53% of Prisoners in India are Muslims
ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. മേഘാലയ, മിസോറാം, നാഗാലാന്‍ഡ് തുടങ്ങി ‘ഹിന്ദുക്കള്‍’ ന്യൂനപക്ഷമായ ചില സംസ്ഥാനങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം ആകെ ജനസംഖ്യയിലെ അവരുടെ ശതമാനത്തേക്കാള്‍ കൂടുതലാണ് (ഇര്‍ഫാന്‍ അഹ്മദ്, എംഡി സക്കരിയ സിദ്ദീഖി. ‘ഡെമോക്രസി ഇന്‍ ജയില്‍: ഓവര്‍ റെപ്രസെന്റേഷന്‍ ഓഫ് മൈനോരിറ്റീസ് ഇന്‍ ഇന്ത്യന്‍ പ്രിസണ്‍സ്.’ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി, 2017).
ഇന്ത്യയിലെ മുസ്‌ലിംകളുടെ ജനസംഖ്യ ഏകദേശം 204 ദശലക്ഷമാണ്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനംവരും. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2021 ഡിസംബര്‍ 27ന് പുറത്തുവിട്ട മറ്റൊരു കണക്കുപ്രകാരം ഇന്ത്യയിലെ ജയിലുകളില്‍ 4,88,511 തടവുകാരാണ് ഉള്ളത്. അതില്‍ 19.1 ശതമാനം മുസ്‌ലിംകളാണ്, 93,774 പേര്‍. അതായത് ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയേക്കാള്‍ ആനുപാതികമായി കൂടിയ അളവിലാണ് ജയിലുകളിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം. വിചാരണത്തടവുകാരുടെ എണ്ണമെടുത്താല്‍ 19.5 ശതമാനം മുസ്‌ലിംകളാണ്. ശിക്ഷിക്കപ്പെട്ടവരിലും മുസ്‌ലിംകളുടെ ശതമാനം കൂടുതലാണ്, 17.4 ശതമാനം. സിവില്‍ തടവുകാരില്‍ 57.2 ശതമാനം മുസ്‌ലിംകളാണ്. മുസ്‌ലിംകളെപ്പോലത്തന്നെ സമാനമായ പ്രവണത ദലിത് ആദിവാസി വിഭാഗങ്ങളിലും ദൃശ്യമാണ്. 16.1 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങളുടെ ജയിലുകളിലെ പ്രാതിനിധ്യം 20.7 ശതമാനമാണ്. 8.2 ശതമാനം മാത്രമുള്ള പട്ടികവര്‍ഗക്കാരുടെ ജയില്‍പ്രാതിനിധ്യം 11.2 ശതമാനം വരും.

പൊതുജീവിതത്തില്‍ മുസ്‌ലിംകള്‍ പ്രാതിനിധ്യക്കുറവ് നേരിടുന്ന പ്രധാന മേഖലകളെയെല്ലാം 2006ലെ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് രേഖപ്പെടുത്തി. എന്നാല്‍, മുസ്‌ലിംകള്‍ക്ക് അമിത പ്രാതിനിധ്യമുള്ള, വലതുപക്ഷ ഭാഷയില്‍ ‘മുസ്‌ലിം പ്രീണനം’, ഏക മേഖലയിലെ കണക്കുകള്‍ മാത്രം അതില്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അതാണ് ജയിലുകള്‍.
1998ലാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തടവുകാരുടെ എണ്ണം പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 25 വര്‍ഷത്തെ ഡാറ്റ പരിശോധിച്ചാല്‍, തടവുകാരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നതായി കാണാം. പ്രതികള്‍, വിചാരണ തടവുകാര്‍, ശിക്ഷ അനുഭവിക്കുന്നവര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനനുസരിച്ച് ശിക്ഷയുടെ വ്യാപനവും സംഭവിക്കുന്നു. തടവറയെക്കുറിച്ച് ഭരണകൂടം ജനങ്ങള്‍ക്ക് വിവരം നല്‍കുമ്പോഴും, ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശിക്ഷയുടെ മിച്ച ആഹഌദത്തിന്റെ (സര്‍പ്ലസ് എന്‍ജോയ്‌മെന്റ്) വര്‍ദ്ധനവിനെയും സൂചിപ്പിക്കുന്നു.
തടവുവ്യവസ്ഥയും ആഗോള അനുഭവവും
മൂന്നാംലോക ജനാധിപത്യത്തിന്റെ മാതൃകയായും ഒരപഭ്രംശമായും ഇന്ത്യന്‍ അനുഭവം ചുരുക്കേണ്ടതില്ല. ഫ്രാന്‍സ് നോക്കുക: മുസ്‌ലിം ജനസംഖ്യ: 8-10 ശതമാനം. ജയിലുകളിലെ മുസ്‌ലിം തടവുകാര്‍: 40-50 ശതമാനം (അവലംബം: ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റി റിപോര്‍ട്ട് 2023). യുണൈറ്റഡ് കിങ്ഡം കാണുക: മുസ്‌ലിം ജനസംഖ്യ: 5 ശതമാനം. ജയിലുകളിലെ മുസ്‌ലിം തടവുകാര്‍: 15 ശതമാനം (2017ല്‍ ഇപ്പോഴത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ഡേവിഡ് ലാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്ക്).
യുഎസ് എടുക്കുക: മുസ്‌ലിം ജനസംഖ്യ: 1-1.5ശതമാനം. ജയിലുകളിലെ മുസ്‌ലിം തടവുകാര്‍: 9 ശതമാനം (എന്‍പിആര്‍ റിപോര്‍ട്ട് (മുസ്‌ലിംസ് ഓവര്‍ റെപ്രസെന്റഡ് ഇന്‍ സ്റ്റേറ്റ് പ്രിസണ്‍സ്, റിപോര്‍ട്ട് ഫൈന്‍ഡ്‌സ്, 25 ജൂലൈ 2019). ലോകജനസംഖ്യയുടെ 4.2 ശതമാനം മാത്രമാണ് അമേരിക്കയിലുള്ളത് എങ്കിലും, ലോകത്തെ മൊത്തം തടവുകാരുടെ 25 ശതമാനവും അവിടത്തെ ജയിലുകളിലാണ്. ചുരുക്കി പറഞ്ഞാല്‍ ഫ്രാന്‍സ്, യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ മുസ്‌ലിം ജനസംഖ്യയുടെ ശതമാനത്തേക്കാള്‍ ജയിലുകളിലെ മുസ്‌ലിം തടവുകാരുടെ ശതമാനം ഉയര്‍ന്നതാണ്.
ജനാധിപത്യവും ദണ്ഡനീതിയും
ആധുനിക ജനാധിപത്യവ്യവസ്ഥ ആന്തരികമായി പ്രവര്‍ത്തിക്കുന്ന ദണ്ഡനീതി കേന്ദ്രീകൃതമായ ഒരു രാഷ്ട്രവ്യവസ്ഥയെക്കൂടി ഉള്‍വഹിക്കുന്നു (കാര്‍സറല്‍ സ്റ്റേറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് ഏകദേശം ചേരുന്ന പരിഭാഷയാണ് ‘ദണ്ഡനീതി രാഷ്ട്ര വ്യവസ്ഥ’യെന്നു തോന്നുന്നു). ദണ്ഡനീതി ശക്തി നേടുന്നത് വിപുലമായ പോലിസിങിലൂടെയും തടവ് വ്യവസ്ഥകളിലൂടെയും മാത്രമല്ല, മറിച്ച് ദണ്ഡനീതി സമൂഹവ്യവസ്ഥയുടെ സ്വഭാവമായ ‘നിരീക്ഷണവും പരിഷ്‌കരണവും’ കൂടി ഉള്‍പ്പെട്ട അനുശീലന വ്യവസ്ഥയിലൂടെയാണ്. ശിക്ഷാവ്യവസ്ഥയുടെ (പണിഷ്‌മെന്റ് സിസ്റ്റം) ഇരട്ടയായും അപരമായും പ്രവര്‍ത്തിക്കുന്ന അനുശീലനവ്യവസ്ഥ (ഡിസിപ്ലിനറി സിസ്റ്റം) കൂടി ചേരുന്നതാണ് ദണ്ഡനീതി വ്യവസ്ഥ. നിയമം അഥവാ ലോ എന്നത്, പൂര്‍വ്വാധുനിക കാലത്തുതന്നെ ആരംഭിച്ചതാണ്. എന്നാല്‍, നിയമ അധികാരത്തെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അനുശീലന അധികാരം കൂടി ഉള്‍പ്പെടുന്നതാണ് ആധുനിക ജീവിതത്തിലെ ശിക്ഷാ വ്യവസ്ഥ.
ദണ്ഡനീതി രാഷ്ട്ര വ്യവസ്ഥ ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാഷ്ട്രങ്ങളില്‍ ജയില്‍ വ്യവസ്ഥ, പോലിസ് സംവിധാനം, നിയമനിര്‍വ്വഹണം തുടങ്ങി എല്ലാ മേഖലകളിലും വ്യാപിക്കുകയും ജനാധിപത്യവ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇന്ന് പാര്‍ലമെന്റ്, ഇലക്ഷന്‍ വ്യവസ്ഥ, ജുഡീഷ്യല്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് നവഫാസിസം ജനാധിപത്യത്തെ പ്രത്യക്ഷമായിത്തന്നെ നിയന്ത്രിക്കുന്നു. എന്നാല്‍, ശിക്ഷാവ്യവസ്ഥയും സമാനമായ ഘടനാപരമായ പ്രതിസന്ധിയുടെ ഭാഗമാണെന്ന തിരിച്ചറിവ് നിര്‍ണായകമാണ്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളിലെ ‘ഏകാധിപത്യ’ രാഷ്ട്രങ്ങളില്‍ അടിച്ചമര്‍ത്തല്‍ സാധാരണ നിയമത്തിന് അതീതമായ ഒരു പരമാധികാരമായി, സ്ഥിരം അടിയന്തരാവസ്ഥയായി, പ്രവര്‍ത്തിക്കുന്നു. ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങളില്‍ അത് തുല്യനീതിയും നിയമം അടിസ്ഥാനമായ ക്രിമിനല്‍ നീതിവ്യവ്യവസ്ഥയുടെയും ഭാഗമായി, അനുശീലന സംവിധാനത്തിലൂടെ, ‘സ്വാഭാവികമായി’ നടപ്പാക്കപ്പെടുന്നു. ചരിത്രപരമായി തന്നെ, ‘പൂര്‍വ്വാധുനിക’ കാലത്ത് ശിക്ഷ രക്തരൂക്ഷിതമായ പൊതു പ്രകടനങ്ങളിലൂടെ നടപ്പാക്കിയിരുന്നുവെങ്കില്‍, ആധുനിക കാലത്ത് സാമൂഹ്യബോധത്തെയും ശിക്ഷാ വൈദഗ്ധ്യത്തെയും ആധാരമാക്കിയുള്ള ഒരു ഭരണകൂട/ ഭരണനിര്‍വഹണ ചിന്തയായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
നിയമം, എഴുത്ത്, കാഫ്ക
സാഹിത്യത്തിലും സംസ്‌കാരത്തിലും ‘കാഫ്‌കെയ്‌സ്‌ക്’ എന്ന വാക്ക് അര്‍ഥശൂന്യമായ ബ്യൂറോക്രസിയും നിയമപരമായ അനിശ്ചിതത്വവും നിറഞ്ഞ, വ്യക്തിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അധികാരാവസ്ഥയെ സൂചിപ്പിക്കുന്നു. മേല്‍സൂചിപ്പിച്ച ദണ്ഡനീതിയെക്കുറിച്ചുള്ള സമീപനങ്ങള്‍ നിയമ അധികാരത്തെയും ശിക്ഷയെയും സാമൂഹികതലത്തില്‍ പരിശോധിക്കുന്നു. എന്നാല്‍, നിയമത്തിന്റെ തന്നെ ആന്തരിക ‘അസംബന്ധങ്ങളെയാണ്’ ഫ്രാന്‍സ് കാഫ്കയുടെ രചനകള്‍ പരിശോധിച്ചത്.

യൂറോപ്പിലെ ജൂതന്യൂനപക്ഷം അനുഭവിച്ച നിയമപരമായ അരക്ഷിതാവസ്ഥ കൂടിയായിരുന്നു കാഫ്കയുടെ രചനകളുടെ സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭമെന്നും ഓര്‍ക്കുക. കാഫ്ക തൊഴില്‍പരമായി ഒരു വക്കീലുമായിരുന്നു. ഇന്‍ക്വിസിറ്റോറിയല്‍ ലീഗല്‍ സിസ്റ്റം പിന്തുടരുന്ന റോമന്‍ നിയമവ്യവസ്ഥയുടെ ഒരു വിമര്‍ശനം കൂടിയാണ് കാഫ്കയുടെ മരണാനന്തരം 1925ല്‍ പുറത്തിറങ്ങിയ ‘ദി ട്രയല്‍’ (വിചാരണ) എന്ന നോവല്‍. ഒരു ദിവസം ആരോ പ്രചരിപ്പിച്ച ഏതോ ഒരു റൂമറിന്റെ കിംവദന്തിയുടെ (റൂമര്‍) പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ജോസഫ് കെ. യുടെ കഥയാണ് നോവല്‍. ജോസഫ് കെ. തന്നെ പ്രചരിപ്പിച്ച ഒരു കിംവദന്തിയാണോ അതോ മറ്റാരെങ്കിലും പ്രചരിപ്പിച്ച ഒരു കിംവദന്തിയാണോ അയാളുടെ അറസ്റ്റിലും ഒടുവില്‍ വധശിക്ഷയിലും കലാശിക്കുന്നതെന്ന് നോവല്‍ ഒരു വ്യക്തതയും നല്‍കുന്നില്ല. വിചാരണ എന്ന നോവല്‍ സൂചിപ്പിക്കുന്നതുപോലെ ഒരു നിയമപരമായ വിചാരണരംഗവും ആ നോവലിലില്ല. എന്നിട്ടും അറസ്റ്റും തടവും വധശിക്ഷയും ജോസഫ് കെ. അനുഭവിക്കുന്നുവെന്നാണ് കൗതുകകരമായ കാര്യം.
ശിക്ഷാവ്യവസ്ഥ നിയമത്തെയും വിചാരണയെയും മുന്‍കടക്കുന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു വിമര്‍ശ പാഠമാണ് കാഫ്കയുടെ രചനകള്‍. ‘കാഫ്‌കെയ്‌സ്‌ക്’ എന്നത് ഭീതിജനകമായ, നിഗൂഢമായ, തലയ്ക്ക് നേരെ നീളുന്ന, ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളെ വ്യാഖ്യാനിക്കുന്ന പ്രയോഗമാണെന്ന വിശദീകരണം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ നിയമവിചാരണയെക്കുറിച്ച് എഴുതിയ മനീഷ സേഥി (കാഫ്കാലാന്‍ഡ്: പ്രെജുഡിസ്, ലോ ആന്റ് കൗണ്ടര്‍ടെററിസം ഇന്‍ ഇന്ത്യ, 2014) നല്‍കുന്നു.
അനുഭവം, സാഹിത്യം
രാജ്യത്തെ ദണ്ഡനീതി വ്യവസ്ഥയുടെ പ്രതിഫലനങ്ങള്‍ സാഹിത്യത്തെയും ഗവേഷണപഠനങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ തുറന്നു കാട്ടിയത്, ഈ വിഷയത്തില്‍ തടവുകാര്‍ തന്നെ എഴുതിയ അനുഭവങ്ങളായിരുന്നു. തടവറ അനുഭവങ്ങള്‍, അവയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിധ്വനികള്‍, സാഹിത്യത്തിന്റെ പരമ്പരാഗത മാനദണ്ഡങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നുവെങ്കിലും, അവയുടെ നേരിട്ടുള്ളതും ‘അനധികൃത’വുമായ ശബ്ദത്തിലൂടെ പൊതുബോധത്തില്‍ പ്രവേശനം കാത്തിരിക്കുന്നു. അനുഭവത്തിന്റെ ശക്തിയിലൂടെ പൊതുവെട്ടത്തില്‍ പ്രതിഷേധത്തിന്റെയും തിരിച്ചറിവിന്റെയും ഒരു വിമത സാന്നിദ്ധ്യമായി മാറുന്നു.
ഔപചാരിക ജനാധിപത്യത്തിന്റെ ഘടനകളില്‍ ദണ്ഡനീതി വ്യവസ്ഥയും അതിന്റെ നിയന്ത്രണ രീതികളും എങ്ങനെ പടരുകയും രൂപാന്തരപ്പെടുകയും ചെയ്യുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് തടവറ അനുഭവമെഴുത്ത്. ഏകീകൃതമായ ഭരണപരിഷ്‌കരണ നിര്‍ദ്ദേശങ്ങളുടെ സമാഹാരമായി തടവറ അനുഭവ വിവരണങ്ങളെ ചുരുക്കിക്കാണാന്‍ കഴിയില്ല. ഔദ്യോഗിക ഭരണകൂട ചിന്തയ്ക്ക് പുറത്ത് വിസമ്മതങ്ങള്‍ ഉരുത്തിരിയുന്ന ഒരു പുതിയ രാഷ്ട്രീയ ഇടം, ചിന്ത, പ്രയോഗം എന്നിവയുടെ ഭാഗമാണ് തടവറ അനുഭവങ്ങള്‍.
ന്യൂനപക്ഷം, അപരത്വം
ആധുനിക രാഷ്ട്രീയക്രമത്തില്‍ തടവുകാര്‍ നിശബ്ദത, അപമാനം, ബഹിഷ്‌കരണം, ആരോപണങ്ങള്‍, പ്രചാരണം എന്നിവയുടെ മറയിലൂടെ പൊതുസമൂഹത്തില്‍ നിന്ന് ‘വിലക്കപ്പെട്ട’ ഒരു വിഭാഗമാണ്. അധീശ, ഉപഭോഗ, സാംസ്‌കാരിക പൗരത്വത്തിന്റെ ഉത്തമ മാതൃകകളെയും യുക്തികളെയും മറികടക്കാന്‍ തടവുകാര്‍ എന്ന അപരവിഭാഗത്തിന് എളുപ്പം സാധിക്കാതെ വരുന്നു. അതിനാല്‍ത്തന്നെ, തടവുകാരുടെ വിശിഷ്യാ ന്യൂനപക്ഷ തടവുകാരുടെ അപരത്വ അനുഭവം ഉള്‍ക്കൊള്ളാന്‍ ആവശ്യമായ രാഷ്ട്രീയ ഘടന ലഭ്യമല്ല.
തടവറ അനുഭവങ്ങള്‍ എഴുതുന്ന പുതിയ കാലത്തെ ന്യൂനപക്ഷ തടവുകാരില്‍ ഒരു വിഭാഗം പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകരോ വ്യവസ്ഥാ വിരുദ്ധ വിപ്ലവകാരികളോ അല്ല. ബഹുഭൂരിപക്ഷവും അത്തരം നിര്‍വചനങ്ങളില്‍ നിന്ന് സമൂഹം ഒഴിച്ചുമാറ്റി നിര്‍ത്തിയവരോ, അത്തരം തിരഞ്ഞെടുപ്പുകളുടെ ഭാഗമായിരുന്നവരോ അല്ല. തടവറ അനുഭവം സൃഷ്ടിക്കുന്ന വ്യത്യസ്തമായ ഒരു രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ അനുഭവ വിവരണങ്ങളെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ മുസ്‌ലിം അനുഭവമെഴുത്തുകള്‍(2000-2025)
യുഎപിഎ അടക്കമുള്ള ഭരണകൂട നിയമങ്ങളുടെയും ‘വാര്‍ ഓണ് ടെറര്‍’ എന്ന സാമ്രാജ്യത്വ ചിന്തയുടെ വ്യാപനത്തിന്റെയും ഹിന്ദുത്വ പ്രചാരണത്തിന്റെയും മാധ്യമ/ രാഷ്ട്രീയ വിചാരണയുടെയും ഇന്ത്യന്‍ അനുഭവങ്ങളാണ് രാജ്യത്ത് പുതിയ മുസ്‌ലിം തടവറയനുഭവ ആഖ്യാനങ്ങളുടെ പൊതുപരിസരം. തടവറയിലെ നീതിനിഷേധം, കെട്ടിച്ചമച്ച കേസുകളുടെ നിയമചരിത്രം, മാധ്യമ വിചാരണ, ഭീകരവേട്ട തുടങ്ങിയ പ്രമേയങ്ങള്‍ മാത്രമല്ല, വിശ്വാസം, കുടുംബം, തൊഴില്‍ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങളും വ്യക്തിഗതവും കൂട്ടായതുമായ അന്വേഷണങ്ങള്‍, തിരിച്ചറിവുകള്‍, സൗഹൃദങ്ങള്‍ എന്നിവയുമാണ് ഈ ആഖ്യാനങ്ങളുടെ സവിശേഷത.
2000നു ശേഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ജയില്‍ അനുഭവക്കുറിപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഫ്തിഖാര്‍ ഗീലാനിയുടേതാണ്. കാശ്മീരിനെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ 1995ല്‍ പുറത്തിറക്കിയ, പൊതുജനത്തിന് ലഭ്യമായ ചില പഴയ രേഖകള്‍ കംപ്യൂട്ടറില്‍ ഉണ്ടെന്ന പേരില്‍, അദ്ദേഹത്തെ ‘പാക് ചാരനെ’ന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തു. കൊളോണിയല്‍ നിയമമായ 1923ലെ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം അന്യായമായി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു. ആഭ്യന്തര മന്ത്രി, എല്‍ കെ അദ്വാനിയായിരുന്നു. 2002 ജൂണ്‍ 9ന് അറസ്റ്റിലായ ഗീലാനി, 2003 ജനുവരി 13ന് ജയില്‍ മോചിതനായി.
ജയില്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കി, അദ്ദേഹം 2005ല്‍ ‘മൈ പ്രിസണ്‍ ഡേസ്’ എന്ന പുസ്തകം രചിച്ചു. ‘നരകത്തില്‍ നിന്നൊരാള്‍: ഒരു പത്രപ്രവര്‍ത്തകന്റെ തിഹാര്‍ ജയിലനുഭവങ്ങള്‍’ എന്ന പേരില്‍ എന്‍ പി ചെക്കുട്ടിയും കുന്നത്തൂര്‍ രാധാകൃഷ്ണനും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു, തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ചു.
വാജ്‌പേയി സര്‍ക്കാരില്‍ അന്നത്തെ പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, ജയില്‍ മോചിതനായ ഗീലാനിയെ കാണുകയും ‘ഒന്നും മനസ്സില്‍ വയ്ക്കരുത്, എല്ലാം മറന്നു മുന്നോട്ടു പോകണം’ എന്ന് പറയുകയും ചെയ്തുവെന്ന് ഗീലാനി പറയുന്നു (രാഹുല്‍ രാമഗുണ്ടം എഴുതിയ ‘ദി ലൈഫ് ആന്റ് ടൈംസ് ഓഫ് ജോര്‍ജ് ഫെര്‍ണാണ്ടസ്’ (2022) കാണുക). ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണവര്‍ഗം പുലര്‍ത്തിയ ചില ജനാധിപത്യ മര്യാദകളുടെ ഭാഗമായിട്ടിരിക്കാം ഇത്.
അടിക്കുറിപ്പുകള്‍ക്കപ്പുറം
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്താണ് 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് ആക്രമണം നടന്നത്. അന്ന് കെട്ടിച്ചമച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകനായ അബ്ദുറഹ്മാന്‍ ഗീലാനിയുടെ സഹോദരന്‍ ബിസ്മില്ല ഗീലാനി എഴുതിയ പുസ്തകമായിരുന്നു ‘മാനുഫാക്ചറിങ് ടെററിസ്റ്റ്: കശ്മീരി എന്‍കൗണ്ടേഴ്‌സ് വിത് മീഡിയ ആന്റ് ലോ’ (2006).
പുസ്തകം മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഒന്നാം ഭാഗം അബ്ദുറഹ്മാന്‍ ഗീലാനിയുടെ അറസ്റ്റും അനുബന്ധ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു. രണ്ടാം ഭാഗം ആ കാലത്ത് ഭരണകൂട വേട്ടയ്ക്ക് ഇരയായ ദില്ലിയിലെ കശ്മീരികളുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ്. മൂന്നാം ഭാഗത്ത്, ആള്‍ ഇന്ത്യ ഗീലാനി ഡിഫന്‍സ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനകളും, ഗീലാനി തന്നെ ജയിലിനെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും എഴുതിയ കത്തുകളും പ്രസ്താവനകളും സമാഹരിച്ചിരിക്കുന്നു. എന്നിരുന്നാലും, വിപുലമായ ഒരു വായനാ സമൂഹത്തിന്റെ ഭാഗമാകാന്‍ ഈ പുസ്തകത്തിന് സാധിച്ചില്ല.
അരുന്ധതി റോയിയുടെ പരിചയപ്പെടുത്തലോടെ പുറത്തിറങ്ങിയ ’13 ഡിസംബര്‍: എ റീഡര്‍’ (2006), നന്ദിത ഹക്‌സര്‍ എഴുതിയ ‘ഫ്രെയിമിങ് ഗീലാനി, ഹാങ്ങിങ് അഫ്‌സല്‍: പാട്രിയോട്ടിസം ഇന്‍ ദി ടൈം ഓഫ് ടെറര്‍’ (2007), നിര്‍മലാംശു മുഖര്‍ജി എഴുതിയതും നോം ചോംസ്‌കി അവതാരിക എഴുതിയതുമായ ‘ഡിസംബര്‍ 13, ടെറര്‍ ഓവര്‍ ഡെമോക്രസി’ (2005) തുടങ്ങിയ പാര്‍ലമെന്റ് ആക്രമണക്കേസിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പുറത്തിറങ്ങി. പാര്‍ലമെന്റ് ആക്രമണക്കേസിനെക്കുറിച്ചുള്ള വിവരണങ്ങളില്‍ മുസ്‌ലിം അനുഭവം ‘ഒരടിക്കുറിപ്പായി’ മാത്രമായിരുന്നുള്ളൂ എന്നതിന്റെ തിരുത്തായിരുന്നു ബിസ്മില്ല ഗീലാനിയുടെ പുസ്തകം.
2012ല്‍ അന്‍ജും സമറുദ് ഹബീബ് എന്ന കശ്മീരി മുസ്‌ലിം സ്ത്രീ ആക്ടിവിസ്റ്റ് എഴുതിയ തിഹാര്‍ ജയില്‍ അനുഭവമാണ് ‘പ്രിസണര്‍ നമ്പര്‍ 100: ആന്‍ അക്കൗണ്ട് ഓഫ് മൈ നൈറ്റ്‌സ് ആന്റ് ഡേസ് ഇന്‍ ആന്‍ ഇന്ത്യന്‍ പ്രിസണ്‍’. തടവറകളിലെ മുസ്‌ലിം/ കശ്മീരി/ സ്ത്രീ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരപൂര്‍വ രചനയായിരുന്നു അത്.
2016ല്‍ മുഹമ്മദ് ആമിര്‍ഖാന്‍ എഴുതിയ പുസ്തകം ‘ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്: മൈ 14 ഇയര്‍ സ്ട്രഗിള്‍ ടു പ്രൂവ് മൈ ഇന്നസന്‍സ്’ നന്ദിത ഹക്‌സറുടെ സഹായത്തോടെയാണ് രചിക്കപ്പെട്ടത്. 2006ലെ മുംബൈ സ്‌ഫോടനത്തിലെ കുറ്റാരോപിതനായ ഇഹ്തിശാം സിദ്ദീഖി എഴുതി കവിതാ രൂപത്തില്‍ ഇറങ്ങിയ പുസ്തകമാണ് ‘ഹൊറര്‍ സാഗാ ഏ ലിറിക്കല്‍ ബാലഡ് റിട്ടണ്‍ ഫ്രം ജയില്‍’. കഴിഞ്ഞ വര്‍ഷമാണ് ഇത് പുറത്തിറങ്ങിയത്.
സഹതടവുകാര്‍, സൗഹൃദങ്ങള്‍
വിവിധ രാഷ്ട്രീയ തടവുകാരുടെ എഴുത്തുകളിലും മുസ്‌ലിം അനുഭവങ്ങള്‍ കാണാം. മാവോവാദി ബന്ധം ആരോപിച്ച് അഞ്ചു വര്‍ഷം തടവില്‍ കിടന്ന അരുണ്‍ ഫെരൈറ 2014ല്‍ എഴുതിയ ‘കളേഴ്‌സ് ഓഫ് കെയ്ജ്: എ പ്രിസണ്‍ മെമോയര്‍’ എന്ന ജയില്‍ സ്മരണയില്‍, നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കണ്ടുമുട്ടിയ മുസ്‌ലിം തടവുകാരെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഉള്‍പ്പെടുന്നു. 1980കള്‍ മുതല്‍ തടവില്‍ കഴിയുന്ന ഒരു ഫലസ്തീന്‍ തടവുകാരനെക്കുറിച്ചും ഫെരൈറ എഴുതുന്നു.
2021ല്‍ കൊബാഡ് ഗാണ്ഡി എഴുതിയ ‘ഫ്രാക്‌ചേഡ് ഫ്രീഡം: എ പ്രിസണ്‍ മെമോയര്‍’ ഒരു ഇടതുപക്ഷ പ്രവര്‍ത്തകനായി പത്ത് വര്‍ഷം ഏഴ് വ്യത്യസ്ത ജയിലുകളിലെ ജീവിതം വിശദീകരിക്കുന്നതാണ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ 2013 ഫെബ്രുവരി 13ന് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനുള്ള ദിവസങ്ങളില്‍, തിഹാര്‍ ജയിലിലെ സംഭവവികാസങ്ങള്‍ ഗാണ്ഡി വിശദമായി രേഖപ്പെടുത്തുന്നു. ഇസ്‌ലാമിനെ സംബന്ധിച്ചും റൂമിയെക്കുറിച്ചും അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചും തത്ത്വചിന്തയേക്കുറിച്ചും ഇരുവരും സംവദിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ എഴുത്തുകളടങ്ങിയ ജയില്‍ ഡയറിക്കുറിപ്പുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഗാണ്ഡി കരുതുന്നു.
സുരക്ഷ, ഓര്‍മ
അബ്ദുല്‍ വാഹിദ് ശൈഖിന്റെ ‘ഇന്നസെന്റ് പ്രിസണേഴ്‌സ്’ എന്ന പുസ്തകമാണ് മുസ്‌ലിം തടവനുഭവത്തെ പുതിയ കാലത്ത് ഏറെ ശ്രദ്ധേയമാക്കിയതും ചര്‍ച്ചയാക്കിയതും. ഉറുദു ഭാഷയില്‍ ജയിലില്‍ നിന്നെഴുതിയ ഈ പുസ്തകത്തിന്റെ ആദ്യ പ്രതി അധികൃതര്‍ പുറം ലോകം കാണാന്‍ അനുവദിച്ചിരുന്നില്ല.
മഹാരാഷ്ട്രക്കാരനായ അബ്ദുല്‍ വാഹിദ് ശൈഖ്, 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനങ്ങളുമായി ബന്ധമാരോപ്പിക്കപ്പെട്ട് ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. എന്നാല്‍, 2015ല്‍ കോടതി 37ാം വയസ്സില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിലില്‍ നിന്ന് വിടുതല്‍ ലഭിച്ച ശേഷം, വാഹിദ് ശൈഖ് ഗ്രാന്റ് റോഡിലെ അബ്ദുസ് സത്താര്‍ ഷോയിബ് സ്‌കൂളില്‍ സയന്‍സ് അധ്യാപകനായി ജോലി പുനരാരംഭിച്ചു.
പോലിസ് പീഡനങ്ങളിലും ഭീഷണികളിലും തളരാതെ, അദ്ദേഹം അനുഭവിച്ച പീഡനങ്ങളും രേഖപ്പെടുത്തിയതാണ് ഈ പുസ്തകം. ഒപ്പം, സഹതടവുകാരുടെ അവകാശത്തിനായി പോരാടാനും അദ്ദേഹം സമയം കണ്ടെത്തുന്നു. ക്രിമിനല്‍ നിയമവ്യവസ്ഥയുടെ അനീതിക്കിരയാവുന്ന ആദ്യത്തെ ആളല്ല വാഹിദ് ശൈഖ്. പക്ഷേ, അത് തുറന്നെഴുതാന്‍ ധൈര്യംകാട്ടിയ വളരെ ചുരുക്കം ആളുകളിലൊരാളാണ്. കെട്ടിച്ചമച്ച ‘തീവ്രവാദ’ കേസുകളില്‍ നിന്നൊക്കെ രക്ഷപ്പെട്ട് തടവ് ജീവിതം കഴിഞ്ഞ് വരുന്ന ഭൂരിഭാഗം പേരും ‘സുരക്ഷ’ മുന്‍നിര്‍ത്തി എല്ലാം മറക്കാനും ഒതുക്കി വയ്ക്കാനും നിര്‍ബന്ധിതരാവുന്നു. എന്നാല്‍, വാഹിദ് ശൈഖിന്റെ നിര്‍ബന്ധിത അവസ്ഥകളുടെ ‘ദുരന്ത ബോധമാണ്’ ഈ ഗംഭീര പുസ്തകത്തിന്റെ പ്രചോദനമെന്ന് ഭീമ കോരെഗാവ് കേസിന്റെ പേരില് 31 മാസം തടവുകാരനായിരുന്ന, ദലിത് ചിന്തകനായ, ആനന്ദ് തെല്‍തുംബ്‌ഡെ നിരീക്ഷിക്കുന്നുണ്ട്.
2017ന് ശേഷമുള്ള യോഗി കാലത്തെ ജയില്‍ അനുഭവമാണ് കഫീല്‍ ഖാന്‍ 2021ല്‍ എഴുതിയ ‘ദി ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി: എ ഡോക്ടര്‍സ് മെമ്മോയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്’. മലയാളത്തില്‍ മൃദുല ഭവാനി വിവര്‍ത്തനം ചെയ്ത് 2022ല്‍ ‘മാധ്യമം ബുക്‌സ്’ പ്രസിദ്ധീകരിച്ചു.
യുപിയിലെ ലഖ്‌നോവില്‍ നിന്നുള്ള കഫീല്‍ ഖാന്‍ ഒരു മധ്യവര്‍ഗ ഭാവുകത്വമുള്ള ഡോക്ടറായിരുന്നു. ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ ദുരന്തത്തിന് മുമ്പ്, അദ്ദേഹം തന്റെ ജോലിയും കുടുംബവുമായി ജീവിച്ചു. എന്നാല്‍, 2017ലെ ഹോസ്പിറ്റലിലെ ഓക്‌സിജന്‍ ദുരന്തത്തിന് ശേഷം, ഒമ്പത് മാസത്തെ തടവിനിടയില്‍ അനുഭവിച്ച അനീതികളും പീഡനങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഈ സമയത്ത്, അദ്ദേഹം തിരിച്ചറിഞ്ഞത്, അദ്ദേഹം ശിക്ഷിക്കപ്പെട്ടത് നല്ല കാര്യം ചെയ്തതുകൊണ്ടാണെന്നാണ്. അതായത്, ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജനിച്ചുവീണ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിച്ചതിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
ഇന്ത്യയില്‍ സംഭവിക്കുന്ന അനീതികളെയും പ്രശ്‌നങ്ങളെയും കുറിച്ച് ജയിലില്‍ വച്ച് അദ്ദേഹം ആഴത്തില്‍ തിരിച്ചറിഞ്ഞുവെന്നാണ് ‘ദി ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി’ എന്ന പുസ്തകത്തില്‍ എഴുതുന്നത്. ഭക്ഷണം, വസ്ത്രം, താമസ സ്ഥലം, ആരോഗ്യം, തൊഴില്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്ന രാജ്യത്തെ ജനങ്ങളോടൊപ്പം പോരാടാന്‍ അദ്ദേഹം ഇപ്പോള്‍ സമയം കണ്ടെത്തുന്നു. ജയിലനുഭവം ഒരു വിമോചന/ വിദ്യാഭ്യാസ/ പോരാട്ട അനുഭവമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്തരത്തിലുള്ള തടവറയനന്തര മാറ്റങ്ങളും പുതിയ എഴുത്തുകളില്‍ കടന്നുവരുന്നു.

പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനായി ആരും പരിഗണിക്കാതിരുന്ന വാഹിദ് ശൈഖ്, മഹാരാഷ്ട്രയില്‍ നിന്നാണ് തടവറ അനുഭവങ്ങളെ വികസിപ്പിക്കുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശുകാരനായ കഫീല്‍ ഖാന്‍, തടവറ അനുഭവത്തിനു ശേഷം മെഡിക്കല്‍ പ്രാക്ടീസിനൊപ്പം തന്നെ ഒരു പുതിയ രാഷ്ട്രീയ ആക്ടിവിസം വികസിപ്പിച്ചു. ഈ പുസ്തകങ്ങളും എഴുത്തുകളും ശ്രദ്ധേയമാകുന്നത്, തടവറ അനുഭവങ്ങളെ മറക്കാനോ നിശബ്ദമാക്കാനോ തയ്യാറാകാത്ത ഒരു പുതിയ രാഷ്ട്രീയ ബോധത്തിന്റെ സാന്നിധ്യം കൊണ്ടാണ്.
കേരളീയ പരിസരം (1998-2025)
ഇന്ത്യന്‍ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍, മുസ്‌ലിം തടവുകാരുടെയോ രാഷ്ട്രീയ തടവുകാരുടെയോ അവകാശരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുന്ന സ്ഥലമാണ് കേരളം. ഇ അബൂബക്കര്‍, പ്രഫ. പി കോയ, ഇ എം അബ്ദുറഹ്മാന്‍ അടക്കം നിരവധി മലയാളി മുസ്‌ലിം രാഷ്ട്രീയ തടവുകാരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ നീതി കാത്ത് കഴിയുന്നത്.
മുസ്‌ലിം തടവനുഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അബ്ദുന്നാസിര്‍ മഅ്ദനിയുടെതാണ്. 1998 മുതല്‍ കോയമ്പത്തൂരില്‍ ഒമ്പത് വര്‍ഷം നീണ്ട തടവുജീവിതത്തെക്കുറിച്ച് മഅ്ദനിയുടെ ചില അഭിമുഖങ്ങളും കുറിപ്പുകളും 2007നു ശേഷം പുറത്തുവന്നിരുന്നു. ബംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ 2010 ആഗസ്റ്റ് 17ന് മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്തു നാട് കടത്തി. 13 വര്‍ഷത്തിനു ശേഷം 2023 ജൂലൈ 20 മുതല്‍ സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥയില്‍ കേരളത്തില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ്.
2020ല്‍ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ റിപോര്‍ട്ടിങിനായി പോവുമ്പോള്‍ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം, 2023ല്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പത്തൊമ്പത് അധ്യായങ്ങളിലായി സിദ്ദീഖ് കാപ്പന്‍ എഴുതിയ അനുഭവക്കുറിപ്പുകള്‍ കേരളീയം മാസിക 2023 2024 കാലയളവില്‍ പ്രസിദ്ധികരിച്ചിരുന്നു. അത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഭീകരപ്രവര്‍ത്തകര്‍ എന്നാരോപിച്ച് 2006ല്‍ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്ത ശേഷം, തുടര്‍ന്ന 17 വര്‍ഷത്തെ തടവറ അനുഭവത്തെക്കുറിച്ച് റാസിഖ് റഹീം എഴുതിയ ‘തടവറക്കാലം’ (പ്രതീക്ഷ ബുക്‌സ്, 2025) എന്ന പുസ്തകം പുറത്തിറങ്ങിയത്. മലയാളത്തിലെ ഇവ്വിഷയകമായ ആദ്യത്തെ മുഴുനീള പുസ്തകമാണിത്. 2006 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്തുള്ള പാനായിക്കുളം എന്ന സ്ഥലത്ത് നടന്ന ഒരു സ്വാതന്ത്ര്യദിന പരിപാടിയാണ് പിന്നീട് പ്രചാരഭംഗിയോടെ ‘പാനായിക്കുളം സിമി കേസ്’ ആയി മാറിയത്.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അധികാര ആഖ്യാനങ്ങളെ ചോദ്യം ചെയ്ത് 17 വര്‍ഷം മുമ്പ് മലയാളത്തില്‍ പുറത്തിറങ്ങിയ എ റശീദുദീന്റെ ‘ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും’ (പ്രതീക്ഷ ബുക്‌സ്, 2008) എന്ന പുസ്തകവും ഒപ്പം ചേര്‍ത്തുവയ്ക്കാം. മലയാളത്തിലെ നിര്‍മിത നിശബ്ദതകളെയും അതിനെ താങ്ങി നിര്‍ത്തുന്ന മാധ്യമ/ഭരണകൂട ആഖ്യാനങ്ങളെയും മറികടക്കാന്‍ ശ്രമിച്ച മുസ്‌ലിം ന്യൂനപക്ഷ അവകാശ പോരാട്ടത്തെ ചരിത്രപരമായി മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഇന്ത്യയില്‍ പുറത്തിറങ്ങിയ അനുഭവവിവരണങ്ങള്‍ പരിശോധിച്ചാല്‍, കേരളം വളരെ പിന്നിലാണ്. അതിന്റെ കാരണങ്ങള്‍ കിടക്കുന്നത് തടവുകാരുടെ നിശബ്ദതയെ ഒരു നിര്‍ബന്ധിത ബാധ്യതയാക്കിയ സാമൂഹിക/ രാഷ്ട്രീയ കീഴ്‌വഴക്കങ്ങളിലാണ്.ഇസ്‌ലാമോഫോബിയ പഠനങ്ങള്‍



No Comments yet!