Skip to main content

അസമില്‍ നടക്കുന്നത് വംശീയ കുടിയൊഴിപ്പിക്കല്‍

”ഞങ്ങളുടെ വീടു പൊളിച്ചു നീക്കി. സ്‌കൂള്‍ പൊളിച്ചു. കുട്ടികള്‍ കരഞ്ഞു. രാത്രിയില്‍ വയലില്‍ ഉറങ്ങേണ്ടി വന്നു. ഇനി ഞങ്ങള്‍ക്ക് പോകാന്‍ എവിടെയുമില്ലല്ലോ…’ അസമിലെ ഹസീല ബീലില്‍ നിന്ന് വീട് ബുള്‍ഡോസ് ചെയ്യപ്പെട്ട് പുറത്താക്കപ്പെട്ട അന്‍സാരിയുടെ വിലാപമാണിത്. ഇത് അന്‍സാരിയുടെ കുടുംബത്തിന്റെ മാത്രം കഥയല്ല. അസമിലെ ആയിരക്കണക്കിന് മുസ്‌ലീം കുടുംബങ്ങളുടെ യാഥാര്‍ത്ഥ്യമാണ്. രേഖകളില്ലെന്ന പേരില്‍ പൗരത്വമില്ല, വീടുകളില്ലാത്തതിനാല്‍ ഭാവിയും ഇല്ല, ഭരണകൂടത്തിന്റെ വ്യാഖ്യാനത്തില്‍ ‘അനധികൃത കുടിയേറ്റക്കാര്‍’ എന്ന് ചിത്രീകരിക്കപ്പെടുന്ന ജനത. അസമില്‍ ഇന്ന് നടക്കുന്നത് സാധാരണ കുടിയൊഴിപ്പിക്കലോ ഭരണനടപടിയോ അല്ല; മറിച്ച് ഒരു സമൂഹത്തെ ലക്ഷ്യമിട്ട് ആസൂത്രിതവും വ്യവസ്ഥാപിതവുമായ വംശഹത്യയുടെ രാഷ്ട്രീയമാണ്.

2019ല്‍ പ്രഖ്യാപിച്ച എന്‍ആര്‍സി (National Register of Citizens) ആയിരുന്നു മുസ്‌ലിം സമൂഹത്തിനെതിരേ സംസ്ഥാനത്തെ നടപടികളുടെ തുടക്കം. 3.3 കോടി പേരുടെ അപേക്ഷകളില്‍ നിന്നും 19 ലക്ഷത്തോളം പേരെ ഒഴിവാക്കി. ”എന്റെ അച്ഛന്റെ പേര് 1951ലെ വോട്ടര്‍ പട്ടികയിലുണ്ട്. പക്ഷേ, എന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ചെറിയൊരു തിയ്യതി പിഴവുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളെല്ലാം പുറത്തായി.” ബാര്‍പേട്ട ജില്ലയില്‍ നിന്നുള്ള സഫിയാ ബീഗം പറഞ്ഞതാണിത്. ഇന്ത്യാ രാജ്യത്തിലെ രേഖകളുടെ സിസ്റ്റം എത്ര കൃത്യതയുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. 1990കളിലാണ് ജനനരജിസ്റ്റര്‍ കേരളത്തില്‍ പോലും കൃത്യപ്പെടുത്തിയത്. നിരക്ഷരരും ഭൂമിയില്ലാത്തവരും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരും റിക്ഷാവാലകളും ഒക്കെയായ സാധാരണക്കാരന് എന്ത് ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും? അങ്ങനെയുള്ള ജനതയുടെ മുമ്പിലാണ് 1971 മാര്‍ച്ച് 24നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്കേ എന്‍ആര്‍സിയില്‍ ഇടംപിടിക്കാനാവൂ എന്ന വ്യവസ്ഥ വയ്ക്കുന്നത്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് ഇതൊന്നും രേഖയായി അംഗീകരിക്കുകയുമില്ല.

അസമിലെ എല്ലാ മുസ്‌ലിംകളേയും പ്രത്യേകിച്ച് ബംഗാളി സംസാരിക്കുന്നവരെ ”ബംഗ്ലാദേശില്‍ നിന്ന് കടന്നുവന്നവര്‍” എന്ന മുദ്രയടിക്കുകയാണ് സര്‍ക്കാരും മുഖ്യധാരയിലുള്ളവരും. ഭാഷാപരമായി ബംഗാളി സംസാരിക്കുന്നതും മതപരമായി മുസ്‌ലിം ആകുന്നതും കൊടുംകുറ്റമായാണ് ഇന്ന് അസമില്‍ കണക്കാക്കുന്നത്. ”ഞാന്‍ ഇവിടെ ജനിച്ചു, ഇവിടെ തന്നെ പഠിച്ചു. എന്റെ കുട്ടികളും ഇതേ മണ്ണിലാണ് ജനിച്ചത്. എന്നാല്‍ ഇന്നും നാട്ടുകാര്‍ നമ്മെ ‘വിദേശി’ എന്നു വിളിക്കുന്നു.” – എന്‍ആര്‍സി വഴി പുറത്തായ ഗോല്‍പ്പാറ ജില്ലയിലെ അബ്ദുള്‍ കരീം പറയുന്നതാണിത്.
1979-85 കാലത്തെ അസം വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ ഇന്നുവരെ, വംശീയത മുഖമുദ്രയാക്കിയ രാഷ്ട്രീയ നേതാക്കളുടെ പ്രധാന മുദ്രാവാക്യം ഇതുതന്നെയാണ്. എന്‍ആര്‍സിയില്‍ രേഖകള്‍ നല്‍കിയ മുസ്‌ലിംകള്‍ക്കും അസമില്‍ ജീവിക്കാനാവില്ല എന്ന് തെളിയിച്ച സംഭവമാണ് ഗോല്‍പ്പാറയിലെ കുടിയൊഴിപ്പിക്കല്‍. 2025 ജനുവരിയില്‍ ഗോല്‍പ്പാറ ജില്ലയിലെ ഹസീല ബീല്‍ ഗ്രാമം ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായി. 667 കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. 600 ബിഘ ഭൂമി (200 ഏക്കര്‍) ജനങ്ങള്‍ താമസിച്ച സ്ഥലം ”വനംഭൂമി” എന്ന് പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ പിഎംആര്‍വൈ സ്‌കീമിലടക്കം വീടുകള്‍ ലഭിച്ചവരും പതിറ്റാണ്ടുകളായി ജനങ്ങള്‍ താമസിച്ചു വരുന്നതുമായ ഭൂമിയെ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി റിസര്‍വ്വ് ഫോറസ്റ്റായി പ്രഖ്യാപിച്ചാണ് ഈ ഗ്രാമമാകെ ഒരു മുന്നറിയിപ്പുമില്ലാതെയും നോട്ടീസ് നല്‍കാതെയും പുനരധിവാസമൊരുക്കാതെയും ബുള്‍ഡോസു ചെയ്യുന്നത്. ഹസീല ബീലില്‍ ഒതുങ്ങി നിന്നില്ല ഈ കുടിയൊഴിപ്പിക്കല്‍. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന ഗോല്‍പ്പാറയിലെ പൈകാന്‍ മേഖലയിലായിരുന്നു അടുത്ത നീക്കം. അത് നടന്നത് ജൂലായ് മാസത്തിലാണ്. ബുള്‍ഡോസിനെ ചോദ്യം ചെയ്ത ഗ്രാമവാസികള്‍ക്ക് നേരെ പോലിസ് വെടിവച്ചു. ശൈഖുര്‍ ഹുസൈന്‍ എന്ന 24 കാരന്‍ കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. 21 പേരെ അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി ജയിലിലടച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ വീടുകള്‍ പൊളിക്കുകയും കുടുംബങ്ങളെ രാത്രിയില്‍ വയലിലേക്ക് ഇറക്കിവിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും തുറസ്സായ വയലുകളില്‍ ഉറങ്ങേണ്ടി വന്നു. പുനരധിവാസ സൗകര്യങ്ങള്‍ പോലും ഒരുക്കാത്തതിനാല്‍ ആയിരങ്ങള്‍ തെരുവിലായി. നിരവധി പള്ളികള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, മദ്രസകള്‍ എല്ലാം നിരനിരയായി തകര്‍ക്കപ്പെട്ടു. പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലായത്. ഇവിടെയും ജനവാസ മേഖലയെ റിസര്‍വ്വ് ഫോറസ്റ്റായി പ്രഖ്യാപിച്ച ശേഷം കുടിയൊഴിപ്പിച്ചതാണ്. അങ്ങനെയുള്ളിടങ്ങളില്‍ നടത്തേണ്ട പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കിയില്ല എന്നു മാത്രമല്ല അതിനേക്കാള്‍ ഭീകരമായ മറ്റൊരു കാര്യം കൂടി ഇവിടെ നടന്നു. ഉദ്യോഗസ്ഥസംഘം എത്തി ഓരോ വീട്ടില്‍ നിന്നും പരിശോധിക്കാനെന്നപേരില്‍ ആദ്യം സകല ഡോക്യുമെന്റുകളും വാങ്ങി. വീണ്ടും പരിശോധിക്കാന്‍ ഇതേ ഉദ്യോഗസ്ഥ സംഘം തന്നെ രേഖകള്‍ ആവശ്യപ്പെട്ടു. ഒറിജിനല്‍ നേരത്തേ ഇവര്‍ കൊണ്ടു പോയതിനാല്‍ പകര്‍പ്പുകള്‍ നല്‍കിയവരോട് ഇതെല്ലാം വ്യാജമാണ് എന്ന ഉത്തരമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. രേഖകളില്ലാത്തവര്‍ക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കില്ല എന്നാണ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്.

അസമില്‍ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വാസ് ശര്‍മ അധികാരമേറ്റതോടെ വംശീയതയുടെയും വിദ്വേഷത്തിന്റെയും സമീപനങ്ങള്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് മുസ്‌ലിംകള്‍ നേരിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്വേഷപ്രാസംഗികന്‍ ആരാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഹിമന്ത ബിശ്വാസ് ശര്‍മ എന്ന് പറയാനാവും. അയാള്‍ സാധാരണ സംഭാഷണങ്ങളില്‍ പോലും മുസ് ലിംകളെ    Illegal settlers  എന്ന് വിളിക്കാറാണ് പതിവ്. ഗോല്‍പ്പാറയിലെ കുടിയൊഴിപ്പിക്കലിന് രാഷ്ട്രീയ അടിത്തറ ഒരുക്കുന്നത് ഈ വംശീയ ബോധം തന്നെയാണ്.

മുസ്‌ലിംകള്‍ മാത്രമല്ല അസമിലെ സര്‍ക്കാരിന്റെ വംശീയതയ്ക്ക് ഇരയാകുന്നത്. 2024ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തനവിരുദ്ധ നിയമമുണ്ട്. അതിന്റെ പേര് തന്നെ വിചിത്രമാണ്. Assam Healing (Prevention of Evil) Practices Act എന്നാണ് അതിന്റെ പേര്. അക്ഷരാര്‍ത്ഥത്തില്‍ ക്രൈസ്തവ വേട്ടയ്ക്കായി രൂപപ്പെടുത്തിയ നിയമമാണിത്. മുസ്‌ലിംകളെയും ഇതുവച്ച് വേട്ടയാടാനാകും. ”ഞങ്ങള്‍ രോഗികളെ സുഖപ്പെടുത്താന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും പോലിസ് വരികയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഗുവാഹത്തിയിലെ ഒരു പാസ്റ്റര്‍ പറയുന്നതാണിത്. മതചിഹ്നങ്ങളോടെ ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കോ കന്യാസ്ത്രീകള്‍ക്കോ അസമിലൂടെ യാത്ര ചെയ്യുക സാധ്യമല്ല. ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യത്തിന് കടലാസ് വിലപോലുമില്ല. അസമിലെ മുസ്‌ലിം സമൂഹത്തിന്റെ ദുരവസ്ഥ ഇന്ന് രേഖകളിലും കണക്കുകളിലും മാത്രം ഒതുങ്ങുന്നതല്ല; അത് കരഞ്ഞ് നില്‍ക്കുന്ന കുട്ടികളുടെ മുഖത്തും, പൊളിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളിലും, വെടിയേറ്റു വീഴുന്ന യുവാവിന്റെ കണ്ണുകളിലും പ്രതിഫലിക്കുന്നു. ഇവിടെ നടക്കുന്നത് ഭരണനടപടിയോ വനഭൂമി സംരക്ഷണമോ അല്ല; മറിച്ച് ഒരു സമൂഹത്തെ പുറത്താക്കാനുള്ള രാഷ്ട്രീയ-സാമൂഹിക നീക്കമാണ്. അസമിലെ സംഭവങ്ങള്‍ ഇന്ത്യയുടെ ഭരണഘടനാപരമായ മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറ ചോദ്യം ചെയ്യുന്നുവെന്നത് നമ്മള്‍ മറക്കരുത്.

No Comments yet!

Your Email address will not be published.