Muhammed Ashraf
മംഗലാപുരത്തു വെച്ച് സംഘപരിവാര്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഷ്റഫിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് 2026 ഏപ്രില്‍ 27ന് ഒരു വര്‍ഷം തികയുകയാണ്. ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകൊണ്ടിരുന്ന വംശീയ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നമ്മുടെ പടിവാതില്ക്കലും എത്തിയെന്ന യാഥാര്‍ത്ഥ്യമാണ് ഈ കൊലപാതകത്തിലൂടെ നാം തിരിച്ചറിഞ്ഞത്.
ഒരു മലയാളി എന്ന നിലയില്‍ അഷ്റഫിന് നീതി ലഭിക്കാന്‍ കേരളം ഒന്നാകെ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കേരള സര്‍ക്കാരിന്റെയോ മറ്റ് ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന് കാര്യമായ യാതൊരു ഇടപെടലും ഉണ്ടായില്ല എന്നത് അങ്ങേയറ്റം സങ്കടകരമാണ്. കര്‍ണാടക സര്‍ക്കാരിനുമേല്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാരിന് സാധിച്ചില്ല എന്നത് വേദനാജനകമായ വസ്തുതയാണ്.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟
കേസിന്റെ തുടക്കത്തില്‍ തന്നെ ഇത് ഒതുക്കിത്തീര്‍ക്കാനും ഇല്ലാതാക്കാനും വലിയ രീതിയിലുള്ള ശ്രമങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അതിജീവിച്ചുകൊണ്ട്, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെയും അഭിഭാഷക കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഈ കേസില്‍ ആശ്വാസകരമായ നിയമനടപടികള്‍ മുന്നോട്ട് പോയത്. കേസില്‍ ഇതുവരെ 21 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളില്‍ മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കാതെ ഒരു വര്‍ഷമായിട്ടും ഇന്നും ജയിലില്‍ തുടരുകയാണ്. ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇത് വലിയൊരു നാഴികക്കല്ലാണ്.
ആള്‍ക്കൂട്ട കൊലപാതകം പോലെയുള്ള അതീവ ഗൗരവമുള്ള കേസായിട്ടും, പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള ജാഗ്രത ഹൈക്കോടതിയിലടക്കം പുലര്‍ത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കാനും, ഇനിയെങ്കിലും ഈ കേസില്‍ കടുത്ത ജാഗ്രതയോടെ നിയമനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഭരണകൂടം തയ്യാറാകണം. കൂടാതെ, ഒരു വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വലിയ വീഴ്ചയാണ്. അറസ്റ്റിലായ 21 പേര്‍ക്ക് പുറമെ, കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരെയുമുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് അധിക കുറ്റപത്രം കൂടി കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അന്വേഷണം പൂര്‍ണ്ണമാകുകയുള്ളൂ. നീതി വൈകിപ്പിക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല.

തഹ്സീന് പൂനാവാല വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ എന്ന കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ നിയമപോരാട്ടത്തില്‍ വലിയ സഹായകമായിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ സുപ്രീംകോടതി കൃത്യമായി നല്‍കിയിട്ടുള്ള ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വേഗത്തില്‍ ഉറപ്പാക്കുന്നതിനായി അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനും ഈ കേസ് ഉടന്‍ തന്നെ അതിവേഗ കോടതിയിലേക്ക് മാറ്റാനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.

Father & Mother of Muhammed Ashraf
കൂടാതെ, കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ പ്രതികളെ റിമാന്‍ഡില്‍ തന്നെ പാര്‍പ്പിക്കണമെന്നും, ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭരണകൂടം പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും.
നിയമപരമായി ലഭിക്കേണ്ട അര്‍ഹവും കൃത്യവുമായ നീതി ഇതുവരെയും കര്‍ണ്ണാട സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ല. സുപ്രീംകോടതിയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിട്ടും ഭരണകൂടം അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തം കാണിക്കാത്തത് തികച്ചും ഖേദകരമാണ്.

Abdul Jabbar

ഈ പോരാട്ടം കേവലം അഷ്റഫിന് വേണ്ടിയുള്ളത് മാത്രമല്ല, ഇന്ത്യയിലാകമാനം വ്യാപിച്ചിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയുള്ള നീതി നിര്‍വഹണത്തിന്റെ ഭാഗമാണ്. ഇനിയെങ്കിലും അധികാരികള്‍ കണ്ണടക്കാതെ, അന്വേഷണം പൂര്‍ത്തീകരിച്ച് കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാനും അഷ്റഫിന് പൂര്‍ണ്ണമായ നീതി ലഭിക്കാനുമുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഭരണകൂടം നിര്‍വ്വഹിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
മുഹമ്മദ് അഷ്റഫിന്റെ കുടുംബം

No Comments yet!