വി എസ് അച്യുതാനന്ദന്
വിഎസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അത് പകര്‍ത്തുക എന്നുള്ളത് ഏറെ ശ്രമകരമായിട്ടുള്ള കാര്യമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. കാരണം അടുത്തകാലത്തൊന്നും അങ്ങനെയൊരു നേതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. എന്റെ ജന്മത്തില് ഞാന്‍ കണ്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്നുളള രീതിയില്‍ മനുഷ്യസ്നേഹി എന്നുള്ള രീതിയില്‍ വി എസിനുള്ള പ്രാധാന്യം പകര്‍ത്തിയെഴുതാന്‍ എനിക്ക് ഭാഷ അപൂര്‍ണമാണ് എന്നു തന്നെ പറയാം. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍ക്കുന്നു എന്നു മാത്രമേ എനിക്ക് പറയാന്‍ പറ്റുന്നുള്ളൂ.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഊന്നി നിന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗം എന്നുള്ള രീതിയില്‍ വിഎസിനെ ഞാന്‍ ധീരനായ കമ്മ്യൂണിസ്റ്റ് എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനുകാരണം അദ്ദേഹം അതത് അവസരങ്ങളില്‍ വോട്ട് ബാങ്കിനെ മാത്രം ആശ്രയിക്കാതെ സ്വീകരിച്ചിട്ടുള്ള ചില അടിസ്ഥാന നിലപാടുകളാണ്. ആ നിലപാടുകള്‍ പൊതുവേ വളരെ വ്യാപകമായി വിലയിരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ഞാന്‍ വിചാരിക്കുന്ന ഒന്ന് കമ്മ്യൂണിസ്റ്റ്കാരോട് എന്തെങ്കിലും പ്രശ്നങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ അതില്‍ വ്യക്തികള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ല, വര്‍ഗപരമായ പ്രശ്നങ്ങള്‍ മാത്രമേ നിലനില്ക്കുന്നുള്ളൂ എന്ന സ്റ്റഡി ക്ലാസ്സാണ് നമുക്ക് കിട്ടുക. അതിനുപകരമായി വ്യക്തികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയുടെയും പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് സാമൂഹികമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് എന്നുള്ള ഒരു സമഗ്ര പ്രശ്നപരിഹാര നിലപാട് വി എസിന്റെ ഭാഗത്തു നിന്ന് പലപ്പോഴും ഉള്ളതായി എനിക്ക് നേരിട്ട് അനുഭവമുണ്ട്. ഓരോ വ്യക്തിയുടെയും പ്രശ്നം പ്രധാനമാണ്. അത് വ്യക്തിപരതയല്ല, വൈയ്യക്തികതയല്ല. വ്യക്തികള്‍ പ്രശ്നത്തില്‍ കിടക്കുമ്പോള്‍ സമൂഹത്തിന് ഒന്നായി അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാദ്ധ്യമല്ല എന്ന ആഴത്തിലുള്ള തിരിച്ചറിവാണ് അത്. അതുകൊണ്ടുതന്നെ സാമൂഹികമായി ഒരു നാട് മുന്നേറണമെങ്കില്‍ തീര്‍ച്ചയായും അതില്‍ വ്യക്തികള്‍ സന്തുഷ്ടരായിരിക്കണം, സത്യസന്ധതയുള്ളവരായിരിക്കണം, ആത്മാര്ത്ഥതയുള്ളവരായിരിക്കണം, കര്മ്മശേഷിയുള്ളവരായിരിക്കണം, പ്രവര്ത്തനനിരതരായിരിക്കണം, അഴിമതിരഹിതരായിരിക്കണം എന്നൊക്കെയുള്ള ഒരു വലിയ ദര്‍ശനമാണ് അത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അത്തരമൊരു ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ അത്രയും നടന്നത് എന്ന് നമുക്ക് കാണാന്‍ പറ്റും. ഒരു വര്‍ഗസമരം കൊണ്ട് പരിഹരിക്കാവുന്നതാണ് അഴിമതിയുടെ പ്രശ്നങ്ങള്‍ എങ്കില്‍ തീര്‍ച്ചയായിട്ടും വിഎസിനെ പോലുള്ള ഒരാള്‍ ലാവ്ലിന് കേസ് ഉയര്‍ത്തുകയില്ലായിരുന്നു. എത്രയോ വര്‍ഷങ്ങളാണ് വിഎസ് അതിന്റെ പിന്നില്‍ സമരം ചെയ്തിട്ടുള്ളത്. കാരണം ഒരു വ്യക്തിയുടെ അഴിമതി എങ്ങനെയാണ് ടോട്ടല്‍ സിസ്റ്റത്തെ ബാധിക്കുന്നത,് അതില്‍ എങ്ങനെയാണ് പുഴുക്കുത്തുകള്‍ വീഴ്ത്തുന്നത് എന്നതിനെപ്പറ്റിയുള്ള തിരിച്ചറിവ് തീര്‍ച്ചയായും വിഎസിന് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് പ്രസ്ഥാനത്തിന് അനഭിമതമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഇട വന്നത് എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ അതിന്റെ അടിസ്ഥാനരാഷ്ട്രീയം എന്താണെന്ന് ചിന്തിക്കുമ്പോഴാണ് പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍ എന്നുള്ള ഒരു വലിയ രാഷ്ട്രീയ തത്ത്വത്തെ അത് അങ്ങനെ പേരിട്ട് വിളിച്ചില്ലെങ്കിലും വിഎസ് തൊട്ടറിഞ്ഞിരുന്നു, അതിനോട് അദ്ദേഹത്തിന് പ്രതികരണശേഷി ഉണ്ടായിരുന്നു, എന്ന് നമുക്ക് മനസ്സിലാവുന്നത്. അതിന്റെ ഭാഗമായി അദ്ദേഹം നടത്തിയിട്ടുള്ള സമരങ്ങള്‍ വ്യക്തികളുടെ പേരിലാണെങ്കിലും, അതൊന്നും വ്യക്തികള്‍ക്ക് വേണ്ടിയിട്ടുള്ള സമരങ്ങളായിരുന്നില്ല. വ്യക്തികളുടെ പേരിലുള്ള സമരങ്ങള്‍ ഏറ്റെടുക്കില്ല എന്നുള്ള ഒരു യാന്ത്രിക നിലപാടിലായിരുന്നില്ല വിഎസ് ഉണ്ടായിരുന്നത്. വ്യക്തികള്‍ക്ക് വേണ്ടി അവരുടെ പ്രശ്നപരിഹാരത്തിന് വേണ്ടി സമരങ്ങള്‍ എറ്റെടുത്ത് സമൂഹത്തെ മുന്നോട്ട് നയിക്കുക എന്നുള്ള ഒരു പ്രത്യേക ലൈന്‍ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതി വിഎസ് സ്വീകരിച്ചു എന്നത് ഒരു വസ്തുതയാണ്. അപ്പോള്‍ സ്ത്രീരാഷ്ട്രീയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വ്യക്തിപരമായത് എന്തും രാഷ്ട്രീയമാണെന്നുള്ള ഒരു ആപ്തവാക്യം ഒരു തലവാചകം തന്നെ രൂപപ്പെടുന്നത് എന്നു നമുക്കറിയാം പക്ഷേ എല്ലാ കാര്യത്തിലും ഇത് ബാധകമാണ് എന്നുള്ളതാണ് നാം തിരിച്ചറിയേണ്ടിവരുന്നത്.
ഐസ്ക്രീം പാര്‍ലര്‍ കേസിനുവേണ്ടി ഒരു പ്രത്യേക ടീമിനെത്തന്നെ അദ്ദേഹം രൂപീകരിച്ചു. ഒരു ഇര, അല്ലെങ്കില്‍ ഒരു അതിജീവിത താനനുഭവിച്ചിട്ടുള്ള ചില പീഡനങ്ങള്‍, തന്നെ പീഡിപ്പിച്ച വ്യക്തി, ഇതെല്ലാം ഒരു ചാനലിന് മുമ്പാകെ വന്ന് പറഞ്ഞതിനു ശേഷമാണ് രണ്ടാമതൊരു ഉണര്‍വ് ഐസ്ക്രീം പാര്‍ലര്‍ കേസിനുണ്ടാവുന്നത്, 2004ല്‍. എക്സ് ഓര് വൈ ആ അതിജീവിതയ്ക്കുവേണ്ടി അത് ചെയ്യുമ്പോഴും ആ അതിജീവിതയുടെ വ്യക്തിപരമായിട്ടുള്ള പരമിതികളോ അല്ലെങ്കില്‍ കോട്ടങ്ങളോ അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട നഷ്ടങ്ങളോ ഒക്കെ ചര്‍ച്ചയാവുമ്പോഴും അതിനെതിരേ സമരസപ്പെടാതെ പോരാടി മുന്നേറുക എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ഒരു മുഴുവന്‍ വ്യവസ്ഥയേയും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് എന്ന തിരിച്ചറിവില്‍നിന്നാണ് വക്കീലന്മാരും പൊതുപ്രവര്‍ത്തകരും ഒക്കെ ഉള്പ്പെട്ടിട്ടുള്ളൊരു വലിയ ടീമിനെ ഇത് പഠിക്കാന്‍ വേണ്ടിയും കേസ് നേരിടാന്‍ വേണ്ടിയുമൊക്കെ അദ്ദേഹം സജ്ജീകരിച്ചത്. അത് രണ്ട്മൂന്ന് തരത്തിലാണ്. അതൊരു സ്ത്രീപ്രശ്നമാണ് പ്രത്യക്ഷത്തില്‍. അതൊരു സത്രീപ്രശ്നമായിരിക്കുമ്പോള്ത്തന്നെ ഒരു വ്യക്തിയുടെ വ്യക്തിപരമായിട്ടൊരു സ്വഭാവ ദൗര്ബല്യംകൂടിയാണത്. അധികാരത്തിലിരിക്കുന്നൊരു വ്യക്തിക്ക് അത്തരം ദൗര്ബല്യങ്ങളുണ്ടായിക്കഴിഞ്ഞാല് അതിന്റെ പേരില്‍ അതിന്റെ തൃപ്തിക്കുവേണ്ടി അത്തരം ആള്ക്കാര് തന്റെ അധികാരത്തെ ദുര്‍വിനിയോഗം ചെയ്താല്‍ എന്താണ് സാമൂഹികമായി സംഭവിക്കുന്ന വിപത്ത് എന്നുള്ളതിന്റെ ഒരു ഉദാഹരണം കൂടിയായിട്ടാണ് നമുക്ക് ഐസ്ക്രീം പാര്‍ലര്‍ കേസ് കാണാന്‍ സാധിക്കുക. ഏതെങ്കിലും ഒരു വ്യക്തിക്ക്, ആ വ്യക്തിയെ ആക്രമിച്ചിട്ടുള്ള ഒരാള്‍ നല്കുന്ന നഷ്ടപരിഹാരംകൊണ്ട് നികത്താവുന്നതല്ല വാസ്തവത്തില്‍ ആ അവസ്ഥ. അവിടെ ആ വ്യക്തിയല്ല, ആക്രമിക്കപ്പെടുന്നത് എന്നും ഒരു സമൂഹം ഒന്നാകെയാണ് ആക്രമിക്കപ്പെടുന്നത് എന്നും, ഒരു വ്യക്തിയല്ല അവിടെ അധികാരം പ്രയോഗിക്കുന്നത് എന്നും ഒരു സമൂഹത്തിലെ ഒരു വിഭാഗമാണ് അധികാരം പ്രയോഗിക്കുന്നത് എന്നുമുള്ള തിരിച്ചറിവ് വന്നുകഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ വ്യക്തിപരമായിട്ടുള്ള പ്രശ്നങ്ങള്‍, രാഷ്ട്രീയമാണ് എന്നുള്ള തിരിച്ചറിവില്‍ നമുക്കെത്തിച്ചേരാന്‍ കഴിയും. അത്തരമൊരു തിരിച്ചറിവിലാണ് വിഎസ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്.
എതാണ്ട് ഇതേ കാലത്തുതന്നെ 2004ല്‍ പുറത്തുവന്നിട്ടുള്ള വളരെ പ്രമാദമായിട്ടുള്ള ഒരു സെക്സ് റാക്കറ്റ് കേസാണ് കവിയൂര്‍, കിളിരൂര്‍ കേസ്. ആ കേസ് ചെറിയ ചെറിയ ഉള്‍പേജു വാര്‍ത്തകളായിട്ട് പത്രങ്ങളില്‍ വന്നതോടുകൂടി അതിനെ ഏറ്റെടുത്ത് ഒരു മുഖ്യധാരാ സാമൂഹിക രാഷ്ട്രീയമായിട്ട് ഉയര്‍ത്തിയതില്‍ വിഎസിന്റെ പങ്ക് അവിസ്മരണീയമാണ്. അതില്‍ കവിയൂരിലെ പെണ്‍കുട്ടിയും കിളിരൂരിലെ പെണ്‍കുട്ടിയും ഒരേ സെക്സ്റാക്കറ്റിലെ ഇരകളായിരുന്നുവെന്നും അവര്‍ ഇരുവരൂടെയും മരണം അത്ര സ്വാഭാവികമായിരുന്നില്ല എന്നുമൊക്കെ സമൂഹത്തിന് മുമ്പാകെ കൊണ്ടുവരുന്നതില്‍ വലിയൊരു പങ്ക് തീര്‍ച്ചയായും വിഎസിന് ഉണ്ട്. വിഎസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യഘട്ടത്തില്‍ നമ്മള് കണ്ട ശാഠ്യക്കാരനായ യാന്ത്രികയുക്തി പ്രയോഗിക്കുന്ന ഒരു സാധാരണ കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും വ്യത്യസ്തനായി, പീഡനത്തിന് ഇരയായി ദുര്മരണപ്പെടേണ്ടി വന്ന പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് സംസാരിച്ച, ആദ്യത്തെ രാഷ്ട്രീയനേതാവ് എന്നു തന്നെ കേരളത്തില്‍ വിലയിരുത്താവുന്ന ആളാണ് വിഎസ് അച്യുതാനന്ദന്. അദ്ദേഹത്തിന്റെ അത്തരമൊരു വ്യക്തിത്വം രൂപപ്പെടുന്നത്് കവിയൂര്‍-കിളിരൂര്‍ കേസിനോടുകൂടിയിട്ടാണ്. പലപ്പോഴും താന്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി ഉന്നയിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതായി നമുക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ പ്രസ്ഥാനം ഇടപെടുകയും പരസ്യമായി അദ്ദേഹത്തെ തിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദയനീയമായ കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞു. പക്ഷേ അപ്പോഴും ഒരേ സമയം പ്രസ്ഥാനത്തോടും ഈ സാമൂഹിക വിപത്തിനോടും ഏറ്റുമുട്ടി ഏറ്റുമുട്ടി ഉരഞ്ഞുപോയ പോരാളിയെ പ്രത്യക്ഷമായി നമുക്ക് വിഎസില്‍ കാണാന്‍ കഴിയുന്നത് കവിയൂര്‍-കിളിരൂര്‍ കേസിലാണ്. വിഎസ് പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ കേരളം അന്നോളം കണ്ടിട്ടില്ലാത്ത പ്രതിപക്ഷസ്വരങ്ങളാണ് വിഎസില്‍ നിന്ന് ഉയര്‍ന്നത്. പ്രതിരോധങ്ങളാണ് കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ വളരെ പ്രധാനമായ സ്റ്റേറ്റ്മെന്റ് സ്ത്രീപീഡകരെ കൈയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കും എന്നാണ്. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല. അതിനു കാരണം അദ്ദേഹം ജനങ്ങളെ വഞ്ചിച്ചതുകൊണ്ടല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആഭ്യന്തരവകുപ്പ് അദ്ദേഹത്തില്‍ നിന്ന് എടുത്തുമാറ്റി, പാര്‍ട്ടി വിഎസിന്റെ കൈകാലുകള്‍ കെട്ടിയിട്ട സ്ഥിതിയിലാക്കിയതുകൊണ്ടാണ്.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഎസ് സ്വീകരിച്ച നിലപാടാണ് മറ്റൊന്ന്. അതും പ്രസ്ഥാനം എടുത്ത തീരുമാനത്തോട് പൊരുതിക്കൊണ്ടാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു ദിവസം തന്നെ കെ കെ രമയെയും ടി പിയുടെ അമ്മയേയും കാണാന്‍ വേണ്ടി ടി പിയുടെ വീട്ടില്‍ എത്തിയത്. കേരളം മറന്നിട്ടില്ലാത്ത ഒരു കാഴ്ച്ചയാണ് ആ വരവ്. എങ്ങനെ സാധ്യമാകുന്നു എന്നുള്ളതിന് നമ്മുടെ യാന്ത്രിക യുക്തികൊണ്ട് ഉത്തരം കണ്ടെത്താന്‍ കഴിയുകയില്ല. അതില്‍ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സഹഭാവത്തിന്റെയും ഒരു പാട് അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. എങ്ങനെയാണ് കെ കെ രമയുടെയും ടി പി യുടെ അമ്മയുടെയും ദുഃഖത്തെ വിഎസ് തന്റെ ഹ്യദയത്തില്‍ ഏറ്റുവാങ്ങിയത് എന്ന് നമുക്കറിയാം. വാസ്തവത്തില്‍ വിഎസ് ആ ഘട്ടത്തില്‍ വാക്കുകള്‍ നഷ്ടപ്പെട്ടുപോയ ആ രണ്ടു സ്ത്രീകളുടെ വാക്കായി മാറുകയാണ് ചെയ്തത്. അത് മനുഷ്യത്വത്തിന്റെ ഉയിര്‍ത്തെഴുന്നല്‍പ്പിന്റെ കൂടി സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്.
‘കുനിഞ്ഞെങ്കിലൊരു
പിലാവിലയെങ്കിലും പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരു കിണ്ണം
കൊഴുത്ത കഞ്ഞി ഞാന്‍’
എന്ന് പാടിയത് ഇടശ്ശേരിയാണ്. അതുപോലെ ഒരു പ്രവൃത്തിയും വെറുതെയാക്കാത്ത നേതാവായിരുന്നു വിഎസ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മലകയറ്റങ്ങളും കാടിറക്കങ്ങളും സമൂഹത്തിലേക്കുള്ള കടന്നുവരവും പ്രസ്താവനകളും എന്താണോ സാമൂഹികമായി ആ കാലഘട്ടത്തില്‍ വേണ്ടത് അതിനനുസരിച്ചുള്ളതായിരുന്നു എന്നുള്ളതും സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും വിലയിരുത്താന്‍ കഴിയും. ഒരു ഘട്ടത്തിലും സമൂഹത്തെ പിന്നോട്ട് നയിക്കുന്ന ഒരു ഇടപെടലുകളും വിഎസില്‍ നിന്ന് ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ചില നിശബ്ദതകളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുമ്പോള്‍ നിശബ്ദനായി പോകുന്നത് കാണാം. തന്റെ ശബ്ദം കൊണ്ടു പോലും സമൂഹത്തെ പിന്നിലേക്ക് നയിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു വ്യക്തിക്ക് പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എത്രമാത്രം വളരാമോ, ഇതുപോലെ പാര്‍ലമെന്ററി ഒത്തുത്തീര്‍പ്പിന് വിധേയമായിക്കൊണ്ട്, അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഒരു വ്യക്തിയ്ക്ക് അതില്‍ നിന്നൊക്കെ സ്വതന്ത്രനായി എത്ര ഉയരത്തില്‍ വളരാമോ, അത്രയും ഉയരത്തില്‍ വളര്‍ന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു വിഎസ്.





No Comments yet!