കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം 54 ദിവസം പിന്നിടുമ്പോള്‍ ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹികപ്രവര്‍ത്തകയുമായ പ്രഫ. ജെ ദേവികയുമായി ‘ദില്ലിദാലി’ എഡിറ്റര്‍ എസ് ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തമായ ലിഖിത രൂപം
കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം 54 ദിവസം പിന്നിട്ടിരിക്കുന്നു. ചരിത്രകാരിയും, സ്ത്രീപക്ഷവാദിയും, സാമൂഹികപ്രവര്‍ത്തകയുമായ പ്രഫ. ജെ ദേവികയുമായി ദില്ലിദാലി എഡിറ്റര്‍ എസ് ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖമാണിത്. ആശാവര്‍ക്കേഴ്‌സിന്റെ സമരത്തെ ആദ്യം മുതല്‍ക്കുതന്നെ ശക്തമായി പിന്തുണച്ച് പോന്ന വ്യക്തിയാണ് പ്രഫ. ജെ ദേവിക.
ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതുദിവസം പിന്നിട്ട സമീപകാലത്ത് ഇത്രയും ചര്‍ച്ചാവിഷയമായ അതിശക്തമായ തൊഴിലാളി സമരം കേരളത്തില്‍ ഉണ്ടായിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് എല്ലാവരും അംഗീകരിക്കുമ്പോഴും അതിന് ഒരു പരിഹാരം ഇതുവരെയായിട്ടില്ല. അത് പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എത്രകണ്ട് ശരിയാണ്?
ദേവിക: ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. 232 രൂപ ദിവസക്കൂലികൊണ്ട് കേരളത്തില്‍ എന്നല്ല എവിടെയും മാന്യമായൊരു ജീവിതം സാധ്യമല്ല. നമ്മള്‍ ജീവിതനിലവാരത്തെ അളക്കുന്നത് വ്യത്യസ്ത മാനദണ്ഡങ്ങളിലൂടെയാണല്ലോ. അതനുസരിച്ച് മാന്യമായ എന്നല്ല, കഞ്ഞികുടിച്ച്, കഷ്ടിച്ചൊരു ജീവിതംപോലും അസാധ്യമാണ്. വേറൊരു കാര്യം കൂടി നമ്മള്‍ ആലോചിക്കണം, ഈ സമരം നടത്തുന്നവരില്‍ വലിയൊരു ശതമാനം പേരും ഒറ്റയ്ക്ക് കുടുംബം പുലര്‍ത്തുന്നവരാണ്. ഞാനൊരു ചെറിയ സര്‍വ്വേ ചെയ്തതില്‍ 50ല്‍ 15 പേരും വിധവകളോ, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവരോ ആണ്. ബാക്കിയുള്ളവരില്‍ 22 പേരുടെ ഭര്‍ത്താക്കന്‍മാര്‍ രോഗബാധിതരോ മറ്റു പല കാരണങ്ങള്‍കൊണ്ട് കൂലികിട്ടുന്ന ജോലി ചെയ്യാന്‍ പറ്റാത്തവരുമാണ്. അങ്ങനെയുള്ള സ്ത്രീകളോട് പേശിനില്‍ക്കുന്നതുപോലും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ രണ്ടാമതായി ഏറ്റവും കാര്യക്ഷേമമായി പ്രവര്‍ത്തിക്കുന്നൊരു തൊഴില്‍ സേനയാണ് ആശാവര്‍ക്കര്‍മാര്‍. നമ്മള്‍ ഒബ്ജക്ടീവ് ആയ ഏത് അളവുകോല്‍ വച്ചുനോക്കിയാലും ആശാവര്‍ക്കര്‍മാരാണ് കാര്യക്ഷമതയുടെകാര്യത്തില്‍ ഒന്നാം സ്ഥാനത്ത് വരിക. എംഎല്‍എമാരും തിരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികളൊന്നും ആയിരിക്കില്ല. അത്തരത്തിലുള്ള തൊഴിലാളികളെ പീഡിപ്പിക്കാന്‍ ഇവര്‍ക്കെന്താണ് അവകാശം? അതേപോലെ, സംസ്ഥാനസര്‍ക്കാര്‍ ഇവരുടെ ഓണറേറിയം കൂട്ടുന്നതിനോടൊപ്പം തന്നെ കേന്ദ്രസര്‍ക്കാരും ഇവരുടെ ഇന്‍സെന്റീവ് കൂട്ടാന്‍ തയ്യാറാകണം. അടിസ്ഥാനപരമായി ഈ സ്‌കീമിനെ അഴിച്ചുപണിയേണ്ടത് കേന്ദ്രമാണ്. ഇത് വരുന്ന സമയത്തുതന്നെ കൂടുതല്‍ സ്ത്രീകളെ അനൗപചാരിക മേഖലയിലേക്ക് തള്ളിവിടുന്നു എന്ന് പറഞ്ഞ് ഞങ്ങളെപോലുള്ളവര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ പരിഹസിക്കുകയാണ് ചെയ്തത്. സിഐടിയു അന്നുമുണ്ടല്ലോ? പക്ഷേ അവര്‍ അന്നൊന്നും പറഞ്ഞിട്ടില്ല. അംഗണവാടി ജീവനക്കാരെ സംഘടിപ്പിച്ച് പരിചയമുള്ള സിഐടിയു അന്നിതിന്റെ അപകടമൊന്നും പറഞ്ഞിട്ടില്ല. മെച്ചപ്പെട്ട ഒരു ഓണറേറിയം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൊടുക്കാന്‍ ബാധ്യതയില്ല എന്ന ഭരണപക്ഷത്തിന്റെ നിലപാട് ശരിയല്ല. ഒരു ഇടതുപക്ഷസര്‍ക്കാരിന് ഒട്ടും യോജിച്ചതല്ല ഇത്. സ്‌കീം കേന്ദ്രസര്‍ക്കാരിന്റേതാണ് എന്ന വാദം തികച്ചും സാങ്കേതികം മാത്രമാണ്. ഒരു സാങ്കേതികകാരണം പറഞ്ഞ് തൊഴിലാളികളുടെ ന്യായമായ അവകാശം നിഷേധിക്കുന്ന ഈ സര്‍ക്കാരിനെ ഒരു സോഷ്യലിസ്റ്റ് സര്‍ക്കാരെന്നോ, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നോ പറയാന്‍ പറ്റില്ല. അത് വ്യക്തമായും ഒരു മുതലാളിത്തോന്‍മുഖമായ സര്‍ക്കാരാണ് എന്നേ പറയാന്‍ കഴിയൂ. ഐഎഎസ് ഉദ്യോഗസ്ഥന്‍മാരാണ് ഇത് പറയുന്നതെങ്കില്‍ വലിയ കുഴപ്പമല്ല. കാരണം അവരെ അവിടെ ഇരുത്തിയിരിക്കുന്നത് സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ്. പക്ഷെ, ഇത് പറയുന്നത് തൊഴിലാളി വര്‍ഗപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ തലമുതിര്‍ന്ന നേതാക്കളാണ്. അതാണ് പ്രശ്‌നം. രാഷ്ട്രീയമായ ന്യായങ്ങളുണ്ട്, ധാര്‍മികമായ ന്യായങ്ങളുണ്ട് ഇത് രണ്ടും അവഗണിക്കപ്പെടുകയാണ്, പുച്ഛിക്കപ്പെടുകയാണ്. അവഗണിക്കുകയാണെങ്കില്‍ പോട്ടെ എന്ന് വയ്ക്കാം. പക്ഷേ, ഇത് പച്ചയ്ക്ക് പുച്ഛിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ നല്‍വാഴ്‌വ് ഉറപ്പാക്കാന്‍ കടപ്പെടുക എന്നുള്ളത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രീയ നിലപാടാണ്. അതിന്റെ അടിത്തറയായി നില്‍ക്കുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗത്തെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവര്‍ മഴയത്തും വെയിലത്തുമാണ് റോഡിലിരിക്കുന്നത്. ഇത് ശാരീരികമായ കടുത്ത പീഡനംതന്നെയാണ്. ഇത് ഒരു സോഷ്യലിസ്റ്റ് സര്‍ക്കാരാണോ എന്ന് ചോദിക്കുമ്പോള്‍ അവര്‍ പുച്ഛത്തോടെ ചോദിക്കുന്നത് നീയ്യൊക്കെ ആരാടീ ചോദിക്കാന്‍ എന്നാണ്. രാഷ്ട്രീയമായും ധാര്‍മ്മികമായും ചരിത്രത്തില്‍ ഇല്ലാത്ത വിധത്തിലുള്ള നിലപാടാണ് കേരളസര്‍ക്കാര്‍ എടുത്തത്. സ്റ്റാലിന്റെ കാര്യമൊന്നും ഇവിടെ പറയേണ്ട കാര്യമില്ല. ധാര്‍മികകാര്യങ്ങളെയെല്ലാം ഇവര്‍ പാടെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. നമ്മുടെ സുഹൃത്തുക്കളടക്കം അങ്ങനെയാണ് നമ്മോട് പെരുമാറുന്നത്. ധാര്‍മ്മികതയൊക്കെ പുച്ഛിക്കാനുള്ള ഒരു കാര്യമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ആശാവര്‍ക്കേഴ്‌സിന്റെ ആത്മാര്‍ത്ഥമായ സേവനം ആര്‍ക്കാണ് പ്രയോജനപ്പെടുന്നത്? നമ്മുടെ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, താഴേക്കിടയിലുള്ള ദരിദ്രരും മറ്റു വിഭാഗങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കിടപ്പുരോഗികള്‍ക്ക്, ഗര്‍ഭിണികള്‍ക്ക്്, മാനസിക പ്രശ്‌നമുള്ളവര്‍ക്ക്, വൃദ്ധജനങ്ങള്‍ക്ക്; അതായത് സമൂഹത്തിലെ ഏറ്റവും അശക്തരായ ജനവിഭാഗങ്ങളെയാണ് ഇവര്‍ പരിപാലിക്കുന്നത്. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവര്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അതിനോട്് പുച്ഛിച്ച് നില്‍ക്കുന്ന സമീപനം വളരെയധികം പ്രതിഷേധാര്‍ഹമാണ്. ആഗോള പ്രതിസന്ധി, മഹാമാരി, പകര്‍ച്ചവ്യാധി എന്നിവയൊക്കെ എപ്പോള്‍ വേണമെങ്കിലും വരാം. അപ്പോള്‍ നമ്മളൊക്കെ കൂടുതല്‍ ആശ്രയിക്കുന്നത് ആശാവര്‍ക്കേഴ്‌സിനെത്തന്നെയായിരിക്കും. ധാര്‍മികമായൊരു ഉത്തരവാദിത്തം മലയാളിക്ക് ഇവരുടെ കാര്യത്തിലുണ്ട് എന്ന് സമ്മതിക്കാന്‍ സര്‍ക്കാരോ മിഡില്‍ക്ലാസ് സിവില്‍സമൂഹത്തിന്റെ ഭൂരിപക്ഷമോ മിണ്ടുന്നില്ല എന്നതാണ്.

സാങ്കേതികമായി പറഞ്ഞാല്‍ കേന്ദ്രഗവണ്‍മെന്റാണ് ഇത് ചെയ്യേണ്ടത് എന്നു പറയുന്നു. എന്നാല്‍, ഈ സാങ്കേതിക മാറ്റിനിര്‍ത്തിയാല്‍ കേരളഗവണ്‍മെന്റിന് എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും?
തീര്‍ച്ചയായും പരിഹരിക്കാന്‍ കഴിയും. ഓണറേറിയം കൂട്ടിക്കൊടുക്കാന്‍ കഴിയില്ലെന്നു പറയുന്നത് കള്ളം മാത്രമാണ്. കേരളത്തില്‍ തന്നെ 1000ല്‍ നിന്നും 7000 ആക്കി കൊടുത്തിട്ടുണ്ടല്ലോ. സാമ്പത്തികപ്രതിസന്ധിയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഉള്ള വിഭവങ്ങള്‍ എങ്ങനെ പങ്കുവയ്ക്കുന്നു എന്നുള്ളതാണ് പ്രധാനം. ഗവണ്‍മെന്റ്് ജീവനക്കാര്‍ക്കും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍മാര്‍ക്കും പെന്‍ഷന്‍ കിട്ടുന്നവര്‍ക്കും ഡി എ 12 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തി. ഇത് എന്തിനാണ്? ഇവിടെ പെന്‍ഷന്‍ കിട്ടുന്നവരുടെ മക്കള്‍ വിദേശത്തായിരിക്കും. അവര്‍ക്ക് നല്ല സപ്പോര്‍ട്ട് ഉണ്ടായിരിക്കും. നല്ല തടിച്ചുകൊഴുത്ത പെന്‍ഷന്‍ കിട്ടുന്നവരായിരിക്കും സര്‍വ്വീസ് മേഖലയിലെ മിക്ക പെന്‍ഷന്‍കാരും. അവര്‍ക്കൊക്കെ കൂട്ടിക്കൊടുത്തിരിക്കുന്നു.
എന്തിനാണ് ഇത്ര പണം ചിലവിട്ടൊരു നവകേരളയാത്ര നടത്തിയത്? അത് തീര്‍ത്തും അനാവശ്യമാണ്. ഈ സാമ്പത്തിക പ്രതിസന്ധിസമയത്ത് ഇല്ലാത്ത പണമുണ്ടാക്കി നവകേരളയാത്ര നടത്താമെങ്കില്‍ ആശാവര്‍ക്കേഴ്‌സിന് കൊടുക്കാനുള്ള പണം കണ്ടെത്താന്‍ എന്താണ് പ്രയാസം? 100 കോടി കണ്ടെത്തിയാല്‍ ആശമാരുടെ ഈ വര്‍ഷത്തെ എല്ലാ കാര്യവും കഴിയും. ഞാന്‍ എടുത്ത ഒരു സര്‍വേയില്‍ 50 പേരില്‍ രണ്ടു പേര്‍ മാത്രമാണ് 60 വയസ്സില്‍ മുകളിലുള്ളവര്‍. അവര്‍ക്ക് 5 ലക്ഷം വീതം കൊടുക്കുകയാണെങ്കില്‍, മൊത്തത്തില്‍ 26,000 പേരുടെ കണക്കെടുത്താലും പിരിഞ്ഞു പോവുന്നവര്‍ക്ക് കൊടുക്കാന്‍ അത്ര വലിയൊരു പൈസയൊന്നും വേണ്ടിവരില്ല. സര്‍ക്കാര്‍ കാറുകള്‍ മേടിക്കുന്നതിനായി പണം കണ്ടെത്തുന്നു. ഇടയ്ക്കിടയ്ക്ക് അമേരിക്കയിലേക്ക് യാത്ര നടത്തുന്നു. ഇതൊക്കെ ചുരുക്കി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തണം. പിരിഞ്ഞുപോവുന്ന കുറച്ച് പേര്‍ക്ക് 5 ലക്ഷം രൂപ കൊടുക്കുകയും ബാക്കിയുള്ളവര്‍ക്ക് വരുന്ന ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്യാമല്ലോ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3 ശതമാനം ഡി എ കൂട്ടിക്കൊടുക്കാന്‍ എത്രവലിയ തുക വേണ്ടിവരും?
2007-2008 സമയത്താണ് ഇവരുടെ നിയമനം നടക്കുന്നത്. ഞാന്‍ ഫീല്‍ഡിലുള്ളകാലമായതുകൊണ്ട് നേരിട്ട് അറിയാവുന്നകാര്യമാണ്. 30നും 40നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളാണ് കൂടുതലും ആശമാരായിവന്നത്. ഇപ്പോള്‍ അവര്‍ക്ക് 60 വയസ്സിനടുത്ത് ആയിട്ടുണ്ടാവും. ഇപ്പോള്‍ 62 വയസ്സില്‍ പിരിഞ്ഞുപോകണം എന്ന ഓര്‍ഡര്‍ ഇറക്കിയത് കേരള ഗവണ്‍മെന്റാണ്. കേന്ദ്രമല്ല. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞുപോകുന്നവരായിരിക്കും ഇവരെല്ലാം. പത്തുപതിനെട്ട് വര്‍ഷത്തോളം ഇതിനകത്ത് കിടന്ന് കഷ്ടപ്പെട്ട് ഒന്നും കിട്ടാതെ, വെറും കൈയോടെ പോകേണ്ട ഗതികേടിലാണ് അവര്‍. അതിന്റെയൊരു പ്രാധാന്യം കണ്ട് അത് ഉടനടി പരിഹരിക്കേണ്ടതല്ലേ? വലിയ കാശും കൊടുത്ത് തീറ്റിപ്പോറ്റുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍മാരില്ലേ ഇവിടെ? അവരെക്കൊണ്ടാവില്ലെങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ചീഫ് സെക്രട്ടറിമാരായിരുന്ന, പഞ്ചായത്തീരാജ് കാര്യങ്ങളിലൊക്കെ ചേര്‍ന്ന് നിന്നിരുന്ന വിജയാനന്ദിനെ പോലുള്ളവരില്ലേ? അവര്‍ ഒരു ഫോര്‍മുലയുണ്ടാക്കും. അല്ലെങ്കില്‍ ഇവരുടെ വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു സമിതിയെ വയ്ക്കും. ആ സമിതി അന്വേഷിച്ച് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റിപോര്‍ട്ട് തരും. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാം. അങ്ങനെയൊക്കെ അല്ലേ കാര്യങ്ങള്‍ നടത്തേണ്ടത്. അതല്ലേ ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്?
എന്റെ അടുത്ത ചോദ്യം നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോര്‍സ് സെന്ററിന്റെ വിവരപ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആശാവര്‍ക്കേഴ്‌സിന്റെ കണക്കാണ്. എല്ലാ സംസ്ഥാനങ്ങളുടെ കണക്കും ഞാന്‍ പറയുന്നില്ല. എന്റെ കണക്കുപ്രകാരം കേരളത്തില്‍ ആശാവര്‍ക്കേഴ്‌സിന്റെ എണ്ണം 26,448 ആണ്. ഗുജറാത്തില്‍ അത് 43,928 ആണ്. കര്‍ണ്ണാടകത്തില്‍ അത് 41,013 പേരാണ്. ബംഗാളില്‍ 65,743 പേരാണ.് ഉത്തര്‍പ്രദേശില്‍ അത് 1,67,492 പേരാണ്. പക്ഷേ വേതനകാര്യത്തില്‍ ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാവുന്ന ഒന്നാണോ കേരളത്തിലെ ആശാവര്‍ക്കേഴ്‌സിന്റെ ജോലിഭാരം? രണ്ട്, വേതനകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി നടത്തുന്ന താരതമ്യം വിവിധ സംസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹ്യനിലയും വച്ചുനോക്കുമ്പോള്‍ അങ്ങനെ ഒരു വാദം നിലനില്‍ക്കുന്നതാണോ?
അങ്ങനെയാണെങ്കില്‍ കൊള്ളാമല്ലോ. 500 പേരെ ആകെ സമരത്തിനുള്ളൂ. നമുക്ക് തിരിഞ്ഞുനോക്കേണ്ട കാര്യമില്ല. അപ്പോള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സിപിഎംന്റെ അവസ്ഥ എന്താണ്? സിപിഎം സമരം ചെയ്യുമ്പോള്‍ ഈ നയം പറഞ്ഞാല്‍ എന്തുചെയ്യും? അപ്പോള്‍ സ്വന്തം അവസ്ഥ മനസ്സിലാക്കിയിട്ടു വേണം പറയാന്‍. രണ്ടാമത്തെ കാര്യം ഞാന്‍ 2007 മുതല്‍ ആശാവര്‍ക്കേഴ്‌സിന്റെ കാര്യം നിരീക്ഷിക്കുന്ന ഒരാളാണ്. തുടക്കത്തില്‍ കേരളത്തില്‍ 30,000ത്തിലധികം ആശാവര്‍ക്കേഴ്‌സ് ഉണ്ടായിരുന്നതാണ്. വളരെ മോശം തൊഴില്‍ സാഹചര്യത്തിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. 2015-2016 വരെ ജോലിഭാരം പരിമിതമായിരുന്നു. തൊഴിലുറപ്പ് ജോലിക്കൊക്കെ പോകാന്‍ പറ്റിയ സാഹചര്യമായിരുന്നു. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഗര്‍ഭിണികളുള്ള വീടുകളിലൊക്കെ പോയി, അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുക എന്നുള്ളതൊക്കെയായിരുന്നു. ഡാറ്റ കലക്ഷന്‍, ഡാറ്റ എന്‍ട്രി, കെയര്‍ സര്‍വലെയ്ന്‍സ് തുടങ്ങി കേരളം നമ്പര്‍ 1 ആവാന്‍ വേണ്ടിയുള്ള എല്ലാ പണികളും ഇവര്‍ക്കായി. പുതുതായി തുടങ്ങുന്ന സ്‌കീമുകളുടെയും പ്രോഗ്രാമുകളുടെയും ഭാരം ഇവരുടെ തലയിലായി. കേരളം നമ്പര്‍ വണ്‍ ആണ് എന്നു പറഞ്ഞ് അഹങ്കരിക്കുകയും എന്നാല്‍ ഇതിന്റെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കേഴ്‌സിന്റെ ആവശ്യങ്ങളെ പുച്ഛിക്കുകയും ചെയ്യുന്ന ഒരു നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. 30,000ത്തിലധികം ജോലിക്കാരുണ്ടായിരുന്നു എന്നു പറഞ്ഞില്ലേ, അതില്‍ പലരും ഒഴിഞ്ഞുപോയിട്ടുണ്ട്. തൊഴില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ പറ്റാതെ സഹികെട്ടാണ് ഒഴിഞ്ഞു പോയത്. അവര്‍ക്ക് വേറെ ജോലി കിട്ടിയിട്ടുമുണ്ട്. 30,000 ആശാവര്‍ക്കേഴ്‌സില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ക്ക് പകരം പുതിയ ജോലിക്കാരെ വയ്ക്കുന്നതിന് പകരം അവരുടെ ജോലി കൂടി നിലവിലുള്ള വര്‍ക്കേഴ്‌സിന്റെ ചുമലില്‍ വന്നു എന്നതാണ് അവസ്ഥ. അധികം ജോലി എടുപ്പിക്കുകയും പൈസ കൊടുക്കാതിരിക്കുകയും ചെയ്യുക എന്ന സമീപനമാണ് ഇവര്‍ കൈക്കൊണ്ടത്. 7000 രൂപ ഓണറേറിയം കൊടുക്കുന്നുണ്ട് എന്ന കാര്യം വലിയ സംഭവമായി പറയും. 2015-ല്‍ 1000 രൂപ ഓണറേറിയം കൂട്ടിക്കൊടുത്തപ്പോള്‍ അവര്‍ക്ക് പരിമിതമായ വര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. 1000 രൂപ 7000 ആക്കിയപ്പോള്‍ വര്‍ക്ക് പല മടങ്ങായി കൂടി. ദിവസം 12 മണിക്കൂര്‍ ജോലി വരും. വീട്ടില്‍ വന്നാല്‍ ഡാറ്റ മുഴുവന്‍ എഴുതണം. ആര് എപ്പോള്‍ ഫോണ്‍ വിളിച്ചാലും എടുക്കണം. പോലിസുകാരും ഇവരേക്കൊണ്ട് പണി ചെയ്യിക്കുന്നുണ്ട്. കോസ്റ്റല്‍ ഏരിയകളില്‍ കടലില്‍ എത്ര ബോട്ട് പോയിട്ടുണ്ട് എന്നതിന്റെ വരെ കണക്കെടുക്കണം. ഇങ്ങനെ പല പണികളും ചെയ്യണം. ലഹരി മാഫിയയുമായി ബന്ധപ്പെട്ട് വീടുകളില്‍ എത്ര പേര്‍ പുക വലിക്കുന്നുണ്ട് തുടങ്ങി പല പണികളും വരും. പിന്നെ ഇവര്‍ക്ക് നിലനില്‍പ്പിന്റെ ഭാഗമായി ഇവരുടെ പരിധിയില്‍ പെടാത്ത ജോലിയും ചെയ്യേണ്ടിവരുന്നുണ്ട്. ആശാവര്‍ക്കര്‍മാരിലൊരാള്‍ പറഞ്ഞു: ‘ഞങ്ങളെയെല്ലാം പിരിച്ചുവിടട്ടെ. ഞങ്ങള്‍ക്ക് വേറെ ഏതെങ്കിലും പണിചെയ്ത് ജീവീക്കാമല്ലോ. പക്ഷെ ഒരു കാര്യം ചെയ്യണം. സിപിഎംന്റെ മന്ത്രിമാരും ലോക്കല്‍ നേതാക്കളുടെ വീട്ടില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ഉണ്ടല്ലോ. അവര്‍ ഈ പണി ചെയ്യട്ടെ. സാമൂഹ്യസേവനമാകുകയും ചെയ്യും. കേരളമോഡലിനെ രക്ഷിക്കലുമാവും. അവരെന്താണ് ഈ പണിക്ക് വരാത്തത്? അത് ശരിയായ ചോദ്യമാണ്.
സമരം ഇന്നത്തേക്ക് 54 ദിവസം പിന്നിട്ടു. ഇത്രയേറെ വാര്‍ത്താപ്രാധാന്യം ഉണ്ടായിട്ടും ബഹുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടും അനുകൂലനിലപാട് ഉണ്ടായിട്ടും സര്‍ക്കാരിന് സമരക്കാരുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയാത്തതെന്തുകൊണ്ട്? പിന്നെ വേറൊരു പ്രശ്‌നം എന്തുകൊണ്ടാണ് ഇത്രയേറെ സമരങ്ങള്‍ നടത്തി പാരമ്പര്യമുള്ള സിപിഎം, സിപിഐ മുന്നണി ഈ സമരത്തെ ഇത്രയേറെ നീട്ടിക്കൊണ്ടുപോകാനുള്ള അവസരമുണ്ടാക്കുന്നത്? എനിക്ക് അത്ഭുതം തോന്നുന്നു.
അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു? നമ്മുടെ കണ്ണിനെയും മനസ്സാക്ഷിയെയും മൊത്തത്തില്‍ ‘കേരള വികസനമാതൃക’ എന്ന ഒരു പുക മൂടിയിട്ടുണ്ട്. 1957-ലെ ചന്ദനത്തോപ്പ് വെടിവയ്പ് ഓര്‍മയില്ലേ? ആരാണ് ആ സമരം തുടങ്ങിയത്? ആര്‍എസ്പിയാണ്. ആര്‍എസ്പി സമരം സംഘടിപ്പിച്ചാല്‍ പോലും ഞങ്ങള്‍ വെടിവയ്ക്കും. അതൊരിക്കലും മറക്കരുത്. അതവിടെ ചരിത്രമായി കിടക്കുന്നുണ്ട്. പിന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയാഞ്ഞിട്ടല്ല. സര്‍ക്കാരിന് മനസ്സില്ലെന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായിപറയുന്നവര്‍ അവരുടെ ആള്‍ക്കാരും അവരുടെ വാലാട്ടികളും പിന്നെ അവരുടെ ചോറൂണികളും- അങ്ങനെയൊരു വാക്കൊന്നുമില്ലെങ്കിലും- മാത്രമായിരിക്കും അവര്‍ക്കൊപ്പം. ഈ വിഷയത്തില്‍ അല്ലാതൊരു മനുഷ്യരും ഇവര്‍ക്കൊപ്പം നില്‍ക്കുന്നില്ല. സിവില്‍ സമൂഹത്തിന്റെയോ ദരിദ്രവിഭാഗങ്ങളുടെയോ, അല്ലെങ്കില്‍, തങ്ങളുടെ രാഷ്ട്രീയ മുഖംമിനുക്കലിന് പറ്റിയ തൊഴിലാളികളാണല്ലോ ഇവര്‍- ഇവരുടെയൊന്നും സമ്മതമോ പിന്താങ്ങോ ഒന്നും തങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ഭരണപക്ഷമാണ് ഇവിടെയുള്ളത്. തിയററ്റിക്‌സ് ടേമില്‍ പറഞ്ഞാല്‍ ‘ഡോമിനന്‍സ് വിത്തൗട്ട് ഹെജിമണി’ എന്നുപറയാം. അപ്പോള്‍ ഇവര്‍ ആരുടെ പിന്‍ബലത്തിലാണ് നിലകൊള്ളുന്നത്? അംബാനിയുടെയോ അദാനിയുടേയോ? ഇവര്‍ കൊണ്ടുവരാനിരിക്കുന്ന പ്രൈവറ്റ് ഇന്‍വെസ്റ്റേഴ്‌സിനേയും നമുക്കറിയാം. സിപിഎംകാരായിട്ടുള്ള ചിലര്‍ വിദേശത്തൊക്കെ പോയി കുറച്ച് പണമുണ്ടാക്കി ഇവിടെ കൊണ്ടുവന്ന് ഇരട്ടിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്ന് നോക്കുന്നവരാണ്. ലുലുമാളിനെയൊക്കെ പോലെയുള്ളവര്‍ ഒട്ടുംതന്നെ ജനാധിപത്യപരമല്ലാത്ത ഇടങ്ങളില്‍ പോയി അവിടെ ബിസിനസ് നടത്തി വളര്‍ന്നവരാണ്. ഒട്ടുംതന്നെ ജനാധിപത്യമില്ലാത്ത ആ വ്യവസ്ഥയില്‍ ഒരു കാല്‍ വച്ച്, മറ്റേ കാല്‍ കേരളത്തില്‍വച്ച്, ഇവിടത്തെ ജനാധിപത്യത്തെ എത്രത്തോളം അട്ടിമറിക്കാന്‍ കഴിയും എന്ന് ചിന്തിക്കുന്നവരാണ്. ഇത്തരംപേരെയാണ് അവര്‍ കൂട്ടുപിടിക്കാന്‍ പോവുന്നത്. അങ്ങനെയൊരു പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ എങ്ങനെ വോട്ടു ചെയ്യും?
എസ്‌യുസിഐക്ക് ക്രഡിറ്റ് കിട്ടുമോ എന്ന ഭയത്തിലാണ് സിപിഐ പോലുമുള്ളത്. എസ്‌യുസിഐ ആണ് ഇനി ഇവരെ തിരഞ്ഞെടുപ്പില്‍ നിന്ന് തോല്‍പ്പിക്കാന്‍ പോവുന്നത് എന്നാണ് അവര്‍ കരുതുന്നത്. നമ്മള്‍ എത്രകാലമായി കാണുന്നതാണ്. ആരും തിരിഞ്ഞു നോക്കാനില്ലെങ്കിലും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് എസ്‌യുസിഐ. അവര്‍ക്ക് പൈസ ആവശ്യമില്ല, സ്ഥാനം കൊടുത്തു മോഹിപ്പിക്കാന്‍ പറ്റില്ല, ഇലക്ഷന് ഫണ്ട് കൊടുത്തു മോഹിപ്പിക്കാനും പറ്റില്ല. അപ്പോള്‍ അങ്ങനെയൊരു സംഘടന ക്രഡിറ്റ് കൊണ്ടു പോകുമോ എന്ന് പേടിക്കുന്ന സിപിഐകാരെ പറ്റി നാണം തോന്നുന്നു. സിപിഎമ്മുകാര്‍, സര്‍ക്കാര്‍ ജീവനക്കാരെ പാട്ടിലാക്കി നിര്‍ത്താന്‍ പൈസ ചെലവാക്കും, പിഎസ്‌സി മെംബര്‍മാര്‍ക്ക് പൈസ വാരിക്കോരി കൊടുക്കും, നവകേരളയാത്ര നടത്തും. ഇല്ലാത്ത സാംസ്‌കാരിക വൃത്തികേടുകള്‍ നടത്തും. പാരമ്പര്യത്തിന്റെ പേരില്‍
പ്രബുദ്ധകേരളത്തിന്റെ ശവത്തിന് മുകളില്‍ മൂടുപടമണിയിച്ച് കാവലിരിക്കുന്നവരാണ് സിപിഎമ്മുകാര്‍. എസ്എഫ്‌ഐകാരും അവരുടെ ഭാര്യമാരും പാര്‍ട്ടി വാലാട്ടികളും പി ആര്‍ കോണ്‍ട്രാക്ടേര്‍സ് വഴി എത്രത്തോളം പൈസയുണ്ടാക്കുന്നുണ്ട്. ഈ പൈസ പോരെ ഇവര്‍ക്ക് കൊടുക്കാന്‍. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഈ പൈസ കൊടുത്തിരുന്നുവെങ്കില്‍, സര്‍ക്കാരിന് അതിലും വലിയ പബ്ലിസിറ്റി എന്താണു കിട്ടാനുള്ളത്. ഇപ്പോള്‍ പോലും.. ഞാനവരെ എന്നും കാണുന്നതാണ്. ഈ തൊഴിലാളികളുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തുക. അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിച്ച് കള്‍ക്കുക, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെപറ്റി വിശദമായി വിവരിച്ചുകൊടുക്കുക. അവരുടെ എല്ലാ ആവശ്യങ്ങള്‍ ഇല്ലെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കുക. ഞാന്‍ കരുതുന്നത് റിട്ടയര്‍മെന്റ് ബെനിഫിറ്റ് അനുവദിച്ച് കൊടുക്കുക എന്നതാണ്. അതായിരിക്കും അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളത്. ഈ തൊഴിലാളികളെല്ലാം റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ അവര്‍ എന്തു ചെയ്യും? ഇത്രകാലം പണിയെടുത്ത് പത്ത് പൈസയില്ലാതെ ഇറങ്ങിപോകേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. എത്ര ഭയാനകമായ അവസ്ഥയാണ്? അവര്‍ അഭയമാണ് ചോദിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് അഭയം കൊടുത്താല്‍ പോലും അവര്‍ സര്‍ക്കാരിനെ സ്തുതിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇവര്‍ക്ക് കൊടുക്കാനുള്ള 100 കോടി എങ്ങനെയെങ്കിലും സംഭരിച്ചു കൊടുക്കാന്‍ എന്താണ് ശ്രമിക്കാത്തത്. സര്‍ക്കാരിന്റെ വിചാരം ഈ സമരത്തിലൊന്നും കാര്യമില്ല. സമരമൊക്കെ അവസാനിപ്പിച്ച് ഇവര്‍ പൊയ്‌ക്കൊള്ളും. സോഷ്യല്‍മീഡിയയിലൊക്കെ സിപിഎം അനുകൂലികള്‍ എഴുതുന്നത് കാണണം. രണ്ടെണ്ണം ചാകട്ടെ അപ്പോള്‍ ബാക്കിയുള്ളവര്‍ വാലും മടക്കി പൊയ്‌ക്കോളും എന്നാണ്. സര്‍ക്കാരിന്റെ വിചാരം ആശാവര്‍ക്കര്‍മാരുടെ സമരം എന്തായാലും ചരിത്രസമരമൊന്നുമാകില്ല. സമരത്തെയൊക്കെ അടിച്ചമര്‍ത്താം. ഒരു മാസത്തിനുള്ളില്‍ അവര്‍ പൊയ്‌ക്കൊള്ളും. കുറച്ചു കഴിഞ്ഞാല്‍ ജനങ്ങള്‍ അതൊക്കെ മറക്കും എന്നാണ്. ശാരദാ മുരളീധരന്റെ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ അതിനോടെടുത്ത നിലപാട് നാം കണ്ടതാണല്ലോ.
എന്തുകൊണ്ടാണ് സിപിഎം ഈ ന്യായമായ സമരത്തെ അഭിസംബോധന ചെയ്യാന്‍ പറ്റാത്തത്? ചില നേതാക്കള്‍ സമരസഖാക്കളെ വളരെയധികം പരിഹസിക്കുന്നതിനുള്ള അന്തരീക്ഷം കേരളത്തിലുണ്ടാവുന്നത്? കേരളത്തിലെ ഇടതുപക്ഷവും തൊഴിലാളികളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞുപോയോ? പാര്‍ട്ടിയുടെ തീരുമാനപ്രക്രിയയെടുക്കുന്ന സ്ഥാനങ്ങളില്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഇല്ലാതെ പോവുന്നതാണോ?
പൊക്കിള്‍ക്കൊടി ബന്ധത്തെക്കുറിച്ച് എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്. സി അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അത്യുഗ്രന്‍ തൊഴിലാളി സമരങ്ങളുണ്ടായിട്ടുണ്ട്. തിരിഞ്ഞുപോലും നോക്കാതെ അത്തരം സമരങ്ങളെയൊക്കെ ഒതുക്കിയിട്ടുമുണ്ട്. വളരെ സുസംഘടിതരായ, സുശക്തരായ സംഘടനകളായിരുന്നു, ആ സമരങ്ങള്‍ നയിച്ചിരുന്നത്. കേരളത്തില്‍ പലനിലയ്ക്കും സ്വാധീനമുള്ളവര്‍. തുല്യ പോരാളികളെ പോലെയാണ്, ഭരണകൂടവും തൊഴിലാളി സംഘടനകളും. മുഴുവന്‍ തുല്യരായിരുന്നു എന്ന് ഞാനൊരിക്കലും പറയില്ല. എന്നാലും സര്‍ക്കാരുമായി നേര്‍ക്കുനേര്‍ പോരാടാന്‍ ശേഷിയുള്ള സംഘടനകളായിരുന്നു. എന്നാല്‍ ഇവരങ്ങനെയല്ലല്ലോ. അത് ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ. സര്‍ക്കാരിനോട് അഭയം ചോദിച്ച് ചെല്ലുന്നവരെയാണ് കാലിനടിയിലിട്ട് ഇത്തരത്തില്‍ ചവിട്ടിക്കൊണ്ടിരിക്കുന്നത്. പൊക്കിള്‍ക്കൊടിയെക്കുറിച്ച് എനിക്ക് സംശയമുണ്ട്. നവലിബറലിസം ഇവിടെ ആരംഭിച്ച്, ആ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞപ്പോള്‍, നമ്പര്‍ വണ്‍ കേരളത്തിന് തൊഴിലാളികള്‍ വലിയ ബാധ്യതയായി മാറിയിട്ടുണ്ട്. അത് വ്യവഹാരത്തിനായാലും ശരി, ഇപ്പോള്‍ നമ്മള്‍ ചേരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് സ്വര്‍ഗലോകത്തേക്കായാലും ശരി, ഇവരൊരു ബാധ്യതയാണ്. നമുക്ക് പുറത്തുനിന്ന് കുറച്ച് അതിഥി തൊഴിലാളികളെ കൊണ്ടുവന്ന് അഡ്ജസ്റ്റ് ചെയ്യാമെന്നാണ് വിചാരം.
അപ്പോള്‍ ഈ ഭാവി സ്വപ്‌നത്തില്‍ തൊഴിലാളികള്‍ അപ്രസക്തരാണ്, അല്ലെങ്കില്‍ കെ ഡിസ്‌ക് പോലുള്ള സ്ഥാപനങ്ങളിലൂടെ, അപൂര്‍ണവും ചിലപ്പോള്‍ വ്യാജവുമായ ഒരു സ്വയംസഹായ സംസ്‌കാരം, അതായത് നിങ്ങള്‍ക്ക് ജോലിയില്ലേ? എങ്കില്‍ കെ ഡിസ്‌കില്‍പോയി രജിസ്റ്റര്‍ ചെയ്യൂ. കുറെ ഓപ്ഷന്‍സ് നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിന്ന് താല്‍പര്യമുള്ളതൊന്ന് നിങ്ങള്‍ തിരഞ്ഞെടുത്ത് സ്വയംതൊഴിലുള്ള ആളായി മാറൂ. ഇതൊക്കെ വളരെ വ്യാജമായ കാര്യമാണ്. സിപിഎമ്മിന് ഇപ്പോള്‍ ഇതൊക്കെയാണ് പഥ്യം. കെ ഡിസ്‌കില്‍ നിന്നൊക്കെ ലഭിക്കുന്ന പണത്തിന്റെ അളവെത്രയൊണെന്നൊന്ന് നോക്കണം. എന്നാല്‍ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനെ, സാമൂഹ്യ പരിചരണ തൊഴിലാളികളെ ഇനി ഒഴിവാക്കിയാല്‍ ഈ സമൂഹംതന്നെ ഇല്ലാതാവാവുമെന്നതാണ് അവസ്ഥ. പ്രത്യേകിച്ചും ഈ കാലാവസ്ഥാ വ്യതിയാനകാലത്ത്. മഹാമാരി സാധ്യതകള്‍ ഒട്ടുംതന്നെ ഒഴിഞ്ഞുപോവാത്ത കാലത്ത് സിപിഎമ്മിന് എന്നല്ല, ഒരു സര്‍ക്കാരിനും ഇവരെ ഇനി ഒഴിവാക്കാനാവില്ല. ഇവര്‍ മാത്രമല്ല, വേസ്റ്റ് എടുക്കുന്ന ഹരിതകര്‍മസേനാ തൊഴിലാളികള്‍ തുടങ്ങിയവരെ നമുക്ക് ചില്ലറക്കാശും കൊടുത്ത് ഇനി നിര്‍ത്താന്‍ കഴിയില്ല, അത് പാടില്ല താനും. കേരളവികസന മാതൃക എന്നു പറയുന്ന ആ ചരിത്രപരമായ വ്യവഹാരത്തെ കേരള നമ്പര്‍ വണ്‍ എന്ന് കഷ്ടപ്പെട്ട് വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്ന നിരവധിപേരുണ്ട്. അവരുടെയൊന്നും കണ്ണിലിത് പെടുന്നില്ല.
2018ലെ വെള്ളപ്പൊക്ക സമയം മുതല്‍ ഞാനിത് പറയുന്നുണ്ട്, കേരളത്തിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനെ ഇനി അവഗണിക്കാന്‍ പറ്റില്ലെന്ന്. മറ്റ് ഏത് തൊഴിലാളികളെ പിരിച്ചുവിട്ടാലും അതിഥി തൊഴിലാളികളെയോ എഐയോ ഒക്കെ വച്ച് ഒപ്പിക്കാമായിരിക്കും. പക്ഷേ, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനെ റിപ്ലേസ് ചെയ്യാന്‍ ഇനിയൊരിക്കലും കഴിയില്ല. വിശ്വസിച്ചൊരാളെ വീട്ടില്‍ കയറ്റുക എന്ന കാര്യവുമുണ്ട്. ഭീകരമായ ചൂഷണത്തിനും അധികാരമര്‍ദ്ദനത്തിനും വിധേയരായ അനൗപചാരിക തൊഴിലാളിസ്ത്രീകളെ ഇതുപോലെ ഇങ്ങനെ നിലനിര്‍ത്താമെന്നാണ് അവര്‍ മോഹിക്കുന്നത്. ഭാവിയിലേക്ക് നോക്കുമ്പോള്‍ യാതൊരു പ്രത്യാശയും കാണാന്‍ പറ്റാത്തൊരു അവസ്ഥയുണ്ട്. കാരണം സ്ത്രീതൊഴിലാളി പ്രസ്ഥാനങ്ങള്‍ എന്ന് പറഞ്ഞ് വന്ന ഒന്ന് രണ്ട് സംഘടനകളുണ്ട്. അവര്‍ പുലര്‍ത്തുന്ന നിശ്ശബ്ദത ഭീകരമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത് ആലോചിച്ച് ഒരു നല്ല തീരുമാനമെടുത്തു. സ്ത്രീതൊഴിലാളി സംഘടന എന്നൊക്കെ പറഞ്ഞു വന്നവരെവിടെയാണ്? അവകാശം നേടിയെടുക്കുക എന്നതില്‍ നിന്ന് സര്‍ക്കാരിനോട് എന്തെങ്കിലുമൊക്കെ നല്ലവാക്ക് പറഞ്ഞ് കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക എന്നതിലേക്ക് നമ്മുടെ തൊഴിലാളി സംഘടനാ സംസ്‌കാരം അധഃപതിച്ചുപോയിട്ടുണ്ട്. സിഐടിയുവിനെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മുകളില്‍ പറഞ്ഞ പുതുതൊഴിലാളി പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് കുറ്റകരമായ നിശ്ശബ്ദതയാണ്. ഇതൊന്നും ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല, കാരണം ഇവയുടെയൊക്കെ കൂടെ കുറെകാലം നിന്നിട്ടുള്ള ആളാണ് ഞാന്‍.
വലിയ നഴ്‌സിങ് സെക്ടര്‍ ട്രഡീഷനുള്ള ഇടമാണ് കേരളം. കേരളത്തില്‍ നിന്ന് പുറത്തുപോയി ജോലിചെയ്ത് ഇവിടേക്ക് ധാരാളം പണം വരുന്നുമുണ്ട്. ഈ ആശാവര്‍ക്കേഴ്‌സിനെ ലോ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ആയി കാണുന്ന സമൂഹമാണോ കേരളം?
നഴ്‌സ്മാര്‍ക്ക് കേരളത്തിലൊരിക്കലും മാന്യമായൊരു പദവി ലഭിച്ചിട്ടില്ല. അതിനൊരു ചരിത്രമുണ്ട്. സമയക്കുറവുമൂലം അതിലേക്ക് കടക്കുന്നില്ല. 1940കളില്‍ത്തന്നെ, തിരുവിതാംകൂറും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒന്നാമതെന്ന് മേനിപറഞ്ഞിരുന്നു. സംസ്ഥാനരൂപീകരണത്തിന് ശേഷം കേരളവും. എന്നാല്‍ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സിങ് മേഖലയിലെ തൊഴിലാളികളുടെ മാന്യതയെ വര്‍ധിപ്പിക്കുന്നതിനോ ന്യായമായ വേതനം കൊടുക്കുന്നതിനോ ഉള്ള യാതൊരു ശ്രമവും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിന് ചില സാമൂഹിക കാരണങ്ങളുമുണ്ട്. ചരിത്രപരമായ കാര്യങ്ങള്‍ വേറെയുമുണ്ട്. പക്ഷേ, അവര്‍ രക്ഷപ്പെട്ടത് വിദേശങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്തതോടെയാണ്. രണ്ട് മൂന്ന് തലമുറയോളം സാമൂഹികമായ സ്റ്റിഗ്മ അവര്‍ അനുഭവിച്ചിട്ടുണ്ട്. ഒരു നഴ്‌സിന്റെ അത്രയും സ്‌കില്‍ ആവശ്യമുള്ള വര്‍ക്ക് എന്താണുള്ളത്? ആശാവര്‍ക്കേഴ്‌സിനേയും കെയര്‍ വര്‍ക്കേഴ്‌സ് എന്നാണ് പറയുക. അവര്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്‌കില്‍ എന്നു പറയുന്നത് അത്രയധികമാണ്. ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ എന്നത് മൊത്തത്തില്‍ നടത്തുന്നത് അവരാണ്. ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആയാലും ഡിസീസ് സര്‍വേലെന്‍സിന്റെ സ്‌കില്‍ ആയാലും സോഷ്യല്‍ കെയര്‍ മാനേജ്‌മെന്റിന്റെ സ്‌കില്‍ ആയാലും.. ഇതൊക്കെ ഉണ്ടെങ്കിലല്ലേ ആശാവര്‍ക്കറായി പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ. ഇതിന് പുറമെ സര്‍ക്കാര്‍ കൊടുക്കുന്ന ഒമ്പത് മൊഡ്യൂള്‍ ട്രെയ്‌നിങ്‌സ് ഉണ്ട്. പാലിയേറ്റീവ് കെയറും മിഡ്‌വൈഫറിയുമടക്കം. ഇവര്‍ വളരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ആണ്. ഇവരെ ഇങ്ങനെ പുച്ഛിക്കാനുള്ള കാര്യമൊന്നുമില്ല. അണ്ടര്‍പെയ്ഡ് ആണെന്നുള്ള സത്യം ഇനിയെങ്കിലും അംഗീകരിക്കണം.
ഇവിടത്തെ അക്കാഡമീഷ്യന്‍സിന്റെ, പ്രത്യേകിച്ച് ഫെമിനിസ്റ്റ് അക്കാഡമീഷ്യന്‍സിന്റെ കാര്യമെടുക്കുമ്പോഴാണ് എനിക്ക് വിഷമംതോന്നുന്നത്. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് തന്നെയാണ് പറയുന്നത്. അവരൊക്കെ തൊഴിലാളിസ്ത്രീകളെപ്പറ്റി ഘോരഘോരം എഴുതുകയും പ്രസംഗിക്കുകയും വിദേശത്തുപോയി പേപ്പര്‍ പ്രസന്റ്‌ചെയ്യുകയും വിദേശത്തുനിന്നും സ്വദേശത്തുനിന്നും പല ഫണ്ടുകളും വാങ്ങി അവരെപ്പറ്റി പഠിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുപൊലൊരു സമരം വന്നപ്പോള്‍ മഷിയിട്ടുനോക്കിയാല്‍ പോലും അവരെ ആരെയും കാണാനില്ല. അതാണ് സങ്കടകരം.
ജെന്റര്‍ ഇന്‍സെന്‍സിറ്റിവിറ്റിയുടെ കാര്യം ദേവിക സൂചിപ്പിച്ചിരുന്നു. ഈ സമരം ഇങ്ങനെ തുടര്‍ന്നുകൊണ്ടുപോവാന്‍ എത്രനാള്‍ ആശമാര്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്? ഇവരുടെ പണിമുടക്ക് ആരോഗ്യമേഖലയെ ബാധിക്കുന്നില്ലേ? കുറെ പേര്‍ക്ക്് എന്നും വൈകുന്നേരം ടി വി ചാനലുകളുടെ അന്തിചര്‍ച്ചകളില്‍ ഈസ്ത്രീകളെ ആക്ഷേപിച്ചും അപഹസിച്ചും പഴിചാരിയും രാഷ്ട്രീയം പറയാന്‍ വേണ്ടി, ഇവരെ എത്രനാള്‍ മഴയത്തും വെയിലത്തും ഇരുത്താനാവും?
അത് പറയാന്‍ ഞാന്‍ ആളല്ല. എന്റെ മധ്യവര്‍ഗ, വരേണ്യനിലയില്‍ ഇരുന്നുകൊണ്ട് നോക്കുമ്പോള്‍ അവരെങ്ങനെ ഓരോദിവസവും കഴിയുന്നു എന്നുപോലും എനിക്ക് പറയാനറിയില്ല. പൊടി നിറഞ്ഞ കൊടും ചൂടില്‍, വൈകീട്ടുള്ള പെരും മഴയിലുമാണവര്‍. ഒരു വാശിയുടെ പുറത്താണവര്‍ നില്‍ക്കുന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന തോന്നലുമായി ഇരിക്കുന്നവരാണ്. ഒന്നുമില്ലാതെ തിരിച്ചു ചെന്നാല്‍ ഒരു രക്ഷയുമില്ല. പല സ്ത്രീകളും എന്നോട് പറഞ്ഞത് തിരിച്ചുപോകാന്‍ ഒരിടമില്ലെന്നാണ്. കാരണം കടക്കാരുണ്ട്, ബാങ്കിന്റെ ജപ്തിനോട്ടീസുണ്ട്. ഒന്നുകില്‍ ആത്മഹത്യചെയ്യണം. അല്ലെങ്കില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത് മരിക്കണം. വാസ്തവത്തില്‍ ബിന്ദു ഒരു പത്രക്കാരനോട് പറഞ്ഞ മറുപടിയാണ് കറക്ട്. മോനെ ഇത് സിനിമയും നാടകവുമൊന്നുമല്ലല്ലോ, ഒരു ആക്ട് കഴിയുമ്പോള്‍ മടങ്ങിപ്പോവാന്‍? ഇത് സമരമല്ലേ? അവകാശങ്ങള്‍ നേടിയെടുത്ത് കഴിഞ്ഞിട്ട് ഞങ്ങള്‍ നിര്‍ത്തും. അതാണവരുടെ മറുപടി. അതേ എനിക്കും പറയാനുള്ളൂ. അതുവരെ ഞാനും അവരുടെ കൂടെ നില്‍ക്കും. പ്രത്യാശകൊണ്ട് മാത്രമല്ല, ശരിയുടെ കൂടെ നില്‍ക്കണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ സമരത്തിനൊപ്പം നില്‍ക്കുന്നത്.







No Comments yet!