പദവിന്യാസം
ജമാല്‍ കൊച്ചങ്ങാടി
ഞാന്‍ കണ്ട ആദ്യത്തെ ബഹുമുഖ പ്രതിഭയായിരുന്നു മമ്മ. എഴുത്തുകാരന്‍, ചിത്രകാരന്‍, കലിഗ്രാഫിസ്റ്റ്, നടന്‍ നിരൂപകന്‍, സംഘാടകന്‍, രാഷ്ട്രീയ നിരീക്ഷകള്‍, സൈക്കിള്‍ യജ്ഞക്കാരന്‍… അനേകനായ ഒറ്റയാള്‍.
ഞങ്ങള്‍, കുട്ടികള്‍ക്ക് മാത്രമായിരുന്നു മമ്മ. അദ്ദേഹത്തിന് വ്യക്തമായ പേരുണ്ടായിരുന്നു: ചിരട്ടയ്ക്കല്‍ ഇബ്‌റാഹിം മുഹമ്മദ്. ചുരുക്കിയാല്‍ സി ഇ മുഹമ്മദ്. വ്യവഹാരങ്ങളിലെല്ലാം സി ഇ മുഹമ്മദായിരുന്നു.
എന്റെ ബാപ്പയ്ക്ക് പ്രമേഹം മൂര്‍ച്ഛിച്ച കാലത്ത് സഹായത്തിനായി കൊച്ചങ്ങാടിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവന്നു നിറുത്തിയ ഒരു കുട്ടി. വസൂരിക്കലകള്‍ നിറഞ്ഞ, കറുത്ത മുഖം. പാറിപ്പറക്കുന്ന മുടി. എന്റെ ജ്യേഷ്ഠന്‍ മുസ്തഫയിക്കായുടെയും സുഹൃത്ത് അബ്ദുല്‍ ഖാദര്‍ വക്കീലിന്റെയും പ്രായം… അവര്‍ കൂട്ടുകാരെ പോലെയാണ് കഴിഞ്ഞത്. മമ്മയ്ക്ക് രണ്ടു റാത്തല്‍ എന്ന് പേര് വിളിച്ചത് വക്കീലായിരുന്നുവെന്ന് തോന്നുന്നു: ‘എടാ, നിന്റെ മേത്ത് രണ്ട് റാത്തല്‍ ചെളിയെങ്കിലുമുണ്ടാകുമല്ലൊ.’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വക്കീലിന്റെ മുഖം ചുവന്നു രക്താഭമാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (രണ്ട് റാത്തല്‍= ഇന്നത്തെ ഒരു കിലോഗ്രാം).
മമ്മ അതൊന്നും വകവയ്ക്കാറില്ല. മമ്മയുടെ കൂട്ട് സമപ്രായക്കാരുമായിട്ടായിരുന്നില്ല. പത്തുപന്ത്രണ്ടു വയസ്സ് ഇളപ്പമുളള കുട്ടികളുമായിട്ടായിരുന്നു. പ്രത്യേകിച്ച് ഞാനുമായി. ആദ്യമായി ഞാന്‍ നോമ്പെടുത്തപ്പോള്‍ മഗ്രിബ് വരെ പിടിച്ചു നില്‍ക്കാന്‍ മമ്മയാണ് എന്നെ ഫോര്‍ട്ടുകൊച്ചി ബീച്ചു വരെ എടുത്തുകൊണ്ട് പോയത്.
രാജ് കപൂര്‍ സംവിധാനം ചെയ്ത ‘ബൂട്ട് പോളിഷ്’ എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് കുട്ടികളെ നിരത്തി അനാഥക്കുട്ടികള്‍ പാടുന്ന ബാന്‍ഡ് സെറ്റിനെ മമ്മ പുനഃസൃഷ്ടിക്കും (ഞാനും അനാഥനായിരുന്നല്ലൊ). രത്തന്‍ കുമാറിന് വേണ്ടി ലതാ മങ്കേഷ്‌കര്‍ നയിച്ച ശോകസാന്ദ്രമായ സമൂഹഗാനം ഞങ്ങളെക്കൊണ്ട് പാടിക്കും: ‘ഹമാരെ യെ തും സെ ദയാ മാംഗ് ദേഖെ’
സൈക്കിള്‍ യജ്ഞം കാണാന്‍ ഞങ്ങള്‍ക്ക് പുറത്തൊന്നും പോകേണ്ടിയിരുന്നില്ല. ഉമ്മത്തറവാടായ പടിഞ്ഞാറെ നാച്ചെ വീടിന്റ മുറ്റത്ത് ഒരു രാവും പകലും സൈക്കിളില്‍ യജ്ഞം. അതിലിരുന്നു തന്നെ കളി. നിലത്ത് കാലു കുത്താതെ മുന്‍ചക്രം ഉയര്‍ത്തി വെച്ച് കുമ്പിട്ട് നിലത്തു നിന്ന് നാണയങ്ങളെടുക്കുന്ന ലൊടുക്കുവിദ്യകള്‍…
ഞങ്ങള്‍ നാടകമഭിനയിക്കുമ്പോള്‍ കര്‍ട്ടനൊക്കെ കെട്ടി വേദിയൊരുക്കി തന്നതും മെയ്ക്കപ്പുചെയ്ത് തന്നതും മമ്മയായിരുന്നു.
ഞാനും മഹ്മു എന്ന സിദ്ദീഖും കൂടി ‘വെളിച്ചം’ എന്ന കൈയെഴുത്തു മാസികയാരംഭിച്ചപ്പോള്‍ വടിവുള്ള അക്ഷരങ്ങള്‍ എഴുതേണ്ടതെങ്ങനെയെന്ന് കാണിച്ചു തന്നത് മമ്മയാണ്.
അന്ന് മഷിക്കുപ്പിയില്‍ സ്റ്റീല്‍ പേനയുടെ നിബ്ബറ്റം മുക്കിയാണ് എഴുതിയിരുന്നത്. അതുകൊണ്ട് എന്റെ കൈയക്ഷരം നന്നായി. മനോഹരമായ തലക്കെട്ടുകള്‍ മമ്മയുടെ വകയായിരുന്നു. ചിത്രങ്ങളും വരക്കുമായിരുന്നു മമ്മ.
വെളിച്ചത്തില്‍ മമ്മ എഴുതിയ നര്‍മ്മ ലേഖനം നര്‍മ്മമറിയാത്ത നാട്ടുകാരെ ക്ഷുഭിതരാക്കിയ സംഭവവുമുണ്ടായി. ആര്‍ കെ ഫിലിംസിന്റെ ചാര്‍ സോബിസ് എന്ന സിനിമ ഇറങ്ങിയ കാലം. (അന്ന് സംഗീത നിര്‍ഭരമായ ഹിന്ദി സിനിമകളുടെ കാലം) അതില്‍ മന്നാഡെയും കൂട്ടരും പാടിയ ഒരു പാട്ടുണ്ട്:
‘രാമയ്യാ വസതാ വയ്യാ… രാമയ്യാ വസ്താവയ്യ’
മക്കാരിക്ക എന്ന ഒരാളുടെ ചായപ്പീടികയുണ്ടായിരുന്നു കൊച്ചങ്ങാടിയില്‍. അവിടത്തെ സവാള ബജിയ പെരുമയാര്‍ന്നത്. സവാളയരിഞ്ഞിട്ട, ഉഴുന്നുവട പോലെ നടുവില്‍ തുളയോടു കൂടിയ സവാള ബജിയ കൊച്ചിക്കാരുടെ ഇഷ്ട വിഭവമാണ്. കൊച്ചങ്ങാടിയിലെ കുരുത്തംകെട്ട കുട്ടികള്‍ ചായക്കടയുടെ മുമ്പില്‍ വന്നു നിന്ന് പാരഡി പാടും: രാമയ്യാ മക്കാരിക്ക രാമയ്യാ മക്കാരിക്കാ.’
ഇത് ശല്യമായപ്പോള്‍ മക്കാരിക്ക സ്ഥലത്തെ രണ്ട് പോലിസേമാന്‍മാരോട് പരാതിപ്പെട്ടു. അവര്‍ കടയില്‍ കയറി പൂവന്‍ പഴങ്ങളുരിഞ്ഞു തിന്നു. ഹലുവ തിന്നു. ഫലമൊന്നുമുണ്ടായില്ല. അങ്ങനെയാണ് മട്ടാഞ്ചേരി പോലിസ് സ്റ്റേഷനില്‍ പോയി എസ്‌ഐ ഏമാനോട് മക്കാരിക്ക പരാതിപ്പെട്ടത്. അയാള്‍ കോണ്‍സ്റ്റബിളിനെ വിളിച്ചു പറഞ്ഞു: ‘പന്ത്രണ്ട് മാന്താന്‍ പുളി കൊട്’ ചൂരല്‍ കൊണ്ട് ഉള്ളം കൈയിലടിക്കുന്നതിനുള്ള പോലിസ് ഗൂഢഭാഷയായിരുന്നുവെന്ന് അനുഭവിച്ചറിഞ്ഞ മക്കാരിക്ക പിന്നീട് അങ്ങോട്ടു പോയില്ല. ഇത് കഥ.
കഷ്ടകാലത്തിന് മക്കാരിക്ക എന്ന ഒരു ചായക്കച്ചവടക്കാരന്‍ കൊച്ചങ്ങാടിയിലുണ്ടായിരുന്നു.
അയാളെ പരിഹസിക്കാന്‍ മമ്മ കെട്ടിച്ചമച്ച കഥയാണെന്ന് പറഞ്ഞ് വായനശാലയില്‍ സൗജന്യ വായനയ്ക്കു വച്ച കൈയെഴുത്തു മാസിക കീറി പ്രമാണിമാര്‍ കാറ്റിലെറിഞ്ഞു. ആക്രമണം ഭയന്ന് പത്രാധിപരായ ഞാന്‍ ഒളിവിലുമായി.
ഇതൊന്നും മമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റാന്‍ പര്യാപ്തമായില്ല.
ഒരിക്കല്‍ മമ്മ ഒരു വലിയ നോട്ടീസ് കൊണ്ടുവന്നു ഞങ്ങളെ കാണിച്ചു. മണിനാദം എന്ന നാടകത്തിന്റെ നോട്ടീസായിരുന്നു അത്. അത്ഭുതം, അതില്‍ മമ്മയുടെ ഫോട്ടൊ ഉണ്ടായിരുന്നു. പരിചയമുള്ള ഒരാളുടെ ഫോട്ടൊ ആദ്യമായി അച്ചടിച്ചു കാണുകയായിരുന്നു.
ബഷീറിന്റെ സ്ഥലപുരാണ കഥകളും ആയിരത്തൊന്നു രാവുകളിലെ സിന്‍ബാദ് കഥകളും ആദ്യമായി പറഞ്ഞുതന്നത് മമ്മയാണ്. ‘അശ്വമേധം’ നാടകം കണ്ടു വന്നിട്ട് അതിലെ വ്യത്യസ്തമായ ക്ലൈമാക്‌സിനെ കുറിച്ച് മമ്മ വികാരഭരിതമായി സംസാരിച്ചതോര്‍ക്കുന്നു.
ബാപ്പയും ഉമ്മയും മരിച്ച് വീട് ഞങ്ങള്‍ വാടകയ്ക്ക് നല്‍കേണ്ടി വന്നപ്പോള്‍ മമ്മയുടെ പൊറുതി പടിഞ്ഞാറെ നാച്ചെ വീട്ടിലായി. അവിടെ ഒരംഗത്തെ പോലെയായിരുന്നു. അതിന്റെ മുന്‍വശത്ത് ഐസ് ഫാക്ടറി വന്നപ്പോള്‍ ജോലിയുമായി. തറവാട്ടിലെ ഇല്ലവല്ലായ്മയില്‍ മമ്മയും ഭാഗമായി. വീട്ടില്‍ ചിലര്‍ക്ക് ക്ഷയരോഗം പിടിപെട്ടപ്പോള്‍ മമ്മയും അതേറ്റുവാങ്ങി.
ഇഎംഎസ്സിന്റെ ആരാധകനായിരുന്നു മമ്മ. കൊച്ചിന്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനായിരുന്ന കൊച്ചുണ്ണിക്കയും (അഷറഫ് നൈനയുടെ ബാപ്പ) പെങ്ങള്‍ കുഞ്ഞുമ്മയും മമ്മയുടെ രാഷ്ട്രീയ ചേരിയിലാണ്. അവര്‍ മൂന്ന് പേരും ഇടതുപക്ഷക്കാരാണ്. അവരുടെ സംവാദം കേട്ട് ഞങ്ങള്‍, കുട്ടികള്‍ അന്തം വിട്ടു നില്‍ക്കും.
അതൊക്കെ രസകരമായ കാലമായിരുന്നു. വളരെ വൈകിയാണെങ്കിലും മമ്മ വിവാഹിതനായി. അപ്പോഴും പൊറുതി നാച്ചെ വീട്ടില്‍ തന്നെയായിരുന്നു. കുഞ്ഞുകുട്ടി പരാതീനമായപ്പോഴാണ് മാറിത്താമസിച്ചിരുന്നത്. ഞങ്ങളും വാടക വീടുകളില്‍ നിരങ്ങുകയായിരുന്നു. സ്ഥിരമായി ജോലിയില്ലാത്തതിന്റെ പ്രയാസങ്ങള്‍ എന്നെ വലച്ചു. തൊഴിലില്ലായ്മ ഞെരുക്കി.
അന്നാളുകളിലൊരിക്കല്‍ മമ്മ എന്റടുത്തേക്ക് കൊച്ചുമകനെ അയച്ചു. അഞ്ചു രൂപാ വേണം. അത്യാവശ്യമായ എന്തിനോ ആയിരുന്നു. അതു കൊടുക്കാന്‍ പോലുമെന്റെ കൈയിലില്ലായിരുന്നു. പിന്നീട് കേട്ടത് മമ്മയുടെ മരണവാര്‍ത്തയാണ്. അന്നേരം ഞാന്‍ ‘കീട ജന്മമേ’ എന്ന് സ്വയം നിശ്ശബ്ദമായി നിലവിളിച്ചു പോയി.
എന്നില്‍ സര്‍ഗാത്മകതയുടെ എന്തെങ്കിലുമുണ്ടെങ്കില്‍ അതിന്റെ ആദ്യ വിത്തുകളെറിഞ്ഞ മാനസഗുരുവിന്ന് അത്യാവശ്യ ഘട്ടത്തില്‍ ഒരഞ്ചു രൂപ നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായത, ആത്മ പുച്ഛം, കുറ്റബോധം എത്ര ജന്‍മം കൊണ്ട് പശ്ചാത്തപിച്ചു തീരാന്‍!





No Comments yet!