ആരാണ് ജമാല്‍ കൊച്ചങ്ങാടി? എന്നൊരു ചോദ്യംവന്നാല്‍ ഒരുത്തരം മാത്രമല്ല. ഒരുപാട് ഉത്തരങ്ങളുണ്ട്. ഒന്നാമതായി പത്രക്കാരനാണ്. അരനൂറ്റാണ്ടിലേറെയായി അതാണ് മേല്‍വിലാസം. അതുകൊണ്ട് എളുപ്പത്തില്‍ പറയാം പത്രക്കാരനാണ്. ഏതുവിഭാഗം പത്രക്കാരനെന്ന് എടുത്തു ചോദിച്ചാല്‍ രണ്ടാമതൊന്നാലാചിക്കാതെ പറയാനാകും, സാഹിത്യ പത്രപ്രവര്‍ത്തകന്‍ എന്ന്. ലിറ്റററി ജേര്‍ണലിസ്റ്റ്. മാധ്യമം പത്രത്തിന്റെ തുടക്കംമുതല്‍ പതിനഞ്ചു കൊല്ലത്തിലേറെ അദ്ദേഹം എഡിറ്റുചെയ്ത് ഇറക്കിയ വാര്‍ഷികപ്പതിപ്പുകളാണ് തെളിവ്. തുടര്‍ച്ചയെന്നോണം തേജസ് പത്രത്തിന്റെ വാര്‍ഷികപ്പതിപ്പുകളും. പക്ഷേ, അതുവച്ച് ലിറ്റററി ജേര്‍ണലിസ്റ്റ് എന്ന കള്ളിയില്‍ ഒതുക്കാനും വിഷമമാണ്. വെറും സാഹിത്യസൃഷ്ടികളോ നിരൂപണലേഖനങ്ങളോ സാഹിത്യാവലോകനങ്ങളോ ആയിരുന്നില്ലല്ലോ. സാംസ്‌കാരികമായൊരു പന്തലായിരുന്നു ജമാല്‍ കൊച്ചങ്ങാടി ഒരുക്കിയിറക്കിയ ഓരോ വാര്‍ഷികപ്പതിപ്പുകളും. അവയ്ക്കായി കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പ്രതിഭകളില്‍ നിന്ന് എഴുതിവാങ്ങിയ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ കിട്ടിയ ‘കേരളസംസ്‌കാരത്തിലെ ആദാനപ്രദാനങ്ങള്‍’ എന്ന പുസ്തകം എടുത്തുനോക്കൂ ഒന്നാംതരം സാംസ്‌കാരിക പത്രപ്രവര്‍ത്തകനെ കാണാം. അപ്പോള്‍ സംഗീതമോ? മഹാഗായകരായ മുഹമ്മദ് റഫിയുടേയും ലതാമങ്കേഷ്‌ക്കറുടേയും ജീവചരിത്രങ്ങള്‍ ജമാല്‍ മലയാളത്തില്‍ വരച്ചിട്ടത് വായിച്ചുകഴിഞ്ഞാല്‍ അത് ജീവചരിത്രമാണോ സംഗീതഗ്രന്ഥമാണോ എന്ന് വേര്‍തിരിക്കാന്‍ കുഴങ്ങിപ്പോകും. പാട്ടിനേയും പാട്ടുകാരനേയും വേര്‍തിരിക്കാതെ പാടിപ്പോവുകയാണത്. പാട്ടുകള്‍തന്നെ എഴുതിയിട്ടുള്ള ഈ എഴുത്തുകാരനെ പാട്ടെഴുത്തുകാരനായി ആരും എണ്ണുന്നില്ല. എന്നാല്‍, എണ്ണംപറഞ്ഞ ജീവചരിത്രകാരന്‍മാരില്‍ ഒരാളായി എണ്ണാതിരിക്കാന്‍ പറ്റില്ല. ഒരുപാടൊന്നും വേണ്ട ഒരൊറ്റ രചനമതി തെളവിന്. ഐക്യകേരളത്തിന്റെ ആദ്യകാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തേയും തിരുവിതാംകൂര്‍ രാഷ്ട്രീയത്തേയും തിളപ്പിച്ചു നിര്‍ത്തിയ പി കെ കുഞ്ഞുസാഹിന്റെ ജീവചരിത്രം.. ലക്ഷണമൊത്ത ജീവചരിത്രമാണത് എന്ന് നിസ്സംശയം പറയാനാകും അതിന്റെ ആദ്യ എഡിഷനെ ഓര്‍ക്കുമ്പോള്‍. അടുത്തകാലത്തെ പുതിയ പ്രസാധകര്‍ എഡിറ്റ് ചെയ്ത് വൃത്തിയാക്കിയപ്പോള്‍ അല്‍പ്പം മെലിഞ്ഞിട്ടുണ്ട്. കാലം ജീവിതത്തില്‍ മാത്രമല്ല എഴുതിക്കഴിഞ്ഞ ജീവചരിത്രത്തിലും മാറ്റം വരുത്തും. നമുക്കൊന്നും ചെയ്യാനില്ല. അതുവിടാം. ചരിത്രവും ജമാല്‍ കൊച്ചങ്ങാടിയും തമ്മിലുള്ള ബന്ധം ജീവചരിത്രങ്ങള്‍ മാത്രമല്ല. കേരളത്തിലെ ഒന്നാംകിട ചരിത്രകാരന്റെ ശിക്ഷണത്തിലാണ് ജമാല്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവച്ചത്. പി എ സെയ്തുമുഹമ്മദിന്റെ ശിക്ഷണത്തില്‍. അതാണ് അദ്ദേഹത്തിന്റെ ചരിത്രബോധത്തിന് ഇത്രയും ആഴം.
പത്രക്കാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ചരിത്രഗവേഷകന്‍, ജീവചരിത്രകാരന്‍ തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തൊരുമിച്ച് വരുന്നത് കഴിഞ്ഞ ജൂണ്‍മാസത്തില്‍ പുറത്തുവന്ന പുസ്തകത്തിലാണ്, ‘സിനഗോഗ് ലെയ്ന്‍’ എന്ന പുസ്തകത്തില്‍. പലവിധത്തില്‍ വായിക്കാവുന്ന പുസ്തകമാണത്. 231 പേജുകളേ ഉള്ളുവെങ്കിലും അതിലിരട്ടി എഴുതാവുന്ന വിവരങ്ങള്‍ സൂചനകളിലൂടെ തരുന്നുണ്ടതില്‍. അത് ജമാല്‍ കൊച്ചങ്ങാടിയിലെ ചരിത്രകാരനും പത്രക്കാരനും തമ്മിലുള്ള മത്സരമാണ്. ചരിത്രകാരന് പശ്ചാത്തലമടക്കം വിവരിച്ചില്ലെങ്കില്‍ തൃപ്തിയാകില്ല. എന്നാല്‍, പത്രക്കാരന് തീരുമനിച്ചുറപ്പിച്ച പേജുകളും സമയവും പ്രധാനമാണ്. അതിനുള്ളില്‍ നില്‍ക്കാന്‍ എന്തുവിട്ടുവീഴ്ചയും ചെയ്യും. അങ്ങനെ ചെയ്തപ്പോള്‍ വിശദാംശങ്ങള്‍ കുറഞ്ഞ് സൂചനകളിലൂടെ കഥപറഞ്ഞ് പോയെങ്കിലും വായനാസുഖത്തിന് ഒരു കുറവുമില്ല. അതെഴുതിയ ഭാഷ അത്രയും ഗംഭീരമാണ്. പത്രക്കാരനല്ല, ജമാല്‍ കൊച്ചങ്ങാടി സാഹിത്യകാരനാണ് എന്ന് മാറ്റിപ്പറയേണ്ടിവരും, പുസ്തകം വായിച്ചുകഴിഞ്ഞാല്‍.

സാഹിത്യത്തിലൂടെ ചരിത്രത്തിലേക്ക് വരച്ച ഒരു ലെയ്‌നാണ് സിനഗോഗ് ലെയ്ന്‍. മട്ടാഞ്ചേരിയുടെ, കൊച്ചിയുടെ, കേരളത്തിന്റെ ചരിത്രത്തിലേക്ക്. ജൂതന്‍മാരുടെ, ക്രിസ്ത്യാനികളുടെ, മുസ്‌ലിംകളുടെ മനസ്സിലേക്ക്. അവര്‍ തമ്മിലുള്ള ആദാനപ്രദാനങ്ങളാണീ പുസ്തകം. എങ്ങനേയും രൂപംമാറുന്ന ഘടനയാണ് ഈ രചനയുടെ പ്രത്യേകത. നോവല്‍ തുടങ്ങുമ്പോള്‍ ഡാനിയല്‍ കോഹന്‍ ജൂതത്തെരുവിലേക്ക് നോക്കിക്കൊണ്ട് വീട്ടിന്റെ മുറ്റത്ത് ഈസിചെയറില്‍ ഇരിക്കുകയാണ്. തെരുവിലെ ഓരോചലനങ്ങളെയും നിരീക്ഷിച്ചുകൊണ്ട്. പതിറ്റാണ്ടുകളായി ജൂതത്തെരുവിനെ നിരീക്ഷിച്ചുകൊണ്ട് നോവലിസ്റ്റും അതേ ഇരിപ്പ് ഇരിക്കുകയായിരുന്നുവെന്ന് നോവല്‍ വായിച്ചുകഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും.
1980ലാണ് പറഞ്ഞുതുടങ്ങുന്നത്. കാലം: 1980 എന്ന് ഖണ്ഡിതമായി പറഞ്ഞുകൊണ്ട്. അങ്ങനെ ഇരിക്കുമ്പോള്‍ ഡാനിയല്‍ കോഹന്‍ തെരുവിന്റെ അങ്ങേയറ്റത്ത് ഒരു പയ്യനെ കാണുന്നു. രാവിലെ എട്ടുമണിക്കാണ് ആദ്യംകണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും അവന്‍ അവിടെയുണ്ട്. സിഗരറ്റുവാങ്ങാനെന്ന മട്ടില്‍ ഇറങ്ങി കോഹന്‍ പയ്യനെ വിരട്ടിനോക്കുന്നു. ഫലിക്കുന്നില്ല. അവന്‍ ടൂറിസ്റ്റ് കാര്‍ഡുകള്‍ വില്‍ക്കാന്‍ വന്നുനില്‍ക്കുകയാണ്. സിഗരറ്റുവാങ്ങാനുള്ള കാശ് അവന്റെ കൈയില്‍ കൊടുത്തയക്കുന്നു. അതൊരു പരീക്ഷണമായിരുന്നു. അതിലവന്‍ ജയിച്ചു. സിഗരറ്റുകൂടിനൊപ്പം ബാക്കി കാശ് കൃത്യമായി തിരിച്ചെത്തിക്കുന്നു. അവനാണ് അമീര്‍ബാവ. ഒരുകണക്കിന് നോവലിലെ നായകന്‍. പലകണക്കുകള്‍ ഉണ്ട് ഈ എഴുത്തുപണിക്ക്. പല അടരുകളുണ്ടീ നോവലിന്. അപ്പോള്‍ പലനായകരും കാണുമല്ലോ. അവനെ, അമീര്‍ ബാവയെ, ഡാനിയല്‍ കോഹന്‍ വീട്ടിലേക്ക് കയറ്റുന്നു. ഡാനിയലിന്റെ വീട്ടുകാരി റൂബി ഉടക്കുന്നു. പതിയെപ്പതിയെ റൂബിയാന്റി അവന് ഉമ്മയോ ഉമ്മൂമ്മയോ ആയി. അപ്പോഴേക്ക് കഥാപാത്രങ്ങള്‍ കൂടിവരികയാണ്. അങ്ങനെ കഥ വീട്ടില്‍ നിന്ന് തെരുവിലേക്കിറങ്ങുന്നു. ഡാനിയല്‍ കോഹന്റെ വീട്ടില്‍ നിന്ന് ജൂതത്തെരുവിലേക്ക്.
അമീര്‍ ബാവയും റൂബി കോഹനും അടുത്തടുത്തു വരുമ്പോള്‍, അവര്‍ ബാവയും ആന്റിയുമാകുമ്പോള്‍ നോവലാണിത്. നോവല്‍ മാത്രം. അമീര്‍ ബാവ എന്നാല്‍ നമ്മള്‍ പത്രങ്ങളില്‍ വായിച്ചിട്ടുള്ള ത്വാഹ ഇബ്രാഹിമും റൂബിയാന്റി എന്നാല്‍ ജൂതത്തെരുവിന്റെ പൈതൃകത്തിന് കാവലിരിക്കുന്ന സാറ കോഹനുമാണല്ലോ എന്ന ജനറല്‍നോളജ് മിന്നിമറയുമ്പോള്‍ ജീവിതരേഖയാകുന്നു. 1980ലെപ്പഴോ എഴുതപ്പെട്ടതും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഫീച്ചറാകുന്നു. ജമാല്‍ കൊച്ചങ്ങാടിക്ക് മാത്രം കഴിയുന്ന, മറ്റാര്‍ക്കും അനുകരിക്കാനാകാത്ത ഭാഷയിലെഴുതിയ ലൈഫ്‌സ്‌കെച്ച്. ജീവിതരേഖ. കലര്‍പ്പില്ലാത്തത്. കുറേ അപ്പുറമെത്തുമ്പോള്‍ യുവ അഭിഭാഷകരായ എ ബി ശാലോമും കെ എം സീതിയും തീവണ്ടിയില്‍ കയറി കുറേ അപ്പുറമെത്തുമ്പോള്‍, അവര്‍ ലാഹോറിലെത്തുമ്പോള്‍, എഐസിസി സമ്മേളന നഗരിയിലെത്തുമ്പോള്‍, പനിച്ചും ഛര്‍ദ്ദിച്ചും തളര്‍ന്നുകിടക്കുന്ന ശാലോമിനെ സീതി പരിചരിക്കുന്നതുകാണുമ്പോള്‍ ഇത് ചരിത്രമാകുന്നു. കൊച്ചിയുടെ രാഷ്ട്രീയ ചരിത്രമാകുന്നു. ആ ശാലോമാണ് ജൂതഗാന്ധിയായി വളര്‍ന്നതെന്നും ഒടുവില്‍ പട്ടുപോയതെന്നും ആ സീതിയാണ് 1960ല്‍ കേരള നിയമസഭാസ്പീക്കറായതെന്നും അറിയുമ്പോള്‍ നമ്മള്‍ ചരിത്രത്തില്‍ നിന്നും കഥയില്‍ നിന്നും പുറത്തുവരുന്നു. ആരുടെ ജീവിതവും കുറച്ചൊക്കെ ദാര്‍ശനികമാണെന്ന് ശലോമിന്റെ അന്ത്യകാലം നമ്മെ പഠിപ്പിക്കുന്നു. ലോകത്തുള്ള ജൂതന്‍മാരെയെല്ലാം ഫലസതീനിലെത്തിക്കാനുള്ള യജ്ഞത്തിന്നൊടുവില്‍ ജൂതരാഷ്ട്രം നിലവില്‍ വന്നപ്പോള്‍, കൊച്ചിയിലെ ജൂതന്‍മാര്‍ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളികള്‍ ആക്രമിക്കുമെന്ന് കേട്ടുകേള്‍വി പരന്നപ്പോള്‍, എ ബി ശാലോം അഥവാ ശാലോം കോച്ച, ജൂതത്തൊപ്പി വച്ച ജൂതഗാന്ധി, ”അവര്‍ ഞങ്ങളെ ഒന്നും ചെയ്യില്ല” എന്ന് പോലിസധികാരികളോട് ഉറപ്പിച്ചുപറയുമ്പോള്‍ ചരിത്രം തനികേരളീയമാകുന്നു. മനുഷ്യന്‍ മനുഷ്യനെ വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ ചരിത്രം. വിശ്വാസത്തിന്റെ പുസ്തകം. യൂറോപ്പിനെ ആവേശിച്ച ഭൂതം, അറബിക്കടല്‍ കടന്ന് കൊച്ചിയിലെത്തി അമരാവതിയില്‍ കൊങ്ങിണിയമ്പലത്തിന്റെ പടിഞ്ഞാറ് നിരത്തിനപ്പുറത്തുള്ള കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ കൂടിയിരിക്കുന്നത് കാണുമ്പോള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ മാറിമാറി വരുമ്പോള്‍ ചരിത്രം ചുവന്നുവരുന്നു.
മട്ടാഞ്ചേരിയിലും കൊച്ചിയിലും മാത്രമല്ല, കോണ്‍ഗ്രസ്സുള്ളിടത്തും ജൂതന്‍മാരുള്ളിടത്തുമെല്ലാം അറിയപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന ശാലോമിന്റെ കൂട്ടര്‍ വെളുത്തജൂതന്‍മാര്‍ എന്നറിയപ്പെടുന്ന പരദേശിജൂതന്‍മാരുടെ വിവേചനത്തിന് ഇരയാകുന്നുണ്ട് എന്നറിയുമ്പോള്‍, ജൂതന്‍ ഒന്നല്ല കറുത്തജൂതനും വെളുത്ത ജൂതനും രണ്ടാണ് എന്നറിയുമ്പോള്‍ ഇത് വിവേചനത്തിന്റെ കഥയും ജാതിയുടെ ചരിത്രവുമാകുന്നു. അങ്ങനെ പലതരം ജൂതന്‍മാര്‍ അലപ്പോവില്‍നിന്നും ബാഗ്ദാദില്‍നിന്നും കൊടുങ്ങല്ലൂരെത്തപ്പെടുകയും അവിടെനിന്ന് പുറപ്പെട്ടുപോകേണ്ടിവരികയും പിന്നെ കൊച്ചിയിലെത്തപ്പെടുകയും അവിടെ പരദേശിപ്പള്ളിയും നാടന്‍പള്ളിയുമായി പിരിയുകയും അവസാനം, 1950ന്റെ അവസാനം ആലിയയില്‍പ്പെട്ട് ഇസ്രയേലിലേക്ക് കപ്പല്‍ കയറുകും ചെയ്യുമ്പോള്‍ ഇത് പുറപ്പാടിന്റെ പുസ്തകമാകുന്നു. പോകാനാഗ്രഹിക്കുന്ന എല്ലാവരേയും പറഞ്ഞയച്ച്, എന്നാല്‍ താനായി കടല്‍കടക്കാതെ കൊച്ചിയില്‍തന്നെ നിന്ന് എ ബി ശാലോം രാഷ്ട്രീയത്തിലോ കുടുംബത്തില്‍ പോലുമോ പിന്തുണയില്ലാതെ ദുഃഖത്തിലേക്ക് വലിയുമ്പോള്‍ ഇത് മനുഷ്യദുഃഖത്തിന്റെ ഗാഥയാകുന്നു. ഇത് എല്ലാമാകുന്നു. കാരണം ഇതില്‍ എല്ലാമുണ്ട്. ആഹാരവും ആചാരവും എല്ലാം. റൂബിയാന്റിയുടെ യ്യൗവനത്തിലേക്കും പ്രണയത്തിലേക്കും പിന്നാക്കം പോകുമ്പോള്‍, പെങ്ങളുടെയും കാമുകന്റെയും ചുംബനഫോട്ടോയെടുത്ത ധീരനായ എഫ്രേം രംഗത്തെത്തുമ്പോള്‍ എബിയും ലോണയും കല്യാണം കഴിക്കുമ്പോള്‍, സമ്മിയും സീമയും ഒന്നാകുമ്പോള്‍ തലമുറതലമുറയായി പ്രണേതാക്കള്‍ കടന്നുപോകുമ്പോള്‍ ഇത് സങ്കീര്‍ത്തനമാകുന്നു.
ഡാനിയലങ്കിളിന്റെ റൂഹ് പോയപ്പോള്‍, മയ്യിത്ത്കട്ടില്‍ പിടിച്ച, കബറിലേക്ക് മൂന്നുപിടി മണ്ണിട്ട അമീര്‍ബാവ, അത് തെറ്റായിപ്പോയോ എന്ന തിക്ക്മുട്ട് മൂത്ത് മൊയ്തീന്‍ നീനയെ പോയി കാണുമ്പോള്‍, ”അതിനിപ്പം എന്താ, മയ്യിത്തിനെ, അത് ആരുടേതാണേലും ബഹുമാനിക്കണമെന്നല്ലേ റസൂല്‍ പഠിപ്പിച്ചത്? ജൂതന്റെ മയ്യിത്ത് കട്ടിലില്‍ കിടത്തി കൊണ്ടുപോകുമ്പോള്‍ നബി ആദരവോടെ എഴുന്നേറ്റ് നിന്നതായി ഹദീസുണ്ടല്ലോ, എന്ന് നീന പറഞ്ഞുകൊടുക്കുന്നിടത്ത് ഇത് മനുഷ്യരുടെ പുസ്തകമാണ്. മനുഷ്യത്വത്തിന്റെ പാഠമാണ്. അങ്ങനെ പ്രേമം, വിവാഹങ്ങള്‍, ജനനം, ജനിച്ചതിന്റെ ഏഴാംനാള്‍ ചേലാകര്‍മം, ജനനം, മരണം, ഇതൊക്കെ നേരാംവണ്ണം ചെയ്യിക്കുന്ന ജാഫേത്ത് കാക്കയും മറ്റു കാക്കമാരും അബ്ബമാരും ഉമ്മിമാരും പള്ളിയില്‍ റബ്ബിമാരുടെ മുമ്പാകെ അണിനിരക്കുമ്പോള്‍ അവരൊക്കെയും ”ഒരുവനായ ഒരുവനോട്” പ്രാര്‍ത്ഥിക്കുമ്പോള്‍, അവരുടെ കുട്ടികളെ മതനിയമങ്ങള്‍ പഠിപ്പിക്കാന്‍ ഹെദര്‍ സ്ഥാപിക്കുമ്പോള്‍, ഹാക്കിമിനെ നിയമിക്കുമ്പോള്‍, ഇത് വിശ്വാസത്തിന്റെ പുസ്തകമാണ്. ഏകദൈവ വിശ്വാസത്തിന്റെ പുസ്തകമാണ്. ജൂതവിശ്വാസത്തിന്റെ പുസ്തകമാണ്.
വല്ലപ്പോഴുമൊരു ജൂതപ്പെണ്‍കിടാവിന്റെ തലയില്‍ മാമോദിസാവെള്ളം വീണ് സ്‌നാനപ്പെട്ട്, കൃസ്ത്യാനിയായി, ഉറക്കമില്ലാത്ത രാത്രിയില്‍ അവള്‍ ‘ദേവാസ്താ’ വിളികേട്ട് കണ്ണുതുറന്ന് കിടക്കുമ്പോള്‍,
”സര്‍വ്വതും വശമാകുന്ന
ഉടയതമ്പുരാന്റെ മുമ്പില്‍
വിളിക്കപ്പെടുമ്പോള്‍
ന്യായം ക്രൂരപ്പെട്ടത്
ശിക്ഷ ഭയങ്കരപ്പെട്ടത്” –
എന്നോര്‍ത്ത് നടുങ്ങുമ്പോള്‍ ഇത് വിശ്വാസത്തിന്റെ പുസ്തകമാകുന്നു. സമ്പൂര്‍ണ സെമിറ്റിക് വിശ്വാസത്തിന്റെ പുസ്തകം. ‘ഒരുവനായ ഒരുവനെ’ ഓര്‍ക്കുമ്പോള്‍ ജൂതനും ക്രിസ്ത്യാനിയും മുസ്‌ലിമും നടുങ്ങുന്നു. എല്ലാം കാണുന്നു ഒരുവനായ ഒരുവന്‍.
ഓരോന്നായി കാണുന്നു ഒരു വായനക്കാരന്‍. വാര്‍ത്തയായും ഫീച്ചറായും, ചരിത്രമായും, വിവേചനമായും. അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഇതിഹാസമായും മധുരമുള്ള പ്രേമകഥകളായും സിനഗോഗ് ലെയ്ന്‍ സാഹിത്യത്തില്‍നിന്ന് സംസ്‌കാരത്തിലൂടെ ചരിത്രത്തിലേക്ക് കടന്നുപോകുമ്പോള്‍ അമിതാവ് ഘോഷിനെ ഓര്‍ത്തുപോകും. ചരിത്രരചനയ്ക്കുള്ള വസ്തുതകളെല്ലാം ശേഖരിച്ചശേഷം നോവലായി എഴുതുന്ന അമിതാവ് ഘോഷിനെ. അതുതന്നെയാണ് ജമാല്‍ കൊച്ചങ്ങാടിയും ചെയ്യുന്നത്. ചരിത്രം വായിക്കാന്‍ ഇഷ്ടമില്ലാത്തവരെക്കൊണ്ടും വായിപ്പിക്കുന്നു. നോവലല്ലേ, പിന്നെവായിക്കാം എന്നുകരുതി മാറ്റിവയ്ക്കുന്നവരെക്കൊണ്ടും വായിപ്പിക്കുന്നു. വായിക്കാന്‍ തുടങ്ങിയാല്‍ തീര്‍ത്തേ നിര്‍ത്തൂ. അതുകൊണ്ടാകാം അവതാരികയില്‍ എന്‍ എസ് മാധവന്‍ പറഞ്ഞത്, ”ജമാല്‍ കൊച്ചങ്ങാടിക്ക് മാത്രം സാധ്യമാകുന്നവിധം” എന്ന്. ലന്തന്‍ബത്തേരിയിലെ ചരിത്രം ലുത്തിനിയകളാക്കിയ മാധവന് മനസ്സിലാകുന്നത്ര എളുപ്പത്തില്‍ മട്ടാഞ്ചേരിയുടെ ചരിത്രവും കൊച്ചങ്ങാടിക്കാരനായ ജമാലിന്റെ ലെയ്‌നും മറ്റാര്‍ക്കും മനസ്സിലാകില്ലല്ലോ. അതിനാല്‍ ആ അവതാരിക ഈ ലെയ്‌നിന്റെ തുടക്കമായതും നന്നായി. മാതൃഭൂമി ഇത് ഭംഗിയോടെ ഇറക്കിയതും നന്നായി.
ശാലോം.

No Comments yet!