അഭിമുഖം
ബിന്ദു സജികുമാര്‍/ മറുവാക്ക്
ആശാവര്‍ക്കര്‍ ബിന്ദു സജികുമാര്‍ സമരം തുടങ്ങിയതുമുതല്‍ സജീവമായി സമരമുഖത്തുണ്ട്. സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിക്കുന്ന സമയത്ത് അവര്‍ മറുവാക്കിന് നല്‍കിയതാണ് ഈ അഭിമുഖം.
ആശാവര്‍ക്കറായി എങ്ങനെയാണ് ജോലിയില്‍ പ്രവേശിക്കുന്നത്്?, എത്ര കാലമായി? വീട്ടിലെ സാഹചര്യം എങ്ങനെ? 232 രൂപകൊണ്ട് എങ്ങനെയാണ് വീട്ടിലെ കാര്യങ്ങള്‍ നടത്തുന്നത്?
കുടുംബശ്രീയിലുടെയാണ് ഞാന്‍ ഈ രംഗത്ത് വരുന്നത്. 2008 സപ്തംബര്‍ 21നാണ് ഞാന്‍ ആദ്യ ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങിയത്. പിന്നീട് പലതവണയായി ആകെ ഒമ്പത് മൊഡ്യൂള്‍ ട്രെയിനിങ്ങ് കൂടി ലഭിച്ചു. വീട്ടില്‍ ഞാനും ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമാണ് ഉള്ളത്. ഞങ്ങളുടേത് ഇന്റര്‍ കാസ്റ്റ് മാര്യേജായിരുന്നു. 23 വര്‍ഷമായി വാടകയ്ക്കാണ് താമസിയ്ക്കുന്നത്. ഭര്‍ത്താവ് 15 വര്‍ഷത്തോളം മെക്കാനിക്കായി ജോലി ചെയ്തു. ഇപ്പോള്‍ ആരോഗ്യപ്രശ്‌നത്തിലാണ്. വളരെയധികം സാമ്പത്തിക ബാദ്ധ്യതയുള്ള കുടുംബമാണ് ഞങ്ങളുടേത്. ബാങ്ക് ലോണും മറ്റ് ബാധ്യതകളുമെല്ലാമുണ്ട്. ജീവിക്കാന്‍ മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് സമരമുഖത്ത് സജീവമായി നില്‍ക്കുന്നത്.
ചോദ്യം: ചെയ്യേണ്ടിവരുന്ന ജോലിയെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ?
വാക്‌സിനേഷനാണ് ഒരു പ്രധാനപ്പെട്ട ജോലി. വാക്‌സിനേഷനായി കുട്ടികളെ കൊണ്ടുവരും. എത്ര കുട്ടികളെ കൊണ്ടുവന്നാലും 5 കുട്ടികളുടെ തുകയേ ലഭിക്കൂ. ഒരു കുട്ടിക്ക് 20 രൂപ നിരക്കില്‍ 100 രൂപ തരും. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആദ്യത്തെ രണ്ടര വര്‍ഷം ഒരു ഓണറേറിയവും കിട്ടിയിട്ടില്ല. അന്ന് ഇതൊരു സേവനമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. പിന്നീടാണ് 300 രൂപ ഓണറേറിയമായി കിട്ടിത്തുടങ്ങുന്നത്. പിന്നെ ചെറിയ ഒരു ഇന്‍സെന്റീവ് കിട്ടിയിരുന്നു. റിവ്യൂ മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ ഞങ്ങള്‍ ഒപ്പിടണം. അതിനും ഒരു 100 രൂപ കിട്ടും. ചായയും കിട്ടും. ആദ്യമൊക്കെ പൊതുസ്ഥലത്തുവച്ചോ മറ്റോ കാണുമ്പോള്‍ നമ്മുടെ ഏരിയയിലുള്ളവരെ പറ്റിയുള്ള പൊതുവിവരങ്ങള്‍, അതായത് വിവാഹം കഴിഞ്ഞതാണോ, കുട്ടികള്‍ ഉണ്ടോ, നിങ്ങള്‍ താമസിയ്ക്കുന്ന സ്ഥലത്ത് പകര്‍ച്ചവ്യാധിയടക്കമുള്ള അസുഖങ്ങള്‍ ഉണ്ടോ എന്നൊക്കെ അന്വേഷിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചിരുന്നത്. പിന്നെ സാധാരണ എടുക്കാറുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണം. അന്ന് ഹോസ്പിറ്റല്‍ ഡ്യൂട്ടിയൊന്നുമുണ്ടായിരുന്നില്ല. അങ്കണവാടിയില്‍ വച്ചായിരുന്നു കുത്തിവെയ്പ്പ് നടത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹോസ്പിറ്റല്‍ ഡ്യൂട്ടിയൊക്കെ വന്നത്.
പള്‍സ് പോളിയോ ഡ്യൂട്ടി വളരെ പ്രധാനമായിരുന്നു. സര്‍ക്കാറിന്റെ കണക്കുപ്രകാരം 3 ദിവസത്തെ ഡ്യൂട്ടിയാണെങ്കിലും അതിന്റെ ഭാഗമായി കുറെ പണി വരും. ആദ്യം ജനങ്ങളെ വീടുകളില്‍ കയറി അറിയിക്കണം. അഞ്ചു വയസ്സിനു താഴേയുള്ള കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ എടുക്കേണ്ടത്. ഏതു ദിവസമാണോ പള്‍സ് പോളിയോ എടുക്കേണ്ടത് അതിന്റെ തലേ ദിവസം ആ കേന്ദ്രത്തില്‍ ചെന്ന് അവിടമൊക്കെ അടിച്ചുവാരി വൃത്തിയാക്കി എല്ലാം റെഡിയാക്കണം. അതിനു പുറമേ ഒരു ബാനര്‍ തൂക്കിയിടണം. എട്ടുമണിക്കാണ് പോളിയോ തുടങ്ങുകയെങ്കില്‍ 7 മണിക്കുതന്നെ ആശാപ്രവര്‍ത്തകര്‍ അവിടെ എത്തണം. വാക്‌സിന്‍ കാരിയര്‍ കൊണ്ടുവരുന്നതിന് മുമ്പായി അവിടെ എത്തണം. വാക്‌സിന്‍ എടുക്കുന്നതിന് ഒരാഴ്ച്ച മുമ്പെ ഐസ് പാക്ക് അവിടെ എത്തിക്കണം. വാക്‌സിന്‍ എടുക്കുന്ന ദിവസം 8 മണി മുതല്‍ 5 മണി വരെ അവിടെയിരിക്കണം. രണ്ടു പേരും ഒന്നിച്ച് ലഞ്ച് ബ്രേക്ക് എടുക്കാന്‍ പാടില്ല. കാരണം കുട്ടികള്‍ വന്നാല്‍ വെയ്റ്റ് ചെയ്യാന്‍ ഇടവരുത്തരുത് എന്നതാണ് വ്യവസ്ഥ. വാക്‌സിന്‍ കാരിയറും ടാലിഷീറ്റും കൊണ്ടുപോകുന്നതുവരെ, ഏകദേശം ഏഴുമണിവരെയെങ്കിലും നമ്മള്‍ ഇവിടെ ഇരിക്കണം. പിന്നെ രണ്ടു ദിവസം ഫോളോഅപ്പ് ചെയ്യണം. അതായത് വീടുകളില്‍ പോയി കുട്ടികളെ കാണണം. വാക്‌സിന്‍ കാരിയറും കൂടെ കൊണ്ടുപോകണം. വാക്‌സിന്‍ പെര്‍ഫ്ക്ട് ആണോ എന്ന് നോക്കണം. ചില സാഹചര്യങ്ങളില്‍ വീടുകളില്‍ ചെല്ലുമ്പോള്‍ എല്ലാവരും ഉറങ്ങുന്ന സമയമായിരിക്കും. അപ്പോള്‍ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിയണം. പള്‍സ് പോളിയോ കൊടുത്ത വീടാണെങ്കില്‍ ഗെയ്റ്റിന്റെ മുകളില്‍ ചോക്ക് കൊണ്ട് മാര്‍ക്ക് ചെയ്യണം. 250 വീടുകള്‍ കവര്‍ ചെയ്യണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, എനിക്ക് 436 വീടുകള്‍വരെ കവര്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് കൊടുക്കണം. ഒരു ദിവസത്തേയ്ക്ക് 75 രൂപ നിരക്കില്‍ 3 ദിവസത്തേയ്ക്ക് 225 രൂപയാണ് ഈ ജോലികളെല്ലാം ചെയ്താല്‍ കിട്ടുന്നത്. വീടുകളില്‍ ചെന്ന് പോളിേയാ എടുത്തതാണോ എന്ന് മാര്‍ക്ക് ചെയ്താല്‍ മാത്രം പോരാ, വീട്ടില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി എല്ലാ കാര്യങ്ങളും ചെയ്യണം. ഫീല്‍ഡ് വര്‍ക്കിനിടയില്‍ പോളിയോ കൊടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരെ വീട്ടില്‍ പോയി ഫോളോഅപ്പ് ചെയ്യണം എന്ന ഒരു നിബന്ധനകൂടി വച്ചിട്ടുണ്ട്. അപ്പോള്‍ ചില ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കും. മരുന്നുമായി അവര്‍ ഏതായാലും വീട്ടിലേക്ക് വരുമല്ലോ എന്നു കരുതി ചിലര്‍ വീട്ടിലിരിക്കും. ഇതുമായി ബന്ധപ്പെട്ട ടാലി ഷീറ്റ് കൊടുക്കണം. ടാലിഷീറ്റില്‍ കുട്ടികളുള്ള വീടാണോ ഇല്ലാത്ത വീടാണോ എല്ലാം വിശദമായി മാര്‍ക്ക് ചെയ്യണം. സ്ഥിരമായി വീട് പൂട്ടിക്കിടക്കുകയാണോ എന്ന കാര്യങ്ങളൊക്കെ നോട്ട് ചെയ്യണം. ഇതൊക്കെയാണ് പള്‍സ് പോളിയോയുടെ കാര്യങ്ങള്‍. പരിസരമൊക്കെ വളരെ നീറ്റായി വെക്കണം. വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിയ്ക്കണം. കൊതുക് വരാതെ സൂക്ഷിക്കണം.

ഞങ്ങളുടെ ജോലി തുടക്കസമയത്തൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം അന്നൊന്നും ആശമാരെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. പിന്നീട് റേഷന്‍കാര്‍ഡിന്റെ പിറകുവശത്ത് ആശാവര്‍ക്കര്‍മാരെക്കുറിച്ചൊരു പ്രിന്റ് വന്നതോടെയാണ് ഞങ്ങളുടെ സേവനത്തെക്കുറിച്ച് സാധാരണക്കാര്‍ അറിയാന്‍ തുടങ്ങിയത്. ഏതാനും വര്‍ഷക്കാലം അത് തുടര്‍ന്നു. വലിയ വീടുകളില്‍ പോകുമ്പാള്‍ ഗെയ്റ്റ് തട്ടി വിളിക്കേണ്ടി വരുമായിരുന്നു. അന്നൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ വീട് തിരുവനന്തപുരത്താണ്. ഞാന്‍ വെമ്പായത്ത് വന്ന് താമസിയ്ക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ ഞാന്‍ മുമ്പ് പൊതുരംഗത്തുനിന്നിരുന്ന വ്യക്തിയായതു കാരണം വലിയപ്രശ്‌നമൊന്നും നേരിടേണ്ടിവന്നിട്ടില്ല.
ഓരോവീടിന്റെയും ചുറ്റുപാടൊക്കെ നോക്കണം. വാഴയുടെ പോളയുണ്ടല്ലോ, അതില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടോ എന്നതടക്കം ചെക്ക് ചെയ്യണം. എത്ര പോളയില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്? ടാര്‍പായ എവിടെയെങ്കിലും കൂടികിടക്കുന്നുണ്ടോ? ചിരട്ട കിടക്കുന്നുണ്ടോ? ഇതെല്ലാം നോക്കണം. ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ‘അതാ അവള്‍ വരുന്നുണ്ട്. സാധനങ്ങളൊക്കെ എല്ലാം ശരിയായി നോക്കിയശേഷം ഗേറ്റ് തുടറന്നുകൊടുത്താല്‍ മതി’എന്നു പറയുന്നതു കേള്‍ക്കാം. അപ്പോള്‍ ഞങ്ങള്‍ ചിരിച്ചുകൊണ്ടു പറയും ‘നമ്മുടെ മുഖം വൃത്തിയാണോ എന്നു മറ്റുള്ളവര്‍ പറഞ്ഞിട്ടല്ല അറിയേണ്ടത്’ എന്ന്. പണ്ടത്തെ ആളുകള്‍ പറയുന്ന പോലെ മുറ്റം കണ്ടാല്‍ അറിയാം ആ വീടിന്റെ വൃത്തി. വാക്‌സിനേഷന്‍ എം ആര്‍ ഫസ്റ്റ് സപ്തംബറില്‍ എടുക്കുമ്പോള്‍ ഒരു 100രൂപ കിട്ടും. സെക്കന്റ് ഡോസ് എടുക്കുമ്പോള്‍ 75 രൂപയായിരുന്നു ലഭിച്ചിരുന്നത്. അത് ഇപ്പോള്‍ 50 രൂപയാക്കി കുറച്ചു. പിന്നെ കുടുംബാസൂത്രണ പദ്ധതി പ്രമോട്ട് ചെയ്യാന്‍ പറയും. രണ്ടു കുട്ടികള്‍ക്കിടയ്ക്കുള്ള ടൈം ഡ്യൂറേഷന്‍ നീട്ടുന്നതിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കണം. കോണ്ടം വിതരണം ചെയ്യാറുണ്ട്.
അഞ്ചു വയസ്സിന് താഴേയുള്ള കുട്ടികളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒ ആര്‍ എസ് വീടുകളില്‍ കൊണ്ടുപോയി കൊടുക്കണം. സത്യസന്ധമായി പറയുകയാണെങ്കില്‍, എക്‌സ്പയറി ആകാറാകുമ്പോഴേയ്ക്കാണ് ഒആര്‍എസും പാരസെറ്റമോളുമൊക്കെ കിട്ടുന്നത്. പിന്നെ അത് നമ്മള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കും. നമ്മുടെ പിഎച്ച്‌സികളില്‍ കിട്ടുന്നത് വളരെ ലേറ്റായിട്ടിരിക്കും. സിസിയൊക്കെ വൈകികിട്ടിയാല്‍ ഉപയോഗിക്കാന്‍ പറ്റില്ല. കത്തിക്കാന്‍ പോലും പറ്റില്ല. അതൊക്കെ നമ്മളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. പണ്ട് പാരസൈറ്റമോളൊക്കെ കിട്ടുമായിരുന്നു. മന്തുരോഗ നിവാരണത്തിന് ഗുളിക കൊടുക്കുമായിരുന്നു. എംഡിഎ പ്രോഗ്രാം എന്നു പറഞ്ഞാല്‍ വളരെ വലിയ പദ്ധതിയാണ്. 300 ഗ്രാമിന്റെ ബിഇസി ടാബ്‌ലെറ്റും അല്‍ബന്റസോളുമാണ് കൊടുക്കാറ്. ജനങ്ങള്‍ക്ക് പൊതുവായ ഒരു ധാരണയുണ്ട്, മന്തുരോഗത്തിനുള്ള മരുന്നു വാങ്ങിച്ച ശേഷം വിരഗുളിക മാത്രമേ കഴിക്കാറുള്ളൂ. മറ്റേ ഗുളിക കഴിക്കില്ല. നമുക്ക് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കാന്‍ അധികാരമില്ല. ക്ലോറിനേഷന് പോകുമ്പോള്‍ എത്ര വെള്ളമുണ്ട് എന്നു നോക്കി അതിനനുസരിച്ചാണ് ബ്ലീച്ചിങ്ങ് പൗഡര്‍ ഇടുക. ബ്ലീച്ചിങ്ങ് പൗഡര്‍ കുറച്ചു പേക്കറ്റ് മാത്രമേ ഉണ്ടാകൂ. 100 വീടുകളില്‍ കയറണമെങ്കില്‍ വളരെയധികം അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോകണം. പലരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. ബ്ലീച്ചിങ്ങ് പൗഡര്‍ പൊതിഞ്ഞു തന്നാല്‍ മതി എന്നു പറയും. പക്ഷേ പൊതിഞ്ഞു കൊടുത്തിട്ട് കാര്യമില്ല. ഇത് ഗ്യാസാണ്. ഗ്യാസ് പോയിക്കഴിഞ്ഞാല്‍ ഇത് വെറും വേസ്റ്റാണ്. അവര്‍ക്ക് വേണ്ടത്. ബ്ലീച്ചിങ്ങ് പൗഡറല്ല അവര്‍ക്ക് വേണ്ടത്. പരിസരം മുഴുവന്‍ വൃത്തിയാക്കാനുള്ള പൊടിയാണ്.
വീടുകളില്‍ പോകുമ്പോള്‍ പലര്‍ക്കും പലതും കിട്ടുന്നില്ല എന്ന പരാതികളാണ
അപ്പോള്‍ ഞങ്ങള്‍ ചിരിച്ചു കൊണ്ട് മറുപടിപറയും. ‘ഞങ്ങള്‍ക്ക് ഉപദേശം തരാന്‍ മാത്രേമ അധികാരമുള്ളൂ. സര്‍ക്കാര്‍ നിര്‍ദ്ദേശം അത്രേയുള്ളൂ’. പിന്നെ കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യം. ബിസിജി എടുക്കാത്ത കുട്ടികളുണ്ടാവും. അതൊക്കെ ഫോളോഅപ്പ് ചെയ്യണം. പിന്നെ സ്ത്രീകള്‍ കല്യാണം കഴിഞ്ഞുവന്നാല്‍, ഗര്‍ഭിണി ആവുന്നതിനുള്ള മരുന്നുകള്‍ മുതല്‍ ശ്രദ്ധിക്കേണ്ട പ്രത്യേക ആരോഗ്യകാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. ഗര്‍ഭിണിയായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം ചെയ്യേണ്ടത്് ആവശ്യമാണ്്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മാനസികമായി ധൈര്യം കൊടുക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. ആശാവര്‍ക്കര്‍മാര്‍ക്ക് കൃത്യമായ ജോലിസമയമൊന്നും ഇല്ല. 24 മണിക്കൂറും പണിചെയ്യേണ്ടി വരും. വയസ്സായ ആളുകള്‍, പാലിയേറ്റീവ് രോഗികള്‍ തുടങ്ങിയ എല്ലാ പണികളും ചെയ്യേണ്ടിവരും. പെന്‍ഷന്‍ കിട്ടാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് സഹായം ചെയ്യണം. വള്‍ണറബിള്‍ ആയ രോഗികളുടെയൊക്കെ എല്ലാ കാര്യങ്ങളും നോക്കണം. ഇതിനൊന്നും സമയപരിധിയില്ല. ദൂരയാത്രയ്ക്ക് മൂന്‍കൂട്ടി അനുമതി വാങ്ങണം. ആക്‌സിഡന്റ് ആയാലോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും പറ്റിയാലോ നമുക്ക് യാതൊരും ബെനിഫിറ്റും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും കിട്ടുന്നില്ല. ഇപ്പോള്‍ ആശാവര്‍ക്കര്‍ എന്നുപോലും പറയുന്നില്ല പകരം ആശാവോളന്റിയര്‍ എന്നാണ് പറയുന്നത്. ഹെല്‍ത്ത് വോളന്റിയര്‍ എന്നാണ് പറയുക. ഹരിതകര്‍മസേനക്കാര്‍ എന്നാണ് പറയുന്നത്. ജോലിക്കാര്‍ എന്നല്ല.
ചോദ്യം: ആശാവര്‍ക്കേഴ്‌സ് വരുന്നതിന് മുമ്പ് ഈ ജോലികളൊക്കെ അംഗണവാടി വര്‍ക്കേഴ്‌സല്ലേ ചെയ്തിരുന്നത്?
ഗ്രാമത്തില്‍ അങ്കണവാടി വര്‍ക്കേഴ്‌സാണ് ഈ ജോലിയെല്ലാം ചെയ്തിരുന്നത്. പക്ഷേ, ഞാന്‍ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ഞാന്‍ രണ്ടു കുട്ടികളെയും പ്രസവിച്ചത് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആണ്. ആ കാലത്തൊന്നും നഗരങ്ങളില്‍ യാതൊരു ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരുന്നില്ല. നാട്ടില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് വരുമായിരുന്നു. അക്കാലത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സിനെക്കുറിച്ചോ ഹെല്‍ത്ത് നഴ്‌സിനെക്കുറിച്ചോ നമുക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഈ വിവരമൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഡെലിവറിക്കും വാക്‌സിനേഷനുമൊക്കെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോകുമായിരുന്നു. ഒരു കോപ്പര്‍ ടി ഇടാന്‍ വേണ്ടി എന്റെ സുഹൃത്തിനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടത്തെ ജെ പി എച് എന്‍ ആരാണെന്ന് ചോദിച്ചു. എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ഈ 18 വര്‍ഷം കൊണ്ടുള്ള ആശാവര്‍ക്കേഴ്‌സിന്റെ പ്രവര്‍ത്തനം കൊണ്ടാണ് ആരോഗ്യമേഖലയിലുള്ള ഈ സിസ്റ്റംസൊക്കെ പൊതുജനങ്ങള്‍ അറിയുന്നത്. അനുഭവംകൊണ്ടാണ് ഇതൊക്കെ പറയുന്നത്. പ്രസവംകഴിഞ്ഞാല്‍ 45 ദിവസം കഴിഞ്ഞ് കുഞ്ഞിന് കൊടുക്കേണ്ട കുത്തിവയ്പ്പിന് പ്രൈവറ്റ് ഹോസ്്പിറ്റലിലെ ചെലവ് 14000 രൂപവരെ യാവും. അതേസമയം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അത് സൗജന്യമാണ്. ഒരു വാക്‌സിന്‍ എടുത്തുകഴിഞ്ഞാല്‍ ഗവണ്‍മെന്റ് ഹോസ്്പിറ്റലില്‍ ആണെങ്കില്‍ പിന്നെ അത് ഉപയോഗിക്കില്ല. പ്രൈവറ്റ് ഹോസ്പിറ്റലാണെങ്കില്‍ അത് ഫ്രീസറില്‍ വെച്ച് പിന്നെയും ഉപയോഗിക്കും. ഇക്കാര്യമെല്ലാം ഇപ്പോള്‍ ഞങ്ങള്‍ വ്യക്തമായി ജനങ്ങളോട് പറയാറുണ്ട്. അതിന്റെ ഗുണഫലവും അവര്‍ക്ക് ലഭ്യമാവുന്നുണ്ട്.
ആശാവര്‍ക്കര്‍മാര്‍ നല്ല കേള്‍വിക്കാരായിരിക്കണം. നല്ല കൗണ്‍സിലര്‍മാരായിരിക്കണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മാനസികമായി ധൈര്യം നല്‍കേണ്ടതുണ്ട്. കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ്ങ് എല്ലാം ആശാവര്‍ക്കേഴ്‌സ് ചെയ്യുന്നുണ്ട്്. ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ആശാവര്‍ക്കര്‍ ആയാലും പൊതുമേഖലയില്‍ നില്‍ക്കുന്ന ആരായാലും ബാധ്യസ്ഥരാണ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യം മറ്റു വീടുകളിലോ സ്ഥലത്തോപോയി പറയരുത്. അവര്‍ക്ക് ഏതു പ്രശ്‌നങ്ങളും പങ്കിടാനുള്ളൊരു ബന്ധം നിലനിര്‍ത്താന്‍ ഈ വിശ്വാസം ആവശ്യമാണ്. പൊതുജനങ്ങളുമായി അത്രയ്ക്കും അടുത്ത ബന്ധം ഉള്ളതുകൊണ്ട് അവര്‍ എപ്പോള്‍ ഫോണ്‍ വിളിച്ചാലും സംസാരിക്കണം. പൊതുജനങ്ങളുമായുള്ള വ്യക്തിബന്ധമാണ് ആശാവര്‍ക്കേഴ്‌സിന് സമൂഹത്തില്‍ വില നല്‍കിയത്.

ചോദ്യം: ആശുപത്രി ഡ്യൂട്ടിയെക്കുറിച്ച് വിശദമാക്കാമോ?
അമ്മമാരൊക്കെ രാവിലെ 7 മണിയ്ക്ക് ഒ പി കൗണ്ടറില്‍ വന്നിരിക്കും. വലിയ ക്യൂ ആയിരിക്കും. ഞാന്‍ ക്യൂ മാനേജ്‌മെന്റ് സിസ്റ്റത്തിലാണ് വര്‍ക്ക് ചെയ്തത്. ബി പി, ഷുഗര്‍ കാര്‍ഡുകാരാണ് ഉണ്ടാവുക. 4000 കാര്‍ഡുകാര്‍ ഉണ്ടായിരിക്കും. അവര്‍ വരുമ്പോള്‍ കാര്‍ഡുകള്‍ വാങ്ങി വയ്ക്കണം. അവരുടെ കാര്യങ്ങളൊക്കെ വ്യക്തമായി രേഖപ്പെടുത്തണം. രോഗികള്‍ വന്നാല്‍ കാര്‍ഡ് കൊടുത്ത് ഡോക്ടറുടെ അടുത്ത് എത്തിക്കണം. ഇത്രയുമാണ് ഡ്യൂട്ടി. രാവിലെ 8.30ന് ഡ്യൂട്ടിക്ക് കയറണം. ഉച്ചയ്ക്ക് 3 മണിക്ക് ശേഷമേ ഡ്യൂട്ടി കഴിയൂ. ഉച്ചയ്ക്ക് 1.30ന് ശേഷമേ സിസ്റ്റത്തില്‍ കണക്കുകള്‍ വരികയുള്ളൂ. അതിനുശേഷമേ കാഷ് എണ്ണിനോക്കി ശരിയാക്കാന്‍ കഴിയുകയുള്ളൂ. പലപ്പോഴും പൈസ ഷോര്‍ട്ടാവും. ഇങ്ങനെ ഷോര്‍ട്ടാവുന്ന പൈസ ഡ്യൂട്ടിയിലുള്ള ആശമാരുടെ കൈയില്‍ നിന്ന് പോകും.
ചോദ്യം: കോവിഡ് സമയത്ത്് വളരെ വലിയ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ലേ?
കോവിഡ് സമയത്ത് എല്ലാവര്‍ക്കും വലിയ ഭീതിയായിരുന്നല്ലോ. വളരെ ദുര്‍ഘടം പിടിച്ച പണിയായിരുന്നു. കോവിഡ് സമയത്ത് മരണഭയമുണ്ടായിരുന്നു. ചിലപ്പോള്‍ കോവിഡ് കൊണ്ടാകില്ല. പേടി കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചുപോകാം എന്ന അവസ്ഥ. ഒ പി ഡ്യൂട്ടി ഇടുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും മധ്യത്തിലാണ് ആശവര്‍ക്കേഴ്‌സ് നില്‍ക്കുക. ഞങ്ങളുടെ അവിടെയാണെങ്കില്‍ ഡോക്ടറുടെ റൂമില്‍ പോലും ആശമാരെ കയറ്റില്ല. ഒരു ഗ്‌ളൗസോ, മാസ്‌ക്കോ, സാനിറ്റെസറോ കൊടുത്തിരുന്നില്ല. ആശയ്ക്ക് കോവിഡ് വന്നാല്‍ ഒരു പ്രശ്‌നവുമില്ല. കോവിഡ് സമയത്ത് എന്റെ ഒപ്പം വേറൊരു ആശയുമുണ്ടായിരുന്നു. ഞങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്ന അഞ്ചു വയസ്സായ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. എല്ലാവരും ഭക്ഷണം കൊടുക്കുന്ന പോലെയല്ല ഞങ്ങള്‍ ചെയ്തിരുന്നത്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് നോക്കിയിട്ടുള്ളത്. അഞ്ചു വയസ്സായ കുട്ടിയെ ഇഞ്ചക്ഷന്‍ ചെയ്യാന്‍ കൊണ്ടുപോകുന്ന സമയത്ത് വളരെയധികം വിഷമം നേരിട്ടിരുന്നു. പക്ഷേ ഇപ്പോഴും അവരുമായി നല്ല കമ്യൂണിക്കേഷന്‍ ഉണ്ട്. ബന്ധുക്കള്‍ പോലും പരസ്്പരം പേടികൊണ്ട് ചെയ്യാത്ത കാര്യങ്ങളാണ് ആശമാര്‍ ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന സാധനങ്ങള്‍ പോലും എടുത്തു കൊടുക്കാന്‍ സ്വന്തം ബന്ധുക്കള്‍ക്ക് വരെ പേടിയായിരിന്നു. അതേ സമയത്താണ് ആശമാര്‍ യാതൊരു മടിയും കൂടാതെ അവരുടെ ഡ്യൂട്ടി നിര്‍വഹിച്ചിരുന്നത്. ഇത്് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. മനുഷ്യത്വത്തിന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. കോവിഡ് സമയത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഗല്‍ഫില്‍ വന്ന ആള്‍ക്ക് കോവിഡായിരുന്നു. അയാള്‍ ക്വാറന്റെയ്‌നില്‍ ആയിരുന്നു. അടുത്തുള്ള ഏരിയകളിലുള്ള ആളുകള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ക്ക് അവരോട് പറയേണ്ട കാര്യമില്ല. പരസ്പരം ജനങ്ങള്‍ ഇതറിഞ്ഞിട്ട് അവര്‍ക്ക് എന്ത്് ബെനിഫിറ്റാണ് ഉള്ളത്. എനിക്കെതിരേ ഒരു ആക്ഷനുണ്ടായി. കോവിഡ് ബാധിച്ച് ആള്‍ ഉണ്ട് എന്ന് പറഞ്ഞതിനാണ് എനിക്കെതിരേ ആക്ഷന്‍ ഉണ്ടായത്. സത്യത്തില്‍ ഞാന്‍ പറഞ്ഞിട്ടില്ല. അത് പിന്നീട് തെളിഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഏരിയയില്‍ 600-700 വരെ കുടിയേറ്റക്കാരുള്ള പ്രദേശമാണ്. കോവിഡ് കാലത്ത് ഫുഡ്‌കൊണ്ടുപോയി കൊടുക്കുക, അരി കൊടുക്കുക തുടങ്ങിയ സേവനമൊക്കെ ഞങ്ങള്‍ ചെയ്തിരുന്നു. ഗ്രൂപ്പ് തലത്തിലും വര്‍ക്കുണ്ടായിരുന്നു. കോവിഡിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു അത്.
ചോദ്യം: സമരം തുടങ്ങിയതിനു ശേഷം എന്തെങ്കിലും ഗുണമുണ്ടായോ?
ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറിയില്‍ 31 ദിവസത്തെ ഡ്യൂട്ടിയും രേഖപ്പെടുത്തണം. ആശാവര്‍ക്കര്‍മാര്‍ക്ക് ലീവ് ഇല്ല. ഓണം, വിഷു, റംസാന്‍ എന്നിവയ്ക്ക് ലീവെടുക്കുമ്പോള്‍ ഓണം, വിഷു, റംസാന്‍ ആയതുകൊണ്ട ഫീല്‍ഡില്‍ പോയില്ല എന്ന് പ്രത്യേകം എഴുതണം. ഈ സമരം വന്നതിനുശേഷം ഞങ്ങള്‍ ഇതെല്ലാം പൊളിച്ചെഴുതി. എന്‍എച്്എം ഡയറക്ടര്‍ പറയുന്നത് നിങ്ങള്‍ മാസത്തില്‍ 100 വീടുകളില്‍ പോയാല്‍ മതി എന്നാണ്. 250 വീടായിരുന്നു ഇതിനു മുമ്പ് പോവേണ്ടിയിരുന്നത്. മാത്രമല്ല, ഞാന്‍ തന്നെ 436 വീടുകളില്‍ വരെ പോയ സന്ദര്‍ഭങ്ങളുമുണ്ട്. ഇതില്‍ ഗര്‍ഭിണികളുടെ വീട്, കുട്ടികളുടെ വീട്, കിടപ്പുരോഗികളുടെ വീട്, ഒറ്റയ്ക്ക്് താമസിയ്ക്കുന്നവരുടെ വീട് അടക്കം 100 വീടുകളില്‍ പോയാല്‍ മതി. ഇത് സമരത്തിന്റെ വലിയ നേട്ടമാണ്.
സമരത്തിന് ശേഷം ഇപ്പോള്‍ വാക്‌സിനേഷനൊക്കെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പണം കിട്ടും. ആദ്യം എത്ര കുട്ടികളെ കൊണ്ടുവന്നാലും 5 കുട്ടികളുടെ തുകയേ കിട്ടിയിരുന്നുള്ളൂ. അത് 20 രൂപ നിരക്കില്‍ 100 രൂപയായിരുന്നു. ഇന്‍സെന്റീവ് ക്രൈറ്റീരിയ 10ല്‍ നിന്ന് 5 ആക്കി. സമരം തുടങ്ങിയതിനു ശേഷം ഓണറേറിയം പെന്റിങ് കൊടുത്തുതീര്‍ത്തു. ഇതൊക്കെ സമരത്തിന്റെ നേട്ടങ്ങളാണ്. ഹോസ്പിറ്റല്‍ ഡ്യൂട്ടി രാവിലെ 7 മണി മുതല്‍ വൈകുന്നരം 6 മണിവരെയാണ്. കോവിഡ് സമയത്തൊക്കെ ഒ പി കൗണ്ടറില്‍ ഇരിക്കുമായിരുന്നു. ഇപ്പോള്‍ ഒ പി കൗണ്ടറില്‍ ഇരിക്കാറില്ല. കാരണം ഒ പി കൗണ്ടറില്‍ സ്റ്റാഫിനെ നിയമിക്കുന്നത് പഞ്ചായത്താണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ വരുന്ന പല ജോലികളും ഞങ്ങള്‍ തന്നെയാണ് ചെയ്തിരുന്നത്. സമരത്തിന് ശേഷം അക്കാര്യത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്.







No Comments yet!