കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാനസമ്മേളനം കോഴിക്കോട്‌വച്ച് നടത്താന്‍ തീരുമാനിച്ചു. ദേശീയതലത്തില്‍ അറിയപ്പെടുന്ന യുക്തിവാദി നേതാവിനെ മുഖ്യാതിഥിയായി കൊണ്ടുവരാന്‍ തീരുമാനമായി. കോഴിക്കോട്ട് നടന്ന യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയില്‍ ആ ദൗത്യം ഞാന്‍ ഏറ്റെടുത്തു. ബാഹ്യബന്ധങ്ങള്‍ കുറവായതിനാല്‍ മറ്റു ഭാരവാഹികള്‍ക്ക് അത് വലിയ ആശ്വാസമായിരുന്നു. ഞാന്‍ കര്‍ണാടകയിലെ റാഷനലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി ടി രാജശേഖറിനെ (വിടിആര്‍) പങ്കെടുപ്പിക്കാം എന്ന് ഉറപ്പുനല്‍കി.
വി ടി ആറുമായി ബന്ധപ്പെട്ടു. കേരളത്തിലെ യുക്തിവാദ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥയും ജാതിപ്രശ്‌നത്തോടുള്ള നിസംഗതയും വിടിആറിനെ ധരിപ്പിച്ചു. കേരളത്തിലെ പ്രമുഖ യുക്തിവാദികളെല്ലാം പങ്കെടുക്കുന്ന വലിയ സമ്മേളനമാണ്. വി ടി രാജശേഖര്‍ പരിപാടിക്ക് വന്നു. യുക്തിവാദി പ്രവര്‍ത്തകര്‍ ജാതിയെ അഡ്രസ് ചെയ്യേണ്ടതുണ്ടെന്ന് പ്രസംഗത്തിനിടെ അദ്ദേഹം തീര്‍ത്തുപറഞ്ഞു. കേരളത്തിലെ യുക്തിവാദി പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് അദ്ദേഹം അക്കമിട്ട് എണ്ണിപ്പറഞ്ഞു. മുന്നോട്ടുള്ള വഴി ഏതായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി. വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ഒരാള്‍ക്കും തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. സംഘാടകരുടെ നാവിറങ്ങിപ്പോയിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ച ആ നിമിഷത്തെ മനസ്സുകൊണ്ട് പഠിച്ചിട്ടുണ്ടാകണം സംഘാടകര്‍ മുഴുവന്‍.
വി ടി ആറും ദലിത് വോയ്‌സും
1981ല്‍ വി ടി രാജശേഖറിന്റെ ദലിത് വോയ്‌സ് പ്രി-ലോഞ്ചിങ് എഡിഷന്‍ ഞാന്‍ കാണുന്നത് ഗോപിനാഥ് മേപ്പയിലിന്റെ വീട്ടില്‍ വച്ചാണ്. ആ ലക്കം മുഴുവന്‍ ഒറ്റയിരിപ്പില്‍ ഞാന്‍ വായിച്ചുതീര്‍ത്തു. എന്തൊരു അത്ഭുതം! എന്റെ സാമൂഹിക-രാഷ്ട്രീയ സങ്കല്‍പ്പങ്ങളും വീക്ഷണങ്ങളും മുഴുവന്‍ കര്‍ണാടകയിലെ ഞാനറിയാത്ത ഒരു പ്രസ്സില്‍ അച്ചടിച്ച് എന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഞാനൊരു പ്രസിദ്ധീകരണം തുടങ്ങിയാല്‍ എന്താണോ എഴുതുക അതിതാ എന്റെ കൈകളില്‍! ഇരുന്ന ഇരിപ്പില്‍തന്നെ ദലിത് വോയ്‌സിലേക്ക് ഒരു പ്രതികരണമെഴുതി. ആ പ്രതികരണം ദലിത് വോയ്‌സിന്റെ ആദ്യലക്കത്തില്‍ എഡിറ്റര്‍ക്കുള്ള കത്തുകളില്‍ പ്രസിദ്ധീകരിച്ചു വന്നു.
വിടിആറുമായും ദലിത് വോയ്‌സുമായും എന്റെ ബന്ധം തുടങ്ങുന്നത് അങ്ങനെയാണ്. ദലിത് വോയ്‌സിന്റെ പത്രാധിപനായ വി ടി രാജശേഖറുമായി അന്നുമുതല്‍ ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നു. ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ ഏറെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒരു സമീപനമായിരുന്നു വിടിആറും ദലിത് വോയ്‌സും മുന്നോട്ടുവച്ചത്. ദലിത് വോയ്‌സിനെ കേരളത്തില്‍ പരമാവധി പ്രചരിപ്പിക്കുക, അതിന്റെ പ്രധാനപ്പെട്ട എഡിറ്റോറിയലുകള്‍ വിവര്‍ത്തനംചെയ്ത് ലഘുലേഖകളായി പ്രസിദ്ധീകരിക്കുക, സാധ്യമായ സ്ഥലങ്ങളിലെല്ലാം വിടിആറിന്റെ പരിപാടികള്‍ സംഘടിപ്പിക്കുക, മറ്റുള്ളവര്‍ നടത്തുന്ന പരിപാടികളില്‍ വിടിആറിനെ പ്രാസംഗികനായി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ വ്യവഹാരങ്ങളിലേക്ക് എന്റെ രാഷ്ട്രീയപ്രവര്‍ത്തനം മാറി.

മാസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ ബാംഗ്ലൂരിലുള്ള ദലിത് വോയ്‌സിന്റെ ഓഫിസ് സന്ദര്‍ശിക്കും. വിടിആറിനെ കാണും. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടോ മൂന്നോ ദിവസം അവിടെ താമസിക്കും. കൂടുതലും പുതിയ ലക്കം പുറത്തിറങ്ങുന്ന സമയമായിരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ പണികളിലും സഹായിക്കുന്നത് എന്റെ ഒരു പതിവായി മാറി.
ദലിത് വോയ്‌സിന്റെ കുടുംബത്തില്‍ ഒന്നാമന്‍ വിടിആര്‍ തന്നെയാണ്. രണ്ടാമന്‍ തമിഴ്‌നാട്ടുകാരനായ ദലിത് ഏഴിമലൈയാണ്. അംബേദ്കര്‍ സാഹിത്യത്തില്‍ അഗാധമായ പിടിപാടുള്ള പ്രതിഭയായിരുന്നു ഏഴിമലൈ. അംബേദ്കര്‍ കൃതികളുമായി ബന്ധപ്പെട്ട് വിടിആറും മറ്റും സംശയങ്ങള്‍ തീര്‍ത്തിരുന്നത് ഏഴിമലൈയോട് ചോദിച്ചതാണ്. ദലിത് വോയ്‌സ് കുടുംബത്തിലെ ഒരംഗം എന്ന അവസ്ഥയിലേക്ക് എന്റെ ബന്ധം വളര്‍ന്നു.
ദലിത് വോയിസ് കുടുംബത്തിലെ പ്രധാനപ്പെട്ട മറ്റു രണ്ടുപേര്‍ എം ഗോപിനാഥും അദ്ദേഹത്തിന്റെ പത്‌നി ലക്ഷ്മിയുമാണ്. ദലിത് വോയ്‌സിന്റെ ഓഫിസില്‍ മാസികയുടെ ഉള്ളടക്കം തയ്യാറാക്കുന്നതിനും വരിക്കാരുമായി ഇടപാടുകള്‍ നടത്തുന്നതിനും പ്രചാരണത്തിനുമെല്ലാം രണ്ടുപേരും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രതിബദ്ധതയുള്ള ദലിത് ആക്ടിവിസ്റ്റുകളായ ദമ്പതികളായിരുന്നു അവര്‍. പാട്രിക് എന്നു പേരുള്ള ഒരു തമിഴ് ദലിത് ആക്ടിവിസ്റ്റ് ഈ ടീമില്‍ പെട്ടയാളാണ്. അദ്ദേഹം തമിഴ്‌നാട് സ്വദേശിയാണെങ്കിലും ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. അഡ്വക്കേറ്റ് അഹമ്മദ് ശരീഫ് എന്ന് പേരുള്ള മുസ്‌ലിം എഴുത്തുകാരന്‍ ദലിത് വോയ്‌സിന്റെ സ്ഥിരം അണിയറ ശില്‍പ്പികളില്‍പ്പെട്ട മറ്റൊരു പ്രധാനിയാണ.് അദ്ദേഹം പലപ്പോഴും ദലിത് വോയ്‌സില്‍ ഗസ്റ്റ് എഡിറ്റോറിയല്‍ എഴുതുകയും ദലിത് വോയ്‌സിലെ ലേഖനങ്ങളും മറ്റും ഉറുദുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്റെ ദലിത്-പിന്നാക്ക-മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ ചിന്തകള്‍ക്ക് മൂര്‍ച്ചയും വികാസവും ഉണ്ടാകുന്നത് ദലിത് വോയിസ് മായുള്ള ബന്ധത്തിലൂടെയാണത് അംബേദ്കറൈറ്റ് ചിന്തയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും എനിക്ക് അംഗീകാരവും മേല്‍വിലാസവും ലഭിച്ചത് ദലിത് വോയ്‌സ് വഴിയാണ്. വലിയ പ്രതികരണങ്ങളാണ് അക്കാലത്ത് എനിക്ക് ഈ മേല്‍വിലാസത്തില്‍ ലഭിച്ചത്. കേരളത്തിലും ദലിത് ആക്ടിവിസ്റ്റുകള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയിലും ഞാന്‍ അറിയപ്പെട്ടത് ദലിത് വോയ്‌സിന്റെ പ്രഭാകരന്‍ എന്ന നിലയ്ക്കാണത് ദലിത് വോയ്‌സുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വായനക്കാരും എഴുത്തുകാരുമായി എനിക്ക് ബന്ധമുണ്ടാക്കാന്‍ സാധിച്ചു. അവരുമായി ആ ബന്ധം പിന്നീടും തുടര്‍ന്നു. അവരില്‍ പലരുടെയും ക്ഷണപ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും സംസാരിക്കാനും അവസരം ലഭിച്ചു. ഞാന്‍ മുന്നോട്ടുവച്ച രാഷ്ട്രീയചിന്തയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെയും അവസരങ്ങളുടെയും വലിയ വാതായനമാണ് എനിക്ക് മുന്നില്‍ തുറന്നു വച്ചത്.
വിടിആറിന്റെ ഉയര്‍ന്ന ചിന്തകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനതന്ത്രങ്ങളും വളരെ ആകര്‍ഷകമായി എനിക്ക് അനുഭവപ്പെട്ടു. എന്റെ നിലപാടുകളോടും ശൈലിയോടും ഏറെ പൊരുത്തപ്പെടുന്ന ഒന്നായിരുന്നു എന്നതിനാലാവാം അത്രമേല്‍ എന്നെ ആകര്‍ഷിച്ചത്. എന്റെ മനസ്സിന് ഇണങ്ങുന്ന ശൈലിയായിരുന്നു വിടിആറിന്റെ എഴുത്തിന്. ലളിതമാണെങ്കിലും വളരെ മൂര്‍ച്ചയുള്ളതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. അദ്ദേഹത്തിന്റെ ലേഖനങ്ങളും എഡിറ്റോറിയലുകളും വിവര്‍ത്തനം ചെയ്തു കേരളം മുഴുവന്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നല്‍കിയ പ്രവൃത്തികളില്‍ ഒന്ന്. വിടിആറിനെ കേരളത്തില്‍ സുപരിചിതനാക്കുന്നതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.
കേരളത്തില്‍ അറിയപ്പെടുന്ന ദലിത് പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട് ദലിത് വോയ്‌സ് വരിക്കാരാക്കുകയായിരുന്നു അക്കാലത്ത് എന്റെ ആവേശകരമായ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. പുതിയ വരിക്കാരെ തേടിയുള്ള ഈ യാത്രയിലൂടെയാണ് ഇതേ ആശയക്കാരായ ഒരുപാട് പുതിയ സുഹൃത്തുക്കളെ ലഭിച്ചത്. അതില്‍പ്പെട്ട പ്രമുഖനായ എഴുത്തുകാരനാണ് തിരുവന്തപുരം സ്വദേശി ബിഎഫ്എച്ച്ആര്‍ ബിജ്‌ലി. ‘ഇന്ത്യ, ഇന്ത്യക്കാര്‍, ഇന്ത്യന്‍ മനസ്സ്’ അടക്കം പത്തോളം പുസ്തകങ്ങളുടെ രചയിതാവായ ബിജ്‌ലി തൊഴില്‍പരമായി എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറാണ്. മറ്റൊരാള്‍ ആലപ്പുഴയിലെ ബാബുരാജ് ആണ്. കേരളത്തിലെ ദലിതര്‍ക്കിടയിലെ ഏറ്റവും വലിയ ഹോം ലൈബ്രറിയുടെ ഉടമയാണ് അദ്ദേഹം.
വി ടി രാജശേഖര്‍ ബാംഗ്ലൂരില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ മാതൃനഗരമായ മംഗലാപുരത്തേക്ക് താമസം മാറ്റി. 2011ലാണ് ദലിത് വോയ്‌സ് പ്രസിദ്ധീകരണം നിര്‍ത്തിവച്ചത്. അതിന്റെ അവസാനത്തെ മൂന്ന് ലക്കങ്ങള്‍ മംഗലാപുരത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്. സാമ്പത്തികമായി പ്രയാസം അനുഭവപ്പെട്ടതിനാലും ശക്തമായ ഒരു ടീം കൂടെ ഇല്ലാത്തതിനാലും അച്ചടിച്ചിരുന്ന ക്രിസ്ത്യന്‍ പ്രസ്സുകാര്‍ ആര്‍എസ്എസ് ഭീഷണിമൂലം തുടര്‍ന്ന് അച്ചടിക്കാന്‍ വിസമ്മതിച്ചതിനാലും വിടിആര്‍ അങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു.
വിടിആറിനെ കാണാന്‍ ഞാന്‍ ഒരിക്കല്‍ മംഗലാപുരത്ത് ചെന്നപ്പോള്‍ ദലിത് വോയ്‌സിന് കീഴില്‍ പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങളുടെ കെട്ടുകള്‍ എന്തുചെയ്യണമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചു. എന്റെ ഓര്‍മയില്‍ അപ്പോള്‍ വന്നത് ഡോക്ടര്‍ ഔസാഫ് അഹ്‌സന്‍ ആയിരുന്നു. ഔസാഫിനെ വി ടിആറിനും വളരെ ഇഷ്ടമായിരുന്നു. വിറ്റുപോകാതെ കെട്ടിക്കിടന്നിരുന്ന ആ പുസ്തകങ്ങളുടെ മൊത്തം വിതരണച്ചുമതല അങ്ങനെ ഔസാഫ് അഹ്‌സന്‍ നേതൃത്വം നല്‍കുന്ന കോഴിക്കോട്ടെ പ്രസിദ്ധീകരണശാലയായ അദര്‍ ബുക്‌സിനെ ഏല്‍പ്പിച്ചു. ദലിത് വോയിസ് എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. ദലിത് വോയ്‌സിനെക്കുറിച്ച് പരാമര്‍ശിക്കാതെ എന്റെ ജീവിതത്തില്‍ ഒരു അധ്യായവും പൂര്‍ണമാവുകയില്ല.
അവലംബം: വി പ്രഭാകരന്റെ ആത്മകഥ അംബേദ്കറൈറ്റ് മുസ്‌ലിം ജീവിതം, പോരാട്ടം എന്ന പുസ്തകത്തിലെ ഒരു ഭാഗം





No Comments yet!