മൊയ്തു പടിയത്ത്
ഫിയദോര്‍ ദോസ്തോയെവ്സ്കിയുടെ അവസാനത്തെ നോവലാണ് ‘കരമസോവ് സഹോദരന്മാര്’. അദ്ദേഹം മരിക്കുന്നതിന് നാലു മാസം മാത്രം മുമ്പാണത് എഴുതപ്പെട്ടത്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളും ആത്മീയവും ഭൗതികവുമായ ദര്‍ശനങ്ങളും മനുഷ്യസ്വഭാവ വൈചിത്ര്യങ്ങളും നിറഞ്ഞ, രചിക്കപ്പെട്ടതില്‍ ഏറ്റവും മഹത്തായ നോവലാണ് ‘കരമസോവ് സഹോദരന്മാര്’ എന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു.
എല്ലാത്തരം തിന്മകളുടെയും അധമസ്വഭാവങ്ങളുടെയും മൂര്‍ത്തരൂപമായ ഫിയോദര്‍ കരമസോവിന്റെ കൊലപാതകമാണ് നോവലിന്റെ കേന്ദ്രബിന്ദു. കൊലപാതകി ആരെന്ന ചോദ്യമുയര്‍ത്തിയാണ് നോവല്‍ മുന്നോട്ടു നീങ്ങുന്നത്.
ഫിയദോര്‍ കരമസോവിന് മൂന്നു മക്കള്‍: ദിമിത്രി, ഐവാന്‍, അലോഷ്യ-രണ്ട് അമ്മമാരില്‍ ജനിച്ചവരാണവര്‍. ഐവാന്‍ നാസ്തികനാണ്; അലോഷ്യ ദൈവഭക്തനും. ഇവര്‍ക്കു പുറമെ ഒരു ജാരപുത്രനുമുണ്ട് -വീട്ടിലെ പരിചാരകനായ സ്റ്റെര്ഡ്യാക്കോവു.
മൊയ്തു പടിയത്തിന്റെ”നൂല്പാലം’ എന്ന നോവലിന്റെയും പ്രമേയം പിതാവിന്റെ കൊലപാതകമാണ്. ഇതിന്നര്‍ത്ഥം ദോസ്തോയെവ്സ്കിയുടെ നോവലുമായി താരതമ്യപ്പെടുത്തുന്നുവെന്നല്ല. സമ്പന്നനും മൂന്ന് മക്കളുടെ പിതാവുമായ മരയ്ക്കാര്‍ ഹാജിയാണ് കൊല്ലപ്പെടുന്നത്. അയാള്‍ തികഞ്ഞ മതവിശ്വാസിയും സാത്വികനും പരോപകാരിയുമൊക്കെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കൊല്ലപ്പെടുന്നത്?
മുസ്ലിം അനന്തരാവകാശ നിയമത്തിലെ ചില പഴുതുകളാണ് കൊലപാതകത്തിലേക്ക് നയിക്കുന്നതെന്നാണ് നോവലിസ്റ്റ് ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നത്.
എഴുപതുകാരനായ മരയ്ക്കാര്‍ ഹാജിയുടെ ഭാര്യ മരിച്ചുപോയി. മക്കള്‍ മൂന്നു പേര്. അലവി, ഹനീഫ്, ബീറാച്ചി. അലവിയുടെ ഭാര്യ കയ്യുമ്മ. അവര്‍ക്ക് ഒരേ ഒരു മകന് യൂസഫ്. അലവിയുടെ അനുജന് ഹനീഫയ്ക്ക് രണ്ടു മക്കള്‍: അന്‍വറും നജ്മയും.

ബീറാച്ചിയുടെ മകളാണ് സുല്‍ഫത്ത്. അന്‍വറും സുല്‍ഫത്തും പ്രണയബദ്ധരാണ്. എന്നാല്‍ സുല്‍ഫത്ത് യൂസഫിനെ വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. അങ്ങനെ നാടകീയവും സംഘര്‍ഷഭരിതവുമായ സന്ദര്‍ഭങ്ങളിലൂടെ നോവല്‍ പുരോഗമിക്കുന്നു.
മാരകരോഗം ബാധിച്ച അലവിയെ നയിക്കുന്നത് താന്‍ മരിച്ചാല്‍ തനിക്കര്‍ഹമായ സ്വത്തുക്കള്‍ താന്തോന്നിയെങ്കിലും ഏകമകനായ യൂസഫിന്ന് കിട്ടാതെ പോകുമല്ലൊ എന്ന ചിന്തയാണ്. അതിന് തടസ്സം താന്‍ മരിച്ചാലും ബാപ്പ ജീവിച്ചിരിക്കുമെന്നതാണ്.
എന്നാല്‍ ആ ചിന്ത തന്നെയാണ് ഉപ്പുപ്പയെ കൊല്ലാന്‍ യൂസുഫിനെ പ്രേരിപ്പിക്കുന്നതും. കൊലപാതകരഹസ്യം അറിയാമെങ്കിലും എല്ലാവരില്‍ നിന്നും അലവി മറച്ചുവയ്ക്കുന്നു. വധിക്കപ്പെട്ടത് സ്വന്തം പിതാവ്; വധിച്ചത് തന്റെ മകന്. ഭാര്യയും സഹോദരങ്ങളുമുള്‍പ്പെടെ എല്ലാവരും സംശയിക്കുന്നത് അലവിയേയും!
ഇവര്‍ക്കിടയില്‍ അലവി അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് നോവലിലുടനീളം നിറഞ്ഞുനില്ക്കുന്നത്.
അലവിയുടെ ഭാര്യ കയ്യുമ്മുവും ഈ നിയമത്തിന്റെ ഇരയാണെന്ന് നോവലിസ്റ്റ് ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. അവരുടെ ഉപ്പാപ്പ വലിയ സമ്പന്നനായിരുന്നുവെങ്കിലും അദ്ദേഹത്തിന് മുമ്പേ ഉപ്പ മരിച്ചതിനാല്‍ കമ്മുവിനും സഹോദരങ്ങള്‍ക്കും അവരുടെ സ്വത്തില്‍ നിന്ന് ഒന്നും കിട്ടിയില്ലത്രെ. നൂറ്റിരുപതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്, മൊയ്തു പടിയത്ത്. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ നോവലുകളും മുസ്ലിം സമുദായ പശ്ചാത്തലത്തിലുള്ളവയാണ്. അനാചാരങ്ങളെ വിമര്‍ശിക്കുന്നവയാണ്. മുത്തലാക്ക്, ബഹുഭാര്യത്വം, അനന്തരാവകാശ നിയമം തുടങ്ങിയ പ്രശ്നങ്ങള്‍ അവ ചര്‍ച്ചചെയ്യുന്നു.
നാല്‍പ്പതുകളില്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ പ്രസിദ്ധീകരിക്കുന്നതോടെയാണ് മലയാള നോവലില്‍ മുസ്ലിം സാമൂഹ്യ ജീവിതത്തിന്റെ ഒരു ഭൂഖണ്ഡം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. അതുവരെ മുസ്ലിംകള് അപരവല്‍ക്കരിക്കപ്പെട്ട രീതിയില്‍ കള്ളനും കൊള്ളക്കാരനുമൊക്കെയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ അവസ്ഥതന്നെയാണ് തന്നെ സാഹിത്യ രംഗത്ത് വരാന്‍ പ്രേരിപ്പിച്ചതെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
സനാഉള്ളാമക്തി തങ്ങളും വക്കം മൗലവിയും ഐക്യസംഘവുമൊക്കെ ഉഴുതു മറിച്ച മുസ്ലിം നവോത്ഥാനത്തിന്റെ മണ്ണില്‍ പുതിയ ചിന്തകള്‍ക്ക് ബീജാവാപം നല്കാന് സാഹിത്യകാരന്മാര് ധൈര്യപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്.
മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്ന സൃഷ്ടികള്‍ ഉയര്‍ന്നുവന്നു. ‘ബാല്യകാലസഖി’യില്‍ കാതുകുത്തു കല്യാണം പോലുള്ള അനാചാരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും സാമുദായിക വിമര്‍ശനം അത്ര ശക്തമായിരുന്നില്ല. എന്നാല്‍, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലിലേക്ക് വരുമ്പോള്‍ അത് കേന്ദ്ര പ്രമേയം തന്നെയായി വരുന്നുണ്ട്. അതോടെ മാപ്പിള ഭാഷയും സംസ്കാരവും പൊതു സാഹിത്യത്തില്‍ ഇടം പിടിച്ചു. ബഷീറിന്റെ നര്‍മ്മ മധുരമായ ശൈലിയും അദ്ദേഹത്തെ വായനക്കാര്‍ക്ക് പ്രിയങ്കരനാക്കി.

ഇതേ സമയത്ത് മലബാറിലെ നാടകരംഗത്തും മുസ്ലിം പ്രമേയങ്ങളെ ആധാരമാക്കി കെ ടി മുഹമ്മദിനെ പോലുള്ള എഴുത്തുകാര്‍ രംഗത്തുവരികയുണ്ടായി. 1955ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മൊയ്തു പടിയത്തിന്റെ ആദ്യ നോവലായ ഉമ്മ കൗമാരപ്രായത്തിലാണ് വായിച്ചത്. പിന്നീട് അത് സിനിമയായി. മുസ്ലിം പശ്ചാത്തലത്തിലുള്ള ആദ്യ സമ്പൂര്‍ണ്ണ മലയാളസിനിമയായിരുന്നു ‘ഉമ്മ’. പത്തു തിരക്കഥകളും പടിയത്ത് രചിച്ചിട്ടുണ്ട്.
നോവലിലായാലും സിനിമയിലായാലും സാമൂഹ്യവിമര്‍ശനം വളരെ ഗൗരവമായെടുത്ത സാഹിത്യകാരനാണ് മൊയ്തു പടിയത്ത്. നൂറ്റിരുപതോളം വരുന്ന അദ്ദേഹത്തിന്റെ കൃതികളിലേറെയും സ്വന്തം സമുദായത്തിലെ അത്യാചാരങ്ങളെ ശക്തമായി വിമര്‍ശിക്കുന്നവയായിരുന്നു. മുത്തലാക്ക്, ബഹുഭാര്യാത്വം പോലുള്ള പ്രവണതകള്‍ പടിയത്തിന്റെ രചനയ്ക്ക് നിരന്തരം വിഷയമായിക്കൊണ്ടിരുന്നു. ആ ശ്രേണിയില്‍ അവസാനത്തെ നോവലാണ് ‘നൂല്പാലം’ എന്ന് തോന്നുന്നു.
മുസ്ലിം അനന്തരാവകാശ നിയമമാണിവിടെ പ്രതിപാദിക്കപ്പെടുന്നത്. പ്രസ്തുത നിയമത്തെ നോവലിസ്റ്റ് നേരിട്ട് എതിര്‍ക്കുന്നില്ലെങ്കിലും അത് കുടുംബ ബന്ധങ്ങളിലുളവാക്കുന്ന സംഘര്‍ഷങ്ങളും ശിഥിലീകരണ പ്രവണതകളും ഉള്ളില്‍ തട്ടുന്ന രീതിയില്‍ ചിത്രീകരിക്കുന്നു. മനുഷ്യരെ കൊലപാതകം പോലുള്ള അക്രമങ്ങളിലേക്ക് നയിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നിശ്ശബ്ദമായി ആവശ്യപ്പെടുന്നു.
വല്യാപ്പയെ കൊല്ലാന്‍ യൂസുഫിനെ പ്രേരിപ്പിക്കുന്നത് നിയമത്തിലെ പഴുതാണെങ്കില് ആ നിയമം തിരുത്തപ്പെടേണ്ടതല്ലെ എന്ന ചോദ്യം ചോദിക്കാതെ തന്നെ ഉയര്‍ത്തുന്നുണ്ട് മൊയ്തു പടിയത്ത് എന്ന സാഹിത്യകാരന്. ഖുര്‍ആനും ഹദീസും നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട കര്‍മ്മശാസ്ത്രവിധികളും എല്ലാം ചേര്‍ന്നതാണ് ഇസ്ലാമികനിയമം. അതിലെ അനന്തരാവകാശനിയമത്തെയാണ് ‘നൂല്പാലം’ എന്ന നോവലില്‍ പടിയത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്.
അഞ്ചുപതിറ്റാണ്ടു മുമ്പ് ഒരു നോവലിസ്റ്റ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നം ഇന്നും അപരിഹൃതമായി തുടരുന്നുവെന്നതല്ലെ ഇപ്പോഴും ഈ നോവലിന്റെ പുനഃപ്രസാധനം പ്രസക്തമാക്കുന്നത്?


No Comments yet!