Skip to main content

ഭരണകൂടഭീകരതയുടെ ഓര്‍മക്കുറിപ്പ്

 

സ്റ്റാന്‍ സ്വാമി എന്ന 84കാരന്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ തലോജ ജയിലില്‍ കടുത്ത പീഡനങ്ങളേറ്റ് ഭരണകൂട ഭീകരതയുടെ ഇരയായി മരിച്ചിട്ട്, കഴിഞ്ഞ ജൂലൈ 5ന് നാല് വര്‍ഷം…

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ഉയരുന്ന മനുഷ്യാവകാശ ശബ്ദം തടയുന്ന ഭരണകൂട ഫാസിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജയിലില്‍ കടുത്ത പീഡനങ്ങളേറ്റ് മരിച്ച സ്റ്റാന്‍ സ്വാമിയുടെ പോരാട്ടങ്ങളും രക്തസാക്ഷിത്വവും. അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയായിട്ട്, കഴിഞ്ഞ ജൂലൈ 5ന് നാല് വര്‍ഷം പൂര്‍ത്തിയായി. 2020 ഒക്ടോബര്‍ 8നായിരുന്നു അദ്ദേഹത്തെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്നുതന്നെ ആ 84കാരന്‍, പാര്‍ക്കിന്‍സണ്‍ രോഗി, തലോജ ജയിലിലെ തണുത്ത ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടു. പിന്നീട് സ്റ്റാന്‍ സാമി പുറം ലോകം കാണുന്നത്, രാജ്യമെമ്പാടുമുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി ഇടപെടലിലൂടെ മരണത്തിന് ഏതാനും നാള്‍ മുമ്പുമാത്രമായിരുന്നു; അതും ജയിലറയില്‍നിന്നും ആശുപത്രിക്കിടക്കയിലേക്ക്! 2021 മെയ് 29ന് മുംബൈ ഹൈക്കോടതി അദ്ദേഹത്തെ തലോജയിലെ തണുത്തു മരവിച്ച തറയില്‍നിന്നും ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും, പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വിറയ്ക്കുന്ന ശരീരവുമായി കോവിഡിന്റെ ആക്രമണത്താല്‍ ശ്വാസം കഴിക്കാന്‍പോലുമാവാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന അദ്ദേഹത്തിന് ജാമ്യം അനുവദിച്ചാല്‍ ‘രാജ്യത്തെ നീതിന്യായ വ്യവസ്ഥ അപ്പാടെ തകര്‍ന്നാലോ’ എന്ന ‘ആശങ്ക’ കൊണ്ടാകാം കോടതി ആ സാത്വികന് ജാമ്യം അനുവദിക്കുവാന്‍ തയ്യാറായിരുന്നില്ല. ജൂലൈ 5ന് മരിക്കുന്ന സമയത്തും സ്റ്റാന്‍ സ്വാമിക്ക് ജാമ്യം ലഭിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായ് മുംബൈ ഹൈക്കോടതിയില്‍ വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരണവാര്‍ത്തയറിഞ്ഞ കോടതി അദ്ദേഹത്തിന് ആദരാജ്ഞലിയര്‍പ്പിച്ചുകൊണ്ട് ആ അധ്യായം അവസാനിപ്പിച്ചു!

”എന്റെ ആവശ്യങ്ങള്‍ പരിമിതമാണ്,” ജയിലിലായിരിക്കെ ഒരിക്കല്‍ അദ്ദേഹം എഴുതി. ”ആദിവാസികളും സൊസൈറ്റി ഓഫ് ജീസസും (അദ്ദേഹം സേവനം ചെയ്തിരുന്ന സന്യാസ സഭ) ലളിത ജീവിതം നയിക്കാന്‍ എന്നെ പഠിപ്പിച്ചു. പാവപ്പെട്ട തടവുകാരുടെ ജീവിത വിവരണങ്ങള്‍ കേള്‍ക്കുന്നതാണ് തലോജ ജയിലില്‍ എന്റെ സന്തോഷം. അവരുടെ വേദനകളിലും പുഞ്ചിരിയിലും ഞാന്‍ ദൈവത്തെ കാണുന്നു. തങ്ങള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് വിചാരണ തടവുകാര്‍ക്ക് അറിയില്ല, അവരുടെ കുറ്റപത്രം അവരാരും കണ്ടിട്ടില്ല, നിയമപരമായതോ മറ്റ് സഹായമോ ഇല്ലാതെ വര്‍ഷങ്ങളോളമായി അവര്‍ ജയിലില്‍ തുടരുന്നു. എന്നോടൊപ്പം ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട, ഞങ്ങള്‍ പതിനാറുപേരും വ്യത്യസ്ത ജയിലുകളിലോ ഒരേ ജയിലിന്റെ വിവിധ ‘സര്‍ക്കിളുകളിലോ’ കഴിയുന്നതിനാല്‍ എനിക്കും എന്നോടൊപ്പമുള്ള മറ്റു കൂട്ടുപ്രതികള്‍ക്കും പരസ്പരം കാണാന്‍പോലും കഴിയുന്നില്ല.”

സ്റ്റാന്‍ സ്വാമി സൗമ്യനും ആദിവാസികള്‍ക്കായി കരുത്തോടെ നിലകൊണ്ട നിര്‍ഭയനായ പോരാളിയും, ധീരനും, ദൃഢനിശ്ചയമുള്ളവനും ആയിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന ദശകങ്ങള്‍ റാഞ്ചിയിലെ ആശ്രമത്തിലെ തന്റെ കൊച്ചു മുറിയില്‍ ചുരുക്കംചില സാധനങ്ങളുമായി – രണ്ട് ജോഡി വസ്ത്രങ്ങള്‍, കുറച്ച് പുസ്തകങ്ങള്‍, ഒരു സംഗീത കാസറ്റ്, ലാപ്‌ടോപ്പ് -അദ്ദേഹം ചെലവഴിച്ചു. അദ്ദേഹം ഒരു വീരപുരുഷനായി, ദേശീയ വ്യക്തിത്വമായി കരുതപ്പെടേണ്ട ഒരാളായിരുന്നു. പകരം, നമ്മുടെ രാജ്യം- അതിന്റെ ഭരണകൂടം, അതിന്റെ പോലിസ്, അതിന്റെ തീവ്രവാദ അന്വേഷകര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ജുഡീഷ്യറി- എല്ലാം ഒന്നായിനിന്ന്, ‘രണ്ടാം യേശു’വിനെ (സച്ചിദാനന്ദന്റെ വാക്കുകളില്‍) പീഡാസഹനങ്ങള്‍ക്കൊടുവില്‍ ‘വധിച്ചു.’

ഈ മരണത്തിന് ഉത്തരവാദികളാരാണ്?

ഇതൊരു സ്വാഭാവിക മരണമല്ലെന്ന് ഞാനും നിങ്ങളും തിരിച്ചറിയുന്നു. ഒമ്പത് മാസങ്ങള്‍ നീണ്ട കഠിന തടവറയാതനകള്‍ക്കൊടുവില്‍ കടുത്ത പീഡനങ്ങളേറ്റുവാങ്ങി ആ ജീവിതം തന്റെ ദൗത്യപൂര്‍ത്തീകരണത്തിന്റെ വഴിത്താരയില്‍ത്തന്നെ രക്തപുഷ്പമായിത്തീര്‍ന്നു. എണ്‍പത്തിനാലുകാരനായ ഈ പാര്‍ക്കിന്‍സണ്‍ രോഗിയോട് ഇന്ത്യന്‍ ഭരണകൂടം ചെയ്തുകൂട്ടിയ കൊടിയപീഡനങ്ങള്‍ ക്രൂരതയുടെ പര്യായമായ ഹിറ്റ്‌ലറുടെ നാസി ഫാസിസ്റ്റ് ഭരണകൂടത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

വിറയ്ക്കുന്ന കൈകളാല്‍ അല്‍പ്പം വെള്ളംപോലും കുടിക്കാനാവാതിരുന്ന ആ വയോധികന് വെള്ളം കുടിക്കാനായി ഒരു സിപ്പറോ, സ്‌ട്രോ എങ്കിലുമോ നല്‍കണമെന്ന അഭ്യര്‍ത്ഥനപോലും ഭരണകൂടമോ ഇവിടത്തെ നീതിപീഠങ്ങളോ ചെവിക്കൊണ്ടില്ല. അവയൊക്കെ നിഷ്‌കരുണം തിരസ്‌കരിക്കപ്പെടുകയായിരുന്നു. സ്വയം വെള്ളംകുടിക്കാന്‍ കഴിയാതിരുന്ന അദ്ദേഹത്തിന് ഒരു സ്‌ട്രോ അനുവദിക്കുന്നതില്‍ അപാകതയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ എന്‍ഐഎയ്ക്ക് ഇരുപതു ദിവസം വേണമെന്ന് അവര്‍ പറഞ്ഞതും രണ്ടാമതൊന്നാലോചിക്കാതെതന്നെ അതിനായി അത്രയും ദിവസം അനുവദിക്കുകയും ചെയ്ത നീതിപീഠത്തിന്റെ തീരുമാനവും ക്രൂരതയുടെയും അധാര്‍മ്മികതയുടെയും കാര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും അന്വേഷണ ഏജന്‍സികളും എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് വിധേയരാകുന്ന ന്യായാസനങ്ങള്‍ രാജ്യത്തിനും ഭരണഘടനയ്ക്കും അപമാനകരമായി മാറിക്കഴിഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ ആസൂത്രിതമെന്നു വിശേഷിപ്പിക്കാവുന്ന ഈ ‘ഹത്യ’ ഇന്ത്യന്‍ ഭരണഘടനയ്ക്കുമേല്‍ ഇവിടുത്തെ ഭരണകൂടം കോരിയൊഴിച്ച രക്തക്കറയായി നിറംമങ്ങാതെ നില്‍ക്കും. ഭരണകൂടവും ന്യായാസനങ്ങളും ഞാനും നിങ്ങളുമൊക്കെ സ്റ്റാന്‍ സ്വാമിയുടെ ‘കൊലപാതക’ത്തില്‍ കുറ്റവാളികളാണ്.

അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു നിഷ്പക്ഷ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണമെന്ന രാജ്യമെമ്പാടുമുയര്‍ന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. മുംബൈ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പും വെള്ളത്തില്‍ വരച്ച വരയായി. അതില്‍ കോടതിക്കുപോലും യാതൊരു ഉത്കണ്ഠയുമുണ്ടായില്ല.

84 വയസ്സ് പിന്നിട്ട, പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വല്ലാതെ അവശത അനുഭവിച്ചിരുന്ന ആ വന്ദ്യവയോധികന് സ്വാഭാവിക ജാമ്യത്തിന് തടസ്സമൊന്നുമില്ലെന്നിരിക്കെ ഒമ്പതു മാസത്തിലേറെക്കാലം ജാമ്യമനുവദിക്കാതെ ജയിലില്‍ കടുത്ത പീഡനങ്ങള്‍ക്കു വിധേയനായി അവസാനം മരണത്തിന് കീഴ്‌പ്പെടേണ്ടി വന്നു. മരണാനന്തരം കോടതിയില്‍ നല്‍കിയ ഉറപ്പുപോലും ലംഘിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തുനിയാതിരുന്നതും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരായ ആസൂത്രിത ഗൂഢാലോചനയുടെ തുടര്‍ച്ചയും ശേഷിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള ഭീഷണികലര്‍ത്തിയ താക്കീതുമായേ കരുതാനാകൂ. പക്ഷെ, ജയിലിലിരുന്ന് സ്റ്റാന്‍ സ്വാമി കുറിച്ച രണ്ടുവരിക്കവിതയാണ് പകരമായ് നമുക്ക് ഭരണകൂടത്തോട് അതിനു മറുപടിയായി പറയാനുള്ളു.

”കൂട്ടിലടച്ചാലും കിളികള്‍ പാടിക്കൊണ്ടിരിക്കും” അവയുടെ പാട്ട് നിര്‍ത്തണമെങ്കില്‍ ആ കിളികളെ നിങ്ങള്‍ക്ക് കൊല്ലേണ്ടിവരും; സ്റ്റാന്‍ സ്വാമിയെ കൊന്നതുപോലെ.

യുഎപിഎ എന്ന ഭീകര നിയമം കോണ്‍ഗ്രസ് സര്‍ക്കാരാണ് നടപ്പാക്കിയതെങ്കിലും അതിനെ ഏറ്റവും അശ്ലീലമായി പ്രയോഗിച്ചത് ബിജെപി സര്‍ക്കാരായിരുന്നു. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരേ സംസാരിച്ച പ്രമുഖരെയൊക്കെ അവര്‍ യാതൊരു കാരണവും കാണിക്കാതെ തടവറയിലാക്കി. ഝാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിന് സ്റ്റാന്‍ സ്വാമി ഒരു തലവേദനയായപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാനും അവര്‍ ഈ നിയമത്തെ ദുരുപയോഗിക്കുകയായിരുന്നു. അദ്ദേഹത്തെ അകപ്പെടുത്താന്‍ അദ്ദേഹം കണ്ടിട്ടുപോലുമില്ലാത്ത പ്രദേശത്തെയും ആളുകളെയും ബന്ധപ്പെടുത്തി അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ മാത്രമല്ല പല മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിശബ്ദരാക്കാര്‍ ഭീമ കൊറേഗാവ് കേസിനെ അവര്‍ ഉപയോഗിച്ചു. ഭീമ കൊറേഗാവ് രാജ്യത്തെ ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഭിമാനപ്രതീകമാണ്.

ഭീമ കൊറേഗാവില്‍ 1818ല്‍ നടന്ന ഒരുയുദ്ധത്തില്‍ പേഷ്വകള്‍ (സവര്‍ണ്ണ ഭരണകൂടം)ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തില്‍ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തില്‍ നിന്നുള്ള യോദ്ധാക്കളായിരുന്നു. പേഷ്വകള്‍ പരാജയപ്പെട്ട ഈ യുദ്ധം സവര്‍ണ്ണ മേധാവിത്തത്തിനെതിരെ അധഃസ്ഥിതര്‍ നേടിയ വിജയമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഈ വിജയത്തിന്റെ 200-ാം വാര്‍ഷികം, 2017 ഡിസംബര്‍ 31 ന് ദലിത് സമൂഹം വിപുലമായി ആഘോഷിച്ചതിനെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വലിയ ആയുധസന്നാഹവുമായി നടത്തിയ അക്രമങ്ങളെത്തുടര്‍ന്ന് പൂനെ പോലിസ് കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കേസിനോടനുബന്ധിച്ചാണ് 2018 ആഗസ്ത് 26ന് അരുണ്‍ ഫെരേര, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നീ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. യഥാര്‍ത്ഥ പ്രതികളെ വാദികളാക്കി ഈ കേസ് അട്ടിമറിച്ചതില്‍ പൂനെ പോലീസിനുള്ള പങ്കാളിത്തം ആരെയും വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ ഉടനെതന്നെ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ പ്രാദേശിക പോലീസ് പിംപ്രി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ ഇട്ടിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഹിന്ദുത്വ അനുകൂല സംഘടനാനേതാക്കളായ സാംബാജി ഭിഡെ, മിലിന്ദ് എക്‌ബോട്ട് എന്നിവര്‍ പ്രതികളുമായിരുന്നു. ഈ എഫ്‌ഐആറിലാകട്ടെ സമ്മേളനത്തില്‍ പങ്കെടുക്കുകപോലും ചെയ്തിട്ടില്ലാത്ത മുകളില്‍ സൂചിപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരുകള്‍ പരാമര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. പക്ഷെ, വളരെ നാടകീയമായിരുന്നു എന്‍ഐഎയുടെ ഇടപെടലുകളെത്തുടര്‍ന്ന് പൂനെ പോലിസിന്റെ രംഗപ്രവേശനവും യുഎപിഎ ആരോപിക്കലും. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ അറസ്റ്റും. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരമുള്ള ‘ഭീകരവാദ’ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു പൂനെ പോലിസ് രംഗത്തുവരുന്നത്. അതോടെ അറസ്റ്റിലായ അഞ്ച് പേരെയും എത്രകാലം വേണമെങ്കിലും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാമെന്ന സ്ഥിതിവന്നു.

അവരില്‍ ഒരാളായ അരുണ്‍ ഫെരേരയെ കെണിയില്‍ പെടുത്താന്‍ പോലിസ് തക്കംപാര്‍ത്തിരിക്കയായിരുന്നു. അതിന് പോലിസിന് കാരണവുമുണ്ടായിരുന്നു. ഇദ്ദേഹത്തെ 2007ല്‍ നാഗ്പൂര്‍ പോലിസ് ഒരു കള്ളക്കേസില്‍ പെടുത്തി യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. 11 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ ഫെരേര നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കി, തന്നെപ്പോലെ വ്യാജമായി യു എ പി എ, ടാഡ പോലുള്ള ഇതര വകുപ്പുകള്‍ ആരോപിക്കപ്പെട്ടവര്‍ക്കുവേണ്ടി കോടതിയില്‍ നിരവധി കേസുകളില്‍ ഹാജരാവുകയും വാദിക്കുകയും ചെയ്തു. അങ്ങനെ പോലീസിന് സ്ഥിരം തലവേദനയായിമാറിയ ഫെരേര പോലീസിന്റെ മുഖ്യശത്രു പട്ടികയിലായിരുന്നു. അദ്ദേഹത്തെ വീണ്ടും അഴിക്കുള്ളിലാക്കാന്‍ കാത്തിരുന്ന പോലീസിന് കിട്ടിയ അവസരമായിരുന്നു കൊറേഗാവ് സംഭവം.

യുഎപിഎ എല്ലാ അര്‍ത്ഥത്തിലും ഭരണഘടനാ വിരുദ്ധമായ ഒന്നാണെന്ന് പല നിയമ വിദഗ്ധരും പലഘട്ടങ്ങളിലും പ്രത്യേകിച്ച് സ്റ്റാന്‍സ്വാമിയുടെ അറസ്റ്റിന് അനുബന്ധമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നാമതായി, ഇത് ആരോപിതരുടെമേല്‍ കുറ്റകൃത്യങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ചെടുക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കുന്നു. ഭരണഘടന നമുക്ക് നല്‍കുന്ന മൗലികാവകാശങ്ങളെ കടപുഴക്കുകയും ആ അവകാശങ്ങളുടെപേരില്‍ നമ്മള്‍ ഏര്‍പ്പെടുന്ന നിയമാനുസൃതവും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതുമായ പല പ്രവര്‍ത്തനങ്ങളും നമ്മള്‍ ശത്രുപക്ഷത്താണെങ്കില്‍ കുറ്റകൃത്യമാക്കി മാറ്റപ്പെടുന്നു; പോലീസിന് ആരെ, എപ്പോള്‍, ഒരു കാരണവും കാണിക്കാതെതന്നെ കസ്റ്റഡിയിലെടുക്കാം, പ്രോസിക്യൂട്ട് ചെയ്യാം. കേസുകളില്‍ ആരോപിതരായവരെ ആറ് മാസംവരെ കോടതിയില്‍ ഹാജരാക്കാതെ തന്നെ കസ്റ്റഡിയില്‍ വെക്കാനും യുഎപിഎ നിയമം അനുവദിക്കുന്നു.

കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തികള്‍ക്ക് പോലും മൂന്ന് മാസത്തിനുള്ളില്‍ പോലിസ് അവരുടെ കേസിന്റെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തിയില്ലെങ്കില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നിരിക്കെ, യുഎപിഎ വകുപ്പില്‍ പിടിക്കപ്പെടുന്നവരെ എത്രകാലം വേണമെങ്കിലും തടവറയില്‍ നിലനിര്‍ത്താമെന്നത് ഈ നിയമത്തിന്റെ ഭീകരമുഖമാണ് തുറന്നുകാട്ടുന്നത്. ആറ് മാസത്തിനുശേഷം ജാമ്യത്തിന് അപേക്ഷിക്കാമെങ്കിലും ബന്ധപ്പെട്ട നിയമങ്ങള്‍ വളരെ കര്‍ശനമായതിനാല്‍ ജാമ്യം പൊതുവെ ലഭ്യമല്ലയെന്നതും ശ്രദ്ധേയമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംഘാടന സ്വാതന്ത്ര്യത്തിനുംമേലുള്ള അവകാശങ്ങളെ ഈ നിയമം അടിച്ചമര്‍ത്തുന്നു. യുഎപിഎ പ്രകാരം, ഒരു സംഘടന തീവ്രവാദ സംഘടനയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ അതില്‍ പിന്നീട് ചോദ്യമില്ല. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പൂര്‍ണ്ണമായ ജുഡീഷ്യല്‍ പരിശോധന യുഎപിഎയില്‍ നിലവിലില്ല.

‘ഭീകരവാദം’ എന്ന പ്രയോഗത്തിലൂടെ എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരുകളെ അനുവദിക്കുന്ന എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു ജനാധിപത്യവിരുദ്ധ ഭീകര നിയമം തന്നെയാണ് യുഎപിഎ.

ഭരണകൂടങ്ങള്‍ക്ക് എന്തതിക്രമങ്ങള്‍ കാണിക്കുന്നതിനും വഴിതുറന്നു കൊടുക്കുന്ന യു എ പി എ നിയമം പിന്‍വലിക്കണമെന്ന ആവശ്യം സ്റ്റാന്‍ സ്വാമിയുടെ മരണത്തെതുടര്‍ന്ന് ഏറെ ശക്തമായെങ്കിലും ഭരണകൂടം തികച്ചും നിസ്സംഗമായ നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. ഇന്നും അതിന്റെ ദുരുപയോഗം അതിരൂക്ഷമായിത്തന്നെ രാജ്യത്ത് തുടരുകയുമാണ്.

ജസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമി ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി മേഖലയില്‍ നാല് പതിറ്റാണ്ടോളം പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മോചനത്തിനായി നിരന്തര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വ്യക്തിയാണ്. സ്റ്റാന്‍ സ്വാമിയെന്ന സ്റ്റാനിസ്ലാവോസ് ലൂര്‍ദുസ്വാമി സൗമ്യനും ആദിവാസി അവകാശങ്ങളുടെ നിര്‍ഭയനായ പോരാളിയായിരുന്നു, ധീരനും, ദൃഢനിശ്ചയമുള്ളവനുമായിരുന്നു. ഭൂമി, വനം, തൊഴിലവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് അദ്ദേഹം ഝാര്‍ഖണ്ഡില്‍ അക്ഷീണമായി ഇടപെട്ടു. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് അദ്ദേഹം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിയമയുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. അതിനിടയിലാണ് അവകാശ സമരങ്ങളില്‍ പങ്കാളികളായിരുന്ന ആയിരക്കണക്കിന് ആദിവാസി ചെറുപ്പക്കാരെ ‘നക്‌സലുകള്‍’ എന്ന് ചാപ്പകുത്തി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നത്. ഇതിനെ അദ്ദേഹം ശക്തിയായി ചോദ്യംചെയ്തു. ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും അവരുടെ വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ഝാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു.

ലാന്‍ഡ് ബാങ്കുകള്‍’ സ്ഥാപിക്കാനുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് മനസിലാക്കിയായിരുന്ന അദ്ദേഹം തന്റെ അനാരോഗ്യം പരിഗണിക്കാതെ രംഗത്തിറങ്ങിയത്. സര്‍ക്കാരിന്റെ നിരവധി നയങ്ങളോടും ഭരണഘടന ലംഘിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം ഉയര്‍ന്ന ഘട്ടമായിരുന്നു അത്. പ്രസ്തുത കേസില്‍ 2018 മുതല്‍ അറസ്റ്റ് നടന്നിട്ടുണ്ടായിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഹാനി ബാബു തുടങ്ങി നിരവധിപേരെ ഭീമ കൊറേഗാവ് സംഭവങ്ങളോടും ബന്ധപ്പെട്ട് അതിനകം എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിലെ ചില പ്രതികളുമായി സ്റ്റാന്‍ സ്വാമിക്ക് നേരിട്ട് ബന്ധമുണ്ടെന്നും അവരില്‍ ചിലരെ അദ്ദേഹം സംരക്ഷിക്കുവാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു എന്‍ ഐ എ അദ്ദേഹത്തെ വസതിയിലെത്തി ചോദ്യം ചെയ്തതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും.

ഒരിക്കല്‍പോലും ഭീമ കൊറേഗാവ് സന്ദര്‍ശിച്ചിട്ടുപോലുമില്ലാത്ത സ്റ്റാന്‍ സ്വാമി എങ്ങിനെയാണ് ഈ കേസുമായി ബന്ധപ്പെടുവാനുള്ള സാധ്യതയെന്നത് വ്യക്തമാക്കുവാന്‍ എന്‍ ഐ എ ഒരിക്കലും തയ്യാറായിട്ടില്ല. കൊറേഗാവ് കേസിലെ പ്രതികളില്‍ ചിലരുമായി അദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നുവെന്നതിനുള്ള ചില രേഖകള്‍ സ്വാമിയുടെ കമ്പ്യൂട്ടറില്‍നിന്നും കണ്ടെത്തിയെന്നാണ് പിന്നീട് എന്‍ ഐ എ പറഞ്ഞത്. എന്നാല്‍ ഇത് എന്തായിരുന്നുവെന്ന് എന്‍ഐ എ പുറം ലോകത്തിനോടോ സ്റ്റാന്‍ സ്വാമിയോടുപോലുമോ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് വലിയ വിരോധാഭാസം! സ്റ്റാന്‍ സ്വാമി ജയിലില്‍വച്ച് ഇതേക്കുറിച്ച് പറഞ്ഞത്, ”നിങ്ങള്‍ വികസനമെന്ന പേരില്‍ ഭരണകൂടം നടത്തുന്ന അതിക്രമ കയ്യേറ്റങ്ങളെ ചോദ്യംചെയ്താല്‍, നിങ്ങള്‍ വികസന വിരുദ്ധരാണ്, അത് സര്‍ക്കാര്‍ വിരുദ്ധതയ്ക്ക് തുല്യമാണ്, അത് ദേശവിരുദ്ധതയ്ക്ക് തുല്യമാണ്. ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കയ്യേറുന്നതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തതിനെ ചോദ്യംചെയ്ത ആദിവാസികള്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ എന്നെ മാവോവാദി എന്ന് വിളിക്കുന്നത്, ഞാന്‍ മാവോവാസികളുടെ രീതികളെ പൂര്‍ണമായും എതിര്‍ക്കുന്നു, അവയുമായി ഒരു ബന്ധവുമെനിക്കില്ല.”

അദ്ദേഹം ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. ദലിതരുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേ അവരെ ബോധവല്‍ക്കരിച്ച് പ്രതിഷേധവുമായി രംഗത്തിറക്കി. കാരണമില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട ആയിരക്കണക്കിന് ദലിത് യുവാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരുമായി ഏറ്റുമുട്ടുകയും നിയമപോരാട്ടം നടത്തുകയും ചെയ്തു. ഒരു ഫാസിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതില്‍കൂടുതല്‍ പ്രകോപനപരമായ കാര്യംമറ്റെന്താണ്? അതുകൊണ്ട് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത വ്യക്തികളെയും തീരെയില്ലാത്ത സാഹചര്യങ്ങളെയും ബന്ധപ്പെടുത്തി അദ്ദേഹത്തെ എന്‍ഐഎ, ഭീമ കോറേഗാവ് കേസില്‍ കെണിയില്‍ പെടുത്തുകയായിരുന്നു.

സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലുമായിരുന്നില്ല. പക്ഷേ, ദലിത്-ആദിവാസി അവസ്ഥകളെക്കുറിച്ച് നിശിതമായ വിശകലനങ്ങളും തുറന്നുകാണിക്കലുകളും അദ്ദേഹം നടത്തിയെന്നതും സര്‍ക്കാരിനെതിരേയുള്ള കേസുകളില്‍ പങ്കാളിയായിയെന്നതും വസ്തുതയാണ്.

രാജ്യത്ത് ലഹള ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നുപറഞ്ഞു ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരൊക്കെ പണ്ഡിതരും ദലിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. ഇതില്‍ ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡിലെ സര്‍ക്കാരിന്റെ മുഖ്യശത്രുവായിരുന്ന ഈ വയോവൃദ്ധനും അകപ്പെടുകയായിരുന്നു. ഇവരെയൊക്കെ ഈ കേസില്‍ എന്‍ഐഎ കെണിയൊരുക്കി ഉള്‍പ്പെടുത്തിയതിലൂടെ എങ്ങനെയൊക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ തെളിവുകളാണ് കാണാനായത്. സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്കെതിരേ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്ന ഒരു ഗൂഢസംഘമായി എന്‍ഐഎ അധഃപതിച്ചിരിക്കുന്നു.

 

 

No Comments yet!

Your Email address will not be published.