ടി കെ ആറ്റക്കോയ
പാവഭരണകൂടങ്ങള്‍ സ്ഥാപിച്ച് മുസ്ലിം ലോകത്ത് മേല്‍ക്കോയ്മ നേടിയെടുത്ത് കൊണ്ടിരുന്ന അമേരിക്കക്കും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും, സുഖലോലുപതയില്‍ കഴിഞ്ഞു കൂടിയിരുന്ന അറബ് രാജാക്കന്മാര്ക്കും ഏകാധിപതികള്‍ക്കും 1979ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇറാന് വിപ്ലവം ശക്തമായ പ്രഹരമായിരുന്നു.
രാഷ്ട്രീയ പ്രക്രിയ എന്ന പോലെ സാമൂഹികവും സാംസ്കാരികവുമായ മാനങ്ങള്‍ ഇറാന് വിപ്ലവത്തിനുണ്ടായിരുന്നു. പാശ്ചാത്യന്‍ സംസ്കാരത്തിനും മൂല്യവിചാരത്തിനും വിപ്ലവം വലിയ പരുക്കേല്‍പ്പിച്ചു. ഒരു പുതിയ ലോകക്രമത്തിന് വിപ്ലവം നാന്ദി കുറിച്ചുവെന്ന് നിരീക്ഷിക്കപ്പെടുകയുണ്ടായി.
പശ്ചിമേഷ്യയില്‍ അമേരിക്ക ഉയര്‍ത്തുന്ന ഭീഷണിയും മുസ്ലിം ലോകത്തെ തകിടം മറിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രങ്ങളും, അറേബ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുടെ വിധേയത്വവും പരിഷ്കര്‍ത്താക്കളെയും ഉല്‍ബുദ്ധരായ ജനങ്ങളെയും രോഷാകുലരാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഷാ പഹ്ലവിയുടെ ഭരണകാലത്ത് ഇറാനിലും പരിഷ്കര്‍ത്താക്കളുടെ വലിയ നിരതന്നെ നമുക്ക് കാണാമായിരുന്നു.
ഉസ്മാനിയ ഖിലാഫത്തിനും ഇസ്ലാമിക സംസ്കാരത്തിനും ജീവിതക്രമത്തിനും അന്ത്യം കുറിക്കുന്നതില്‍ മുസ്തഫ കമാല്‍ പാഷയുടെ പങ്ക് ഏവര്‍ക്കുമറിയാം. കമാല്‍ പാഷയുടെ ഭരണമാതൃകകള്‍ പിന്തുടര്ന്നു കൊണ്ടാണെന്ന് പറയാം, മുഹമ്മദ് രിസാപഹ്ലവി ഇറാനെ നയിച്ചത്.
ഒരു ഘട്ടത്തില്‍, പഹ്ലവിക്കെതിരേയുള്ള ചെറുത്ത് നില്പിന്റെ നേതൃത്വം ഇമാം ഖുമൈനിയുടെ കൈകളിലെത്തുകയായിരുന്നു.
മത സാംസ്കാരിക പാരമ്പര്യങ്ങള്ക്കെതിരേയുള്ള ഷായുടെ ഭരണനയങ്ങളെ ഖുമൈനി നിശിതമായെതിര്‍ത്തു. സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ അധികാരത്തില്‍ നിലയുറപ്പിച്ച നിയമവിരുദ്ധ ഭരണത്തിനെതിരേ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. ഭരണഘടനാ പരിഷ്കരണം തുടങ്ങിയ പഹ്ലവിയുടെ നടപടികള്‍ ജനങ്ങളെ വഞ്ചിക്കാനായുള്ള വേലകളാണെന്നും അവയൊരിക്കലും അദ്ദേഹത്തെ സ്വീകാര്യനാക്കുന്നില്ലെന്നും ഖുമൈനി ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പാവയായ ഷായും പഹ്ലവി രാജവംശവും നിഷ്കാസനം ചെയ്യപ്പെടുന്നതിലൂടെ മാത്രമേ ഇറാന്റെ പരമാധികാധികാരവും, സ്വയംനിര്‍ണ്ണയാവകാശവും സംരക്ഷിക്കപ്പെടൂ എന്ന നിലപാടില്‍ ഖുമൈനി ഉറച്ചു നിന്നു.
1963ല്‍ ഷാ, ‘ധവള വിപ്ലവം’ എന്ന പേരില്‍ ആറിന പരിപാടി പ്രഖ്യാപിച്ചു. തനിക്കും തന്റെ ഭരണത്തിനുമെതിരേയുള്ള പ്രതിഷേധങ്ങളെ തടഞ്ഞു നിര്‍ത്താനുള്ള ഷായുടെ സൂത്രവിദ്യയായിരുന്നു അത്. ഈ ഗൂഢപദ്ധതിക്കെതിരേ ഖുമൈനി രംഗത്ത് വന്നു. ഏകാധിപതിയായ ഷായെ അധികരത്തില്‍ നിന്ന് പിടിച്ചിറക്കണം എന്നദ്ദേഹം ഇറാന് ജനതയോട് ആഹ്വാനം ചെയ്തു.
അതേ തുടര്‍ന്ന് ഏതാനും നാളുകള്‍ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. തടവ്കാലം കഴിഞ്ഞ് പുറത്തിറങ്ങിയ ഖുമൈനി സമരശ്രമങ്ങളില്‍ മുഴുകി. 1964ല്‍ ഷാ, ഖുമൈനിയെ ഇറാഖിലെ നജ്ഫിലേക്ക് നാടുകടത്തി. അവിടെ നിന്നും അദ്ദേഹം തുര്‍ക്കിയിലേക്ക് പോയി. ഫ്രാന്‍സിലായിരുന്നു പ്രവാസ ജീവിതത്തിന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. പ്രവാസകാലത്ത് അദ്ദേഹം ഇറാനിലെ വിപ്ലവശ്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും പ്രചോദനവും നല്കിക്കൊണ്ടിരുന്നു. ഈ ജനമുന്നേറ്റം, ഷായെ അധികാരത്തില്‍ നിന്ന് നിഷ്കാസിതനാക്കി. ഷാ ഈജിപ്തില്‍ അഭയം തേടി. ഏകാധിപതികളോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും അവര്‍ക്ക് ഒത്താശകള്‍ നല്‍കുകയും ചെയ്യുക മുസ്ലിം ഭരണകര്‍ത്താക്കള്‍ പിന്തുടരുന്ന ഒരു നയമായി വേണം കരുതാന്‍. തുണീഷ്യയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഏകാധിപതിയായ സൈനുല്‍ ആബ്ദീന്‍ ബിന്‍ അലിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് സഊദി അറേ്യബ്യയായിരുന്നു. ഇതോടൊപ്പം നാം ചേര്‍ത്തു പറയേണ്ടത് മര്ദ്ദിതപക്ഷത്തിനായുള്ള പോരാട്ടങ്ങളില്‍ പങ്കാളികളാവുന്നവരോട് അറബ് സാമ്രാട്ടുകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നതാണ്. ഗസയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ ഹനിയയെ വന്‍ശക്തികളുടെ താല്‍പ്പര്യാനുസൃതം ഖത്തര്‍ നാടുവിടാന്‍ ആവശ്യപ്പെട്ടത് ഒരു ഉദാഹരണം. സിയോണിസത്തോടും സാമ്രാജ്യത്വത്തോടും പൊരുതുന്ന ഹൂത്തികളോടും ഹിസ്ബുല്ലയോടും ശത്രുതയില്‍ കഴിയാനാണ് അറബ് ഭരണകര്‍ത്താക്കള്‍ ആഗ്രഹിച്ചത്. 1979 ഫിബ്രുവരിയില്‍ ഖുമൈനി, ഫ്രാന്‍സിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇറാനിലെത്തി.
ഇറാന് വിപ്ലവം ലോകത്തെവിടേയുമുള്ള മര്‍ദ്ദിതരെയും ചൂഷിതരെയും ആവേശഭരിതരാക്കി. ലാറ്റിന്‍ അമേരിക്ക ഒരു ഉദാ ഹരണം മാത്രം. ഖുമൈനിയുടെ നേതൃത്വത്തിലുണ്ടായ സാമൂഹ്യരാഷ്ട്രീയ മാറ്റങ്ങള്‍ മുസ്ലിം രാജ്യങ്ങളിലും അലയൊലികളുണ്ടാക്കി. അമേരിക്കയുള്‍പ്പെടെയുള്ള വന്‍ശക്തികളെ ഭയപ്പെടുത്തിയ സംഭവഗതികളായിരുന്നു ഇവ. തങ്ങള്‍ക്ക് രാജ്യങ്ങളുടെ മേലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്നവര്‍ ആശങ്കിച്ചു. ഈ പ്രതിസന്ധികളെ മറികടക്കാന്‍ ശാക്തികരാജ്യങ്ങള്‍ ഇറാനെതിരേ രംഗത്തുവന്നു.
അമേരിക്കന്‍ കേന്ദ്രീകൃത വന്‍ശക്തികള്‍ക്ക്, ‘ഇസ്ലാമിക തീവ്രവാദം’ എന്ന സംജ്ഞയില്‍ മുസ്ലിം രാഷ്ട്രങ്ങളെയത്രയും ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിന്റെ ഈറ്റില്ലമായും പോറ്റില്ലമായും ഇറാന് വിശേഷിപ്പിക്കപ്പെട്ടു. ഇറാനെതിരേ കുപ്രചരണങ്ങളുമായി മാധ്യമപ്പട അണിനിരന്നു. ഈ പ്രചാരണങ്ങള്‍, ഇറാനും ഇറാനിലെ വിപ്ലവാനന്തര ഭരണകൂടങ്ങള്‍ക്കും തീവ്രവാദ പരിവേഷം ചാര്‍ത്തി കൊടുക്കുന്നതില്‍ വിജയിച്ചു.
മുസ്ലിം നാടുകളിലെ രാജാക്കന്മാരും പുരോഹിതന്മാരും ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവം ഇസ്ലാമിക പാത പിന്തുടര്ന്നുകൊണ്ടല്ലെന്ന് പ്രചരിപ്പിച്ചു. അവരുടെ ആഗ്രഹം വന്‍ശക്തികളുടെ പ്രതിപത്തിയും ആഭിമുഖ്യവും നേടിയെടുക്കുകയായിരുന്നു.
അമേരിക്കയും ഇസ്രയേലും അറബ് ഭരണകൂടങ്ങളും ഇറാഖിനെ പ്രീണിപ്പിച്ച് ഇറാനെതിരേയുള്ള യുദ്ധത്തിന് കളമൊരുക്കി. 1980ല്‍ ആരംഭിച്ച യുദ്ധം 1988ലാണ് അവസാനിച്ചത്. പക്ഷെ, ഇറാനെ ശിഥിലമാക്കാനും അതിന്റെ ആത്മവീര്യം കെടുത്തുവാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.
മറ്റു പലേടങ്ങളിലുമെന്ന പോലെ തങ്ങള്‍ക്കനുകൂലമായ അട്ടിമറികളും ഭരണമാറ്റവും അമേരിക്കയും ഇസ്രയേലും ഇറാനിലും ആഗ്രഹിക്കുന്നു.
സിയോണിസ്റ്റുകളില്‍ നിന്ന് ഫലസ്തീനെ മോചിപ്പിക്കുകയെന്നതും അവിടെ ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാജ്യം കെട്ടിപ്പടുക്കുകയെന്നതും ഇറാന് വിപ്ലവത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു. അതുകൊണ്ട് തന്നെ മേഖലയിലെ ഇറാന്റെ സാന്നിദ്ധ്യം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതായി അമേരിക്കയും ഇസ്രയേലും കരുതുന്നു. ഇസ്രയേലിനെതിരേ യുദ്ധം ചെയ്യുന്ന ഗസയെ പിന്തുണക്കുന്ന ഏകരാജ്യം ഇറാനാണ്. ഫലഭൂയിഷ്ടമായ ഗസയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും അതിലെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള ഇസ്രയേലിന്റെയും, ശാക്തിക രാജ്യങ്ങളുടെയും കുത്സിത ശ്രമങ്ങള്‍ക്കു തടസ്സം തീര്‍ക്കുന്നത് ഇറാനാണ്. ഇറാന്റെ സൈനിക ശേഷിയും, ആയുധബലവും തകര്‍ക്കുന്നതിലൂടെയും, അവിടെ പാവ ഭരണകൂടത്തെ സ്ഥാപിക്കുന്നതിലൂടെയും മാത്രമെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവൂ എന്നും അവര്‍ കരുതുന്നു. ഖാം ന ഇ യുടെ അന്ത്യം അവര്‍ ആഗ്രഹിക്കുന്നത് അത് കൊണ്ടാണ്.
ഈ സാഹചര്യമാണ് ജൂണ്‍ മാസത്തില്‍, ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ ഇടയാക്കിയത്. ഇസ്രായേല്‍ തങ്ങളുടെ സൈനികമേധാവികളെയും നേതാക്കളെയും കൊലപ്പെടുത്തിയിട്ടും, നയതന്ത്രപരമായ കാരണങ്ങളാലാവണം, ഇറാന് തിരിച്ചടിക്കുകയുണ്ടായില്ല.
ഇറാന്റെ ദൗര്ബല്യമാവണം ഇതിന് കാരണമെന്ന് ഇസ്രായീല്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍, ഒരു കാരണവുമില്ലാതെ ഇറാനെ ഇസ്രയേല്‍ ആക്രമിക്കുകയായിരുന്നു.
ഇനിയും മിണ്ടാതിരുന്നാല്‍ ഭരണകൂടത്തിനെതിരേ ജനങ്ങള്‍ തിരിയുമെന്ന ഘട്ടമെത്തി. അങ്ങനെ ഇറാന് തിരിച്ചടിച്ചു. ഇറാന്റെ തിരിച്ചടി ഇസ്രയേലിനെയും ലോക രാജ്യങ്ങളെയും ഞെട്ടിക്കും വിധമായിരുന്നു. പരോക്ഷമായ സഹായം എന്ന നിലയില്‍ നിന്ന് മാറി, അമേരിക്ക, പ്രത്യക്ഷമായിത്തന്നെ, ഇസ്രയേലിനൊപ്പം ചേര്‍ന്നു. ഇറാന്റെ ആണവ സംപുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബോബുകള്‍ വര്‍ഷിച്ചു.
ചില ചില്ലറ പോറലുകള്‍ മാത്രമാണ് ഇറാനേറ്റത്. എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ച് ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തെ ആക്രമിച്ചു കൊണ്ട് ഇറാന് പ്രതികരിച്ചു.
അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരേ നിലകൊള്ളാനും വ്യാപാരരംഗത്തെ തങ്ങളുടെ വളര്‍ച്ചയ്ക്കും ഇറാനുമായുള്ള സൈനികവും, നയതന്ത്രപരവുമായ സഹവര്‍ത്തിത്വത്തിനും തയ്യാറെടുക്കുകയാണ് ചൈനയും. റഷ്യയും. പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിച്ചു കൊണ്ട് മിഡില്‍ ഈസ്റ്റിലെ ശാക്തിക സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വന്നു. ഈ നിലയിലേക്ക് ഇറാനെ കൈ പിടിച്ചുയര്‍ത്തിയത് രണ്ടു കാര്യങ്ങളാണ്.
ഒന്ന്, ശത്രുവിന്റെ ഗുഢാലോചനയെക്കുറിച്ചുള്ള കൃത്യവും കണിശവുമായ നിരീക്ഷണം. ഉസ്മാനിയ ഖിലാഫത്തിന്റെ നിയന്ത്രണത്തിലായിരുന്ന നാടുകളും ഭൂപ്രദേശങ്ങളും പങ്കുവച്ചെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞതിനു പിന്നില്‍ ബ്രിട്ടനും ഫ്രാന്‍സും 1916ല്‍ ഒപ്പുവച്ച സൈക്സ് പികോ കരാറാണ്. പശ്ചിമേഷ്യയെ ഒരു നൂറ്റാണ്ടായി സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്നത് ഈ കരാറാണ്.
അറേബ്യയിലെ ചില പ്രദേശങ്ങള്‍ ശരീഫ് ഹുസൈന് ഉടമപ്പെടുത്താന്‍ ബ്രിട്ടന് സൗകര്യങ്ങള്‍ ചെയ്തു. ഫലസ്തീനില്‍ യഹൂദരെ കുടിയിരുത്താനുള്ള ഒന്നായിരുന്നു സൈക്സ് പിക്കോ കരാര്‍ എന്ന് അതിന്റെ നടത്തിപ്പിന്നായി നിയോഗിതനായ ലോറന്‍സ് ഓഫ് അറേബ്യ രേഖപ്പെടുത്തിയതായി പറയപ്പെടുന്നു. അങ്ങനെയുള്ള കെണികളില്‍ വീണുപോവാതിരിക്കാന്‍ ഇറാനിലെ വിപ്ലവാനന്തര ഭരണകൂടങ്ങള്‍ ജാഗ്രത പാലിച്ചു കൊണ്ടിരിക്കുന്നു. ജനീവയില്‍ സമാധനത്തിന് വേണ്ടിയുള്ള ചര്‍ച്ച നടന്ന് കൊണ്ടിരിക്കെയാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത്.
ഇറാനെ കുരുക്കിലാക്കാനുള്ള ശ്രമമാണതെന്ന് മനസ്സിലാക്കിയ ഇറാന് പ്രതിനിധി ചര്‍ച്ച ബഹിഷ് കരിക്കുകയായിരുന്നു. നയതന്ത്ര കുരുക്കുകളില്‍ വീണു പോവാതിരിക്കാനുള്ള ഇറാന്റെ ജാഗ്രതയാണ് ഇത് വെളിപ്പെടുത്തുന്നത്. മറ്റൊന്ന് സാങ്കേതികവിദ്യകളിലും ആയുധ നിര്‍മ്മാണത്തിലുമുള്ള ഇറാന്റെ ശക്തിയും കരുത്തുമാണ്. കഴിഞ്ഞ ഏതാനും നാളുകളില്‍ ലോകം ഇത് കണ് തുറന്ന് കണ്ടു.
അമേരിക്കയും ഇസ്രയേലും യുദ്ധവിരാമത്തിന് നിര്‍ബന്ധിതമായത് ഈ സാഹചര്യത്തിലാണ്. ഈ രാജ്യങ്ങള്‍ തങ്ങളുടെ ശക്തി പ്രഭാവത്തിന്റെ പേരില്‍ അഹങ്കരിച്ചത് ഒരു നാട്യമായിരുന്നുവെന്ന് ഈ യുദ്ധം മനസ്സിലാക്കിത്തരുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന ജനതയെ ആയുധശക്തിക്കോ ആണവശേഷി കൊണ്ടുപോലുമോ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ഈ യുദ്ധം തെളിയിച്ചു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും വന്‍കിട രാജ്യങ്ങളുടെയും, സഖ്യവും ചങ്ങാത്തവും, തങ്ങളുടെ സുരക്ഷക്ക് ഒരു പ്രയോജനവും നല്‍കില്ല എന്ന പാഠം, അറബ് രാജ്യങ്ങളിലെ രാജാക്കന്മാര് ഉള്‍പ്പെടെ എല്ലാ പാവ ഭരണകൂടങ്ങളെയും ഈ യുദ്ധം പഠിപ്പിക്കുന്നു.





No Comments yet!