Skip to main content

ന്യൂനപക്ഷവിരുദ്ധത കൊടിയടയാളമാക്കുന്ന കേന്ദ്രഭരണം

 

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണമാണെന്നും, അത് രാജ്യത്തിന് ഗുണം ചെയ്യുന്നില്ലെന്നുമാണ് കേന്ദ്രന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യ മതേതര രാജ്യമാണെന്നും, ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും മന്ത്രി ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്, ഭൂരിപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ കാര്യങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്നും, മറിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന പലതും ഭൂരിപക്ഷത്തിന് കിട്ടുന്നില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായം മതേതരസ്വഭാവമുള്ളവരും, സഹിഷ്ണുതയുള്ളവരുമായതുകൊണ്ടാണ് ന്യൂനപക്ഷം സുരക്ഷിതരായിരിക്കുന്നതെന്ന് കൂടി അസന്ദിഗ്ധമായി അദ്ദേഹം പറയുന്നുണ്ട്. ഇതാണോ വാസ്തവം?

മതനിരപേക്ഷത എന്ത് പിഴച്ചു?

മതനിരപേക്ഷത നിലനില്‍ക്കുന്നതുകൊണ്ട് ഭൂരിപക്ഷസമുദായത്തേക്കാള്‍ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ സമുദായം നേടുന്നുണ്ടെന്നാണ് വ്യംഗ്യം. ഹിന്ദുത്വ ആശയഗതിക്കാരുടെ പതിവു പല്ലവിയാണ്, ന്യൂനപക്ഷങ്ങള്‍ ഒരു മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ പല പ്രത്യേക ആനുകൂല്യങ്ങളും അനുഭവിക്കുന്നുണ്ടെന്നത്. നിര്‍ഭാഗ്യവശാല്‍ ഇക്കൂട്ടര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മതനിരപേക്ഷത എല്ലാ മതങ്ങള്‍ക്കും സ്വയംഭരണാവകാശം നല്‍കുന്നുണ്ടെന്ന സത്യം. അത് രാഷ്ട്രം മതത്തിന്റെ കാര്യങ്ങളില്‍ അവിഹിതമായി ഇടപെടുന്നതിനെ വിലക്കുന്നുണ്ട്. ന്യൂനപക്ഷ മതത്തിന്റെ കാര്യത്തിലായാലും, ഭൂരിപക്ഷ മതത്തിന്റെ കാര്യത്തിലായാലും ഇത് ഗുണകരമാണ്. മറ്റൊരു കാര്യം കൂടി ഇത്തരുണത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്. ഒരു മതം രാഷ്ട്ര മതമാവുന്നതോടെ രാഷ്ട്രം ആ മതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന നില വരികയും, അതിന്റെ സ്വയം ഭരണാവകാശം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നുണ്ട്, ഭരണഘടനാ വിദഗ്ധനും ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും കൂടിയായ ഫൈസന്‍ മുസ്തഫയുടെ അഭിപ്രായം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. മഹമൂദ് ഗസ്‌നിയുടെയും, ഇല്‍ത്തുമിഷിന്റെയും കാലഘട്ടത്തില്‍ രാഷ്ട്ര നിയമങ്ങള്‍ ശരിയത്ത് നിയമങ്ങള്‍ക്ക് മേല്‍ മധ്യകാലഘട്ടത്തില്‍ പ്രാബല്യം നേടിയതാണ് ലക്ഷണമൊത്ത ഉദാഹരണമായി അദ്ദേഹം സൂചിപ്പിക്കുന്നത്. ഹെന്‍ട്രി എട്ടാമന്‍ മാര്‍പ്പാപ്പയുടെ അധികാരത്തെ ധിക്കരിച്ച് ആനി ബോളിനെ വിവാഹം കഴിക്കാന്‍ വേണ്ടി രാജാവ് തലവനായി ആംഗ്ലിക്കന്‍ ചര്‍ച്ചിന് രൂപം കൊടുത്ത മറ്റൊരു ഉദാഹരണവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ അന്തഃസത്തക്ക് ചേരാത്ത തരത്തില്‍ പ്രവര്‍ത്തിക്കാനിടയായതുകൊണ്ടാണ് രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാവാത്ത ഘട്ടത്തില്‍ ശങ്കരാചാര്യര്‍ പ്രാണഃപ്രതിഷ്ഠാ ചടങ്ങ് നടത്തരുതെന്ന് വിലക്കിയിട്ട് കൂടി അത് നടത്താന്‍ പ്രധാനമന്ത്രി തയ്യാറാവുന്നത്. മതത്തിന്റെ സ്വയം ഭരണാവകാശത്തില്‍ മേലുള്ള രാഷ്ട്രത്തിന്റെ കടന്നുകയറ്റമായി ഇതിനെ കാണണം. ശരിയായ അര്‍ത്ഥത്തിലുള്ള ഒരു മതനിരപേക്ഷ രാഷ്ട്രമാണെങ്കില്‍ ഇങ്ങനെയൊരു നീക്കം ഒരിക്കലും ഉണ്ടാകില്ല. ഒരു മതനിരപേക്ഷ രാഷ്ട്രം മതരാഷ്ട്രമാവുന്നതിന്റെ ഭാവഹാവാദികളാണ് ആ ചടങ്ങില്‍ നമുക്കെല്ലാം അനുഭവവേദ്യമായത്. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ മതനിരപേക്ഷത ശരിയായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുമ്പോഴാണ് മതങ്ങളുടെ സ്വയംഭരണാവകാശത്തിന് ഗ്ലാനി സംഭവിക്കാതിരിക്കുക.

ഇതാണോ ന്യൂനപക്ഷ സംരക്ഷണം?

ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായം മതനിരപേക്ഷ സ്വഭാവവും, സഹിഷ്ണുതയും ഉള്ളവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ ഇകഴ്ത്തി കാണുന്നില്ല. സൂചിപ്പിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിന്റെ രക്ഷകരായി ചമഞ്ഞ് ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവരാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണിയാവുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ജോലി സംബന്ധമായി 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികളെ, അവരുടെ രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ, കൂട്ടിക്കൊണ്ടു പോവുന്നതിനിടയിലാണ് മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അറസ്റ്റ് നടക്കുന്നത്. സഭാവസ്ത്രമിട്ട് കന്യാസ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള അവകാശം പോലും റദ്ദ് ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇതാണോ കേന്ദ്രമന്ത്രി പറയുന്ന ന്യൂനപക്ഷ സുരക്ഷ? 1965 മുതല്‍ ഒഡീഷയിലെ പാവപ്പെട്ട പട്ടികവര്‍ഗക്കാരുടെ ഇടയില്‍ പ്രത്യേകിച്ച് കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും, പരിചരണവുമായി കഴിയുകയായിരുന്ന ഓസ്‌ട്രേലിയക്കാരനായ സുവിശേഷ പ്രഘോഷകന്‍ ഗ്രഹാംസ്റ്റയിന്‍സിനെയും, അദ്ദേഹത്തിന്റെ പത്തും ആറും വയസ്സു പ്രായമുള്ള രണ്ട് ആണ്‍മക്കളെയും 1999 ജനുവരി 22ന് വകവരുത്തിയത് ആരാണ്? ഈ കൊലപാതകത്തിന്റെ നേതൃത്വം കൈയാളിയിരുന്ന ഹിന്ദുത്വ തീവ്രവാദിയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ ധാരാസിങ് 2003ല്‍ ശിക്ഷിക്കപ്പെട്ട കാര്യം മറന്നുപോകരുത്. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയാണെന്ന തെറ്റായ ധാരണ പരത്തിയാണ് ഈ ക്രൂരകൃത്യം നിര്‍വ്വഹിക്കപ്പെട്ടത്. തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ആഹ്വാനം മുഴക്കി 1991ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര വലിയ തോതിലുള്ള ധ്രുവീകരണത്തിനല്ലേ കാരണമായത്. ഏറ്റവും ചുരുങ്ങിയത് 202 സംഘര്‍ഷങ്ങളെങ്കിലും നടന്നതായാണ് കണക്ക്. അതില്‍ പോലിസ് വെടിവയ്പ്പില്‍ 132 പേരും, ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ 51 പേരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തുടര്‍ന്നുള്ള ഏതാനും മാസങ്ങളിലായി ഇതിന്റെ അനുബന്ധ സംഘര്‍ഷങ്ങളില്‍ 1700 പേര്‍ കൊല്ലപ്പെടുകയും, 5500 പേര്‍ക്ക് മാരകമായ രീതിയില്‍ മുറിവേല്‍ക്കപ്പെടുകയുമുണ്ടായി. 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യ ന്യൂനപക്ഷസമുദായത്തെ ലക്ഷ്യംവച്ചായിരുന്നല്ലോ? ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിന്റെ സ്വാഭാവിക തുടര്‍ച്ചയെന്ന് ഉദീരണം ചെയ്ത് അവതരിപ്പിക്കപ്പെട്ട ഗുജറാത്ത് കലാപം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നുവെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്നറിയാം. 2000ത്തോളം പേര്‍ വധിക്കപ്പെടുകയും, കൊള്ളയും, ബലാല്‍സംഗങ്ങളും ഉള്‍പ്പെടെയുള്ള നരാധമപ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടതോടൊപ്പം മുസ്‌ലിം വിഭാഗത്തിന്റെ വ്യാപാരസ്ഥാപനങ്ങളും, വീടുകളും നശിപ്പിച്ചത് സ്മൃതിപഥത്തില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അതുകൊണ്ട് തന്നെയാണ് കലാപമെന്നതിനേക്കാള്‍ വംശഹത്യയെന്ന് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ചരിത്രമുള്ളപ്പോഴാണ് കേന്ദ്രമന്ത്രി ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് പറയുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ഉന്നംവച്ചുകൊണ്ട് നടന്ന കൊലപാതകങ്ങള്‍ എത്രയാണ്? മെയ് 2015 മുതല്‍ ഡിസംബര്‍ 2018 വരെയുള്ള കണക്കനുസരിച്ച് തന്നെ 44 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ഇതാണോ ന്യൂനപക്ഷ സംരക്ഷണം? 2008 ല്‍ഒഡീഷയിലെ കാണ്ഡമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരേ സംഘടിതമായ കലാപം തന്നെ സംഘപരിവാര്‍ അഴിച്ചുവിട്ടത് മറക്കാറായോ? 395 പള്ളികളും, 5600ലധികം വീടുകളും അഗ്നിക്കിരയാക്കപ്പെട്ട സംഭവം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 39 മരണങ്ങള്‍ അന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. കന്യാസ്ത്രീകള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു. അന്ന് കാണ്ഡമാലിലെ സി.പിഎം ഓഫിസിലാണ് കന്യാസ്്രതീകളും വൈദികരും അഭയം തേടിയത്. 2023 മെയ് 3ന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ ആക്രമണപരമ്പരകള്‍ ഇന്നും തുടരുകയല്ലേ? ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024 നവംബര്‍ വരെ 258 പേരാണ് കൊല്ലപ്പെട്ടത്. 400 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടു. 60,000 പേരാണ് സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് പോകേണ്ടി വന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഈ സംഘര്‍ഷങ്ങളില്‍ ഗുരുതരമായ രീതിയില്‍ പരിക്ക് പറ്റിയിട്ടുള്ളത്. 4786 വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടതായാണ് വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുള്ളത്. സംഘപരിവാറിന്റെ ധ്രുവീകരണ അജണ്ടയാണ് മണിപ്പൂരിലെ സ്ഥിതിവിശേഷം ഇത്രയേറെ വഷളാക്കിയതെന്ന് കാണാന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും കഴിയും. 2014ല്‍ മോദി അധികാരമേറ്റത് മുതല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ന്യൂനപക്ഷസംരക്ഷണമെന്ന ഇല്ലാത്ത മരുപ്പച്ച കാണിച്ച് ദാഹം ശമിപ്പിക്കുന്നത്. ന്യൂനപക്ഷധ്വംസനം കേവലം പ്രതിപക്ഷ ആരോപണമാണെന്ന് കണ്ടെത്തുന്ന കേന്ദ്രമന്ത്രി ഗീബല്‍സിനെ ബഹുദൂരം പിന്നിലാക്കിരിക്കുകയാണ്. ദൈനംദിനമെന്നോണം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളുടെ പരമ്പര അരങ്ങേറുന്ന അവസരത്തില്‍ കൂടുതല്‍ വിശദീകരിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല..

ന്യൂനപക്ഷങ്ങള്‍ അവിഹിതമായി നേട്ടമുണ്ടാക്കുന്നുണ്ടോ?

ന്യൂനപക്ഷത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഭൂരിപക്ഷത്തിന് ലഭിക്കുന്നില്ലെന്ന കേന്ദ്രമന്ത്രിയുടെ മുതലക്കണ്ണീര്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനമല്ലെന്നും ഹിന്ദുത്വ അജണ്ടയാണ് അതിന്റെ പിറകിലെന്നും മനസ്സിലാക്കാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ടതില്ല. ഇത്തരത്തില്‍ ഈ പദ്ധതിയുടെ നെല്ലും പതിരും പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുകയാണ്. മുസ്‌ലിം ന്യൂനപക്ഷം ഭൂരിപക്ഷത്തെ അപേക്ഷിച്ച് എന്തൊക്കെയോ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നാണല്ലോ കേന്ദ്രമന്ത്രി ഭംഗ്യന്തരേണ സൂചിപ്പിച്ചത്. ഈ വിഭാഗത്തിന്റെ അവസ്ഥയെക്കുറിച്ച് പഠിച്ച ആരും തന്നെ ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും. ഗോപാല്‍സിങ് കമ്മിറ്റി, ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാമ്പത്തിക സൂചകങ്ങളെ സംബന്ധിച്ച് പഠിച്ച കമ്മിറ്റിയാണ്. അതില്‍ കൃത്യമായി മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. മറ്റ് മതസമൂഹങ്ങള്‍ക്കൊപ്പം എത്തിച്ചേരണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 249 പ്രകാരം മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് അത് സൂചിപ്പിക്കുന്നു. 1983ല്‍ പ്രസിദ്ധീകരിച്ച പ്രസ്തുത റിപോര്‍ട്ട് പ്രകാരം മുസ്‌ലിം സമുദായം വിദ്യാഭ്യാസ രംഗത്തും, സാമൂഹ്യ- സാമ്പത്തിക സൂചകങ്ങളിലും പിന്നാക്കാവസ്ഥയിലാണുള്ളതെന്ന് വിശദീകരിക്കുന്നുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 1993ല്‍ നടത്തിയ പഠനങ്ങളിലും ഇത് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. 43 ശതമാനം ഹിന്ദു വീടുകളില്‍ നിന്നും ശമ്പളമുള്ള ഒരാളെങ്കിലും ഉണ്ട്. മുസ്‌ലിം വിഭാഗത്തില്‍ നിന്നും കേവലം 27 ശതമാനം വീടുകളില്‍ നിന്ന് മാത്രമെ ഒരാളെങ്കിലും ശമ്പളം പറ്റുന്ന ഉദ്യോഗത്തില്‍ ഏര്‍പ്പെടുന്നുള്ളൂ. ചുരുക്കം ചില കേസുകള്‍ മാറ്റി നിര്‍ത്തിയാല്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളും മുസ്‌ലിംകളെ ഒഴിവാക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. കേവലം ഒരു കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് മാത്രമെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. സെന്റര്‍ ഓഫ് മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി 1990ല്‍ നടത്തിയ പഠനപ്രകാരം 2832 വ്യവസായ യൂണിറ്റുകളില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ളത് കേവലം 4 എണ്ണം മാത്രമാണ്. വെറും 2.8 ശതമാനം പേര്‍ മാത്രമേ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ (ഐഎഎസ്) ജോലി ചെയ്യുന്നുള്ളൂ. പോലിസില്‍ 2.8 ശതമാനവും, റെയില്‍വേയില്‍ 2.6 ശതമാനവും, ദേശസാല്‍കൃത ബാങ്കുകളില്‍ 2 ശതമാനവും മാത്രമാണ് ഇന്ത്യന്‍ ജനസംഖ്യയില്‍ 14.2 ശതമാനം പ്രാതിനിധ്യമുള്ള മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം. കേവലം 4.4 ശതമാനം മുസ്‌ലിം അംഗങ്ങള്‍ മാത്രമാണ് ലോകസഭയിലുള്ളത്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പറയുന്നത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതസാഹചര്യം പട്ടികജാതി-പട്ടികവര്‍ഗക്കാരുടേതിനേക്കാള്‍ പരിതാപകരമാണെന്നാണ്. കേന്ദ്രമന്ത്രിയുടെ അവകാശവാദം യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ മുസ്‌ലിം സമുദായം ഇങ്ങനെ തുടരുമായിരുന്നോ? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്തില്‍ 2004നും, 2019നുമിടയില്‍ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ വന്ന മാറ്റങ്ങള്‍ പഠിച്ചുകൊണ്ട് കേരള സ്റ്റഡീസ് 2.0 എന്ന ഒരു പഠന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ മുസ്‌ലിം ജനസാമാന്യത്തിന് നിര്‍ണായക സ്വാധീനമുണ്ടെന്ന് കരുതുന്ന കേരളത്തില്‍ പോലും നില അത്ര ശോഭനമല്ലെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. 2019ലെ കണക്ക് പ്രകാരം ജനസംഖ്യയുടെ 27.3 ശതമാനം കേരളത്തില്‍ മുസ്്‌ലിംകളാണെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുമ്പോള്‍, 13.8 ശതമാനം മാത്രമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ അവരുടെ പ്രാതിനിധ്യം. ഹിന്ദുക്കളില്‍ ഉയര്‍ന്ന വിഭാഗത്തിന്റെ ജനസംഖ്യ 15.2 ശതമാനമായിരിക്കെ അവരുടെ സംസ്ഥാന സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യം 26.7 ശതമാനമാണ്.

പെരുംനുണകള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് സത്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നാസി തന്ത്രമാണ് ഹിന്ദുത്വവാദികളും പയറ്റുന്നത്. ഉദാഹരണത്തിന് ജര്‍മ്മനി ഒന്നാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടത് സൈനിക കരുത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച് യഹൂദന്‍മാരും, കമ്മ്യൂണിസ്റ്റുകളും പിന്നില്‍ നിന്ന് കുത്തിയതിനാലാണെന്നും മെയിന്‍കാംഫില്‍ പരാമര്‍ശമുണ്ട്. ഒരു നുണ എത്രത്തോളം അതിരുകടക്കുന്നുവോ, അത്രത്തോളം അത് വിശ്വാസയോഗ്യമാവുമെന്ന അവരുടെ ആത്മവിശ്വാസം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പെരുംനുണകള്‍ ആത്മവിശ്വാസത്തോടെ നൂറ്റൊന്നാവര്‍ത്തിച്ച് സത്യമാണെന്ന പ്രതീതിയുണ്ടാക്കാമെന്ന നാസി അജണ്ട തൊണ്ട തൊടാതെ വിഴുങ്ങുകയാണ് സംഘപരിവാര ശക്തികള്‍.

No Comments yet!

Your Email address will not be published.