Skip to main content

ജൈവമുറ

ആര്‍ കെ സന്ധ്യ

വിരമിച്ചതിന്റെ പിറ്റേന്ന് അലാറം
വച്ചില്ലെങ്കിലും തുളസി സിസ്റ്റര്‍ പുലര്‍ച്ചെ
നാലുമണിക്കു തന്നെ ഉണര്‍ന്നു. ഇനി
ജോലിക്കുപോകേണ്ടതില്ലെങ്കിലും
പതിവുകള്‍ മുടങ്ങിയില്ല. പാചക
നടനം കഴിഞ്ഞ് അരങ്ങുവിട്ട് കുളിച്ച് ഈറന്‍ മാറ്റുമ്പോള്‍ സിസ്റ്റര്‍ മനസ്സില്‍
പറഞ്ഞു.

‘ഓര്‍മവച്ച കാലത്തു തുടങ്ങിയ
അടുക്കളപ്പണീന്ന് ഒരു റിട്ടയര്‍മെന്റുമില്ല.
ഉമ്മറത്തു വന്ന് പത്രം മറിച്ചു നോക്കുമ്പോള്‍ സിസ്റ്റര്‍ പോകാറുള്ള ഏഴരയുടെ ബസ്സിന്റെ ഹോണ്‍ കേട്ടു. പത്രത്തില്‍
തലക്കെട്ടുകള്‍ മാത്രം നോക്കി സിസ്റ്റര്‍ ഹാളിലെ സെറ്റിയില്‍ വന്നിരുന്നു.

വീട്ടിലാരും എണീറ്റു വന്ന ലക്ഷണമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മുകളിലെ
മുറിയില്‍ നിന്ന് മകള്‍ ഇറങ്ങി വന്ന്
ഫ്ളാസ്‌കില്‍ നിന്നും ഒരു കപ്പ്
കാപ്പി പകര്‍ന്ന് ‘ഹായ് അമ്മാ’
എന്നു പറഞ്ഞ് തിരിച്ച് കയറിപ്പോയി.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മകന്‍ ഇറങ്ങി വന്ന് കാപ്പിയെടുത്ത് ‘ഗുഡ് മോണിംഗ് അമ്മാ’ എന്നു പറഞ്ഞ് അവന്റെ
മുറിയിലേയ്ക്കു തിരിച്ചു പോയി.

ഇന്ന് ഞായറാഴ്ചയാണല്ലോ
എന്ന് സിസ്റ്റര്‍ ഓര്‍മിച്ചു. രാവും പകലും മാറി മാറി വരുന്ന നഴ്സിംഗ് ഡ്യൂട്ടിക്കിടയില്‍ ഞായറാഴ്ചകളെ പ്രത്യേകമായി ഓര്‍ക്കാറില്ല. മുറിവുകളും വേദനകളും
മരുന്നുകളും തിരക്കുകളുമില്ലാത്ത  പുതിയ ദിനചര്യ ഇന്നു തുടങ്ങുന്നു.

പത്രവും കാപ്പിയും സിറ്റൗട്ടിലെ
ചാരുപടിയില്‍ വച്ച് ഭര്‍ത്താവ് സുഗതന്‍ മാഷ്
ഒരു വാര്‍ഡ് മെമ്പറുടെ ഉത്തരവാദിത്തങ്ങളിലേക്ക്
ഫോണിലൂടെ വ്യാപരിക്കുന്നത് സിസ്റ്റര്‍ നോക്കി
നിന്നു. പിന്നെ സെറ്റിയില്‍ നിന്നെണീറ്റ്
അടുക്കളപ്പുറത്തെ വരാന്തയിലെത്തി.

പുറത്ത് കിളികളുടെയും അണ്ണാറക്കണ്ണന്‍മാരുടെയും
ബഹളമാണ്. ഒരു പിടി ചോറു വാരി
മുറ്റത്തേയ്ക്കിട്ട്
സിസ്റ്റര്‍ അടുക്കളമുറ്റവും കടന്ന് അപ്പുറത്തെ പറമ്പിലേയ്ക്ക് കയറി. പൊന്‍നിറത്തില്‍
വെയില്‍ വിതച്ച തൊടിയില്‍ ചെറുതുംവലുതുമായി നിറയെ ശലഭങ്ങള്‍…

മഞ്ഞുതുള്ളികള്‍ക്ക് ഉമ്മ കൊടുക്കുന്ന തുമ്പികള്‍… പലനിറത്തില്‍ പൂത്ത കാട്ടുചെടികള്‍… തേനീച്ചകള്‍… വണ്ടുകള്‍…
പുല്‍ച്ചാടികള്‍… തൊടിയിലെ പൊന്‍
വെളിച്ചം സിസ്റ്ററിന്റെ കണ്ണുകളില്‍ മിന്നി… സിസ്റ്റര്‍ പതിയെ തൊടിയിലൂടെ നടന്നു.

പുല്‍ത്തലപ്പുകളുടെ ഈറന്‍ പകര്‍ന്ന് തൊട്ടാവാടിയുടെ പരിഭവം കടന്ന് കാട്ടുചേമ്പിന്റെ തഴപ്പ് വകഞ്ഞ് കമ്മ്യൂണിസ്റ്റ്
പച്ചയുടെ തിമര്‍പ്പ് കോതി മൂവാണ്ടന്റെ
കരുത്തിലേക്ക് കൈനീട്ടിയതേ സിസ്റ്റര്‍ക്ക് ഓര്‍മയുള്ളൂ. എടുത്തുവച്ച കാല്‍ക്കീഴില്‍
നിലമുണ്ടായിരുന്നില്ലെന്ന് വള്ളിക്കിടക്കയുടെ ഗര്‍ഭത്തില്‍ കണ്ണു തുറക്കുമ്പോഴാണറിഞ്ഞത്. താഴേക്കു പതിക്കുന്ന ആന്തലില്‍
മുമ്പേ പോയ ബോധം പച്ചിലത്തലപ്പുകളുടെ തലോടലില്‍ തിരിച്ചു കിട്ടിയിട്ടും സിസ്റ്റര്‍ ഒരു തൊട്ടിലിന്റെ അനുഭൂതി നുകര്‍ന്ന്
മണ്ണട്ടകളുടെ താരാട്ടില്‍ ഒരു കൈക്കുഞ്ഞിനെപ്പോലെ കണ്ണടച്ചു കിടന്നു.

ഒരു തുമ്പി പലവട്ടം മൂക്കിന്‍ തുമ്പില്‍ ഇരുന്നും
പറന്നും മുഖത്തു വട്ടംചുറ്റി. കാല്‍ വിരലുകള്‍ക്കിടയിലൂടെ ഒരു പുല്‍ച്ചാടി നൂണ്ടു കടന്ന് സിസ്റ്ററിന്റെ
നൈറ്റിലെ വയലറ്റ് പൂക്കളില്‍ ചാടി നടന്നു.
പുരാതനമായ ലോഹ ഗന്ധം കലര്‍ന്ന അരണ്ട
വെളിച്ചത്തിലേക്ക് മുകളിലെ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ വെയില്‍ പുളളി കുത്താന്‍ തുടങ്ങിയപ്പോള്‍
സിസ്റ്റര്‍ ഉറക്കച്ചടവോടെ കണ്ണു തിരുമ്മി എണീറ്റിരുന്നു. വള്ളിക്കിടക്കയില്‍ നിന്ന് താഴേയ്ക്ക് കാലെത്തിച്ചു
നോക്കി. നിലത്തെത്തുന്നില്ല. ഇരുവശത്തും തൂങ്ങി
നില്‍ക്കുന്ന വള്ളികളില്‍ പിടിച്ച്
ഒന്നുകൂടി ഏന്തിവലിഞ്ഞു നോക്കി.
നിലമെത്തുന്നില്ല. വെറുതെ കാലുകളാട്ടിയപ്പോള്‍ ഒരു കളിയൂഞ്ഞാലേറിയ ശൈശവത്തിമര്‍പ്പില്‍
സിസ്റ്റര്‍ക്കു വീര്‍പ്പുമുട്ടി.

വിശപ്പിന്റെ വിളി വന്നു തുടങ്ങിയപ്പോഴാണ്
ഊഞ്ഞാലാട്ടം നിര്‍ത്തിയത്.

ആട്ടത്തിന്റെ ഊക്കില്‍ വള്ളിക്കിടക്ക ഒന്നുകൂടി
താഴ്ന്നിട്ടുണ്ട്. കാലെത്തിച്ചു നോക്കിയപ്പോള്‍ തടഞ്ഞ പാറയിലേയ്ക്ക് ഊര്‍ന്നിറങ്ങി. ചുറ്റും കണ്ണോടിച്ചു.
പറമ്പിലെ കാടുമൂടിക്കിടന്ന പൊട്ടക്കിണറ്റിലാണ്
പെട്ടിരിക്കുന്നത്. ഒരരികില്‍ അല്‍പം വെള്ളമുണ്ട്.
കരിയിലകള്‍ വീണ് കറുത്തിരിക്കുന്നു.

ഒരു ചുള്ളിക്കമ്പെടുത്ത് കരിയിലകള്‍
വശത്തേയ്ക്ക് വകഞ്ഞു. എഴുത്താശാന്‍മാരും വാലുള്ള തവളക്കുഞ്ഞുങ്ങളും ചില കുഞ്ഞു മീനുകളും നീന്തിക്കളിക്കുന്നു. പാറയ്ക്കും വെള്ളത്തിനുമിടയിലെ മണല്‍ത്തിട്ടില്‍ ഞാവലും പേരയ്ക്കായും വീണു കിടപ്പുണ്ട്. അധികം പരിക്കില്ലാത്ത രണ്ടു പേരക്കകള്‍ തപ്പിയെടുത്ത് വെള്ളത്തില്‍ കഴുകി സിസ്റ്റര്‍ കരുമുരാ കടിച്ചു
തിന്നു. കിണര്‍ച്ചുവരില്‍ അള്ളിപ്പിടിച്ച് ഏന്തിവലിഞ്ഞ് ചുവന്നുതുടുത്ത തെച്ചിപ്പഴങ്ങള്‍ അടര്‍ത്തിയെടുത്ത്
ബാല്യകാല മധുരങ്ങളിലേയ്ക്ക് അലിഞ്ഞു. പിന്നെ
മണല്‍ത്തിട്ടില്‍ നിന്നും പരതിയെടുത്ത ചെറുകല്ലുകള്‍ കൊണ്ട് കൊത്തം കല്ലു കളിച്ചു.

ശിഖരങ്ങളിലും ഇലകളിലും തട്ടി തെന്നിയിറങ്ങിയ പക്ഷിത്തൂവല്‍ ഊതിപ്പറത്തി ക്കളിച്ചു. ഒരു വെള്ളിലത്തുമ്പു വള്ളിയില്‍ കെട്ടിയിളക്കി പൊത്തിലിരുന്ന തവളയെ പുറത്തു ചാടിച്ചു കളിപ്പിച്ചു. കളി മടുത്തപ്പോള്‍ പാറയില്‍ ചാരി മുകളിലേയ്ക് നോക്കി കിടന്നു.

മുകളില്‍ നിന്ന് ‘തുളസീ…തുളസീ…’ എന്നും
‘അമ്മേ … അമ്മേ…’ എന്നുമുള്ള വിളികള്‍ പറമ്പിലലഞ്ഞ് കിണറ്റിലേക്ക് പാറി വീണു. സിസ്റ്റര്‍ ശ്വാസമടക്കി
വള്ളിപ്പടര്‍പ്പുകള്‍ക്കടിയിലേയ്ക്ക് ഒന്നുകൂടി പതുങ്ങിയിരുന്നു. വിളികള്‍ അകന്നു പോയപ്പോള്‍ സിസ്റ്റര്‍
വള്ളികള്‍ക്കിടയില്‍ നിന്നും പുറത്തു വന്നു.
കിണറ്റിലേയ്ക്ക് ചാഞ്ഞു പൂത്ത അരിപ്പൂക്കളില്‍ പറന്നു കളിക്കുന്ന ശലഭങ്ങളെയും തേന്‍ കുരുവികളെയും
നോക്കി. പിന്നെ പേരറിയാത്ത ഏതോ കാട്ടു പൂ
പറിച്ച് മുടിയില്‍ തിരുകി വള്ളിക്കിടക്കയിലേയ്ക്
ചാടിക്കയറി. പുതിയ ആവാസ വ്യവസ്ഥയുടെ
കൗമാര സ്വപ്‌നങ്ങളിലേയ്ക്ക് കണ്ണടച്ചുകിടന്നു…

 

No Comments yet!

Your Email address will not be published.