ആഗസ്ത് 11ന് അന്തരിച്ച എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന മുത്തുക്കോയ തങ്ങളെക്കുറിച്ച് സുഹൃത്ത് മൂസ വടക്കനോളി എഴുതിയ കുറിപ്പ്
എന്തിന് ഞാന്‍ മുത്തുവിനെ കുറിച്ചെഴുതണം? എഴുതാതെത്തന്നെ കല്ലില്‍ കൊത്തിയ അക്ഷരങ്ങളായി എന്റെ മുത്തു ഈ ഹൃദയത്തിലുണ്ടല്ലോ.. മരണത്തിന്റെ അഴിമുഖത്ത് നിന്നും സങ്കീര്‍ണമായ ഹൃദയശാസ്ത്രക്രിയയിലൂടെ ഞാന്‍ ജീവിതത്തിലേക്ക് ഒറ്റയടിവച്ചു തുടങ്ങിയപ്പോഴേക്കും മുത്തൂ, നീ യാത്രയായി കഴിഞ്ഞിരുന്നു. നിനക്ക് മുമ്പില്‍ എന്നും ഞാന്‍ തോറ്റിട്ടേയുള്ളു. ഹൈസ്‌കൂള്‍ പഠനകാലത്ത് നമ്മളിരുവരും ഒരു മാസികയിലേക്ക് കവിതകള്‍ അയച്ചതും നിന്റെ കവിത മാത്രം അച്ചടിച്ചു വന്നതും… അന്നുണ്ടായ നീറ്റല്‍ ഇന്നും മാറിയിട്ടില്ല. അങ്ങനെ എത്രയോ തവണ നീയെന്നെ തോല്‍പ്പിച്ചു. അവസാനം അന്ത്യ യാത്രയിലും… ഒന്നോര്‍ക്കുമ്പോള്‍ നിന്റെ നിശ്ചേതനമായ ശരീരം കാണാതിരുന്നത് നന്നായി. അതുകൊണ്ട് നീ എന്റെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. പഴയ കളിച്ചങ്ങാതിയായി.
ഒന്നോര്‍ത്താല്‍ നീ പോയത് നന്നായി. എഴുത്തും വായനയും വിശ്രമമില്ലാത്ത യാത്രകളും കൂടെ കൊണ്ട് നടന്നിരുന്ന നിനക്ക് സ്‌ട്രോക്കിന്റെ കടന്നാക്രമണത്തിന് ശേഷം അവയൊക്കെ അന്യമായിക്കഴിഞ്ഞിരുന്നല്ലോ.
എല്ലാവര്‍ക്കും നീ മുത്തുക്കോയ തങ്ങളായിരുന്നു. സ്‌കൂള്‍ അധ്യാപകനായപ്പോള്‍ പലര്‍ക്കും നീ ‘തങ്ങള് മാഷായി ചിലര്‍ ‘മുത്തുക്ക’ എന്ന് വിളിച്ചു. എനിക്കെന്നും നീ മുത്തു മാത്രമായിരുന്നു. ക്ഷിപ്രകോപിയെങ്കിലും ഉള്ളില്‍ കനിവും കരുണയുമുള്ള പ്രിയ സ്‌നേഹിതന്‍. പ്രസിദ്ധമായ നിന്റെ കനിവിനെക്കുറിച്ച് ഓര്‍ത്തു പോകുന്നു. ‘ചലനം’ കൈയെഴുത്ത് മാസികയുടെ പത്രാധിപരായിരുന്നു നീ അന്ന്. നമുക്കപ്പോള്‍ പതിനഞ്ചോ പതിനാറോ വയസ്സ്. നമ്മുടെ ഏറെക്കാലത്തെ സമ്പാദ്യംകൊണ്ട് കുറച്ചു പുസ്തകങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നു. അതിനായി തൃശൂര്‍ നാഷ്ണല്‍ ബുക്ക് സ്റ്റാളിലേക്കുള്ള യാത്ര. തൃപ്രയാറെത്തി ബസ് കാത്ത് നില്‍ക്കവേ ദൈന്യത്തിന്റെ ആള്‍ രൂപമായ ഒരാള്‍ നമുക്ക് മുമ്പില്‍ കൈനീട്ടുന്നു. പുസ്തകം വാങ്ങാന്‍ കരുതിയിരുന്ന കാശ് മുഴുവന്‍ നീ ആ യാചകനു കൊടുത്തത് പെട്ടെന്നായിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. നിന്റെ മറുപടി ‘പുസ്തകത്തെക്കാള്‍ പ്രധാനമാണ് വിശപ്പ്’ എന്നായിരുന്നു. നീയായിരുന്നു ശരിയെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ് നീ പോയത്. നിന്റെ ജന്മഗൃഹമായ തക്ക്യാവ് വീട്ടുമുറ്റ ത്തെ സാഹിത്യ സദിരില്‍വച്ചാണ് എന്നിലെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചത്. നീ എഡിറ്ററായിരുന്ന ചലനം കൈയെഴുത്ത് മാസികയാണ് എന്റെ അക്ഷരങ്ങള്‍ക്കാദ്യം നിറംപകര്‍ന്നത്. നീ എത്തിച്ചേര്‍ന്ന പുതിയ ലോകം എങ്ങനെയാണെന്നറിയില്ല. നിനക്കവിടെ സുഖമായിരിക്കട്ടെ. തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ലോകനാഥന്‍ നിന്റെ നവജീവിതം പ്രകാശപൂരിതവുമാക്കട്ടെ…





No Comments yet!