Skip to main content

ഇല്ലായ്മയുടെ പണിപ്പുരകള്‍; ഉണ്‍മയുടെയും: എം പി രാധാകൃഷ്ണന്റെ സര്‍ഗാത്മകചിന്തകള്‍

ബിപിന്‍ ബാലറാം

കേരളത്തില്‍ ഇന്ന് ഏറ്റവും ലാഭമുള്ള വാണിഭം അക്ഷരമാണ്. പുസ്തകചന്തകളേയും സാഹിത്യോത്സവങ്ങളേയും കൊണ്ട് കേരളത്തിന് ശ്വാസം മുട്ടുന്നു. ‘മഹാന്‍മാ’രായ സാഹിത്യകാരന്‍മാരെ മുട്ടിയിട്ട് വഴിനടക്കാന്‍ പറ്റുന്നില്ല. ഇവര്‍ പരസ്പരം ചൊരിയുന്ന പുകഴ്ത്തലുകളും വാഴ്ത്തുപാട്ടുകളും കൊണ്ട് സമൂഹമാധ്യമങ്ങളിലും രക്ഷയില്ല. ‘എന്നെ പുകഴ്ത്തീടില്‍ നിന്നെ പുകഴ്ത്തീടാം’ എന്നതാണ് ഇന്ന് കേരളത്തിന്റെ സാഹിത്യവാണിഭരംഗത്തെ ആപ്തവാക്യം. മലയാള സാഹിത്യധിഷണാ രംഗത്തെ ഈ ജീര്‍ണത ദുഃഖകരമാണ്, എന്നാല്‍ ഒട്ടും തന്നെ ആശ്ചര്യജനകമല്ല. രാഷ്ട്രീയവും സ്‌നേഹവും മരണവും വാത്സല്യവുമെല്ലാം വാണിഭ വസ്തുക്കള്‍ ആവുമ്പോള്‍ അക്ഷരത്തിന് മാത്രമായി മാറി നില്‍ക്കാന്‍ ആവില്ലല്ലോ.അക്ഷരത്തെ മൊത്തമായും ചില്ലറയായും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സമകാലിക കേരളീയസാഹചര്യത്തെ വെല്ലുവിളിച്ചു കൊണ്ടാണ് എം പി രാധാകൃഷ്ണന്റെ ‘മൃത്യുസന്ധി: എഴുത്തിന്റെ പണിപ്പുരകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് (മൃത്യുസന്ധി: എഴുത്തിന്റെ പണിപ്പുരകള്‍, എം പി രാധാകൃഷ്ണന്‍, മഹാത്മാ പബ്ലിക്കേഷന്‍സ്, തലശ്ശേരി, ആഗസ്റ്റ് 2024).

വിപണിയുടെയും വ്യവസ്ഥയുടെയും തമസ്‌കരണം എം പി രാധാകൃഷ്ണനെ പോലെ ഇത്രയും രൂക്ഷമായി നേരിട്ട മറ്റൊരു എഴുത്തുകാരന്‍ നമുക്കിടയില്‍ ഉണ്ടോ എന്നത് സംശയമാണ്. വിപണിക്ക് വഴങ്ങാത്തവരുടെയും, അതിന് വേണ്ടാത്തവരുടെയും, വ്യവസ്ഥയുടെ നേര്‍വരയില്‍ നടക്കാന്‍ കൂട്ടാക്കാത്തവരുടെയും, സ്വയം പരിഹാസ്യരാവാന്‍ തയ്യാറാവാത്തവരുടെയും അരികുവല്‍ക്കരണം ജീര്‍ണിച്ച മുതലാളിത്തത്തില്‍ സാധാരണമാണ്. എങ്കിലും, രാധാകൃഷ്ണന്റെ കാര്യത്തില്‍ അത് പതിവിലും രൂക്ഷമാണ്. ഇതിന് കാരണം അദ്ദേഹത്തിന്റെ എഴുത്തിലെ തീതുപ്പുന്ന ഉള്ളടക്കമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകം വിപണിയോടും, പുസ്തകകച്ചവടക്കാരോടും, വിപണിനിര്‍മിതമായ വ്യാജ ബുദ്ധിജീവി ബിംബങ്ങളോടുമുള്ള ഒരു തുറന്ന വെല്ലുവിളി തന്നെയാണ്.

എം പി രാധാകൃഷ്ണന്‍ പിന്തുടരുന്ന വിശകലനരീതിശാസ്ത്രത്തോടും അതുപയോഗിച്ച് അദ്ദേഹം നടത്തുന്ന വിശകലനങ്ങളില്‍ ചിലതിനോടും ഈ ലേഖകന് വിയോജിപ്പുണ്ട്. എങ്കിലും ഈ പുസ്തകത്തിലെ ലേഖനങ്ങളും പഠനങ്ങളും ഇന്നത്തെ പരിസരത്തില്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നവയാണ് എന്നാണ് എന്റെ ബോധ്യം. അതിന് പ്രധാനകാരണം ഇതിലെ ധൈഷണിക സത്യസന്ധതയാണ്. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ സത്യത്തെ മുഖാമുഖം കാണുന്നു, യാഥാര്‍ത്ഥ്യത്തെ വിചാരണ ചെയ്യുന്നു, ജീര്‍ണതകളെ തുറന്നുകാട്ടുന്നു, വ്യവസ്ഥയുമായി സമരസപ്പെടാനുള്ള എല്ലാ പ്രലോഭനങ്ങളെയും വാക്കിന്റെ ശക്തി കൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കുന്നു.

വിപണിക്ക് വേണ്ടി അക്ഷരങ്ങളെ വെട്ടിമുറിക്കാന്‍ രാധാകൃഷ്ണന്‍ തയ്യാറല്ല എന്ന് പുസ്തകത്തിലെ ലേഖനങ്ങളില്‍ നിന്നും വ്യക്തമാണ്. ഭരണവര്‍ഗത്തിന് അരുചി തോന്നാന്‍ ഇടയുള്ള ഒരു വിഷയവും സ്പര്‍ശിക്കാതിരിക്കുക എന്ന പുസ്തകവാണിഭരംഗത്തെ ‘നല്ലശീല’വും രാധാകൃഷ്ണന്‍ പിന്തുടരുന്നില്ല. പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, അതിന്റെ പൊള്ളത്തരങ്ങള്‍ പുസ്തകം നിരന്തരം തുറന്നു കാണിക്കുന്നുമുണ്ട്. അങ്ങനെ ചെയ്യാന്‍ ഒരു എഴുത്തുകാരന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് രാധാകൃഷ്ണന്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്: ‘എന്താണ് പൊതുരുചി: അസാധാരണവും അവ്യക്തവും മൗലികവുമായ എന്തിനെയും നശിപ്പിക്കുന്നതോ? അജ്ഞതയുടെ സങ്കേതമാണത്. അജ്ഞതയുടെ ആലിംഗനമേറ്റ് അജ്ഞതയില്‍ തഴച്ചുവളരുന്ന ദ്രോഹകരമായ ചിന്തയാണ് പൊതുരുചി… മൗലികവും സ്വതന്ത്രവുമായ വിമര്‍ശനം പൊതുരുചിയുമായുള്ള സംഘട്ടനമാണ്, അവസാനിക്കാത്ത സംഘട്ടനം’. തന്റെ രചനാജീവിതത്തിന്റെ തുടക്കഘട്ടത്തില്‍ തന്നെ രാധാകൃഷ്ണന്‍ എഴുതിയ ഈ വരികളുടെ ഉള്ളടക്കം പൊതുബോധത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ക്യാപിറ്റല്‍ ഒന്നാം വോള്യത്തിന്റെ മുഖവുരയില്‍ മാര്‍ക്‌സ് എഴുതുന്നു:’I welcome every opinion based on scientific criticism. As to the prejudices of so-called public opinion, to which I have never made concessions, now, as ever, my maxim is that of the great Florentine: ‘Segui il tuo corso, e lascia dir le genti.’ [Go on your way, and let the people tal-k].’

1969 മുതല്‍ 2024 വരെയുള്ള എം പി. രാധാകൃഷ്ണന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് ആദ്യം അനുഭവപ്പെടുന്നത് അവയിലെ കാവ്യാംശം തന്നെയാണ്. കോവിലന്‍, ഒ വി വിജയന്‍, ടി കെ രാമചന്ദ്രന്‍ എന്നിവരെ കുറിച്ച് ഒരു ലേഖനത്തില്‍ രാധാകൃഷ്ണന്‍ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: ‘അവരിലെല്ലാം മുന്തിനിന്നത് കവിയുടെ സംവേദനക്ഷമതയായിരുന്നു. ജീവിതത്തിന്റെ പൈതൃകമെന്നോണം വേദനയുടെ ഒരു വന്‍ ഭാണ്ഡം ഇവരുടെയെല്ലാം മുതുകത്തുണ്ടായിരുന്നു. വേദനയെ വാക്കുകളായി പരിണമിപ്പിക്കുന്ന രാസവിദ്യയാണ് കവിത. ഇവരുടെ ആഖ്യാനങ്ങളിലെല്ലാം കാതലായ കാവ്യാംശം ഉണ്ടായിരുന്നു.’ ഇത് രാധാകൃഷ്ണന്റെ കാര്യത്തിലും ശരിയാണ്, ഒരു കവിയുടെ സംവേദനക്ഷമതയാണ് അദ്ദേഹത്തെയും നയിക്കുന്നത്.

ഇതിന്റെ ഉദാഹരണങ്ങള്‍ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണുവാന്‍ സാധിക്കും. ഒരിടത്ത് രാധാകൃഷ്ണന്‍ ചോദിക്കുന്നു: ‘സത്യസന്ധതയുമായുള്ള അനന്തമായ വാഗ്വാദമല്ലേ ഏതു പ്രതിഭയുടെയും ജീവിതം?’ തന്റെ ഇരുപതാം വയസ്സില്‍ എഴുതിയ ‘കാതലുള്ള ധിക്കാരി’ എന്ന ലേഖനത്തിലെ ഈ വാക്യം ഒരു അസാമാന്യ പ്രതിഭയുടെ മിന്നലാട്ടം നമുക്ക് കാണിച്ച് തരുന്നുണ്ട്. താരതമ്യേന പുതിയ ഒരു ലേഖനത്തില്‍ രാധാകൃഷ്ണന്‍ പറയുന്നു: ‘ജീവിതം എന്നും ഇല്ലായ്മയുടെ പണിപ്പുര തന്നെ. ഇല്ലായ്മയുടെ ഈ മഹാസംഭരണിയില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുന്നവരുണ്ട്. പരമ്പരാഗതമായി അമ്മമാര്‍ അക്കൂട്ടത്തില്‍ പെടുന്നു. ഇല്ലായ്മയുടെ അതിരുകാണാവിസ്താരത്തില്‍ ഒരു വാടാമലരായി വിരിയുന്ന മാതൃഹൃദയം ഭൂമിയിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ്. മാതൃഹൃദയം ഒരു ജാലവിദ്യ കണക്ക് ഇല്ലായ്മയെ സ്‌നേഹത്തിന്റെ ഉണ്മയാക്കി പരിണമിപ്പിക്കുന്നു.’ ‘പച്ചമനുഷ്യന്റെ സൗന്ദര്യശാസ്ത്രകാരന്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നു: ‘വ്യാമോഹങ്ങളുടെ ചുടലയിലാണ് അവബോധത്തിന്റെ അഗ്‌നിപുഷ്പങ്ങള്‍ പൂക്കാറ്’.

പുസ്തകത്തിനെഴുതിയ മുഖവുരയില്‍ എം പിബാലറാം ചോദിക്കുന്നത് ‘സിദ്ധാന്തശാഠ്യ’ങ്ങള്‍ ഉപേക്ഷിച്ച് രാധാകൃഷ്ണന്റെ എഴുത്തുകളെ സമീപിക്കാന്‍ വായനക്കാര്‍ക്ക് ആവുമോ എന്നാണ്. ബാലറാം തന്നെ എഴുതിയ പിന്‍കുറിപ്പില്‍, രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ നടത്തിയ അന്വേഷണത്തെ കുറിച്ച് പറയുന്നുണ്ട്: ‘മാനവികതയുടെ ഏറ്റവും വലിയ ശത്രു ആരാണെന്ന ചോദ്യത്തിന് രാധാകൃഷ്ണന്‍ കണ്ടെത്തിയ ഉത്തരം: സിദ്ധാന്തമാണ് ശത്രു… സിദ്ധാന്തങ്ങള്‍ക്ക് പകരം നില്‍ക്കാന്‍ എന്തുണ്ട് എന്ന ചോദ്യം രചനാജീവിതത്തില്‍ പലപ്പോഴായും ഉയര്‍ത്തിയിട്ടുണ്ടെങ്കിലും തൃപ്തികരമായ ഒരുത്തരത്തില്‍ എത്താന്‍ എഴുത്തിലെ അന്വേഷണങ്ങള്‍ക്ക് സാധിച്ചോ എന്നത് സംശയമാണ്’. ബാലറാം തുടര്‍ന്ന് പറയുന്നു: ‘ദര്‍ശനങ്ങളുടെ യാന്ത്രികമായ പ്രയോഗശീലങ്ങളെ മറികടക്കാന്‍ മാനവികമായ നോട്ടങ്ങള്‍ കൊണ്ടേ കഴിയൂ. എം പി രാധാകൃഷ്ണന്‍ ഇക്കാര്യം എന്നും പറഞ്ഞു പോന്നിട്ടുണ്ട്’.

രാധാകൃഷ്ണന്റെ എഴുത്തിലെ ഈ ‘സിദ്ധാന്തമില്ലായ്മ’ സൈദ്ധാന്തികമായിത്തന്നെയാണ് യഥാര്‍ത്ഥത്തില്‍ വായിക്കപ്പെടേണ്ടത്. ജീവനുള്ള സിദ്ധാന്തം മാനവികമായ നോട്ടത്തിന്റെ ശത്രുവല്ല; മറിച്ച്, മാനവികമായ നോട്ടമാണ് ശരിയായ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. എന്നാല്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ ഭൗതികമായ കാരണങ്ങള്‍ തിരയുക വഴിയും അവയെ അതിവര്‍ത്തിക്കാനുള്ള മാര്‍ഗം നിര്‍ദ്ദേശിക്കുക വഴിയും സര്‍ഗാത്മകമായ സിദ്ധാന്തം വളരെ വേഗം തന്നെ ഈ നോട്ടത്തിന്റെ പരിമിതികള്‍ മറികടക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മാനവികതയുടെ ശത്രു സിദ്ധാന്തമല്ല, സിദ്ധാന്തത്തിന്റെ വക്രീകരണമാണ്. ദര്‍ശനത്തിന്റെ ഈ യാന്ത്രികമായ, വക്രീകരിച്ച രൂപത്തിനെതിരേയാണ് രാധാകൃഷ്ണന്റെ കലാപം.

മൃത്യുസന്ധി’യുടെ വിമോചനസാദ്ധ്യതകള്‍

പുസ്തകത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നത് പോലെ തന്നെ, ‘മൃത്യുസന്ധി’ (deadend) എന്ന സങ്കല്‍പ്പനമാണ് ഇതിലെ എഴുത്തുകളെ ഏകോപിപ്പിക്കുന്ന ഘടകം. രാധാകൃഷ്ണന്റെ അന്വേഷണങ്ങളില്‍ ഈ ആശയത്തിനുള്ള സ്ഥാനം ബാലറാം മുഖവുരയില്‍ വ്യക്തമാക്കുന്നുണ്ട്: ‘വ്യക്തിജീവിതത്തിലും എഴുത്തു ജീവിതത്തിലും താനകപ്പെട്ട ‘മൃത്യുസന്ധി’കളെ സര്‍ഗാത്മകതയുടെ ഊര്‍ജ്ജം കൊണ്ട് മാത്രം പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതിന്റെ ബാക്കിപത്രമാണ് ഈ കൃതി…. ‘മൃത്യുസന്ധി’ എന്ന ദാര്‍ശനിക സങ്കല്‍പ്പനത്തിന്റെ ആവിഷ്‌കാരത്തിലാണ് ഈ അന്വേഷണങ്ങള്‍ അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത്.’

രാധാകൃഷ്ണന്റെ ആദ്യകാലരചനകളില്‍ മൃത്യുസന്ധി വ്യക്തിതലത്തിലുള്ള ഒരു അനുഭവമായാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കാലഘട്ടത്തെക്കുറിച്ച് രാധാകൃഷ്ണന്‍തന്നെ സൂചിപ്പിക്കുന്നുണ്ട്: ‘എഴുപതുകളിലെ ബോധകലാപങ്ങള്‍ക്ക് ഒട്ടേറെ മാനങ്ങള്‍ ഉണ്ടായിരുന്നു… ഒരു വശത്ത് ചിന്തയില്‍ നിരന്തരമായി ഞങ്ങള്‍ ലോകത്തെ വിചാരണ ചെയ്തുകൊണ്ടിരുന്നു. മറുവശത്ത് ദൈവമോ സദാചാരമോ സ്വീകാര്യമാവാതെ ആത്മവിചാരണയും ചെയ്തുകൊണ്ടിരുന്നു… ഞങ്ങളുടെ ലെക്‌സിക്കണിലെ ശ്രദ്ധേയമായ ഒരു പദം ‘മൃത്യുസന്ധി’യായിരുന്നു. മൃത്യുസന്ധിയുടെ ഭൂമിക രാവും പകലും ഞങ്ങള്‍ താണ്ടി… ഈ മൃത്യുസന്ധി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കേട്ടുകേള്‍വിയായിരുന്നില്ല, സത്യത്തില്‍ അത് ഞങ്ങള്‍ തന്നെയായിരുന്നു’. ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ കാലാനുക്രമത്തില്‍ വായിക്കുമ്പോള്‍ നമ്മള്‍ കാണുന്നത് മൃത്യുസന്ധി എന്ന സങ്കല്‍പ്പനത്തിന്റെ വ്യക്തിതലത്തില്‍ നിന്നും സാമൂഹികതലത്തിലേക്കുള്ള പരിണാമമാണ്.

രാധാകൃഷ്ണന്റെ എഴുത്തില്‍ ‘മൃത്യുസന്ധി’ക്ക് വന്നുചേരുന്ന ഈ പരിണാമം ഒരു സൈദ്ധാന്തികസൃഷ്ടി അല്ല. താന്‍ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളില്‍ രാധാകൃഷ്ണന്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയാണ് ഈ പരിണാമത്തിന്റെ ചാലകശക്തി. എഴുപതുകളിലെ ക്ഷേമരാഷ്ട്ര സാമൂഹികഘടനയില്‍ നിന്ന് ഇന്നത്തെ കഴുത്തറുപ്പന്‍ മുതലാളിത്തത്തിലേക്കുള്ള മാറ്റമാണ് ഇതിന്റെ സാമൂഹികപശ്ചാത്തലം. എഴുപതുകളില്‍ ‘അസംബന്ധ’ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി രാധാകൃഷ്ണന്‍ എന്ന വ്യക്തിയാണ് മൃത്യുസന്ധിയെ അഭിമുഖീകരിച്ചതെങ്കില്‍ ഇന്ന് മനുഷ്യസമൂഹം തന്നെയാണ് മൃത്യുസന്ധിയെ അഭിമുഖീകരിക്കുന്നത്.

‘മൃത്യുസന്ധി’യുടെ ഈ പരിണാമത്തിന്റെ കാരണം വിപണിയുടെ സര്‍വ്വാധിപത്യമാണ്. സര്‍വ്വവ്യാപിയായ വിപണി ഉല്‍പ്പാദിപ്പിക്കുന്ന അപരിഹാര്യങ്ങളായ വൈരുദ്ധ്യങ്ങളും അതുയര്‍ത്തുന്ന ഉല്‍ക്കണ്ഠയും അന്യവല്‍ക്കരണവും സമൂഹത്തെ മുഴുവന്‍ മൃത്യുസന്ധിയില്‍ എത്തിച്ചിരിക്കുന്നു. മൃത്യുസന്ധി എന്നത് വ്യക്തിതലത്തിലുള്ള അനുഭവത്തില്‍ നിന്നും പരിണമിച്ച് സാമൂഹികയാഥാര്‍ത്ഥ്യമാവുന്നു. ഈ പരിണാമം കൃത്യമായി അടയാളപ്പെടുത്തുന്നു എന്നത് രാധാകൃഷ്ണന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി ആണ്.

2012ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു: ‘പേടിപ്പെടുത്തുന്ന ഒരു സത്യം ഇന്ന് നമ്മെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്: ഒന്നൊഴിയാതെ ജീവിതത്തിന്റെ സമസ്തഘടകങ്ങളും കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. രക്തബന്ധവും പ്രണയബന്ധവും ഗുരുശിഷ്യബന്ധവും എഴുത്തും ലൈംഗികതയും രാഷ്ട്രീയാവബോധവും ആത്മീയതയും എല്ലാം ചന്തവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരാശിയെയും കമ്പോളം വിഴുങ്ങിയിരിക്കുന്നു… ആഗോളകമ്പോളമാണ് ഇന്ന് മനുഷ്യരാശിയുടെ യജമാനന്‍. ഈ യജമാനനെ ഉന്മൂലനം ചെയ്യാതെ രക്ഷയില്ല.’ വിപണിനിര്‍മിതമായ സാമൂഹികമൃത്യുസന്ധി രാധാകൃഷ്ണന്റെ പുതിയ രചനകളിലെ പ്രധാന പ്രമേയമാണെന്ന് തന്നെ പറയാം. ‘ഒരു തലശ്ശേരിക്കാരന്റെ ആത്മഗതങ്ങള്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നു: ‘തലങ്ങും വിലങ്ങും ഭൂമിയെ മുഴുവനായും ചൂഴ്ന്ന് നില്‍ക്കുന്ന വിപണിയുടെ അഷ്ടദിക് പാലകരാണ് ഇന്ന് ഭരണകര്‍ത്താക്കള്‍. ചത്താലും കൊന്നാലും വ്യഭിചരിച്ചാലും വേണ്ടില്ല, ഈ വിപണിയുടെ പരിപാലനമാണ് ഇന്ന് കാര്യം. പുണ്യവാളന്‍മാരും പാപികളും രോഗികളും ഭോഗികളും യോഗികളുമെല്ലാം ആറ്റുനോറ്റ് ഈ ചന്തയ്ക്ക് കാവലിരുന്നു.’

മനുഷ്യനും സമൂഹവും ഇന്നെത്തിനില്‍ക്കുന്ന മൃത്യുസന്ധിയെ രാധാകൃഷ്ണന്‍ അടയാളപ്പെടുത്തുന്നത് സൈദ്ധാന്തികതലത്തില്‍ നിന്നുകൊണ്ടല്ല, മാനവികനോട്ടം കൊണ്ടാണ്. ഒരു കവിയുടെ സംവേദനക്ഷമതയും അവബോധവുമാണ് ഇതില്‍ രാധാകൃഷ്ണന് വഴികാട്ടുന്നത്. പ്രകൃതിയും മനുഷ്യനും വ്യവസ്ഥയും സംസ്‌കാരവും രാഷ്ട്രീയവും എല്ലാം ഇന്ന് ഒരു മൃത്യുസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതുപോലെ മുന്നോട്ടു പോയാല്‍ സര്‍വ്വനാശമാവും ഫലം എന്നത് സാമാന്യബോധമാണ്. ഈ ‘സാമൂഹികമൃത്യുസന്ധി’യെ തന്നെയാണ് മാര്‍ക്‌സ് ജനറല്‍ സോഷ്യല്‍ ക്രൈസിസ് എന്ന് വിളിച്ചത്.

ഈ മൃത്യുസന്ധി ഏതൊരു റാഡിക്കലിനെയും പോലെ രാധാകൃഷ്ണനിലും ഉണ്ടാക്കുന്നത് പ്രതീക്ഷയാണ്. മൃത്യുസന്ധികള്‍ എല്ലായ്‌പ്പോഴും വിപ്ലവകരമായ സാധ്യതകള്‍ കൊണ്ട് സമ്പന്നമാണ് എന്ന് മാര്‍ക്‌സ് മനസ്സിലാക്കിയത് പോലെ തന്നെ രാധാകൃഷ്ണനും മനസ്സിലാക്കുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചാലകശക്തിയേകാന്‍ ഇത്തരം മൃത്യുസന്ധികള്‍ പലപ്പോഴും അനിവാര്യമാണ്. അതുകൊണ്ടു തന്നെ സാമൂഹികമൃത്യുസന്ധി രാധാകൃഷ്ണനില്‍ ഉണ്ടാക്കുന്നത് നൈരാശ്യമോ വിഷാദമോ അല്ല; മൃത്യുസന്ധികളെ സൃഷ്ടിപരത കൊണ്ടാണ് എതിരിടേണ്ടത് എന്നാണ് രാധാകൃഷ്ണന്റെ ആശയം. രാധാകൃഷ്ണന്‍ വിളിച്ചു പറയുന്നു: ‘ആപല്‍ക്കരമായി സൃഷ്ടിക്കുക’.

മൃത്യുസന്ധിയെ ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റാനാണ് രാധാകൃഷ്ണന്‍ നമ്മോടാവശ്യപ്പെടുന്നത്. ‘കാഫ്കയിലും നീഷെയിലും മൃത്യുസന്ധി ഒരു പ്രത്യേകരീതിയില്‍ ഊര്‍ജ്ജഖനിയായി മാറുന്നത് നമുക്ക് കാണാനാവും’ എന്ന് രാധാകൃഷ്ണന്‍ സൂചിപ്പിക്കുന്നുണ്ട്. ‘മൃത്യുസന്ധികളെ ആത്മപ്രകാശനം കൊണ്ട് നേരിട്ട ഒരു പുരുഷസിംഹം’ എന്നാണ് അദ്ദേഹം എം എന്‍ വിജയനെ വിശേഷിപ്പിക്കുന്നത്. ‘ജ്വാലകളപഹരിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്നവരാണ് പ്രോമിത്യൂസുകള്‍ എന്ന ഉദാത്തദര്‍ശനമുള്ള, ഒഴുക്കിനെതിരേ നീന്താന്‍ കെല്‍പ്പുള്ള, മൂല്യങ്ങളുടെ കീഴ്‌മേല്‍ മറിക്കലില്‍ കുറഞ്ഞ ഒന്നും നമ്മെ രക്ഷിക്കില്ലെന്ന കാഴ്ചപ്പാടുള്ള… കോറസ്സുകള്‍ക്ക് ജന്മം നല്‍കുക’ എന്ന് രാധാകൃഷ്ണന്‍ 1970ല്‍ എഴുതുന്നുണ്ട്.

മൃത്യുസന്ധി എന്നത് എല്ലാ വഴികളും മുട്ടിയ അവസ്ഥ മാത്രമല്ല, ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത അവസ്ഥകൂടിയാണ്. ഓടി രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ എങ്ങനെയാണ് പൂച്ചയെ ശൗര്യം ബാധിക്കുന്നത് എന്ന് നാം കാണാറുള്ളതാണ്. ഇതുപോലുള്ള ഒരു സര്‍ഗപരമായ ശൗര്യം മൃത്യുസന്ധി വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കും എന്ന് രാധാകൃഷ്ണന്‍ പ്രതീക്ഷിക്കുന്നു.

വാക്കിന്റെ വിമോചനം

വ്യക്തിപരമായും സാമൂഹികമായും നമ്മെ ഗ്രസിച്ചിരിക്കുന്ന ജീര്‍ണതയുടെ വലിയ രക്തസാക്ഷി വാവും ചരക്കും തമ്മിലുള്ള ബന്ധമേ ഇന്ന് ഉച്ചാരകനും വാക്കും തമ്മിലുള്ളൂ… നുണകള്‍ കൊണ്ട് കോട്ടകെട്ടുന്ന അധികാരിവര്‍ഗം ചരക്കുകള്‍ മാത്രമല്ല വാക്കുകളും കൈയടക്കി വയ്ക്കുന്നു. ഈ മനുഷ്യര്‍ എറിഞ്ഞു കൊടുക്കുന്ന വാക്കുകള്‍ ഏറ്റുപറയാനുള്ള സ്വാതന്ത്ര്യമേ ഇന്ന് പൗരനുള്ളൂ’.

വാക്കിനെ തടവില്‍ വയ്‌ക്കേണ്ടത് ഭരണവര്‍ഗത്തിന്റെ ആവശ്യമാണ്, കാരണം മനുഷ്യനില്‍ വിമോചനാവബോധം നെയ്‌തെടുക്കുന്നത് വാക്കുകളാണ്. നിയോലിബറല്‍ മുതലാളിത്തം വാക്കുകളെ നിലയ്ക്ക് നിര്‍ത്തുന്നത് പലപ്പോഴും മര്‍ദ്ദനമുറകള്‍ കൊണ്ടല്ല, വിപണിയുടെ തലോടലും ഇക്കിളിയും കൊണ്ടാണ്. വാണിഭ കെട്ടുകാഴ്ചയായ സാഹിത്യോത്സവങ്ങളുടെ തിണ്ണനിരങ്ങുന്ന എഴുത്തുകാര്‍ക്ക് എങ്ങനെയാണ് തീതുപ്പുന്ന വാക്കുച്ചരിക്കാന്‍ പറ്റുക? ഈ അവസ്ഥ രാധാകൃഷ്ണനിലെ കലാപകാരിയെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്: ‘വാക്ക് ഇന്ന് വീറുകെട്ട ഒരു ജീവിയാണ്. ചോരയും നീരും വറ്റിയ ഒരു സ്വത്വം. വാക്കിന്റെ മൗലികസ്പന്ദനം വായനക്കാരനിലേക്ക് പ്രസരിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല… ഉച്ചരിക്കുന്ന വാക്കിന് ഇന്ന് ഊര്‍ജ്ജപ്രസരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു’.

വാക്കിന്റെ വിമോചനം മനുഷ്യവിമോചനത്തിന്റെ മുന്നുപാധിയാണ്. വിപണിയുടെ ഇക്കിളികളെയും ഭരണകൂടത്തിന്റെ മര്‍ദ്ദനങ്ങളെയും ഒരേ പോലെ എതിര്‍ത്തുകൊണ്ട് വാക്കിനെ വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് രാധാകൃഷ്ണന്‍ നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്: ‘പഴകി, കാലഹരണപ്പെട്ട പ്രതീകങ്ങള്‍ കൊണ്ട് മനുഷ്യാവസ്ഥയെ വിശകലനം ചെയ്യാനാവില്ല. കടം വാങ്ങിയ വാക്കുകളെക്കൊണ്ട് ലോകത്തെ സ്പര്‍ശിച്ചറിയാനുമാകില്ല… സ്വതന്ത്രമായി വാക്കുച്ചരിക്കാനും ചത്തുമലച്ച വാക്കുകളെ കുഴിച്ചു മൂടാനും വക്താവിന് കഴിയണം. ബോധത്തിന്റെ തീച്ചൂളയില്‍ പുതിയ വാക്കുകളെ വിളക്കിയെടുക്കാനും സമൂഹചേതനയ്ക്ക് കൈമാറാനും കഴിയണം’.

‘മൃത്യുസന്ധി’ കൈകാര്യം ചെയ്യുന്ന മറ്റൊരു സുപ്രധാന പ്രമേയം ഇടതുപക്ഷത്തിന്റെ അപചയമാണ്. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ ഇടതുപക്ഷ ജീര്‍ണതയെ ആഴത്തില്‍ അടയാളപ്പെടുത്തുന്നതില്‍ വിജയിക്കുന്നുണ്ട്. ‘സര്‍ഗസംവാദങ്ങള്‍ സ്വപ്‌നം കാണുന്ന അണികള്‍ക്കെതിരേ ഫലത്തില്‍ ഗൂഢാലോചന നടത്തുന്ന ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജീര്‍ണിച്ച് പോയിരിക്കുന്നു’ എന്നാണ് രാധാകൃഷ്ണന്‍ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ പറയുന്നത്. സമൂഹവും വാക്കും എത്തിച്ചേര്‍ന്നിരിക്കുന്ന ജീര്‍ണതയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇടതുപക്ഷത്തിന് ഒളിച്ചോടാനാവില്ല എന്ന് രാധാകൃഷ്ണന്‍ നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ‘കാലഹരണപ്പെട്ട യുക്തികള്‍’ എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതുന്നു: ‘വര്‍ഗീയതയും വംശീയതയും ജാതീയതയും അരങ്ങുതകര്‍ക്കുന്ന ഇന്നത്തെ കേരളരാഷ്ട്രീയം സ്വയംഭൂവായി സംഭവിച്ചതല്ല. ഇടതുപക്ഷ നേതൃത്വത്തിന്റെ സ്വയംകൃതാനര്‍ത്ഥമായി ഇന്നത്തെ രാഷ്ട്രീയ തരിശുഭൂമിയെ നാം തിരിച്ചറിയേണ്ടതുണ്ട്’.

അവബോധത്തിന്റെ വീണ്ടെടുപ്പ്

വ്യക്തിയെയും സമൂഹത്തെയും വാക്കിനേയും രാഷ്ട്രീയത്തെയും ഗ്രസിച്ച് നില്‍ക്കുന്ന മൃത്യുസന്ധിയെ രാധാകൃഷ്ണന്‍ ഈ പുസ്തകത്തില്‍ സൂക്ഷ്മമായി അനാവരണം ചെയ്യുന്നുണ്ട്. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ഒരു കവിയുടെ സംവേദനക്ഷമതയും ഉള്‍ക്കാഴ്ചയുമാണ്. എന്നാല്‍, ഈ മൃത്യുസന്ധിയുടെ കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുന്ന ഘട്ടങ്ങളില്‍ മാനുഷികമായ നോട്ടം മാത്രം മുന്‍നിര്‍ത്തിയുള്ള ചിന്തയുടെ ന്യൂനത നമുക്കനുഭവപ്പെടുന്നുണ്ട്. ഇത് രാധാകൃഷ്ണന്റെ വിശകലനരീതിശാസ്ത്രത്തിന്റെ പോരായ്മ ആയിട്ടുതന്നെ കാണേണ്ടതുണ്ട്.

ഈ പുസ്തകത്തില്‍ അവബോധം, ഉദ്ബുദ്ധത, തിരിച്ചറിവ് എന്നീ വാക്കുകള്‍ രാധാകൃഷ്ണന്‍ നിരന്തരമായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. ‘ആഗോളമൂലധനം രൂപകല്‍പ്പന ചെയ്‌തെടുത്ത ഒരു രാവണന്‍കോട്ടയില്‍ ബന്ദിയാക്കപ്പെട്ടമട്ടില്‍ കഴിയുകയാണ് ഇന്ന് മനുഷ്യരാശിയുടെ അവബോധം. ഈ അവബോധത്തെ എങ്ങനെ മോചിപ്പിച്ചെടുക്കാം എന്നതാണ് ഇന്നത്തെ കാതലായ പ്രശ്‌നം’ എന്ന് രാധാകൃഷ്ണന്‍ ‘ഒരു തലശ്ശേരിക്കാരന്റെ ആത്മഗതങ്ങ’ളില്‍ പറയുന്നുണ്ട്. സാമൂഹികമൃത്യുസന്ധിയെ മറികടക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനം രാധാകൃഷ്ണനെ സംബന്ധിച്ചിടത്തോളം ജനകീയാവബോധത്തിന്റെയും ഉദ്ബുദ്ധതയുടെയും തിരിച്ചറിവിന്റെയും വീണ്ടെടുപ്പാണ്.

എന്നാല്‍, ഈ വീണ്ടെടുപ്പിനെ ചിന്താമണ്ഡലത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു പദ്ധതിയായിട്ടാണ് രാധാകൃഷ്ണന്‍ കാണുന്നത്. ഉദ്ബുദ്ധതയുടെ കൈമോശം ഭൗതികവും വ്യവസ്ഥാപരവുമായ കാരണങ്ങള്‍ കൊണ്ട് വന്നുഭവിച്ചതാണെന്നും അതിന്റെ വീണ്ടെടുപ്പ് അതിനാല്‍ത്തന്നെ പ്രാഥമികമായും ഒരു വര്‍ഗപരമായ പദ്ധതിയാണെന്നും രാധാകൃഷ്ണന്‍ തിരിച്ചറിയുന്നില്ല. ഇത് അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിന്റെ ശക്തമായ ആശയവാദചായ്‌വ് മൂലമാണ്.

ആശയവാദത്തോടുള്ള ആഭിമുഖ്യം കാരണം രാധാകൃഷ്ണന്റെ വിശകലനങ്ങള്‍ക്ക് ബോധമണ്ഡലത്തിന്റെ ചട്ടക്കൂട് ഭേദിച്ച് പുറത്തു കടക്കാന്‍ ആവുന്നില്ല. അതുകൊണ്ട് തന്നെ അവബോധത്തിന്റെ വീണ്ടെടുപ്പ് വ്യവസ്ഥയുടെ അതിവര്‍ത്തനം എന്ന വര്‍ഗപരമായ പദ്ധതിയുമായി വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം കണക്കിലെടുക്കുന്നില്ല. ഇത് ഒരു പരിമിതി തന്നെ ആണെങ്കിലും രാധാകൃഷ്ണനെ പോലെയുള്ള ധിഷണാശാലികളെ മനസ്സില്‍ കണ്ടുകൊണ്ടുള്ള ലെനിന്റെ പ്രസ്താവം പ്രധാനമാണ്: Intelligent idealism is closer to intelligent materialism than stupid materialism.

ഇടതുപക്ഷത്തിന്റെ ജീര്‍ണത ആ പ്രസ്ഥാനത്തെയും അതിനോട് കൂറ് പുലര്‍ത്തുന്ന എഴുത്തുകാരെയും യാന്ത്രികമായ ഭൗതികവാദത്തില്‍ തളച്ചിട്ടിരിക്കുകയാണ്. സര്‍ഗാത്മകതയുടെ കണിക പോലും ഇല്ലാത്ത ഈ ഭൗതികവാദം അവര്‍ ഉപയോഗിക്കുന്നതാവട്ടെ വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടിയും! ‘നല്ല ഭരണം’ കൊണ്ട് തീര്‍ക്കാനാവാത്ത ഒരു പ്രശ്‌നവും അവരുടെ നോട്ടത്തില്‍ ഈ വ്യവസ്ഥയ്ക്കില്ല. എന്നാല്‍ ഒരു കവിയുടെ നോട്ടം കൊണ്ട് രാധാകൃഷ്ണന്‍ വ്യവസ്ഥയുടെ മൃത്യുസന്ധി ഗ്രഹിക്കുന്നുണ്ട്. സമൂഹത്തോടും അക്ഷരത്തോടും തന്റെ മനഃസ്സാക്ഷിയോടുമുള്ള ആത്മാര്‍ത്ഥത കൊണ്ടും, അധികാരത്തോട് ഏറ്റുമുട്ടാന്‍ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടും, അദ്ദേഹം അത് വിളിച്ചുപറയുന്നു. ഈ വിളിച്ചുപറയലിന് ചില പരിമിതികള്‍ ഉണ്ടെങ്കിലും വ്യവസ്ഥയുടെ ഗുണഭോക്താക്കളായ കപടബുദ്ധിജീവികളുടെ പ്രാകൃത ‘ഭൗതികവാദ’ത്തേക്കാള്‍ എത്രയോ മൂല്യം അതിനുണ്ട്.

മാര്‍ക്‌സിസത്തിന്റെ അന്തഃസത്തയെ കുറിച്ച് രാധാകൃഷ്ണന്‍ പറയുന്നു: ‘ജീവിതത്തിന്റെ കാര്യവും കാരണവും ആത്മപ്രകാശനം തന്നെ. മാര്‍ക്‌സിസം അതിന്റെ അന്തഃസ്സത്തയില്‍ സ്വച്ഛന്ദ ജീവിതത്തിന്റെ കലയും ശാസ്ത്രവുമാണ്… ജീവിതത്തിന്റെ സര്‍ഗാത്മകത മാര്‍ക്‌സിസ്റ്റ് ലോകക്രമത്തിന്റെ നിബന്ധനയാണെന്ന് മാര്‍ക്‌സ് വ്യക്തമാക്കുന്നു. അന്യവല്‍ക്കരണം മുതലാളിത്തവ്യവസ്ഥയുടെ നിബന്ധനയാകുമ്പോള്‍ ആത്മപ്രകാശം കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ നിബന്ധനയായിത്തീരുന്നു’. തന്റെ എഴുത്തില്‍ മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം ഉപയോഗിക്കാത്ത ഒരാളില്‍ നിന്നും വരുന്ന ഇത്ര കൃത്യവും കാവ്യാത്മകവുമായ മാര്‍ക്‌സിസത്തെ കുറിച്ചുള്ള അടയാളപ്പെടുത്തല്‍ അത്ഭുതകരമാണ്. ഇതിനര്‍ത്ഥം, ജീര്‍ണതയെ വെള്ളപൂശാന്‍ മാര്‍ക്‌സിസത്തിന്റെ ബാനര്‍ ഉപയോഗിക്കുന്ന ‘കൊട്ടാരം ബുദ്ധിജീവി’കളേക്കാള്‍ എത്രയോ ആഴത്തിലും മൗലികമായും രാധാകൃഷ്ണന്‍ മാര്‍ക്‌സിനെ മനസ്സിലാക്കുന്നു എന്നാണ്.

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പിന്‍കുറിപ്പുകളില്‍ ഒന്നില്‍ രാധാകൃഷ്ണനെ ‘കലാപവ്യക്തിത്വം’ എന്നാണ് ബാലറാം വിശേഷിപ്പിക്കുന്നത്. ഈ പുസ്തകത്തിലെ എഴുത്തുകള്‍ അതിന് തെളിവാണ്. രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍, ‘എഴുത്ത് വെറും പ്രദര്‍ശനേച്ഛയായി മാറിയിരിക്കു’ന്ന സാഹചര്യത്തില്‍, ‘കവികള്‍ പോലും ശവം തീനികളാവുന്ന കാല’ത്ത്, ബോധകലാപത്തിനായുള്ള തുറന്ന ആഹ്വാനം പേറുന്ന ഈ എഴുത്തുകള്‍ക്ക് അനന്യമായ മൂല്യമുണ്ട്.

ലൂക്കാച്ച്, ലെനിനെ കുറിച്ച് നടത്തിയ ഒരു നിരീക്ഷണമുണ്ട്, അതിങ്ങനെയാണ്: Beyond the significance of his actions and his writings, the figure of Lenin as the very embodiment of permanent readiness represents an ineradicable value.
രാധാകൃഷ്ണനെ സംബന്ധിച്ചിടത്തോളവും ഇതിന് സമാനമായ ഒരു അടയാളപ്പെടുത്തല്‍ നടത്താവുന്നതാണ്. അദ്ദേഹത്തിന്റെ എഴുത്തിലെ ഉള്ളടക്കം മാത്രമല്ല, ആ എഴുത്ത് മുറുകെപ്പിടിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന ധൈഷണിക സത്യസന്ധതയും, മാനവികതയും, അധികാരത്തോട് രാജിയാവാന്‍ ഒരുക്കമില്ലാത്ത ധീരതയും, സമൂഹം തന്നെ മൃത്യുസന്ധിയെ മുഖാമുഖം കാണുന്ന കാലഘട്ടത്തില്‍ വിലമതിക്കാനാവാത്ത മൂല്യങ്ങളാണ്. ബാലറാം സൂചിപ്പിക്കും പോലെ, ‘കലയോടുള്ള (ജീവിതത്തോടും) അസാമാന്യവും അസാധാരണവുമായ ഇച്ഛയുടെ പൈതൃകം ദൈവികമായ ഭ്രാന്തെന്നപോലെ ഇന്ന് അഞ്ചുപതിറ്റാണ്ടുകള്‍ക്ക് ശേഷവും എം പി രാധാകൃഷ്ണന്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുക തന്നെയാണ്’.

(പോളണ്ടിലെ വൂച്ച് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ റിസര്‍ച്ച് ഫാക്കല്‍ട്ടിയാണ് ലേഖകന്‍)

 

No Comments yet!

Your Email address will not be published.