ഇടതുപക്ഷ ചിന്തകനും ആഗോള രാഷ്ട്രീയ നിരീക്ഷകനുമായ ടി കെ ഹാരിസ് 1983 മുതല്‍ 2017 വരെയുള്ള കാലത്ത് എഴുതിയ കുറിപ്പുകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ‘ഒലീവിലകളും എണ്ണപ്പാടങ്ങളും’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ എക്കാലത്തും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിലായിരുന്നു. ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ അധികവും പശ്ചിമേഷ്യയുടെ ചരിത്രവും സാമ്പത്തിക, സാമൂഹിക ബന്ധങ്ങളും അതിന്റെ സമകാല ദുരന്തങ്ങളും സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ശക്തമായ സാമ്രാജ്യത്വ വിരുദ്ധ സമീപനവും മാര്‍ക്സിസ്റ്റ് വിശകലനരീതിയും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ വ്യതിരിക്തമാക്കുന്നു. അവയൊക്കെ ഇന്നും പ്രസക്തമാണ്. കാരണം ഇന്നു ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്ന അത്യന്തം ഭയാനകമായ സാമ്രാജ്യത്വസയണിസ്റ്റ് ഭീകരതയുടെ നീരാളിക്കൈകള്‍ എങ്ങനെ പശ്ചിമേഷ്യയെ വരിഞ്ഞുമുറുക്കി എന്നതാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി രചിക്കപ്പെട്ട ഈ ലേഖനങ്ങളിലെ മുഖ്യ ഇതിവൃത്തം.
ടി കെ ഹാരിസിന്റേത് അതിനു പറ്റിയ പശ്ചാത്തലം ഉള്ള ഒരു വ്യക്തിത്വമായിരുന്നു. കോഴിക്കോട്ടു ജനിച്ചു വളര്‍ന്ന അദ്ദേഹം പഠനകാലത്തു തന്നെ ഇടതുപക്ഷ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ്. അതിനാല്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തി ഗള്‍ഫിലേക്കു കെട്ടുകെട്ടേണ്ടതായും വന്നു. അവിടെ ദീര്‍ഘകാലം ജോലിചെയ്ത അദ്ദേഹം അക്കാലത്തു തന്റെ കണ്മുന്നില് വികസിച്ചു വന്ന സാമൂഹികരാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ദൃക്സാക്ഷിയും അവയുടെ സത്യസന്ധനായ ചരിത്രകാരനുമായി മാറിത്തീര്‍ന്നു. അദ്ദേഹം എഴുതിയത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. ആദ്യകാലത്തു ചിന്ത, ദേശാഭിമാനി തുടങ്ങിയ വാരികകളിലും പിന്നീട് ഇടതുപക്ഷം, ജനശക്തി പോലെയുള്ള ബദല്‍ രാഷ്ട്രീയസാംസ്കാരിക പ്രസിദ്ധീകരണങ്ങളിലുമാണ് അദ്ദേഹം തന്റെ രചനകള്‍ പ്രസിദ്ധീകരിച്ചത്.
❤️ മറുവാക്കിനെ പിന്തുണയ്ക്കൂ ❤️
താങ്കളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്9400058466
38213106039
SBIN0070576
🌟 ഏറ്റവും ചെറിയ സഹായവും മറുവാക്കിന് വിലപ്പെട്ടതാണ് 🌟

T K Haris
ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളുടെ വികാസത്തിന്റെ മറ്റൊരു തലവും നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നുണ്ട്. ഒരു കാലത്തു തന്റെ രാഷ്ട്രീയ നിലപാടുകളുടെ കണ്ണാടിയായി ദര്‍ശിച്ച പ്രസിദ്ധീകരണങ്ങളില്‍ നിന്നും എന്തുകൊണ്ട് അദ്ദേഹം കാലാന്തരത്തില്‍ പിന്‍വലിഞ്ഞു? എന്തുകൊണ്ട് അത്തരം പ്രസിദ്ധീകരണങ്ങളുടെയൊന്നും സ്വാധീനമോ ആള്‍ബലമോ അവകാശപ്പെടാനില്ലാത്ത ബദല്‍ പ്രസിദ്ധീകരണങ്ങളിലേക്കു അദ്ദേഹം കളം മാറ്റിച്ചവിട്ടി? അതു സൂചിപ്പിക്കുന്നത് കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷം എന്നറിയപ്പെട്ട പ്രസ്ഥാനങ്ങളുടെ ആഭ്യന്തര ജീവിതത്തില്‍ വന്ന വ്യതിയാനമാണ്. അതില്‍ ചിന്താശീലരായ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും അനുഭവിച്ച ആത്മസംഘര്‍ഷമാണ്. ആത്യന്തികമായി, പുതുവഴികള്‍ അന്വേഷിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ വെട്ടിത്തെളിയിക്കാനുമുള്ള അവരുടെ ശ്രമവും അതിനുള്ള ഇച്ഛാശക്തിയുമാണ്. ടി കെ ഹാരിസ് അത്തരം പുതുവഴിത്താരകള്‍ തേടിയുള്ള അന്വേഷണത്തില്‍ സജീവ പങ്കാളിയുമായിരുന്നു. അതിനായി അദ്ദേഹം തന്റെ സമയവും ധനവും ഒട്ടധികം ചെലവഴിച്ചിട്ടുമുണ്ട്.

എണ്‍പതുകളുടെ ആദ്യപകുതിയില്‍ ഹാരിസ് പശ്ചിമേഷ്യയില്‍ നിന്നും മലയാളി വായനക്കാരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്ന കാലത്തു ആ പ്രദേശവും ലോകമാകെത്തന്നെയും പുതിയ പരിവര്‍ത്തനങ്ങളുടെ ഒരു ദശാസന്ധിയില്‍ എത്തിനില്ക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ എണ്ണ സമ്പത്തു കുമിഞ്ഞുകൂടുകയും അവിടെയുള്ള ജനസമൂഹങ്ങള്‍ ആധുനിക കമ്പോള സംസ്കാരത്തിന്റെ അവിഭാജ്യഭാഗമായി മാറുകയും ചെയ്തു കഴിഞ്ഞിരുന്നു. അതേസമയം പഴയകാലത്തെ ജീവനോപാധികളായ മുത്തു ശേഖരണവും ഈന്തപ്പന കൃഷിയും ഒലീവു തോട്ടങ്ങളും അവരുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും മുഖ്യഘടകങ്ങളായി ഓര്‍മിക്കപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്തിരുന്നു. വമ്പിച്ച എണ്ണനിക്ഷേപത്തിന്റെ ശേഖരമായ പ്രദേശമപ്പാടെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ അമേരിക്ക വിജയകരമായ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അവരുടെ കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണക്കിണറുകള്‍ സ്ഥാപിക്കുകയും ആഗോള എണ്ണവിപണിയെ നിയന്ത്രിക്കുകയും ചെയ്തുവന്നു. ഇറാഖിലും ഇറാനിലും സിറിയയിലും അവര്‍ക്കു ഹിതകരമല്ലാത്ത ഭരണകൂടങ്ങള്‍ നിലനിന്നിരുന്നു. അവയെ കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ സാമ്രാജ്യത്വ ആസൂത്രണകേന്ദ്രങ്ങളില് വികസിച്ചു വന്നു.

രണ്ടുതരം സമീപനങ്ങളാണ് സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ ആഗോളാധിപത്യത്തിനായി കൈക്കൊണ്ടത്. അവയെ നിയോലിബറലിസം എന്നും നിയോകണ്സര്വേറ്റിസം എന്നും വിശേഷിപ്പിച്ചു വരുന്നു. ആദ്യത്തെ കൂട്ടര് ആഗോളാധിപത്യത്തിനു സാംസ്കാരികവും സാമ്പത്തികവും വാണിജ്യപരവുമായ ശക്തിയും സമ്മര്‍ദ്ദവും പ്രയോഗിക്കുക എന്ന നയമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ മറുപക്ഷം ഇത്തരം രാജ്യങ്ങളിലേക്കു പാശ്ചാത്യ ജനാധിപത്യം കയറ്റുമതി ചെയ്യാനും ചെറുക്കുന്നവരെ ശക്തിയുപയോഗിച്ചു വരുതിയില്‍ കൊണ്ടുവരാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. എണ്‍പതുകളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും അടക്കമുള്ള സോഷ്യലിസ്റ്റ് ലോകത്തെ ചവിട്ടടിയില്‍ കൊണ്ടുവരുന്നതില്‍ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും മറ്റു പാശ്ചാത്യ നേതാക്കളും വിജയം വരിക്കുകയുണ്ടായി. അതിനാല്‍ ആയുധപ്രയോഗം കൂടാതെ ലോകാധിപത്യം സാധിക്കും എന്നു നിയോലിബറലുകള്‍ വിശ്വസിച്ചു. അതിന്റെ ഭാഗമായാണ് ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ അവര്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്.
George Bush Senior
എന്നാല്‍ പശ്ചിമേഷ്യയിലെ ഇറാന്, ഇറാഖ് പോലുള്ള രാജ്യങ്ങളും അഫ്ഗാനിസ്ഥാന് അടക്കമുള്ള പല ഏഷ്യന്‍ മുസ്ലിം രാജ്യങ്ങളും ഇത്തരത്തിലുള്ള രക്തരഹിത ആഗോളവല്ക്കരണത്തിനു വിലങ്ങുതടിയായി നിന്നു. അതിനാല്‍ അത്തരം രാജ്യങ്ങളില്‍ കൈക്രിയ തന്നെ പ്രയോഗിക്കാന്‍ നവയാഥാസ്ഥിതിക അധികാരിവര്‍ഗം തയ്യാറായി. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍, അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്ഡ് എന്നിവരൊക്കെ ഇങ്ങനെ ആയുധപ്രയോഗം വഴിയുള്ള ‘ജനാധിപത്യ കയറ്റുമതി’യുടെ ആശാന്മാരായിരുന്നു. സത്യത്തില്‍ ഈ രണ്ടു ചിന്താധാരകളും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ആട്ടിന്‍തോലിട്ട ചെന്നായയും അത്തരം ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച ചെന്നായയും തമ്മിലുള്ള വ്യത്യാസം മാത്രമായിരുന്നു അത്. തൊണ്ണൂറുകള്‍ മുതല്‍ ഇത് ആപത്കരമായ സൈനിക കയ്യേറ്റങ്ങളുടെ രൂപം പ്രാപിക്കുകയുണ്ടായി. കുവൈത്തിന്റെ നേരെയുള്ള ഇറാഖ് കടന്നാക്രമണം അതിനൊരു മറയായി ഉപയോഗിക്കപ്പെട്ടു. 199091 കാലത്താണ് ആദ്യത്തെ ഇറാഖ് ആക്രണം അമേരിക്കയും സഖ്യശക്തികളും നടത്തിയത്. തുടര്‍ന്ന് അഫ്ഗാനിലും മറ്റു പ്രദേശങ്ങളിലും ഇടങ്കോലിടല്‍ നടപടികള്‍ ആരംഭിച്ചു. ഒരു പതിറ്റാണ്ടിനകം ഗള്‍ഫ് രാജ്യങ്ങളിലും ഇസ്ലാമിക ലോകമാകെയും അവരുടെ അതിക്രമങ്ങള്‍ സാധാരണ സംഭവമായി.

Dick Cheny
ഇതിനു പിന്നിലെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ ഘടകങ്ങള്‍ അത്യന്തം സൂക്ഷ്മതയോടെയാണ് ഹാരിസ് തന്റെ കുറിപ്പുകളില്‍ നിര്‍ധാരണം ചെയ്യുന്നത്. പശ്ചിമേഷ്യയിലും ഏഷ്യയുടെയും ആഫ്രിക്കയുടെയും മറ്റു ഭാഗങ്ങളിലും പടര്‍ന്നുപിടിച്ച ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സ്വഭാവവും അവയുടെ പിന്തിരിപ്പന് വീക്ഷണങ്ങളും അതിന്റെ ഭാവി പ്രത്യാഘാതങ്ങളും അദ്ദേഹം കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. ഇറാനില്‍ ആയത്തുള്ള ഖൊമേനിയുമായി കൂട്ടുകൂടിയ സോവിയറ്റ് അനുകൂല തൂദേ പാര്‍ട്ടിയുടെ ദുര്യോഗം മുതല്‍ ഈജിപ്ത്, സിറിയ, ലിബിയ, ഇറാഖ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ ഒരുകാലത്തു ശക്തിയും സ്വാധീനവും നിലനിര്‍ത്തിയ ബാത്തിസ്റ്റ് പാര്‍ട്ടി പോലുള്ള മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ തകര്‍ച്ച വരെ അദ്ദേഹം സവിസ്തരം വരച്ചുകാട്ടുന്നുണ്ട്. സോഷ്യലിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തിയ ഇത്തരം പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും അതിനു ബദലായി ഉയര്‍ന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജനാധിപത്യവിരുദ്ധ സ്വഭാവവും പശ്ചിമേഷ്യയിലെയും ഇസ്ലാമിക ലോകത്തെയും ജനാധിപത്യ മുന്നേറ്റങ്ങളെ മുരടിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണുണ്ടായത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഫലസ്തീന് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും തീവ്രഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റവും അതിന്റെ ലക്ഷണമായിരുന്നു. ഇസ്രയേല്‍ ആഗോളതലത്തില്‍ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കുന്നതും ഇടതുപക്ഷസോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും ഇക്കാലത്താണ്.

Donald Remsfeld
ഇന്ന് അതിന്റെ ഏറ്റവും കഠിനവും ദുരന്തമയവുമായ ഒരു ഘട്ടത്തിലൂടെയുമാണ് ലോകം കടന്നുപോകുന്നത്. ഫലസ്തീനില്‍ സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേല്‍ പരസ്യമായ വംശഹത്യ നടപ്പിലാക്കുന്നു. അയല്‍രാജ്യങ്ങളുടെ മേല്‍ യാതൊരു പ്രകോപനവുമില്ലാതെ അവര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നു. ലോകരാജ്യങ്ങള്‍ അതിനെ ചെറുക്കാന്‍ ശേഷിയില്ലാതെ കണ്ണടയ്ക്കുന്നു. ലോകം ഭയാനകമായ അസ്തിത്വ പ്രതിസന്ധിയെ നേരിടുന്നു. ഒരു മൂന്നാം ലോകമഹായുദ്ധം പോലും അസംഭവ്യമല്ല എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

Ronald Regan
ഹാരിസ് ഇതിന്റെയൊക്കെ ദൃക്സാക്ഷിയായി നിന്ന നിരീക്ഷകനാണ്. അദ്ദേഹം കൃത്യമായ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും തന്റെ രചനകളില്‍ വസ്തുനിഷ്ഠമായ ഒരു ശൈലിയാണ് കൈക്കൊണ്ടത്. നൈതികതയാണ് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മുഖമുദ്ര. എന്നാല്‍ രാഷ്ട്രീയത്തിനും സാമ്പത്തികശാസ്ത്രത്തിനും അപ്പുറം ഈ സമൂഹങ്ങളുടെ സംസ്കാരവും ചരിത്രവും വാസ്തുശില്പ ശൈലിയും എല്ലാം അദ്ദേഹം പഠനവിധേയമാക്കി. അതേപോലെ വിയറ്റ്നാം പോലുള്ള രാജ്യങ്ങളെക്കുറിച്ചും ആഫ്രിക്കയിലെ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. അതെല്ലാം മലയാളി വായനക്കാര്‍ക്ക് ഒരു സവിശേഷ ലോകവീക്ഷണവും ചരിത്രബോധവും പ്രദാനം ചെയ്തു. അവയില്‍ മിക്കതും ഇന്നും പ്രസക്തവും പ്രധാനവുമായി നിലകൊള്ളുന്നു.

Aayatholla Khomeni
(ടി കെ ഹാരിസിന്റെ ഒലിവിലയും എണ്ണപ്പാടങ്ങളും എന്ന കൃതിയുടെ പഠനം)


No Comments yet!