എസ് മിനി/ മറുവാക്ക്
മറ്റ് സ്റ്റേറ്റുകളില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം സിഐടിയു നയിക്കുന്നു. എന്നാല്‍ ഇവിടെ അവര്‍ സമരത്തിനെതിരാണ്. മാത്രമല്ല, സമരം കേന്ദ്രസര്‍ക്കാരിനെതിരേയാണ് നടത്തേണ്ടത് എന്നും
പറയുന്നു. എന്താണ് അതിനുള്ള മറുപടി?
മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്കെല്ലാം 26,000 രൂപ ഓണറേറിയം കൊടുക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. അവരെ തൊഴിലാളികളായി അംഗീകരിക്കണം, അവര്‍ക്ക് മിനിമം വേതനം ലഭ്യമാക്കണം എന്നിവയാണ് മറ്റാവശ്യങ്ങള്‍. ഐഎന്‍ടിയുസിയും സിഐടിയും ബിഎംഎസുമല്ലാതെ മറ്റ് സ്റ്റേറ്റുകളിലും നമ്മുടെ സംഘടനയുണ്ട്. സമാനസ്വഭാവമുള്ള സംഘടനകളെല്ലാം ചേര്‍ന്ന് സ്വതന്ത്ര സ്വഭാവമുള്ള വര്‍ക്കേഴ്സ് ഫെഡറേഷനുണ്ട്.
കഴിഞ്ഞ തവണ ഞങ്ങള്‍ ദേശീയതലത്തില്‍ ആവശ്യപ്പെട്ടത് വേതനം 35,000 ആക്കണമെന്നാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ അവരെ ആരോഗ്യവകുപ്പിന്റെ ജീവനക്കാരായി അംഗീകരിക്കണം. തുടങ്ങുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനത്തിന്റെ സ്വഭാവമായിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുടെ സ്വഭാവത്തിലേക്ക് അവരുടെ തൊഴില്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ ആശാവര്‍ക്കര്‍മാരുടെ തൊഴില്‍ രംഗം ഒരു അവശ്യസര്‍വ്വീസായും മാറിയിട്ടുണ്ട്. സിഐടിയു അല്ലാതെ ആരും സമരം ചെയ്യാന്‍ പാടില്ല എന്നതാണ് അവരുടെ പ്രശ്നം. 13 വര്‍ഷമായി ഈ സംഘടന രൂപീകരിച്ചിട്ട്. ഇപ്പോള്‍ 7,000 രൂപയാണ് ഓണറേറിയം. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1,000 രൂപയായിരുന്നു. ഓരോ ഘട്ടത്തിലും സമരം ചെയ്ത് 500 രൂപ വച്ച് കൂട്ടിയാണ് 7,000 രൂപയായത്. അല്ലാതെ സര്‍ക്കാര്‍ ഔദാര്യമായി തന്നതല്ല.
കിട്ടാനുള്ള ശമ്പളം പെന്‍ഡിങ്ങിലാണ്. കുറെ സമരം ചെയ്താല്‍ രണ്ടുമാസത്തെ ശമ്പളം തരും. പിന്നെ മൂന്നുമാസത്തെ ശമ്പളം പെന്‍ഡിങ്ങിലാവും. അനിശ്ചിതകാല സമരം തുടങ്ങിയ ശേഷമാണ് കുടിശ്ശിക മുഴുവന്‍ തരുന്നത്. ആരോഗ്യമന്ത്രിയും സിഐടിയും പറയുന്ന പലതും അസംബന്ധങ്ങളാണ്.
ജോലിഭാരം ഇപ്പോള്‍ വളരെ കൂടുതലാണ്. 24 മണിക്കൂറൂം പണിയാണ്. ലോക്കല്‍ ബോഡിയുടെ നിയന്ത്രണവുമുണ്ട്. ആര്‍ക്കുവേണമെങ്കിലും ആശാവര്‍ക്കര്‍മാരെ ജോലിക്ക് നിയോഗിക്കാം എന്ന തികച്ചും ഫ്ളക്സിബിള്‍ ആയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്‌കൂളും ആശുപത്രിയുമെല്ലാം പഞ്ചായത്തിന്റ കീഴിലക്ക് കൊണ്ടുവന്നിട്ട് കുറച്ചുവര്‍ഷങ്ങളായല്ലോ.
ആശാവര്‍ക്കര്‍മാരെ നിയമിക്കാനുള്ള പദ്ധതി വരുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടിയില്‍പ്പെട്ട ആളുകളെയാവും കൂടുതല്‍ നിയമിച്ചിട്ടുണ്ടാവുക. തുടക്കത്തില്‍ എല്ലാവരും അങ്ങനെ വന്നതാണ്. കാലക്രമേണ പല ആളുകളും പാര്‍ട്ടി വിട്ടിട്ടുണ്ടാകാം. തിരുവനന്തപുരം ജില്ലയിലാണ് ഈ സംഘടന ആരംഭിക്കുന്നത്. വിളപ്പില്‍ശാല സമരത്തിന് നേതൃത്വം കൊടുത്തയാളാണ് ഞാന്‍. ആ സമരത്തിന് ശേഷം അവിടത്തെ ആശാവര്‍ക്കര്‍മാര്‍ ഞങ്ങളെ സമീപിക്കുകയും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പറയുകയും ചെയ്തു. നമുക്ക് രാഷ്ട്രീയത്തിന് അതീതമായി ഒരു സംഘടന രൂപീകരിച്ചാലെന്താണെന്ന് ഞാന്‍ അവരോട് ചോദിച്ചു. ഓരോ ആശാവര്‍ക്കര്‍മാരും അവരുടെ രാഷ്ട്രീയവ്യക്തിത്വം നിലനിര്‍ത്തികൊണ്ടുതന്നെ പഞ്ചായത്ത് ഇലക്ഷനിലൊക്കെ മല്‍സരിക്കാറുണ്ട്. അത്രയും ഫ്ളക്സിബിളാണ് ഞങ്ങളുടെ സംഘടന.
സിഐടിയു ഈ സമരത്തെ തകര്‍ക്കാന്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷേ, ഒരാളെയും സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. മറ്റു ജില്ലകളിലാണെങ്കില്‍ ഇത്രയും അച്ചടക്കത്തോടെ കൊണ്ടുപോകാന്‍ സാധിക്കില്ല. തിരുവനന്തപുരത്ത് കുറേക്കൂടി എളുപ്പമാണ് കാര്യങ്ങള്‍. സിഐടിയുവിന്റെ ആള്‍ക്കാര്‍ വന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. സമരത്തിന്റെ പത്താമത്തെ ദിവസമാണെന്നു തോന്നുന്നു, അവര്‍ പോലിസിനെ വിട്ട് ഒരു ലിസ്റ്റ് തയ്യാറാക്കി. എത്രയാളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നു, ആരൊക്കെ മാറിനില്‍ക്കുന്നു എന്ന കണക്കെടുത്തു. റിപോര്‍ട്ട് ആരോഗ്യവകുപ്പിനും സമര്‍പ്പിച്ചു. അടുത്ത ദിവസം മുതല്‍ ജോലിക്ക് ഹാജരായിട്ടില്ലെങ്കില്‍ നടപടിയെടുക്കും എന്ന് ഉത്തരവും ഇറക്കി. എന്നിട്ടും ആശമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്നു കണ്ടപ്പോള്‍ സമരക്കാരെ പിരിച്ചുവിട്ട് പുതിയ ആളുകളെ വച്ച് പണി നടത്തുമെന്ന് ഭീഷണിപ്പെടുത്തി. വോളണ്ടിയര്‍മാരെ പുതുതായി റിക്രൂട്ട് ചെയ്യുമെന്നും പറഞ്ഞു.
എന്നാല്‍ അവര്‍ക്കതിന് കഴിയില്ല. കേന്ദ്ര പദ്ധതിയാണല്ലോ. അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അതുകൊണ്ട് ‘ആശ’ എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റില്ല. ഹെല്‍ത്ത് വോളണ്ടിയര്‍ എന്ന പേരുപയോഗിക്കാനെ കഴിയൂ. ആശാവര്‍ക്കര്‍മാര്‍ 18 വര്‍ഷം കൊണ്ട് 9 മൊഡ്യൂള്‍ ട്രെയിനിങ്ങ് കഴിഞ്ഞവരാണ്. അന്ന് അവര്‍ പറഞ്ഞ നിബന്ധനകള്‍ ആശാവര്‍ക്കേഴ്സാവണമെങ്കില്‍ 25 വയസ്സ് കഴിഞ്ഞിരിക്കണം, വിവാഹിതരായിരിക്കണം, 7ാം ക്ലാസ് പാസായിരിക്കണം എന്നൊക്കെയായിരുന്നു. പുതുതായി ഹെല്‍ത്ത് വോളണ്ടിയര്‍മാരെ നിയമിക്കാന്‍ ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഞങ്ങളെ പിരിച്ചുവിടുകയാണ് ലക്ഷ്യം.
ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ക്യാമ്പയിന്‍ നടത്തി അത് പൊളിച്ചു. ട്രെയിനിങ്ങ് കഴിയാത്തവര്‍ വന്നുകഴിഞ്ഞാല്‍ നാട്ടുകാര്‍ അംഗീകരിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞു. ഇത് ആരോഗ്യരംഗമല്ലേ? ആ ഗൗരവം വേണ്ടേ? തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പല സ്ഥലങ്ങളിലും പുതിയ ആള്‍ക്കാരെ ഇറക്കി പരീക്ഷിച്ചു. സമരം പൊളിക്കുക എന്ന ആവശ്യം കഴിഞ്ഞാല്‍ തങ്ങള്‍ പുറന്തള്ളപ്പെടുമെന്നുള്ളത് അറിയാവുന്നതുകൊണ്ടും ഒരുതരം കരിങ്കാലിപ്പണിയാണത് എന്നതുകൊണ്ടും ആരും അതിന് സന്നദ്ധരായില്ല.
മറ്റു സ്റ്റേറ്റുകളിലുള്ളതിനേക്കാള്‍ ഓണറേറിയം കേരളത്തില്‍ കൊടുക്കുന്നുണ്ടെന്ന വാദത്തെക്കുറിച്ചെന്താണ് പറയാനുള്ളത്?
അത് തെറ്റാണ്. സിക്കിം സര്‍ക്കാര്‍ 10,000 രൂപയാണ് അവിടത്തെ ആശമാര്‍ക്ക് ഉപാധിരഹിത ഓണറേറിയം കൊടുക്കുന്നത്. അക്കാര്യം ആരും, ഒരു മീഡിയയും പറയുന്നില്ല. ഇവിടെ കൊടുക്കുന്നത് 7,000 രൂപയാണ്. പ്രതിദിനം 232 രൂപ. 7,000 രൂപ മുഴുവനായും ലഭിക്കുന്നില്ല. കാരണം ഇതിനെല്ലാറ്റിനും മാനദണ്ഡമുണ്ട്. 2,000 രൂപയുണ്ടായിരുന്നത് 4,000 ആക്കിയത് 2017ലാണ്. 2023ലാണ് 7,000 ആയി വര്‍ധിപ്പിച്ചത്. ബജറ്റില്‍ ഒരു തുക പോലും വകവയ്ക്കാതെയാണ് ശമ്പളം കൂട്ടുന്നത്. നിരവധി മാനദണ്ഡങ്ങള്‍ വയ്ക്കുമ്പോള്‍ കൊടുക്കേണ്ടുന്ന ഓണറേറിയം സ്വാഭാവികമായും കുറയുമല്ലോ. അങ്ങനെ ഓരോ മാനദണ്ഡങ്ങള്‍ വച്ച് ശമ്പളം വെട്ടിക്കുറയ്ക്കുന്ന പ്രവൃത്തിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച്, മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ അപ്പോള്‍ തന്നെ നിയമസഭാ മാര്‍ച്ചൊക്കെ നടത്തി. പക്ഷേ, സര്‍ക്കാര്‍ പിന്‍വലിച്ചില്ല.
മന്ത്രിമാര്‍ വിളിക്കുന്ന മീറ്റിങ്ങിനൊക്കെ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്. മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് മീറ്റിങ്ങിലും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ എന്‍എച്ച്എം ഡയറക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത മീറ്റിങ്ങില്‍ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. ജോലിയെല്ലാം ചെയ്ത് റിവ്യൂ റിപോര്‍ട്ട് മീറ്റിങ്ങില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ 700രൂപ ശമ്പളം വെട്ടിക്കുറയ്ക്കുക എന്നത് അംഗീകരിക്കാന്‍ പറ്റില്ല എന്ന് ശക്തമായി വാദിച്ചു. അപ്പോള്‍ സിഐടിയു പറഞ്ഞു അവര്‍തന്നെയാണ് മാനദണ്ഡങ്ങള്‍ ആവശ്യപ്പെട്ടതെന്ന്. ആ സമയത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ 2,000 രൂപ ശമ്പളം വാങ്ങിയിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ധാരാളം പണിയുണ്ടെന്ന് അവരും അംഗീകരിക്കുന്നുണ്ട്.
ജനുവരി 25ന് ഞങ്ങള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ബജറ്റിന് മുന്നോടിയായിട്ടായിരുന്നു മാര്‍ച്ച്. ആ മാര്‍ച്ചില്‍ ഞങ്ങള്‍ വ്യക്തമായി പറഞ്ഞതാണ് തരാനുള്ള 7,000 രൂപയുടെ ഓണറേറിയം ബജറ്റില്‍ ഉള്‍പ്പടുത്തണമെന്ന്. അതിനിടയിലാണ് അവര്‍ പിരിച്ചുവിടാനുള്ള ഉത്തരവ് ഇറക്കിയത്. അതിനിടയ്ക്ക് മന്ത്രി ഒരു യോഗം വിളിച്ചു. ആശാവര്‍ക്കേഴ്സിന്റെ പ്രശ്നങ്ങളെപറ്റി ചര്‍ച്ചചെയ്യുക എന്നയിരുന്നു അജണ്ട. ഞങ്ങള്‍ മീറ്റിങ്ങിന് പോയി. മീറ്റിങ്ങില്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തെപറ്റി വാനോളം പുകഴ്ത്തി. ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞത് ആശാവര്‍ക്കേഴ്സിന്റെ ശമ്പളം 25,000 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം എന്നാണ്.
തൊഴിലാളികള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിക്കണമെന്ന് കേന്ദ്രഗവണ്‍മെന്റ് ആവശ്യപ്പെട്ട കാര്യവും അറിയിച്ചു. ഞങ്ങളെ ജോലിക്ക് എടുക്കുന്ന സമയത്ത് അങ്ങനെ യാതൊരു നിബന്ധനയും ഉണ്ടായിരുന്നില്ല. കാരണം അന്ന് സന്നദ്ധ പ്രവര്‍ത്തന പരിധിയിലായിരുന്നു വന്നിരുന്നത്. പക്ഷേ, ഇപ്പോള്‍ ഒരു സ്ഥിരസ്വഭാവത്തിലുള്ള ജോലിയാണ് ചെയ്യുന്നത്. അതായത് സംസ്ഥാന ഗവണ്‍മെന്റിന്റെയും കേന്ദ്രഗവണ്‍മെന്റിന്റെയും സാമ്പത്തിക സഹായം ഇതിലുണ്ട്. അതുകൊണ്ടാണ് ഒരു വിരമിക്കല്‍ പ്രായം അവര്‍ ആവശ്യപ്പെടുന്നത്.
വിരമിക്കല്‍ ആനുകൂല്യം നിശ്ചയിച്ചശേഷം മതി വിരമിക്കല്‍ പ്രായം തീരുമാനിക്കുന്നതെന്ന് ഞങ്ങള്‍ ശക്തമായി വാദിച്ചു. 56 വയസ്സ് നിശ്ചയിച്ചാല്‍ കുറെ തൊഴിലാളികള്‍ക്ക് പിരിഞ്ഞുപോകേണ്ടിവരും. അതുകൊണ്ട് 65 അല്ലെങ്കില്‍ 70 ആക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഐഎന്‍ടിയുസിക്കാരുംകൂടി ആവശ്യപ്പെട്ടപ്പോള്‍ നിവൃത്തിയില്ലാതെ മന്ത്രി വഴങ്ങി. പക്ഷേ, മൂന്നാമത്തെ ദിവസം 62 വയസ്സ് എന്നു തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. സിഐടിയു നേതാവ് ചിത്തരഞ്ജനാണ് അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നത്. സിഐടിയുമായി കൂടിയാലോചിച്ച് അവര്‍ എടുത്ത തീരുമാനമായിരുന്നു അത്.
എപ്പോഴും ഇത്തരം യോഗങ്ങള്‍ക്ക് ഞങ്ങള്‍ ഒന്നോ രണ്ടോ പേര്‍ വന്നാല്‍മതി എന്നു പറയും. എന്നാല്‍, സിഐടിയുവിന്റെ ആറേഴുപേര്‍ യോഗത്തിനെത്തും. അവര്‍ ബഹളംവച്ച്, ഭൂരിപക്ഷ അഭിപ്രായമെന്ന പേരില്‍ ഇഷ്ടംപോലെ കാര്യങ്ങള്‍ തീരുമാനിക്കും. ഇതാണ് സ്ഥിരം പരിപാടി. വിരമിക്കല്‍ ആനുകൂല്യമെന്നതിനു പകരം ക്ഷേമനിധി ഏര്‍പ്പെടുത്താമെന്ന് പറഞ്ഞെങ്കിലും ഞങ്ങള്‍ സ്വീകരിച്ചില്ല. കാരണം ക്ഷേമനിധിയുടെ കാര്യത്തില്‍ അടച്ച പൈസപോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണുള്ളത്.
2022 ജനുവരി 2ന് വിരമിക്കല്‍ പ്രായം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അതിനെതിരേ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. അതില്‍ രണ്ടു കാര്യങ്ങളാണ് നിബന്ധനയായി വച്ചിരുന്നത്. ഒന്നുകില്‍ 62 വയസ്സ്, അല്ലെങ്കില്‍ മൂന്നുമാസം തുടര്‍ച്ചയായി 500 രൂപയില്‍ താഴെ ഇന്‍സെന്റീവുള്ള ഒരാളാണെങ്കില്‍ പിരിച്ചുവിടണം. ഇന്‍സെന്റീവ് നമ്മുടെ കൈയിലിരിക്കുന്ന കാര്യമല്ലല്ലോ. ആളുകളുടെ പെര്‍ഫോമന്‍സ് അല്ലല്ലോ വിഷയം. ഒരാള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഒരു കുത്തിവയ്പ്പെടുക്കാന്‍ അവരെ നിര്‍ബന്ധിക്കാനാവില്ലല്ലോ. ഞങ്ങള്‍ അത് ചൂണ്ടിക്കാട്ടി.
ആശ ഫെസ്റ്റ് എന്ന് പറഞ്ഞ് ഞങ്ങള്‍ പരിപാടി സംഘടിപ്പിക്കാറുണ്ട്. അതിന് വന്നപ്പോള്‍ പത്രക്കാര്‍ മന്ത്രിയോട് ചോദിച്ചു, പിരിച്ചുവിടല്‍ ഉത്തരവിനെതിരേ സമരം നടക്കുകയാണല്ലോ എന്ന്. അപ്പോള്‍ മന്ത്രി പറഞ്ഞത് അങ്ങനെ ഒരു ഉത്തരവ് നിലവിലില്ല, അത് മരവിപ്പിച്ചിട്ടുണ്ട് എന്നാണ.് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ട് ഇട്ട ഉത്തരവാണെന്നും പറഞ്ഞു. ഞങ്ങള്‍ കാസര്‍കോട് പോയപ്പോള്‍ 62 വയസ്സുള്ള ഒരു ആശ അവര്‍ക്ക് ലഭിച്ച ുപിരിച്ചുവിടല്‍ കത്തുമായി ഞങ്ങളെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനമാണ് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് സിഐടിയുക്കാര്‍ പറഞ്ഞത്.
ഞങ്ങള്‍ കത്തുമായി മന്ത്രിയുടെ അടുത്തുപോയി, പിരിച്ചുവിടല്‍ തീരുമാനം എന്തായി എന്ന് ചോദിച്ചു. പിരിച്ചുവിടല്‍ ഉത്തരവ് മരവിപ്പിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ആ സമയം ഞങ്ങള്‍ ആ കത്ത് അവരെ കാണിച്ചു. കത്ത് കണ്ടതും ഷോക്കടിച്ച പോലെയായി മന്ത്രി. ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെങ്കില്‍ ടെര്‍മിനേഷന്‍ ഒഴിവാക്കി ആ തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. തൊട്ടദിവസം രാവിലെ ജോയിന്‍ ചെയ്യാനുള്ള അനുമതി അവര്‍ക്ക് കൊടുക്കേണ്ടിവന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ബിജെപി നേതാക്കളുടേയും പിന്തുണ ഈ സമരത്തിനുണ്ട് എന്നത് വലിയ ആരോപണമായി സിഐടിയുവും സിപിഎമ്മും ഉന്നയിക്കുന്നുണ്ടല്ലോ?
കേരളത്തിലെ ഒരു ആശവര്‍ക്കര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ദിവസവേതനം 232 രൂപയാണ്. ഇത്രയും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കണം എന്ന് ഈ ആരോപണം ഉന്നയിക്കുന്ന ഒരാളും പറയുന്നില്ലല്ലോ. അതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത് എന്നാണ് ആരോപണം ഉന്നയിക്കുന്ന ആള്‍ക്കാരോട് പറയാനുള്ളത്. ഈ സ്ത്രീ തൊഴിലാളികള്‍ക്ക് 232 രൂപതന്നെ വല്ലപ്പോഴുമാണ് കിട്ടുന്നത്. നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അതും കിട്ടിക്കൊണ്ടിരിക്കുന്നത്. ബസ്ചാര്‍ജും അതില്‍നിന്ന് പോകും. ഒരു ചായയോ വെള്ളമോ കുടിക്കാന്‍ തോന്നിയാല്‍ പിന്നെയൊന്നും ഉണ്ടാവില്ല. വാസ്തവത്തില്‍ സൗജന്യമായിട്ടാണ് അവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
സമരത്തിന് പിന്തുണയ്ക്കാന്‍ വന്നിട്ടുള്ള ആള്‍ക്കാരുടെ കളര്‍ നോക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല, പ്രത്യേകിച്ച് കേരളത്തിന്റെ ഇന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍. ന്യായമായ ഡിമാന്റുകള്‍ നേടാന്‍ വേണ്ടിയുള്ള സമരമാണിത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഒരു ഓര്‍ഗനൈസേഷനാണ് കേരള ആശാ വര്‍ക്കേഴ്സ് അസോസിയേഷന്‍ (KAHWA). ഇത് എസ്‌യുസിഐയുടെ പോഷക സംഘടനയല്ല. ഞാന്‍ എസ്‌യുസിഐ പ്രതിനിധിയായല്ല, സമരമുഖത്ത് നില്‍ക്കുന്നത്. സമരപ്പന്തലില്‍ എല്ലാവരും വരുന്നുണ്ട്. വിദേശത്തുള്ള ആള്‍ക്കാര്‍ വരെ ഈ സമരപ്പന്തലില്‍ വരുന്നുണ്ട്. ഒരു തൊഴില്‍ സമരം എന്ന നിലയ്ക്ക് കൂലി കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമരമാണിത്.

ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ മുരളീധരന്‍ സമരപ്പന്തലില്‍ വന്നു. ഞങ്ങള്‍ അദ്ദേഹം വന്നപ്പോള്‍ പിന്തുണക്കാന്‍ വരുന്ന ആള്‍ക്കാര് ഇരിക്കുന്ന സ്ഥലത്ത് കസേര കൊടുത്തു. ഇത് കേന്ദ്രത്തിന്റെ ആവിഷ്‌കൃത പദ്ധതിയാണെന്നും കേന്ദ്രം കഴിഞ്ഞ 18 വര്‍ഷമായി ഇന്‍സെന്റീവ് കൂട്ടിയിട്ടില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. ഒരു കുത്തിവയ്പ്പെടുത്താല്‍ കിട്ടുന്നത് വെറും അഞ്ചു രൂപയാണ്. പള്‍സ് പോളിയോ ഒരാഴ്ച എടുക്കുന്നതിന് 75 രൂപ. അതിന്നും തുടരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കുള്ള പിന്തുണ എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അത് വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു.
കോണ്‍ഗ്രസ് ഗവണ്‍െമെന്റ് വന്നാല്‍ ശരിയാക്കിത്തരാം എന്ന് സമരപ്പന്തലില്‍ വന്നു പറയുന്ന കോണ്‍ഗ്രസ് നേതാക്കളോട് പറയാറുള്ളത്, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാന്യമായ ഓണറേറിയം നല്‍കും എന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത് എന്നാണ്. ഇതേപോലത്തെ തൊഴിലാളികള്‍ അവിടെയുണ്ട്. അവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ്. ഇവിടെ വരുന്ന ഓരോ ആള്‍ക്കാരേയും അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നത്. ഞങ്ങളുടെ പ്രഖ്യാപിത നിലപാടാണത്. അതുകൊണ്ട് സുരേഷ് ഗോപി വന്നപ്പോഴും ഇതുതന്നെ പറഞ്ഞു. അദ്ദേഹം വന്നെങ്കിലും പ്രസംഗിച്ചില്ല. ആശമാരെ അഭിവാദ്യം ചെയ്തു, പോയി. രണ്ടാമത് വരുന്നത് പെരുമഴ പെയ്തപ്പോഴാണ്. സെക്രട്ടേറിയേറ്റിന്റെ ഗ്രില്ലില്‍ ബാനര്‍ കെട്ടാന്‍ അനുവാദമില്ല. ഷീറ്റ് കെട്ടാനും അനുവാദമില്ല. ബാനര്‍ വെച്ചിട്ടുള്ളത് അതിനായി കൊണ്ടുവന്നിട്ടുള്ള ഒരു സ്റ്റീല്‍ഫ്രെയിം വെച്ച് അതിന്റെ മുകളിലാണ്. അതിന്റെ മുകളില്‍ തന്നെയാണ് ടാര്‍പോളിന്റെ ഒരു വശം കെട്ടിയതും. മറുവശം കൈയില്‍ പിടിച്ചുകൊണ്ടാണ് നിന്നത്. ഇവിടെ സ്ട്രീറ്റ് ലൈറ്റ് ഇല്ല. ഞങ്ങള്‍ ഇരിക്കുന്ന ഈ ഭാഗം മാത്രം ഓഫ് ചെയ്യും. ഞങ്ങള്‍ സമരം തുടങ്ങി മൂന്നാമത്തെ ദിവസം മുതല്‍ അങ്ങനെയാണ്. കരുതിക്കൂട്ടി ചെയ്യുന്നതാണ്. ഞങ്ങള്‍ പോലിസ് സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പിന്നെ സ്ത്രീകള്‍ ഇവിടേക്ക് വരുമോ? സമരം പൊളിക്കാനുള്ള ശ്രമമാണത്.
പ്രളയ സമാനമായിട്ടുള്ള മഴയായിരുന്നു ഇവിടെ. കോരിച്ചൊരിയുന്ന മഴയത്ത് ഞങ്ങള്‍ റോഡില്‍ കസേരയിട്ട് ടാര്‍പോളിന്‍ കെട്ടാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് വന്നു തടഞ്ഞു. അങ്ങനെ ഞങ്ങള്‍ മഴ നനഞ്ഞ് നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപി വരുന്നത്. മഴ കണ്ടിട്ടാണ് വന്നത്. വന്നത് കേന്ദ്രമന്ത്രിയാണ്, എംപിയാണ് എന്നൊന്നും കരുതിയില്ല. ഒരു മനുഷ്യനാണ്, അത്രയേ കണ്ടുള്ളൂ. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന് ഞങ്ങളോട് ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ടാര്‍പോളിന്‍ കെട്ടാത്തത് എന്നും ചോദിച്ചു. പോലിസ് അനുവദിക്കുന്നില്ലെന്ന കാര്യം പറഞ്ഞു.
ഞങ്ങള്‍ക്കാകെ 50 കോട്ട് മാത്രമേ ഞായറാഴ്ചയായതുകൊണ്ട് വാങ്ങാന്‍ കഴിഞ്ഞിരുന്നുളളൂ. ബാക്കിയുള്ളവര്‍ മഴ നനഞ്ഞ് നില്‍ക്കുകയായിരുന്നു. ആ സമയത്ത് 100 കോട്ടും കൂടി വാങ്ങിത്തരാം എന്ന് പറഞ്ഞ് അദ്ദേഹം കാര്‍ എടുത്തുപോയി കോട്ടുകള്‍ വാങ്ങിക്കൊണ്ടുവന്നു. അദ്ദേഹം നേരിട്ടാണ് വിതരണം ചെയ്തത്. ഒരു ഭാഗത്ത് ബിജെപിക്കാരുടെ വരവ്. പൊതുജനങ്ങളുടെ പിന്തുണ കൊണ്ട് നമുക്ക് ബാത്‌റൂമില്‍ കൂടി പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രാവിലെ 6:00 മണി മുതല്‍ മാധ്യമങ്ങളുടെ തിരക്ക്. സമരക്കാരോട് വിശേഷം പറയാനും നാളെ എവിടുന്നൊക്കെ, ആരെല്ലാം വരും എന്ന് പറയാനോ അവരുടെ പ്രതിസന്ധി ചര്‍ച്ചചെയ്യാനോ ഒന്നും സമയമില്ല. അങ്ങനെയാണ് നമ്മള്‍ ഇത്രയും ദിവസമായി പോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മഴ.
വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപി വന്നത്. ഞാന്‍ മൈക്കെടുത്ത് വ്യക്തമായിത്തന്നെ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി കേന്ദ്രം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചിട്ടേയില്ല. അത് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത് എന്ന്. കേന്ദ്ര ആരോഗ്യമന്ത്രിക്കു മുന്നില്‍ വിഷയം അവതരിപ്പിക്കും എന്ന് വാക്കുതന്നാണ് അദ്ദേഹം പോയത്.
എല്ലാം വ്യക്തമായിത്തന്നെ പറഞ്ഞതാണ്. പിന്നെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാമല്ലോ. നമുക്ക് ഒരാളോടും അയിത്തം ഇല്ല. തിരുവനന്തപുരം നഗരത്തില്‍ 35 ബിജെപി കൗണ്‍സിലര്‍മാരുണ്ട്. ഈ കൗണ്‍സില്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശമാരുണ്ട്. അവരൊക്കെ ബിജെപിയുടെ ആള്‍ക്കാരാണ്. അവരുടെ ആള്‍ക്കാര്‍ വരണം എന്നുണ്ടാവുമല്ലോ. മിക്കവാറും പഞ്ചായത്ത് കോണ്‍ഗ്രസ് ഭരിക്കുന്നു. അവര്‍ നേതാക്കളെ കൊണ്ടുവരുന്നു. വരുന്ന പലരും ഞങ്ങളുടെ ആശമാരുണ്ട് എന്ന് പറഞ്ഞാണ് വരുന്നത്.
തുടക്കത്തില്‍ ഒരു പാര്‍ട്ടിക്കാരനും വരില്ലായിരുന്നു. ആര്‍ക്കും വരാവുന്നതാണല്ലോ. ഈ മഴയത്ത് പോലും അവര്‍ക്കൊന്നും വരാന്‍ തോന്നിയില്ല. അവരുടെ വനിതാ സഖാക്കള്‍ ഉണ്ടല്ലോ. അവരാരും തിരിഞ്ഞുനോക്കിയില്ല. കേന്ദ്രമാണ് തരേണ്ടത് എന്നൊക്കെ അവര്‍ക്ക് പറയാം. പക്ഷേ, സ്ത്രീകള്‍ മഴനനയുമ്പോള്‍ അവര്‍ക്ക് കൂടെ വന്ന് നില്‍ക്കാമല്ലോ. അതുപോലെ അശ്ലീലം പറയരുത് എന്ന് പറയാമല്ലോ. പകരം ‘സുരേഷ് ഗോപി വന്ന് ഉമ്മ കൊടുത്തു പോയി’ എന്ന് പറയുന്ന സിഐടിയു നേതാവിനെതിരേ നിശ്ശബ്ദത പാലിക്കുകയാണ്. അയാളെ ഇനി വെറുതെവിടാന്‍ പറ്റില്ല. സമരസമിതി കേസ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പത്രക്കാരെ കാണുമ്പോള്‍ ഹരമാണ് എന്ന് പറയുമ്പോള്‍, സ്ത്രീകളെ എത്ര മോശക്കാരായാണവര്‍ ചിത്രീകരിക്കുന്നത്.
സമരത്തെ പൊളിക്കാന്‍ വേണ്ടി അവര്‍ എതിര്‍ സമരം നടത്തി. ഞങ്ങളുടെ മുന്നിലൂടെ അവരുടെ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അതെല്ലാം പൊളിഞ്ഞു. ഒരു ട്രേഡ് യൂനിയന്‍ സമരത്തിനെതിരേ മറ്റൊരു ട്രേഡ് യൂനിയന്‍ സമരം നടത്തുന്നത് നമ്മുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും.







No Comments yet!