Skip to main content

ഓപറേഷന്‍ കഗര്‍: കൂട്ടക്കുരുതി കോര്‍പറേറ്റുകള്‍ക്കു വേണ്ടി

ബേലാ ഭാട്യ/ എ കെ ഷിബുരാജ്

മനുഷ്യാവകാശപ്രവര്‍ത്തക ബേലാ ഭാട്യ, മാവോവാദികള്‍ക്കും ആദിവാസികള്‍ക്കുമെതിരേ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപറേഷന്‍ കഗറിന്റെ പശ്ചാത്തലത്തില്‍ ബസ്തറിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു

എഴുത്തുകാരിയും ഗവേഷകയും ഛത്തീസ്ഗഡ് ബസ്തര്‍ ഡിവിഷനിലെ ജില്ലാ കോടതികളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ അഭിഭാഷകയുമാണ് ബേലാ ഭാട്യ. മധ്യ ബിഹാറിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ബേലാ ഭാട്യ ഇന്ത്യന്‍ ഭരണകൂടവും മാവോവാദികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഏറെക്കാലം പഠനം നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയില്‍ (CSDS) അസോസിയേറ്റ് ഫെല്ലോയും ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (TISS) ഓണററി പ്രഫസറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ട 121 ഇന്ത്യക്കാരില്‍ ബേല ഭാട്യയും ഉള്‍പ്പെടുന്നു. കേരളത്തിലെത്തിയ ബേലാ ഭാട്യ മാവോവാദികള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപറേഷന്‍ കഗറിന്റെ പശ്ചാത്തലത്തില്‍ ബസ്തറിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ഓപറേഷന്‍ കഗര്‍ എന്നത് യഥാര്‍ത്ഥത്തില്‍ എന്താണ്? അത് ഏതു ഭൂപ്രദേശത്ത് എങ്ങനെ നടക്കുന്നു എന്നു പറയാമോ?

2024 ജനുവരിയില്‍ അമിത് ഷാ റായ്പൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം, 2026 മാര്‍ച്ചിനുള്ളില്‍ മാവോവാദികളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഓപറേഷന്‍ കഗറിനെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷം മാവോവാദികളുമായുള്ള ഏറ്റുമുട്ടല്‍ വളരെയധികം വര്‍ധിച്ചു. സൈനിക നീക്കങ്ങള്‍ എല്ലായിടത്തും വ്യാപകമായി. ഒറ്റയടിക്ക് എല്ലാം അവസാനിപ്പിക്കാന്‍ കൂടിയാണല്ലോ ഈ സൈനിക നീക്കത്തിന് ഓപറേഷന്‍ കഗര്‍ എന്ന പേര് നല്‍കിയത്.

മാവോവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ വര്‍ഷങ്ങളായി പല രൂപത്തില്‍ നടന്നു വരികയാണല്ലോ. ഓപറേഷന്‍ കഗര്‍ എങ്ങനെയാണ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുന്നത്?

2024നുശേഷം ഏറ്റുമുട്ടലുകള്‍ വളരെയധികം വര്‍ധിച്ചു. ഇപ്പോള്‍ കൂടുതലും നടക്കുന്നത് വ്യാജഏറ്റുമുട്ടലുകള്‍ ആണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന ഓപറേഷന്‍ ഗ്രീന്‍ ഹണ്ടില്‍ നിന്ന് വ്യത്യസ്തമായി മാവോവാദി ഉന്മൂലനത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രത്തിലും ഛത്തീസ്ഗഡിലും ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സമയമാണിത്. അതിനാല്‍ സൈനിക നീക്കങ്ങള്‍ വളരെ ശക്തമാണ്. മാത്രവുമല്ല, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അതില്‍ ഇടപെടാനുള്ള സാഹചര്യങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പരിമിതിയാണ് നിലവിലുള്ളത്.

ഏതെല്ലാം പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ സൈനിക നീക്കങ്ങള്‍ നടക്കുന്നത്?

മാവോവാദികള്‍ക്ക് ആധിപത്യമുള്ള അവിഭക്ത ദന്തേവാഡ ജില്ലയിലെ ബിജാപൂര്‍, ദന്തേവാഡ, സുക്മ എന്നിവിടങ്ങളിലാണ് വന്‍ തോതില്‍ കൂട്ടക്കുരുതികള്‍ നടക്കുന്നത്. മിക്കതും സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ ആക്രമണ നടപടികളാണ്. വടക്കന്‍ ബസ്തറിലെ നാരായണ്‍പൂര്‍ (മാവോവാദി ആസ്ഥാനമായ പ്രദേശം), കാങ്കര്‍ എന്നിവിടങ്ങളിലും കനത്ത സൈനിക സാന്നിധ്യമാണ് ഇപ്പോള്‍ ഉള്ളത്. തെലങ്കാനയിലും സമാന സ്ഥിതിയുണ്ടെങ്കിലും ഛത്തീസ്ഗഡിലെ ബസ്തറിലാണ് കൂടുതല്‍ സൈനിക സാന്നിധ്യവും കൊലകളും നടക്കുന്നത് എന്ന് പറയാം.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ ചര്‍ച്ചയ്ക്കു തയ്യാറായ മാവോവാദികളെ ഓപറേഷന്‍ കഗറിലൂടെ ഉന്‍മൂലനം ചെയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണമെന്താണ്?

മാവോവാദികള്‍ വികസന വിരുദ്ധരാണ്, പ്രത്യേകിച്ച് ഖനനം ലക്ഷ്യമിടുന്ന പ്രദേശങ്ങളില്‍ അവര്‍ തടസ്സമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം. അവരെ തീവ്രവാദികളായിട്ടാണ് സര്‍ക്കാര്‍ കരുതുന്നത്. ജനാധിപത്യ സംവിധാനങ്ങള്‍ കാണിക്കേണ്ട ഉത്തരവാദിത്തം, കോര്‍പറേറ്റ് ചൂഷണത്തിനെതിരേയുള്ള നിലപാടുകള്‍ തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളെ സര്‍ക്കാര്‍ ഒരു രീതിയിലും പരിഗണിക്കുന്നില്ല. അവരുടെ പ്രവര്‍ത്തന രീതിമാത്രമാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്.

ബസ്തറിലെ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ ഇത് എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?

മാവോവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ എന്നപേരില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സാധാരണമാകുകയാണ് എന്ന് പറഞ്ഞല്ലോ. സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകളാണ് അതിലൂടെ നടക്കുന്നത്. ആദിവാസികള്‍ക്ക് അവരുടെ നിത്യജീവിതം തുടരാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. പലപ്പോഴും വനത്തിനുള്ളില്‍ പലവിധ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളെയാണ് സൈന്യം കൊന്നൊടുക്കുന്നത്. ഉദാഹരണത്തിന്, ബിജാപൂര്‍ ജില്ലയിലെ പിടിയയിലും ഹിതവാറിലും ബീഡിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇലകള്‍ ശേഖരിക്കാന്‍ പോയ പത്തോളംപേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. മാവോവാദികളുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. അതുപോലെ മഹുവ ശേഖരണം, തെലുങ്കാന മേഖലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒക്കെ തടസ്സപ്പെട്ടിരിക്കുകയാണ്. കൊലപാതകങ്ങള്‍ മാത്രമല്ല അറസ്റ്റും ചോദ്യം ചെയ്യലുകളും അവരുടെ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലാണ് നടക്കുന്നത്. പല നിരപരാധികളെയും യുഎപിഎ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്. സായുധരല്ലാത്ത ‘സംഘം’ എന്നറിയപ്പെടുന്ന ഗ്രാമസമിതികള്‍ മാവോവാദികള്‍ക്ക് ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കുന്നവരാണ്. അവരെ ഇപ്പോള്‍ ക്രിമിനലുകളായി സര്‍ക്കാര്‍ കാണുന്നു.

കശ്മീരിലെപ്പോലെ അതിതീവ്ര സൈനികവല്‍ക്കരണം നിലനില്‍ക്കുന്ന സ്ഥലമാണ് ബസ്തര്‍. മരണം, കസ്റ്റഡി, നിരന്തര ചോദ്യം ചെയ്യല്‍, നിരീക്ഷണം തുടങ്ങിയവ ആദിവാസികളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പോലിസ് ക്യാമ്പുകള്‍ വര്‍ധിച്ചിരിക്കുന്നു. സ്റ്റേറ്റ് പോലിസിനെ യൂണിഫോമിലൂടെ തിരിച്ചറിയാന്‍ കഴിയില്ല. പോലിസ് ക്യാമ്പ് ആണോ സൈന്യത്തിന്റെ ക്യാമ്പ് ആണോ എന്നും. അവര്‍ യാത്രചെയ്യുന്ന യുവാക്കളുടെ ഫോണ്‍ ഒരു രേഖയും നല്‍കാതെ പിടിച്ചെടുക്കുന്നു. മാവോവാദി ബന്ധത്തിന്റെ ഡിജിറ്റല്‍ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനുള്ള അവസരം കൂടിയാണത്. ഒരു ഏറ്റുമുട്ടലിന്റെ പേരില്‍ സൈനിക ക്യാമ്പുകള്‍ വര്‍ധിപ്പിക്കുകയാണ് സൈന്യം. മുത്തുവെണ്ടിയില്‍ ആറുമാസം പ്രായമുള്ള ഒരു കുട്ടി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക ക്യാമ്പ് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയായിരുന്നിട്ടും പുതിയ ഒരു ക്യാമ്പ് അവിടെ തൊട്ടടുത്ത ദിവസം ആരംഭിച്ചു.

സാധാരണ ആദിവാസികള്‍, മാവോവാദികള്‍ പ്രഖ്യാപിച്ച വെടി നിര്‍ത്തല്‍, ഓപറേഷന്‍ കഗര്‍ എന്നിവയോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

എത്രയോ കാലമായി സാധാരണ രീതിയിലുള്ള ജീവിതം നിഷേധിക്കപ്പെട്ട ജനതയാണ് ബസ്തറില്‍ ഉള്ളത്. പുതിയ സാഹചര്യത്തിലും അവര്‍ അതിജീവനത്തിനുള്ള വഴികള്‍ തേടുകയാണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏകകാര്യം ജീവന്‍ നഷ്ടമാകാതെ നോക്കുക എന്നത് മാത്രമാണ്. അവര്‍ക്കിടയില്‍ നേരത്തെ രാഷ്ട്രീയ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന പ്രസ്ഥാനമാണ് മൂല്‍വാസി ബചാവോ മഞ്ച്. അത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ച ശേഷം സജീവമല്ല. ധര്‍ണ്ണകള്‍, റാലികള്‍ ഒക്കെ നിലച്ചിരിക്കുന്നു. നേരത്തെ മാവോവാദികളുമായും സര്‍ക്കാരുമായും ബന്ധം പുലര്‍ത്തിയിരുന്ന സര്‍പഞ്ചുമാര്‍ (തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് തലവന്‍) ഇപ്പോള്‍ ഇരു വിഭാഗത്തിന്റെയും സംശയത്തിന്റെ നിഴലിലാണ്.

ആദിവാസി ജനവിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥലമാണല്ലോ ബസ്തര്‍. അവിടെ പെസ (PESA) നടപ്പിലില്ലേ?

പെസ നടപ്പാക്കിയിരുന്നുവെങ്കില്‍ ആദിവാസി സ്വയംഭരണ മേഖലയായി ബസ്തര്‍ മാറുമായിരുന്നു. അഞ്ചാം പട്ടികയില്‍ വരുന്ന മേഖലയായിട്ടും പെസ അവിടെ നടപ്പാക്കിയിട്ടില്ല. 1996ല്‍ നിലവില്‍ വന്നെങ്കിലും പെസ നടപ്പാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല. മറ്റു പ്രദേശങ്ങളിലുള്ള പോലെ പഞ്ചായത്തുകള്‍ നിലവിലുണ്ടെങ്കിലും ഭയം കാരണം ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ താമസക്കുകയില്ല. അങ്കണവാടി ടീച്ചര്‍ ശമ്പളം വാങ്ങുമ്പോഴും താമസം മറ്റെവിടെയെങ്കിലും ആയിരിക്കും. മാവോവാദി ശക്തികേന്ദ്രങ്ങളില്‍ ജനതന സര്‍ക്കാര്‍ (Area Janathana Sarkar) ആണ് പ്രവര്‍ത്തിക്കുന്നത്.

ഇത്ര വലിയ സൈനിക നീക്കം നടക്കുന്ന ഓപറേഷന്‍ കഗര്‍ നടപടികള്‍ മാധ്യമങ്ങള്‍ ഗൗരവത്തോടെ റിപോര്‍ട്ട് ചെയ്യുന്നുണ്ടോ?

സ്വതന്ത്ര യൂട്യൂബ് ചാനലുകള്‍ റിപോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. ‘ബസ്തര്‍ ടാക്കീസ്’ പോലുള്ളവ. റോഡ് നിര്‍മ്മാണത്തിലെ അഴിമതി പുറത്തതുകൊണ്ടുവന്നതിനെ തുടര്‍ന്ന് ബിജാപുരില്‍ കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകര്‍ തുടങ്ങിയ ‘ബസ്തര്‍ ജംഗ്ഷന്‍’ മറ്റൊരുദാഹരണമാണ്. ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള കുറച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. എങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവെ ഓപറേഷന്‍ കഗറിന്റെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിശബ്ദത പുലര്‍ത്തുകയാണ്.

ബസ്തര്‍ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് കോടതികളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും എങ്ങനെ പ്രതികരിക്കുന്നു?

അടുത്തിടെ മൂല്‍വാസി ബചാവോ മഞ്ചിനെ നിരോധിച്ചതിനെതിരേ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജീവ് പരിഖിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പിച്ചിരുന്നു. കോടതി അത് തള്ളിക്കളഞ്ഞു. ഇപ്പോള്‍ ഈ വിഷയം സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ ശ്രമങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് ഞങ്ങള്‍ പോലിസില്‍ പരാതി നല്‍കാറുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടികളൊന്നും ഉണ്ടാകാറില്ല. ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച ജനങ്ങളുടെ വാദം സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടാകട്ടെ എന്ന് കരുതിയാണ് അത് ചെയ്യുന്നത്.

2012ല്‍ സര്‍ക്കേഗുഡയില്‍ 17 പേരും, 2013ല്‍ ഏഡസ്‌മെട്ടയില്‍ 8 പേരും സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. അവര്‍ വിത്തുത്സവങ്ങളില്‍ പങ്കെടുക്കുകയായിരുന്ന സാധാരണ ഗ്രാമീണര്‍ ആയിരുന്നു. ജസ്റ്റിസ് വി കെ അഗര്‍വാള്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇതെല്ലാം വ്യാജ ഏറ്റുമുട്ടലുകളാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഇന്നുവരെ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടത്തി ജനങ്ങളുടെ വാദം ശരിയെന്നു കണ്ടെത്തിയ കേസിന്റെ സ്ഥിതി ഇതാണ്.

അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഭീഷണിയോ തടസ്സങ്ങളോ നേരിടേണ്ടി വരുന്നുണ്ടോ?

തീര്‍ച്ചയായും. ഓപറേഷന്‍ കഗറിന്റെ ഭാഗമായി സൈനിക നടപടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പൊതുപ്രവര്‍ത്തകര്‍ എത്തുന്നത് സൈന്യം തടയുകയാണ്. പലപ്പോഴും പൊതുവഴികളില്‍ നിന്നുമാറി ഒരുപാട് ദൂരം സഞ്ചരിച്ചാണ് അവിടങ്ങളിലെത്താന്‍ കഴിയുന്നത്. പൊതു വഴികളിലൊക്കെ പലവട്ടം പരിശോധനകളും ചോദ്യം ചെയ്യലുകളും നേരിടേണ്ടിവരും. സുരക്ഷാ സേന ‘നിങ്ങളുടെ സുരക്ഷയ്ക്കാണ്’ എന്ന് പറഞ്ഞാണ് ഇത് ന്യായീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓപറേഷന്‍ കഗറിന്റെ പേരില്‍ എന്താണ് നടക്കുന്നതെന്ന യാഥാര്‍ത്ഥ്യം പുറംലോകം അറിയാതെ പോകുന്നു.

ഈ പ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള നിയമപരമായതും മറ്റു തരത്തിലുള്ളതുമായ സഹായങ്ങള്‍ എന്തൊക്കെയാണ്?

ആളുകള്‍ അറസ്റ്റിലാകുമ്പോഴും ചോദ്യം ചെയ്യപ്പെടുമ്പോഴും കുടുംബാംഗങ്ങള്‍ക്ക് അതേക്കുറിച്ചു ശരിയായ വിവരം പോലും ലഭിക്കില്ല. അവര്‍ എവിടെയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയാന്‍ അവര്‍ക്ക് എന്നെപ്പോലുള്ള പൊതു പ്രവര്‍ത്തകരെ വിളിക്കേണ്ടി വരുന്നു. ഞങ്ങള്‍ കഴിയുന്നത്ര സഹായിക്കുന്നു. മിക്കവാറും മനുഷ്യര്‍ക്ക് നിയമ നടപടികള്‍ അറിയില്ല. ഒരാളെ കാണാതായാല്‍ എന്ത് ചെയ്യണം, അറസ്റ്റ് ചെയ്യപ്പെട്ടാല്‍ എങ്ങനെ ജാമ്യം ലഭിക്കും, കൊല്ലപ്പെട്ടാല്‍ എങ്ങനെ ശരീരം തിരികെ ലഭിക്കും, എവിടെ പരാതി കൊടുക്കണം എന്നൊക്കെ അറിയാതെ അവര്‍ വലയുന്നു. ഒരു അഭിഭാഷകനെ എങ്ങനെ കേസ് ഏല്‍പ്പിക്കാം എന്നതൊന്നും അവര്‍ക്കറിയില്ല. പൊതുവെ സാക്ഷരത കുറഞ്ഞ പ്രദേശംകൂടിയാണിത്. ഭരണ സംവിധാനങ്ങളുടെ വഴികള്‍ അപരിചിതരായ ഒരു ജനതയ്ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതം വലിയ ദുരിതങ്ങള്‍ നിറഞ്ഞതാണ്.

വ്യാജവും അല്ലാത്തതുമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം പോലിസ് മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്കു തിരികെ നല്‍കുന്നുണ്ടോ?

ഓപറേഷന്‍ കഗര്‍ തുടങ്ങിയ ശേഷം മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ വലിയ വിമുഖതയാണ് പോലിസ് കാണിക്കുന്നത്. അനാവശ്യമായി അവര്‍ അത് നീട്ടിക്കൊണ്ടു പോകുന്നു. മുമ്പ് ഏറ്റുമുട്ടലില്‍ മരിച്ചവരുടെ ഫോട്ടോകള്‍ കാണിക്കുകയും പത്രസമ്മേളനം നടത്തുകയൊക്കെ ചെയ്യുമായിരുന്നു. അപ്രകാരം കുടുംബങ്ങള്‍ മരണപ്പെട്ട ബന്ധുക്കളെ തിരിച്ചറിയുമായിരുന്നു. ഇപ്പോള്‍ അതൊന്നും നടക്കാറില്ല. ഫ്രീസര്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ജീര്‍ണ്ണിക്കുകയും ചെയ്യുന്നു.

സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ആയിരുന്ന ബസവരാജു നാരായണ്‍പൂരില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവത്തില്‍ മരിച്ച 27 പേരുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഫ്രീസര്‍ ഇല്ലാതെ തുറന്നിട്ട ഒരു മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മതിയായ രേഖകള്‍ കാണിച്ചിട്ടും കുടുംബങ്ങള്‍ക്ക് ദിവസങ്ങളോളം പോലിസ് ക്യാമ്പുകള്‍ കയറിയിറങ്ങേണ്ടി വന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കുടുംബങ്ങള്‍ ഫ്രീസര്‍ കൊണ്ടുവന്നിരുന്നു. അവസാനം ബസവരാജുവിന്റേതടക്കം എട്ടു മൃതദേഹങ്ങള്‍ പോലിസ് കാട്ടിനുള്ളില്‍ കത്തിച്ചു കളയുകയായിരുന്നു. ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല.

പോലിസ് മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ താമസം വരുത്തുന്നതിന്റെയും വിട്ടു നല്‍കാത്തതിന്റെയും കാരണം എന്താണ്?

ബസവരാജുവിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശരീരം ആന്ധ്രയിലേക്കു കൊണ്ടുപോയാല്‍ അവിടെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാരുകള്‍ ഭയപ്പെട്ടിരിക്കാം. ഇതിന് മുമ്പ് അങ്ങനെ സംഭവിച്ചിട്ടുണ്ട്. എങ്കിലും മൃതദേഹങ്ങള്‍ ലഭിക്കാനും സംസ്‌കാര ക്രിയകള്‍ ചെയ്യാനും ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുടുംബത്തിന് ഭരണഘടനാപരമായ അവകാശമുണ്ട്. പല സംഭവങ്ങളിലും ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത് ബോധപൂര്‍വ്വം വൈകിക്കുന്നത്. ഇത്തരമൊരു തന്ത്രം നേരത്തേയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് വ്യാപകമായിരിക്കുകയാണ്.

ഇങ്ങനെ മൃതദേഹങ്ങള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ?

ബസവരാജു കേസിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് കണ്ടെടുക്കപ്പെട്ട മറ്റ് മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുകയുണ്ടായി. ബസവരാജുവിന്റേയും മറ്റ് ഏഴു പേരുടെയും കുടുംബങ്ങള്‍ ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നുറപ്പാണ്.

ഖനിജ സമ്പത്തുകളാല്‍ സമൃദ്ധമായ ആദിവാസി മേഖലകളില്‍ സൈനിക നടപടികളിലൂടെ നിയന്ത്രണം ഉറപ്പാക്കാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായാണ് ഓപറേഷന്‍ കഗര്‍ നടക്കുന്നതെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും അത് തന്നെയാണ് ലക്ഷ്യം. ഖനനം ലക്ഷ്യമിട്ട് കോര്‍പറേറ്റുകളുമായുള്ള നിരവധി കരാറുകള്‍ സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ട്. അതിന്റെയൊക്കെ കാലാവധി കഴിയും മുന്‍പ് സ്ഥലങ്ങള്‍ കൈമാറാനുള്ള പദ്ധതിയാണ് നടക്കുന്നത്. അദാനി പോലുള്ള കമ്പനികള്‍ക്ക് ഈ കൈമാറ്റം നടത്താന്‍ വേണ്ടിയാണ് ഓപറേഷന്‍ കഗര്‍ നടപ്പാക്കുന്നത്. അല്ലാതെ പൊതുജനങ്ങളുടെ താല്‍പ്പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഒരു മേഖലയില്‍ ഖനനം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്. അവര്‍ അടുത്ത ഒരു കുന്നില്‍ ഖനനത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അതിനെതിരായി ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്. ഖനന മേഖലയുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്ന സൈനിക നടപടികളുടെ യഥാര്‍ത്ഥ പശ്ചാത്തലം.

മാവോവാദികള്‍ ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അത് അവരുടെ ശക്തിയും സ്വാധീനവും ക്ഷയിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, സര്‍ക്കാര്‍ ഈ അവസരം ഉപയോഗിച്ച് ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ആധുനിക സാങ്കേതികവിദ്യയും സായുധശേഷിയും ഉപയോഗിച്ച് മാവോവാദികളെ കൊന്നൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സാധാരണ ജനങ്ങളുടെ മരണങ്ങള്‍ യാദൃച്ഛികമായി സംഭവിച്ച നഷ്ടം (Collateral damage) ആയി തള്ളിക്കളയുകയും ചെയ്യുകയാണ്.

മാവോവാദി പ്രതിരോധം ഇല്ലാതായാല്‍ തദ്ദേശവാസികളുടെ നേതൃത്വത്തില്‍ പുതിയ പ്രക്ഷോഭങ്ങള്‍ സാമൂഹിക പാരിസ്ഥിതിക നീതിക്കുവേണ്ടി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

ഉണ്ടാവും. ജനായത്ത സംസ്‌കാരം ഉള്‍ക്കൊള്ളുന്ന കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ രൂപം നല്‍കും എന്നാണ് എന്റെ വിശ്വാസം. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണത്തിനെതിരേ നടത്തിയ പ്രതിരോധം മുതല്‍ ആദിവാസികള്‍ക്ക് സമരത്തിന്റെ വലിയ ചരിത്രമുണ്ട്. അതിന്റെ തുടര്‍ച്ചയായി പുതിയ രാഷ്ട്രീയ രൂപങ്ങളുണ്ടാകാനാണ് സാധ്യത.

മൂല്‍വാസി ബചാവോ മഞ്ച് യുവാക്കളില്‍ വലിയ സ്വാധീനമുള്ള സംഘടനയായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ 2024 ഒക്ടോബറില്‍ ഒരു വര്‍ഷത്തേക്ക് നിരോധിച്ചതിനെ തുടര്‍ന്ന് അത് നിലച്ചുപോവുകയായിരുന്നു. നിരോധനം പുതുക്കാനാണ് സാധ്യത. അതിന്റെ അനേകം യുവ പ്രവര്‍ത്തകര്‍ ഇപ്പോള്‍ യുഎപിഎ പ്രകാരം ജയിലിലുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍ മാവോവാദികളുമായി ബന്ധപ്പെടുത്തി നടന്നാല്‍ അതിന് മുന്നോട്ടുപോകാന്‍ കഴിയില്ല. സ്വതന്ത്ര ജനകീയ പ്രക്ഷോഭങ്ങളാണ് ഈ കാലത്ത് ഏറ്റവും ആവശ്യമായത്. പക്ഷേ ബസ്തറില്‍ നടക്കുന്ന അതിതീവ്ര സൈനികവല്‍ക്കരണം അത്തരം ജനകീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുകയാണ്.

മാവോവാദികള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാവേണ്ടതല്ലേ?

അതെ, തീര്‍ച്ചയായും. മുതിര്‍ന്ന മാവോവാദി നേതാക്കള്‍ ആറ് തവണ രാഷ്ട്രീയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അവരോട് മധ്യസ്ഥരില്ലാതെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയാണ്. മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മാവോവാദികള്‍ തിരിച്ചറിയുന്നുണ്ടാവും.

ഇന്ന് നാം ജീവിക്കുന്നത് കോര്‍പറേറ്റുകള്‍ ജനാധിപത്യ സംവിധാനങ്ങള്‍ വഴി അധികാരം പിടിച്ചെടുക്കുന്ന കാലഘട്ടത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും ഇതിനു ചുക്കാന്‍ പിടിക്കുന്നവരാണ്. 2014ല്‍ തിരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ മോദി ഡല്‍ഹിയിലേക്ക് യാത്രചെയ്ത വിമാനമാരുടേതാണ് എന്നത് തന്നെ വലിയൊരു തെളിവാണ്. നമ്മുടെ ജനാധിപത്യം ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ വഴി തകര്‍ക്കപ്പെടുകയാണ്. നമ്മള്‍ ഇന്ത്യയുടെ ചരിത്രത്തിലെ അതീവ അപകടകരമായ ഘട്ടത്തിലാണെന്ന യാഥാര്‍ത്ഥ്യം മറക്കരുത്.

No Comments yet!

Your Email address will not be published.