നിമിഷ രാജു/ മറുവാക്ക്
എങ്ങനെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്?
നിമിഷ: അത് പറയുമ്പോള്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു തുടങ്ങണം. വൈക്കം താലൂക്കിലെ ചെമ്പ് പഞ്ചായത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വളരെ താഴ്‌ന്നൊരു പ്രദേശത്താണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. കുട്ടിക്കാലത്ത് ആ പ്രദേശത്ത് പത്രമൊന്നും എത്തുമായിരുന്നില്ല. രണ്ടു പുഴ കടന്ന് വേണമായിരുന്നു അവിടെ നിന്ന് പുറത്തുപോവാന്‍. വികസനമെന്നു പറഞ്ഞാല്‍ ആകെയുള്ളത് വൈദ്യുതി മാത്രമായിരുന്നു. കുടിവെള്ളം പോലും വഞ്ചി തുഴഞ്ഞ് ദൂരെ പോയി എടുത്തു കൊണ്ടുവരുന്ന കാലമായിരുന്നു അത്. ചുറ്റും നടക്കുന്ന വിവരങ്ങളറിയാനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. അമ്മ ഒരു പൊതുപ്രവര്‍ത്തകയാണ്. അവര്‍ നാട്ടിലുള്ള ഒരു വായനശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും നന്നായി വൈകിയാണ് അമ്മ വീട്ടിലെത്താറുള്ളത്. അമ്മമ്മയും ചെറിയതോതിലൊക്കെ പൊതുകാര്യങ്ങളില്‍ ഇടപെടുന്നയാളായിരുന്നു. അമ്മ ലൈബ്രറിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളായതുകൊണ്ടുതന്നെ എന്തു കിട്ടിയാലും വായിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു, വായനയുടെ തുടക്കം അതാണ്. അമ്മമ്മയാണ് എനിക്ക് പൊതുപ്രവര്‍ത്തനത്തിന്റ ഉര്‍ജ്ജവും ശക്തിയും പകര്‍ന്നുതന്നത്.
പിറന്നതും വളര്‍ന്നതും വൈക്കത്ത് ചെമ്പ് നടുത്തുരുത്തില്‍ ആണ്. ഞങ്ങളുടെ പ്രദേശം ഒരു ഐഎച്ച്ഡിപി കോളനിയായിരുന്നു. അക്കാലത്ത് കെപിഎംഎസ് അവിടെ വളരെ സജീവമായിരുന്നു. പുന്നല ശ്രീകുമാര്‍ നേതൃത്വമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പുള്ള കാലമാണത്. നിലവില്‍ അച്ഛന്‍ കെപിഎംഎസിന്റെ താലൂക്ക് സെക്രട്ടറിയായും അമ്മ ശകുന്തള കെപിഎംഎഫിന്റെ താലൂക്ക് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു. പാട്ടുപാടാനും ഡാന്‍സ് കളിക്കാനും എല്ലാമുള്ള ഒരു പ്ലാറ്റ്‌ഫോം ആയിട്ടാണ് കുട്ടികളായ ഞങ്ങള്‍ക്ക് കെപിഎംഎസ് അന്ന് അനുഭവപ്പെട്ടിരുന്നത്. അതിന്റെ വാര്‍ഷികങ്ങളൊക്കെ ഞങ്ങളുടെ പാട്ടും നൃത്തവും സദ്യയുമൊക്കെയായി ആകെ സന്തോഷമായിരുന്നു.

അമ്മ ഓരോദിവസവും താന്‍ ഇടപെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഓഫിസുകളെപറ്റിയുമൊക്കെ പറഞ്ഞു തരും. ദേശാഭിമാനി പത്രം വരുത്താന്‍ തുടങ്ങിയെങ്കിലും വൈകീട്ടാണ് വീട്ടില്‍ പത്രം എത്തുക. അതില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം എന്നൊക്കെ പറഞ്ഞിട്ട് വാര്‍ത്ത കാണാറുണ്ട്. എസ്എഫ്‌ഐയില്‍ ചേര്‍ന്നോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ ആദ്യം നീ വിദ്യാര്‍ത്ഥി സംഘടനകളൊക്കെ എന്താണെന്ന് മനസ്സിലാക്ക് എന്നാണ് പറഞ്ഞത്. അമ്മ സിപിഎമ്മിന്റെ പ്രവര്‍ത്തകയാണ് എന്നുള്ളതു പോലും പിന്നീടാണ് മനസ്സിലാവുന്നത്. കെപിഎംഎസിന്റെ രൂപീകരണത്തിനു പിന്നില്‍ സിപിഐ ആണെന്ന് അറിയുന്നതുമൊക്കെ പിന്നീടാണ്. അമ്മമ്മയുടെ ഒരു സഹോദരന്‍ അവിടെ വാര്‍ഡ് മെമ്പര്‍ ആയിരുന്നു. അതിന്റെ അല്‍പ്പം പ്രിവലേജ് ഞങ്ങളുടെ കുടുംബത്തിന് കിട്ടുന്നുമുണ്ടായിരുന്നു.
ഞാന്‍ പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയത്ത് അമ്മയുടെ ചേച്ചിയുടെ മകന്‍ മാതൃഭൂമിയുടെ ഇയര്‍ബുക്ക് വാങ്ങിക്കൊണ്ട് തന്നു. അത് മറിച്ചു നോക്കിയപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനം എ ഐഎസ്എഫ് ആണ് എന്നും 1936 ആഗസ്തിലാണ് അത് രൂപീകരിച്ചിട്ടുള്ളത് എന്നുമൊക്കെ കണ്ടു. എഐഎസ്എഫിനെക്കുറിച്ചുള്ള ആ ഒരു കോളം വാര്‍ത്ത എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരു ദിവസം അമ്മ കൊണ്ടുവന്ന പത്രത്തില്‍ എല്‍എല്‍ബി എന്‍ട്രന്‍സ് കോച്ചിങ്ങിനെക്കുറിച്ചുണ്ടായിരുന്നു.
ഞാന്‍ ആ സമയത്ത് ഇടയ്‌ക്കൊക്കെ എല്‍എല്‍ബിക്ക് ചേരുന്നതിനെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിക്കാറുണ്ടായിരുന്നു. അതിനെക്കുറിച്ചൊന്നും എനിക്കൊരു ശരിയായ ഗൈഡന്‍സ് തരാനൊന്നും ആരും ഉണ്ടായിരുന്നില്ല. കോച്ചിങ്ങിനെക്കുറിച്ചുള്ള അറിയിപ്പ് ആ പത്രത്തിലുണ്ടായിരുന്നു. എഐഎസ്എഫ് ആയിരുന്നു എല്‍എല്‍ബി എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ സംഘാടകര്‍. പത്രത്തില്‍ കണ്ട നമ്പറില്‍ അന്വേഷിക്കാനായി വിളിച്ചു, ഫോണെടുത്തത് ഡിവിന്‍ കെ ദിനകരന്‍ ആണ്. അന്ന് എഐഎസ്എഫിന്റെ ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് എന്റെ ജീവിത സഖാവായി മാറി.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിലാണ് എല്‍എല്‍ ബിക്ക് അഡ്മിഷന്‍ കിട്ടിയത്. ഒരു വര്‍ഷം മാത്രമാണ് ഞാന്‍ അവിടെ പഠിച്ചത്. എഐഎസ്എഫിന്റെ പ്രവര്‍ത്തനം അക്കാലത്താണ് തുടങ്ങുന്നതും. തിരുവനന്തപുരം വളരെ വ്യത്യസ്തമായ ഒരിടമായിരുന്നു. അത് വരെ ജീവിച്ച കൂട്ടായ്മകളില്‍ നിന്നും വ്യത്യസ്തമായി, ക്യാമ്പസില്‍ രൂപപ്പെടുന്ന എല്ലാ ഗ്രൂപ്പുകളില്‍ നിന്നും നമ്മളെപ്പോഴും പുറത്താകുന്ന ഒരു അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും എല്ലാ സ്ഥലത്തും, കോളജിലും ഹോസ്റ്റലിലുമൊക്കെ എനിക്ക്് വലിയൊരു ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവന്നു. തിരുവനന്തപുരത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു ഗ്രൂപ്പ് രൂപപ്പെടും. അവിടെയെല്ലാം നമ്മള്‍ പുറന്തള്ളപ്പെടും. ക്ലാസ്സും കാസ്റ്റും ജെന്ററുമെല്ലാം ഇതിന് ഘടകങ്ങളായിരുന്നു. ക്ലാസ്മുറിയിലും ഇത് വല്ലാതെ ഫീല്‍ ചെയ്തിരുന്നു. ഇതിനെയൊക്കെ കുറിച്ചുള്ള അജ്ഞതയോ നിഷ്‌കളങ്കതയോ എന്നെ നിരന്തരം ആശയക്കുഴപ്പത്തിലാക്കി.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോഴ്‌സ് ഉപേക്ഷിച്ചു ഞാന്‍ നാട്ടിലേക്ക് പോന്നു. പിന്നീട് എറണാകുളം ലോ കോളജില്‍ എന്‍ട്രന്‍സ് എഴുതി അഡ്മിഷന്‍ കിട്ടി. അത് തീര്‍ത്തും വേറൊരു ലോകമാണ്. ഇവിടെ ടീച്ചേഴ്‌സ് നമ്മളോട് കാര്യങ്ങളൊക്കെ അന്വേഷിക്കും. ഓരോ വിഷയത്തിലും എന്താണ് അഭിപ്രായം എന്നുള്ളത് ചോദിക്കും. അധ്യാപകരെല്ലാം നല്ല പിന്തുണയാണ് തന്നിരുന്നത്. റാഗിങ്ങിനെക്കുറിച്ച് നല്ല ഭയമുണ്ടായിരുന്നു. എറണാകുളത്ത് കാസ്റ്റിന്റെയോ ജെന്ററിന്റേയോ പേരിലുള്ള മാറ്റിനിര്‍ത്തല്‍ തീരെ അനുഭവപ്പെട്ടിരുന്നില്ല. ചോദിക്കാനും പറയാനുമുള്ള അവസരവും കിട്ടിയിരുന്നു. നമ്മള്‍ എഴുന്നേറ്റ് എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും സൈലന്റ് ആവും, ഒരു സ്‌പേസ് അവിടെ രൂപപ്പെടും. പ്രസംഗത്തിനിടെ ഒരാള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം കൊടുക്കുന്ന ഒരു ക്യാമ്പസ് ഞാന്‍ മറ്റെങ്ങും കണ്ടിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കണം എന്ന് പറഞ്ഞുതരുന്ന ഒരു ക്യാമ്പസ് ആയിരുന്നു എറണാകുളത്തേത്. അതുകൊണ്ടു തന്നെ അതെന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഞാന്‍ ആദ്യം ആ ക്യാമ്പസില്‍ ചെന്ന സമയത്ത് ബോബിച്ചേട്ടന്‍ എന്ന ഒരു സഖാവ് എന്നെ കെട്ടിപ്പിടിച്ചാണ് പരിചയപ്പെട്ടത്. ആദ്യമായിട്ടുള്ള ഒരു അനുഭവമാണത്, ഇങ്ങനെ ചെയ്യാമോ എന്ന് ഞാന്‍ ചോദിക്കുന്നുമുണ്ട്. എന്തുകൊണ്ട് ചെയ്തുകൂടാ എന്നതായിരുന്നു ആ സഖാവ് തിരിച്ചു ചോദിച്ചത്. എനിക്ക് ചില പുസ്തകങ്ങള്‍ വാങ്ങിച്ചു തന്നു. ഒരുപാട് പുത്തന്‍ ആശയങ്ങള്‍, പുതിയ ധാരാളം ചിന്തകളിലേക്ക് എന്നെ ആ വായന കൊണ്ടു പോയിട്ടുണ്ട്. ശരീരത്തിന് അപ്പുറത്തേക്ക് ഒരു സ്ത്രീക്ക് തലച്ചോര്‍ കൊണ്ടാണ് കൂടുതല്‍ സഞ്ചരിക്കാന്‍ ആവുക എന്നെനിക്ക് മനസ്സിലാകാന്‍ തുടങ്ങി. അതുവരെ എന്റെ മനസ്സിലുണ്ടായിരുന്ന ശരീരത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ മാറി.

മാത്രമല്ല, ലെഫ്റ്റ് ഐഡിയോളജി, രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാനായതും അവടെനിന്നാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള അടിത്തറ അവിടെ നിന്നാണ് ഉണ്ടായത്. പഠനത്തിലൂടെ ജോലി നേടുക എന്നത് മാത്രമല്ല, ജീവിതത്തിന് നൈതികത ഉണ്ടായിരിക്കുക എന്നത് കൂടിയാണ് പ്രധാനം എന്ന് എഐഎസ്എഫ് പ്രവര്‍ത്തനത്തിലൂടെ പഠിക്കാനായി.
അവിടത്തെ രാഷ്ട്രീയപ്രവര്‍ത്തനം ഒട്ടും എളുപ്പല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ പോലും ആ ക്യാമ്പസ് വളരെ ഡെമോക്രാറ്റിക്കായിരുന്നു.
ദലിതാണ്, പെണ്‍കുട്ടിയാണ്…. ഇതിന്റെ പേരില്‍ പലകാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടോ?
രണ്ടും നമ്മള്‍ സ്ട്രഗിളുകള്‍ ചെയ്യേണ്ടുന്ന ഐഡന്റിറ്റികള്‍ തന്നെയാണ്. പൊരുതിത്തന്നെയാണ് ഇതുവരെ സഞ്ചരിച്ചത്. എല്ലാ സ്ഥലത്തുനിന്നും നമ്മള്‍ വലിയ തോതില്‍ റിജക്ഷന്‍സ് നേരിടേണ്ടി വരും. പല സ്ഥലത്തും വലിയ ആഘാതങ്ങള്‍ കിട്ടുമ്പോഴും ഞാന്‍ സഖാവ് ആനി രാജയോട് സംസാരിക്കാറുണ്ട്. അപ്പോള്‍ അവര്‍ പറയാറുണ്ട്.’ഇത് നിമിഷ രാജു എന്ന് പറയുന്ന ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല എന്ന്. എന്നോട് അങ്ങനെ ചെയ്തല്ലോ എന്ന തോന്നലാണ് വിഷമമുണ്ടാക്കുന്നത്. കോമണ്‍ ആണെന്ന് ചിന്തിക്കുമ്പോള്‍ അത് മാറും’ അത് എനിക്ക് മാത്രമല്ല, എനിക്ക് പിന്നാലെ വരുന്നവര്‍ക്കും പാഠമാണ്. മാത്രമല്ല, എന്റെ മുന്നേ നടന്നവരും അനുഭവിച്ചതാണ് എന്ന തിരിച്ചറിവ് പോരാടാനുള്ള കരുത്തേകും. സഖാവ് കാനത്തിന്റെ പിതൃതുല്യമായ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ മനോഹരമായ കാലമായിരുന്നു എന്ന് പറയാതെ വയ്യ.
കെപിഎംഎസ് നിമിഷയെ സ്വാധീനിച്ചിട്ടില്ലേ?
അംബേദ്കറേറ്റ് ചിന്തകള്‍ വായിച്ചു തുടങ്ങുന്നത് എല്‍എല്‍ബിക്ക് ചേര്‍ന്നതിനുശേഷമാണ്. എന്നാല്‍, എന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്പയര്‍ ചെയ്തത് അയ്യങ്കാളിയാണ്. അക്ഷരാഭ്യാസം ഇല്ലാതെ, വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാതെ, ഒരുതരത്തിലും ഒരാവശ്യങ്ങളും പറയാന്‍ പോലും ശേഷിയില്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുവന്ന, ദലിതന്റെ എല്ലാ അവകാശങ്ങള്‍ക്ക് വേണ്ടിയും സമരം ചെയ്തിട്ടുള്ള അയ്യങ്കാളിയാണ്. കാരണം ഞങ്ങളുടെ നാട് അങ്ങനെയാണ്. അയ്യങ്കാളി എന്നാണ് എല്ലാവരും പറയുക. എന്നാല്‍ ഞങ്ങളുടെ കുട്ടികളോ ഞങ്ങളാരെങ്കിലുമോ അയ്യങ്കാളി എന്ന് പറയില്ല. ‘കാളിയപ്പ’ എന്നാണ് പറയാറ്. ഞങ്ങള്‍ മുതിര്‍ന്ന ആളുകളെയൊക്കെ ‘അപ്പാ’ എന്നാണ് വിളിക്കുക.ആ കാളിയപ്പയാണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഞങ്ങളുടെ കുട്ടികള്‍ക്ക് എങ്ങനെ പഠിക്കണം എന്നറിയില്ല, വീട്ടുകാര്‍ക്ക് എങ്ങനെ പഠിപ്പിക്കണം എന്നുമറിയില്ല. ആളുകള്‍ രാവിലെ പണിക്ക് പോകും. വൈകുന്നേരം മദ്യപിച്ച് വീട്ടില്‍ വരുന്ന സ്വഭാവവുമുണ്ട്. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ കുട്ടികളെല്ലാവരും അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണ്. സംഘടനാ ബോധം പകര്‍ന്നു നല്‍കുന്നതില്‍ മാത്രമല്ല വിദ്യാഭ്യാസത്തിനും അയ്യങ്കാളി ചിന്തകള്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടോ? അവര്‍ക്കും അയ്യങ്കാളി കാളിയപ്പതന്നെയാണോ?
സംഘടനാകാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആളുകളൊക്കെ ഇപ്പോഴുമുണ്ട്. ഇപ്പോഴത്തെ കുട്ടികളോട് ചോദിച്ചാലും കുട്ടികളങ്ങനെ തന്നെയാണ് പറയുക. ഞങ്ങളൊക്കെ കുട്ടികളായിരുന്ന സമയത്ത് അവിടെ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരൊന്നും ഉണ്ടായിരുന്നില്ല. ബിജെപി ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.
നമ്മള്‍ ആദ്യം കാണുന്ന സംഘടന കെപിഎംഎസ് ആണല്ലോ. ഞങ്ങള്‍ കുട്ടികള്‍ക്ക് കഥകളൊക്കെ പറഞ്ഞുതന്നു പാട്ടൊക്കെ പാടി തന്ന ഒരു ബാബു മാമനൊക്കെ ഉണ്ട്.. ഭൂതകാലങ്ങളെ എന്ന് ഉള്ള പാട്ടൊക്കെ പാടി നമ്മളെ ആവേശം കൊള്ളിക്കുന്നവരായിരുന്നു അവര്‍. തോറ്റുപോയ ജനതയാണ് നമ്മള്‍, നമ്മള്‍ ജയിക്കണം എന്ന് എപ്പോഴും അവര്‍ പറഞ്ഞുതരാറുണ്ട്. നമ്മുടെ കുട്ടികളാരും ആത്മഹത്യയില്‍ അഭയം തേടാന്‍ പാടില്ല. എന്ത് പ്രശ്‌നമായാലും പ്രതിസന്ധിയായാലും തിരിച്ചു നമ്മുടെ നാട്ടില്‍ വരണം എന്നവര്‍ പറയുമായിരുന്നു.
42 വീടുകളാണ് ഞങ്ങളുടെ ചെറിയ ദ്വീപില്‍ ഉണ്ടായിരുന്നത്. എല്ലാ വീടുകളും തമ്മില്‍ നല്ല ബന്ധമാണ്. ഇതെല്ലാം വളരെ പോസിറ്റീവായിട്ടാണ് എന്നെയൊക്കെ സ്വാധീനിച്ചിട്ടുള്ളത്. ഇപ്പോള്‍ പഴയകാലത്തെ പോലെയുള്ള ബന്ധങ്ങളില്ല. കെപിഎംഎസിന്റെ തകര്‍ച്ച നാടിനെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഞങ്ങളുടെ തലമുറയ്ക്ക് കിട്ടിയ കരുതലും ബന്ധങ്ങളും മറ്റുകാര്യങ്ങളുമൊന്നും പുതിയ തലമുറയ്ക്ക് കിട്ടുന്നില്ല. ഞങ്ങളൊക്കെ ചൊല്ലി പഠിച്ച, പാടി പഠിച്ച മുദ്രാവാക്യങ്ങളും അവര്‍ക്കറിയില്ല. കെപിഎംഎസ് രൂപീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരായിരുന്നു എന്നുള്ളത് എഐഎസ്എഫിലൊക്കെ വന്നതിനുശേഷമാണ് ഞാന്‍ മനസ്സിലാക്കുന്നത.്
അന്ന് എഐഎസ്എഫില്‍ പ്രവര്‍ത്തിക്കാന്‍ ക്യാമ്പസില്‍ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ താനും. ഞങ്ങള്‍ ഏഴുപേരെ വച്ച് മുദ്രാവാക്യം വിളിക്കും പ്രകടനം നടത്തും. ഇത്ര കുറച്ച് ആളുകളെ വച്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രയാസമൊന്നുമില്ല. പക്ഷെ, നമ്മള്‍ പറയുന്ന രാഷ്ട്രീയത്തിലൂടെ ക്യാമ്പസില്‍ എഐഎസ്എഫിന് നല്ല ശ്രദ്ധ നേടിയെടുക്കാനായിട്ടുണ്ട്. ആള്‍ക്കൂട്ടത്തോട് പറഞ്ഞാല്‍ റിസീവ് ചെയ്യുന്നതിനേക്കാള്‍ ചെറിയ ഗ്രൂപ്പിനോട് കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ അത് അവര്‍ ഏറ്റെടുക്കും എന്നതാണ് അനുഭവം. ചെറിയ കൂട്ടങ്ങള്‍ക്കാണ് പലപ്പോഴും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുക. മാസ്സിനു പിന്‍പറ്റാന്‍ ധാരാളം പേര് കാണും, അതില്‍ വലിയ രാഷ്ട്രീയമൊന്നും ഉണ്ടാവില്ല.
എഐഎസ്എഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അടി കിട്ടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. മറ്റ് എന്തുവേണമെങ്കിലും ആയിക്കോ നിങ്ങള്‍ എബിവിപി ആയിക്കോ കുഴപ്പമില്ല പക്ഷേ നിങ്ങള്‍ എഐഎസ്എഫ് ആവരുത് എന്നാണ് വലിയേട്ടന്‍ പക്ഷം.
സമരവും സ്വപ്‌നവും പ്രണയവും കലയും സാഹിത്യവും ഒക്കെ പൂത്തുലഞ്ഞിരുന്ന കാലം കേരളത്തിലെ ക്യാമ്പസുകളിലുണ്ടായിരുന്നു. സംഘടനകള്‍ക്കതീതമായ സൗഹൃദങ്ങളും ബന്ധങ്ങളും സാധ്യമായിരുന്നു. പുതിയകാലത്തെ ക്യാമ്പസുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളൊന്നും അത്രനല്ലതല്ല. ക്രൂരമായ റാഗിങ്, കൊലകള്‍, ആത്മഹത്യകള്‍, സംഘര്‍ഷങ്ങള്‍.. എന്താണ് പറയാനുള്ളത്?
പുതിയകാലത്തെ ക്യാമ്പസുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളൊന്നും അത്രനല്ലതല്ല. എങ്കിലും ഒരു പറ്റം നല്ല വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരുടെ മികവ് വരേണ്ട ഒരിടം, അതാണല്ലോ ക്യാമ്പസ്. വീടിനേക്കാള്‍ കൂടുതല്‍ സമയം വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നത് അവിടെയായിരിക്കും.
ക്യാമ്പസിന്റെ ഗേറ്റ് തുറക്കാന്‍ വേണ്ടി വെയിറ്റ് ചെയ്ത് അത് തുറപ്പിച്ച് ക്ലാസ്സില്‍ കയറും. ക്ലാസ് കഴിഞ്ഞാലും പോരില്ല, അവര്‍ ഇറക്കി വിടുമ്പോഴും പോരാന്‍ കൂട്ടാക്കാതെ അവിടെ സൊറ പറഞ്ഞിരിക്കും. അങ്ങനെ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നത് ക്യാമ്പസില്‍ ആണ്. വിദ്യാര്‍ത്ഥികളുടെ ഇടം അതാണ്. ആ ഇടങ്ങള്‍ വളരെ ഇന്‍ക്ലൂസീവ് ആവുക എന്നുള്ളത് തന്നെയാണ് പ്രധാനം.
പഠിക്കുക പോരാടുക എന്നു പറയുന്ന മുദ്രാവാക്യത്തോട് നമ്മള്‍ നീതി പുലര്‍ത്തുക എന്നുള്ളതാണ് പ്രധാനം. നിങ്ങളുടെയൊക്കെ കാലത്തെ ക്യാമ്പസുകളില്‍നിന്ന് വ്യത്യസ്തമായി ഇപ്പോഴുള്ളത് വളരെ ഈസിയായി നടത്തപ്പെടുന്ന സൂചനാസമരങ്ങളും പോസ്റ്റര്‍ പ്രചാരണങ്ങളും മാത്രമാണ്. അതിന്റെയപ്പുറത്തേക്കുള്ള ശക്തമായൊരു സമരവും ക്യാമ്പസുകളില്‍ നടക്കുന്നില്ല. പക്ഷേ, ആ കാരണത്താല്‍തന്നെ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു, കൊലചെയ്യപ്പെടുന്നു, അപമാനിക്കപ്പെടുന്നു എന്നതാണ് അവസ്ഥ. എന്റെ ക്യാമ്പസില്‍ ഞാന്‍ ആക്രമിക്കപ്പെട്ടില്ല എന്നു പറയുമ്പോഴും എന്റെ ക്യാമ്പസിലെ ഒരാളാണ്, എസ്എഫ്‌ഐ നേതാവാണ് എന്നെ ആക്രമിച്ചതും എന്നെ അപമാനിച്ചതും. ഒരേ ക്യാമ്പസിന്റെ പ്രോഡക്റ്റുകളാണ് ഞാനും അയാളും എങ്കിലും രണ്ട് ധ്രുവങ്ങളിലാണ് ഇരുവരുമുള്ളത്. ഞാന്‍ ഇരവാദമൊന്നും ഉന്നയിക്കുന്നില്ലെങ്കിലും ഫൈറ്റ്‌ചെയ്തുകൊണ്ടേയിരിക്കും. പക്ഷേ, അയാളെ പോലുള്ളവരെ തിരുത്തുവാന്‍ എസ്എഫ് ഐ ഇപ്പോഴും തയ്യാറാവുന്നില്ല എന്നതാണ് എന്റെ വിമര്‍ശനം.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിക്കുന്ന സംഘടനയ്ക്ക് അത് പാലിക്കാന്‍ പറ്റുന്നുണ്ടോ എന്നുള്ളതാണ് പ്രശ്‌നം. ഒരു വിദ്യാര്‍ത്ഥി ഏതു ജാതിയില്‍ പെട്ടതാണ് എന്ന് അന്വേഷിക്കുക, പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിക്കുക, ചോദിക്കാനും പറയാനും ആരുമില്ലാത്ത ആളാണെങ്കില്‍ അവരെ രക്തസാക്ഷിയാക്കാന്‍ തീരുമാനിക്കുക.
ഇത്തരം പ്രവണതയിലേക്ക് ഒരു വിദ്യാര്‍ത്ഥി സംഘടന എത്തിച്ചേരുന്നത് ഒറ്റയടിക്ക് ഉണ്ടായ ഒരു മാറ്റമായി എനിക്ക് തോന്നുന്നില്ല. അവരെയൊക്കെ ആരാണ് നയിക്കുന്നത് എന്നുള്ളത് വളരെ പ്രധാനമാണ്. ഏത് വിദ്യാര്‍ത്ഥി സംഘടനകളായാലും നേതൃനിരയിലുള്ള പെണ്‍കുട്ടികള്‍ പൊതുവെ മികവു പുലര്‍ത്തിയിരുന്നവരായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഒരു വിദ്യാര്‍ത്ഥി നേതാവ് എന്ന് പറയുമ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ നയിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാള്‍ തനിയെ ഉണ്ടാവില്ല. ഒരു വിദ്യാര്‍ത്ഥി എന്നതില്‍ നിന്ന് നേതാവായി മാറി വരുന്ന ഒരു മാറ്റമുണ്ട്. ഞാന്‍ ഒരു ക്യാമ്പസില്‍ വരുന്നു, അവിടെ നമ്മള്‍ സംസാരിക്കാന്‍ ഒക്കെ തുടങ്ങുമ്പോള്‍ ഇടയ്ക്ക് വച്ച് തുടര്‍ന്ന് സംസാരിക്കാന്‍ പറ്റാതെ വരുന്ന സമയത്ത് അടുത്തതായി ഇന്നയാള്‍ സംസാരിക്കും എന്ന് പറഞ്ഞു നിര്‍ത്തുന്നു. എന്റെ തുടര്‍ച്ചയായി അടുത്തയാള്‍ സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു. വാക്കുകള്‍ കിട്ടാതെ നമ്മള്‍ നിന്നു പോകുമ്പോള്‍ അതിന്റെ തുടര്‍ച്ചയായിട്ട് നേതൃത്വത്തിലുള്ള മറ്റൊരാള്‍ സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിച്ച് പറയുകയും ചെയ്യും. അങ്ങനെ ഒക്കെയാണ് എന്റെ സംഘടന പരിശീലനം നല്‍കിയത്. എന്നെ ഇന്നത്തെ അഡ്വ. നിമിഷ രാജുവാക്കിയതും. എന്റെ പ്രസ്ഥാനത്തോട് എനിക്ക് നന്ദിയുണ്ട്.
ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ അംബേദ്കറൈറ്റ് പൊളിറ്റിക്‌സിന് ഏറെ പ്രാധാന്യമുണ്ടല്ലോ. ഇന്ത്യയിലാകെ, കേരളത്തിലും അതിന് വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നു. നിമിഷ എങ്ങനെ കാണുന്നു?
തീര്‍ച്ചയായും അംബേദ്കറൈറ്റ് പൊളിറ്റിക്‌സിന് പ്രാധാന്യമുണ്ട്. പക്ഷേ, യുവജനങ്ങളായാലും വിദ്യാര്‍ത്ഥികളായാലും പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത് ഇപ്പോഴും ലെഫ്റ്റ് പൊളിറ്റിക്‌സിലേക്കാണ്. മറ്റൊരു ചോയ്‌സ് ആയി ഇന്ത്യന്‍ സാഹചര്യത്തിന് ഏറ്റവും അനുയോജ്യവും മനോഹരവുമായി അംബേദ്കറൈറ്റ് പൊളിറ്റിക്‌സിനെ അവര്‍ കാണുന്നു. പക്ഷേ, എനിക്കു തോന്നിയിട്ടുള്ളത് ദലിത് ഐഡിയോളജി പ്രായോഗികരാഷ്ട്രീയത്തില്‍ കൊണ്ടുവരാനുള്ള ടൂള്‍സൊന്നും ആരും മുന്നോട്ട് വച്ചിട്ടില്ലെന്നാണ്. അച്ഛന്‍ അംബേദ്കറൈറ്റ് പൊളിറ്റിക്‌സ് നന്നായി പഠിച്ച ആളാണെങ്കിലും, എല്‍എല്‍എമ്മിന് പഠിക്കുമ്പോഴാണ് ഞാന്‍ അത് എന്താണെന്നു ആഴത്തില്‍ മനസ്സിലാക്കുന്നത്.
യഥാര്‍ത്ഥത്തില്‍ സംവരണമെന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നുമൊക്കെ സാധാരണക്കാരോട് പറഞ്ഞ് പഠിപ്പിച്ചുകൊടുക്കണമെങ്കില്‍ എന്റെയും നിങ്ങളുടെയും ആയുസ്സിന്റെ പകുതിയെങ്കിലും ചെലവഴിക്കേണ്ടിവരും. എന്തിനാണ് റിസര്‍വേഷന്‍ എന്ന് ചോദിക്കുന്നവരാണ് ഇപ്പോഴും നമുക്ക് ചുറ്റുമുള്ളത്. പുതുതായി കൊണ്ടുവന്ന ഇഡബ്ല്യൂഎസ് (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍) പത്ത് ശതമാനം സംവരണംകൂടി നടപ്പാക്കിയതോടെ ഫലത്തില്‍ അത് 60 ശതമാനത്തിലേറെ സവര്‍ണസംവരണമായി മാറി. എന്നാല്‍ കാര്യമായ യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഇന്ത്യയില്‍ ഈ നിയമം പാസ്സാക്കി എടുത്തത് എന്നോര്‍ക്കണം. എന്തുകൊണ്ടാണത്? ദലിത് പൊളിറ്റിക്‌സ് ശക്തമാണെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ലല്ലോ. കര്‍ഷകസമരം നാം കണ്ടതാണ്. അവര്‍ക്ക് സര്‍ക്കാരിനെ മുട്ടികുത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു. അംബേദ്കറൈറ്റുകള്‍ക്ക് ഒരു വലിയ പ്രതിഷേധം ഉയര്‍ത്താന്‍ പോലും കഴിഞ്ഞില്ലെന്നതാണ് വസ്തുത.
സവര്‍ണസംവരണത്തിനെതിരേയുള്ള കേസിന്റെ ഒരു ഫലം ജാതി സെന്‍സസ് ചര്‍ച്ചാവിഷയമായി എന്നതാണ്. അത് ഏത് കാലത്ത് നടപ്പാക്കപ്പെടും എന്ന് യാതൊരു ഉറപ്പുമില്ല.
കേരളത്തിലെ ക്യാമ്പസുകളില്‍ അംബേദ്കര്‍ പൊളിറ്റിക്‌സിന് പ്രാധാന്യമുണ്ടോ?
ഉത്തരേന്ത്യന്‍ അവസ്ഥയല്ല ഇവിടെയുള്ളത്. കേരളത്തിലെ ക്യാമ്പസുകളില്‍ അംബേദ്കറൈറ്റ് രാഷ്ട്രീയം സജീവമല്ലെന്നു തന്നെ പറയാം. ചെറു ഗ്രൂപ്പുകള്‍ ഇല്ലെന്നല്ല. സെമിനാറായോ ചര്‍ച്ചകളായോ പോലും ക്യാമ്പസുകളില്‍ ദലിത് രാഷ്ട്രീയമുന്നയിച്ച് നടക്കുന്നില്ല. കാലടി സംസ്‌കൃത സര്‍വകലാശാലയെ വേണമെങ്കില്‍ അംബേദ്കറൈറ്റ് പൊളിറ്റിക്‌സ് വളര്‍ന്നു വരുന്നൊരിടമായി വേണമെങ്കില്‍ പറയാവുന്നതാണ്. എംജി യൂനിവേഴ്‌സിറ്റിയിലും കുറച്ച് വിദ്യാര്‍ത്ഥികള്‍ ദലിത് രാഷ്ട്രീയപ്രവര്‍ത്തകരായുണ്ട്. അവര്‍ക്കവിടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഞാന്‍ ഇത്ര വലിയ പ്രതിസന്ധികളില്‍ കൂടി പോയിട്ടും അടിയും തൊഴിയും കിട്ടിയിട്ടും തെറിവിളി കേട്ടിട്ടും ഒരു അംബേദ്കറൈറ്റും എന്നെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ എഐഎസ്എഫ് ആയതുകൊണ്ടാവാം. പക്ഷേ ദീപ പി മോഹന്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടെയും ആളായിരുന്നില്ലല്ലോ. ദലിതെന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവര്‍ക്കെങ്കിലും പൂര്‍ണ പിന്തുണ കൊടുക്കണമായിരുന്നല്ലോ, അതും ഉണ്ടായിട്ടില്ല.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും പൊതു പ്രവര്‍ത്തകരുമായ എത്രയോ മനുഷ്യരുമെല്ലാം എന്നെ വിളിച്ചിരുന്നു. ഒപ്പം പേരു അറിയാത്ത അനേകരും.. മീഡിയയും കേരളീയ പൊതുസമൂഹവും എന്നെ പിന്തുണച്ചിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റിയത്. സിപിഐ എന്ന എന്റെ പ്രസ്ഥാനം ചേര്‍ത്ത് പിടിച്ചതു കൊണ്ടു മാത്രമാണ് ഇന്ന് ജീവിച്ചിരിക്കാന്‍ സാധിക്കുന്നത്. ഈ കെട്ട ഫാസിസ്റ്റ് കാലത്തെ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.







No Comments yet!