Skip to main content

കെ കെ കൊച്ച് സാഹോദര്യ രാഷ്ട്രീയത്തെ ദര്‍ശിച്ച മഹാമനീഷി

കെ കെ കൊച്ച്, ദലിത് എഴുത്തുകാരന്‍

കേരളത്തിലെ ദലിത് പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളുടെ രാഷ്ട്രീയ സാഹോദര്യം നവോത്ഥാന കാലത്തിന് ശേഷം ദുര്‍ബലപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് വൈക്കം സത്യഗ്രഹത്തിന് ശേഷം. തെക്കന്‍ കേരളത്തില്‍ പട്ടിക ജാതിപട്ടിക വിര്‍ഗ വിഭാഗങ്ങളും മറ്റ് പിന്നാക്ക സമുദായങ്ങളും വിശാല ഹിന്ദു എന്ന ബോധത്തിലേക്കെത്തുകയും പരസ്പര സഹോദര്യ രാഷ്ട്രീയത്തില്‍ നിന്ന് വഴിമാറുകയും ചെയ്ത കാലമാണ് അത്. മലബാറിലാകട്ടെ മലബാര്‍ വിപ്ലവാനന്തര കാലത്തിന് ശേഷം പിന്നീട് നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളൊക്കെ സാഹോദര്യ രാഷ്ട്രീയം എന്നതിനപ്പുറം ദേശീയതയിലൂന്നിയ രാഷ്ട്രീയം എന്ന നിലപാടിലക്കെത്തുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ മുതലെടുത്ത് സവര്‍ണ്ണ സമൂഹം അവരുടെ അധീശത്വത്തിലേക്ക് സമൂഹത്തെ എത്തിക്കുകയും ചെയ്തു.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

പിന്നീടുള്ള കേരളീയ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഭൂപരിഷ്‌കരണമെന്ന പേരില്‍ നടന്ന പ്രതിലോമ രാഷ്ട്രീയ നീക്കമടക്കമുള്ള, പാര്‍ശ്വവത്കൃതരെ പിന്തള്ളുന്ന എല്ലാ ഭരണവര്‍ഗ നടപടികളെയും സാഹോദര്യ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ വിശകലനം ചെയ്യാനും പരസ്പരം സഹകരിച്ച് സാമൂഹ്യമാറ്റത്തിന് വേണ്ടി നിലകൊള്ളാനും മുസ്‌ലിംകള്‍ക്കോ ദലിത് വിഭാഗങ്ങള്‍ക്കോ പിന്നാക്ക സമുദായങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.

1985ല്‍ കെ കെ കൊച്ചേട്ടന്‍ കേരളീയ ഭൂപരിഷ്‌കരണത്തെ ചോദ്യം ചെയ്തുകൊണ്ട് സ്വന്തമായി അടിച്ചിറക്കിയ ലഘുലേഖയിലാണ് ഭൂപരിഷ്‌കരണം എത്രയധികം ദലിത് വിരുദ്ധവും പ്രതിലോമകരവുമായിരുന്നു എന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴും മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ ഈ പ്രശ്‌നത്തെ അഡ്രസ് ചെയ്തിരുന്നില്ല. ഭൂ രഹിതരില്‍ മുസ്‌ലിംകളുണ്ടെങ്കിലും അത് അത്ര തീഷ്ണമായി അനുഭവിക്കുന്ന സമുദായമായിരുന്നില്ല മുസ്‌ലിംകള്‍.

1992 ഡിസംബര്‍ 6 ആണ് രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളും തങ്ങള്‍ എത്രമാത്രം അരക്ഷിതരാണ് എന്ന ബോധത്തിലേക്കെത്തിയത്. മതേതര ഭരണത്തിന്റെ കീഴിലായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നത് ഒരു തരം രാഷ്ട്രീയ അനാഥത്വത്തിലേക്ക് മുസ്‌ലിംകളെ എത്തിച്ചു. ആ സാഹചര്യത്തില്‍ കൂടിയാണ് സമാന പ്രതിസന്ധികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഒപ്പമുള്ള സാഹോദര്യ രാഷ്ട്രീയം എന്നത് മുസ്‌ലിംകളും തിരിച്ചറിയുന്നത്. ബാബരി മസ്ജിദ് വിഷയം കത്തിപ്പടരുന്നതിനിടെ തന്നെയാണ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കിയ സാമൂഹ്യ സാഹചര്യം രാജ്യത്തെമ്പാടും ഒബിസി വിഭാഗങ്ങളെയും തങ്ങള്‍ പുറന്തള്ളപ്പെടുന്നു എന്ന രാഷ്ട്രീയ ബോധത്തിലേക്കു നയിക്കുന്നത്.

കെ കെ കൊച്ചേട്ടനെപ്പോലുള്ള കേരളത്തിലെ അംബേദ്കറൈറ്റ് ചിന്തകരും മുസ്‌ലിം രാഷ്ട്രീയ ബോധം പേറുന്നവരും പരസ്പരം സഹകരിക്കാന്‍ തുടങ്ങിയത് ബാബരി കാലഘട്ടത്തിന് ശേഷമാണ്. അതിനു ശേഷമുള്ള ഒരു പതിറ്റാണ്ടാണ് കേരളീയ ഭൂപരിഷ്‌കരണത്തിന്റെ അനന്തര ഫലമടക്കം ദലിതര്‍ അനുഭവിക്കുന്ന പുറന്തള്ളലുകളും പോസ്റ്റ് ബാബരി കാലത്തെ മുസ്‌ലിം അരക്ഷിതാവസ്ഥയും പരസ്പരം കൈകോര്‍ക്കേണ്ടുന്ന രാഷ്ട്രീയങ്ങളാണ് സൃഷ്ടിക്കേണ്ടത് എന്ന തരത്തില്‍, നവോത്ഥാനത്തിന് മുമ്പേ ഉണ്ടായിരുന്ന സാമൂഹ്യ സാഹോദര്യത്തിലേക്കുള്ള ചര്‍ച്ചകള്‍ സജീവമായത്.

ചെങ്ങറ ഭൂസമരകാലമാണ് ദലിത്-മുസ്‌ലിം ചിന്തകള്‍ കൂടുതല്‍ ശക്തമായി കൈമാറിയ കാലം. അതില്‍ കൊച്ചേട്ടന്‍ വഹിച്ചത് നിര്‍ണ്ണായക പങ്കാണ്. ദലിത് ഭൂ പ്രശ്‌നത്തെ മുസ്‌ലിം കര്‍തൃത്വം പേറുന്ന സോളിഡാരിറ്റി പോലുള്ള നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും സമര ഐക്യദാര്‍ഢ്യമായി വളരുകയും ചെയ്തു. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികള്‍ ഭൂപ്രശ്‌നത്തെ ജനകീയമായി ഉയര്‍ത്തുകയും ചെയ്തു. ഈ ആശയ ധാരയുടെ വലിയ പങ്ക് സംഭാവന ചെയ്തത് കെ കെ കൊച്ചിന്റെ ചിന്തകളും രചനകളും തന്നെയായിരുന്നു.

 

കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെയും മുസ്‌ലിം സ്വത്വം നിലനിര്‍ത്തിയുള്ള പൊതു രാഷ്ട്രീയ ഇടപെടലുകളെയും തീവ്രവാദവും ഭീകരവാദവുമായി മുദ്രചാര്‍ത്തിത്തുടങ്ങിയ കാലവുമായിരുന്നു അത്. പക്ഷേ, പൊതുബോധം ഉയര്‍ത്തിയ ഈ ചിന്തയില്‍ നിന്ന് വേറിട്ട് മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വങ്ങളെയും സാമൂഹ്യ ഇടപെടലുകളെയും പോസിറ്റീവായി സമീപിക്കാനുള്ള ധീരത പുലര്‍ത്തിയത് ആദ്യഘട്ടത്തില്‍ കൊച്ചേട്ടനടക്കമുള്ള അംബേദ്കറൈറ്റുകളാണ്. ദലിത്-മുസ്‌ലിം പ്രശ്‌നങ്ങളെ അധികാര പങ്കാളിത്തം, വിഭവ പ്രാതിനിധ്യം എന്നതിനുമപ്പുറം, ഈ സമുദായങ്ങളുടെ അരികുവല്‍ക്കരണം ദേശരാഷ്ട്ര ഭാവനകളിലേക്ക് ചേര്‍ത്ത് പറഞ്ഞു എന്നത് കൊച്ചേട്ടന്റെ രാഷ്ട്രീയ ദീര്‍ഘ ദര്‍ശനമാണ്. പൗരത്വബില്ലും വഖ്ഫ് ബില്ലും അടക്കം രാഷ്ട്രം വേലികെട്ടി മാറ്റി നിര്‍ത്തുന്നതാരെ എന്നത് ഇന്ന് സുവ്യക്തമാണല്ലോ. അത്തരം സാമൂഹ്യ പരികല്‍പനകളുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് കൊച്ചേട്ടന്‍ ഉയര്‍ത്തിയത്.

ആദ്യം ഇടതുപക്ഷ സംഘടനകളിലും പിന്നീട് അംബേദ്കറൈറ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയ ദലിത് ആത്മാഭിമാന പ്രസ്ഥാനങ്ങളിലും ആശയ രൂപീകരണത്തിന് തന്റേതായ വലിയ സംഭാവനകള്‍ നല്‍കിയെങ്കിലും വ്യവസ്ഥാപിതമായ ഏതെങ്കിലും സംഘടനയുടേയൊ രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ കീഴില്‍ അദ്ദേഹം നിലകൊണ്ടിട്ടില്ല.

അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്ന ഉന്റാന്‍ എന്ന പുലയ ഇതിഹാസ പുരുഷനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. സൂഷ്മ ചരിത്രത്തെ തമസ്‌കരിച്ച് സ്ഥൂല ചരിത്രത്തെ സ്ഥാപന വത്കരിച്ചതിനാല്‍ സാമുദായിക അനുഭവങ്ങള്‍ മാഞ്ഞു പോയിരിക്കുന്നതിനാലാണ് ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ ഉന്റാന്‍ ഇല്ലാതെ പോയത് എന്ന് കൊച്ചേട്ടന്‍ പറയുന്നുണ്ട്. സമകാലിക കേരളത്തിലെ ഉന്റാനാണ് കൊച്ചേട്ടന്‍. സൂഷ്മ രാഷ്ട്രീയത്തെയും സാമുദായികാനുഭവങ്ങളയും പരസ്പര സാഹോദര്യങ്ങളെയും രേഖപ്പെടുത്തിയില്ലെങ്കില്‍ ഉന്റാന്‍ മാഞ്ഞുപോയതുപോലെ കൊച്ചേട്ടനെയും മായ്ക്കാന്‍ സ്ഥൂല ചരിത്രം സൃഷ്ടിക്കുന്നവര്‍ക്കാകും.

കൊച്ചേട്ടന്‍ അതിനെ തന്റെ പ്രൗഢമായ രചനകളിലൂടെയും ജീവിതത്തിലൂടെയും ഒരു പരിധിവരെ മറികടന്നിട്ടുണ്ട്. പക്ഷേ, സൂക്ഷ്മ രാഷ്ട്രീയത്തിലും ചരിത്രരചനകളിലും വിശകലനങ്ങളിലും നാം ജാഗ്രതയുള്ളവരാകണം എന്ന് കൊച്ചേട്ടന്‍ ജീവിതത്തിലൂടെ ഉണര്‍ത്തുന്നുണ്ട്. സമുദായങ്ങളുടെ രാഷ്ട്രീയ സാഹോദര്യത്തെ ദര്‍ശിച്ച അതിന്റെ പ്രയോക്താവായ മഹാ മനീഷിയാണ് കൊച്ചേട്ടന്‍.

No Comments yet!

Your Email address will not be published.