Skip to main content

ഹിന്ദുത്വയുടെ രാഷ്ട്രതന്ത്രം: ഗുജറാത്തിനു ശേഷം (2002-2014) ഇസ്‌ലാമോഫോബിയ പഠനങ്ങള്‍

രണ്ടായിരത്തോളം മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ഒരു ലക്ഷം പേരെ അഭയാര്‍ഥികളാക്കുകയും ചെയ്ത 2002ലെ ഗുജറാത്ത് വംശഹത്യ ഹിന്ദുത്വ ഹിംസയെ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടിയെന്നു സിറ്റിസണ്‍ ട്രൈബ്യൂണല്‍ റിപോര്‍ട്ട് (2002) സൂചിപ്പിക്കുന്നു. അക്കാലത്ത് ഹിന്ദുത്വര്‍ നേരിട്ട രാഷ്ട്രീയ/ സാംസ്‌കാരിക പ്രതിരോധം മറികടന്നു പിന്നീടുള്ള നാളുകളില്‍ അവര്‍ ജനമനസ്സുകള്‍ കീഴടക്കിയത്തിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എപ്പിസോഡാണ് 2002നു ശേഷം രാജ്യത്ത് നടന്ന സ്‌ഫോടനങ്ങള്‍. 1999ല്‍ തന്നെ ഇതിന്റെ ചില മാതൃകകള്‍ പരീക്ഷിച്ചിരുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നിരുന്നാലും 2002നു ശേഷമാണ് സ്‌ഫോടനങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണം മുതല്‍ 2002-2009 കാലയളവിലെ സ്‌ഫോടനങ്ങള്‍ വരെ മുസ്‌ലിംകളാണു ചെയ്തതെന്നു സമൂഹത്തെ വിശ്വസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.

2009-2012 കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഹരീഷ് ഖരെയുടെ പുസ്തകം (ഹൗ മോദി വണ്‍ ഇറ്റ്) (2014) ഗുജറാത്തിനു ശേഷം വികസിച്ച ഹിന്ദുത്വത്തിന്റെ പരിണാമങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയോടെ ശക്തിനേടിയ പുതിയ മുസ്‌ലിംവിരുദ്ധ പൊതുബോധത്തിന്റെ ചരിത്രമായിക്കൂടി അദ്ദേഹം മോദിയുടെ വിജയത്തെ വിലയിരുത്തുന്നു. എന്നാല്‍, ഗുജറാത്ത് വംശഹത്യക്ക് ഏതാനും ആഴ്ചകള്‍ക്കു മുമ്പെത്തന്നെ നരേന്ദ്ര മോദി 2001ല്‍ സപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണത്തിനു ശേഷം രജ് ദീപ് സര്‍ദേശായിക്കു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ ‘മാനവികത’യുടെ പക്ഷം ചേര്‍ന്ന് ‘ആഗോള ഇസ്‌ലാം ഭീകരത’യ്‌ക്കെതിരേ പോരാടണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ഗുജറാത്ത് വംശഹത്യയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ പൊതുവെ അടയാളപ്പെടുത്താതെ പോയ ഒരു രാഷ്ട്രീയ ഘടകം കൂടി പരിശോധന അര്‍ഹിക്കുന്നുണ്ട്. 1970കളില്‍ ഇന്ത്യയില്‍ വ്യാപിച്ച സംവരണനടപടികള്‍ കാരണം മേല്‍ജാതികളും കീഴ്ജാതികളും തമ്മില്‍ ഉത്തരേന്ത്യയിലൊക്കെ വലിയ സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നു. ഈ ജാതിവിരുദ്ധ സംഘര്‍ഷങ്ങള്‍ പക്ഷേ, എണ്‍പതുകളില്‍ ഇന്ത്യയുടെ പലഭാഗത്തും ഹിന്ദു-മുസ്‌ലിം എന്ന മതവ്യത്യാസത്തിലേക്ക് മാറിപ്പോവുന്നതാണ് കാണുന്നത്. ഗുജറാത്തില്‍ ബിജെപി ശക്തിപ്രാപിക്കാന്‍ കാരണമായ 1985ലെ അഹമ്മദാബാദ് കലാപത്തിന്റെ പ്രവര്‍ത്തന രീതികള്‍ പഠിക്കുമ്പോള്‍ ഈ വസ്തുത വ്യക്തമാകുന്നു. ഇന്ത്യയിലുണ്ടാരുന്ന ജാതി സംഘര്‍ഷം പതുക്കെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി മാറുന്നു എന്ന വസ്തുതയാണ്. ഇതാവട്ടെ ഹിന്ദുത്വയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടമായിരുന്നു (ഒര്‍നിത് ഷാനി (2007)).

ഗുജറാത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഒബിസി സംവരണം നടപ്പായ 1976 മുതല്‍ 1986 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ മേല്‍ജാതി ഹിന്ദുക്കളുടെ നേതൃത്വത്തില്‍ പിന്നാക്ക ജാതികള്‍ക്കെതിരേ നിരവധി തെരുവ് സംഘര്‍ഷങ്ങള്‍ നടന്നതായി കാണാന്‍ കഴിയും. ഏതെങ്കിലും അര്‍ത്ഥത്തില്‍ സാമൂഹിക പുരോഗതി നേടിക്കഴിഞ്ഞ ദലിത് ബഹുജനങ്ങള്‍ ആയിരുന്നു ഇവരുടെ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍. എന്നാല്‍ 1985 ആവുമ്പോഴേക്കും നേരത്തെ പറഞ്ഞ ദലിത് ബഹുജന്‍ വിരുദ്ധ സംഘര്‍ഷങ്ങളും ആക്രമങ്ങളും മുസ്‌ലിം വിരുദ്ധമായി മാറിക്കഴിഞ്ഞിരുന്നു. ബിജെപി കൊണ്ടുവന്ന പുത്തന്‍ രാഷ്ട്രീയ പദ്ധതിയുടെയും തന്ത്രങ്ങളുടെയും ഫലമായിരുന്നു അത്. സവര്‍ണ്ണവിഭാഗങ്ങളുടെ കൂടെ നിന്ന് സംവരണവിരുദ്ധ നിലപാട് എടുക്കുകയും അതേ സമയം മുസ്‌ലിംവിരുദ്ധ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ബിജെപി 1985ലെ ഫെബ്രുവരി മുതല്‍ ജൂലൈ വരെ നടത്തിയ 750ഓളം മുസ്‌ലിംവിരുദ്ധ അക്രമങ്ങളിലൂടെ ജാതി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ചു. ഇതിനായി മേല്‍ജാതി പൊതുബോധത്തിലുള്ള സംവരണ വിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും കൂട്ടിയോജിപ്പിച്ചും കീഴ്ജാതികള്‍ക്കിടയില്‍ മുസ്‌ലിംവിരുദ്ധത പ്രചരിപ്പിച്ചും ബിജെപി രണ്ടുപക്ഷത്തും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷമുള്ള കാലത്ത് കോണ്‍ഗ്രസിന്റെ ബലഹീനതകള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ പുതിയ സാമൂഹിക മാറ്റങ്ങള്‍. ഇങ്ങനെയുള്ള സോഷ്യല്‍ എന്‍ജിനീയറിങ് വ്യവസ്ഥ ഹിന്ദുത്വയുടെ ഗുജറാത്ത് മാതൃകയുടെ അടിസ്ഥാനമാണ് (അധിക വായനക്ക്: ഒര്‍നിത് ഷാനി (2007) കാണുക). ഇത്തരമൊരു മാതൃകയുടെ ഏറ്റവും ഹിംസാത്മകമായ പ്രകടനമാണ് 2002ല്‍ നടന്നത്.

നരേന്ദ്ര മോദിയുടെയും ഹിന്ദുത്വത്തിന്റെയും പരിണാമത്തെ നിര്‍ണായകമാക്കുന്ന ഇന്ത്യന്‍ രാഷ്ട്രതന്ത്രത്തിന്റെ സമകാലീനതയെ അധികാരം, വിഭവം, മൂലധനം തുടങ്ങിയവയുടെ ഉല്‍പ്പാദനം, വിതരണം മാത്രം പരിഗണിക്കുന്ന സങ്കീര്‍ണമായ ക്ഷേമതന്ത്രമായി (വെല്‍ഫെയര്‍) മനസ്സിലാക്കുന്നതൊരു പ്രബല രീതിയാണ്. അതോടൊപ്പം രേഖീയമായ ബന്ധമല്ലെങ്കിലും അപരനിര്‍മിതിയുടെയും ശത്രുനിര്‍മിതിയുടെയും അധോമണ്ഡലമായി പ്രവര്‍ത്തിക്കുന്ന യുദ്ധതന്ത്രമായി (വാര്‍ഫെയര്‍) കൂടി വിലയിരുത്തണമെന്ന ഇര്‍ഫാന്‍ അഹ്മദിന്റെ നിരീക്ഷണം (2018) ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. സുരക്ഷ (സെക്യൂരിറ്റി) പ്രധാനമാവുന്ന ഒരു ‘നവലിബറല്‍ വികസനോന്‍മുഖ’ ലോകക്രമം ‘ഭീകരവിരുദ്ധത’ എന്ന നിര്‍മിതിയിലൂടെ അവകാശ (റൈറ്റ്‌സ്) രാഷ്ട്രീയത്തെ പിന്തള്ളി രാഷ്ട്രീയത്തിന്റെ അര്‍ത്ഥത്തിനു മേലെ ഇസ്‌ലാമോഫോബിയയുടെ പുതുവ്യാകരണം നിര്‍മിച്ചു. ഭൂരിപക്ഷാധിപത്യ ദേശീയതയുടെയും നിയോലിബറല്‍ ആശയങ്ങളുടെയും ഭാഗമായി വികസിക്കുന്ന പുതിയ ഹിന്ദുത്വ ഗവണ്‍മെന്റാലിറ്റി, ഭയം, സംശയം എന്ന അനുഭവത്തെ സുരക്ഷയുടെ പ്രശ്‌നമാക്കുകയും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും വിവിധ പിന്നാക്ക ജാതി വിഭാഗങ്ങളെയും ഭരിക്കാന്‍ ഉപയോഗിക്കുന്ന ഭരണനിര്‍വഹണ രീതികളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

അക്കാലത്ത് ഭോപ്പാല്‍ (2002, 2003), നാന്‍ദേഡ് (2006, 2007), പര്‍ഭാനി (2004), മാലേഗാവ് (2006, 2008), കാണ്‍പുര്‍ (2006, 2008), ഹൈദരാബാദ് (2007), അജ്മീര്‍ (2007), തെങ്കശി (2007), സംജോത എക്‌സ്പ്രസ് (2007), മൊഡാസ (2008), താനെ (2008), ഗോവ (2009) തുടങ്ങിയ മൂന്നു ഡസനെങ്കിലും സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ മുസ്‌ലിംകളാണെന്ന് ചിത്രീകരിക്കുകയും പൊതുബോധമാക്കി മാറ്റുകയും ചെയ്തുവെന്ന് സുഭാഷ് ഗട്ടാഡെ (2011) രേഖപ്പെടുത്തുന്നു.

മായാവതി, അഴിമതി, ഭീകരത

2007ല്‍ യുപിയിലെ ഗോരഖ്പൂരില്‍ നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ബിജെപിയുടെ കൈകളുണ്ടാകാമെന്ന് അന്നത്തെ ബിഎസ്പി മുഖ്യമന്ത്രി മായാവതി പറഞ്ഞതോടെയാണ് സ്‌ഫോടനങ്ങളെക്കുറിച്ച് മാറിയ വിശകലനങ്ങള്‍ ശക്തിയോടെ തുടങ്ങുന്നത്. 2008ല്‍ വരാണസി, അയോധ്യ, ഗോരഖ്പൂര്‍, രാംപൂര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ബജ്രംഗ് ദളാണെന്നു മായാവതി സംശയം പ്രകടിപ്പിക്കുകയും കേന്ദ്രത്തോട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു (27 ആഗസ്ത് 2008, ഇന്ത്യ ടുഡെ). പില്‍ക്കാല പരിണാമങ്ങളെന്തായാലും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ഉപരിപ്ലവമായ ‘അഴിമതി വിരുദ്ധ’ പൊതുബോധത്തില്‍ ‘വില്ലന്‍’ വേഷം ഉണ്ടായിരുന്ന ദലിത് ബഹുജന്‍ നേതാവായിരുന്നു മായാവതി. ഇതിന്റെ കാരണങ്ങള്‍ ഏറെ വിപുലമാണ്.

മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടനത്തിന് (2008) പിന്നിലെ ഹിന്ദുത്വ ബന്ധം പുറത്തുകൊണ്ടുവന്ന പോലിസ് ഉദ്യോഗസ്ഥനായ ഹേമന്ത് കര്‍കരെയുടെ ഇടപെടലാണ് ഈ ഹിന്ദുത്വ ബോധത്തെ പിന്നീടു ചോദ്യം ചെയ്തത്. ഹേമന്ത് കര്‍കരെയെക്കുറിച്ച് മുന്‍ പോലിസ് ഉദ്യോഗസ്ഥനായ എസ് എം മുഷ്രിഫ് എഴുതിയ ‘ഹൂ കില്‍ഡ് കര്‍ക്കരെ?’ (2009) പോലുള്ള പുസ്തകങ്ങള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ള ഹിന്ദുത്വവാദികളുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി. മലയാളത്തില്‍ ഈ പുസ്തകം തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാലത്ത് പുറത്തിറങ്ങിയ അമിതാവ് കുമാറിന്റെ ‘എവിഡന്‍സ് ഓഫ് സസ്പീഷ്യന്‍’: എ റൈറ്റേഴ്‌സ് റിപോര്‍ട്ട് ഓണ്‍ ദി വാര്‍ ഓണ്‍ ടെറര്‍ (2010) എന്ന പുസ്തകമാണ് ഇത്തരം സ്‌ഫോടനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളുടെ അവസ്ഥ ‘ഇസ്‌ലാമിക ഭീകരത’ എന്ന വാര്‍പ്പുമാതൃകയ്ക്കപ്പുറം പോയി അന്വേഷിക്കാന്‍ തയ്യാറായ അപൂര്‍വം സന്ദര്‍ഭങ്ങള്‍.

രാജ്യത്ത് ഭരണകൂടം തന്നെ നടത്തുന്ന ഗ്വാണ്ടനാമോ മാതൃകയിലുള്ള പീഡനകേന്ദ്രങ്ങളും നിലവിലുണ്ടെന്ന കാര്യവും അക്കാലത്ത് പുറത്തുവന്നിരുന്നു. ജൂലൈ 2009ല്‍, ‘ദി വീക്ക്’ കുറഞ്ഞത് 15 രഹസ്യ പീഡന കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്നും അത് തടവുകാരില്‍ നിന്ന് ‘വിവരം പുറത്തെടുക്കുന്നതിനായി’ നിര്‍മിച്ചതാണെന്നും റിപോര്‍ട്ട് ചെയ്തു. തടവുകാരുടെ രഹസ്യ അവയവങ്ങളിലും ലിംഗഭാഗത്തും ഇലക്ട്രോഡുകള്‍ ബന്ധിപ്പിക്കല്‍, കൂടാതെ പെത്തിഡൈന്‍ കുത്തിവയ്പുകളൊക്കെ ഈ ‘വിവരണ ശേഖരണ’ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു. ‘ദിവീക്കി’ന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ഈ പീഡനകേന്ദ്രങ്ങള്‍ ‘നമ്മുടെ സ്വന്തം ചെറു ഗ്വാണ്ടനാമോകള്‍’ ആയിരുന്നു. അതേസമയം ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അവയെ നമ്മുടെ ‘മൂല്യവത്തായ ആസ്തികള്‍’ (പ്രഷ്യസ് അസറ്റ്‌സ്) എന്ന് വിശേഷിപ്പിചുവെന്ന് വീക്ക് റിപോര്‍ട്ട് ചെയ്യുന്നു.

ടെഡ് സ്വേന്‍സന്‍ (2009) നിരീക്ഷിക്കുന്നത് പ്രകാരം ഗുജറാത്തിനോടുള്ള മുസ്‌ലിം ‘പ്രതികാരമായി’ ഈ സ്‌ഫോടനങ്ങള്‍ വായിക്കാന്‍ ഇന്ത്യന്‍ പൊതുബോധം തയ്യാറായി. 2006ല്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് ഒരു മുസ്‌ലിം ഉലമാ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു ഭീകരതയ്ക്ക് മതവും ജാതിയും രാഷ്ട്രീയവുമിലെന്ന് പ്രഖ്യാപിക്കുമ്പോഴും ഇത്തരം സ്‌ഫോടനങ്ങളുടെ പേരില്‍ അനേകം മുസ്‌ലിംകള്‍ തടവിലായിക്കഴിഞ്ഞിരുന്നു. 2004ല്‍ അതുവരെ നിലനിന്ന പോട്ട പിന്‍വലിച്ച് യുഎപിഎ എന്ന അമിതാധികാര നിയമം പാസാക്കി മന്മോഹന്‍ സിങ്ങും കോണ്‍ഗ്രസും ഈ പൊതുബോധ നിരമിതിക്ക് നിയമപരമായ അനുവാദവും നല്കിയിരുന്നു. 1999-2004 കാലത്ത് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാപിച്ച ദണ്ഡനീതി പ്രയോഗങ്ങളുടെ തുടര്‍ച്ചയാണിത്.

ചരിത്രത്തിന്റെ ആവര്‍ത്തനം

ചരിത്രത്തില്‍ നിന്ന് നാം ഒന്നും പഠിക്കില്ല എന്നതാണ്, ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠമെന്നു ഹെഗല്‍ ഒരിക്കല്‍ എഴുതി. 1970കളില്‍, പല യൂറോപ്യന്‍ രാജ്യങ്ങളിലും വലതുപക്ഷ പാര്‍ട്ടികള്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും അതിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗ്രൂപ്പുകളുടെ മേല്‍ കെട്ടിവയ്ക്കുകയും ചെയ്തു. 1972ല്‍ ഇറ്റലിയിലെ നഗരങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പേരില്‍ ആദ്യമായി അറസ്റ്റിലായത് അന്റോണിയോ നെഗ്രിയൊക്കെ നയിച്ചിരുന്ന, ‘റെഡ് ബ്രിഗേഡ്’ എന്ന ഇടതുപക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകനായിരുന്നു. ഇറ്റാലിയന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ച ഇയാള്‍ ജയിലില്‍ അടക്കപ്പെട്ടു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ നിര്‍ബന്ധിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതായി ജഡ്ജിയായ ഫെലികോ കാസന്‍ കണ്ടെത്തി.

1980ല്‍ വീണ്ടും നടന്ന അന്വേഷണത്തില്‍, ഓപ്‌റേഷന്‍ ഗ്ലാഡിയോ (വാള്‍ എന്ന് അര്‍ത്ഥം) എന്ന പേരില്‍ പ്രവര്‍ത്തിച്ച സാമ്രാജ്യത്വ പിന്തുണയുള്ള വലതുപക്ഷ ഗ്രൂപ്പാണ് ഈ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദിയെന്നു തെളിഞ്ഞു. 1990ല്‍ ഇതേ കാര്യം അന്നത്തെ ഇറ്റാലിയന്‍ പ്രസിഡന്റായ ജൂലിയോ ആന്ദ്രിയോത്തി ഇറ്റാലിയന്‍ സെനറ്റില്‍ സ്ഥിരീകരിച്ചു. 1991ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (പി സി ഐ) തന്നെ പിരിച്ചു വിടുന്നതില്‍ ഇത്തരം കാര്യങ്ങള്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു. (അധിക വായനയ്ക്ക്: ഡാനിയല്‍ ഗെന്‍സര്‍ (2004) എഴുതിയ പുസ്തകം കാണുക)

കാവി, ഹിന്ദുത്വ, സംഘപരിവാര്‍, ബ്രാഹ്മിണിസ്റ്റ്: ഭീകരവാദത്തിന്റെ പേര്

2009 ജനുവരിയില്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി അധ്യക്ഷനായ രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്റെ എട്ടാമത്തെ റിപോര്‍ട്ട് ‘കോമ്പാറ്റിങ് ടെററിസം ബൈ പോജക്റ്റിങ് റൈച്ചസ്‌നസ്’ -എന്ന പേരില്‍ 185 പേജുള്ള റിപോര്‍ട്ട് പുറത്തുവിട്ടു. ഭീകരതയുടെ പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനത്തിനെതിരേ സംസാരിക്കുന്ന റിപോര്‍ട്ട് പ്രയോഗത്തില്‍ ഭീകരസ്‌ഫോടനങ്ങളുടെ പിന്നില്‍ മുസ്‌ലിംകളാണെന്ന് ആവര്‍ത്തിച്ചു. ഹിന്ദുത്വര്‍ ഇക്കാലത്തു നടത്തിയ ഒരു സ്‌ഫോടനവും റിപോര്‍ട്ട് പരാമര്‍ശിച്ചില്ല. ജനറല്‍ സെക്രട്ടറി വിനയ് കത്യാറുടെ നേതൃത്വത്തില്‍ ബിജെപി ഈ റിപോര്‍ട്ട് ഉപയോഗിച്ചു പ്രചാരണവും തുടങ്ങിയിരുന്നു. മാലേഗാവ് സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കിയത് ആര്‍ എസ് ആയിരുന്നു (2 നവംബര്‍ 2008, മാതൃഭൂമി) വെന്നതു വീരപ്പ മൊയ്‌ലിയുടെ റിപോര്‍ട്ട് പരിഗണിച്ചതേയില്ല. മൊയ്‌ലി ഈ റിപോര്‍ട്ട് തയ്യാറാക്കുന്ന കാലത്ത,് 8 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊത്തം 1330 ‘തീവ്രവാദി’ ആക്രമണങ്ങളാണ് 2007ല്‍ നടന്നത്. 2008ല്‍ അസം, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രം 991 ആക്രമണങ്ങള്‍ അരങ്ങേറിയിരിന്നു. ഇതൊക്കെ സര്‍ക്കാറിന്റെ തന്നെ ഭാഷ്യവും കണക്കും ആയിരുന്നു. ഇതൊന്നും മത/ ജാതി /ഗോത്ര/ വര്‍ഗ ടാഗുകളോടെ വീരപ്പ മൊയ്‌ലി റിപോര്‍ട്ട് അടയാളപ്പെടുത്തുകയുണ്ടായില്ല.

എന്നാല്‍ 2010ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ‘കാവി ഭീകരവാദം’ എന്ന പുതിയ പ്രതിഭാസത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചു. 2010 ആഗസ്ത് 25ന് ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന പോലിസ് മേധാവികളുടെ യോഗത്തില്‍ ചിദംബരം ഇതിനെക്കുറിച്ച് വിശദീകരിച്ചു: ‘ഇന്ത്യയില്‍ യുവാക്കളെയും യുവതികളെയും തീവ്രവാദവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞകാലത്ത് നിരവധി സ്‌ഫോടന സംഭവങ്ങളില്‍ ‘കാവി ഭീകരവാദം’ ബന്ധപ്പെട്ടു കണ്ടിട്ടുണ്ട്’. ‘കാവി ഭീകരവാദം’ എന്ന പ്രയോഗത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ (2024) എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ (ഫൈവ് ഡിക്കേഡ്‌സ് ഇന്‍ പൊലിറ്റിക്‌സ്) കൂടുതല്‍ വായിക്കാം. വളരെ സൂക്ഷിച്ചാണ് ഹിന്ദുത്വ സ്‌ഫോടനങ്ങളുടെ ജാതിയെയും മതത്തേയും കുറിച്ച് കോണ്‍ഗ്രസ് സംസാരിച്ചത്.

മറുവശത്ത്, സുഭാഷ് ഗട്ടാഡെ, പ്രഫുല്‍ ബിദ്വായി പോലുള്ള സ്വതന്ത്ര ഇടതുപക്ഷ ഗവേഷകര്‍ ഈ സ്‌ഫോടനങ്ങളെ ‘ഹിന്ദുത്വ ഭീകരവാദം’ എന്നാണ് വിശേഷിപ്പിച്ചത്. സുഭാഷ് ഗട്ടാഡെ (2008) ആദ്യകാലത്ത് ഈ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളില്‍ ‘ഹിന്ദു ഭീകരവാദം’ എന്നും പരാമര്‍ശിച്ചിരുന്നു. പിന്നീട് അദേഹം (2011) കൂടുതല്‍ സൂക്ഷ്മതയോടെ ‘ഹിന്ദുത്വ’ എന്നുപയോഗിക്കുന്നതും കാണാം. ഹിന്ദുത്വ ഗവേഷണ രംഗത്തെ വിദഗ്ധരിലൊരാളായ ഹൈദരാബാദ് സര്‍വകലാശാലയിലെ ജ്യോതിര്‍മയ ശര്‍മ ‘സംഘപരിവാര്‍ ഭീകരവാദം’ എന്ന വാക്കാണ് നിര്‍ദേശിക്കുന്നത്. ഹിന്ദുത്വരുടെ കൈകളാല്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട ഈ സ്‌ഫോടനങ്ങളുടെ ശരിയായ പേരിനെക്കുറിച്ച് ആശയക്കുഴപ്പം മാത്രമല്ല സൈദ്ധാന്തിക അന്വേഷണങ്ങളും സൂക്ഷ്മവിചാരങ്ങളും നടന്നിരുന്നു.

എന്നാല്‍ ഈ സായുധ ഹിംസയ്ക്ക് മറ്റു ചില പേരുകളും ഉയര്‍ന്നു വന്നത് കാണാം. സ്‌ഫോടനങ്ങളുടെ ചരിത്രപരമായ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്തിയ മഹാരാഷ്ട്ര പോലിസ് ഐജി ആയിരുന്ന എസ് എം മുഷ്‌രിഫ് 2019ല്‍ എഴുതിയ മറ്റൊരു പുസ്തകത്തില്‍ (ബ്രാഹ്മിണിസ്റ്റ്‌സ് ബോംബ്ഡ്, മുസ്‌ലിംസ് ഹാംഗ്ഡ്), ഇക്കാര്യം വിശദീകരിക്കുന്നു. അദ്ദേഹം സ്‌ഫോടനങ്ങളെ ‘ബ്രാഹ്മിണിസ്റ്റ് ഭീകരവാദം’ എന്നാണ് വിശേഷിപ്പിച്ചത്.

പ്രഖ്യാപിത ഭരണകൂട വിമര്‍ശകര്‍ പോലും വഴുക്കുന്ന ഇസ്‌ലാമോഫോബിക് ലോകമാണ് അന്നുണ്ടായിരുന്നത്. അരുന്ധതി റോയ് (ദി ഷേപ്പ് ഓഫ് ദ ബീസ്റ്റ്: കണ്‍വര്‍സേഷന്‍സ് വിത്ത് അരുന്ധതി റോയ്. 2008. പേജ് 237.) (നിരോധിക്കപ്പെട്ട) സിമിയുടെ പേരില്‍ ആരോപിക്കപ്പെട്ട സ്‌ഫോടന ശൃംഖലകളെക്കുറിച്ചു പറയുമ്പോള്‍ ബജ്‌റംഗ് ദളിനു തുല്യരായി അവരെ ചിത്രീകരിക്കുന്ന സന്ദര്‍ഭം കാണുക: ‘സിമിയുടെ രാഷ്ട്രീയപ്രചാരണ ശൈലി ബജ്‌റംഗ് ദളിന്റ്‌റെ അതേ തുടര്‍ച്ചയില്‍ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതാണ്’ (ദ റൈറ്ററിക് ഓഫ് സിമി ഷുഡ് ബി സീന്‍ ആന്‍ഡ് ട്രീറ്റഡ് ഇന്‍ ദ സെയിം കണ്ടിന്യുവം അസ് ദ ബജ്‌റംഗ് ദള്‍) എന്നാണ് അരുന്ധതി റോയ് പറഞ്ഞത്. ഇന്ത്യയിലെ ഏതെങ്കിലും കോടതി വിധികളോ വസ്തുതാപരമായ തെളിവുകളോ അല്ലായിരുന്നു ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനം. ഹിന്ദുത്വയും സുരക്ഷാ വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കാന്‍ ദേശീയ രാഷ്ട്രീയത്തിന്റെ യുദ്ധതന്ത്രത്തെയും ക്ഷേമതന്ത്രത്തെയും വേറിട്ടു തന്നെ പരിശോധിക്കേണ്ട ആവശ്യകതയുണ്ട്.

ഭീകരവാദത്തിന്റെ മറുവായന: അഴിമതിവിരുദ്ധതയും വികസനവും.

‘ദേശസുരക്ഷ’യെ മുന്‍നിര്‍ത്തിയുള്ള ഭീകരവിരുദ്ധ ‘യുദ്ധതന്ത്ര’ വ്യവഹാരത്തോടൊപ്പം ‘സാമൂഹ്യ സുരക്ഷാ’ വ്യവഹാരത്തിലൂടെ ‘അഴിമതി വിരുദ്ധത,’ ‘വികസനം’ തുടങ്ങിയ പരികല്‍പ്പനകള്‍ കൂടി ഹിന്ദുത്വയുടെ വളര്‍ച്ചയുടെ ഭാഗമായിരുന്നു. പ്രത്യക്ഷത്തില്‍ ഗാന്ധിയന്‍ മാതൃകയിലുള്ള മദ്ധ്യവര്‍ഗ ‘അഴിമതി വിരുദ്ധതയും’ ‘നിയോ ലിബറല്‍ വികസന നയങ്ങളും’ ഒന്നിച്ചു ചേരില്ലെങ്കിലും ഹിന്ദുത്വ പദ്ധതിയുടെ വിജയം തന്നെ സാമൂഹിക/ ദേശ സുരക്ഷാ വ്യവഹാരത്തിന്റെ ഭൂമികയിലേക്ക് അവയെ കണ്ണിചേര്‍ക്കുന്നതിലായിരുന്നു. അത്തരമൊരു മാറ്റത്തിലൂടെ അഴിമതി വിരുദ്ധതയുടെ പേരില്‍ മണ്ഡലാനന്തരം വികസിച്ച ദലിത് പിന്നാക്ക രാഷ്ട്രീയത്തെയും സാമൂഹ്യനീതിക്കായുള്ള പ്രക്ഷോഭങ്ങളെയും അറസ്റ്റും തടവും അടക്കമുള്ള ദണ്ഡനീതി വ്യവസ്ഥയിലൂടെയും നവഗാന്ധിയന്‍ അഴിമതി വിരുദ്ധ വ്യവഹാരങ്ങളിലൂടെയും അട്ടിമറിക്കാനും കോണ്‍ഗ്രസിന്റെ നിയോലിബറല്‍ വികസന സാമ്പത്തിക അജണ്ടകളെ ഒരു അപര വിദ്വേഷ രാഷ്ട്രീയ മാതൃകയാക്കി പരിവര്‍ത്തിപ്പിക്കാനും ഹിന്ദുത്വത്തിനു സാധിച്ചു.

2011ല്‍ അണ്ണാ ഹസാരെയുടെ നവഗാന്ധിയന്‍ അഴിമതി വിരുദ്ധ ദേശീയ പ്രസ്ഥാനം വികസിച്ചതോടെ 2010 മുതല്‍ ശ്രദ്ധനേടിയ ഹിന്ദുത്വ ഭീകരതയെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ വഴിമാറി. ആര്‍എസ്എസ് മുതല്‍ യോഗ ഐക്കണ്‍ ബാബ രാംദേവ് വരെ അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ മുഖ്യ നടത്തിപ്പുകാരായിരുന്നുവെന്നു സബാ നഖ്വി (2024) എഴുതുന്നുണ്ട്. 2009ന്റെ തുടക്കത്തില്‍ ഒന്നാം യുപിഎ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായ എ രാജയ്‌ക്കെതിരായ 1.75 ലക്ഷം കോടിയുടെ 2 ജി സ്‌പെക്ട്രം കേസിന്റെ അഴിമതി പുറത്തുവന്നതിന്റെ തുടര്‍ച്ചയിലായിരുന്നു അത്.

‘അഴിമതി വിരുദ്ധത’/ ‘വികസനവാദം’ എന്ന പൊതുപ്ലാറ്റ്‌ഫോമിലേറി ഹിന്ദുത്വര്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കിയത്തിന്റെ ‘രഹസ്യം’ മോദിയുടെ ഗുജറാത്ത് പരീക്ഷണങ്ങളായിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയുടെ നിയമക്കുരുക്കിനെ മറികടക്കാന്‍ ‘വികസന നായകന്‍’ അഥവാ ‘വികാസ് പുരുഷ്’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോദി നടത്തിയ ശ്രമങ്ങള്‍ ക്രിസ്റ്റോഫ് ജഫ്രിലോട്ട് (2015) ചര്‍ച്ചചെയ്യുന്നുണ്ട്. ചില സൂചനകള്‍ മാത്രം നല്‍കാം: 2005ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സാമ്പത്തിക സ്വാതന്ത്യത്തില്‍ ഒന്നാം സ്ഥാനം നല്‍കി ഗുജറാത്തിനെ അംഗീകരിച്ചതോടെ തുടങ്ങിയതാണ് ഈ ക്യാമ്പയിന്‍. 2008ല്‍ ടാറ്റയുടെ നാനോ പദ്ധതി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്നു പ്രക്ഷോഭാനന്തരം ഗുജറാത്തിലെ സനന്ദിലേക്ക് പറിച്ചു നട്ടത് മറ്റൊരു സന്ദര്‍ഭം. ‘യൂ ആര്‍ സ്റ്റുപിഡ് ഇഫ് യൂ ആര്‍ നോട്ട് ഇന്‍ ഗുജറാത്ത്’ എന്നു പറഞ്ഞത് ‘മനുഷ്യസ്‌നേഹിയായ’ രത്തന്‍ ടാറ്റയായിരുന്നു. തമിഴ്‌നാടും മഹാരാഷ്ട്രയും അക്കാലത്ത് ഗുജറാത്തിനേക്കാള്‍ വലിയ വളര്‍ച്ച കൈവരിച്ചെങ്കിലും അതൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ബിസിനസ്സ് പ്രമോഷനാണ് ഭരണകുടത്തിന്റെ ഉത്തരവാദിത്തമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടത്തോടെ രാജ്യത്തെ 75 ശതമാനം കുത്തക മുതലാളിമാര്‍ മോദിക്കു പിന്നിലണിനിരന്നുവെന്ന് അക്കാലത്തെ ഒരു സര്‍വേ ഫലം ഉദ്ധരിച്ചു സോയ ഹസന്‍ (2022) രേഖപ്പെടുത്തുന്നു.

ഒരു വശത്ത് സാധാരണകാരന് ഇഷ്ടപ്പെട്ട ‘ചായ് വാല’ ഇമേജും മറുവശത്ത് സവര്‍ണ ഹിന്ദു മധ്യ/ ഉപരിവര്‍ഗത്തിന് താല്‍പ്പര്യമുള്ള ‘വികാസ് പുരുഷ്’ ഇമേജും മോദിക്കുണ്ടായിരുന്നു. മൂലധനവാഴ്ചയ്ക്ക് സാമ്പത്തിക അപരര്‍ മാത്രമല്ല, സാംസ്‌കാരിക അപരരും (ജാതി/ മത പരിഗണനകള്‍) ഉണ്ടായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് പുനഃരധിവാസത്തിന് ഫണ്ട് നല്‍കാന്‍ വിസമ്മതിച്ച കോര്‍പറേറ്റുകള്‍ക്ക് 2001ലെ ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസത്തിന് ഫണ്ട് നല്‍കാന്‍ മടിയുണ്ടായിരുന്നില്ല. അക്കാലത്ത് ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കിയ ചില കോര്‍പറേറ്റ് വിഭാഗങ്ങള്‍ പില്‍ക്കാലത്ത് മോദിയോട് മാപ്പു പറഞ്ഞുവെന്നു സോയ ഹസന്‍ (2022) രേഖപ്പെടുത്തുന്നു.

2012ല്‍ പ്രശാന്ത് കിഷോര്‍ എന്ന മുന്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥന്‍ മോദിയെ ‘റീബ്രാന്‍ഡ്’ ചെയ്തു. വംശഹത്യാ ഇമേജ് മാറ്റി, വികസന പുരുഷനാക്കി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാക്കി. ഇതേ മാതൃകയില്‍ 2013 മുതല്‍ പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കിയ സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് എന്ന നവമാധ്യമ, നവസന്നദ്ധ പ്രസ്ഥാനം മോദിയെ ‘ദേശീയ ബ്രാന്‍ഡാക്കി’ പരിവര്‍ത്തിപ്പിച്ചുവെന്ന് അമോഖ് ധര്‍ ശര്‍മ (2023) നടത്തിയ പഠനം വ്യക്തമാക്കുന്നു. 1984ലെ സിഖ് വംശഹത്യയെ മറികടക്കാന്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ടെലികമ്യൂണിക്കേഷന്‍ സ്ട്രാറ്റജിയോടെ തുടക്കമിട്ട ഒരു മാതൃകയായിരുന്നു ഇത്. ഒപ്പം 2004ല്‍ ‘ഇന്ത്യ തിളങ്ങുന്നു, ഇന്ത്യ ഉയരുന്നു’ (ഇന്ത്യ ഷൈനിങ്, ഇന്ത്യ റൈസിങ്) എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് കാമ്പയിന്റെ പരിഷ്‌കൃത രൂപവുമായിരുന്നു.

വികസന വ്യവഹാരവും അഴിമതി വിരുദ്ധതയും സമന്വയിപ്പിച്ചു മുന്നേറുമ്പോള്‍ അതിന്റെ ഇടര്‍ച്ചകളെ മറികടക്കുന്ന വ്യവഹാരമായി ജനസാമാന്യത്തിന്റെ ദേശീയഭാവനകളെ ത്വരിപ്പിക്കാന്‍ ഇസ്‌ലാമോഫോബിയ വീണ്ടും തിരിച്ചുവന്നു. 2013ല്‍ (ആഗസ്ത്-സപ്തംബര്‍) യുപിയിലെ മുസഫര്‍ നഗറില്‍ ഒരു മുസ്‌ലിം വിരുദ്ധ കലാപം വീണ്ടും അരങ്ങേറി. പിറ്റേ മാസം (27 ഒക്ടോബര്‍ 2013) പാറ്റ്‌നയില്‍ മോദി പങ്കെടുത്ത ഒരു റാലിയില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. അതും ‘ഇസ്‌ലാമിക ഭീകരത’യുടെ പേരിലാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത് (ഇര്‍ഫാന്‍ അഹ്മദ് (2018) കാണുക). സ്വാഭാവികമായും വന്‍തോതിലുള്ള മാധ്യമ പിന്തുണയും മോദിക്ക് കൈവന്നു. 2014 ഇലക്ഷനു തൊട്ടു മുമ്പ് 50 ശതമാനം സ്‌ക്രീന്‍ സ്‌പെയ്‌സ് സ്വന്തമാക്കിയ മോദി 6 ശതമാനം മാത്രമുള്ള രാഹുല്‍ ഗാന്ധിയെ പൂര്‍ണ്ണമായും പിന്തള്ളി.

ഗുജറാത്ത് വംശഹത്യയുടെ ചാലകശക്തിയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ മുസ്‌ലിം/ ഇസ്‌ലാം ‘ഭീകരവാദം’ എന്ന മിത്തിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഹിന്ദുത്വക്ക് കഴിഞ്ഞു. എന്നാല്‍ വസ്തുതയായി ഉയര്‍ന്നുവന്ന ഹിന്ദുത്വ സ്‌ഫോടനങ്ങളുടെ ചര്‍ച്ചകള്‍ മറക്കാന്‍ വികസനം, അഴിമതിവിരുദ്ധത തുടങ്ങിയ വിരുദ്ധ ആശയങ്ങളെ സുരക്ഷ എന്ന സൂചകത്തിലൂടെ ഘട്ടം ഘട്ടമായി സമന്വയിപ്പിച്ചു. ഇങ്ങനെ കീഴാള ദലിത് ബഹുജന അവകാശ നിഷേധത്തിലൂടെ വികസിച്ച ക്ഷേമതന്ത്ര/ യുദ്ധതന്ത്രത്തിന്റെ ഇരട്ട മുന്നേറ്റം ഹിന്ദുത്വയുടെ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. അതാവട്ടെ ഭരണകൂട ചിന്തയുടെ ഭാഗമായി സാമൂഹ്യവ്യാപനം കൈവരിച്ചിരിക്കുന്നു. കേരളത്തില്‍ വരെ ഏതു ജനകീയ അവകാശ പ്രശ്‌നത്തിന്റെ പിന്നിലും ഒരു മുസ്‌ലിം ‘അദൃശ്യകരം’ ആരോപിച്ചാല്‍ ‘അവകാശ’ പ്രക്ഷോഭത്തെ ഒരു ‘സുരക്ഷാ’ പ്രശ്‌നമായി അട്ടിമറിക്കുന്ന ‘ഹിന്ദുത്വ ഗവണ്‍മെന്റാലിറ്റി’ വികസിക്കുന്നതിന്റെ അനേകം വര്‍ത്തമാന ഉദാഹരണങ്ങളുണ്ടല്ലോ.

റഫറന്‍സ്
1. Amitava Kumar. 2010. Evidence of Suspicion: A Writer’s Report on the War on Terror. NewDelhi:Picador,India.
2. Amogh Dhar Sharma. 2023. ‘Political Mobilization in the Era of ‘Post-Truth Politics’: Disinformation and the Hindu Right in India (1980-2010).’ In The Rise of the Radical Right in the Global South, edited by Rosana Pinheiro-Machado and Tatiana Vargas-Maia, 141-157. London: Routledge.
3. Arundhati Roy. 2008. The Shape of the Beast: Conversations with Arundhati Roy. New Delhi: Penguin.
4. Christophe Jaffrelot. 2015. ‘Modi-Cetnric BJP 2014 Election Campaign: New Techniques, and Old Tactics.’ Contemporary South Asia 23 (2): 151-166.
5. Concerned Citizens Tribunal. 2002. Crime Against Humantiy. Volume II – An Inquiry into the Carnage in Gujarat: Findings and Recommendations. Mumbai: Citizens for Justice and Peace.
6. Daniele Ganser. 2004. NATO’s Secret Armies: Operation Gladio and Terrorism in Western Europe. London: Routledge.
7. Harish Khare. 2015. How Modi Won It: Notes from the 2014 Election. New Delhi: Hachette India.
8. Irfan Ahmad and Pralay Kanungo (eds). 2018. The Algebra of Warfare-Welfare: A Long View of India’s 2014 Election. New Delhi: Oxford Universtiy Press.
9. Ornit Shani. 2007. Communalism, Caste and Hindu Nationalism: The Violence in Gujarat. Cambridge Universtiy Press.
10. S M Mushrif. 2009. Who Killed Karkare? The Real Face of Terrorism in India. New Delhi: Pharos Media & Publishing Pvt. Ltd.
11. S M Mushrif. 2019. Brahminists Bombed, Muslims Hanged: The Brahminist Game of Blast and Blame Muslims. New       Delhi: Pharos Media & Publishing Pvt. Ltd.
12. Saba Naqvi. 2024. The Saffron Storm: From Vajpayee to Modi. New Delhi: Penguin India.
13. Subhash Gatade. 2008. ‘Join the Dots: Silent Emergence of Hindu Terrorism.’ Kafila.online, 29 June.
14. Subhash Gatade. 2011. Godse’s Children: Hindutva Terror in India. New Delhi: Pharos Media & Publishing Pvt. Ltd.
15. Sushilkumar Shinde. 2024. Five Decades in Politics. New Delhi: HarperCollins.
16. Ted Svensson. 2009. ‘Frontiers of Blame: India’s ‘War on Terror.” Critical Studies on Terrorism 2 (1): 27-44.
17. Zoya Hasan. 2022. ‘The Gujarat Model and the Turn to the Right.’ In Ideology and Organization in Indian Politics: Growing Polarization and the Decline of the Congress Patry (2009-19). Oxford: Oxford Universtiy Press.

 

No Comments yet!

Your Email address will not be published.