാഭാവികമായിരിക്കുന്നു. കോണ്‍ഗ്രസ്സിനാണ് വലിയ നഷ്ടം വരാനുള്ള സാധ്യത. സിപിഎമ്മിന് നഷ്ടം വരില്ല എന്നല്ല പറയുന്നത്, അനുഭാവികളായിരിക്കും അങ്ങനെ പോവുക. എന്തായാലും ഇത്രകാലം നിലനിന്ന ഒരു രാഷ്ട്രീയത്തിന് വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നു എന്നത് വ്യക്തമാണ്.

ഇന്ത്യയുടെ ഇതര സ്‌റ്റേറ്റുകളില്‍ വലിയ രാഷ്ട്രീയമുന്നേറ്റം ദലിത് രാഷ്ട്രീയത്തിലായാലും മതന്യൂനപക്ഷ രാഷ്ട്രീയത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കേരളത്തെ അതെങ്ങനെ സ്വാധീനിക്കും?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുപിയില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരാരും പറഞ്ഞിരുന്നില്ല. ഒരു നേതാവും സ്വപ്‌നം കണ്ടിരുന്നുമില്ല. പക്ഷേ, നമ്മുടെ വിലയിരുത്തലുകള്‍ പലപ്പോഴും അബദ്ധമാണ് എന്നാണത് തെളിയിക്കുന്നത്. ബിജെപിക്ക് കേവലം ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്താന്‍ സാധ്യതയുണ്ട് എന്നുള്ള വലിയ പ്രചാരണം നടന്നു. അവിടത്തെ ദലിത് വിഭാഗം ബഹുജന്‍ സമാജ് പാര്‍ട്ടിയെ കൈയൊഴിഞ്ഞ് സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തു. അതിന് തെളിവുണ്ട്. ചന്ദ്രശേഖര്‍ ആസാദ് തനിച്ചുനിന്ന് ഒരു മണ്ഡലത്തില്‍ ജയിച്ചു. ആ മണ്ഡലത്തില്‍ ബിഎസ്പിക്ക് 13,000 വോട്ടുമാത്രമാണ് ലഭിച്ചത്. അതിനുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലധികം വോട്ടാണ് ബിഎസ്പിക്ക് ഉണ്ടായിരുന്നത്. അപ്പോള്‍ ആ ബിഎസ്പി വോട്ടൊക്കെ ചന്ദ്രശേഖര്‍ ആസാദിന് പോയിരിക്കുന്നു. അടിത്തട്ടില്‍ നടക്കുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധയിലേക്ക് വരാറില്ല. അടിത്തട്ടിലുള്ളവര്‍ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരാണെന്ന തോന്നലില്ലാത്തതുകൊണ്ടാണ് താഴേത്തട്ടില്‍ എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കാത്തത്. ഈ അനുഭവത്തെ മുന്‍നിര്‍ത്തി വേണം നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള പുതിയ പ്രഖ്യാപനങ്ങളും സോഷ്യല്‍ മൂവ്‌മെന്റ് എന്ന നിലയ്ക്കുള്ള പുതിയ ഉണര്‍വും അതുണ്ടാക്കിയിരിക്കുന്ന പോസിറ്റീവ് റെസ്‌പോണ്‍സും എല്ലാം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ്സില്‍ ഒരുതരത്തിലുള്ള വിശ്വാസം സാധാരണജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് അതിനോട് പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. എന്നല്ല ഒരുതരത്തിലും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. അതിന്റെ കാരണം കേരളത്തിലെ കോണ്‍ഗ്രസ് ഈ പ്രബലമായ സാമുദായിക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് എന്‍എസ്എസിന്റെ താല്‍പ്പപര്യത്തിനൊപ്പം നില്‍ക്കുന്നവരാണ്. എന്‍എസ്എസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ ഒന്നും കേരളത്തിലെ കോണ്‍ഗ്രസ് ഏറ്റെടുക്കില്ല. അവര്‍ രാഹുല്‍ ഗാന്ധി അവിടെ പലതും പറയുമായിരിക്കും, പക്ഷേ, ഞങ്ങള്‍ക്ക് അതൊന്നും ബാധകമല്ല എന്ന നിലപാടിലാണ്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധിക്കൊപ്പം കേരളത്തില്‍ പുതിയ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള രാഷ്ട്രീയം പറയുകയും പ്രചരിപ്പിക്കുകയും അവര്‍ക്ക് കൂടി അധികാരപങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്താല്‍, നിലവിലെ അവസ്ഥ മാറ്റാന്‍ സാധിക്കും. പക്ഷേ, അതിന് എല്‍ഡിഎഫും തയ്യാറല്ല, യുഡിഎഫും തയ്യാറല്ല എന്നുള്ളതാണ് മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധി. കേരളത്തിലെ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഗ്രസിന്റെ വൈബ്രസിയിലേക്ക് വരുമെന്ന് വെറുതെ വിചാരിക്കാനൊന്നും കഴിയില്ല. അവര്‍ അങ്ങനെ വന്നാല്‍ അവര്‍ക്ക് ഒരു ഭാവിയുണ്ട,് അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പോടുകൂടി അവര്‍ ഇല്ലാതാവും.

ബിജെപി കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ വലിയ നേട്ടം ഉണ്ടാക്കും എന്ന ധാരണയാണ് ഉള്ളതെങ്കിലും അവര്‍ വിചാരിക്കുന്ന അത്രയും, 15-20 സീറ്റുകള്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും സാധ്യമല്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ലോക്‌സഭ വച്ച് നോക്കിയിട്ട് കാര്യമില്ല. പക്ഷേ, അവര്‍ക്ക് മെമ്പര്‍മാരുണ്ടാവാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് രഹിത കേരളം ഉണ്ടാക്കുക എന്നുള്ളതാണ് അവരുടെ അജണ്ട.

സാമൂഹികമായി വേഗത്തിലുള്ള തിരിച്ചുപോക്കിലാണ് കേരളം?

സാമൂഹികമായി നാം നവോത്ഥാനത്തിന് മുമ്പുള്ള കേരളത്തിലേക്കാണ് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മൂല്യങ്ങള്‍ പലതും നമ്മള്‍ ഇപ്പോള്‍ത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പാലക്കാട്ട് വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാലു കഴുകിക്കുന്നു. അത് എവിടെനിന്നാണ് വരുന്നത്? ഗുരുപൂജയാണ്. അത് റിച്വലാണ്. അതുകൊണ്ടാണ് കുട്ടികള്‍ കാലുകള്‍ കഴുകുന്നത്. അതുകൊണ്ടാണ് ടീച്ചര്‍ കാലുനീട്ടി ഇരുന്നുകൊടുക്കുന്നത്. അതൊരു ദൈവിക പ്രവൃത്തിയാണ് എന്നാണ് അവര്‍ കരുതുന്നത്. ഈ ഒക്ടോബര്‍ രണ്ടാം തിയ്യതി എഴുത്തിനിരുത്തുന്നത് കാണാം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തുന്നത.് മനോരമ, മാതൃഭൂമി തുടങ്ങിയവയാണ്. എഴുത്തിന് ഇരുത്താന്‍ ചെല്ലുന്നവര്‍ കേരളത്തില്‍ പ്രമാണിമാരായിട്ടുള്ള സംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമാണ്. അപ്പോള്‍ നമ്മള്‍ എത്തിപ്പെട്ടിരിക്കുന്ന ഒരു കെണി, ഏറ്റവും വലിയ പണ്ഡിതനും അഹം ബ്രഹ്മാസ്മി എന്ന് പറയും, ഏറ്റവുംവലിയ പാമരനും പറയും. എന്തുകൊണ്ടാണ് രണ്ടുപേരും ഇത് പറയുന്നത് എന്നാണ് മനസ്സിലാവാത്തത്. ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന് സുകുമാര്‍ അഴീക്കോട് പറയുമായിരുന്നു, മഹാപണ്ഡിതന്‍ ആയിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. അമ്പലത്തില്‍ പ്രസംഗിക്കാന്‍ വരുന്ന ആളും ഇത് പറയും. അമ്പലത്തിലെ പൂജാരിയും പറയും. ഇവരൊക്കെ പലയിടങ്ങളിലെ മനുഷ്യരാണ്. പക്ഷേ, ഇവരെല്ലാം ഇത് പറഞ്ഞു കൊണ്ടിരിക്കും. എന്തുകൊണ്ടാണ് ഇവരെല്ലാം ഇത് പറയുന്നത് എന്ന കാര്യം നമുക്ക് മനസ്സിലാകുന്നില്ല. അപ്പോള്‍ ആ നിലയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍, അധികാരപങ്കാളിത്തത്തില്‍ ഒരു അഴിച്ചുപണി, സാധ്യമാക്കാന്‍ രാഷ്ട്രീയഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇല്ല എന്നുള്ളതാണ് നാമെത്തിയിരിക്കുന്ന വിഷമാവസ്ഥ. അത് സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ഇനി ബിജെപി ആയാലും ഒരുപോലെയാണ്. ബിജെപി ഒരു നായര്‍ പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന ഗുരുതരമായൊരു വിമര്‍ശനമുണ്ട്. സിപിഐ നായര്‍ പാര്‍ട്ടി ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞ് സമ്മേളനത്തില്‍ നിന്ന് കുറെ പേര്‍ ഇറങ്ങിപ്പോയത് നാം കണ്ടു. ഇതൊക്കെ വെറുതെ സംഭവിക്കുന്നതല്ല. സവര്‍ണവല്‍ക്കരണം എന്ന് മുമ്പൊക്കെ ഞങ്ങള്‍ പറയുമ്പോള്‍ അതു വെറുതെ പറയുന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. ബ്രാഹ്മണ്യത്തെ അംഗീകരിക്കില്ല എന്ന പ്രഖ്യാപിത നിലപാടാണ് ഞങ്ങളുടേത്. അവര്‍ ബ്രാഹ്മണത്വം അഴിച്ചുവച്ച് വരണം എന്നാണ് പറയാനുള്ളത്. എല്ലാവരും ബ്രാഹ്മണരാവുള്ള ശ്രമം നടത്തുകയാണ്. എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ട, ഞാന്‍ ഒരു ബ്രാഹ്മണനായാല്‍ മതി. ആ വാക്കാണ് ഏറ്റവും വലിയ ചതി. മുഖ്യമന്ത്രിയുടെ കാറില്‍ കയറി പോകുന്ന വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നത് എനിക്കെന്തെങ്കിലും അയിത്തമുണ്ടോ എന്നാണ്. ഏത് ലോകത്താണ് അയാള്‍ ജീവിക്കുന്നത്? അയാള്‍ക്ക് അയിത്തമുണ്ട്. അതുകൊണ്ടാണ് ഇത്രയൊക്കെ പണമുണ്ടാക്കിയിട്ടും എന്‍എസ്എസിന്റെ കോലായില്‍ കയറി നില്‍ക്കാന്‍ 1995 മുതല്‍ ശ്രമിച്ചിട്ടും ഇതുവരെ അവിടെ കയറ്റിയിട്ടില്ല. അവന്‍ എന്തൊക്കെ ഉണ്ടാക്കിയാലും അവന്‍ എന്നെക്കാള്‍ കുറഞ്ഞവനാണെന്ന ബോധ്യം എന്‍എസ്എസിന് ഉണ്ട്.

No Comments yet!

Your Email address will not be published.