Skip to main content

വിടി രാജശേഖര്‍-അംബേദ്കറിസത്തിന്റെ സ്ഥാനപതി

ദലിത് വോയ്‌സ് ഡിജിറ്റലൈസ് ചെയ്തതിന്റെ ഉല്‍ഘാടനചടങ്ങില്‍ നിന്ന്‌

 

ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വത്തേയും വിവേചനത്തേയും ജനസമൂഹങ്ങള്‍ക്കിടയിലെ അന്തരങ്ങളേയും ഭിന്നിപ്പുകളേയും കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. ജാതീയമായ മാനദണ്ഡങ്ങളാല്‍ ഉന്നതശ്രേണിയില്‍ ഉപവിഷ്ഠരായിരുന്ന മുന്നാക്കവിഭാഗങ്ങള്‍ക്ക് അനുകൂലവും പിന്തള്ളപ്പെട്ട സമുദായങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിലോമപരവുമായ സാഹചര്യമാണ് കോളനിക്കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്നത്. ചരിത്രത്തിലും, മനഃശാസ്ത്രത്തിലും, രാഷ്ട്രീയത്തിലും, സംസ്‌കാരത്തിലും ജാതിവ്യവസ്ഥ അഗാധസ്വാധീനം നേടി. ഇന്ത്യയിലെ മതഗ്രന്ഥങ്ങള്‍ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നു. ശംബുകന്‍, ഏകലവ്യന്‍ എന്നിവര്‍ ദലിത് പശ്ചാത്തലങ്ങളില്‍ നിന്നുള്ള ബഹുമിടുക്കരായ യുവാക്കളായിരുന്നു. ജാതിവ്യവസ്ഥ ഇവരുടെ സാമര്‍ത്ഥ്യത്തേയും, യോഗ്യതയേയും അംഗീകരിച്ചില്ല. മാത്രമല്ല ശംബുകന്‍ തലയറുക്കപ്പെട്ട നിലയില്‍ മരിക്കുന്നു. ഏകലവ്യന്റെ കൈവിരല്‍ ച്ഛേദിക്കപ്പെടുന്നു. ഗര്‍ഭപാത്രത്തെ ജാതിവ്യവസ്ഥ, നീചമായത്, വിശുദ്ധമായത് എന്നിങ്ങനെ വിഭജിക്കുന്നു. ഉന്നതകുല ജാതര്‍ വിശുദ്ധ ഗര്‍ഭപാത്രത്തില്‍ വളരുന്നു. ഹീനജാതികള്‍ നീചഗര്‍ഭപാത്രത്തില്‍ വളരുന്നവരാണ്. മുന്‍ ജന്മത്തിലെ പ്രവൃത്തികളാണ് ഈ ജന്മത്തില്‍ ജനങ്ങളുടെ പദവി നിര്‍ണയിക്കുന്നതെന്ന് കര്‍മസിദ്ധാന്തം അനുശാസിക്കുന്നു.

1873ല്‍ ജ്യോതിബ ഫൂലെ സ്ഥാപിച്ച ‘സത്യശോധക്‌സമാജ്’ അബ്രാഹ്മണ പ്രസ്ഥാനങ്ങള്‍ക്ക് ആരംഭംകുറിച്ചു. ബാബാ സാഹേബ് അംബേദ്കര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ജാതിയേയും അയിത്തത്തേയും വിശകലനവിധേയങ്ങളാക്കി. ജാതിയാണ് ഇന്ത്യന്‍ ജനതയെ ശ്രേണീബദ്ധമാക്കുന്നതെന്നും ജാതിനിര്‍മൂലനമാണ് വിമോചനത്തിന്റെ വാതായനങ്ങള്‍ തുറക്കുകയെന്നുമുള്ള വിപ്ലവകരമായ നിഗമനത്തിലേക്ക് ജാതീയമായ വിവേചനവും, പഠനങ്ങളും അംബേദ്കറെ കൊണ്ടെത്തിച്ചു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ഐതിഹ്യങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ജാതി കൊടികുത്തിവാഴുന്നതെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മതത്തിന്റെ മേല്‍വിലാസത്തില്‍ വിരചിതങ്ങളായ ഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ച കഥകളെ അദ്ദേഹം കടംങ്കഥകളായാണ് (Riddles) വിലയിരുത്തിയത്. ജാതിനിര്‍മൂലനത്തിന് വേണ്ടിയുള്ള ഒരു മാര്‍ഗമായി അംബേദ്കര്‍ മതപരിവര്‍ത്തനത്തെ പരിഗണിച്ചു. ജനങ്ങളെ തട്ടുകളാക്കി വിഭജിക്കുന്നതിന്റെ അടിത്തറ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തികമല്ലെന്നും സാമൂഹികമാണെന്നും അദ്ദേഹം കണ്ടെത്തി. അംബേദ്കറിസം പുതിയൊരു ആദര്‍ശമായി രൂപമെടുത്തു.

അംബേദ്കറിസത്തിന്റെ ആശയാടിത്തറയില്‍ 1972 ജൂണ്‍ 19ന് ദലിത് പാന്തേഴ്‌സ് രൂപീകൃതമായി. ദലിത് സാഹിത്യപ്രസ്ഥാനം പിന്നാക്കപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചു നടന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ദലിത്‌സാഹിത്യം സാഹിത്യത്തിന്റെ ഭൂപടം മാറ്റിയെഴുതി. വന്‍ ശുദ്ധീകരണത്തിലൂടെ സാഹിത്യത്തെ ജഡാവസ്ഥയില്‍ നിന്ന് മോചിപ്പിച്ചു. മേലാളരുടെ ആത്മസംതൃപ്തിക്കനുസൃതമുള്ള സൗന്ദര്യശാസ്ത്രസങ്കല്‍പ്പങ്ങളെ ദലിത്‌സാഹിത്യം അട്ടിമറിച്ചു. സാഹിത്യഭാഷയെ അത് അനലംകൃതമാക്കി. വരമൊഴി പരമൊഴിയാണെന്ന് വിധിയെഴുതി. മണ്ണിന്റെമക്കളുടെ ഭാഷകളെയും സംഭാഷണങ്ങളേയും ഗ്രാമ്യം, അശ്ലീലം, അധമം എന്ന് ആരോപിച്ച ഉപരിവര്‍ഗത്തിനെതിരേ കലാപം നടത്തി. അതവരുടെ കവിതകളിലും കഥകളിലും രചനകളിലും പ്രതിഫലിച്ചു.

അനലംകൃതവും അതിഭാവുകത്വമില്ലാത്തതുമായ ഭാഷയിലുടെ വലിയ തത്ത്വവും ആശയവും ജനമനസ്സുകളിലേക്കെത്തിക്കാന്‍ ദലിത് എഴുത്തുകാര്‍ക്ക് കഴിഞ്ഞു.

ഈ രാജ്യത്ത് ജനിക്കുകയെന്ന പാപത്തിന് പശ്ചാത്താപം ചെയ്യുക. ഒന്നുകില്‍ നാടുവിടുക, അല്ലെങ്കില്‍ സമരം ചെയ്യുക…. ‘എനിക്ക് മേഘമില്ല, മഴയില്ല, സൂര്യനില്ല തുറന്ന ആകാശമില്ല’ ദലിത് കവിതകളുടെ പരിച്ഛേദങ്ങളാണ് ഈ വരികള്‍.

ശരണ്‍ കുമാര്‍ ലിംബാളെയുടെ ആത്മകഥയാണ് ‘അക്കര്‍മശി’ (അര്‍ദ്ധ ജാതിക്കാരന്‍). ‘എന്റെ ചരിത്രം അമ്മയുടെ ജീവിതമാണ്. അമ്മ അയിത്തക്കാരി. അച്ഛന്‍ മേല്‍ജാതിക്കാരനും.’

വി ടി ആറിന്റെ ആത്മകഥാ പ്രകാശനചടങ്ങില്‍ നിന്ന്‌

ലിംബാളെ തന്റെ അമ്മ അച്ഛന്മാരുടെ ബന്ധത്തെ ബലാത്സംഗമായാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം ആ ബന്ധത്തെ ഇങ്ങനെ വ്യാഖ്യാനിച്ചു. ‘ഞാന്‍ അക്കര്‍മാശിയാണ്. അര്‍ദ്ധജാതിക്കാരനാണ്. അമ്മ വ്യഭിചാരിണിയല്ല. സാമൂഹ്യവ്യവസ്ഥയുടെ ഇരയാണ് അമ്മ എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ദലിത് പ്രസ്ഥാനമാണ്’. ഭയം, അറിവില്ലായ്മ തെറ്റിദ്ധാരണ എന്നീ കുരുക്കുകളില്‍പ്പെട്ട് സാമൂഹ്യജീവിത പരിസരത്ത് നിന്ന് അകന്ന് നിന്ന കീഴാളരില്‍ ദലിത് സാഹിത്യ പ്രസ്ഥാനം ഉല്‍ക്കര്‍ഷേച്ഛ വളര്‍ത്തിയെന്നതിന് തെളിവായി ശരണ്‍ കുമാര്‍ ലിംബാളെയുടെ ജീവിതകഥ മാത്രം മതിയാവും. രാഷ്ട്രീയത്തിലും, സാമൂഹ്യരംഗത്തും ദലിത് സാഹിത്യത്തിന്റെ അനുരണനങ്ങളുണ്ടായി.

അംബേദ്കറിസത്തിന്റെ അനുയായികളില്‍ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് 1925ല്‍ കര്‍ണാടകയിലെ ഷെട്ടി സമുദായത്തില്‍ ജനിക്കുകയും 2024 നവംബര്‍ 20ന് മരണപ്പെടുകയും ചെയ്ത വി ടി രാജശേഖര്‍. സിപിഎമ്മുകാരനായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ഗങ്ങളുടെ അടിത്തറ സാമൂഹികമാണെന്നും സാമ്പത്തികമല്ലെന്നുമുള്ള അംബേദ്കറിന്റെ ആശയം വി ടി രാജശേഖറിനെ സ്വാധീനിച്ചു. ഇത് സംബന്ധമായി ഇഎംഎസ് നമ്പൂതിരിപ്പാടുമായി സംസാരിച്ച അദ്ദേഹത്തിന് തൃപ്തികരമായ ഒരു ഉത്തരവും ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം സിപിഎം വിടുകയായിരുന്നു. ഇരുപത്തഞ്ച് വര്‍ഷത്തോളം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 1981ല്‍ ദലിത്‌വോയ്‌സ് മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. (Dalit Voice Voice of the persecuited, Nationalities Denied human Rights) പീഡിതദേശീയതകളുടെയും മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെയും ജിഹ്വ എന്ന നിലയിലായിരുന്നു ദലിത് വോയ്‌സിന്റെ കെട്ടും മട്ടും. ഇന്ത്യയിലെ ദലിത് സമൂഹത്തെ വി ടി രാജശേഖര്‍ പീഡിതരെന്നും, മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നവരുടെ ലോകത്തിലെ ഏറ്റവും വലിയ വിഭാഗമെന്നും വിശേഷിപ്പിച്ചു. ‘ഇന്ത്യയിലെ ആദ്യജനത ശാരീരികമായി ആഫ്രിക്കക്കാരോട് സാദൃശ്യം പുലര്‍ത്തുന്ന കറുത്ത വര്‍ഗക്കാരാണ്. ലോകോത്തരങ്ങളായ സംസ്‌കാരങ്ങളില്‍ ഒന്നായി ചരിത്രകാരന്മാര്‍ പരിഗണിച്ച സിന്ധുനദീതട സംസ്‌കാരം അവയില്‍ ഏറ്റവും ആദ്യത്തേതും മഹത്തരവുമാണ്. ആര്യന്മാര്‍ ഇന്ത്യയിലേക്ക് അധിനിവേശം നടത്തുകയും സിന്ധുനദീതട സംസ്‌കാരം തകര്‍ക്കുകയും ചെയ്തു. ആര്യന്മാര്‍, ദ്രാവിഡ ജനതയെ കീഴാളരാക്കി. മതത്തിന്റെ പേരിലുള്ള പ്രത്യയശാസ്ത്രം ആയുധമാക്കി അവര്‍ ഇന്ത്യയിലെ ആദിമനിവാസികളെ മലമുകളിലെ കാടുകളിലേക്കാട്ടിപ്പായിച്ചു. പിന്നീട് അവര്‍ ഗോത്രവര്‍ഗങ്ങള്‍ എന്ന പേരില്‍ വിളിക്കപ്പെട്ടു. ഈ കറുത്ത വര്‍ഗക്കാര്‍ അവരുടെ മൗലികസ്വത്വം മറച്ചുവയ്ക്കാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ആര്യന്മാര്‍ അവരെ പിടികുടുകയും അടിമത്വത്തിലേക്കും കീഴാളത്വത്തിലേക്കും ചവിട്ടിത്താഴ്ത്തുകയും ചെയ്തു. അവര്‍ ഗ്രാമാതിര്‍ത്തികള്‍ക്കപ്പുറം ജീവിക്കാന്‍ നിര്‍ബന്ധിതരായി.

അവരുടെ മേല്‍ അയിത്തവും തൊട്ടുകൂടായ്മയും ചാര്‍ത്തപ്പെട്ടു. അവരെ അസ്പൃശ്യരായി വിധിയെഴുതി. കറുത്തവര്‍ഗക്കാര്‍ തങ്ങളുടെ വ്യക്തിത്വവും മൗലികസ്വത്വവും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. അവര്‍ അവരുടെ തനിമയെ വെറുക്കുന്നു. സ്വന്തത്തെ വെറുക്കുന്നവര്‍ക്കെങ്ങനെയാണ് അന്യരെ സന്തോഷിപ്പിക്കാനാവുക. സ്വന്തത്തോടുള്ള വെറുപ്പ് ദുരീകരിക്കാന്‍ കഴിയുക അവരുടെ ഉന്നത സംസ്‌കാരത്തെയും, ദൈവങ്ങളേയും ദേവതകളേയും, മതപാരമ്പര്യത്തേയും നായികാ നായകന്മാരേയും സ്വതന്ത്രമായ തങ്ങളുടെ ഭൂതകാല സാംസ്‌കാരിക സവിശേഷതയേയും വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് എന്ന് വി ടി രാജശേഖര്‍ വാദിച്ചു. (The Black Untouchables of India : Reclaiming our cultural Heritage എന്ന വി ടി രാജശേഖറിന്റെ ലേഖനം: African Presence in Early Asia. Page. 234)

”ദലിത് ഒരു പുതിയ പേരാണ്. ഇന്ന് ആ പേരിന് പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. കറുത്തവരും അയിത്തജാതിക്കാരുമായ പിന്നാക്കക്കാര്‍ക്ക് ഒരു പൊതുനാമം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഈ ജാതികളുടെ സെന്‍സസ് എടുക്കുകയും ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് എന്ന പൊതുനാമം അവരുടെ മേല്‍ ചാര്‍ത്തുകയും ചെയ്തു. ഈ പേരില്‍ തന്നെയാണ് ഇന്ത്യന്‍ ഭരണഘടന അവരെ വിശേഷിപ്പിച്ചത്. ഗാന്ധിജി അവരെ ഹരിജനങ്ങള്‍ എന്ന് വിളിച്ചു. ബോംബെയിലെ അയിത്തജാതിക്കാരുടെ നേതാക്കന്മാര്‍ അമേരിക്കയിലെ ബ്ലാക്ക് പാന്തേഴ്‌സ് എന്ന പേരിന്റെ മാതൃകയില്‍ അവരെ ദലിത് പാന്തേഴ്‌സ് എന്ന പേര് വിളിച്ചു. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നര്‍ത്ഥം വരുന്ന ഹീബ്രു പദമാണ് ദല്‍. നമ്മുടെ രോഷത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന വാക്കാണത്. നാം ദലിത്‌വോയ്‌സ് പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ ആ പേര്‍ ഏറെ പ്രചരിച്ചു. ഇന്ന് അയിത്തജാതിക്കാരെ സൂചിപ്പിക്കാന്‍ സവര്‍ണര്‍ പോലും ആ വാക്ക് ഉപയോഗിക്കുന്നു” (അതേ പുസ്തകം പേജ്: 236)

വി ടി രാജശേഖറിന്റെ ഈ വിവരണത്തില്‍ നിന്നും ആരാണ് ഇന്ത്യയിലെ ആദിമ നിവാസികള്‍, ലോകോത്തരമായ സിന്ധുനദീതട സംസ്‌കാരം പടുത്തുയര്‍ത്തിയ ഈ ജനവിഭാഗം അടിമത്വത്തിലേക്ക് ആര്യന്മാരാല്‍ കീഴ്‌പ്പെടുത്തപ്പെട്ടതെങ്ങനെ, ദലിത് നാമത്തിന്റെ ആരംഭം എങ്ങനെ, ഗാന്ധി, ഹരിജന്‍ എന്ന പേരില്‍ വിളിച്ചവര്‍ എങ്ങനെ ദലിത് എന്ന പേരില്‍ വിളിക്കപ്പെട്ടു തുടങ്ങി, ആ പേര് വ്യാപിപ്പിക്കുന്നതില്‍ ദലിത് വോയ്‌സിന്റെ പങ്ക് എന്ത്, ദലിതരുടെ വിമോചനം എങ്ങനെ സാധ്യമാവും എന്നീ കാര്യങ്ങള്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. സാഹിത്യത്തിന്റെ ഭൂമിശാസ്ത്രം മാറ്റിമറിക്കുകയും അധികാരോന്മുഖമായ ആഖ്യാനവ്യാഖ്യാനങ്ങളെ ഉല്ലംഘിക്കുകയും അനലംകൃതവും അതിഭാവുകത്വവുമില്ലാത്തതും എന്നെല്ലാം ദലിത്‌സാഹിത്യം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഈ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുള്ള അവതരണവും ആവിഷ്‌കരണവുമായിരുന്നു ദലിത് വോയിസിന്റേത്. അംബേദ്കറുടെ പ്രസ്താവന വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചാണ് ഓരോ ലക്കവും പുറത്തിറങ്ങിയിരുന്നത്. (ഉദാഹരണങ്ങള്‍: Manu enslaved women: Thus spake Ambedkar, Gandhism philosophy of rich, to dupe Dalits: Thus spake Ambedkar January 115 ). പുറംചട്ടയില്‍ തന്നെ
ഉള്ളടക്കം അച്ചടിച്ചു.

ദലിത്‌വോയ്‌സിന് പത്ത് വര്‍ഷം തികഞ്ഞപ്പോള്‍ എന്‍ കെ ഷമ നടത്തിയ നിരീക്ഷണം ദലിത്‌വോയ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”അംബേദ്കറിസ്റ്റ് ഫിലോസഫിയും അതിന്റെ പത്രാധിപരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് ദലിത് വോയ്‌സിന്റെ വിജയത്തിന്റെ നിദാനം. വി ടി രാജശേഖറിന്റെ മാത്രം അധ്വാനഫലമായാണ് ദലിത്‌വോയ്‌സ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിമാസം 30,000 രൂപ ചെലവ് വരുന്നുണ്ട്. പിന്നാക്കക്കാരുടെ വിദ്യാഭ്യാസവും, ബോധനവീകരണവും ഉദ്ദേശിച്ചുള്ള ആശയപ്രചാരണമാണ് ദലിത്‌വോയ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏറെ പ്രതിസന്ധികളിലൂടെയാണ് വി ടി രാജശേഖര്‍ കടന്ന് പോകുന്നത്. എന്നാല്‍, അദ്ദേഹത്തെ തന്റെ ശ്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ പ്രശ്‌നങ്ങള്‍ കാരണമാവുന്നില്ല. അദ്ദേഹം പഴയ ആവേശത്തില്‍ തന്നെയാണുള്ളത്. ദലിത് മേഖലകളില്‍ നടക്കുന്ന സമരശ്രമങ്ങള്‍ അതിന്റെ താളുകള്‍ രേഖപ്പെടുത്തുന്നു”.

ജേര്‍ണലിസത്തെ ഗുണകരമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ദലിത്‌വോയ്‌സ് പലവിധത്തില്‍ പ്രയോജനപ്പെടുന്നുണ്ട്. ഇതര പ്രസിദ്ധീകരണങ്ങളുടെ പദപ്രയോഗങ്ങളിലും ആഖ്യാനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കാന്‍ ദലിത്‌വോയ്‌സിന് കഴിഞ്ഞു. ഇന്ത്യന്‍ മനസ്സ് സമരോത്സുകമാക്കാന്‍ അത് യത്‌നിക്കുന്നു. ആസന്നഭാവിയില്‍ ജനായത്ത മാര്‍ഗേണ സമാധാനപൂര്‍ണമായ വിപ്ലവത്തെ അത് സാധ്യമാക്കും. വിമര്‍ശനങ്ങള്‍ വെറുക്കുന്നവരാണ് പത്രാധിപന്മാരിലധികവും. എന്നാല്‍ രൂക്ഷവിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രാധിപരാണ് വി ടി രാജശേഖര്‍.

ചെന്നായ്ക്കളുടെ ക്ഷണം ആട്ടിന്‍കുട്ടി അവഗണിക്കണം എന്ന ആഹ്വാനമാണ് അദ്ദേഹം ദലിത്‌വോയ്‌സിലൂടെ നടത്തി കൊണ്ടിരിക്കുന്നത്. (ദലിത് വോയ്‌സ്1991 ജനുവര1- 15)

സവര്‍ണമേധാവിത്തത്തിന്റെ കുതന്ത്രങ്ങള്‍, ജാതിവ്യവസ്ഥ, വംശീയവാദം, വര്‍ണവിവേചനം, കറുത്തവര്‍ഗക്കാര്‍, കമ്മ്യൂണിസത്തിന്റെ അപചയം, മുസ്‌ലിം നേതൃത്വത്തിന്റെ അപകര്‍ഷതയും വിധേയത്വവും, ചരിത്രത്തിന്റെ വക്രീകരണം, സംവരണം, ദേശീയപ്രശ്‌നങ്ങള്‍, സ്ത്രീവാദത്തിന്റെയും, പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെയും പേരിലുള്ള ചതിപ്രയോഗങ്ങള്‍, കീഴാളരാഷ്ട്രീയം, എന്നിവയാണ് ദലിത്‌വോയ്‌സിന്റെ മുഖ്യവിഷയങ്ങള്‍. മുഖ്യവിഷയങ്ങളെ തമസ്‌കരിച്ചുകൊണ്ടുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ അടവ് തന്ത്രങ്ങളെ ദലിത്‌വോയ്‌സ് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. സംഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള വാര്‍ത്താവിതരണ ശൃംഖലയുടെ അനിവാര്യതയെക്കുറിച്ച ആലോചനകള്‍ക്ക് ദലിത്‌വോയ്‌സ് ആശയാടിത്തറ നല്‍കി. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ അവഗണിച്ച സിമി, ഐഎസ്എസ്, പിഡിപി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുഖലേഖനങ്ങളാക്കി പ്രസിദ്ധീകരിച്ചുകൊണ്ട് ദലിത്‌വോയ്‌സ് ജനപക്ഷ പത്രപ്രവര്‍ത്തനത്തെ പ്രതിനിധീകരിച്ചു. (ഉദാ: Agenda for SIMI,meet: Muslim can stop Nazi bid to divide India January 115 1992)

വി ടി രാജശേഖര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിരുന്ന ചിലവ പരാമര്‍ശിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും: ”അംബേദ്കറിസ്റ്റുകളാണ് ഇന്ത്യന്‍ വിപ്ലവത്തെ നയിക്കാന്‍ യോഗ്യരായിട്ടുള്ളവര്‍. അംബേദ്കറിസമാണ് അതിജീവനശേഷിയുള്ള ഒരേ
ഒരു പ്രത്യയശാസ്ത്രം”. ”ജാതി വ്യവസ്ഥയെ നിര്‍ദ്ദയം നിരാകരിക്കാതെയുള്ള അഹിംസയുടെയോ, സമരത്തിന്റെയോ, ജനാധിപത്യത്തിന്റെയോ മാര്‍ഗങ്ങള്‍ വിജയിക്കുകയില്ലെന്നു ഇന്ത്യയിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഗാന്ധിസം, മാര്‍ക്‌സിസം, നക്‌സലിസം നാരായണഗുരു പ്രസ്ഥാനം, ജെപി പ്രസ്ഥാനം, ലോഹ്യാ പ്രസ്ഥാനം എന്നിവയെല്ലാം രംഗവിഹീനങ്ങളായി കഴിഞ്ഞിരിക്കുന്നു. ഇനി ഇന്ത്യ പിന്തുടരേണ്ട ഏക രക്ഷാമാര്‍ഗം അംബേദ്കറിസം മാത്രം”.

”ഇന്ത്യയെ സംബന്ധിച്ചിത്തോളം പാര്‍ലമെന്ററി സംവിധാനത്തിന് ജനാധിപത്യത്തിന്റെ പ്രയോജനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുകയില്ല. ജനാധിപത്യത്തിന്റെ ഏക മാതൃകയല്ല പാര്‍ലമെന്ററി ജനാധിപത്യം. ജനവിഭാഗങ്ങള്‍ തമ്മില്‍ സമത്വമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ പാര്‍ലിമെന്ററിസം തികഞ്ഞ പരാജയമാണ്. 1991ല്‍ പാര്‍ലമെന്റില്‍ 125 ദലിതുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പാര്‍ട്ടികളുടെ ഇംഗിതം അനുസരിച്ചു പ്രവര്‍ത്തിക്കുകയല്ലാതെ നിവൃത്തിയുണ്ടായില്ല. ജനാധിപത്യ വ്യവസ്ഥയിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജാതീയത നിറഞ്ഞാടുന്ന സന്ദര്‍ഭത്തില്‍ ബാലറ്റ് ഒരു വിലയുമില്ലാത്ത വെറും കടലാസായിത്തീരും”.

”സമരത്തെക്കുറിച്ച് ആവലാതിപ്പെടാറുണ്ട്. ബാലറ്റോ ബുള്ളറ്റോ എന്ന് ചോദിക്കാറുണ്ട്. ഇതെക്കുറിച്ച് മാല്‍കം എക്‌സിന്റെ മറുപടിയാണ് പറയാനുള്ളത്. ‘അവര്‍ക്ക് നായയുണ്ട്. അതിനാല്‍ നമുക്കും വേണം നായ”.

”ജാതിമേധാവിത്തം നിലനില്‍ക്കുന്നിടത്ത് അഹിംസയ്ക്ക് യാതൊരര്‍ത്ഥവുമില്ല. അവിടെ അഹിംസയ്ക്ക് വിപ്ലവം കൊണ്ടുവരാനാകില്ല. അഹിംസയാകാം. പക്ഷെ സായുധരാണ്, മര്‍ദ്ദകരാണ് നിരായുധരോട് അഹിംസ ഉപദേശിക്കുന്നത്. അവര്‍ക്കാണെങ്കിലോ ഭരണവും നീതിപീഠങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്. വിദ്വേഷവും വെറുപ്പും ഉല്‍പ്പാദിപ്പിക്കുന്ന കലാപങ്ങളുടെ ഇരകളോട് അഹിംസ ഉപദേശിക്കുന്നത് പാപമാണ്. ആത്മ പ്രതിരോധത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാതെ കൈകെട്ടിയിരിക്കാന്‍ പറയുന്നത് തെറ്റാണ്. ഗാന്ധിസം മധുരം പുരട്ടിയ നാസിസമാണ്”.

”ദാരിദ്ര്യമല്ല, ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘര്‍ഷവുമല്ല അതിന് കാരണം. ജഗ്ജീവന്‍ റാം സമ്പന്നനായിരുന്നു. പക്ഷെ ജാതിയുടെ പേരിലുള്ള വിവേചനത്തിന് അദ്ദേഹം ഇരയായി. ദലിതര്‍ കൊല്ലപ്പെടുന്നതും, അഗ്‌നിക്കിരയാക്കപ്പെടുന്നതും, ചവിട്ടി താഴത്തപ്പെടുന്നതും അവര്‍ ദരിദ്രരായത് കൊണ്ടല്ല, പിന്നാക്ക ജാതിക്കാരായത് കൊണ്ട് മാത്രമാണ്”.

”യഥാര്‍ത്ഥത്തില്‍ വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ ദലിതരാണ്. മേല്‍ജാതിക്കാര്‍ ഉപഭോക്താക്കളാണ്. പക്ഷെ നമുക്കവരെ പരാജയപ്പെടുത്താനാവുന്നില്ല. കാരണം നാം ചിന്താശീലരല്ല. ബുദ്ധിവൈഭവം നമുക്കില്ല. നാം വിദ്യാവിഹീനരാണ്. വിദ്യനേടുക, സംഘടിക്കുക, സമരസജ്ജരാവുക എന്ന അംബേദ്കറുടെ ആഹ്വാനത്തെ നാം പ്രയോഗവല്‍ക്കരിക്കണം.”

”ഇന്ത്യാവിഭജനത്തിന് ചരട്‌വലിച്ചവര്‍ സവര്‍ണരാണ്. എന്നാല്‍ വിഭജനത്തിന്റെ പേരുദോഷം അവര്‍ മറ്റുള്ളവരില്‍ ആരോപിച്ചു. വിഭജനത്തെ റദ്ദ് ചെയ്യാനും ഇന്ത്യയെ പുനരേകീകരിക്കാനും അവര്‍ തയ്യാറാവുമോ”?

”ജന്മത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ജാതിസമ്പ്രദായമാണ് സകലവിനാശത്തിനും അടിത്തറയായി വര്‍ത്തിക്കുന്നത്. ദരിദ്രരും ധനികരും തമ്മിലുള്ള അന്തരത്തെ ഊതിവീര്‍പ്പിച്ചുകൊണ്ട് പിന്നാക്ക സമുദായങ്ങളുടെ ഐക്യമുന്നണിയെ തകര്‍ക്കാന്‍ തല്‍പ്പരകക്ഷികള്‍ ഉദ്ദേശിക്കുന്നു. ദലിതരെ പോലെ മര്‍ദ്ദിക്കപ്പെടുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളുണ്ട്. മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും മറ്റുപിന്നാക്ക ജാതികളും തമ്മിലുള്ള ഐക്യം വളരെ പെട്ടെന്നുതന്നെ ഉണ്ടാവേണ്ടതുണ്ട്. മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കാണ് ലോകജനസംഖ്യയില്‍ ഭൂരിപക്ഷം. അവരുടെ ഐക്യമുന്നണി കാലത്തിന്റെ ആവശ്യമാണ്”.

”നമുക്ക് ബ്രാഹ്മണരോട് പ്രത്യേകമായ വെറുപ്പോ വിദ്വേഷമോ ഇല്ല. നാം ആര്‍ക്കും എതിരല്ല. ബ്രാഹ്മണര്‍ ഞങ്ങളെ സഹായിച്ചാല്‍ ഞങ്ങള്‍ അത് സ്വീകരിക്കും. എന്നാല്‍ അവര്‍ക്ക് ഞങ്ങളുടെ സംഘടനയിലേക്ക് പ്രവേശനം നല്‍കുകയില്ല”.

”പിന്നാക്കജനവിഭാഗങ്ങള്‍ക്ക് ഫൂലെയെയും അംബേദ്കറെയും രാമസ്വാമി നായ്ക്കരെയും അയ്യങ്കാളിയെയും ലോഹ്യയേയും കുറിച്ച് പഠിപ്പിച്ചു കൊടുക്കുക. ചരിത്ര പുസ്തകങ്ങള്‍ പുതുക്കിയെഴുതുക”.

”രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക രംഗങ്ങള്‍ ദലിതുകള്‍ നിയന്ത്രിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് ദലിത് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ഹിന്ദുക്കള്‍ക്ക് നമ്മെ ഭരിക്കാനാവില്ല. അതു നാം ആഗ്രഹിക്കുന്നുമില്ല. ബ്രാഹ്മണരുള്‍പ്പെടെയുള്ളവരുടെ സ്വയംനിര്‍ണയാവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് നാം. ജനവിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യത്തിനായി നാം ശക്തിയായി വാദിക്കുന്നു. നിങ്ങള്‍ക്ക് എന്റെ കീശയില്‍ കൈയിടാനാവില്ല. എനിക്ക് നിങ്ങളുടെ കീശയിലും കൈയിടാനാകില്ല. വളരെ ചെറിയ അംഗസംഖ്യയുള്ള ജനവിഭാഗങ്ങള്‍ക്ക് പോലും സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചു കൊടുക്കണം.”

”ഇന്ത്യയിലെ വിദ്യാഭ്യാസവ്യവസ്ഥ ബ്രാഹ്മണ താല്‍പ്പര്യങ്ങള്‍ക്കനുസൃതം ക്രമീകരിക്കപ്പെട്ടതാണ്. ശരിയാംവിധം വിദ്യാഭ്യാസം നല്‍കുകയും, സത്യസന്ധമായി ചരിത്രം പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ സവര്‍ണരെപോലും വംശീയവാദത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരാനാകും”.

”സ്ത്രീകള്‍ക്ക് അസാധ്യമായതൊന്നുമില്ല. ഒരു രാജ്യത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നത് ജനസംഖ്യയിലെ അര്‍ദ്ധപാതിയായ സ്ത്രീകളുടെ സംഭാവനയാണ്. നിങ്ങള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് ഉപാധികളില്ലാത്ത സ്വാതന്ത്ര്യം നല്‍കണം. ദലിത് സംഗമങ്ങളില്‍ സ്ത്രീ സാന്നിദ്ധ്യമുണ്ടാകാറില്ല. അവര്‍ക്ക് അംബേദ്ക്കറിസം പഠിപ്പിച്ചു കൊടുക്കുന്നില്ല. ഇത് അംബദ്ക്കറിസത്തിന്റെ വിജയസാധ്യതകള്‍ക്ക് വിഘാതമേല്‍പ്പിക്കുന്നു”.

പുതിയ പ്രഭാതോദയത്തെ കുറിച്ച് അദ്ദേഹം പ്രവചിക്കുകയുണ്ടായി. ”ദലിത് സംസ്‌കാരത്തിന് പ്രാമുഖ്യം കിട്ടുന്ന ഒരു ദിവസം ഞാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അന്നേ ദിവസം ദലിതനാവും ഏറ്റവും പ്രാമുഖ്യം നേടുന്ന മനുഷ്യന്‍”

വി ടി രാജശേഖറിന്റെ പ്രതീക്ഷ സഫലീകൃതമാവട്ടെ എന്ന് നമുക്കാശിക്കാം.

No Comments yet!

Your Email address will not be published.