വി എസ് അച്യുതാനന്ദന്
വിഎസ് അച്യുതാനന്ദന്റെ വേര്‍പാടോടെ കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ആദ്യ തലമുറയില്‍ ഉയര്‍ന്നുവന്ന നേതൃത്വത്തിന്റെ കണ്ണികളെല്ലാം അവസാനിച്ചിരിക്കുന്നു. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആരംഭിച്ച് സിപിഎമ്മിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയവരിലെ ഒടുവിലത്തെ സഖാവായിരുന്നു വിഎസ്. പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥകളെയെല്ലാം മുഖാമുഖം കണ്ട ഈ മനുഷ്യന്, മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് വിശ്വസിക്കുകയും തന്നാലാവും വിധം അതിനായി പോരാടുകയും ചെയ്തു. വര്ഗശത്രുക്കള്ക്കെതിരേയും വര്ഗവഞ്ചകര്ക്കെതിരേയും ഒരേപോലെ നിരന്തര പോരാട്ടം നടത്തിയ വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പലരീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. പി കൃഷ്ണപിള്ള കണ്ടെടുത്ത കയര്‍ ഫാക്ടറിയിലെ തടുക്ക് നെയ്ത്തുകാരനായ ബാലന് കേരളത്തിലെ സാമൂഹ്യ ജീവിതത്തിന്റെ നെടുനായകത്വം വഹിക്കുന്ന ഉറച്ച കമ്മ്യൂണിസ്റ്റായി വളര്‍ന്ന ചരിത്രം ആരിലും ആവേശം ഉണര്‍ത്തുന്നതാണ്. ധൈര്യം, ഇച്ഛാശക്തി, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം, അടിസ്ഥാനവര്‍ഗത്തോടുള്ള പ്രതിബദ്ധത, ജനങ്ങളില്‍ നിന്ന് പഠിക്കാനും അവരെ പഠിപ്പിക്കാനുമുള്ള സന്നദ്ധത എന്നിങ്ങനെ വിഎസില്‍ നിറഞ്ഞുനിന്ന ഗുണങ്ങളൊക്കെയും ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനും മാതൃകയാവേണ്ടതാണ്.
വിഎസിനെ സംബന്ധിച്ച് പരിവര്‍ത്തനാത്മകമായ രണ്ട് ജീവിതചിത്രങ്ങളുണ്ട്, ആദ്യത്തേത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം തലമുറ അനുഭവിച്ചിട്ടുള്ള കൊടിയ മര്‍ദ്ദനങ്ങളുടെയും ത്യാഗത്തിന്റെയും അനുഭവപാഠങ്ങളാണ്. ജന്മിത്വത്തിനും മുതലാളിത്തത്തിനും രാജവാഴ്ചയ്ക്കുമെതിരായ നിസ്വവര്‍ഗത്തിന്റെ പോരാട്ടങ്ങളെ വികസിപ്പിച്ചെടുത്തതിന്റെ അനുഭവങ്ങളാണവ. പുന്നപ്ര വയലാറിനാല് ചരിത്രം കുറിച്ച ആലപ്പുഴയിലെ മണ്ണില്‍ ഉയര്‍ന്നുവന്ന നേതൃനിരയില്‍ വിഎസിനും സവിശേഷ സ്ഥാനമുണ്ടായിരുന്നു. കെ വി പത്രോസ്, സി കെ കുമാരപ്പണിക്കര്‍, ആര് സുഗതന്, ഗൗരിയമ്മ, ടി വി തോമസ്, കെ സി ജോര്‍ജ്, ചടയംമുറി, പി ടി പുന്നൂസ്, അച്യുതമേനോന്, എം എന്‍ ഗോവിന്ദന് നായര്‍, എന്‍ ശ്രീധരന്, ഈ ബാലാനന്ദന്, പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെയും കര്‍ഷകത്തൊഴിലാളികളേയും കയര്‍ തൊഴിലാളികളേയും സംഘടിപ്പിച്ച് ശക്തരാക്കിയതിന്റെയും അനുഭവങ്ങളായിരുന്നു വിഎസിന്റെ പിന്‍ബലം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ക്ക് രണ്ട് ഘട്ടങ്ങളുണ്ട്. കര്‍ക്കശക്കാരനായ, പാര്‍ട്ടി അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ലാത്ത, സ്റ്റാലിനിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കാലം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ട്. എണ്‍പതുകളില്‍ ഈ സ്വഭാവ വിശേഷമായിരുന്നു വിഎസിനെ ശ്രദ്ധേയനാക്കിയത്. വിട്ടുവീഴ്ചയില്ലാതെ പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കുന്ന സ്വഭാവത്തിന്റെ ആഘാതമേറ്റവരില്‍ മലബാര്‍ പ്രദേശത്തു നിന്ന് ഉയര്‍ന്നുവന്ന എം വി രാഘവന്, പി വി കുഞ്ഞിക്കണ്ണന്, പുത്തലത്ത് തുടങ്ങി തലമുതിര്‍ന്ന സിപിഎം നേതാക്കളും സി എ അജീറിനേയും സി പി ജോണിനേയും പോലുള്ള യുവജന വിദ്യാര്‍ത്ഥി നേതാക്കളും ഉള്‍പ്പെടുന്നു. സിപിഎമ്മിന് അകത്തെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളില്‍ കേന്ദ്ര പാര്‍ട്ടി നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയായ സംസ്ഥാന സെക്രട്ടറിയായാണ് അദ്ദേഹം എണ്‍പതുകളുടെ മധ്യത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, ഒരു ദശകം പിന്നീടുമ്പോഴേക്ക് വിഎസ് പാര്‍ട്ടി അച്ചടക്കം നിരന്തരമായി ലംഘിക്കുന്ന നേതാവായി മുദ്രകുത്തപ്പെട്ടു തുടങ്ങിയിരുന്നു. 1996ല്‍ മാരാരിക്കുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി വിഎസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ പ്രതിഫലനം കൂടിയായി ഇതിനെ പഠിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വിഎസ് സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുകയും പിന്നീട് ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ നിതാന്ത പ്രതിപക്ഷമായി സ്ഥാനമുറപ്പിക്കുകയും ചെയ്തതിനു പിറകില്‍ മാരാരിക്കുളത്തെ പരാജയത്തിന് വലിയ പ്രാധാന്യമുണ്ട്. സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ വലിയതോതില്‍ സ്വാധീനിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
1996ന് ശേഷം സിഐടിയു വിഭാഗത്തിലെ നേതൃത്വത്തിനെതിരേ പരസ്യമായി പടയ്ക്കിറങ്ങിയ വിഎസ് പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ പുതിയൊരു നേതൃനിരയെ തന്നെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ വിജയംവരിച്ചു. എങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ താന്‍ വളര്‍ത്തിയെടുത്ത നേതൃനിര വിഎസിനെ തിരിഞ്ഞുകൊത്തി. പിണറായിവിജയന് സിപിഎമ്മിലെ അധികാരകേന്ദ്രമായി വളര്‍ന്നുതുടങ്ങി എന്ന മുന്നറിയിപ്പ് വിഎസിന് ലഭിച്ചു. കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളില്‍ വിഎസ്-പിണറായി പക്ഷങ്ങള്‍ ഏറ്റുമുട്ടുകയും പിണറായി അന്തിമവിജയം ഉറപ്പിക്കുകയും ചെയ്തു. പക്ഷേ, പാര്‍ട്ടിയില്‍ തോല്‍ക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച് വിഎസ്, വിജയനെ മറികടന്നു. 94ാം വയസ്സിലും വിഎസ് കേരളത്തിലെ ജനങ്ങളോട് തന്റെ രാഷ്ട്രീയം വ്യക്തതയോടെ പറഞ്ഞുകൊണ്ടിരുന്നു. സ്ട്രോക്ക് വന്ന് സംസാരശേഷി നഷ്ടമാകുന്നിടംവരെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു.
ആഗോളീകരണ നയങ്ങളോടും, ലോകബാങ്ക് നിയന്ത്രിത വികസനസമീപനങ്ങളോടും, ശക്തിപ്പെടുന്ന മാഫിയാ മുതലാളിത്തത്തോടും സന്ധിചെയ്യുന്ന സിപിഎം നേതൃത്വത്തോട് നിരന്തരം കലഹിച്ചാണ് 2001ന് ശേഷം വിഎസ് കേരളജനതയ്ക്ക് പ്രിയങ്കരനായത്. റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയ വിഎസ് ടാറ്റയേയും മൂന്നാറിലേയും മതികെട്ടാനിലേയും മരടിലേയും കൈയേറ്റക്കാരേയുമെല്ലാം വെല്ലുവിളിച്ചു. പെണ്‍വാണിഭക്കാരെ വിലങ്ങുവച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. വെള്ളാപ്പള്ളി നടേശന്റെ മൈക്രോഫിനാന്‍സ് തട്ടിപ്പിനേയും ആര് ബാലകൃഷ്ണപിള്ളയുടെ ഇടമലയാര്‍ തട്ടിപ്പിനേയുമൊക്കെ കോടതിയിലും ജനമധ്യത്തിലും ചോദ്യംചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോയും മുത്തങ്ങയില്‍ പോലിസ് മര്‍ദ്ദനമേറ്റ ആദിവാസികളേയും ചേര്‍ത്തുപിടിച്ചു. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ ഇരകളോടൊപ്പം ഉറച്ചുനിന്നു. ജനകീയാസൂത്രണത്തിന്റെ മറവില്‍ ഒളിച്ചുകടത്തപ്പെട്ട രാഷ്ട്രീയ പദ്ധതികളെ ചോദ്യം ചെയ്തു. ലാവ്ലിന് അഴിമതിക്കേസില്‍ പിണറായി വിജയന്റെ പങ്കിനെ പാര്‍ട്ടിക്കകത്ത് ഉന്നയിച്ച് കേന്ദ്രനേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ശാസനകളും പിബിയില്‍ നിന്നുള്ള പുറത്താക്കലും നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിഷേധവും നേരിട്ടു. വിഎസ് മല്‍സരിക്കേണ്ടെന്നു തീരുമാനിച്ച പാര്‍ട്ടിക്ക് തെരുവിലിറങ്ങിയുള്ള ജനങ്ങളുടെ പ്രതിഷേധം കണ്ട് തീരുമാനം മാറ്റേണ്ടിവന്നു. ഇതെല്ലാം ജനകീയനായ വിഎസിന്റെ നേട്ടങ്ങളില്‍ പെടുന്നു. ജനങ്ങളെ അണിനിരത്തി പാര്‍ട്ടിയുടെ തെറ്റായ തീരുമാനങ്ങളെ തിരുത്തിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യയിലില്ല. ഇന്ത്യയിലാകെ സിപിഎമ്മിന്റെ രാഷ്ട്രീയ പാതയില്‍ പരിവര്‍ത്തനങ്ങള്‍ നേരിട്ട ഘട്ടത്തിലാണ് വിഎസ് ഈ സമരങ്ങളെല്ലാം ഏറ്റെടുത്തത്. അധികായന്മാരായ ഇഎംഎസിന്റെയും സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയുമൊക്കെ വിയോഗത്തോടെ പുതിയൊരു തലമുറയിലേക്ക് പാര്‍ട്ടിയുടെ നിയന്ത്രണം മാറ്റപ്പെട്ടു. ആഗോളീകരണനയങ്ങളുമായി സന്ധി ചെയ്യുന്ന രാഷ്ട്രീയപരിപാടിയിലേക്ക് പാര്‍ട്ടിയാകെ ചുവടുമാറ്റി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേലിയേറ്റത്തിന്റെ കാലത്ത് തിരഞ്ഞെടുപ്പ് വിജയത്തിന് മാത്രം പ്രാധാന്യം നല്കുന്ന സമീപനം ശക്തിപ്പെട്ടു വന്നു. സാമൂഹ്യ വിഘടനത്തിന്റെ ഈ ഘട്ടത്തില്‍ ഊര്‍ജ്ജസ്വലമായ രാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം നല്കാന് വിഎസിന് സാധിച്ചു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കിയ ഈ രാഷ്ട്രീയ നേതൃത്വം സിപിഎമ്മിനെ മാത്രമല്ല ഇടതുപക്ഷ രാഷ്ട്രീയത്തെയാകെ അഴിച്ചുപണിയാന്‍ ശേഷിയുള്ളതായിരുന്നു. അതേസമയം തന്നെ സ്ഥാപിത താല്പര്യക്കാര്ക്കെതിരേ ഉയര്‍ത്തിയ പ്രതിരോധം പാര്‍ട്ടിക്കകത്തെ നിക്ഷിപ്ത താല്പര്യക്കാര്ക്ക് പിണറായിക്കു ചുറ്റും ഒരുമിച്ചു ചേരാനും ഒരു വിഎസ് വിരുദ്ധ ചേരി രൂപപ്പെടുത്തുന്നതിനും ഇടയാക്കി. പാര്‍ട്ടി അച്ചടക്കത്തിന്റെ വാളുകള്‍ ആഞ്ഞു പതിച്ചു കൊണ്ടിരിക്കെ അതൊന്നും കൂസാതെ വിഎസ് മുന്നോട്ടു പോയി. തന്റെ ജന്മനാടായ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരേ വ്യക്തിപരമായി ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ മനംനൊന്ത് വേദി വിട്ടിറങ്ങിയ വിഎസ് ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ ബലി നല്‍കേണ്ടി വരുന്നത് എന്താണ് എന്നതിന്റെ പ്രകടമായ കാഴ്ചയായിരുന്നു. സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണതയെ തുറന്നു കാണിക്കുകയായിരുന്നു ഈ ഇറങ്ങിപ്പോക്കിലൂടെ വിഎസ് ചെയ്തത്.
വിഎസ് മൃതിയടഞ്ഞപ്പോള്‍ ജനമനസ്സുകളില്‍ നിറഞ്ഞുനിന്നത് തന്റെ അനുയായി ആയതിനാല്‍ മാത്രം പിണറായിയുടെ കൊലയാളി സംഘം അരുംകൊലയ്ക്ക് ഇരയാക്കിയ ടി പി ചന്ദ്രശേഖരന്റെ ജീവിത പങ്കാളി കെ കെ രമയെ ആശ്വസിപ്പിക്കാന്‍ എത്തിയതിന്റെ ചിത്രമായിരുന്നു എന്നതില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചുരുക്കെഴുത്ത് വായിച്ചെടുക്കാം.






No Comments yet!