സി ഹനീഫ്
ജിബ്രാന്‍, നെരൂദ, മാര്‍ക്വെസ്, ദസ്തയേവ്‌സ്‌കി..ആനന്ദ്, അഗതാക്രിസ്റ്റി, ഖാലിദ് ഹുസൈനി… ദൈ്വപായനന്‍ തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളുടെ മുതുകിലൂടെ വിരലോടിച്ചു. അതയാള്‍ എന്നും ചെയ്യാറുള്ളതാണ്. ലൈബ്രറി അടയ്ക്കുന്നതിനു മുമ്പായി ഓരോ ദിവസവും അലമാരയിലും റാക്കിലുമായുള്ള തന്റെ ആത്മമിത്രങ്ങളെ സ്പര്‍ശിക്കാതെ അയാള്‍ പടിയിറങ്ങാറില്ല.
പിന്നെയുമുണ്ട് ദൈ്വപായനന്റെ പ്രത്യേകതകള്‍. അയാള്‍ പുസ്തകങ്ങളില്‍ കഥയും കവിതയും, ഇംഗ്ലീഷും മലയാളവും, പഴയതും പുതിയതും ഒന്നും വേര്‍തിരിച്ചുവയ്ക്കാറില്ല. എങ്കിലും ഓരോന്നും എവിടെയാണിരിക്കുന്നതെന്ന് അയാള്‍ക്ക് വ്യക്തമായിട്ടറിയാം. അതിന് കംപ്യൂട്ടറിന്റെ സഹായമൊന്നും ആവശ്യമില്ല. ലൈബ്രറിയില്‍ വരുന്ന വായനക്കാരുടെ കാര്യത്തിലും ദൈ്വപായനന് ഇതേ മനോഭാവമാണ്. ആരൊക്കെ ഏതൊക്കെ തരത്തിലുളള വായനക്കാരാണെന്നും ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞെന്നും അയാള്‍ക്ക് മനഃപാഠം.
പതിമൂന്ന് വര്‍ഷത്തെ ബന്ധമുണ്ട് ദൈ്വപായനന് ആ നാടുമായിട്ട്. നാടുമായിട്ട് എന്ന് പറയുന്നതിനെക്കാള്‍ ലൈബ്രറിയുമായിട്ട് എന്നു പറയുന്നതാവും ശരി. ലൈബ്രേറിയനായി നിയമിതനായതു മുതല്‍ അയാളുടെ ജീവിതം മുഴുവന്‍ പുസ്തകങ്ങള്‍ക്കു നടുവിലാണ്. വയസ്സ് നാല്‍പ്പതേ ആയുള്ളുവെങ്കിലും ദൈ്വപായനന്റെ സ്വഭാവത്തില്‍ ചില പഴമക്കാരുടെ ശീലങ്ങളുണ്ട്. ലൈബ്രറിയിലെ പുസ്തകങ്ങളോട് സംസാരിക്കും. അല്ലെങ്കില്‍ സ്വയം സംസാരിച്ചു കൊണ്ട് നടക്കും.
ആറു മണിയാകുന്നത് വരെ അന്നത്തെ വൈകുന്നേരത്തിനും ഒരു പ്രത്യേകതയുമുണ്ടായിരുന്നില്ല. എല്ലാം സാധാരണ പോലെ. അവസാനത്തെ വായനക്കാരനും പോയെന്നുറപ്പു വരുത്തിയ ശേഷം ദൈ്വപായനന്‍ ജനലുകളടച്ചു. രജിസ്റ്ററുകള്‍ ഒപ്പിട്ടു പൂട്ടിവച്ചു. കംപ്യൂട്ടറുകള്‍ ഷട്ട്‌ഡൌണ്‍ ചെയ്തു. ലൈറ്റുകളണച്ചു ഇറങ്ങാന്‍ നേരം പതിവില്ലാത്ത വിധം ഒരു പിന്‍വിളി. അതു പതുക്കെ അകമേ ഒരാധിയായി, തന്നെ വലയം ചെയ്യുന്നൊരു ഭീതിയായി വളരുന്നത് ദൈ്വപായനനറിഞ്ഞു. ലൈബ്രറിക്കുള്ളില്‍ ആരോ ഉണ്ട്. അയാള്‍ പൂട്ടിയ വാതില്‍ വീണ്ടും തുറന്ന് അകത്തു കടന്നു.
ദൈ്വപായനന്‍ വലത്തേ മൂലയിലെ അലമാരക്കരികില്‍ ചെന്നു നിന്നു. അവിടെ ജയകാന്തന്റെ ‘ചില നേരങ്കളില്‍ ചില മനിതര്‍കള്‍’ തന്നോടെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്.
ഇല്ല. തനിക്ക് തോന്നിയതാവാം.
അല്ലല്ല. ഒരടക്കിപ്പിടിച്ച തേങ്ങല്‍ എവിടെ നിന്നോ പതിഞ്ഞു കേള്‍ക്കുന്നുണ്ട്. ആരോ അന്ധകാരത്തിലേക്ക് തെന്നി മാറുന്നുണ്ട്. അയാള്‍ കറങ്ങിത്തിരിഞ്ഞു. ഇരുട്ട് കാര്യമായി ഒളിച്ചു നില്‍ക്കുന്ന ഹാളിന്റെ പടിഞ്ഞാറു ഭാഗത്തെത്തി. അപ്പോള്‍ കാലിലെന്തോ തടഞ്ഞതായി തോന്നി. നോക്കിയപ്പോള്‍ ലോര്‍കയുടെ ‘ജലം കൊണ്ടു മുറിവേറ്റവന്‍’ നിലത്തു കിടക്കുന്നു. അയാളതെടുത്തു റാക്കില്‍ വച്ചു കൊണ്ട് പറഞ്ഞു.
‘നിന്റെ കൂട്ടുകാരനെ കാണാത്തത് കൊണ്ട് ചാടിയതാണോ’? ‘ചിദംബര സ്മരണകള്‍’ ബാഹുലേയന്‍ മാസ്റ്റര്‍ കൊണ്ടു പോയതാ. ഇന്നേക്ക് ദിവസം പതിനാറായി. ഒറ്റ നാള്‍ കൊണ്ട് തീര്‍ക്കാനുള്ളതേയുള്ളൂ. ഇപ്പോഴും കയ്യിലിരിക്യാ. ഹതെങ്ങനെ… കണ്ണില്‍ കണ്ടവര്‍ക്കെല്ലാം വായിക്കാന്‍ കൊടുക്കുവല്ലേ…?’
അയാള്‍ സംസാരിച്ചു കൊണ്ട് റാക്കുകള്‍ക്കിടയിലൂടെ നടന്നു. അപ്പോഴതാ ‘കോളറാകാലത്തെ പ്രണയ’ത്തിനു മുകളിലായി ഒരു ചെള്ള് ചത്തു കിടക്കുന്നു. അതിനെ സൂക്ഷ്മതയോടെ എടുത്ത് പുറത്തേക്കു കളഞ്ഞു.
മുക്കാല്‍ മണിക്കൂര്‍ നേരം ലൈബ്രറിയാകെ പരിശോധിച്ചിട്ടും ദൈ്വപായനന്റെ സന്ദേഹത്തിന് വിരാമമായില്ല. ഏതോ ഒരരൂപിയുടെ സാന്നിധ്യം തനിക്കു മുന്നിലോ പിന്നിലോ ഉണ്ടെന്ന തോന്നല്‍ മാത്രം. അല്ല. ആരുടെയും സാന്നിധ്യമല്ല, ആരുടെയോ അസാന്നിധ്യമാണ് തന്നെ പിന്തുടരുന്നത്.
പല തവണ തുറന്നടച്ച വാതിലിനു മുന്നില്‍ എന്തോ മറന്നവനെപ്പോലെ ഏറെ നേരം നിന്ന ശേഷം ഒടുവില്‍ ഒന്നും കണ്ടെത്താനാവാതെ ദൈ്വപായനന്‍ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയിട്ടും അയാളെ ചൂഴ്ന്നു നിന്ന മഞ്ഞുകാലം മാറിയില്ല.
ചോറില്‍ ഒരു ചെള്ളിനെക്കണ്ടെന്നു പറഞ്ഞു ദൈ്വപായനന്‍ ഭക്ഷണം കഴിക്കാതെ നേരത്തേ കിടന്നു. അതവിടം കൊണ്ട് തീര്‍ന്നില്ല. അതിന്റെ തുടര്‍ച്ചയെന്നോണം ഉറക്കത്തിലെ സ്വപ്‌നമായി എണ്ണിയാലൊടുങ്ങാത്ത ചെള്ളുകള്‍ വന്ന് അയാളെ പൊതിഞ്ഞു.
‘എവിടെയാണു ഞാന്‍?’
‘താങ്കള്‍ ചെള്ളുകളുടെ കിടക്കയിലാണ്. എഴുന്നേല്‍ക്കൂ. ലൈബ്രറിയില്‍ എന്താണ് സംഭവിച്ചതെന്നറിയൂ. ഇത് ഉറങ്ങാനുള്ള സമയമല്ല.’
ദൈ്വപായനന്‍ ആദ്യം സ്വപ്‌നത്തില്‍ നിന്നും പിന്നീട് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. ഏതോ കാന്തികവലയത്തില്‍ കുടുങ്ങിയ ഉന്‍മാദിയെപ്പോലെ അയാള്‍ ആരെയുമുണര്‍ത്താതെ ആ പാതിരാവില്‍ ലൈബ്രറിയിലേക്കു നടന്നു. വിളറിയ നിലാവിന്റെ വെളിച്ചത്തില്‍ പൂട്ടു തുറന്ന് അകത്തു പ്രവേശിച്ചതും അനക്‌സ് ഡി ഹാളില്‍ നേര്‍ത്ത വെട്ടം. ലൈബ്രറിയോടു ചേര്‍ന്നുള്ള അനക്‌സ് ഡി ഹാള്‍ ശരിക്കുമൊരു മ്യൂസിയമാണ്. അവിടേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. റീപ്രിന്റ് ഇല്ലാത്തതും അപൂര്‍വ്വവുമായ പുസ്തകങ്ങള്‍, മാനുസ്‌ക്രിപ്റ്റുകള്‍ എന്നിവ സൂക്ഷിച്ചു വച്ചിരിക്കുന്നതവിടെയാണ്.
ദൈ്വപായനന്‍ ഒരു പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി വെളിച്ചം കണ്ട ഭാഗത്തേക്കു നടന്നു. എച്ച് റാക്കിനടുത്തെത്തിയതും തലയില്‍ കൈ വെച്ച് ഈശ്വരാ എന്നറിയാതെ നലവിളിച്ചു പോയി. അടുത്ത നിമിഷം കഴുത്തിനു പിറകില്‍ തടിച്ച ഏതോ പുസ്തകം കൊണ്ട് കിട്ടിയ അടി കാരണം ദൈ്വപായനന്‍ ബോധരഹിതനായി.
ഫിനാന്‍സ് വിഭാഗം ഓഫിസര്‍ മരുതനായകം കൂട്ടിലിട്ട വെരുകിനെപ്പോലെ പിറകില്‍ കൈകെട്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
‘എന്തായി കാര്യങ്ങള്‍? സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചോ’?
‘ഉവ്വ് സര്‍, എച്ച് റാക്കില്‍ വച്ച പുസ്തകങ്ങളാണ് കാണാതായിരിക്കുന്നത്. ഒരെണ്ണത്തില്‍ ചുരുങ്ങിയത് ആയിരം പേജെങ്കിലുമുള്ളതും, ഒരേ പോലെയുള്ളതുമായ പതിനാറ് വോള്യങ്ങളെങ്കിലും മിസ്സായിട്ടുണ്ട്.’
‘എങ്ങനെയുള്ള പുസ്തകങ്ങളാണ് എച്ച് റാക്കില്‍ സൂക്ഷിക്കുന്നത്’?
‘അതറിയില്ല സര്‍, മിക്കവാറും ചരിത്ര പുസ്തകങ്ങളാണു കാണുന്നത്. പുസ്തകം സൂക്ഷിക്കുന്നതിന് ഈ ലൈബ്രേറിയന് അയാളുടെതായ ഒരു രീതിയുണ്ട്. അതുവച്ച് ഏതു പുസ്തകം എവിടെ എന്ന് അയാള്‍ക്കു മാത്രമേ അറിയൂ’.
‘വില വല്ലതും കണക്കാക്കിയിട്ടുണ്ടോ’?
‘ഇല്ല’
‘പുസ്തകങ്ങള്‍ മിസ്സ് ആയിട്ടുണ്ട് എന്നെങ്ങനെയാണ് മനസ്സിലായത്’?
‘എച്ച് റാക്കില്‍ കളവ് നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.’
‘ഇതയാള്‍ തന്നെ അടിച്ചു മാറ്റിയതാണ്. അപൂര്‍വ്വവും പകര്‍പ്പില്ലാത്തവയുമായ അവ ആര്‍ക്കെങ്കിലും കൈമാറി വലിയ തുക കൈപ്പറ്റിക്കാണും’.
ഫിനാന്‍സ് വിഭാഗത്തെക്കൂടാതെ എക്കണോമിക്‌സ് ഏന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, തദ്ദേശസ്വയംഭരണം, വിജിലന്‍സ്, ഓഡിറ്റ്, പോലിസ് എന്നീ വകുപ്പു ദ്യോഗസ്ഥര്‍ കൂടി പരിശോധനക്കായി എത്തിക്കഴിഞ്ഞിരുന്നു.
ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കിടയിലൂടെ നടന്നു കൊണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്റെ സൂക്ഷ്മദൃഷ്ടികള്‍ കൊണ്ട് പരിസരമളന്നു.
അയാള്‍ തന്റെ നിഗമനം സബോര്‍ഡിനേറ്റ്‌സിനോടായി പങ്കുവച്ചു.
‘വാതിലുകളും ജനലുകളും ഭദ്രമാണ്. ഏതെങ്കിലും തരത്തിലുള്ള എക്‌സ്റ്റേര്‍ണല്‍ ഫോഴ്‌സ് ഉപയോഗിച്ചതായി കാണുന്നില്ല. അപ്പോള്‍ ഇത്രയും പുസ്തകങ്ങള്‍ ആര് ഏതു വഴിക്ക് പുറത്തെത്തിച്ചു? അല്ലെങ്കില്‍ തന്നെ ഈ ദൈ്വപായനന് അര്‍ദ്ധരാത്രി ലൈബ്രറിയിലെന്തു കാര്യം. നോ ഡൌട്ട്.
ഹി ഹിം സെല്‍ഫ് ഇസ് ദ പേഴ്‌സണ്‍ ബിഹൈന്റ് ഇറ്റ്.’
‘എത്ര ഷോര്‍ട് സര്‍ക്യൂട് ക്യാമറകളുണ്ടിവിടെ? അവയൊക്കെ നോക്കിയോ’?
‘ഒറ്റ ക്യാമറയേയുള്ളൂ. അത് പുറത്താണ്. ലൈബ്രറിക്കകത്ത് ക്യാമറകളില്ല. പരിശോധിച്ചു കൊണ്ടിരിക്കയാണ്.’
‘അതിരിക്കട്ടെ അയാളിപ്പോള്‍ എവിടെയുണ്ട്?’
‘ആശുപത്രിയിലാണു സര്‍’
‘ആരാണു അയാളെ ആദ്യം കണ്ടത്?’
‘സര്‍പഞ്ച്’
‘സര്‍പഞ്ചോ അതാര്?’
‘അയാളുടെ ശരിയായ പേര് അറിയില്ല. പണ്ട് ഉത്തരേന്ത്യയിലെവിടെയോ ഗ്രാമമുഖ്യനായിരുന്നത്രേ. അതിനു ശേഷം ഇവിടെയും അയാളെ സര്‍പഞ്ച് എന്നാണു വിളിക്കുന്നത്. അയാള്‍ക്കാണീ ലൈബ്രറിയുടെ ചുമതല’.
‘എത്ര മണിക്കാണ് അയാള്‍ അപകടം കണ്ടത്?’
‘കാലത്ത് അഞ്ച് മണിയായിക്കാണും.’
‘അയാള്‍ക്ക് ആ സമയത്ത് ലൈബ്രറിയിലെന്തു കാര്യം’?
‘ദൈ്വപായനനെ കാണുന്നില്ലെന്ന് ഭാര്യ അയാളെ വിളിച്ചറിയിക്കുകയായിരുന്നു. സംശയം തോന്നിയ സര്‍പഞ്ച് പുലര്‍ച്ചെ അഞ്ചു മണിക്ക് ലൈബ്രറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്’.
‘ഇനി അയാള്‍ക്ക് ഇതില്‍ വല്ല പങ്കുമുണ്ടാകുമോ..?’
‘സാധ്യതയില്ല സര്‍, സര്‍പഞ്ചിന് പുസ്തകങ്ങളുമായി യാതൊരു ബന്ധവുമില്ല’.
‘ക്യാമറ ദൃശ്യങ്ങള്‍ പ്രകാരം രണ്ടേ രണ്ടു പേരേ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചിട്ടുള്ളൂ. മറ്റേതെങ്കിലും വഴിയിലൂടെ ആരെങ്കിലും അതിക്രമിച്ചു കടന്നിട്ടുമില്ല. ഇനി ഇത് വല്ല പ്രേതബാധയുമാണോ..?’
‘എന്തായാലും രണ്ടുപേരുടെയും വിശദമായ മൊഴിയെടുക്കണം. തീരുമാനമാകുന്നത് വരെ പുറത്തുള്ള ആരെയും ഇതിലേക്കു പ്രവേശിപ്പിക്കേണ്ട.’
വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു. കളിക്കാരൊഴിഞ്ഞ മൈതാനം പോലെ ആ പുസ്തകശാല ആള്‍ക്കാരില്ലാതെ വിറങ്ങലിച്ചു നിന്നു. അതിനുള്ളില്‍ വാരിവലിച്ചിടപ്പെട്ട അനേകായിരം പുസ്തകങ്ങള്‍ക്കിടയില്‍ മേശമേല്‍ കാല്‍ കയറ്റി വച്ച് സര്‍പഞ്ച് ഇരുന്നു. അയാളൊരു കത്ത് തയാറാക്കുന്ന തിരക്കിലായിരുന്നു.
യു ആര്‍ ഡിസ്മിസ്സ്ഡ് ഫ്രം ദ പോസ്റ്റ്..
ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിട്ടു കൊണ്ടുള്ള ആ ഒറ്റവരിക്കത്ത് ദൈ്വപായനന്റെ കൈയിലിരുന്നു വിറച്ചു. ആ വാചകമുണ്ടാക്കിയ ഞെട്ടലിനേക്കാള്‍ കടലാസിന്റെ വലത്തേ മൂലയില്‍ പതിഞ്ഞു കിടന്ന തീരെച്ചെറിയ ചെള്ളിന്റെ പടമാണ് അയാളെ അസ്വസ്ഥനാക്കിയത്. പതുക്കെപ്പതുക്കെ അതിനു ജീവന്‍ വയ്ക്കുന്നതായും ഒന്നില്‍ നിന്നും നൂറായി, ആയിരമായി അവ പെരുകിപ്പെരുകി വരുന്നതുമയാള്‍ കണ്ടു. നിമിഷങ്ങള്‍ക്കകം കടലാസു നിറഞ്ഞു കവിഞ്ഞ് തന്റെ കൈകളിലേക്കും, കൈകളില്‍ നിന്ന് ശരീരത്തിലേക്കും അവയൊക്കെയും പടര്‍ന്നു കയറുന്നതായി അയാള്‍ക്കു തോന്നി. ദൈ്വപായനന്‍ പേടിച്ചു നിലവിളിച്ചു. പക്ഷെ ശബ്ദം പുറത്തു വന്നില്ല.



No Comments yet!