1980കളുടെ അവസാനം അമേരിക്കന്‍ വിദേശനയത്തില്‍ സംഭവിച്ച സൈദ്ധാന്തിക മാറ്റങ്ങള്‍ ഏറെ പ്രധാനമാണ്. 1960കളില്‍, അമേരിക്കയിലെ ചില ബുദ്ധിജീവികള്‍, പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍, ലിബറല്‍ നയങ്ങളോടുള്ള അതൃപ്തി മൂലം യാഥാസ്ഥിതിക വീക്ഷണങ്ങളിലേക്ക് ചായുകയും, പുതിയ ഒരു രാഷ്ട്രീയ ദര്‍ശനം രൂപപ്പെടുത്തുകയും ചെയ്തു. ഇര്‍വിങ് ക്രിസ്റ്റോള്‍, നോര്‍മന്‍ പോഡ്ഹോറെട്സ് തുടങ്ങിയവര്‍ ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല വക്താക്കളായിരുന്നു.
1990കളിലും 2000കളിലും, ജോര്‍ജ് ഡബ്ല്യു ബുഷ് കുടുംബത്തിന്റെ ഭരണകാലത്ത്, നിയോക്കണ്‍ ചിന്താഗതി അമേരിക്കന്‍ വിദേശനയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. ഇവര്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ്, എങ്കിലും ചിലര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് വന്നവരുമുണ്ട്. പോള്‍ വോള്‍ഫോവിറ്റ്സ് (ബുഷ് ഭരണകൂടത്തിലെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനും, ഇറാഖ് യുദ്ധത്തിന്റെ പ്രധാന നയരൂപീകരണ വക്താവും). ഡിക്ക് ചെനി (ബുഷിന്റെ വൈസ് പ്രസിഡന്റ്), ഡൊണാള്‍ഡ് റംസ്ഫെല്ഡ് (യുഎസ് പ്രതിരോധ സെക്രട്ടറി, ഇറാഖ്, അഫ്ഗാനിസ്ഥാന് യുദ്ധങ്ങളില്‍ പ്രധാന പങ്കുവഹിച്ചു) റിച്ചാര്‍ഡ് പെര്‍ലെ (നിയോക്കണ്‍ ബുദ്ധിജീവിയും, വിദേശനയ ഉപദേശകനും) തുടങ്ങിയവരാണ് അറിയപ്പെട്ട നിയോകോണുകള്‍.
പരമ്പരാഗത യാഥാസ്ഥിതികതയില്‍ നിന്ന് വ്യത്യസ്തമായ, കൂടുതല്‍ ആക്രമണോത്സുകവും അധിനിവേശപരവുമായ വിദേശനയത്തില്‍ ഊന്നുന്ന ഒരു ചിന്താഗതിയെ സൂചിപ്പിക്കുന്നു, നിയോക്കണ്‍ ചിന്താഗതി, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, പാശ്ചാത്യ മൂല്യങ്ങള്‍ എന്നിവയെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന്, ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു.
ഭരണകൂടങ്ങളെ, സൈനിക ഇടപെടലിലൂടെ മാറ്റിമറിക്കാനുള്ള ശ്രമം, അമേരിക്കയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുകയും, പാശ്ചാത്യ മൂല്യങ്ങളെ ലോകമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്യുക, പാശ്ചാത്യ മാതൃകയിലുള്ള ‘ജനാധിപത്യവും മനുഷ്യാവകാശങ്ങളും’ പ്രോത്സാഹിപ്പിക്കുന്നതിന്, ആവശ്യമെങ്കില്‍, അധിനിവേശ യുദ്ധത്തിലൂടെ ‘നാഷന് ബില്‍ഡിങ്’ പോലുള്ള നയങ്ങള്‍ പിന്തുടരുക തുടങ്ങിയവയാണ് നവയാഥാസ്തിക വാദത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍.
1979ലെ ഇറാനിയന്‍ വിപ്ലവത്തോടെയാണ് ലോകരാഷ്ട്രീയം മാറിയതെന്ന് ഓറിയന്റലിസ്റ്റായ ബെര്‍ണാഡ് ലൂയിസ് വിലയിരുത്തി. നവയാഥാസ്ഥിതികരുടെ വൈജ്ഞാനിക ഉപദേശകനായിരുന്നു ലൂയിസ്. 1990ല്‍ ദി അറ്റ്ലാന്റിക്കില്‍ പ്രസിദ്ധീകരിച്ച ‘ദി റൂട്സ് ഓഫ് മുസ്ലിം റേജ്’ എന്ന ലേഖനത്തില്‍, ‘നാഗരികതകളുടെ സംഘര്‍ഷം’ എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു, ഇത് 1993ല്‍ സാമുവല്‍ ഹണ്ടിങ്ടണ്‍ ‘ഫോറീന്‍ അഫയേഴ്സില്’ റഫര്‍ ചെയ്തതോടെ പ്രചാരം നേടി. 1994 ‘ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് ആന്റ് ദി റിമേക്കിങ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍’ അദ്ദേഹം രചിച്ചു.
ഹണ്ടിങ്ടന്റെ വാദങ്ങള്‍ ഇപ്രകാരമാണ്: ശീതയുദ്ധം അവസാനിച്ചതോടെ, ലോക രാഷ്ട്രീയത്തിലെ പ്രധാന സംഘര്‍ഷങ്ങള്‍ ദേശരാഷ്ട്രങ്ങള്ക്കോ ആശയസംഹിതകള്ക്കോ (ഉദാ: കമ്മ്യൂണിസം/ മുതലാളിത്തം) ഇടയിലല്ല, മറിച്ച് വ്യത്യസ്ത ‘നാഗരികതകള്‍’ തമ്മിലായിരിക്കും. ദേശരാഷ്ട്രങ്ങള്‍ക്ക് പകരം, നാഗരികതകള്‍ ആഗോള രാഷ്ട്രീയത്തിന്റെ പ്രധാന യൂണിറ്റുകളായി മാറും. നാഗരികതകള്ക്കുള്ളിലെ രാജ്യങ്ങള്‍ ഒന്നിക്കാനോ, നാഗരികതകള്‍ക്കിടയില്‍ സഖ്യങ്ങളോ മത്സരങ്ങളോ രൂപപ്പെടാനോ സാധ്യതയുണ്ട്.
ഉദാഹരണത്തിന്, ഇസ്ലാമിക രാജ്യങ്ങള്‍ ഒരു പൊതു നാഗരികതാ ഐഡന്റിറ്റിയില്‍ ഒന്നിക്കാം, അല്ലെങ്കില്‍ ചൈനയും റഷ്യയും പാശ്ചാത്യ ശക്തിക്കെതിരേ സഖ്യം ചേര്‍ന്നേക്കാം. ഗ്ലോബലൈസേഷന്, കുടിയേറ്റം, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ നാഗരികതകള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നു, പക്ഷേ ഇത് സഹകരണത്തിന് പകരം പലപ്പോഴും പരസ്പര ശത്രുത വളര്‍ത്തുന്നു.
പ്രത്യേകിച്ച്, ഇസ്ലാമിക ലോകത്തെ യുവജനസംഖ്യാ വര്‍ദ്ധനവും, പാശ്ചാത്യ മൂല്യങ്ങളോടുള്ള എതിര്‍പ്പും, സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സിസ് ഫുക്കുയാമ, മറ്റൊരു അമേരിക്കന്‍ രാഷ്ട്രമീമാംസകനാണ്, 1992ല്‍ ‘ദി എന്റ് ഓഫ് ഹിസ്റ്ററി ആന്റ് ദി ലാസ്റ്റ് മാന്‍’ എന്ന പുസ്തകം ഹണ്ടിങ്ടന്റെ പുസ്തകത്തോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഫുക്കുയാമയുടെ വാദവും ഹണ്ടിങ്ടന്റെ സിദ്ധാന്തവും തമ്മില്‍ പ്രധാന വ്യത്യാസങ്ങളുണ്ട്. ഫുക്കുയാമ, ഹെഗലിന്റെ ചരിത്രദര്‍ശനത്തെ അടിസ്ഥാനമാക്കി, മനുഷ്യസമൂഹത്തിന്റെ ആശയപരമായ പരിണാമം ലിബറല്‍ ജനാധിപത്യത്തില്‍ അവസാനിക്കുന്നുവെന്ന് വാദിക്കുന്നു. ഇത് ‘ചരിത്രത്തിന്റെ അവസാന’മാണ്, അതായത്, മറ്റൊരു മികച്ച ഭരണസാമ്പത്തിക മാതൃക ഉയര്‍ന്നുവരാന്‍ സാധ്യതയില്ല. ലിബറല്‍ ജനാധിപത്യം മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള ആഗ്രഹത്തെ ഏറ്റവും നന്നായി തൃപ്തിപ്പെടുത്തുന്നു. ശീതയുദ്ധത്തിന്റെ അവസാനവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും, ലിബറല്‍ ജനാധിപത്യവും മുതലാളിത്തവും ആഗോളതലത്തില്‍ ആധിപത്യം സ്ഥാപിച്ചതിന്റെ അടയാളമാണ്. പാശ്ചാത്യ ലിബറല്‍ മൂല്യങ്ങള്‍ (വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, വിപണി സമ്പദ്വ്യവസ്ഥ) സാര്‍വത്രികമാണ്, ഒടുവില്‍ ലോകമെമ്പാടും അവ സ്വീകരിക്കപ്പെടും.ആശയസംഹിതകള്‍ (ഉദാ: കമ്മ്യൂണിസം, ഫാസിസം) തമ്മിലുള്ള മത്സരം അവസാനിച്ചതോടെ, ആഗോള ‘സമന്വയം’ ലിബറല്‍ ജനാധിപത്യത്തിലേക്ക് നയിക്കും. ഇത്തരം കാഴ്ചപ്പാടുകള്‍ അമേരിക്കന്‍ ആധിപത്യത്തെ ചെറുക്കുന്ന അപരവിഭാഗമായി മുസ്ലിംകളെ പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയ പദ്ധതികള്‍ക്ക് ശക്തിയേകി.
9/ 11നു ശേഷം
9/ 11ന് (11 സപ്തംബര്‍ 2001) ശേഷം മാത്രമാണ് ഇസ്ലാമോഫോബിയക്ക് അമേരിക്കയില്‍ വ്യാപക പ്രചാരം ലഭിച്ചത്. ഇതിന്റെ ഒരു കാരണം, യുഎസിലെ കുടിയേറ്റ വിരുദ്ധ വംശീയ പ്രചാരണം യൂറോപ്പിലേതുപോലെ മുസ്ലിം കുടിയേറ്റക്കാരുമായി വ്യക്തമായി യോജിക്കുന്നില്ല എന്നതാണ്. 90കളില്‍ യുഎസില്‍ പ്രധാനമായും ലാറ്റിനോ/ ലാറ്റിന കുടിയേറ്റക്കാരാണ് വംശീയമായ കുറ്റാരോപണത്തിനു വിധേയമായത്. കറുത്തവര്‍ക്കെതിരായ വംശീയത അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയുടെ വംശീയ വ്യാകരണമായി പല രീതിയില്‍ പുതിയ മേഖലകള്‍ നേടി വികസിക്കുന്നതിന്റെ ഭാഗവുമായിരുന്നു അത്.
2001 സപ്തംബര്‍ 11ന് നടന്ന അല്‍ ഖ്വയ്ദയുടെ പേരിലുള്ള ആക്രമണങ്ങള്‍ (ന്യൂയോര്‍ക്ക്, പെന്റഗണ്‍, പെന്‍സില്‍വാനിയ), 2,977 പേരുടെ മരണത്തിന് കാരണമായി, ഇത് ‘ഇസ്ലാമിക ഭീകരത’ എന്ന ലേബലിന്റെ വ്യാപക ഉപയോഗത്തിന് തുടക്കം കുറിച്ചു. 9/ 11 ആക്രമണങ്ങള്‍ അമേരിക്കയുടെ മുസ്ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി. ഇത് ‘ആഗോള ഭീകരവാദത്തിനെതിരായ യുദ്ധം’ പ്രഖ്യാപിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു, അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിനെതിരേ ‘ഓപറേഷന് എന്‍ഡ്യൂറിങ് ഫ്രീഡം’ ആരംഭിച്ചു. 20 വര്‍ഷം നീണ്ട ഈ യുദ്ധം 2021ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ അവസാനിച്ചു. 2003ല്‍, അമേരിക്ക ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ പുറത്താക്കി, ‘കൂട്ട നശീകരണായുധങ്ങള്‍’ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. 2011ല്‍ അമേരിക്കന്‍ സൈന്യം പിന്മാറി.
ഇസ്ലാമോഫോബിയയുടെ വ്യാപനം
9/ 11ന് ശേഷം, ജോര്‍ജ് ബുഷ് ഭരണകാലത്ത് (2001-2009) മുസ്ലിം അമേരിക്കക്കാര്‍, സിഖുകാര്‍, മറ്റ് ദക്ഷിണേഷ്യന്‍ പശ്ചിമേഷ്യന്‍ വിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷ കുറ്റകൃത്യങ്ങള്‍ (ഹേറ്റ് ക്രൈംസ്) ഗണ്യമായി വര്‍ധിച്ചു. എഫ്ബിഐ ഡാറ്റ പ്രകാരം, 2001ല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 28ല്‍ നിന്ന് 481ലേക്ക് കുതിച്ചുയര്‍ന്നു. മാധ്യമങ്ങള്‍ ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത്, മുസ്ലിംകളെ ‘സംശയ/ ഭീഷണി’ വിഭാഗമായി ചിത്രീകരിക്കാന്‍ കാരണമായി. 2001ലെ പാട്രിയറ്റ് ആക്ട്, മുസ്ലിം അമേരിക്കക്കാര്‍ക്ക്, പ്രത്യേകിച്ച് പൗരാവകാശ നിഷേധിച്ചു. രഹസ്യ പോലിസ് നിരീക്ഷണവും തടങ്കലും വര്‍ധിപ്പിച്ചു. ഇക്കാലയളവില്‍ ന്യൂയോര്‍ക്ക് പോലിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുസ്ലിം നിരീക്ഷണ പദ്ധതി (2000ന്റെ അവസാനം) മുസ്ലിം സമുദായങ്ങളെ, പള്ളികളെ, വിദ്യാര്‍ത്ഥി ഗ്രൂപ്പുകളെ എന്നിവയെ ലക്ഷ്യമിട്ടു നിരീക്ഷണ ശ്രൃംഖല വ്യാപിപ്പിച്ചു. വിമാനത്താവളങ്ങളില്‍ മുസ്ലിം യാത്രക്കാര്‍ക്കെതിരേ ‘റാന്‍ഡം ചെക്സ്’ എന്ന പേര് നല്കി അന്യായമായ പരിശോധനകള്‍ നടന്നു. ‘നോ ഫ്ളൈ ലിസ്റ്റ്’ പോലുള്ള നടപടികള്‍ മുസ്ലിം പേര് ഉള്ളവരെ ബാധിച്ചു. മുസ്ലിം സ്ത്രീകള്‍, പ്രത്യേകിച്ച് ഹിജാബ് ധരിക്കുന്നവര്‍, തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വിവേചനം നേരിട്ടു. മുസ്ലിംകള് ‘അമേരിക്കന്‍ മൂല്യങ്ങള്‍’ക്ക് എതിരാണെന്ന തെറ്റിദ്ധാരണ വര്‍ധിച്ചു.
ഒബാമ ഭരണകൂടം (2009-2017) മുസ്ലിം ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. 2009ലെ കെയ്റോ പ്രസംഗത്തില്‍, ഒബാമ ‘ഇസ്ലാമും അമേരിക്കയും തമ്മില്‍ പരസ്പര ബഹുമാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ്, മുസ്ലിം രാഷ്ട്രങ്ങളുമായുള്ള സാംസ്കാരിക, വിദ്യാഭ്യാസ വിനിമയ പരിപാടികള്‍ ശക്തിപ്പെടുത്തി. എന്നിരുന്നാലും, ഒബാമ ഭരണകൂടം നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ വിവിധ മുസ്ലിം സമുദായങ്ങളെ ലക്ഷ്യമിട്ടതായി വിമര്‍ശിക്കപ്പെട്ടു, ഇത് ഇസ്ലാമോഫോബിയയെ ഘടനാപരമായി ശക്തിപ്പെടുത്തി. തുടര്‍ന്നു വന്ന ട്രംപിനേക്കാളും മധ്യേഷ്യയില്‍ ബോംബാക്രമണങ്ങള്‍ നടത്തിയത് ഒബാമയായിരുന്നു. ഇതേ ഒബാമയാവട്ടെ, യഥാര്‍ത്ഥത്തില്‍ ‘ബറക് ഹുസൈനാണെന്ന’ പ്രചാരണത്തിനിരയുമായി.
2016ലെ തിരഞ്ഞെടുപ്പ് കാലത്ത്, ട്രംപിന്റെ ‘ഇസ്ലാം വിദ്വേഷം’ എന്ന് ആരോപിക്കപ്പെട്ട പ്രസ്താവനകള്‍, മുസ്ലിം വിരുദ്ധ വികാരങ്ങള്‍ ശക്തിപ്പെടുത്തി. ഒബായുടെവരെ ഒരു രഹസ്യ മുസ്ലിം നാമം ബറാക് ഹുസൈന് ഒബാമ എന്ന പ്രചാരണം ട്രംപ് അഴിച്ചുവിട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ പ്രവേശനത്തോടും ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ (മാഗ) പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയോടും കൂടിയാണിതു സംഭവിക്കുന്നത്. 2015ല്‍, ട്രംപ് ‘മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടയണം’ എന്ന് ആവശ്യപ്പെട്ടു, ഇത് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ പ്രധാന ഘടകമായി മാറി. ‘ഇസ്ലാം നമ്മെ വെറുക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഏറെ വിവാദമായി. ട്രംപ് ട്വിറ്റര്‍ (ഇപ്പോള്‍ എക്സ്) ഉപയോഗിച്ച് തന്റെ മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചു, ഉദാഹരണത്തിന്, 2017ല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ‘മുസ്ലിം ബാന്‍’ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ (ഇറാന്, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍) നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
2018ല്‍, റഷീദ ത്ലൈബ്, ഇല്‍ഹാന്‍ ഒമര്‍ എന്നീ രണ്ടു മുസ്ലിം വനിതാ ആക്ടിവിസ്റ്റുകള്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഇത് മുസ്ലിം അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രതിനിധാനം വര്‍ധിപ്പിച്ചെങ്കിലും, അവര്‍ക്കെതിരേ ഇസ്ലാമോഫോബിക് ആക്രമണങ്ങള്‍ വര്‍ധിച്ചു. 2021ല്‍ ജോബൈഡന്റെ ഭരണകാലത്തു സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റില്‍ ‘ഓഫീസ് ടു മോണിറ്റര്‍ ആന്റ് കോം പാറ്റ് ഇസ്ലാമോഫോബിയ സ്ഥാപിക്കാന്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ ഭരണകൂടം തന്നെ ഒരു പരിധി വരെ ഇസ്ലാമോഫോബിയയുടെ വ്യാപനത്തെ തിരിച്ചറിയുന്ന ചില നീക്കങ്ങള്‍ നടത്തിയിരുന്നു.
ന്യൂയോര്‍ക്കിലെ മുസ്ലിം മേയര്‍
2025 ജൂണില്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മീര നായരുടെയും മഹ്മൂദ് മംദാനിയുടെയും മകനായ സോഹ്റാന്‍ മംദാനിയുടെ വിജയത്തിന് ശേഷം, ‘മാഗ’-യുമായി ബന്ധപ്പെട്ട വ്യക്തികളായ ലോറ ലൂമര്‍, ചാള്‍സ് കിര്‍ക്ക്, മാര്‍ജോറി ടെയ്ലര് ഗ്രീന്‍ എന്നിവര്‍ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെച്ചു. ലോറ ലൂമര്‍, മംദാനിയെ ‘പ്രോഹമാസ് മുസ്ലിം സോഷ്യലിസ്റ്റ്’ എന്ന് വിളിച്ച് ‘മറ്റൊരു 9/11ന് തയ്യാറാകൂ’ എന്ന് മുന്നറിയിപ്പ് നല്കി.
ഒരു ഷിയാ മുസ്ലിമായ മംദാനി, തന്റെ മതവിശ്വാസത്തെ പ്രചാരണത്തില്‍ വ്യക്തമായി ഉയര്‍ത്തിക്കാട്ടി. ഉറുദുവിലും സ്പാനിഷിലും പ്രചാരണ വീഡിയോകള്‍ പുറത്തിറക്കി, മുസ്ലിം സമുദായ വിഭാഗങ്ങളെ സന്ദര്‍ശിച്ച്, ന്യൂയോര്‍ക്കിലെ ഏകദേശം 10 ലക്ഷം മുസ്ലിംകളില് വോട്ടിങ് പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍, മുസ്ലിംകളെ രാഷ്ട്രീയമായി ശാക്തീകരിക്കാനുള്ള ശ്രമമായി കണക്കാക്കപ്പെട്ടെങ്കിലും, മാഗയുടെ അനുയായികളില്‍ ഭയവും വിദ്വേഷവും ഉണര്‍ത്തി.
ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നിലപാടും നിയോകോണുകളും
ഡോണാള്‍ഡ് ട്രംപും നിയോകണ്സര്വേറ്റിവുകളും (നിയോകോണുകള്‍) തമ്മിലുള്ള ബന്ധം സങ്കീര്‍ണവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. നിയോകണ്സര്വേറ്റിസം എന്നത് 1960കളില്‍ ഉയര്‍ന്നുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്, ഇത് ശക്തമായ വിദേശനയ ഇടപെടലുകള്‍, ജനാധിപത്യത്തിന്റെ പ്രോത്സാഹനം, സൈനിക ശക്തിയിലൂടെ ‘സമാധാനം’ എന്നിവയെ പിന്തുണക്കുന്നു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും നിയോകോണ്‍ ആശയങ്ങളും പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്, എങ്കിലും ചിലപ്പോള്‍ അവ തമ്മില്‍ യോജിച്ചിട്ടുമുണ്ട്. 2025 മെയ് മാസം അറ്റ്ലാന്റിക്കില്‍ പഴയ കണ്‍സര്‍വേറ്റീവ് ചിന്താഗതിയുള്ള ഡേവിഡ് ബ്രൂക്സ് എഴുതിയ ട്രംപ് വിരുദ്ധ ലേഖനത്തിന്റെ തലക്കെട്ട് ഇതാണ്: ‘എവരിതിങ് വിവണ്സ് ബിലീവ്ഡ്’. ഓര്‍വെല്ലിയന്‍ മാതൃകയില്‍ മറ്റൊന്നും അവശേഷിപ്പിക്കാത്ത അധികാര ലക്ഷ്യം മാത്രമാണ് ട്രംപിയന്‍ വീക്ഷണമെന്നും കുറ്റപ്പെടുത്തുന്നു.
ട്രംപിന്റെ ഉയര്‍ച്ച നിയോകോണ്സര്വേറ്റിസത്തിന്റെ (നിയോകോണ്‍) പരമ്പരാഗത രൂപത്തിന്റെ പതനത്തിന് കാരണമായിയെന്നതാണ് വസ്തുത. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ‘അമേരിക്ക ഫസ്റ്റ്’ ആശയങ്ങളിലേക്ക് ചായ്വ് കാണിച്ചു. മാര്‍ക്കോ റൂബിയോ, മൈക്ക് വാള്‍ട്ട്സ് തുടങ്ങിയവര്‍ നിയോകോണ്‍ ആശയങ്ങളില്‍ നിന്ന് ‘അമേരിക്ക ഫസ്റ്റ്’ ഭാഷ്യത്തിലേക്ക് മാറി, ഇത് ട്രംപിന്റെ ദര്‍ശനവുമായി ഒത്തുപോകുന്നു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം വിദേശ സൈനിക ഇടപെടലുകളോട് വിപ്രതിപത്തി പ്രകടിപ്പിക്കുകയും, അമേരിക്കയുടെ സൈനികസാമ്പത്തിക വിഭവങ്ങള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. ഇത് ബുഷ് ഭരണകാലത്തെ നിയോകോണുകളുടെ ആക്രമണാത്മക വിദേശനയവുമായി വൈരുദ്ധ്യം സൃഷ്ടിച്ചുവെന്ന വിലയിരുത്തലുകള്‍ വ്യാപകമാണ്.2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ട്രംപ് ഇറാഖ് യുദ്ധത്തെ ‘വലിയൊരു തെറ്റ്’ എന്ന് വിമര്‍ശിച്ചു, ഇത് നിയോകോണുകളുടെ പ്രധാന പദ്ധതിയായിരുന്നു. എന്നാല്‍, ട്രംപിന്റെ ഭരണകാലത്ത് ഇറാനിലെ ഖാസിം സുലൈമാനിയെ വധിച്ചത്, വെനസ്വേലയിലും ഇറാനിലും കടുത്ത നിലപാടുകള്‍ സ്വീകരിച്ചത് തുടങ്ങിയവ നിയോകോണ്‍ ശൈലിയോട് സാമ്യം പുലര്‍ത്തിയെന്നും കാണം. ഇതാണ് ട്രംപിന്റെ ആശയലോകത്തെ പ്രവചനാതീതമാക്കുന്നത്.
2016ല്‍, നിയോകോണ്‍ നേതാക്കളായ മാക്സ് ബൂട്ട്, റോബര്‍ട്ട് കഗന് തുടങ്ങിയവര്‍ ട്രംപിനെതിരേ തുറന്ന കത്ത് പ്രസിദ്ധീകരിച്ച്, അദ്ദേഹത്തിന്റെ വിദേശനയം അമേരിക്കയെ ‘വളരെ കുറഞ്ഞു മാത്രം സുരക്ഷിതമാക്കും’ എന്ന് വാദിച്ചു. പഴയ ബുഷ് ഭരണകാലത്തെ നിയോകോണുകളായ ലിസ് ചെനി, ഡിക്ക് ചെനി, ജോണ്‍ ബോള്‍ട്ടണ്‍ തുടങ്ങിയവര്‍ ട്രംപിന്റെ നയങ്ങളെ, പ്രത്യേകിച്ച് യുക്രെയ്ന്, സിറിയ, നാറ്റോ എന്നിവയിലെ നിലപാടുകളെ എതിര്‍ത്തു.
ട്രംപിന്റെ മാറ്റങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പ്രകടമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ജോണ്‍ ബോള്‍ട്ടണ്‍ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്), മൈക്ക് പോമ്പിയോ (സ്റ്റേറ്റ് സെക്രട്ടറി), നിക്കി ഹേലി (യു എന്‍ അംബാസഡര്‍) തുടങ്ങിയ നിയോകോണ്‍ ചായ്വുള്ളവര്‍ പ്രധാന പദവികളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് (2025ല്‍), പോമ്പിയോ, ഹേലി തുടങ്ങിയവരെ ഒഴിവാക്കിയതും ജെ ഡി വാന്‍സ്, തുള്‍സി ഗബ്ബാര്‍ഡ് തുടങ്ങിയ ‘ആന്റിഇന്റര്വെന്ഷനിസ്റ്റുകളെ’ പ്രോത്സാഹിപ്പിച്ചതും നിയോകോണുകളുടെ സ്വാധീനം കുറഞ്ഞതായി സൂചിപ്പിക്കുന്നു.
ചില വിമര്‍ശകര്‍ വാദിക്കുന്നത്, നിയോകോണുകളുടെ ആക്രമണാത്മക വിദേശനയവും ബുദ്ധിജീവി വിരുദ്ധതയും ട്രംപിന്റെ ജനകീയവിരുദ്ധ സ്ഥാപന നിലപാടുകള്‍ക്ക് വഴിയൊരുക്കി എന്നാണ്. എന്നാല്‍, ട്രംപിന്റെ ചില നടപടികള്‍ (ഇറാനിലെ ആക്രമണം, ഇസ്രയേലിനുള്ള പിന്തുണ) നിയോകോണ്‍ ശൈലിയോട് സാമ്യം പുലര്‍ത്തുമെങ്കിലും, അദ്ദേഹം പരമ്പരാഗത നിയോകോണ്‍ ആശയങ്ങളെ പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ ട്രംപിനെ ‘നിയോകോണ്‍’ ആയി മുദ്രകുത്തുന്നു, പ്രത്യേകിച്ച് യുക്രെയ്ന്, ഇറാന് നയങ്ങളില്‍. പക്ഷേ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത്, നിയോകോണുകളുടെ സ്വാധീനം ഗണ്യമായി കുറഞ്ഞതായി കാണപ്പെടുന്നു. എലിസ് സ്റ്റെഫാനിക്ക് (യു എന്‍ അംബാസഡര്‍), മാര്‍ക്കോ റൂബിയോ (സ്റ്റേറ്റ് സെക്രട്ടറി) തുടങ്ങിയവര്‍ നിയോകോണ്‍ ചായ്വുള്ളവരാണെങ്കിലും, ഇവരെയും മറികടന്നുള്ള ട്രംപിന്റെ ‘ഡീല്മേക്കിങ്’ സമീപനം പ്രബലമാണ്. യുക്രെയ്ന്, സിറിയ, ഇറാന് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ നിയോകോണ്‍ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചേക്കാം, എന്നാല്‍ ഇസ്രയേലിനെ പിന്തുണക്കുന്നതില് ഒരു പഴയ നിയോകോണ്‍ മാതൃകയുടെ തുടര്‍ച്ചയുണ്ട്. ഈ സാഹചര്യത്തില്‍ പഴയ നിയോകോണുകളുടെ പരമ്പരാഗത സ്വാധീനം ഡെമോക്രാറ്റുകളിലേക്ക് മാറിയേക്കാം, ഉദാഹരണത്തിന്, ഡിക്ക് ചെനിയും ലിസ് ചെനിയും കമലാ ഹാരിസിനെ പിന്തുണച്ചു. ഇതൊക്കെ ‘ട്രംപിസം’ എന്ന പുതിയ ഒരു രാഷ്ട്രീയ ധാരയ്ക്ക് വഴിയൊരുക്കിയെന്നും നിരീക്ഷണമുണ്ട്.
നവദേശീയത, ആന്റി ഗ്ലോബലിസം
ട്രംപിന്റെ രണ്ടാം വരവില്‍ അമേരിക്കന്‍ ഇസ്ലാമോഫോബിയ പുതിയ രൂപമാര്‍ജിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ ദര്‍ശനത്തിന്റെ കാതലായ മാഗ പ്രസ്ഥാനം, ദേശീയത, കര്‍ശനമായ കുടിയേറ്റനയങ്ങള്, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. സൈനിക അധിനിവേശം മുതല്‍ ഇസ്രയേലിനുള്ള സഹായം വരെ അവരില്‍ ചിലരുടെ എതിര്‍പ്പു നേരിടുന്നു. തികച്ചും ‘ആന്റി ഗ്ലോബലായ’ ഒരു നവദേശീയ പ്രസ്ഥാനമാണത്. സൈനിക അധിനിവേശത്തേക്കാള്‍ കുടിയേറ്റ വിരുദ്ധതയാണ് പുതിയ കാല ട്രംപിസത്തിന്റെ ജനകീയ അടിത്തറയ്ക്കു കാരണം.
ട്രംപും മാഗ അനുയായികളും തങ്ങളുടെ നയങ്ങള്‍ ദേശീയ സുരക്ഷ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍, തീവ്രവാദത്തിനെതിരായ പോരാട്ടം എന്നിവയെ അടിസ്ഥാനമാക്കിയാണെന്ന് വാദിക്കുന്നു. ഇസ്ലാമിനെ മൊത്തമായി എതിര്‍ക്കുന്നില്ല, മറിച്ച് ‘തീവ്ര ഇസ്ലാമിക ഭീകരത’യെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നാണ് അവരുടെ നിലപാട്. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കി അമേരിക്കന്‍ ആഭ്യന്തര വളര്‍ച്ച വിപുലപ്പെടുത്താനും മാഗ അണികള്‍ ട്രംപിനോടു പറയുന്നു. എന്നിരുന്നാലും ട്രംപിന്റെ രണ്ടാം ഭരണകാലത്ത്, ‘മുസ്ലിം ബാന്‍’ പോലുള്ള നയങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, മാഗ അനുയായികള്‍ ഇത് ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് വാദിക്കുന്നു. പുതിയൊരു തീവ്രദേശീയ പ്രസ്ഥാനം അമേരിക്കന്‍ ആഭ്യന്തര രംഗത്തു വികസിക്കുന്ന ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്.
ടെക്നോ സാമന്തഭരണാധികാരികളും വെളുത്ത ലെനിനിസ്റ്റുകളും
മാഗ പ്രസ്ഥാനവും ട്രംപും തമ്മിലുള്ള സംഘര്‍ഷവും ഒരു വശത്തുണ്ട്. ട്രംപ് ഒരു വശത്ത്, കോര്‍പറേറ്റ് കുത്തകകള്‍ക്ക് ഏറ്റവും കുറഞ്ഞ രാഷ്ട്ര നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്കുന്ന ഒരു ലിബറലിസത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഭരണകൂടത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി രാഷ്ട്ര താല്പര്യം ബലികഴിക്കുന്ന ലിബറല്‍ തീവ്രവാദമായി ഇതു മാറുന്നു. ട്രംപിന്റെ ഭരണകൂടത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ അനേകം സഹസ്ര കോടിപതികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. വെളുത്ത തൊഴിലാളി ജനതയുടെ രക്ഷകനായി അവതരിച്ച ഒരാളാണ് ട്രംപെന്നോര്ക്കണം. പ്രായോഗികമായി, ട്രംപിന്റെ ലിബറലിസം എലോണ്‍ മസ്ക് അടക്കമുള്ള ‘ഡിജിറ്റല്‍/ ടെക്നോ സാമന്തഭരണാധികാരികള്‍ക്ക്’ (ഗ്രീക്ക് സാമ്പത്തിക/ രാഷ്ട്രീയ ചിന്തകനായ യാനിസ് വരൗഫാകിസിന്റെ ഭാഷയില്‍) കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന രീതിയിലായിരുന്നു.
ട്രംപില്‍ ക്ലാസിക്കല്‍ ഫാസിസത്തിന്റെ മാതൃക തേടുന്നവര്‍ നിരാശരാവുന്നതിന്റെ കാരണമിതാണ്. പഴയ ഫാസിസം, ഭരിക്കുന്ന പാര്‍ട്ടിക്ക് ഏകാധിപത്യാധികാരം നല്‍കുകയും, ഇന്നത്തെ ടെക്നോ സാമന്തഭരണാധികാരികള്‍ക്ക് കൈവശമുള്ളതുപോലുള്ള സ്വതന്ത്രമായ കോര്‍പറേറ്റ് കുത്തക ശക്തികള്‍ക്ക് ഇടമൊരുക്കാതെ, രാഷ്ട്രീയ മേല്‍ക്കോയ്മ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ വാഴ്ച തികച്ചും വ്യത്യസ്തമായ പുതിയൊരു ഫാസിസ്റ്റ് മാതൃകയിലേക്കാണ് പരിവര്‍ത്തനം ചെയ്യുന്നത്.
എന്നാല്‍ മറുവശത്ത്, ട്രംപിനെ പിന്തുണയ്ക്കുന്ന ഡിജിറ്റല്കോര്പറേറ്റ് എലിറ്റുകളുടേയും സാധാരണ വെളുത്ത തൊഴിലാളികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന മാഗാ വാദികളുടേയും ഇടയില്‍ സംഘര്‍ഷം ഉയര്‍ന്നുവരികയാണ്. ഈ ആശയത്തിന്റെ ഏറ്റവും പ്രബലവക്താവ് സ്റ്റീവ് ബാനണ്‍ ആയിരുന്നു. ദീര്‍ഘകാലമായി അടിത്തട്ടില്‍ അമേരിക്കന്‍ ദേശീയവാദത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബാനണ്‍ പുതിയ രീതിയിലുള്ള തൊഴിലാളി താല്‍പ്പര്യം തന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
പഴയ ട്രംപിയന്‍ ‘ഇടതുപക്ഷവാദി’, തന്നെ തുറന്നുപറയുന്നത്: ’21ാം നൂറ്റാണ്ടിലെ ഒരു ലെനിനിസ്റ്റാണ് ഞാന്‍’ എന്നാണ്. ഒരിക്കല്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു: ‘ഞാന്‍ ഒരു ലെനിനിസ്റ്റാണ്. ലെനിന് രാഷ്ട്രത്തെ നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു, അതു തന്നെയാണ് എന്റെ ലക്ഷ്യവും. ഞാന്‍ എല്ലാം തകര്‍ക്കാനും ഇന്നത്തെ വ്യവസ്ഥയെ നശിപ്പിക്കാനും ആഗ്രഹിക്കുന്നു.’ ഇവര്‍ക്ക് ഡിജിറ്റല്‍ സാമാന്തഭരണകൂടത്തില് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് അഭിമുഖീകരിക്കുന്ന ആഭ്യന്തര വൈരുധ്യങ്ങളില്‍ പ്രധാനം. ഒരു ഘട്ടത്തില്‍ ഇലോണ്‍ മസ്കും ട്രംപും തമ്മില്‍ പിണങ്ങുന്നതിന്റെ ഒരു കാരണവും ഇതാണ്.
വിദേശനയം
ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയ തീരുമാനങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ‘അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കുക’ എന്ന നയത്തിന് പ്രാധാന്യം നല്കി, പരമ്പരാഗത സഖ്യങ്ങളെ പുനഃപരിശോധിക്കുകയും പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുകയും ചെയ്തു.
ട്രംപ് ഭരണകാലത്ത്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന നാറ്റോയിലെ പങ്കാളിത്തത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുകയും സഖ്യരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. വാണിജ്യരംഗത്ത്, ചൈനയുമായി വ്യാപകമായ വ്യാപാരയുദ്ധം ആരംഭിച്ച്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതികള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ടേമില്‍ തന്നെ ഇറാന് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗസയെ പിടിച്ചെടുത്തു സ്വന്തമാക്കി ഒരു റിയല്‍ എസ്റ്റേറ്റ് ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനം മദ്ധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കൂടുതല്‍ വഷളാക്കി. കാനഡയെ 51ാം രാഷ്ട്രമാക്കി മാറ്റുമെന്നും ഗ്രീന്‍ലാന്‍ഡും പനാമയും പിടിച്ചെടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്തിനധികം റഷ്യയുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് യുക്രെയ്ന് വിഷയത്തില്‍ ട്രംപ് ചെയ്തത്.
ചുരുക്കിപ്പറഞ്ഞാല്‍, ലോകമാകെ വംശീയ നയങ്ങള്‍ വ്യാപിക്കുന്ന രീതിയില്‍ ദക്ഷിണാഫ്രിക്കയിലെ വെളുത്ത ന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് ആഫ്രിക്കാനര്‍ കര്‍ഷകര്‍ക്ക്, രാഷ്ട്രീയ അഭയം നല്‍കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഓഫര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഈ തീരുമാനം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് വന്നിരിക്കുന്നത്, ഇത് യുഎസ് കുടിയേറ്റ നയത്തിലെ വലിയ വൈരുധ്യം വെളിപ്പെടുത്തുന്നു.
അന്തിമ വിശകലനത്തില്‍ ട്രംപില്‍ ഒരു മാറ്റം ദൃശ്യമാണ്: സ്വന്തം നാട്ടില്‍ ജനാധിപത്യവും പുറത്തു സാമ്രാജ്യത്യവും എന്ന പരമ്പരാഗത അമേരിക്കന്‍ വിദേശനയത്തില്‍ നിന്നു മാറി ലോകമാകെ പുത്തന്‍ ദേശീയതയുടെ തിരിച്ചു വരവാണ് ട്രംപിലൂടെ സാധ്യമാക്കുന്നത്. ഇതാവട്ടെ അമേരിക്കയിലെ ആഭ്യന്തര അപരരായ മുസ്ലിംകളെ ‘ആഗോള മതഭീകരര്‍’ എന്ന പദവിയില്‍ നിന്നു മാറി ‘ദേശീയതയുടെ ശത്രുക്കള്‍’ എന്ന പദവിയിലേക്കു മാറ്റാനും സാധ്യതയുണ്ട്. അമേരിക്കന്‍ ഇസ്ലാമോഫോബിയയുടെ മാറ്റം ആഗോള ഇസ്ലാമോഫോബിയയുടെ യുക്തിയിലും ചില
വ്യതിയാനങ്ങള്‍ വരുത്തുമെന്നാണ് കരുതേണ്ടത്.



No Comments yet!