റവ. ഡോ. വൈ ടി വിനയരാജ്
എഴുത്തുകാരനും ബംഗളൂരുവിലെ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് റിലീജ്യന്‍ ആന്റ് സൊസൈറ്റി ഡയറക്ടറുമായ റെവ. ഡോ. വൈ ടി വിനയരാജുമായി ഒരു സംഭാഷണം.
താങ്കളുടെ ആദ്യകാല സാമൂഹിക ഇടപെടലുകളെക്കുറിച്ച്?
സ്റ്റുഡന്റ് ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന ഒരു ഇടത് ആഭിമുഖ്യമുള്ള സംഘടനയുമായി ഞാന്‍ വിദ്യാര്‍ത്ഥികാലഘട്ടത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍, ഫാ. എം എം തോമസ് തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തില്‍ ലിബറേഷന്‍ തിയോളജി ശക്തമായിരുന്ന എണ്‍പതുകളിലാണത്. ഇടതുപക്ഷ മനസ്സുള്ളതുകൊണ്ട് വളരെ പെട്ടെന്നുതന്നെ അവരുമായി ബന്ധം സ്ഥാപിക്കാന്‍ എനിക്കു കഴിഞ്ഞു. വിദ്യാര്‍ത്ഥികാലഘട്ടത്തില്‍ പൗലോസ് മാര്‍ പൗലോസ് തിരുമേനിയെപ്പോലുള്ളവരായിരുന്നു പ്രചോദനം. കാര്‍ഡിയന്‍ ചര്‍ച്ച് അദ്ദേഹത്തെ ജര്‍മനിയിലേക്ക് അയച്ചത് മാര്‍ക്‌സിനെതിരേ പ്രസംഗിക്കാന്‍ പഠിക്കാനായിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ പോയി മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായി. തിരിച്ചു നാട്ടിലെത്തിയ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടത് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തെ ഗൗരവത്തോടെ ഏറ്റെടുക്കണമെന്നായിരുന്നു. 1972ന് ശേഷം തിയോളജിക്കല്‍ അക്കാദമികളില്‍ തൊഴില്‍ (ലേബര്‍) ഒരു ചര്‍ച്ചാവിഷയമായിരുന്നിട്ടേയില്ല. അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സെമിനാരികളില്‍ നടക്കാറില്ലായിരുന്നു. ഇതിലൊരു മാറ്റം കൊണ്ടുവരുന്നത് അദ്ദേഹമാണ്.
ചോദ്യം. ചരിത്രം പരിശോധിച്ചാല്‍ 1930കളില്‍ ഉറച്ച പരസ്പര ബന്ധം പുലര്‍ത്തിയിരുന്ന സമുദായങ്ങളാണ് ഈഴവരും ്രൈകസ്തവരും മുസ്‌ലിംകളും. എന്നാല്‍, ഇന്ന് ഇന്ത്യയിലെ ്രൈകസ്തവരും മുസ്‌ലിംകളും തമ്മില്‍ വലിയ സ്പര്‍ദ്ധയുണ്ടെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. അത് ശരിയാണോ? താങ്കള്‍ എങ്ങനെയാണ് വിലയിരുന്നത്?
ഞാനൊരു ക്രിസ്തുമത വിശ്വാസിയാണ്. ലിബറല്‍ സെക്കുലര്‍ അല്ല. അക്കാദമിക് തലത്തില്‍ മതവിദ്യാഭ്യാസം നേടിയ വൈദികനും സഭാശുശ്രൂഷകനുമാണ്. ക്രിസ്ത്യാനിറ്റിയെക്കുറിച്ചുള്ള നരേറ്റീവ്കളില്‍ ഗൗരവമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. അത് പരിശോധിക്കപ്പെടണം.
ഇസ്‌ലാമിനെക്കുറിച്ചുള്ള പുനര്‍വായന നടക്കുന്ന കാലമാണ് ഇത്. ഹിന്ദുമതത്തെക്കുറിച്ചും ചില പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ആഖ്യാനങ്ങള്‍ക്കകത്ത് മതപാരമ്പര്യങ്ങള്‍ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നാണ് പരിശോധിക്കുന്നത്.

ക്രിസ്തുമതത്തിന്റെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനംകൊള്ളുന്ന ആളാണ് ഞാന്‍. വിമര്‍ശനങ്ങള്‍ ഇല്ലാ എന്ന് അതിനര്‍ത്ഥമില്ല. വളരെ പ്രോഗ്രസ്സീവ് ആയ കമ്മ്യൂണിറ്റിയായിട്ടാണ് ഞാന്‍ എന്റെ മതവിശ്വാസി സമൂഹത്തെ കാണുന്നത്. പ്രോഗ്രസ്സീവ് ആയ നിലപാടുകളെ അത് അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയംതന്നെ, പുരോഗമനവിരുദ്ധമായ നിലപാടുകളും എടുത്തിട്ടുണ്ട്. നമുക്കതിനെ വിമര്‍ശിക്കാം. വിമര്‍ശിക്കാന്‍ ആ കമ്മ്യൂണിറ്റിക്കകത്ത് സ്‌പേസ് ഉണ്ട്. അതുകൊണ്ടാണ് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നത്.
സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനി സമൂഹവും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു. എങ്കിലും അതിനകത്തും സോഷ്യലിസ്റ്റ് ചിന്തകരായ ഒരു ചെറു കൂട്ടമുണ്ടായിരുന്നു. ഗാന്ധിയന്‍ പ്രസ്ഥാനത്തോട് ചേര്‍ന്നുനിന്ന സി എഫ് ആന്‍ഡ്രൂസിനെപ്പോലെയുള്ളവര്‍. ബ്രിട്ടീഷുകാര്‍ കൊളോണിയല്‍ മേധാവികളാണ്. അവര്‍ നാടുവിടണം. ക്രിസ്ത്യാനികള്‍ വിദേശപൗരത്വവുമായല്ല ഇവിടെ നില്‍ക്കേണ്ടത്. ഇന്ത്യക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ടാവണം. ഇങ്ങനെ ഇന്ത്യയുടെ ഡി കൊളോണൈസ്ഡ് അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്ന ആ ചെറുവിഭാഗമാണ് ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് റിലീജിയന്‍ ആന്റ് സൊസൈറ്റി എന്ന സ്ഥാപനം രൂപീകരിച്ചത്. ഇന്റര്‍ഫെയ്ത് ഡയലോഗ് എന്നൊരാശയം ലോകത്ത് ആദ്യമായി രൂപപ്പെടുത്തിയത് അവരാണ്.
ഹിന്ദുമത സമൂഹവുമായിട്ടുള്ള സംവാദത്തോടെയായിരുന്നു തുടക്കം. നവോത്ഥാന ഹിന്ദുയിസമാണ് ക്രിസ്ത്യന്‍ ചര്‍ച്ചുമായി സംവാദത്തിലേര്‍പ്പെടുന്നത്. അത് പിന്നീട് ആഗോളതലത്തില്‍ വ്യാപകമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയുടെ ആവശ്യമില്ല. അത് ഇന്ത്യയിലാണ് ഉണ്ടായത്. ദേശീയപ്രസ്ഥാനത്തിലെ ആശയങ്ങള്‍ ക്രിസ്റ്റ്യാനിറ്റിയിലേക്കും പകരുന്നുണ്ട്. 1936ലെ താംബരം കോണ്‍ഫ്രന്‍സോടെ കോളനി വിരുദ്ധ ചര്‍ച്ച്, സഭ, ദൈവശാസ്ത്രം, ഇന്ത്യന്‍ ക്രിസ്ത്യന്‍ അസ്തിത്വം ഇങ്ങനെ കോളനിവിരുദ്ധവും ആധിപത്യവിരുദ്ധവുമായ സങ്കേതങ്ങള്‍ ദൈവശാസ്ത്രത്തിനകത്ത് ചര്‍ച്ചയാവുകയും കമ്മ്യൂണിറ്റിയെ ഉള്ളില്‍ നിന്ന് പരിഷ്‌കരിക്കുന്ന ഒരു ധാര രൂപം കൊള്ളുകയും ചെയ്യുന്നുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
പാംപ്ലാനിയെ പോലുള്ള ആളുകള്‍ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതികള്‍ക്കകത്ത് പെട്ടുപോവുകയും അവര്‍ പറയുന്നതാണ് ഇന്ത്യന്‍ ്രൈകസ്തവരുടെ നിലപാടെന്ന് വരുത്തുകയും ചെയ്യുന്നതിനോട് എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. വാസ്തവം അങ്ങനെയല്ല. ഇസ്‌ലാമോഫോബിയ താഴെത്തട്ടില്‍വരെ സ്വാധീനിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും.
ഞാന്‍ വിവിധ സെമിനാരികളില്‍ മാറിമാറി പഠിപ്പിക്കുന്ന അധ്യാപകനാണ്. അക്കാദമിക് മേഖലയിലുള്ളവര്‍ എടുക്കുന്ന നിലപാടല്ല, താഴെത്തട്ടിലുള്ള വിശ്വാസി സമൂഹം എടുക്കുന്നതെന്നത് ശരിയാണ്. ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഞങ്ങളെപ്പോലും ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ക്രിസ്ത്യന്‍ സയണിസ്റ്റ് ആശയങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ക്രിസ്ത്യന്‍ അക്കാദമിയില്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്ന പുസ്തകങ്ങളിലും ലേഖനങ്ങളിലും ഇതൊന്നുമില്ലെങ്കിലും അക്കാദമിക് ലോകത്തിനപ്പുറത്ത് സാധാരണ ആളുകളില്‍ ഇതെത്തുന്നുണ്ടെന്ന് സ്വയംവിമര്‍ശനപരമായി വിലയിരുത്തേണ്ടതാണ്. എങ്കിലും സംഘപരിവാര്‍ അനുകൂല നിലപാട് ഒരു ചെറുന്യൂനപക്ഷത്തിന്റേതാണെന്ന് ഉറപ്പാണ്. ഭൂരിപക്ഷം ഇപ്പോഴും ഇത്തരം പ്രത്യയശാസ്ത്രനിലപാടുകളെ എതിര്‍ക്കുന്നു.

ക്രിസ്ത്യാനികള്‍ മുസ്‌ലിംകളോടുമാത്രമല്ല, ഇതര മതസംസ്‌കാരങ്ങളോടും ചേര്‍ന്നുനില്‍ക്കണം. പരസ്പരം കൊടുക്കല്‍വാങ്ങലുകളാണ് വേണ്ടത്. നീതിയുടെ പ്രശ്‌നം അഭിസംബോധന ചെയ്യണം. ക്രിസ്തുപറഞ്ഞ സുവിശേഷത്തിന്റെ ആ ധാരയിലാണ് ഇന്നും ഇന്ത്യന്‍ ക്രൈസ്തവരില്‍ ഭൂരിഭാഗവുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ കഴിഞ്ഞ 30 വര്‍ഷത്തെ അനുഭവം അതാണ് സൂചിപ്പിക്കുന്നത്. എന്റെ പിതാവും സഭാശുശ്രൂഷകനായിരുന്നു. ജനിച്ചകാലം മുതല്‍ ഞാന്‍ കണ്ടുവരുന്നതാണിത്. 30 വര്‍ഷത്തെ എന്റെ ശുശ്രൂഷാ ജീവിതത്തിലും അക്കാദമിക് യാത്രയിലും ഞാന്‍ മനസ്സിലാക്കിയത് ഇതാണ് ഇന്ത്യന്‍ ക്രിസ്തീയത എന്നാണ്. സ്വഭാവത്തില്‍ അത് പോസ്റ്റ് കൊളോണിയലാണ്. ഇസ്‌ലാമിനെതിരേ എന്നല്ല, ഒരു മതവിഭാഗത്തിനെതിരേയുള്ള വിവേചനത്തെയും അത് അനുകൂലിക്കുന്നില്ല. വിശ്വാസികളില്‍ ഭൂരിപക്ഷവും അത്തരക്കാരാണ്.
എന്നാല്‍ ഇസ്‌ലാമോഫോബിയ ലെജിറ്റിമൈസ് ചെയ്യുന്ന, സംഘപരിവാരത്തിന്റെ പാളയത്തിലേക്ക് ചാടിയ ന്യൂനപക്ഷമുണ്ട്. അവര്‍ സമ്പത്തും പൊളിറ്റിക്കല്‍ ബാര്‍ഗെയ്‌നിങ് കപ്പാസിറ്റിയും മീഡിയകളെ നിയന്ത്രിക്കാന്‍ കഴിയുന്നവരുമാണ്. അവര്‍ക്ക് ലഭിക്കുന്ന മൈലേജ് കണ്ട് അതിന്റെ ഉത്തരവാദിത്തം ഇന്ത്യയിലെ മുഴുവന്‍ ക്രിസ്ത്യാനികളുടെയും തലയില്‍ വയ്ക്കുന്നത് ശരിയല്ല.
മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത്, ഇന്ത്യയിലെ ്രൈകസ്തവരെക്കുറിച്ചുള്ള കണക്കുകള്‍ എന്തെങ്കിലും അറിയാമോയെന്ന് ചോദിക്കാറുണ്ട്. ക്രിസ്മസിനും ഈസ്റ്ററിനും കത്തോലിക്കാ ദേവാലയത്തിലെ ആരാധനകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ കാണുക. രാജ്യത്ത് നൂറ് കണക്കിന് സഭകളും വിഭാഗങ്ങളുമുണ്ട്. പ്രൊട്ടസ്റ്റന്റുകാര്‍ തന്നെ നിരവധി. നോര്‍ത്ത് ഈസ്റ്റിലേക്ക് പോയാല്‍ ഇത്തരം നിരവധി വിഭാഗങ്ങളെ കാണാം. അവരൊന്നും കത്തോലിക്കരല്ല. ദലിത് ആദിവാസി വിഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ക്രൈസ്തവരായിട്ടുണ്ട്. അവരുടെയൊന്നും യഥാര്‍ത്ഥ കണക്കുകള്‍ പോലും ശരിയായ രീതിയില്‍ ലഭ്യമല്ല.
വസ്തുത ഇതായിരിക്കെ കേരളത്തിലെ മാധ്യമങ്ങള്‍ കുരുതുന്നത് സവര്‍ണ കത്തോലിക്കരാണ് ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ മുഖമെന്നാണ്. അങ്ങനെയുള്ള വല്ല കണക്കുകളും ലഭ്യമാണോ? ഉണ്ടെങ്കില്‍ അതിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് എന്താണ്? എന്താണതിന്റെ അടിസ്ഥാനം? ന്യൂമറിക്കലായി സംസാരിക്കുകയാണെങ്കില്‍ ്രൈകസ്തവരില്‍ ഭൂരിപക്ഷവും ഇസ്‌ലാമോഫോബിയയെ അനുകൂലിക്കുന്നവരല്ല. എല്ലാ മതവിഭാഗങ്ങളുമായും അനുരഞ്ജനത്തില്‍ പോവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്റെ അനുഭവവും അതാണ്.
നാഗ്പൂരില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍സിസിഐ) എന്ന പേരില്‍ ഒരു സ്ഥാപനമുണ്ട്. അവര്‍ പുറത്തുവിട്ട രേഖകളൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നില്ല. പകരം ഇന്ത്യന്‍ ക്രിസ്തീയത ചുരുങ്ങിച്ചുരുങ്ങി എറണാകുളത്തെ കെസിബിസിയുടെ ആലയത്തിലായിരിക്കുന്നു. അവിടെ എന്തു സംഭവിച്ചോ അതാണ് ക്രിസ്തീയത. അവരുടെ കൂടെ ചെന്ന് നിന്നാലെ പത്രത്തില്‍ പടമെങ്കിലും വരൂ എന്ന് ഞങ്ങളുടെ ബിഷപ്പുമാരൊക്കെ തമാശയായി പറയാറുണ്ട്. ഇത് പരിതാപകരമാണ്.
അതേസമയം സ്വയംവിമര്‍ശനാത്മകമായൊരു കാര്യംപറയാം. ക്രിസ്ത്യാനികള്‍ക്കിടയില്‍ ക്രിസ്റ്റ്യന്‍ സയണിസം പ്രചരിപ്പിക്കാനും ഇസ്‌ലാമോഫോബിയ വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് ഗംഭീരമായി നടത്തുന്നുണ്ട്. അവരുടെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഹാന്‍ഡില്‍ കൈകാര്യംചെയ്യുന്നത് ക്രിസ്ത്യാനിയാണ്. കത്തോലിക്കാ സഭയാണ് ഏറ്റവും കൂടുതല്‍ ഭൂസ്വത്ത് കൈവശംവയ്ക്കുന്നത് എന്ന് ഓര്‍ഗനൈസറില്‍ എഴുതിപിടിപ്പിച്ചത് ജിതിന്‍ എന്ന് പേരുള്ള ക്രിസ്ത്യാനിയാണ്. രാജീവ് ചന്ദ്രശേഖറിന്റെ മീഡിയ മാനേജര്‍ അനൂപ് ആന്റണിയാണ്. കത്തോലിക്കാസഭയെ അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രൊട്ടസ്റ്റന്റുകാര്‍ കുറച്ചൊക്കെ പ്രതിരോധിക്കുന്നതുകൊണ്ട് അവര്‍ക്കിടയില്‍ ഇതൊന്നും നടക്കുന്നില്ല. കാത്തോലിക്കരെ സവര്‍ണത പറഞ്ഞ് സ്വാധീനിക്കാമെന്നതുകൊണ്ട് അവര്‍ക്കിടയിലാണ് കൂടുതല്‍ ശ്രമങ്ങളും നടക്കുന്നത്. സോഷ്യല്‍ മീഡിയ, പോര്‍ട്ടലുകള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവയിലൂടെ ഇത് ആളുകളിലേക്ക് പടരുകയും ചെയ്യുന്നുണ്ട്.
വിശ്വാസികളുടെ ഗൃഹസന്ദര്‍ശനവേളകളില്‍ ‘അച്ചോ ഇത് കണ്ടിരുന്നോ’ എന്ന ചോദ്യത്തോടെ പല വാട്‌സ്ആപ്പ് ഫോര്‍വേഡുകളും കാണിച്ചുതരും. ക്രിസ്ത്യാനികളെ മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യിക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ പോലുള്ളവയായിരിക്കും അതില്‍ പലതും. ഇത് റിയല്‍ ആണോ എന്ന് ചോദിച്ചാല്‍ അതറിയില്ല, ഇതിങ്ങനെ വരുന്നുണ്ട് എന്നായിരിക്കും മറുപടി.
ഇന്നലെ എനിക്ക് അയച്ചുകിട്ടിയ ഒരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി ചോദിച്ചത് 19ാം വയസ്സില്‍ ക്രിസ്തുമതം ഉപേക്ഷിച്ച് ആര്‍എസ്എസില്‍ ചേര്‍ന്ന ജോര്‍ജ് കുര്യന് എങ്ങനെയാണ് ക്രിസ്ത്യാനികളുടെ പേരില്‍ സംസാരിക്കാനാവുകയെന്നാണ്. നമുക്ക് വേറെ ജോലിയുള്ളതുകൊണ്ട് ഇത്തരം മെസേജുകള്‍ നിരവധിപേര്‍ക്ക് കൈമാറാന്‍ കഴിയില്ലല്ലോ. പക്ഷേ, അവര്‍ അങ്ങനെയല്ല. പണം കൊടുത്ത് ഇസ്‌ലാമോഫോബിയ പടര്‍ത്തുകയാണ്. ഞങ്ങള്‍ക്ക് ചെയ്യാവുന്നത് ഞങ്ങളുടെ ചെറിയ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് ഇതൊന്നുമല്ല, ക്രിസ്ത്യാനിറ്റിയെന്ന് പറഞ്ഞുകൊടുക്കലാണ്. അത് ചെയ്യാറുണ്ട്. ഇസ്‌ലാമോഫോബിയയ്ക്കും സയണിസത്തിനുമെതിരേ ചിലരൊക്കെ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് സഭകളെ അവര്‍ക്ക് കൂട്ടത്തോടെ പടിച്ചെടുക്കാന്‍ കഴിയാത്തത്.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ നൂറുകണക്കിന് പ്രൊട്ടസ്റ്റന്റ് സഭകളുടെയും അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എന്‍ജിഒകളുടേയും ഒരു കൂട്ടായ്മയാണ്. നൂറ്റമ്പതിലധികം വര്‍ഷം പഴക്കമുള്ളൊരു സ്ഥാപനം. ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ബ്രിട്ടീഷുകാരുടെ കാലത്തെ മിഷണറിമാര്‍ തുടങ്ങിയതാണ്. അത് പിന്നീട് ഇന്ത്യക്കാര്‍തന്നെ ഏറ്റെടുത്തു. ഇവര്‍ ഇത്തരം നിരവധി വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.
കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ കത്തോലിക്കാ വിഭാഗം ന്യൂനപക്ഷമാണ്. കൂടുതലായിട്ടുള്ളത് പ്രൊട്ടസ്റ്റന്റ് വിഭാഗവും മതപരിവര്‍ത്തിതരുമാണ്. ആദിവാസികളായ ക്രിസ്ത്യാനികള്‍ക്ക് പലയിടങ്ങളിലും ഇരട്ട സ്വത്വമാണ് ഉള്ളത്. അതിന് രേഖയുണ്ടാവണമെന്നില്ല. അത് സര്‍ക്കാരിനുമറിയാം. അതുകൊണ്ടുതന്നെ അതിന്റെ കണക്ക് പുറത്തുവിടുക എളുപ്പമല്ല. ഉത്തരേന്ത്യയില്‍ കത്തോലിക്കാ സഭയേക്കാള്‍ മതപരിവര്‍ത്തിതരായിട്ടുള്ള വിഭാഗങ്ങളുണ്ട്. ഉത്തരേന്ത്യയില്‍ ഒരു പാസ്റ്ററെ മര്‍ദ്ദിച്ചത് ഓര്‍ക്കുന്നില്ലേ. മാധ്യമങ്ങള്‍ക്കോ സര്‍ക്കാരിനോ അതൊന്നും വലിയ കാര്യമായി തോന്നുന്നില്ല. കാരണം അവരൊന്നും അധികാരമുള്ള സഭയുടെ ഭാഗമല്ല.
ചോദ്യം: ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ കത്തോലിക്കാ സഭയ്ക്കകത്തുതന്നെ ചില മെത്രാന്‍മാരും അല്‍മായരും തമ്മില്‍ വ്യത്യസ്ത അഭിപ്രായമുണ്ടല്ലോ. അതുപോലെ ഇന്ത്യയിലെ ഏതെല്ലാം ക്ര്‌സ്ത്യന്‍ വിഭാഗങ്ങളാണ്, ക്രിസ്റ്റ്യാനിറ്റിക്കകത്ത് വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയയെ എതിര്‍ക്കുന്നവരായുള്ളത്?
ഇന്ത്യയില്‍ കത്തോലിക്കരല്ലാത്ത വിഭാഗങ്ങളുമുണ്ട്. പ്രൊട്ടസ്റ്റന്റ്, ഇന്‍ഡിപ്പെന്‍ഡന്റ് വിഭാഗങ്ങളുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ചര്‍ച്ചസ് വ്യത്യസ്ത സ്വഭാവമുള്ള മറ്റൊരു വിഭാഗമാണ്. അമേരിക്കന്‍ ബാപ്റ്റിസ്റ്റ് വിഭാഗങ്ങളുണ്ട്. ഒന്നിച്ചു ചേര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്തവിധത്തിലുള്ള തിയോളജിക്കല്‍ വ്യത്യസ്തതകളുള്ള വിഭാഗങ്ങള്‍ പോലുമുണ്ട്. അത്രമേല്‍ വൈവിധ്യമുള്ള സുന്ദരമായൊരു സമൂഹമാണത്.
കേരളത്തിലെ സീറോ മലബാര്‍ സഭ ഏറെക്കുറെ ശക്തമായ അധികാരബന്ധങ്ങളുള്ള സഭയാണ്. ബംഗളൂരുവിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാവും. ്രൈകസ്റ്റ് യൂനിവേഴ്‌സിറ്റിയിലെ വൈസ്ചാന്‍സലര്‍ സംസാരിക്കുന്നത് മലയാളമായിരിക്കും. ഒരു കൊച്ചു സഭ പെട്ടെന്ന് വളരുകയും വ്യാവസായികമായും മറ്റും സമ്പന്നമാവുകയുമാണ് ചെയ്തത്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ പിന്തുണയുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ പിന്തുണയും ലഭിച്ചു. ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും തമ്മിലുള്ള ഐഡിയോളജിയിലുള്ള വ്യത്യാസം അവര്‍ക്ക് ബാധകമല്ല. അധികാരം എവിടെയാണോ അവിടെ ഉറച്ചു നില്‍ക്കും. നാളെ പ്രിയങ്കയോ രാഹുല്‍ ഗാന്ധിയോ അധികാരത്തില്‍ വന്നാല്‍ പാംപ്ലാനി അവര്‍ക്കും പിന്തുണ പ്രഖ്യാപിക്കും. അത്രയേയുള്ളൂ.
വഖ്ഫ് ബില്ല് പാസ്സാക്കിയതിന്റ തൊട്ടടുത്ത ദിവസം ഓര്‍ഗനൈസറില്‍ സഭയ്‌ക്കെതിരേ വാര്‍ത്തവന്നപ്പോള്‍ പാംപ്ലാനി പറഞ്ഞത് വഖ്ഫ് ബില്ല് വന്നതുകൊണ്ടുമാത്രം കാര്യമില്ല, മുനമ്പം പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്ന് എല്ലാവരും കൂടിയിരുന്ന് ചിന്തിക്കണം എന്ന്. എല്ലാവരും അതുവരെ പറഞ്ഞിരുന്നത് ഇതായിരുന്നു.
ജനാഭിമുഖ കുര്‍ബാന വേണമോ അതോ മറിച്ചുവേണമോ എന്നൊക്കെയുള്ള നിസ്സാരതര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയൊക്കെയാണ് ഇപ്പോളവര്‍ ആകെക്കൂടി ചെയ്യുന്നത്. ബെനഡിക്ട് തിരുമേനിയെ പോലെ സാമൂഹികബോധമുള്ളവര്‍ നയിച്ച ഒരു സഭയാണത്. ആ സ്ഥാനത്താണ് പാംപ്ലാനിയെ പോലുള്ളവര്‍ ഇരിക്കുന്നത്. നൂറുകോടി രൂപ ഭൂമികുംഭകോണം നടത്തിയതിന്റെ കേസുപോലും ഇപ്പോള്‍ ആര്‍ക്കും വിഷയമല്ല. താല്‍ക്കാലിക നിലനില്‍പ്പിനായി രാഷ്ട്രീയംകളിക്കുക എന്നതുമാത്രമാണ് ക്രിസ്ത്യാനികളില്‍ ചെറുന്യൂനപക്ഷമായ കത്തോലിക്കസഭ ചെയ്യുന്നത്. ഇസ്‌ലാമോഫോബിയയും അതിന്റെ ഭാഗമാണ്. സംഘപരിവാരത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി താല്‍ക്കാലികമായി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നേയുള്ളൂ. അല്ലാതെ അത് അങ്ങേയറ്റംവരെ കൊണ്ടുപോവാനൊന്നും അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഇതിന് വേറെ വശവുമുണ്ട്. കത്തോലിക്കാ സഭയില്‍ തന്നെ വളരെ പ്രോഗ്രസ്സീവായ സ്ഥാപനങ്ങളുമുണ്ട്. വിസ്താര്‍, ധര്‍മാരാം, വിദ്യാജ്യോതി… പോലുള്ള. ഇതും കത്തോലിക്കാ സഭതന്നെ നടത്തുന്നവയാണ്. ഹൈദരാബാദില്‍ ഹെന്‍ട്രി മാര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇസ്‌ലാമിക് സ്റ്റഡിസെന്റര്‍ ഉണ്ട്. ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെനിന്ന് അറബി ഭാഷയും ഇസ്‌ലാമും പഠിച്ചിറങ്ങുന്നു. കത്തോലിക്കാ സഭയിലെ ചെറുന്യൂനപക്ഷമാണ് ഇസ്‌ലാമോഫോബിയ പരത്തുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. പക്ഷേ, അവര്‍ക്ക് അധികാരമുള്ളതുകൊണ്ട് അത് മാധ്യമങ്ങളില്‍ വരുന്നു എന്നേയുള്ളൂ.
ചോദ്യം: പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സഭയുടെ ശിക്ഷാനടപടികള്‍ ഏല്‍ക്കേണ്ടിവന്ന പലരുമുണ്ടെന്ന് കേട്ടിട്ടുണ്ട്. കന്യാസ്ത്രീസമരവേദിയില്‍ വച്ച് അങ്ങനെ ചിലരെ പരിചയപ്പെട്ടിരുന്നു. അതുപോലെയുള്ള ശിക്ഷാനടപടികള്‍ താങ്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?
എന്റെ അനുഭവം തിരിച്ചാണ്. ഞാനും കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തിരുന്നു. അന്ന് ഞാന്‍ ഞങ്ങളുടെ സഭയുടെ മാഗസിനായ ‘സഭാതാരക’യുടെ എഡിറ്ററായിരുന്നു. സമരസ്ഥലത്തുവച്ച് വട്ടോളിയച്ചന്‍ എന്നെ സമര ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ക്ഷണിച്ചു. മാര്‍ത്തോമ സഭയുടെ പ്രസിദ്ധീകരണമായ സഭാതാരകയുടെ എഡിറ്ററായ ഫാ. വിനയരാജ് സമരത്തെ അഭിസംബോധനചെയ്യും എന്നാണ് അനൗണ്‍സ് ചെയ്തത്. എന്റെ സംസാരം പ്രത്യേകം ബൈറ്റ് ആയാണ് ചാനലുകളില്‍ വന്നത്. അത് കണ്ട് എനിക്കെതിരേ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. നടപടിവരുമെന്നാണ് കരുതിയതും.
പിന്നീടൊരിക്കല്‍ മാസികയുടെ കോപ്പി കൊടുക്കാനായി ഞാന്‍ മെത്രാന്റെ അടുത്തുപോയി. ഞാന്‍ സമരത്തിന് പോയത് സൂചിപ്പിച്ചപ്പോള്‍ അത് അറിഞ്ഞിരുന്നെന്നും ചാനലില്‍ നിന്ന് വിളിച്ചിരുന്നെന്നും താന്‍ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കാരണം അത് സഭാ നിലപാടാണോ എന്നു ചോദിക്കുമ്പോള്‍ ആണ് എന്നോ അല്ല എന്നോ പറയേണ്ടിവരും. അല്ല എന്നു പറഞ്ഞാല്‍ എനിക്കെതിരേ നടപടിയെടുക്കേണ്ടിവരും. തൊണ്ണൂറു വയസ്സുള്ള ആ മനുഷ്യന്‍ എന്നോടു പറഞ്ഞത് നിങ്ങളെപ്പോലെ എഴുത്തും വായനയും തലയില്‍ ആള്‍ത്താമസവുമുള്ളവര്‍ ഇങ്ങനെയുള്ളയിടങ്ങളില്‍ പോവുകയും കാര്യങ്ങള്‍ പറയുകയുമൊക്കെ ചെയ്യും, അതിലെനിക്ക് സന്തോഷമേയുള്ളൂ എന്നാണ്. ഇതാണ് എന്റെ അനുഭവം.
പിന്നെ വഖ്ഫ് ബില്ലിനെതിരേയുള്ള സമരത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയിലിരിക്കുന്ന ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍ പറയുമായിരിക്കും ‘നല്ലോരു അച്ചനായിരുന്നു, വികാരിയൊക്കെ ആക്കാനായി ഇരിക്കായിരുന്നു’വെന്ന്. ദലിത് ബാക്ക്ഗ്രൗണ്ടില്‍ നിന്നുവരുന്നവര്‍ പൊതുവെ വിരളമാണല്ലോ. എന്നാല്‍, സഭയിലെ ഉയര്‍ന്നസ്ഥാനമാനങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നീതിബോധത്തോടെ ജാതിക്കെതിരായി പ്രവര്‍ത്തിക്കുന്നൊരു സഭാശുശ്രൂഷകനായി തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ അവര്‍ക്കും ഒരു പ്രതിസന്ധിയുണ്ടാക്കേണ്ടതില്ലല്ലോ. അതുകൊണ്ട് ഞാനിങ്ങനെ സ്വതന്ത്രമായി സമരങ്ങളിലും മറ്റും പങ്കെടുക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്ത് ജീവിച്ചുപോകുന്നു. അതവര്‍ക്കുമറിയാം.
ചോദ്യം. വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കുന്ന സമയത്ത് ചര്‍ച്ച് ആക്ടിനെക്കുറിച്ചുള്ള ചര്‍ച്ച പൊതുമണ്ഡലത്തില്‍ നടന്നു. സഭയുടെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും പലരും വിശ്വസിക്കുന്നു. കൃഷ്ണയ്യര്‍ ചര്‍ച്ച് ആക്ട് ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് ഉദ്ദേശിച്ചിരുന്നത് സഭയുടെ ജനാധിപത്യവല്‍ക്കരണമായിരുന്നു. സഭാ സ്വത്തിന്‍മേലുള്ള അവകാശവും അധികാരവും ബിഷപ്പുമാരില്‍നിന്ന് അല്‍മായര്‍ക്ക് കൂടി ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം. യാക്കോബായ സഭ ചര്‍ച്ച് ആക്ടിനെ കണ്ടത് സഭാതര്‍ക്ക പരിഹാരത്തിനുള്ള ഉപാധി എന്ന നിലയിലും. താങ്കള്‍ എങ്ങനെ ഈ വിഷയത്തെ കാണുന്നു?
ഇതില്‍ രണ്ടുകാര്യങ്ങളുണ്ട്. ഒന്നാമതായി ഒരു കമ്മ്യൂണിറ്റി സ്വയം പരിഷ്‌കരണത്തിന്റെ ഭാഗമായി ചര്‍ച്ച് ആക്ട് ഉണ്ടാവാം. ഉണ്ടാവണമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ പരിഹരിക്കപ്പടേണ്ട ധാരാളം പ്രശ്‌നങ്ങളുണ്ട്. വിഭവങ്ങള്‍ കൈകാര്യംചെയ്യുന്നത് നിയമാനുസൃതമാണോയെന്നത് പ്രധാനമാണ്. കാലാനുസൃതമായ പരിഷ്‌കരണം എല്ലാ കമ്മ്യൂണിറ്റികള്‍ക്കകത്തും ഉണ്ടാവേണ്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ പിറകോട്ടുപോവും. അതുകൊണ്ട് ഒരു കമ്മ്യൂണിറ്റിയെ ജനാധിപത്യവല്‍ക്കരിക്കാനുതകുന്ന പരിഷ്‌കരണം അത് ചര്‍ച്ച് ആക്ടോ അല്ലെങ്കില്‍ മറ്റെന്തുപേരിലായാലും ഉണ്ടാവേണ്ടതാണ്. അതിനുള്ള ശ്രമം കമ്മ്യൂണിറ്റിക്കകത്തുനിന്നുതന്നെ ഉണ്ടായിവരണം.
വഖ്ഫ് ബില്ലിനും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. പരിഷ്‌കാരങ്ങളുണ്ടാകേണ്ടതില്ലാത്ത അവസാനത്തെ ആക്ടാണ് വഖ്ഫ് ആക്ട് എന്ന് നമുക്ക് അഭിപ്രായമില്ല. കമ്മ്യൂണിറ്റിക്ക് ഏജന്‍സി കൊടുത്ത് അതിന് പരിഷ്‌കാരങ്ങളുണ്ടാക്കണം. ഇവിടത്തെ നമ്മുടെ പ്രശ്‌നം മോദിയുടെ കൈയില്‍ ഇതു കൊണ്ടുപോയി കൊടുക്കേണ്ടതുണ്ടോഎന്നതാണ്. ഇക്കാലത്ത് ഭരണകൂടം ഇതിലെല്ലാം കയറികളിക്കുന്നു എന്നതാണ് പ്രശ്‌നം.

ഒരു ലിബറല്‍ ഭരണകൂടം വിശ്വാസികള്‍ക്കു മുകളില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി നിയമങ്ങളെ കണ്ടാല്‍ അത് പ്രശ്‌നമാണ്. ഭരണകൂടത്തിന്റെ താല്‍പ്പര്യം മറ്റൊന്നാണ്. വഖ്ഫ് ബില്ലിന്റെ കാര്യം പറയുമ്പോള്‍ എനിക്കിത് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്.
ഞങ്ങളുടെ വല്യപ്പച്ചന് നാല് തെങ്ങുകളായിരുന്നു. അതില്‍ രണ്ടെണ്ണം പള്ളിക്കുള്ളതായിരുന്നു. അതിന്റെ ഓലയും മടലും പോലും എടുക്കരുത്, അത് പള്ളിക്കുള്ളതാണെന്ന് വല്യപ്പച്ചന്‍ പറയുമായിരുന്നു. നായന്‍മാരുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കൃഷിക്കാരനായിരുന്നു അദ്ദേഹം. അതുപോലെ വഖ്ഫ് അല്ലാഹുവിന് വിശ്വാസികള്‍ സമര്‍പ്പിക്കുന്നതാണ്. അത് ഭരണകൂടം ഏറ്റെടുക്കുക എന്നു പറഞ്ഞാല്‍, അങ്ങനെ ഏറ്റെടുത്ത് അദാനിക്കും അംബാനിക്കും കൊടുക്കുക എന്നു പറഞ്ഞാല്‍, അത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അതു മനസ്സിലാക്കാന്‍ വേറെ പുസ്തകങ്ങളൊന്നും വായിക്കേണ്ടതില്ല. അത് എന്റെ ബോധ്യമാണ്. ഇത്തരം കാര്യങ്ങളില്‍ സ്‌റ്റേറ്റ് ഇടപെടുന്നതിന് പരിമിതികളുണ്ട്. വഖ്ഫ് ബില്ലിന്റെ കാര്യത്തിലും അതുതന്നെയാണ് പറയാനുള്ളത്.
തീര്‍ച്ചയായും ഒരു കമ്മ്യൂണിറ്റി സ്വയം പരിഷ്‌കരിക്കപ്പെടണം. അത് ഉള്ളില്‍ നിന്നാവണം. ഇതര സമുദായങ്ങളുമായുള്ള കൊടുക്കല്‍വാങ്ങലുകളില്‍നിന്ന്, ബന്ധുത്വത്തില്‍ നിന്ന് സ്വയം പരിഷ്‌കരിക്കപ്പെടുകയാണ് വേണ്ടത്. അകവും പുറവുമില്ലാത്ത ആത്മബോധം സൃഷ്ടിച്ചെടുത്തുകൊണ്ട്, വിവിധ കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള സംവാദങ്ങളിലൂടെ പരിഷ്‌കരിക്കപ്പെടണം. കേരളത്തില്‍ ആ സാഹചര്യം നേരത്തെയുണ്ടായിരുന്നു.
ക്രൈസ്തവര്‍ക്കിടയില്‍ ജാതീയതയുണ്ടെന്നത് സത്യമാണ്. നമ്മള്‍ ഏറെ ബഹുമാനിക്കുന്നവരില്‍ പോലും അത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. വിനയരാജ് ഏത് ജാതിയാണ് എന്നു ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ജാതീയത മാത്രമല്ല, ഉപജാതീയതയുമുണ്ട്. ഉപജാതിയില്‍ ഏറെ അടുത്തുനില്‍ക്കുന്നവരാവുമ്പോള്‍ പെട്ടെന്ന് സാഹോദര്യപ്പെടുന്നതായും കണ്ടിട്ടുണ്ട്. പറഞ്ഞുവന്നത് അത്തരത്തിലൊരു പരിഷ്‌കരണത്തിലൂടെ ചര്‍ച്ച് ആക്ട് ഉണ്ടായിവരുന്നത് നന്നായിരിക്കും. എന്നാല്‍ ഇക്കാലത്ത് പ്രത്യേകിച്ചും നരേന്ദ്ര മോദിയുടെ ഭരണകാലത്ത് അവര്‍ക്ക് കയറി മേയാനൊരു ചര്‍ച്ച് ആക്ട് ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.
ചോദ്യം. ചര്‍ച്ച് ആക്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മക്കാബി എന്ന സംഘടനയും യാക്കോബായ സഭയിലെ ബാര്‍ യുഹാനോന്‍ റമ്പാച്ചനെ പോലുള്ളവര്‍ പറഞ്ഞിരുന്നത് സഭയ്ക്കുള്ളില്‍ എപ്പിസ്‌കോപ്പല്‍ ഫ്യൂഡലിസമാണെന്നാണ്. താങ്കള്‍ ഇതിനെ എങ്ങനെ മനസ്സിലാക്കുന്നു?
ഞാനതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ദലിതരുടെ ഇടയില്‍ അയ്യങ്കാളിയുണ്ടായിരുന്നു, അതുപോലെ നമ്പൂതിരിമാരുടെ ഇടയില്‍ വി ടി ഭട്ടതിരിപ്പാടുണ്ടായിരുന്നു. ഓരോ സമുദായത്തിനകത്തും അങ്ങനെയുണ്ടായിരുന്നു എന്നുകാണാം. യാക്കോബായ സഭ ക്രിസ്റ്റ്യാനിറ്റിയിലെ ഒരു ജാതിയാണെന്നത് നമ്മള്‍ മറക്കരുത്. ഓര്‍ത്തഡോക്‌സ് സഭ മറ്റൊരു ജാതിയാണ്. മെത്രാച്ചന്റെ അധികാരത്തെ മാത്രമല്ല, ജാതി അധികാരത്തെയും ലിംഗഅധികാരത്തേയുമൊക്കെ അഡ്രസ്സ് ചെയ്യണം. അതുപോലെ സ്ത്രീകള്‍ക്ക് പുരോഹിതരാവാനുള്ള അവകാശത്തെക്കുറിച്ചൊക്കെ പറയാന്‍ കഴിയണം. ഞാന്‍ മാര്‍ത്തോമാ സഭയിലാണ്. മാര്‍ത്തോമ സിറിയന്‍ സഭയാണ്. ഫാദര്‍ ജേക്കബ് ജോസഫ് (ഡിഗ്‌നിറ്റി സ്‌കൂള്‍ ഓഫ് ആസ്‌ട്രേലിയ) യാക്കോബായാ സഭയിലെ ജാതീയതയെക്കുറിച്ചൊരു പഠനം നടത്തിയിരുന്നു. ഞാനായിരുന്നു പുറത്തുനിന്നുള്ള ഒരു എക്‌സാമിനര്‍. സഭയ്ക്കുള്ളില്‍ ജാതീയത ഒരു യാഥാര്‍ത്ഥ്യമാണ്.
ഞങ്ങളുടെ സഭയ്ക്കകത്ത് നോണ്‍ സിറിയന്‍ വിഭാഗത്തിലല്ലാതെയുള്ളവരായി ഞാനടക്കമുള്ള മൂന്നോ നാലോ പട്ടക്കാരേയുള്ളൂ. അതൊരു നവീകരണ സഭയാണ്. ഓര്‍ത്തഡോക്‌സില്‍ നിന്നും റിഫോര്‍മേഷന്‍ ഉണ്ടായിവന്ന സഭ. അതിന്റെ ഉള്ളില്‍ റെസ്‌പെക്ട്ഫുള്‍ ആയൊരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ചുകൊണ്ടാണ്് ഞങ്ങള്‍ പോരാടുന്നത്. ഇത്തരം സംവിധാനങ്ങള്‍ യാക്കോബായ സഭയ്ക്കകത്ത് മാത്രമല്ല, എല്ലാവിഭാഗത്തിനകത്തും രൂപപ്പെടും. അത് താഴേത്തട്ടിലേക്കും അരിച്ചിറങ്ങും. അങ്ങനെ നിശ്ചലമായി നിലനില്‍ക്കുന്ന പാരമ്പര്യങ്ങള്‍ പൊളിച്ചെഴുതപ്പെടും. ഇതിനെയാണ് ചര്‍ച്ച് ആക്ട് അഭിസംബോധന ചെയ്യുന്നതെങ്കില്‍ അത് വേണ്ടതാണ്. അത്തരം മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച പൗലോസ് മാര്‍ പൗലോസിനെ പോലുള്ള നിരവധിയാളുകള്‍ ഇനിയുമുണ്ടാവണം.







No Comments yet!