Skip to main content

വോട്ട് കൊള്ളയും തിരഞ്ഞെടുപ്പ് കമ്മീഷനും

ADV. Kaleeswaram Raj

വോട്ട് ചോരീ വിഷയം ഇന്ത്യയിലാകെ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അതുമായി ബന്ധപ്പെട്ട കണക്കുകളും തെളിവുകളും വലിയ പരിശ്രമത്തിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നു. കര്‍ണാടകയിലെ മഹാദേവപുരയിലെയും കേരളത്തിലെ തൃശൂരിലേയും ധാരാളം തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന തൃശൂര്‍ ജില്ലാകലക്ടര്‍ കൃഷ്ണതേജയ്‌ക്കെതിരേ ധാരാളം പരാതികള്‍ ബൂത്ത് വെലല്‍ ഓഫിസര്‍മാരില്‍ നിന്നും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളില്‍ നിന്നുമടക്കം ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമനടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. നിയമനടപടിയെടുക്കാന്‍ കഴിയാത്തതുകൊണ്ടാണോ അതോ താല്‍പര്യമില്ലാത്തതുകൊണ്ടാണോ? നിയമപരമായി കഴിയാത്തതുകൊണ്ടാണെങ്കില്‍ എന്താണ് ഇക്കാര്യത്തില്‍ പരിഹാരം?

തിരഞ്ഞെടുപ്പു ചട്ടങ്ങളും അതുപോലെ തിരഞ്ഞെടുപ്പു നിയമങ്ങളും അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യുന്നത് ഏതെങ്കിലും പ്രത്യേക നിയോജക മണ്ഡലത്തില്‍ സവിശേഷമായി നടന്നിട്ടുള്ള അഴിമതിയും, അതല്ലെങ്കില്‍ വഴിവിട്ട രീതിയില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് തിരഞ്ഞെടുപ്പു ചട്ടങ്ങളില്‍ പറഞ്ഞിട്ടുള്ള ‘തിരഞ്ഞെടുപ്പു വീഴ്ച്ച’ അല്ലെങ്കില്‍ ‘ഇലക്ഷന്‍ ഇറഗുലാരിറ്റി’ എന്നു പറയുന്നത്. അക്കാര്യത്തില്‍ പരാതി കൊടുക്കാന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് 30 ദിവസത്തെ സമയം ചട്ടങ്ങളില്‍ പറയുന്നുണ്ട്. അതുപോലെ തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം 45 ദിവസത്തെ സമയമുണ്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍. ഇതൊക്കെ തന്നെ സ്‌പെസിഫിക് ഇന്റിവിജ്വല്‍ കേസുകളെ പറ്റിയുള്ള സാധാരണമായിട്ടുള്ള നിയമപരമായ നടപടിക്രമങ്ങളാണ്. പക്ഷേ ഇന്ത്യയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത് ഏതെങ്കിലും മണ്ഡലത്തില്‍ ഒരു വ്യക്തിക്കനുകൂലമോ പ്രതികൂലമോ ആയിട്ടുള്ള തിരഞ്ഞെടുപ്പു അതിക്രമങ്ങളെക്കുറിച്ചോ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചോ അല്ല എന്നതാണ് നാം ആദ്യംതന്നെ മനസ്സിലാക്കേണ്ടത്. ഇത് വളരെ സംഘടിതമായും ആസൂത്രിതമായും രാജ്യവ്യാപകമായോ ചിലയിടത്ത് സംസ്ഥാനവ്യാപകമായോ നടന്നിട്ടുള്ളതാണ്. ഭരണഘടനാ സ്ഥാപനമായിട്ടുള്ള തിരഞ്ഞെടുപ്പു കമ്മീഷനെയടക്കം ഉപയോഗിച്ചു കൊണ്ട് ചെയ്തിട്ടുള്ള ഒരു തട്ടിപ്പാണ് എന്നതാണ് ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. ഇത് ഇദംപ്രഥമമാണ്. പരമ്പരാഗതമായിട്ടുള്ള നിയമങ്ങളോ ചട്ടങ്ങേേളാ കൊണ്ട് ഈ രീതിയിലുള്ള അവസ്ഥാവിശേഷത്തെ കൈകാര്യംചെയ്യാമെന്ന് വിശ്വസിക്കുന്നത് തന്നെ മൗഢ്യമാണ്. ഈ കാര്യത്തില്‍ എന്റെ അഭിപ്രായം ഞാന്‍ ഹിന്ദുവില്‍ എഴുതുകയുണ്ടായി.

❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്
Google Pay / UPI
9400058466
Maruvakku Monthly A/C
A/C: 38213106039
IFSC: SBIN0070576
Puthiyara, Kozhikode

🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

ഈ കാര്യത്തെ ശരിക്ക് നേരിടാന്‍ പരമ്പരാഗതമായിട്ടുള്ള ഉപകരണങ്ങള്‍, സങ്കേതങ്ങള്‍ മതിയാവുകയില്ല. കാരണം നാം ഇത് പരമ്പരാഗതമായി കണ്ട് ശീലിച്ചതോ, കേട്ട് ശീലിച്ചതോ ആയിട്ടുള്ള സംഗതി അല്ല. ഇത്രയും വ്യാപകമായി ഭരണകൂടത്തിന്റെ തണലില്‍ തിരഞ്ഞെടുപ്പു കമ്മീഷനെത്തന്നെ ദുരുപയോഗപ്പടുത്തിക്കൊണ്ട് നടന്നിട്ടുള്ള ഒരു തട്ടിപ്പ് എന്നു പറയുമ്പോള്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രക്രിയയാണ്, രാജ്യവ്യാപകമായി നടന്ന ഒന്നാണ്. പല സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും സംസ്ഥാനതലത്തില്‍ത്തന്നെ നടന്ന പ്രക്രിയയാണ്. ഈ കാര്യത്തില്‍ അടിസ്ഥാനപരമായി ഉത്തരവാദിത്വമുള്ളത് തിരഞ്ഞെടുപ്പു കമ്മീഷനുതന്നെയാണ്. അതുപോലെ തന്നെ തിരഞ്ഞെടുപ്പു കമ്മീഷനെ നിയന്ത്രിക്കുന്ന അധികാരശക്തികള്‍ക്കാണ്. ഒരു പരിധിവരെ കോടതികള്‍ക്കുകൂടിയാണ്.

എന്റെ അഭിപ്രായത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് രണ്ടു മൂന്നു കാര്യങ്ങളാണ്:

ഒന്ന്, ഇതുവരെ തിരഞ്ഞെടുപ്പു കമ്മീഷനെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആ സ്ഥാനത്ത് തുടരാനുള്ള നിയമപരമായും, ധാര്‍മ്മികമായും, രാഷ്ട്രീയപരമായുമുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. ഭരണഘടനാപരമായുള്ള അര്‍ഹതയും നഷ്ടപ്പെട്ടിരിക്കുന്നു. ഇത് ചരിത്രത്തില്‍ ആദ്യമായാണ് സംഭവിക്കുന്നത്. അതുകൊണ്ട് അങ്ങനെയൊരു തിരഞ്ഞെടുപ്പു കമ്മീഷനാവരുത് ഇന്ത്യയിലെന്ന് പറയുന്നതാണ് 2023ലെ അനൂപ് ബാരന്‍വാള്‍ (Anoop Baranwal) കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഞാന്‍ ഹാജരായ കേസാണത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായിട്ടുള്ള ബഞ്ചിന്റെ വിധിയാണത്. ആ ബെഞ്ചാണ് പറയുന്നത് നിങ്ങള്‍ പുതിയൊരു നിയമം കൊണ്ടുവരുന്നതുവരെ ചീഫ്ജസ്റ്റിസ് അധ്യക്ഷനാവണം. പക്ഷേ പുതിയൊരു നിയമം എങ്ങനെയെങ്കിലും കൊണ്ടുവന്നാല്‍ മതി എന്നല്ല അന്നും പറഞ്ഞിട്ടുള്ളത്. അന്നും സമാനമായ സാഹചര്യം തെറ്റാണെന്ന് പറഞ്ഞു. അതായത് എക്‌സിക്യൂട്ടിവിനു മേധാവിത്തമുള്ള, പ്രധാനമന്ത്രിക്കും ക്യാബിനറ്റിനും മേധാവിത്തമുള്ള ഒരു സമിതി ചേര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന രീതിയാണ് അന്ന് തെറ്റാണെന്നു പറഞ്ഞിട്ടുള്ളത്. ആ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടാണ് കേവലം മാസങ്ങള്‍ക്കുള്ളില്‍ ആ വിധിയുടെ താല്‍പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് 2023-ലെ പുതിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയമം വന്നത്. ആ നിയമത്തെയും ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്തതിന് സ്‌റ്റേ ചോദിച്ചിരുന്നു. അപ്പോള്‍ സുപ്രിംകോടതി സ്റ്റേ അനുവദിച്ചില്ല. സുപ്രിംകോടതി തന്നെയാണ് 2023ലെ അനൂപ് ബാരന്‍വാള്‍ കേസിലെ അധ്വാനത്തേയും സ്വയം നടത്തിയ സര്‍ഗാത്മകവും ഭരണഘടനാപരവുമായ ഇടപെടലിനേയും സ്റ്റേ നിഷേധിച്ചതു വഴി നിര്‍വീര്യമാക്കിയത്. സുപ്രിംകോടതി സ്വന്തം വിധിയെ തന്നെയാണ് ഒരുപരിധിവരെ നിഷേധിച്ചത്. അങ്ങനെയാണ് ഇന്ന് കാണുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉണ്ടായതും അവര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയതും.

Gyanesh Kumar, Chief Election Commissioner

ഇക്കാര്യത്തില്‍ നിര്‍ദേശിക്കാവുന്ന പരിഹാരമെന്ത്?

തിരഞ്ഞെടുപ്പുകളെപ്പറ്റി രാജ്യവ്യാപകമായി ഇത്രയധികം പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നു വന്നതിനാല്‍ ഈ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്നിടത്തോളം കാലം ഇതുമായി ബന്ധപ്പെട്ടിട്ട് സത്യസന്ധവും വസ്തുനിഷ്ടമായ ഒരു അന്വേഷണം സാദ്ധ്യമാവുകയില്ല. രാജ്യവ്യാപകമായിട്ടുള്ള ഒരു ട്രൂത്ത് കമ്മീഷന്‍ ഉണ്ടാകണം. അതുണ്ടാവണമെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറണം. ഈ തിരഞ്ഞെടുപ്പു കമ്മീഷന്‍ മാറണമെങ്കില്‍ ഇപ്പോഴും ഇത് ചാലഞ്ച് ചെയ്തുകൊണ്ടുള്ള കേസുകള്‍ സുപ്രീംകോടതിയില്‍ കിടക്കുകയാണ്. ഈ കേസില്‍ സുപ്രീംകോടതിയ്ക്ക് വേണ്ട വിധത്തില്‍ ഇടപെടാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. കാരണം, ഭരണഘടനാ ബെഞ്ചിലെ ഒരു ഡസനിലേറെ നേരിട്ടുള്ള നിരീക്ഷണങ്ങള്‍ക്കെതിരാണ് ഇപ്പോള്‍ വന്നിട്ടുള്ള നിയമവും അതുവഴി നിയമനം നേടിയ ഇപ്പോഴത്തെ തിരഞ്ഞെടുപ്പു കമ്മീഷനും. അപ്പോള്‍ ഈ തിരഞ്ഞെടുപ്പു കമ്മീഷന്‍ മാറുന്നതുവരെ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ സമിതി പുതിയ തിഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കണം. ഇത് സുപ്രിംകോടതി വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയില്‍ ഇപ്പോഴുമുണ്ട്. അങ്ങനെ ഒരു പുതിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നാല്‍ ആ കമ്മീഷന്‍ ഒരു ട്രൂത്ത് കമ്മീഷനായി പ്രവര്‍ത്തിക്കുകയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനവ്യാപകമായി നടന്നിട്ടുള്ള അസംബ്ലി തിരഞ്ഞെടുപ്പുകളിലേയും എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുകയും വേണം. അതല്ലാതെ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ടു ആഴത്തിലുള്ള ഒരു പ്രതിസന്ധിക്ക് പരിഹാരമില്ല. ഇതൊരു പ്രശ്‌നം മാത്രമല്ല, പ്രതിസന്ധിയാണത്. നമ്മുടെ തിരഞ്ഞെടുപ്പു ജനാധിപത്യം നേരിടുന്ന, അതുവഴി ഭരണഘടനാജനാധിപത്യം നേരിടുന്ന, രാജ്യം നാളിതുവരെയും അഭിമുഖീകരിച്ചിട്ടില്ലാത്ത ആഴത്തിലുള്ളൊരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യണമെങ്കില്‍ ഒരു ട്രൂത്ത് കമ്മീഷന്‍, മുമ്പ് സൗത്ത് ആഫ്രിക്കയിലൊക്കെ ഉണ്ടായിട്ടുള്ളതുപോലെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു റീകണ്‍സിലേഷന്‍ കമ്മീഷന്‍, വന്നതുപോലെ, ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകണം. ഇത് അടിസ്ഥാനപരമായൊരു അവകാശമാണ്. ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്നുള്ളത് അടിസ്ഥാനപരമായി നമ്മുടെ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാനപരമായ അവകാശം കൂടിയാണ്. ഈ അവകാശമാണ് വ്യാപകമായ തോതില്‍ ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിച്ച്് ഭരണകൂടം നിഷേധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ട്രൂത്ത് കമ്മീഷന്‍ ഉണ്ടാകണം. അതുണ്ടാകണമെങ്കില്‍ ഞാന്‍ പറഞ്ഞ ഈ വഴികളേയുള്ളൂ. അടിസ്ഥാനപരമായി സുപ്രിംകോടതിയുടെ കൈയില്‍ കിടക്കുന്ന കാര്യമാണ്. ഇന്നത്തെ ഭരണകൂടം അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. അപ്പോള്‍ സ്വാഭാവികമായി ജനരോഷം ഉയര്‍ന്നുവരും. ജനങ്ങളുടെ മുന്നേറ്റമാണ് ഇതിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ടത്. അങ്ങനെ ജനങ്ങളുടെ സമാധാനപരമായ മുന്നേറ്റം കൊണ്ടു മാത്രമേ രാജ്യത്ത് ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.

താഴെത്തട്ടിലുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ മുന്നിലാണ് ഈ വിഷയം വന്നിട്ടുള്ളത്. അതായത് കേരളത്തിലെയും കര്‍ണാടകയിലെയും സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

ഇവിടെ ഇപ്പോഴും തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്നുള്ള ഒരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ അതിന്റെ ചട്ടക്കൂടിനകത്തുനിന്നു നോക്കുമ്പോള്‍ സ്വാഭാവികമായി അതുമായി ബന്ധപ്പെട്ടുമാത്രമേ താഴെത്തട്ടിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. എന്റെ അഭിപ്രായത്തില്‍ അതിനുള്ള ശ്രമങ്ങള്‍ കേന്ദ്രീകൃതമായിത്തന്നെ നടക്കണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാത്രമേ സംസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ. സ്വതന്ത്രമായ ചില അന്വേഷണങ്ങളൊക്കെ സംസ്ഥാനങ്ങള്‍ക്ക് നടത്താന്‍ കഴിയുമെന്നല്ലാതെ അതിന് ഒരു പ്രഭാവമുണ്ടാവണമെങ്കില്‍ അതിന് ഒരു ജൂഡീഷ്യല്‍ സാങ്ഷന്‍ ഉണ്ടാവണം. സ്വാഭാവികമായിട്ടും അന്വേഷണം നടത്തി ചില കണ്ടെത്തലുകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയും. അതിന് അതിന്റേതായ ജനാധിപത്യപരമായ മൂല്യങ്ങളുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. കുറച്ചുകൂടി അത് ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നിലവിലുള്ള സംവിധാനത്തെത്തന്നെ പുതുക്കിപ്പണിയുന്ന കാര്യങ്ങള്‍ ചെയ്യണം.

പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മികച്ചരാജ്യമായ ജര്‍മ്മനിയിലടക്കം ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ മാനിപുലേഷന് സാധ്യത കൂടുതലാണ്. ചെയ്യുന്നുണ്ടോ എന്നത് വേറെ പ്രശ്‌നമാണ്. അതിനുള്ള സാധ്യത കൂടുതലാണ്. രണ്ടാമതായി, മാനിപുലേഷന്‍ നടത്തിയാല്‍ പേപ്പര്‍ ബാലറ്റിലേതുപോലെ അത് തെളിയിക്കാന്‍ അത്ര എളുപ്പമല്ല. അതാണ് പേപ്പര്‍ ബാലറ്റാണ് കുറച്ചുകൂടി മാന്യമായ സത്യസന്ധമായ രീതി എന്നു പറയാന്‍ കാരണം. അതുകൊണ്ട് ഇവിടെയും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുക എന്നുള്ളതാണ് കൂടുതല്‍ ജനാധിപത്യപരമായ പ്രക്രിയ.

സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്ന് പറയാമോ?

ഈ പറഞ്ഞ പല പരിമിതികളും അവര്‍ക്കുണ്ട്. കാരണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഭരണഘടനയുടെ രീതിയനുസരിച്ച് സാധ്യമല്ല.

No Comments yet!

Your Email address will not be published.