Skip to main content

കരയില്ല; മരണം വരെ പൊരുതും

ഭാഗ്യവതി / ഒ കെ സന്തോഷ്, ഡോ. ലിസ പുല്‍പ്പറമ്പില്‍

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെന്നനിലയില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറ്റവും വെറുക്കപ്പെട്ടവളായി ചിത്രീകരിക്കപ്പെടുകയും പ്രബലവിഭാഗങ്ങളുടെ ആക്രമണം നേരിടുകയും ചെയ്ത ഭാഗ്യലക്ഷ്മി സംസാരിക്കുന്നു

ഭാഗ്യവതിയെന്നാണ് പേരെങ്കിലും നിര്‍ഭാഗ്യങ്ങളും സാമൂഹിക വിചാരണകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ജീവിതം നയിക്കാനാണ് അവരുടെ ഇതുവരെയുള്ള വിധി. ഏറെ ചര്‍ച്ചചെയ്യപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെന്നനിലയില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറ്റവും വെറുക്കപ്പെട്ടവളായി കേരളീയസമൂഹത്തിലെ ഒരു പ്രബലവിഭാഗം അവരെ വിചാരണചെയ്തു. ഇടതുപക്ഷപുരോഗമരാഷ്ട്രീയ പ്രൊഫൈലുകള്‍ ആയിരുന്നു ഈ ധാര്‍മികവിചാരണയ്ക്ക് നേതൃത്വം നല്‍കിയത് എന്നത് വ്യക്തമാണ്. കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളെയും സ്വതന്ത്രമായി നില്‍ക്കുന്നവരെയും വിമര്‍ശിക്കാനും ആക്ഷേപിക്കാനും പ്രയോജനപ്പെട്ട സന്ദര്‍ഭമായി ഉപയോഗിക്കുവാനാണ് അവര്‍ ശ്രമിച്ചത്. കാരണമാവട്ടെ, സിബിഐ സമീപകാലത്ത് സമര്‍പ്പിച്ച കുറ്റപത്രത്തിലെ നിറംപിടിപ്പിച്ചതെന്നു വിചാരിക്കാവുന്ന നിരീക്ഷണങ്ങളും പരാമര്‍ശങ്ങളുമായിരുന്നു. കോടതിയുടെ പരിഗണനയ്ക്കും വാദ-പ്രതിവാദങ്ങള്‍ക്കും അതിന്റെ അന്തിമവിധിക്കും മുമ്പേ അമ്മയെ കുറ്റക്കാരിയാക്കാനുള്ള അമിതമായ വ്യഗ്രത ഈ ചര്‍ച്ചകളില്‍ പ്രകടമായിരുന്നു. ധാര്‍മിക വിചാരണയെക്കാള്‍ കക്ഷിരാഷ്ട്രീയ വിചാരണയിലൂടെ ആസൂത്രിതമായ ചില നരേറ്റീവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമം അവയില്‍ കാണാമായിരുന്നു.

വാളയാര്‍ സഹോദരിമാരുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരിക്കുന്ന പെണ്‍കുട്ടികളുടെ ചെരുപ്പും കൊലുസും കുഞ്ഞുടുപ്പും

പാലക്കാട്ടെ കത്തുന്ന ചൂടുള്ള ഒരു ഉച്ചനേരത്ത്, ഭാഗ്യവതിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണിയിലായിരുന്നു. പാലക്കാട്-കോയമ്പത്തൂര്‍ ഹൈവേയില്‍ അട്ടപ്പള്ളത്തിനടുത്തുള്ള വഴിയരികില്‍നിന്ന് അവരും അവരുടെ ഒരു കൂട്ടുകാരിയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പ്രധാനപാതയില്‍നിന്ന് ചെറിയ ടാര്‍വഴിയും പിന്നിട്ട്, മണ്‍പാതയിലൂടെയുള്ള യാത്രയില്‍ പ്രതിപ്പട്ടികയിലുള്ള ചിലരുടെ വീടുകള്‍ വാഹനത്തിലിരുന്നു ഭാഗ്യവതി ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. നാലു വര്‍ഷമായി തുടരുന്ന പോലിസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തുള്ള ചെറിയ വീട്ടിലേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ പരിചിതഭാവത്തില്‍ ചെറുതായി ചിരിച്ചു. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച പതിനൊന്നും ഒന്‍പതും വയസുള്ള രണ്ടുപെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതിന്റെ ദുഃഖം എട്ട് വര്‍ഷം പിന്നിട്ടിട്ടും വരണ്ടതും ചൂടുള്ളതുമായ ആ അന്തരീക്ഷത്തിലുള്ളതായി തോന്നി. ഏറ്റവും ദരിദ്രയായ, നിരക്ഷരയായ, സാമൂഹികവും ജാതീയവുമായി പ്രിവിലേജില്ലാത്ത ഭാഗ്യവതിയുമായി സംസാരിച്ചുതുടങ്ങിയപ്പോള്‍, എല്ലാ കുപ്രചാരണങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുന്ന ധാര്‍മികമായ ആര്‍ജവം ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ലോകത്തെ ഏറ്റവും ദൗര്‍ഭാഗ്യവതിയായ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി ഭാഗ്യവതിയെന്നു വിളിക്കേണ്ടിവന്നതിന്റെ ക്ഷമാപണത്തോടെയാണ് ഞങ്ങള്‍ തുടങ്ങിയത്. ആ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ചോദ്യം: സമീപകാലത്ത് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ വലിയതോതിലുള്ള സാമൂഹിക രാഷ്ട്രീയവിചാരണയാണ് താങ്കള്‍ നേരിട്ടത്. പലതരത്തിലുള്ള മുന്‍വിധികളും ആസൂത്രിതമായ ചില താല്‍പ്പര്യങ്ങളും ഈ വിചാരണയില്‍ ഉണ്ടെന്നു വിചാരിക്കുന്നുണ്ടോ. കേരളത്തിലെ മാധ്യമങ്ങള്‍ താങ്കളുടെ അഭിപ്രായം തേടിയിരുന്നോ?

കേരളശബ്ദം, ചില യുട്യൂബ് ചാനലുകള്‍ ഒക്കെയാണ് കാര്യങ്ങള്‍ ചോദിച്ചുവന്നത്. കുറ്റപത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇത്രയേയുള്ളൂ. സിബിഐയുടെ പണി എന്റെ സ്വഭാവസര്‍ട്ടിഫിക്കറ്റ് എടുക്കുകയല്ല. അവരു വന്നത് എന്തിനാ? മക്കളുടെ മരണം അന്വേഷിക്കാനല്ലേ. അപ്പോള്‍ അത് അന്വേഷിക്കലാണ് അവരുടെ പണി. മക്കളുടെ മരണത്തിനു പിന്നിലാരാണ്? അവര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണ്? ഞാന്‍ പറഞ്ഞു എവിടെ വേണമെങ്കിലും തുറന്നുപറയാന്‍ ഞാന്‍ തയ്യാറാണ്. നമ്മള്‍ തുടക്കംമുതലേ പറയുന്നുണ്ട്; കൂടാതെ സിബിഐ വന്നപ്പോഴും പറയുന്നുണ്ട് നുണ പരിശോധനയ്ക്ക് വിധേയമാവാന്‍ തയ്യാറാണെന്ന്. അങ്ങനെ പറഞ്ഞിട്ടും അവരത് ചെയ്തില്ല. അപ്പോള്‍ സത്യസന്ധമായ വഴിയിലൂടെ പോകാന്‍ അവരാഗ്രഹിക്കുന്നില്ല. അവര്‍ക്ക് യഥാര്‍ത്ഥപ്രതികളെ രക്ഷപ്പെടുത്തണം. അതിനെന്ത് ചെയ്യണം? അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസമില്ല, പഠിപ്പില്ല, വായനയില്ല. ഒന്നുമില്ല. പണസ്വാധീനവുമില്ല. അതൊന്നുമില്ലാത്തതുകൊണ്ട് എന്തും ചെയ്യാം. സമൂഹത്തിനു മുന്നില്‍ നമ്മള്‍ ഒറ്റപ്പെട്ടില്ലേ? അങ്ങനെ വന്നപ്പോള്‍ അവരൊറ്റപ്പെടുത്തിയെന്നു മാത്രമല്ല; മനഃപ്രയാസത്തില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്നും അവര്‍ കരുതുന്നുണ്ടാകാം. മുമ്പൊരു കേസില്‍ അങ്ങനെയല്ലേ ഉണ്ടായത്. സ്വന്തം അച്ഛനാണ് മകളെ പീഡിപ്പിച്ചതെന്നു സിബിഐ കുറ്റപത്രം കൊടുത്തു. അങ്ങനെ കുടുംബത്തിന്റെ മാനക്കേടുകൊണ്ട് എല്ലാവരും മരിച്ചു. കുറെക്കഴിഞ്ഞു സിബിഐ പറയുന്നു ഞങ്ങള്‍ക്കിതില്‍ തെളിവൊന്നുമില്ലെന്നു. മരിച്ചുപോയവരുടെ ജീവന്‍ തിരിച്ചുകൊടുക്കാന്‍ പറ്റിയോ അവര്‍ക്ക്? അതുപോലെ ഞങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റി. ഞങ്ങള്‍ ഒരിക്കലും കെട്ടിതൂങ്ങി ചാവാനോ മരുന്ന് കുടിക്കാനോ തയ്യാറല്ല. കാരണം നമ്മള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മക്കളെ ആരാണ് കൊന്നത് എന്നറിയാനാണ്. അതിന് എന്ത് ത്യാഗം സഹിച്ചും ഏതറ്റംവരെയും പോകാന്‍ തയ്യാറാണ്.

ചോദ്യം: ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോയി ക്ഷീണിച്ചാണ് വരുന്നതെങ്കിലും താങ്കളുടെ വര്‍ത്തമാനത്തില്‍ വലിയ ആത്മവിശ്വാസമുണ്ട്. സമീപകാലത്തെ കുറ്റപത്രതെയോ അതിലെ പരാമര്‍ശങ്ങളെയോ തെല്ലും ഭയക്കാത്തരീതിയിലുള്ള ഈ ധീരത എങ്ങനെയാണ് ലഭിച്ചത്.

എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ ഞങ്ങളൊരിക്കലും തെറ്റ് ചെയ്തട്ടില്ലായെന്ന് നൂറുശതമാനവും വിശ്വാസമുണ്ട്. അതെവിടെയും പറയാന്‍ എനിക്ക് പറ്റും. പിന്നെ സിബിഐ പറഞ്ഞപോലെ മക്കളെ അറിഞ്ഞുകൊണ്ട് മറ്റൊരാള്‍ക്ക് വിട്ടുകൊടുത്ത്, അല്ലെങ്കില്‍ അവരെ മദ്യംകൊടുത്ത് മയക്കിയിട്ടാണ് പ്രതികള്‍ക്ക് കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍ വിവേകവും അറിവും ഉള്ളവര്‍ ആരെങ്കിലും വിശ്വസിക്കുമോ? അവരവരുടെ മാനംവിറ്റ് ജീവിച്ചാല്‍പ്പോലും മക്കളോരാളെ മറ്റുള്ളവര്‍ക്ക് കൊടുക്കുമോ? ഞാനെന്റെ നിലപാടു പറയുകയാണ്. പക്ഷെ, അങ്ങനെയെനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എനിക്ക് എന്നെത്തന്നെ വിറ്റ് ജീവിക്കാമായിരുന്നു. എന്റെയീ ഒരുവിവരവും ഇല്ലാത്ത ഒന്‍പതും പതിനൊന്നും വയസ്സുള്ള മക്കളെ വിട്ടുകൊടുത്ത് എനിക്ക് ജീവിക്കേണ്ട ആവശ്യമില്ല. മനസ്സിലായില്ലേ. ഇനി സിബിഐ പറഞ്ഞതിന്റെ മറുപടി പറയണോ? അവരിത്രയും മോശക്കാരിയായി എന്നെ ചിത്രീകരിച്ചതിന്റെ അടിസ്ഥാനമേന്താണ്? ഈ പ്രതിയെന്നു പറയുന്നയാള്‍ ലോകത്തിനു മുമ്പില്‍ പ്രതിയാണെങ്കിലും എന്റെ കൂടപ്പിറപ്പാണ്. എന്റെ അമ്മ പ്രസവിച്ചില്ലന്നെയുള്ളൂ. ചെറിയച്ചന്റെ മകനാണ്. ഈ ലോകത്ത് വിവരമുള്ളവര്‍ ആരെങ്കിലും കൂടെപ്പിറപ്പിന്റെ കൂടെപ്പോയി കിടക്കുമോ?

ചോദ്യം: സെന്‍ട്രല്‍ അന്വേഷണ ഏജന്‍സി മൊഴിയെടുത്തത് എങ്ങനെ? എത്രപ്രാവശ്യം?

ഒരുപാടു പ്രാവശ്യം. അവരോട് നിങ്ങളോടു പറയുന്നതുപോലെ കാര്യങ്ങള്‍ വിശദീകരിച്ചതാ. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു.

ചോദ്യം: പിന്നെ എന്താണ് റിപ്പോര്‍ട്ട് വന്നപ്പോള്‍ കാര്യങ്ങള്‍ തിരിച്ചായത്?

തിരിച്ചുപറയുന്നത് ……അവരുടെ ലക്ഷ്യമെന്താ? യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടാന്‍ പാടില്ല.

ചോദ്യം: യഥാര്‍ത്ഥത്തിലുള്ള പ്രതികള്‍ അത്രയും രാഷ്ട്രീയസ്വാധീനമുള്ളവരാണോ. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ചില വ്യക്തികളിലേക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിബിഐ പോലുള്ള അന്വേഷണ സംവിധാനങ്ങള്‍ യൂനിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ളതല്ലേ.

ഇതിപ്പോ അങ്ങനെ ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളവരാണെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ മലയാളികള്‍ ആണ്. അവരെവിടെയാണ് താമസിക്കുന്നത്? സിപിഎംകാരുള്ളതും പ്രധാനമായും കേരളത്തിലല്ലേ? ഞാന്‍ തുടക്കത്തിലെ പറഞ്ഞു കേന്ദ്രത്തീന്നുള്ള ഉദ്യോഗസ്ഥന്മാര്‍ വന്നാല്‍മാത്രമേ എന്റെ മക്കളുടെ കാര്യം സത്യസന്ധമായി അന്വേഷിക്കൂ. (മലയാളികള്‍ അല്ലാത്ത ഉദ്യോഗസ്ഥര്‍ എന്നാണ് ഭാഗ്യവതി ഉദേശിക്കുന്നത്) മറിച്ച്; കേരളത്തിലുള്ള എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആയാലും അവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. സോജനത് സാധിക്കും. മാത്രമല്ല; ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പ്രതികളുമുണ്ടല്ലോ.

ചോദ്യം: അപ്പോള്‍ യഥാര്‍ത്ഥപ്രതിയാരാണ് എന്ന് സാഹചര്യപരമായ സംശയമുണ്ടോ?

എനിക്ക് അത് അറിയാമെങ്കില്‍ ഞാന്‍ നൂറുവട്ടം സത്യം പറയുമായിരുന്നല്ലോ. സിപിഎമ്മിന്റെ ജില്ലയിലെ ഒരു യുവനേതാവിനെക്കുറിച്ച് അയാളുടെ ഇടപെടലുകളെക്കുറിച്ച് തുടക്കംമുതല്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതായത് ഒന്ന് സങ്കല്‍പ്പിച്ചുനോക്കുക. ഞാനിപ്പോള്‍ ഒരു തെറ്റ് ചെയ്തു. യഥാര്‍ത്ഥത്തില്‍ ഞാനാണ് തെറ്റ് ചെയ്തതെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ ഞാന്‍ നിങ്ങളോടു പറയും. നിങ്ങള്‍ എന്ത് ആവശ്യപ്പെട്ടാലും ഞാന്‍ അത് ചെയ്തുതരും. ഞാന്‍ ചെയ്ത തെറ്റ് നിങ്ങള്‍ ഏറ്റെടുക്കണം.

ചോദ്യം: ഇപ്പറയുന്ന യുവനേതാവിനെ സംശയിക്കാനുള്ള കാരണങ്ങള്‍ വിശദീകരിക്കാമോ?

അങ്ങനെയാണ് നിഗമനം. ഏത് സാഹചര്യത്തിലെന്നു ചോദിച്ചാല്‍ അവരിവിടെ വന്നിട്ടുണ്ട്. തറവാട്ട് വീട്ടില്‍ വരാറുണ്ട്. വന്നിട്ടുണ്ടെന്നു കുറച്ചു പേര് പറയുന്നുണ്ട്. അറിവതാണ്. എല്ലാ ഞായറാഴ്ചകളിലും, ചിലപ്പോള്‍ ഇടയ്ക്കിടെ ആള്‍ വരും. തറവാട്ട് വീടെന്നാല്‍ ഞാന്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി പറയുകയാണ്. നമുക്ക് ഇവിടെ മൂന്നു സെന്റ് സ്ഥലമേയുള്ളൂ. ഇതിലിപ്പോള്‍ നടുക്ക് നില്‍ക്കുന്നത് ഒരു വീട്. നമ്മുടെ ഷെഡ് അപ്പുറത്തുണ്ടല്ലോ. അത് മധുവിന്റെ വീട്. അതുപോലെ ഒരേ കോംപൗണ്ടിലാണ് ഈ മൂന്നു വീടും നില്‍ക്കുന്നത്. ഈ സിബിഐ നേരില്‍വന്നു ഇതൊക്കെ കണ്ടു ബോധ്യപ്പെടെണ്ടതല്ലെ? ഇതൊക്കെ ബോധിച്ചിട്ടുവേണം മക്കള്‍ പോകുന്നത് എവിടെക്കാണ് എന്നൊക്കെ മനസ്സിലാക്കാന്‍. അപ്പോള്‍ പ്രതിയുടെ വീട്ടിലേക്ക് നമ്മള്‍ മനഃപൂര്‍വം പറഞ്ഞയച്ചു എന്ന് പറയുന്നതില്‍ എത്രമാത്രം സത്യാവസ്ഥയുണ്ട്? അതുകൂടി അറിയേണ്ടേ. മറിച്ചിങ്ങോട്ട് പറയുന്നയാള്‍ക്കാര്‍ അതും ചിന്തിക്കണം. ഒരു ബുക്ക് എടുത്താല്‍ രണ്ടുവശവും വായിക്കണം. ശരിയും തെറ്റും വായിക്കണം. ഞാന്‍ അറിഞ്ഞുകൊണ്ട് മക്കളെ പറഞ്ഞുവിട്ടു, അറിഞ്ഞുകൊണ്ടാണ് ഇതെല്ലം ചെയ്യുന്നത്, അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു എന്ന് പറയുന്നവര്‍ ഇക്കാര്യം ഓര്‍ക്കെണ്ടേ. ഞാന്‍ ഇക്കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നു. പ്രതി അത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ പറയേണ്ടേ? സത്യം എന്റെ മുന്‍പില്‍വച്ചുതന്നെ പറയണം. അല്ലാതെ നിങ്ങള്‍ തനിച്ചു സംസാരിച്ചത് കൊണ്ടായില്ല. ഇവരങ്ങനെ അന്വേഷിച്ചിട്ടുണ്ടോ, ഇല്ലല്ലോ?

ചോദ്യം: അപ്പോള്‍ നിങ്ങളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യലും മൊഴിയെടുക്കലും ഒരിക്കലുമുണ്ടായിട്ടില്ല?
അങ്ങനെ വേണമല്ലോ, അതിന്നുവരെ ഉണ്ടായിട്ടില്ല. പിന്നെ, മറിച്ചൊന്നു പറഞ്ഞാല്‍ പ്രതീനെ നമ്മുടെ ഒപ്പം ഇരുത്തില്ലല്ലോ. ഇപ്പോള്‍ അവന്‍ പ്രതിയാണല്ലോ. കൂടെപ്പിറപ്പ് അല്ലല്ലോ. ഇത്രയുംനേരം ഞാന്‍ പറയുന്നത് കളവാണെന്നു നിങ്ങള്‍ക്ക് തോന്നിയോ? അതാണ് ഞാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ആദ്യം മുതല്‍ പറയുന്നത്.

ചോദ്യം: കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ പിന്തുണ നല്കിയതല്ലെ?

അവരെയൊന്നും തെറ്റിദ്ധരിപ്പിക്കണം എന്നോര്‍ത്ത് പറഞ്ഞതല്ല. 2017ല്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇത്രയൊന്നും എനിക്കറിയില്ല. ഇപ്പോള്‍ എനിക്ക് പറയാന്‍ അറിയുന്നതുപോലെ അന്ന് എനിക്ക് അറിയില്ല. പുറംലോകം എന്തെന്ന് അറിയില്ല. കോടതി, പോലിസ് സ്റ്റേഷന്‍, ഇതെല്ലാം ജിവിതത്തില്‍ ആദ്യമായി കാണുകയാണ്. 2017 ജനുവരി 13നാണ് എന്റെ ആദ്യകുഞ്ഞ് മരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് കിട്ടാതെ 41 ദിവസം ഞാന്‍ അലഞ്ഞുനടക്കുമ്പോഴും ഈ പോലിസ് സ്റ്റേഷനില്‍പോയി പിടിക്കപ്പെട്ടവരെ ജാമ്യത്തിലിറക്കിയത് ലോക്കല്‍ നേതാക്കന്മാര്‍ അല്ലായിരുന്നോ? ഇത്രയും സംസാരിച്ചയാളുകള്‍, ഭാഗ്യത്തിന്റെ മകളുടെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയോയെന്ന് എന്നോടു ചോദിച്ചോ? ഇല്ലല്ലോ. മറിച്ച്, മക്കളുടെ കേസ് നടന്ന കാലത്ത് സിപിഎം അനുഭാവിയായ അഡ്വ. രാജേഷല്ലേ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്? മക്കളെ സംരക്ഷിക്കെണ്ടവരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അപ്പോള്‍ കേസ് അട്ടിമറിക്കാന്‍ എത്ര എളുപ്പമായി. സത്യാവസ്ഥ 2017ല്‍ അറിഞ്ഞിരുന്നെങ്കില്‍ ഇയാളെ വിട്ടു മറ്റൊരു വക്കീലിനെ വയ്ക്കാന്‍ പറ്റുമായിരുന്നു. നമുക്ക് അറിയില്ലല്ലോ. അപ്പോള്‍ എനിക്ക് എഴുത്തും വായനയുമില്ല. പഠിക്കാനറിയില്ല. പാര്‍ട്ടി ചോദ്യമില്ല. അഞ്ച് വര്‍ഷം കഴിഞ്ഞ് വോട്ടുവരുമ്പോള്‍ പുറങ്കാല്‌കൊണ്ട് തട്ടിക്കളിക്കാമെന്ന് അവര്‍ക്കറിയാമായിരുന്നു.

ചോദ്യം: പ്രാദേശികമായി രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധമൊന്നും ഇല്ലായിരുന്നോ? ഇങ്ങനെയൊക്കെ സംഭവിക്കാന്‍?

ഞാന്‍ ജീവിതത്തില്‍ വോട്ട് ചെയ്തതുമുഴുവനും സിപിഎമ്മിനാണ്. അരിവാളിനാണ്. റേഷന്‍ കാര്‍ഡ് കാണിച്ചു വോട്ടുചെയ്യുന്ന കാലംമുതല്‍ ഞാന്‍ അരിവാളിന് തന്നെയാണ് വോട്ടിടുന്നത്. എനിക്ക് എന്റെ പാര്‍ട്ടി, കുടുംബംപോലെയാണ് തോന്നിയിട്ടുള്ളത്. അങ്ങന്നെ ഞാന്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പാര്‍ട്ടിക്ക് പിന്നാലെ കൊടിപിടിച്ചു പോയിട്ടില്ല എന്നത് സത്യമാണ്. പക്ഷെ, ഞാന്‍ ആ പാര്‍ട്ടിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തപ്പോള്‍, എന്റെ മക്കള്‍ക്ക് ഒരു സംഭവം ഉണ്ടായപ്പോള്‍, പാര്‍ട്ടിക്കാര്‍ എന്തുകൊണ്ട് എന്റെയൊപ്പം നില്‍ക്കുന്നില്ല? ഞാന്‍ വേറൊരു രാഷ്ട്രീയക്കാരിയൊന്നുമല്ലല്ലോ. അപ്പോള്‍ എനിക്ക് സിപിഎം എന്നൊന്നും പറയാനറിയില്ല. അരിവാള്‍ പാര്‍ട്ടിയാണെന്നു മാത്രമറിയാം. എനിക്ക് പേര് പറയാനറിയില്ല. സമരകാര്യങ്ങള്‍ക്ക് ഒക്കെയായിട്ട് ഇറങ്ങിനടന്നു പുറത്ത് ആള്‍ക്കാരുമായി സംസാരിക്കാന്‍ തുടങ്ങിയതിനുശേഷമാണ് സിപിഎം ഏതാണ്, കോണ്‍ഗ്രസ് ഏതാണ് എന്നുള്ള തിരിച്ചറിവ് വന്നത്. മാത്രമല്ല; ഇത്ര ധൈര്യത്തോടുകൂടി സംസാരിക്കാനുള്ള കഴിവ് കിട്ടിയത്. ഞാനീ കൂലിപ്പണിക്ക് പോയശേഷം വീട്ടില്‍ ഇരിക്കുന്നയാളാ. നമ്മള്‍ പുറത്തുപോയി നാലാളോട് സംസാരിച്ചാല്‍ മാത്രമേ ലോകം എങ്ങോട്ടാണ്, നമ്മുടെ ആളുകള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവൂ. ആ തിരിച്ചറിവ് ഉണ്ടായശേഷമാണ് ഓരോ കാര്യവും ഓരോരുത്തരുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ധൈര്യം കിട്ടിയത്.

ചോദ്യം: ഡിവൈഎസ്പി സോജനാണല്ലോ ഈ കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹം പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്ന് പറയാന്‍ കാരണമെന്താണ്?

അയാള് കറക്ടായി അന്വേഷിച്ചിരുന്നെങ്കില്‍ ഈ സിബിഐയുടെ അടുത്തൊന്നും പോകേണ്ടി വരില്ലല്ലോ. 2019 ഒക്ടോബര്‍ 19നാണ് പ്രതികളെ വെറുതെ വിടുന്നത്. വെറുതെ വിടുന്നതിനു മുമ്പ് ജനുവരിയിലോ മറ്റൊ മൂപ്പര് മക്കളെക്കുറിച്ച് മോശമായി പറഞ്ഞുവെന്ന് പരാതി പോയിരുന്നു. പിന്നെ അയാള്‍ പറഞ്ഞത് അവര് (പോലിസ് ആദ്യം പിടിച്ചവര്‍ ) ചെയ്തതിനുള്ള ശിക്ഷ അവരനുഭവിച്ചു കഴിഞ്ഞുവെന്ന്. തെളിവൊന്നുമില്ല. പിന്നെ കുട്ടികള്‍, അവര്‍ക്ക് ഇത് ഇഷ്ടമായിരുന്നുവെന്ന് ഓപ്പണായിട്ടു പറയുകയാണ് അയാള്‍ ചെയ്തത്. അവരുടെ പ്രായംകൂടി ഓര്‍ക്കണം. പതിനൊന്നും ഒന്‍പതും വയസ്സുള്ള മക്കളെക്കുറിച്ചാണ ഈ ഉദ്യോഗസ്ഥന്‍ പറയുന്നത് എന്നോര്‍ക്കണം.

ചോദ്യം: പ്രാദേശികമായുള്ള പിന്തുണയും ബന്ധവും എങ്ങനെയാണ്. സമീപകാലത്ത് സമാനമായ
നിരവധി കേസുകള്‍ സംഭവിച്ച സ്ഥലമാണ് വാളയാര്‍ എന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു?

എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം പറയാം. ഇപ്പോള്‍ സിബിഐയുടെതായി വെണ്ടയ്ക്ക അക്ഷരത്തില്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്ന ഇരുപത്തിയേഴു കുട്ടികള്‍ മരണപ്പെട്ട കാര്യമുണ്ടല്ലോ. അതില്‍ നമ്മുടെ രണ്ടു മക്കള്‍ പോയിക്കഴിഞ്ഞാലും ബാക്കി 25കുട്ടികള്‍ വേറെയുമുണ്ടല്ലോ. ഈ ഇരുപത്തഞ്ചു കുട്ടികളുടെ കാര്യവും അന്വേഷിക്കട്ടെ. അപ്പോള്‍ അതിന്റെ പിന്നിലെ കാര്യങ്ങള്‍ പുറത്തുവരില്ലേ? അതിനെന്താ വേണ്ടത്? അപ്പോള്‍ അവരുടെ കാഴ്ച്ചപ്പാടു എന്തായിരുന്നു? എന്റെ മക്കളെ കൊന്നു കെട്ടിതൂക്കിയതുപോലെ ആ കുട്ടികള്‍ ഏതൊക്കെ സാഹചര്യത്തില്‍ മരിച്ചു എന്നെനിക്കറിയില്ല. പക്ഷെ, അതുപോലെതന്നെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചുകൊല്ലുന്ന ഒരു മാഫിയതന്നെയുണ്ട് എന്നാണെന്റെ വിശ്വാസം. വാളയാര്‍ പോലിസ് സ്റ്റേഷനില്‍മാത്രം 2020ല്‍ വിവരാവകാശംവച്ചു ചോദിച്ചപ്പോള്‍ കിട്ടിയത് നാല്‍പ്പത് പോക്‌സോ കേസുകളാണ്.

ചോദ്യം: ഭരണകക്ഷിയുടെ നേതാക്കളാണ് ഈ കേസില്‍ ഇടപ്പെട്ടതെന്ന ആരോപണത്തില്‍ താങ്കള്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ നിങ്ങളുടെ പോരാട്ടത്തിനു കിട്ടേണ്ടതല്ലേ, അതിനെക്കുറിച്ച് എന്ത് പറയുന്നു?

അതെനിക്ക് പറയാന്‍ പറ്റില്ല. അത് അവരോട് തന്നെ ചോദിക്കണം. എന്റെ അറിവെന്നു വച്ചാല്‍ ഇപ്പോള്‍ നമ്മള്‍ സമരം തുടങ്ങിയപ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും നമ്മുടെയിവിടെ എത്തിയിട്ടുണ്ട്. പക്ഷെ, അന്ന് വന്ന ആള്‍ക്കാര്‍ ഇപ്പോള്‍ എവിടെയെന്നു ചോദിച്ചാല്‍ അറിയില്ല. അന്ന്, നിങ്ങള്‍ ഒരു കാരണവശാലും തളരരുത് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞു ഒരുപാട് ആള്‍ക്കാര്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ വരാത്തതില്‍ ഞാന്‍ വിഷമം പറയുന്നില്ല. പക്ഷെ, അന്ന് വന്നതുപോലെ അവര്‍ക്ക് വരണമെന്ന് തോന്നണം. വീണ്ടും സപ്പോര്‍ട്ട് ചെയ്യണം. കാരണം ഇതിന്റെ പിന്നില്‍ കളിക്കുന്ന ആളുകള്‍ ആരാണെന്ന് അവര്‍ക്കറിയാം. ഞാന്‍ വിചാരിക്കുന്നത് അവരെല്ലാം സൗഹൃദത്തിലായിരിക്കാം എന്നാണ്. ചാനല്‍ ചര്‍ച്ചകളില്‍മാത്രമേ അവര്‍ പരസ്പരം എതിര്‍പ്പ് കാണിക്കാറുള്ളൂ.

ചോദ്യം: വീണ്ടും ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ. സിബിഐ കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ധാര്‍മ്മികമായ വലിയ ചോദ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വളരെ മോശമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ വന്നത് എന്നറിയാമല്ലോ?

ഞാന്‍ പറയട്ടെ, മക്കളുടെ മുമ്പില്‍വച്ച് ഇങ്ങനെ ചെയ്തതെന്ന് പറയുമ്പോള്‍ അതിനുള്ള തെളിവ് എന്താണ്? എന്നോടു സംസാരിച്ചപ്പോള്‍ ഉള്ള വിഡിയോ റിക്കോര്‍ഡ് ചെയ്തുവെച്ചിട്ടുണ്ടല്ലോ. അതുപോലെ വലിയ മധുവിന്റെ ഒപ്പം ഞാന്‍ കിടന്നുവെന്ന് അവന്‍ പറയുന്നുണ്ടോ. അങ്ങനെ പറയുന്നതിന്റെ വിഡിയോ ഉണ്ടോ? അതെന്താ പുറത്തുവിടാത്തെ? അപ്പോള്‍ എനിക്ക് പറയാനുള്ളത് എന്നെ നുണപരിശോധന നടത്തൂവെന്നാണ്. അപ്പോള്‍ സത്യങ്ങളൊക്കെ പുറത്തുവരുമല്ലോ. മധുവിനെയും നുണപരിശോധയ്ക്ക് വിധേയമാക്കണം. യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് അവനറിയാം. എന്തുകൊണ്ട് ചെയ്യുന്നില്ല? എന്തിനും തയ്യാറായാണ് ഞാനിവിടെ ഇരിക്കുന്നത്.. പിന്നെ സിബിഐയുടെ തീരുമാനം എന്താണെന്ന് വച്ചാല്‍ നമ്മളെ ഒറ്റപ്പെടുത്തുക, കുറ്റക്കാരാക്കുക, നമ്മളെ സഹായിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കുക അതൊക്കെയാണ് അവരുടെ കാഴ്ച്ചപ്പാട്. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ ഒറ്റയ്ക്കാവും. സമരത്തിന് ഒപ്പം നില്‍ക്കുന്നവര്‍ ഇട്ടിട്ടുപോകും. അപ്പോള്‍ ഞങ്ങളെന്ത് ചെയ്യും? മനപ്രയാസം കൊണ്ട് കെട്ടിതൂങ്ങിച്ചാവും. അല്ലെങ്കില്‍ മരുന്ന് കുടിക്കും. അല്ലെങ്കില്‍ റെയില്‍വേപാളത്തില്‍ തലവെക്കും. ഇത് മൂന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്റെ മക്കളെ കൊന്നതാണെന്ന് എനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട്. അതുകൊണ്ട് അവരു വന്നു എന്നെ കൊല്ലണം. അല്ലാത്തിടത്തോളം കാലം ഞാന്‍ ചാവൂല. മുമ്പ് ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ പൊട്ടികരയുമായിരുന്നു. പക്ഷേ, കരഞ്ഞതുകൊണ്ട് ഒന്നും നേടാന്‍ സാധിക്കില്ലാന്ന് പിന്നീട് മനസ്സിലായി. കരഞ്ഞിട്ടല്ല നേടേണ്ടത് പൊരുതിയാണ് നേടേണ്ടതെന്നു മനസിലായതുകൊണ്ടാണ് ഞാന്‍ എവിടെയും തളരാന്‍ തയ്യാറാവത്തത്. എന്റെ ഈ തലമുടി മുറിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതാ എന്റെ മക്കള്‍ക്ക് നീതി കിട്ടിയിട്ടെ ഞാന്‍ മുടി നീട്ടി വളര്‍ത്തുവെന്ന്. അങ്ങനെ ഉറച്ച തീരുമാനത്തോടെയാണ് ഞാന്‍ മുടി മുറിച്ചത്. വീട്ടീന്ന് ഇറങ്ങി ഒരു യാത്രപോകുമ്പോള്‍ ആയിരംവട്ടം കൊല്ലപ്പെടുമെന്ന് എനിക്കറിയാം. മരിക്കുമെന്ന് എനിക്കറിയാം.

ചോദ്യം: അങ്ങനെ വധഭീഷിണി വല്ലതുമുണ്ടോ?

അത് കൊണ്ടാണല്ലോ നാല് വര്‍ഷമായി പോലിസുകാരെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്. ഇവിടെ അടുത്തുള്ളവരൊക്കെ തന്നെയാണ് ഭീഷണി മുഴക്കുന്നത് എന്നെനിക്കറിയാം. ചെറുപ്പംമുതലേ കേട്ടുള്ള ശബ്ദവും പരിചയവും ഉണ്ടല്ലോ. അതുകൊണ്ട് ഫോണ്‍ മാറ്റി വിളിച്ചാലും ആ ശബ്ദം തിരിച്ചറിയാം. ഈ ഭീഷണിപ്പെടുത്തുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദനയറിയൂ. അത് മറ്റാരോടും പറഞ്ഞുനടക്കേണ്ട കാര്യമില്ല. നഷ്ടം സംഭവിച്ചവര്‍ക്കേ ആ വേദന മനസ്സിലാകൂ.

ചോദ്യം: ഏറ്റവും ദുരിതപൂര്‍ണ്ണമായ ബാല്യകാലം താണ്ടിയാണ് ഭാഗ്യവതി ഇവിടെവരെയെത്തിനില്‍ക്കുന്നത്. അതേ ദുരിതംതന്നെ സ്വന്തം മക്കള്‍ക്ക് ഉണ്ടാകുന്നത് കാണേണ്ടിവന്നു. ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ അത്തരം അനുഭവങ്ങള്‍ തുണയാകുമോ?

അതേ. അപ്പന് മലബാര്‍ സിമന്റിസില്‍ ജോലിയുണ്ടായിരുന്ന കാലത്ത് കുഴപ്പമില്ലാതെ പോയ ജീവിതം അപ്പന്റെ അസുഖത്തോടെയാണ് മാറിമറിഞ്ഞത്. അക്കാലത്ത് അമ്മ ഹോട്ടല്‍ പണിക്ക് പോയിട്ട് അവിടുന്നു മിച്ചം വരുന്ന ഭക്ഷണവുമായി രാത്രി എട്ട് മണിയോടെ എത്തും. വൈകിട്ട് എട്ടുമണിക്ക് കൊണ്ടുവരുന്ന ആ ഭക്ഷണം പിറ്റേന്ന് രാത്രിവരെ കഴിക്കും. പഴകിയതായാലും. അപ്പോള്‍ അങ്ങനെ ഒരവസ്ഥയില്‍ എന്റെ മക്കള്‍ വളരരുത് എന്ന് ഞാന്‍ ആഗ്രഹിച്ചു. അപ്പന് തീരെ വയ്യാത്ത കാലത്ത് പഠിപ്പ് നിര്‍ത്തിയ കാലത്താണ് സിസ്റ്റര്‍മാര്‍ വന്നിട്ട് എന്നെ അവരോടൊപ്പം വിട്ടാല്‍ നല്ല ഭക്ഷണവും ഉടുപ്പുമെല്ലാം തരാമെന്നു പറഞ്ഞത്. എന്റെ പതിമൂന്നു വയസ്സു മുതല്‍ ഒന്‍പതുവര്‍ഷം ഞാന്‍ ഗുരുവായൂരുള്ള ഒരു കോണ്‍വെന്റില്‍ ആയിരുന്നു. 2001ലാണ് ഞാന്‍ തിരിച്ചു പാലക്കാട്ട് വരുന്നത്. ഈ പരിചയത്തിലൂടെയാണ് എന്റെ രണ്ടു പെണ്മക്കളെയും അവിടെ കൊണ്ടുപോയി പഠിക്കാന്‍ വിട്ടത്. മൂത്തയാള്‍ നാലാം ക്ലാസ്സില്‍നിന്ന് അഞ്ചില്‍ പഠിക്കുമ്പോള്‍ അവള്‍ പ്രായപൂര്‍ത്തിയായി. വെക്കേഷന്‍ സമയത്ത് അതിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞു അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കി. പീരിയഡ്‌സ് സമയമാകുമ്പോള്‍ അവള്‍ക്ക് ശ്രദ്ധിക്കാനറിയില്ല. പതിനഞ്ച് ദിവസം കൂടുമ്പോള്‍ പീരിയഡ്‌സ് ആകുമായിരുന്നു. അപ്പോള്‍ അമ്മമാര് വിളിച്ചു പറഞ്ഞു ഒരുവര്‍ഷം ഇങ്ങോട്ട് കൊണ്ടുവന്നു ഇക്കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയ ശേഷം അടുത്തവര്‍ഷം രണ്ടുപേരെയും അവിടെനിര്‍ത്തി പഠിപ്പിക്കാമെന്ന്. ആ ഒറ്റ കാരണം കൊണ്ടാണ,് അങ്ങനെയൊരു കാര്യം വന്നതുകൊണ്ടാണ്, എന്റെ രണ്ടു മക്കളും പോയത്.. നിങ്ങള്‍ക്കറിയോ? ഇങ്ങനെ സംഭവിക്കുമെന്ന്, ചതിക്കുമെന്ന് എനിക്കറിയില്ല.

നാല്‍പ്പത് മിനിറ്റോളം വളരെ ധൈര്യത്തോടെ, ആര്‍ജവത്തോടെ സംസാരിച്ച ഭാഗ്യവതി ഇത് പറഞ്ഞു നെഞ്ചത്തലച്ചു പൊട്ടിക്കരഞ്ഞു. വീണ്ടും ഞങ്ങള്‍ക്കൊന്നും ചോദിക്കാനോ അവര്‍ക്കൊന്നും പറയാനോ കഴിയുമായിരുന്നില്ല. മുറ്റത്ത് ആ കുഞ്ഞുങ്ങള്‍ നട്ട ചെടികള്‍ നിശബ്ദമായും വാടിത്തളര്‍ന്നും നില്‍ക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞുങ്ങളുടെ അവസാനനിമിഷങ്ങള്‍ പൊലിഞ്ഞ വീടിനുസമീപത്തെ ഷെഡും ഒന്നും ഓര്‍ക്കാനിഷ്ടമില്ലാതെ നിന്നു.

 

No Comments yet!

Your Email address will not be published.