ക്ലാസ്സിക്കല്‍ ഫാസിസത്തിന്റെ
കല്ലുകള്‍ക്കിടയില്‍ നിന്ന്
നവീനഫാസിസത്തിന്റെ
അരിമണികള്‍
പെറുക്കിയടുക്കുന്ന
പണിക്കാരിയായ്
അമ്മമ്മ!
അതിദാരിദ്ര്യത്തിന്റെ
അമ്മ!
മര്‍ദ്ദിതജാതികളില്‍
മണ്ണിര!
അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ
അടിവര!
അറപ്പും വെറുപ്പും
അന്യോന്യം വളര്‍ത്തുന്ന
‘വികസനരാഷ്ട്രീയ
വിരോധ’ത്താല്‍
ഏത് നിമിഷത്തിലും
കൊടുവാളായി മാറാവുന്ന മകനോട്
മൗനസമാധാനത്താല്‍
മേടിയുറപ്പിക്കപ്പെട്ട കുറ്റിയമ്മ!
സുഖസൂചികയുയര്‍ത്തുന്ന
മാതൃകാ മലയാളത്തിന്‍
മറുപുറമിരുന്നമ്മ
അകം വെന്തൊര് നേരത്ത്
അടച്ചുവെച്ചൊരു പാത്രത്തിന്‍
മൂടിയൊന്ന് തുറന്നുപോയ്!
‘കരയുന്നെന്തിനാണമ്മ!’
മിണ്ടാത്ത മകന്‍ മിണ്ടി
‘ഉറിയില്‍ വെച്ചന്ന് ഞാന്‍
കലത്തില്‍ കുറുകിയ
പുളിയും കൂട്ടിത്തിന്ന
ചെമ്പച്ചോറോര്‍ത്തെന്റുണ്ണീ
ഓലകള്‍ വെട്ടിക്കീറി
മടഞ്ഞ് മടഞ്ഞ് ഞാന്‍
കൂട്ടി വെച്ചുണ്ടാക്കിയ
കാശുമായ് കോയിക്കൂട്
വാങ്ങി വന്നതില്‍ പിന്നെ
താമസം തുടങ്ങുവാന്‍
ചന്തയില്‍ ചെന്നഞ്ചെട്ട്
പെടകള്‍ക്കൊര് പുക്വന്‍
അങ്ങനെ, വാങ്ങിപ്പോറ്റി.
ഒര് നാളൊര്
കള്ളക്കുറുക്കന്‍കൂട്ടം വന്ന്
പാതിരാപ്പാട്ടും പാടി
പ്പൊലര്‍ന്ന നേരത്ത് ഞാന്‍
കൂടിന്റെയടുത്തെത്തി
നിന്നപ്പം പോതംപോയി!
ഇന്നാലുമിന്റോമനേ
സങ്കടം തീരേയില്ല
നന്നായിറ്റൊര് നേരം
തിന്നൊറങ്ങീലേയവര്‍!’




No Comments yet!