കെ അഷ്‌റഫ്
2025 മാര്‍ച്ച് 18ന് ബിഹാറില്‍ നിന്നുള്ള കവി ആമിര്‍ അസീസിന് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ വധേര ആര്‍ട്ട് ഗാലറിയില്‍ അദ്ദേഹത്തിന്റെ കവിത ‘സബ് യാദ് രഖാ ജായേഗ’ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയ മൂന്ന് ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് ആമിറിന്റെ കവിതാ ശകലങ്ങള്‍ പശ്ചാത്തലമായി ഉപയോഗിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ പേര് എവിടെയും ഇല്ലായിരുന്നു.
കലാകാരിയായി ക്രഡിറ്റ് ചെയ്തത് അനിത ദുബെയാണ്. ലഖ്‌നോവിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ദുബെ 1980കളില്‍ ബറോഡയിലെ റാഡിക്കല്‍ കലാ പ്രസ്ഥാന പ്രവര്‍ത്തനത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. മിക്‌സ്ഡ്-മീഡിയ സ്‌കള്‍പ്ചറുകളും ഇന്‍സ്റ്റലേഷനുകളും മെമ്മറി, ചരിത്രം, പുരാണങ്ങള്‍ എന്നീ പ്രമേയങ്ങളെ ചുറ്റിപ്പറ്റിയും ദീര്‍ഘകാലമായി കലാപ്രവര്‍ത്തനം നടത്തുന്നു. 2018ല്‍ അവര്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ ക്യൂറേറ്ററായി. 85 ലക്ഷം രൂപ വരെ വിലയുള്ള നിരവധി ചിത്രങ്ങള്‍ വില്‍പ്പന നടത്തുന്നയാള്‍. ഒപ്പം മറ്റൊരു കാര്യം കൂടി: വധേര ഗാലറി, 1971ല്‍ സ്ഥാപിതമായ, ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നാണ്. വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപയിലധികം.
ജാമിഅ മില്ലിയയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന കവി ആമിര്‍ അസീസ് ബിഹാറിലെ ദുല്‍ഹിന്‍ ബസാറില്‍ ജനിച്ചു. 1990കളിലും 2000ത്തിലും മേല്‍ജാതി അക്രമങ്ങള്‍ക്ക് സാക്ഷിയായ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിപ്പെടാന്‍ തന്നെ നീണ്ട പോരാട്ടം. കൂടെ അല്‍പ്പം ഭാഗ്യവും. സ്വയം പഠിച്ചും പരിശീലിച്ചും കവിയും സംഗീതജ്ഞനുമായ അദ്ദേഹം, സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ഉറുദു കവിതകള്‍, മുസ്‌ലിം-ബിഹാര്‍ പശ്ചാത്തലത്തില്‍ നിന്നുള്ള സാമൂഹിക അനുഭവങ്ങള്‍, ഇസ്ലാമോഫോബിയ, ജാതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരുന്നു. യൂട്യൂബ് ചാനലിലെ കവിതകള്‍ പല തവണ ഹിന്ദുത്വവാദികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. മുസ്ലിം ഗല്ലികള്‍ നിറഞ്ഞ ജാമിഅ മില്ലിയയില്‍ പഠിക്കുമ്പോള്‍ റേഷ്യല്‍ പ്രൊഫൈലിംഗിനെ മറികടന്ന് ഒരു ‘സെക്കുലര്‍ ലുക്ക്’ കിട്ടാന്‍ വേഷത്തിലും രൂപത്തിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങള്‍ അദ്ദേഹം ‘ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട് (23 മെയ് 2019).
കവിതയും പ്രക്ഷോഭവും
ശാഹീന്‍ ബാഗിലെ സ്ത്രീ പ്രക്ഷോഭകാരികളെപ്പറ്റി കവിയും ചലച്ചിത്രകാരനുമായ ദറബ് ഫാറൂഖി ‘നാം ശഹീന്‍ ബാഗ് ഹേ’ എന്ന കവിത എഴുതി. കവിയും ചലച്ചിത്രകാരനും രചയിതാവുമായ വരുണ്‍ ഗ്രോവര്‍ പൗരത്വ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായി മാറിയ ‘ഹം കാഗസ് നഹി ദിഖായെങ്കെ’ എന്ന കവിതയും എഴുതി. ഇവര്‍ക്കൊന്നുമില്ലാത്ത ദുര്യോഗമാണ് അത്ര സാംസ്‌കാരിക മൂലധനമില്ലാത്ത, ബോംബെയില്‍ വാടക വീട്ടില്‍ താമസിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന, ആമിര്‍ അസീസിന്റെ കവിതയ്ക്കു വന്നു ചേര്‍ന്നത്. മുസ്ലിമായതിന്റെ പേരില്‍ ഹിന്ദുത്വര്‍ അടിച്ചുകൊന്ന പെഹ്ലുഖാന്റെ കഥയാണ് ‘ദിബല്ലാഡ് ഓഫ് പെഹ്ലുഖാന്‍’ എന്ന ആമീറിന്റെ കവിത. ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ പോലിസ് അഴിച്ചുവിട്ട മര്‍ദ്ദനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിനെ വാഴ്ത്തി ‘യെ ഹെ ജാമിഅ കി ലഡ്കിയാന്‍’ എന്ന കവിത അദ്ദേഹം എഴുതി. എന്നാല്‍ ആമിര്‍ അസീസിന്റെ ജീവിതം ശരിക്കും മാറ്റിമറിച്ചത് പൗരത്വ പ്രക്ഷോഭ കാലത്ത് ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ മറ്റൊരു കവിതയായിരുന്നു: ‘സബ് യാദ് രഖാ ജായേഗ’.

റോയിറ്റേഴ്‌സ് (30 മാര്‍ച്ച് 2020) നല്‍കുന്ന കണക്ക്പ്രകാരം 2019-2020ല്‍, സിഎഎ/ എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 76 പേര്‍ കൊല്ലപ്പെട്ടു. 2000ലധികം പേര്‍ക്ക് മാരകമായ പരിക്കേറ്റു. ഇസ്ലാമോഫോബിയയും ഭരണകൂട അടിച്ചമര്‍ത്തലും തീവ്രമായപ്പോള്‍, ആമിറിന്റെ ‘സബ് യാദ് രഖാ ജായേഗ’ ഒരു പ്രതിരോധ ജ്വാലയായി. ഷഹീന്‍ ബാഗ്, ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രക്ഷോഭകര്‍ ഈ കവിത ഏറ്റുചൊല്ലി. കേരളത്തില്‍ വരെ എല്ലാവരും അത് പ്ലക്കാര്‍ഡുകളില്‍ എഴുതി. ആ കവിത മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ അവകാശ പോരാട്ടങ്ങള്‍ മാത്രമല്ല, ജാതി, വര്‍ഗ, മത, ലിംഗ വിവേചന അനീതികള്‍ക്കെതിരേ നിന്ന എല്ലാവരുടെയും ശബ്ദമായി. 2020 ഫെബ്രുവരിയില്‍ ലണ്ടനില്‍, ജൂലിയന്‍ അസാഞ്ചിന്റെ മോചനത്തിനായുള്ള പ്രക്ഷോഭത്തില്‍ റോജര്‍ വാട്ടേഴ്‌സ് കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ആലപിച്ചതോടെ ‘സബ് യാദ് രഖാ ജായേഗ’ ആഗോള ശ്രദ്ധയാകര്‍ഷിച്ചു. അത്ര അപ്രശസ്തനല്ലാത്ത കവിയോ കവിതയോ അല്ല ആമിര്‍ അസീസും ‘സബ് യാദ് രഖാ ജായേഗ’യും എന്നു ചുരുക്കം.
സ്വന്തം കവിതകള്‍ തെരുവുകളിലും പ്ലക്കാര്‍ഡുകളിലും കവിതയായി മാറുന്നതും തന്റെ സാന്നിധ്യമോ പേരോ ഇല്ലാതെ പ്രക്ഷോഭകര്‍ അത് ഉപയോഗിക്കുന്നതും ആമിറിന് ആഹ്ലാദം നല്‍കി. മൂലധനത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, നീതിക്കും പോരാട്ടത്തിനും വേണ്ടി കവിതയെ കോപ്പി ലെഫ്റ്റാക്കി മാറ്റുന്നതില്‍ അദ്ദേഹം യാതൊരു കുഴപ്പവും കണ്ടില്ല. എന്നാല്‍ വരേണ്യ കലാലോകം തന്റെ കവിതകള്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ കൃത്യമായ ക്രെഡിറ്റ് ആമിര്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ കലാരംഗത്തെ മൂലധന-ജാതി-സമുദായ താല്‍പര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്ന കാലമാണിത്. 2023-ല്‍ ‘ഇന്ത്യാ സ്‌പെന്‍ഡ്’ നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങളിലെ 80 ശതമാനം അധികാര സ്ഥാനങ്ങള്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും പ്രവര്‍ത്തിക്കുന്ന സവര്‍ണ ജാതി വിഭാഗങ്ങള്‍ കൈവശം വയ്ക്കുന്നുണ്ട്. ഇന്ത്യയില്‍, 90 ശതമാനം കലാപ്രദര്‍ശനങ്ങള്‍ നഗര കേന്ദ്രങ്ങളില്‍ മാത്രമാണ് എന്നത് ആര്‍ട്ട് ഇന്ത്യാ മാഗസിന്‍ 2023ല്‍ പുറത്തുകൊണ്ടുവന്നിരുന്നു. കലയുടെ രാഷ്ട്രീയം മൂലധന താല്‍പ്പര്യം മാത്രമല്ല ബ്രാഹ്മണിക സാംസ്‌കാരിക താല്‍പ്പര്യങ്ങളും ഉള്‍വഹിക്കുന്നു.
അനിത ദുബെയുടെ കവിത ചോരണം അറിഞ്ഞപ്പോള്‍ ആമിര്‍ ഉടന്‍ പരസ്യമായി പ്രതികരിച്ചില്ല. സംശയത്തിന്റെ ആനുകൂല്യം കലാപ്രവര്‍ത്തകര്‍ക്കുണ്ടല്ലോ. അവരെയും ഗാലറിയെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ അനിത ദുബെ 2023 മുതല്‍ ആമിറിന്റെ കവിത ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായി. ആമിറിന്റെ കവിതകള്‍ പേര്, ക്രെഡിറ്റ്, ഒന്നും ഇല്ലാതെ, 2025ലെ ഇന്ത്യാ ആര്‍ട്ട് ഫെയറിലും പ്രദര്‍ശിപ്പിച്ചു. ഇതൊക്കെ ആമിര്‍ നേരിട്ട് പറഞ്ഞിട്ടും വധേര ഗാലറി പ്രസ്തുത ഇന്‍സ്റ്റലേഷന്‍ നീക്കാന്‍ വിസമ്മതിച്ചു. മറുപടി ആവശ്യപ്പെട്ടപ്പോള്‍ മൗനം പാലിച്ചു. ഒരു മാസം അദ്ദേഹം അനിത ദുബെയോടും വധേര ഗാലറിയോടും സംസാരിച്ചു. തന്റെ പേര് ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അവഗണിച്ചു. ജീവിച്ചിരിക്കുന്ന കവിയുടെ രചന അവരുടെ സമ്മതം ഇല്ലാതെ എടുക്കുന്നത് കലാരംഗത്തു സാധാരണമെന്ന് പറഞ്ഞ് ആവശ്യങ്ങളെ നിസ്സാരവല്‍ക്കരിച്ചു.
ഒരു മാസത്തിന് ശേഷം 2025 ഏപ്രില്‍ 20ന്, ആമിര്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ വേദന പങ്കുവച്ചു. പോസ്റ്റ് വൈറലായി. ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തു. ലക്ഷക്കണക്കിന് പേര്‍ പ്രതികരിച്ചു. വാര്‍ത്തകള്‍ വന്നു. സാമൂഹിക മാധ്യമങ്ങള്‍ ഇളകി. യഥാര്‍ത്ഥത്തില്‍ ദുബെ കവിതയുടെ പേര് മാറ്റി, പ്രക്ഷോഭ കവിതയുടെ ആത്മാവിനെ ആഡംബര വസ്തുവാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നു.
ഇസ്ലാമോഫോബിയയും കലയുടെ രാഷ്ട്രീയവും
വിമര്‍ശകര്‍ ഉന്നയിച്ച പ്രശ്‌നം ഇതാണ്: ആമിറിന്റെ മനോഹരമായ ആ കവിത വേണം. അതിന്റെ ലാവണ്യബോധം പ്രധാനമാണ്. പക്ഷേ, ആമിര്‍ അസീസ് എന്ന കവിയുടെ പേര് ഉച്ചരിക്കാന്‍ താല്‍പ്പര്യമില്ല. ‘മുസ്ലിംകളുടെ പ്രക്ഷോഭവും കവിതയും രാഷ്ട്രീയവും വേണം. പക്ഷേ, അത് ഞങ്ങള്‍ ഏറ്റെടുത്ത് നടത്തിയാലേ ശരിയാവൂ’ എന്ന ദേശീയ യുക്തിയുടെ നീണ്ട ചരിത്രമാണിത്. ‘മുസ്ലിം പ്രക്ഷോഭങ്ങളും ആവശ്യങ്ങളും ന്യായമാണ്. പക്ഷേ, മുസ്ലിം പ്രക്ഷോഭകര്‍ തെറ്റാണ്’ എന്ന ബഹിഷ്‌കരണ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഹിന്ദുത്വര്‍ നേരിട്ടു വംശീയവാദം പ്രചരിപ്പിക്കുന്നു, പ്രയോഗിക്കുന്നു. എന്നാല്‍, പുരോഗമന വ്യവഹാരങ്ങള്‍ സ്വയം വംശീയവാദികളാവാതെ തന്നെ ഇത്തരം ‘നിഷ്‌കളങ്കമായ പുറന്തള്ളലുകളിലൂടെ’ അറിഞ്ഞും അറിയാതെയും വംശീയവാദത്തെ പുനരുല്‍പാദിപ്പിക്കുന്നു. പുരോഗമന ഇസ്ലാമോഫോബിയയുടെ വേറിട്ട രീതിശാസ്ത്രമാണിത്.
2022ലെ ഒരു സര്‍വേ (സ്‌ക്രോള്‍) പ്രകാരം 65 ശതമാനം മുസ്‌ലിം കലാകാരന്‍മാര്‍ തങ്ങളുടെ സര്‍ഗാത്മക പ്രവര്‍ത്തനം രാജ്യത്ത് ബോധപൂര്‍വം അവഗണിക്കപ്പെടുന്നതായി കരുതുന്നു. ഇത് ബ്രാഹ്മണ പാരമ്പര്യമുള്ള അനിത ദുബെയുടെ ഐച്ഛികമായ ഒരു അഴിമതി മാത്രമല്ല. ന്യൂനപക്ഷ സമുദായത്തിന്റെ ശബ്ദത്തെയും പോരാട്ടത്തെയും എങ്ങനെയാണ് വരേണ്യ ഇന്ത്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ് കാലങ്ങളായി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഘടനാപരമായ പ്രതിഫലനമായിരുന്നു.

വൈവിധ്യങ്ങളും ബഹുസ്വരതയും ഇല്ലാത്ത വരേണ്യ മേല്‍ജാതി കലാലോകത്ത് ഇത്തരം ‘മോഷണങ്ങള്‍’ (‘പ്രചോദനങ്ങള്‍’ എന്നാണ് നാഗരിക ഭാഷ) സാധാരണമാണ്: 2011ല്‍, ചിത്രകാരിയായ ഭാര്‍തി ഖേര്‍ ഗ്രാമീണ സ്ത്രീകളുടെ കൈകൊണ്ട് നിര്‍മിച്ച ബിന്ദി ഡിസൈനുകള്‍ ക്രെഡിറ്റ് നല്‍കാതെ എടുത്തത് വലിയ ചര്‍ച്ചയായതാണ്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. 2018ല്‍, ഡിയോര്‍ എന്ന ആഡംബര ഉല്‍പ്പന്ന കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നോവലിസ്റ്റായ ഒര്‍ജിത് സെന്നിന്റെ കൈകൊണ്ട് വരച്ച ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ അനുവാദമോ ക്രെഡിറ്റോ ഇല്ലാതെ പകര്‍ത്തിയെന്ന ആക്ഷേപം ഉയര്‍ന്നു. റാഡിക്കല്‍ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ കലയെ കച്ചവടച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ ഇതേ ഒര്‍ജിത് സെന്‍ തന്നെ അനേകം കീഴാള കലാപ്രവര്‍ത്തകരുടെ ആശയങ്ങള്‍ ‘ചോര്‍ത്തിയെന്ന’ ആരോപണം ചര്‍ച്ച പോലുമായില്ല. നങ്ങേലിയെക്കുറിച്ച് കേരളത്തിലെ ദലിത് ബഹുജന്‍ കലാകാരന്‍മാര്‍ വരച്ച ചിത്രങ്ങള്‍ വരെ ‘പ്രചോദനം’ എന്ന പേര്‍ നല്‍കി സ്വന്തമാക്കിയ കലാകാരനാണ് ഒര്‍ജിത് സെന്‍ എന്നാണ് ആക്ഷേപം. അസീസ്-ദുബെ പ്രശ്‌നം വിവിധ മാധ്യമങ്ങളിലും സാംസ്‌കാരിക വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ, തമിഴ് ദലിത് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ജയറാണി, സവര്‍ണ പശ്ചാത്തലമുള്ള ചലച്ചിത്ര സംവിധായിക ശാലിനി വിജയകുമാറിനെതിരേ തന്റെ ചെറുകഥയായ ‘സെവ്വരളി പൂച്ചരം’ മോഷ്ടിച്ച് ‘സീയിംഗ് റെഡ്’ എന്ന ചലച്ചിത്രമായി അവതരിപ്പിച്ചതായി ആരോപിച്ചു. ഈ ചിത്രം കഴിഞ്ഞ മാസം പ്രശസ്തമായ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഹമന്‍ കോ ഹോഷിയാരി ക്യാ
ആമിര്‍ അസീസിന്റെ പ്രതിരോധം ഘടനാപരമായ പുറന്തള്ളലിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കൂടി തുറന്നുകാട്ടുന്നതായിരുന്നു. 2025 ഏപ്രില്‍ 21ന്, വധേര ഗാലറി ഇന്‍സ്റ്റാഗ്രാമില്‍ പ്രസ്താവന ഇറക്കി: ‘ഞങ്ങള്‍ ഒരു മാസമായി ആമിറുമായി സംസാരിക്കുന്നു, അദ്ദേഹത്തിനു പരാതിയുള്ള രചന വില്‍പ്പനയ്ക്ക് വയ്ക്കില്ല.’ ഈ പ്രസ്താവന ഒഴിഞ്ഞുമാറലായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള തന്ത്രവുമായിരുന്നു. ആര്‍ട്ട് ഗാലറി, ഒരു കവിയുടെ രചന അനുവാദമില്ലാതെ പ്രദര്‍ശിപ്പിച്ചുവെന്ന വസ്തുതയോടൊപ്പം മറ്റൊരാള്‍ ചോരണം നടത്തിയെന്ന പ്രശ്‌നം ഗൗരവത്തില്‍ അഭിസംബോധന ചെയ്തില്ല.
ആമിറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വന്നതിന് ഒരു ദിവസത്തിനകം, ദുബെ ‘നൈതിക പിഴവ്’ സമ്മതിച്ച് ക്ഷമാപണം നടത്തി. ‘ഹമന്‍ ഹൈ ഇഷ്‌ക് മസ്താന, ഹമന്‍ കോ ഹോഷിയാരി ക്യാ’ ( I’m drunk on love, Why be clever anymore?) എന്ന സാക്ഷാല്‍ കബീറിന്റെ കവിതാശകലം ഉദ്ധരിച്ച് കടപ്പാടിന്റെ ലോകത്തെക്കുറിച്ചു ‘നിഷ്‌കളങ്കരായി’. ‘കോപ്പി-ലെഫ്റ്റ്’ എന്ന പുരോഗമന ആശയത്തെപ്പറ്റി സൂചിപ്പിച്ചു മുതലാളിത്ത വിരുദ്ധ പോരാട്ടത്തിന്റെ പ്രതീതി നിര്‍മിക്കാന്‍ ശ്രമിച്ചു. എല്ലാം എല്ലാവരും പങ്കുവയ്ക്കുന്ന കോമണ്‍സ്-അധിഷ്ഠിത ഐക്യദാര്‍ഢ്യ മാതൃകയും മുന്നോട്ടുവച്ചു. ബ്ലാക് ചിന്തകരായ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെയും ബെല്‍ ഹുക്‌സിനെയും പോലുള്ളവരെ താന്‍ ക്രെഡിറ്റില്ലാതെ ഉദ്ധരിക്കാറുണ്ടെന്ന് ന്യായീകരിച്ചു. പക്ഷേ, കിങും ഹുക്‌സും ജീവിച്ചിരിപ്പില്ല, ആമിര്‍ ജീവനോടെയുണ്ട്. അതോ കീഴാളരായ കലാപ്രവര്‍ത്തകര്‍ ജീവിച്ചാലും മരിച്ചാലും ഒരു പോലെയെന്നാണോ അവര്‍ പറയുന്നത്? ഒപ്പം ആമിറിന് ഒരു പ്രതിഫലം വാഗ്ദാനം ചെയ്തു. ആമിര്‍ പക്ഷേ അത് നിരസിച്ചു. ഈ ക്ഷമാപണവും വിശദീകരണവും വികാരരഹിതവും, ദുബെക്ക് പറ്റിയ പബ്ലിക് റിലേഷന്‍ കേടുപാടുകള്‍ നിയന്ത്രിക്കാനുള്ള ശ്രമവുമായിരുന്നുവെന്നാണ് ആമിറിനെ പിന്തുണയ്ക്കുന്നവര്‍് പറയുന്നത്.
ആമിര്‍ നിയമ നോട്ടീസ് അയച്ച ശേഷം മാത്രമാണ് ദുബെ പ്രതികരിച്ചത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം (1957) ഒരു രചനയുടെ സ്രഷ്ടാവിന് പുനര്‍നിര്‍മ്മാണം, ക്രെഡിറ്റ്, എന്നിവയില്‍ അവകാശം നല്‍കുന്നു. നിയമപരമായി തന്നെ ‘സബ് യാദ് രഖാ ജായേഗ’യുടെ രചയിതാവായ ആമിറിനെ ബന്ധപ്പെടുകയും ക്രെഡിറ്റ് നല്‍കുകയും വേണമായിരുന്നു. ആമിറിനെപ്പോലൊരാള്‍ക്ക് നിയമ പോരാട്ടങ്ങള്‍ ചെലവേറിയതാണ്. അപ്പുറത്ത് നില്‍ക്കുന്നവരുടെ നിയമ പോരാട്ടത്തോട് കിടപിടിക്കാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.





No Comments yet!